മലയാളം വായിക്കാനറിയാത്ത മൂന്നാം ക്ലാസുകാർ; നമ്മുടെ കുട്ടികളെക്കുറിച്ച്​, ആശങ്കകളോടെ...

സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ പകുതിയിൽ അധികം പേർക്കും മലയാളം വായിക്കാനോ ശരിയായി മനസിലാക്കാനോ സാധിക്കുന്നില്ലെന്ന് എൻ.സി.ഇ.ആർ.ടി. സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. കോവിഡിനുമുമ്പു നടന്ന നിതി ആയോഗ് സർവേയിൽ എല്ലാ മേഖലകളിലും ഒന്നാമതെത്തിയ സംസ്ഥാനമാണു കേരളം എന്നും ഓർക്കണം. ഇത് കേരളത്തിലെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം സംബന്ധിച്ച ചോദ്യങ്ങളുയർത്തുന്നു.

ന്ത്യയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ കോവിഡ് സൃഷ്ടിച്ച ആഴമേറിയ അക്കാദമിക പ്രതിസന്ധിയുടെ നേർസാക്ഷ്യങ്ങളായി സർവേ റിപ്പോർട്ടുകളും, പഠനങ്ങളും പുറത്തുവരികയാണ്. എൻ.സി.ഇ.ആർ.ടി.യുടെ നാഷണൽ അച്ചീവ്‌മെൻറ്​ സർവേ, ഏറ്റവുമൊടുവിൽ പുറത്തുവന്ന ‘നിപുൺ ഭാരത് മിഷൻ’ സർവേ എന്നിവയിലെല്ലാം ഇന്ത്യൻ വിദ്യാഭ്യാസമേഖല കടന്നുപോകുന്ന തകർച്ചയുടെ അപായസൂചനകളുണ്ട്. വായനയും, എഴുത്തും, കണക്കുമുൾപ്പെടെയുളള ശേഷികളിൽ ഇന്ത്യയെമ്പാടുമുള്ള അടിസ്ഥാന വിഭാഗങ്ങളിലെ കുട്ടികൾ പകച്ചുനിൽക്കുന്നുവെന്ന് റിപ്പോർട്ടുകൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നു. ലോക്ഡൗണും, സ്‌കൂൾ അടച്ചുപൂട്ടലുകളും, ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പേരിലുള്ള ഗിമ്മിക്കുകളും സൃഷ്ടിച്ച പഠനപ്രതിസന്ധി ഇനിയും പരിഹരിക്കാനായിട്ടില്ല എന്ന ഓർമപ്പെടുത്തൽ റിപ്പോർട്ടുകളിലുണ്ട്. കോവിഡ് സൃഷ്ടിച്ച പഠനനഷ്ടം പരിഹരിക്കാതെയും, പരിഹാര ബോധനപ്രവർത്തനങ്ങൾ ഏറ്റെടുക്കാതെയും മുന്നോട്ടുപോയ വിദ്യാഭ്യാസ വ്യവസ്ഥകളിലെല്ലാം കുട്ടികളുടെ അടിസ്ഥാന പഠനശേഷികളിൽ കാര്യമായ ചോർച്ചയുണ്ടായിട്ടുണ്ട്. ഫലപ്രദമായ ഒരു കോവിഡനന്തര വിദ്യാഭ്യാസസമീപനമില്ലായ്മയുടെ പ്രശ്‌നം കൂടിയായി ഇതിനെ വിലയിരുത്തേണ്ടിവരുന്നു. കേരളത്തിലുൾപ്പെടെ കുട്ടികളുടെ അടിസ്ഥാനശേഷികൾ ഉറപ്പിക്കുന്നതിനോ, ബ്രിഡ്​ജിങ്ങിലൂടെ പഠനവിടവ് പരിഹരിക്കുന്നതിനോ, വൈകാരിക - മാനസിക പ്രതിസന്ധികൾ പരിഗണിക്കുന്നതിനോ കാര്യമായ ശ്രമമുണ്ടായിട്ടില്ല.

അടിസ്ഥാന ഗണിത ശേഷികളിലും തൃപ്തികരമായ പ്രകടനമല്ല കേരളത്തിന്റേത്. ‘നാസി’ലും നിപുൺ സർവേയിലും പഞ്ചാബും, ബംഗാളുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മികച്ച പ്രകടനം നടത്തുന്നതും നാം പരിഗണിക്കണം.

അസ്വസ്ഥജനകമായ സർവേ ഫലം

എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘നിപുൺ ഭാരത് മിഷൻ’. മൂന്നാം ക്ലാസിന്റെ അവസാനത്തോടെ പ്രതീക്ഷിക്കുന്ന പഠനഫലം കൈവരിക്കുകയാണ് ലക്ഷ്യം. 2026 - 27 ആകുമ്പോഴേക്കും മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അടിസ്ഥാന സാക്ഷരതയും സംഖ്യാവബോധവും നേടിയെടുക്കാൻ കഴിയണം. ഈ ലക്ഷ്യത്തോടെ മാർച്ച് 23-നും 26-നുമിടയിലായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 10,000 സ്‌കൂളുകളിലെ 86,000 മൂന്നാം ക്ലാസ് കുട്ടികളിലാണ് എൻ.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ പഠനം നടത്തിയത്. വായനയിലെ വൈദഗ്ധ്യം, പദശേഷി, വായനയിലെ ഒഴുക്കും ഗ്രഹണശേഷിയും, ഗണിതപ്രക്രിയകളും, ഗണിത നിലവാരവുമെല്ലാം സർവേയുടെ ഭാഗമായി പരിശോധിക്കപ്പെട്ടു. മസ്തിഷ്‌കപ്രവർത്തനം സജീവമായി നടക്കുന്ന 6, 7 പ്രായത്തിലുള്ള കുട്ടികളിലുണ്ടാവുന്ന അടിസ്ഥാന വിദ്യാഭ്യാസശേഷികളിലെ കുറവ് നമ്മുടെ വരുംകാല വിദ്യാഭ്യാസ പ്രവർത്തനങ്ങളെയാകെ തകിടം മറിച്ചേക്കുമെന്നതിനാൽ ‘നിപുൺ ഭാരത് മിഷൻ’ സർവേ ഫലങ്ങളെ അവഗണിക്കാൻ കഴിയില്ല.

എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘നിപുൺ ഭാരത് മിഷൻ’. മൂന്നാം ക്ലാസിന്റെ അവസാനത്തോടെ പ്രതീക്ഷിക്കുന്ന പഠനഫലം കൈവരിക്കുകയാണ് ലക്ഷ്യം.
എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘നിപുൺ ഭാരത് മിഷൻ’. മൂന്നാം ക്ലാസിന്റെ അവസാനത്തോടെ പ്രതീക്ഷിക്കുന്ന പഠനഫലം കൈവരിക്കുകയാണ് ലക്ഷ്യം.

2022-ൽ പുറത്തുവന്ന നാഷണൽ അച്ചീവ്‌മെൻറ്​ സർവേ (‘നാസ്’) പഠനത്തിന്റെ ഫലങ്ങളിൽ ചിലതിനെ അടിവരയിടുന്നുണ്ട് ‘നിപുൺ മിഷൻ’ സർവേ ഫലം. പുതിയ ദേശീയനയത്തിലെ ഒന്നാംഘട്ടമായ അഞ്ചുവർഷത്തെ ഫൗണ്ടേഷണൽ ഘട്ടം അവസാനിക്കുന്നത് മൂന്നാം ക്ലാസിലാണ്. അഞ്ചുവർഷത്തെ പഠനപ്രവർത്തനങ്ങളുടെ ആകെത്തുകയെന്തെന്ന പരിശോധനയും അടിസ്ഥാനശേഷികളിലെ നിലവാരവും ഈ ഘട്ടത്തിലാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ, മൂന്നാം ക്ലാസിനെക്കൂടി ഉൾപ്പെടുത്തിയാണ് ‘നാസ്’ സർവേ നടന്നത്. ദേശീയതലത്തിൽ മൂന്നാം ക്ലാസിൽ 2017-ലെ ‘നാസ്’ സർവേയിൽ ഭാഷയിൽ സ്‌കോർ 68% ഉം ഗണിതത്തിൽ 64 % ഉം പരിസരപഠനത്തിൽ 65% ആയിരുന്നുവെങ്കിൽ 2021-ൽ അത് യഥാക്രമം 62% , 57%, 57% വുമായി കുറയുകയുണ്ടായി. നിപുൺ സർവേയിൽ മൂന്നാം ക്ലാസിൽ എൻറോൾ ചെയ്യപ്പെട്ട കുട്ടികളിൽ 37% കുട്ടികൾക്കും പരിമിതമായ ഗണിതശേഷി മാത്രമാണുള്ളത്. 11% കുട്ടികൾക്ക് ഏറ്റവും അടിസ്ഥാനപരമായ ഗണിതക്രിയകൾ പോലും ചെയ്യാനാവുന്നില്ല. അതായത് 48% വിദ്യാർഥികളുടെ ഗണിതശേഷി ഒട്ടും തൃപ്തികരമല്ല. ഏതാണ്ട് 10% വിദ്യാർഥികളാണ് മികച്ച ഗണിത- ഭാഷാശേഷികൾ പ്രകടിപ്പിച്ചത്.

കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ 16 ശതമാനം പേർക്ക് മാത്രമാണ് മലയാളത്തിൽ ശരാശരിക്കുമുകളിൽ പ്രാവീണ്യമുള്ളത്. ഈ കുട്ടികൾക്ക് ഒരു മിനിറ്റിൽ 51 വാക്കുകളോ അതിൽ കൂടുതലോ തെറ്റില്ലാതെ വായിക്കാനും മനസിലാക്കാനും കഴിഞ്ഞു.

ഹിന്ദി ഭാഷ സംസാരിക്കുന്ന 18 സംസ്ഥാനങ്ങളിലെ 53% കുട്ടികൾക്കും ഭാഷയിൽ പ്രാവീണ്യമില്ല. മലയാളത്തിലും തമിഴിലും ഇത് 59% ഉം 77% വുമാണ്. മറ്റു പ്രാദേശിക ഭാഷകളിലും അടിസ്ഥാന നിലവാരം ഏറെ താഴെയാണ്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും വിദ്യാർഥികൾക്ക് പ്രാദേശിക ഭാഷാ പ്രാവീണ്യം കുറവാണ്. അസമിലെ 67 ശതമാനം വിദ്യാർഥികൾക്ക് അസമീസ് ഭാഷയിൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിഞ്ഞില്ല. മേഘാലയയിലെ 61 ശതമാനം പേർക്ക് ഖാസിയിലും മണിപ്പുരിലെ 54 ശതമാനം വിദ്യാർഥികൾക്ക് മണിപ്പുരിയിലും 59 ശതമാനം ഗോവൻ വിദ്യാർഥികൾക്ക് കൊങ്കിണിയിലും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല.എന്നാൽ സർവേയിൽ ഇംഗ്ലീഷിന്റെ നിലവാരം ഒട്ടൊക്കെ തൃപ്തികരമാണ്. 55% കുട്ടികളും ഇംഗ്ലീഷിൽ ശരാശരിക്കുമുകളിൽ പ്രകടനം നടത്തുന്നു. രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ഇംഗ്ലീഷ് പഠനത്തോടുള്ള താൽപ്പര്യം ഈ റിസൾട്ടിനെ സ്വാധീനിച്ചിട്ടുണ്ടാവാം. ഇംഗ്ലീഷിന്റെ പ്രാധാന്യം കുറച്ച് പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കണമെന്ന പുതിയ ദേശീയ നയത്തിന്റെ നിർദേശം ഈയൊരു സാഹചര്യത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കാനിടയുണ്ട്.

കേരളം എവിടെ നിൽക്കുന്നു?

സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ പകുതിയിലധികം പേർക്കും മലയാളം വായിക്കാനോ ശരിയായി മനസിലാക്കാനോ സാധിക്കുന്നില്ലെന്ന് എൻ.സി.ഇ.ആർ.ടി. സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് കേരളത്തിലെ അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം സംബന്ധിക്കുന്ന ചോദ്യങ്ങളുയർത്തുന്നു. സംസ്ഥാനത്തെ 104 സ്‌കൂളുകളിൽ 1061 വിദ്യാർഥികളിലാണ് സർവേ നടത്തിയത്.

കുട്ടികളിൽ 17 ശതമാനം പേർക്ക് ഒരു മിനിറ്റിൽ പത്തിൽ കൂടുതൽ വാക്കുകൾ വായിക്കാനും മനസിലാക്കാനും സാധിച്ചില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. ഈ കുട്ടികൾക്ക് അടിസ്ഥാന അറിവ് വളരെ കുറവാണ്.
കുട്ടികളിൽ 17 ശതമാനം പേർക്ക് ഒരു മിനിറ്റിൽ പത്തിൽ കൂടുതൽ വാക്കുകൾ വായിക്കാനും മനസിലാക്കാനും സാധിച്ചില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. ഈ കുട്ടികൾക്ക് അടിസ്ഥാന അറിവ് വളരെ കുറവാണ്.

റിപ്പോർട്ടുപ്രകാരം, കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ 16 ശതമാനം പേർക്ക് മാത്രമാണ് മലയാളത്തിൽ ശരാശരിക്കുമുകളിൽ പ്രാവീണ്യമുള്ളത്. ഈ കുട്ടികൾക്ക് ഒരു മിനിറ്റിൽ 51 വാക്കുകളോ അതിൽ കൂടുതലോ തെറ്റില്ലാതെ വായിക്കാനും മനസിലാക്കാനും കഴിഞ്ഞു. സർവേയിൽ പങ്കെടുത്ത 28 ശതമാനം കുട്ടികൾ ശരാശരിക്ക് അടുത്ത പ്രകടനം കാഴ്ചവെച്ചു. അവർക്ക് ഒരു മിനിറ്റിൽ 28 മുതൽ 50 വാക്കുകൾ വരെ വായിക്കാനും മനസിലാക്കാനും സാധിച്ചു.
ബാക്കി 56 ശതമാനം കുട്ടികൾക്കും മലയാളം ശരിയായി വായിക്കാനോ മനസിലാക്കാനോ സാധിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു. ഈ കുട്ടികളിൽ 17 ശതമാനം പേർക്ക് ഒരു മിനിറ്റിൽ പത്തിൽ കൂടുതൽ വാക്കുകൾ വായിക്കാനും മനസിലാക്കാനും സാധിച്ചില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. ഈ കുട്ടികൾക്ക് അടിസ്ഥാന അറിവ് വളരെ കുറവാണ്. അതിനാൽ പഠനവുമായി ബന്ധപ്പെട്ട അടിസ്ഥാന ഗ്രേഡ് ലെവൽ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നും സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന ഗണിത ശേഷികളിലും തൃപ്തികരമായ പ്രകടനമല്ല കേരളത്തിന്റേത്. ‘നാസി’ലും നിപുൺ സർവേയിലും പഞ്ചാബും, ബംഗാളുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മികച്ച പ്രകടനം നടത്തുന്നതും നാം പരിഗണിക്കണം.

പരീക്ഷകൾക്കു നൽകുന്ന അമിത പ്രാധാന്യം കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസം സാധ്യക്കുന്നതിലോ, ഗുണപരമായ പഠനം ഉറപ്പാക്കുന്നതിലോ ഉണ്ടാകുന്നില്ല എന്നതാണ് കേരള വിദ്യാഭ്യാസം നേരിടുന്ന പ്രധാന പ്രതിസന്ധി. കോവിഡ് സൃഷ്ടിച്ച പഠനവിടവ് പരിഹരിക്കാനാവശ്യമായ ബ്രിഡ്​ജിങ്​ ഉൾപ്പെടെ ഉണ്ടായിട്ടില്ല.

കോവിഡിനുമുമ്പു നടന്ന നിതി ആയോഗ് സർവേയിൽ എല്ലാ മേഖലകളിലും ഒന്നാമതെത്തിയ സംസ്ഥാനമാണു കേരളം. എന്നാൽ കോവിഡനന്തരം ആ മികവു പുലർത്താനാവുന്നില്ലയെന്നതിന് ‘നാസ്’ പഠനവും ‘നിപുൺ സർവേ’യും ഉൾപ്പെടെയുള്ള പഠനങ്ങൾ തെളിയിക്കുന്നു. പരീക്ഷകൾക്കു നൽകുന്ന അമിത പ്രാധാന്യം കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക വികാസം സാധ്യക്കുന്നതിലോ, ഗുണപരമായ പഠനം ഉറപ്പാക്കുന്നതിലോ ഉണ്ടാകുന്നില്ല എന്നതാണ് കേരള വിദ്യാഭ്യാസം നേരിടുന്ന പ്രധാന പ്രതിസന്ധി. കോവിഡ് സൃഷ്ടിച്ച പഠനവിടവ് പരിഹരിക്കാനാവശ്യമായ ബ്രിഡ്​ജിങ്​ ഉൾപ്പെടെ ഉണ്ടായിട്ടില്ല.അക്ഷരാവതരണരീതിയിൽ നിന്ന് ആശയാവതരണരീതിയിലേക്കുള്ള മാറ്റം ഭാഷാ പഠനത്തിലുണ്ടാക്കിയ വിള്ളലുകളും ആശാസ്യമല്ലാത്ത പ്രവണതകളും എഴുത്തിനെ, വായനയെ, ആശയഗ്രഹണത്തെ കാര്യമായി ബാധിച്ചുവെന്നും കരുതേണ്ടതുണ്ട്. ഇനി നടക്കാൻ പോകുന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണം സർവേകൾ മുന്നോട്ടുവയ്ക്കുന്ന ഗുണമേൻമയെ സംബന്ധിക്കുന്ന അടിസ്ഥാന ചോദ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

സർവേകൾ വിമർശനാതീതമല്ല

കേന്ദ്ര സിലബസിനെ അടിസ്ഥാനമാക്കി തയാറാക്കുന്ന മത്സരപരീക്ഷകളും സർവേകളും പഠന റിപ്പോർട്ടുകളും സിലബസുകളിലെ വൈവിധ്യത്തേയും പ്രാദേശിക വ്യത്യാസങ്ങളേയും പരിഗണിക്കുന്നില്ല എന്ന വിമർശനം ശക്തമാണ്. അവയുടെ ചോദ്യമാതൃകകളും, സങ്കേതങ്ങളും രീതിശാസ്ത്രവും സി.ബി.എസ്.ഇ കേന്ദ്രീകൃതമായാണ് നടത്തുന്നതെന്ന നിരീക്ഷണവും അക്കാദമിക ലോകത്തിനുണ്ട്. കോവിഡ് പ്രതിസന്ധിയിൽപ്പെട്ട് ഒന്നും രണ്ടും ക്ലാസുകളിൽ സ്‌കൂളിൽ പോകാനോ, അടിസ്ഥാനശേഷികൾ ആർജിക്കാനോ കഴിയാതെ പോയ മൂന്നാം ക്ലാസിലെ കുട്ടികളിൽ നടത്തിയ സർവേ ഇന്ത്യയുടെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ ചിത്രമാണോ പങ്കുവയ്ക്കുന്നതെന്ന സംശയവുമുയരുന്നുണ്ട്. ലക്ഷക്കണക്കിനു കുട്ടികളിൽ നിന്ന് ആയിരം പേരുടെ സാമ്പിൾ മാത്രമെടുത്ത് നടത്തുന്ന വിലയിരുത്തലിന്റെ യുക്തിയും വസ്തുനിഷ്ഠതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പഠനനേട്ടം എന്ന ഒരൊറ്റ ഘടകത്തെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന മൾട്ടിപ്പിൾ ചോദ്യമാതൃകകളിലൂടെ കുട്ടിയുടെ യഥാർഥ പഠനനിലവാരം അളക്കുന്നതെങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്. പഠനമെന്ന പ്രക്രിയയെ സർവേകൾ സമഗ്രമായി സമീപിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഭാഷാ വൈവിധ്യങ്ങളും സാമൂഹിക വിഭജനങ്ങളും, സാംസ്‌കാരിക വൈവിധ്യങ്ങളും നിലനിൽക്കുന്ന ഇന്ത്യയിൽ ഇത്തരം ഏകീകൃത പരീക്ഷകളുടേയും സർവേകളുടേയും സാംഗത്യവും വിമർശനവിധേയമാക്കപ്പെടുന്നുണ്ട്. വിമർശനങ്ങൾ നിലനിൽക്കുമ്പോഴും പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളിലെ കുട്ടികളുടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്ന നീതിപൂർവ്വമായ ഉത്തരവാദിത്തത്തിൽ നിന്ന് ഭരണകൂടങ്ങൾക്ക് ഒഴിഞ്ഞുമാറാനാവില്ല. ▮


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments