നാം ‘ഫാന്റസൈസ്’ ചെയ്യുന്നതൊന്നുമല്ല കേരളത്തിന്റെ സമകാലിക വിദ്യാഭ്യാസ യാഥാർത്ഥ്യങ്ങളെന്ന് വ്യക്തമാക്കുന്ന മൂന്നു റിപ്പോർട്ടുകൾ അടുത്ത കാലത്ത് പുറത്തുവന്നു. കോവിഡ് പ്രതിസന്ധി നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെയാകെ പിടിച്ചുലച്ചതിന്റെ അനുഭവസാക്ഷ്യങ്ങളെന്ന നിലയിൽ റിപ്പോർട്ടുകളിലെ കണ്ടെത്തലുകൾക്കും നിഗമനങ്ങൾക്കും സവിശേഷ പ്രാധാന്യമുണ്ട്. മിത്തിക്കൽ പരിവേഷത്തോടെ, കേരളത്തിലെ വിദ്യാഭ്യാസത്തെ സമീപിക്കുന്നതിൽ കാര്യമില്ലെന്നും ക്ലീഷേകളും ജാർഗണുകളുമവസാനിപ്പിച്ച് സത്യസന്ധമായ വിലയിരുത്തലുകൾക്കും വിശകലനങ്ങൾക്കും തയാറാവേണ്ടതുണ്ടെന്നും മൂന്നു റിപ്പോർട്ടുകളും ഒരുപോലെ വ്യക്തമാക്കുന്നു.
ഇവയിൽ നാഷണൽ അച്ചീവ്‌മെൻറ് സർവേ , ഭാരത് നിപുൺ മിഷൻ സർവേ എന്നിവ കേന്ദ്ര ഏജൻസികളുടേതാണെങ്കിൽ ഏറ്റവും അവസാനമായി പുറത്തുവന്ന അസർ പഠനറിപ്പോർട്ട് പ്രഥം എന്ന വിദ്യാഭ്യാസമേഖലയിൽ ഗവേഷണം നടത്തുന്ന എൻ.ജി.ഒ യുടേതാണ്. റിപ്പോർട്ടുകളുടെ അന്വേഷണ- നിഗമന രീതികളെക്കുറിച്ച് വിമർശനങ്ങൾ ഉന്നയിക്കാമെങ്കിലും അവ പൊതുവായി മുന്നോട്ടു വയ്ക്കുന്ന കേരള വിദ്യാഭ്യാസത്തിന്റെ അക്കാദമികനിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ആഴമേറിയ ആത്മപരിശോധന അനിവാര്യമാണ്.
അസർ റിപ്പോർട്ട് 2022: അസ്വസ്ഥജനകമായ കണ്ടെത്തലുകൾ
ഇന്ത്യയിലെ 616 ജില്ലകളിലെ 19,060 ഗ്രാമങ്ങളും 3,74,554 വീടുകളും , മൂന്നിനും പതിനാറിനുമിടയിലെ 6,99,597 കുട്ടികളും പങ്കാളികളായ ദേശീയതല സർവേയാണ് അസർ ( ആന്വൽ സ്റ്റാറ്റസ് ഓഫ് എജ്യൂക്കേഷണൽ റിപ്പോർട്ട് ). പ്രഥം എന്ന എൻ.ജി.ഒ നടത്തുന്ന അസർ സർവേ ഫലങ്ങളെ ദേശീയ വിദ്യാഭ്യാസ ഏജൻസികൾ നയരൂപീകരണ പ്രക്രിയയിൽ ആധികാരിക വിവരങ്ങളായി ഉപയോഗപ്പെടുത്താറുണ്ട്. 2018 നുശേഷം ആദ്യമായി നടക്കുന്ന ഫീൽഡ് സർവേയെന്ന നിലയിൽ അസർ പഠന റിപ്പോർട്ടിന്റെ നിഗമനങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കോവിഡനന്തരം ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലുണ്ടായ പഠനത്തകർച്ചയുടെ ആഴം അസർ സർവേ ഫലങ്ങൾ പുറത്തു കൊണ്ടുവരുന്നുണ്ട്. കേൾവികേട്ട കേരള വിദ്യാഭ്യാസത്തിനും ചില തിരുത്തലുകൾക്കുള്ള അവസരമാവുന്നുണ്ട് അസർ പഠനറിപ്പോർട്ടിന്റെ കണ്ടെത്തലുകൾ:
‘കണ്ണൻ മാനത്തേക്കു നോക്കി. മാനത്ത് അതാ മഴവില്ല്. എന്ത് രസമാ മഴവില്ല് കാണാൻ. മഴവില്ലിന് ഏഴു നിറമാ. കണ്ണനറിയാം മഴവില്ല് മാഞ്ഞാൽ മാനം കറുക്കും. പിന്നെ മഴ പെയ്യും. മുറ്റത്ത് വെള്ളം നിറയും. മഴവെള്ളത്തിൽ കടലാസു തോന്നി ഒഴുക്കി കളിക്കാം. അമ്മ കണ്ടാൽ വഴക്കു പറയും. മഴ നനഞ്ഞാൽ പനി വരും എന്നാ അമ്മ പറയണത്’-രണ്ടാം ക്ലാസിലെ ഈയൊരു പാഠഭാഗമാണ് വായനയ്ക്കായി അസർ നിർദ്ദേശിച്ചത്. ഇത് വായിക്കാൻ കഴിയുന്ന രണ്ടാം ക്ലാസിലെ കുട്ടികളുടെ എണ്ണം 20.8% മാത്രമാണ്. എന്നാൽ അഞ്ചാം ക്ലാസിലെ 64.7 % കുട്ടികൾക്കും എട്ടാം ക്ലാസിലെ 83.7 % കുട്ടികൾക്കും മാത്രമേ രണ്ടാം ക്ലാസിലെ ലളിതമായപാഠഭാഗം വായിക്കാൻ കഴിയുന്നുള്ളൂവെങ്കിൽ വായനയിലുണ്ടായ ഇടിവ് പരിശോധിക്കപ്പെടേണ്ടതല്ലേ? ഇതിനർത്ഥം അഞ്ചിലെ 35.3% കുട്ടികൾക്കും എട്ടിലെ 16.3% കുട്ടികൾക്കും രണ്ടാം ക്ലാസിലെ പുസ്തകം പോലും വായിക്കാനാവുന്നില്ല എന്നു തന്നെയാണ്.
‘മനുവിന്റെ സ്‌കൂൾ വലുതാണ്. അവിടെ വലിയ മുറ്റം ഉണ്ട്. മുറ്റത്ത് ധാരാളം മരങ്ങളുണ്ട്. മരത്തിൽ നിറയെ പൂക്കളും ഉണ്ട്.' (അസർ വായനയ്ക്കായി നിർദേശിച്ച ഒന്നാം ക്ലാസിലെ പാഠഭാഗം)- ഒന്നാം ക്ലാസിലെ 5% പേർക്കും രണ്ടിലെ 16.5 % പേർക്കും മാത്രമേ ഒന്നിലെ മലയാളപാഠഭാഗം വായിക്കാനറിയുകയുള്ളൂയെന്നതല്ല പത്തു ശതമാനത്തോളം ഏഴ്, എട്ട് ക്ലാസുകാർക്കെങ്കിലും ഒന്നാം ക്ലാസിലെ നാല് വാക്യങ്ങൾ വായിക്കാൻ കഴിയുന്നില്ലയെന്നതാണ് ഏറെ അസ്വസ്ഥജനകം. വായനയും എഴുത്തുമറിയാതെ ഇവരെങ്ങനെയാണ് എട്ടാം ക്ലാസിനും അതിനു മുകളിലേയ്ക്കുമെത്തിയത് എന്ന പൊതുസമൂഹത്തിന്റെ ചോദ്യത്തിന് നാം മറുപടി പറയേണ്ടതല്ലേ? അടിസ്ഥാന സൗകര്യങ്ങളിലും കുട്ടികളുടെ എൻറോൾമെന്റിലും വർധനവുണ്ടാവുമ്പോഴും 2018 ൽ നിന്ന് സ്വന്തം ഭാഷ വായിക്കാനുള്ള കഴിവിൽ 13 % ന്റെ ചോർച്ചയുണ്ടായിയെന്ന് അസർ റിപ്പോർട്ട് ചൂണ്ടിക്കാട്ടുമ്പോൾ കോവിഡ് മാത്രമല്ല, നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയുടെ സഹജമായ ദൗർബല്യങ്ങളും ഈയൊരു സാഹചര്യത്തിലേക്കു നയിച്ചിട്ടുണ്ട്. അസർ പഠനത്തിൽ എഴുത്ത് പരിഗണിച്ചിട്ടില്ലാത്തതിനാൽ അതു സംബന്ധമായ കണക്കുകൾ ലഭ്യമല്ല. ഇതിനിടയിലും ഇംഗ്ലീഷ് വായനയിലും കോംപ്രിഹെൻഷനിലും നേരിയ പുരോഗതിയുണ്ട് എന്നത് ആശ്വാസകരം.
വായനയിൽനിന്ന് കണക്കിലെത്തുമ്പോൾ കാര്യങ്ങൾ കുറേക്കൂടി സങ്കീർണമാവുന്നു. കഴിഞ്ഞ പത്തുപതിനഞ്ചു വർഷക്കാലത്തിനിടയിൽ കുട്ടികളുടെ ഗണിത ശേഷികളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നത് വിവിധ പഠനങ്ങളിലൂടെ വ്യക്തമാണ്. അസർ റിപ്പോർട്ട് പ്രകാരം 2018-ൽ മൂന്നാം ക്ലാസിൽ 48.5% പേർക്ക് കുറയ്ക്കാനറിയുമായിരുന്നെങ്കിൽ 2022 ൽ അത് 38.6% മായി മാറി. അഞ്ചാം ക്ലാസിൽ 2018 ൽ 43 % പേർക്ക് ഹരണം അറിയുമായിരുന്നത് ഇപ്പോൾ 26.6 % മായി. എട്ടാം ക്ലാസിൽ 2018-ൽ 51.8 % പേർക്ക് ഹരണ ക്രിയ അറിയാമെങ്കിൽ ഇന്നത് 44.4 % മാത്രമാണ്. 2018 ൽ നിന്ന് കേരളം കണക്കിൽ 10 % ത്തോളം പിന്നോട്ടു പോയി ഹരണക്രിയയിൽ മാത്രമല്ല, ലളിതമായ സങ്കലന- വ്യവകലന ശേഷികളിലും സംഖ്യകൾ തിരിച്ചറിയുന്നതിൽപ്പോലും പ്രശ്‌നങ്ങളുണ്ട് എന്നാണ് അസർ റിപ്പോർട്ടിന്റെ കണ്ടെത്തൽ. ഇപ്പോഴും തുടരുന്ന പ്രക്രിയാ ബന്ധിത പ്രവർത്തനാധിഷ്ഠിത പഠനരീതി അന്തിമഫലത്തിനു പ്രാധാന്യമുള്ള ഗണിതപഠനത്തെ ബാധിച്ചിട്ടുണ്ടോയെന്നതും പരിശോധിക്കപ്പെടണം. അസർ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന കണക്കുകൾക്കും പഠനവിടവിനും സമാനമാണ് ഇതിനു മുമ്പു വന്ന നാസ് സർവേയുടേയും ഭാരത് നിപുൺ മിഷൻ സർവേയുടേയും കണ്ടെത്തലുകൾ.
നാസ് സർവേയുടെ പാഠങ്ങൾ
2021-ൽ നടന്ന നാഷണൽ അച്ചീവ്‌മെൻറ് സർവേയുടെ റിസൾട്ട് 2022 ലാണ് പുറത്തുവന്നത്. വർഷങ്ങളായി നാസ് സർവേയിൽ മികവു പുലർത്തുന്ന കേരളത്തിനു ശുഭപ്രതീക്ഷ നൽകുന്നതായിരുന്നില്ല കഴിഞ്ഞവർഷത്തെ പ്രകടനം . മൂന്നാം ക്ലാസിൽ ഏതാനും വിഷയങ്ങളിൽ ദേശീയ ശരാശരിയേക്കാൾ മെച്ചപ്പെട്ട നിലവാരമായിരുന്നു കേരളത്തിന്റേതെങ്കിലും പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ കേരളത്തിനുമുന്നിലായിരുന്നു. അഞ്ചാം ക്ലാസിൽ ഭാഷയിൽ ദേശീയ നിലവാരത്തിനു മുകളിലും പരിസരപഠനത്തിൽ ദേശീയ നിലവാരത്തിനൊപ്പവുമാണ് കേരളം. എന്നാൽ ഗണിതത്തിൽ ഏറെ പിന്നിലാണ്. എട്ടാം ക്ലാസിൽ ഭാഷയിലും സയൻസിലും ദേശീയ ശരാശരിക്കു മുകളിൽ നിൽക്കുമ്പോൾ ഗണിതത്തിലും സാമൂഹ്യശാസ്ത്രത്തിലും പിന്നിലാണ്. പത്താം ക്ലാസിൽ ഭാഷ, സാമൂഹ്യ ശാസ്ത്രം . സയൻസ് എന്നിവയിൽ ദേശീയ നിലവാരത്തേക്കാൾ മുന്നിലും ഗണിതത്തിൽ പിന്നിലുമാണ്. പഞ്ചാബ്, രാജസ്ഥാൻ, ബംഗാൾ, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ മിക്ക വിഷയങ്ങളിലും കേരളത്തിനു മുകളിലാണ്.
കൈറ്റ് - വിക്ടേഴ്‌സ് ഫസ്റ്റ്ബൽ ക്ലാസുകൾ കേരളത്തിലെ വിദ്യാഭ്യാസക്രമത്തിൽ പ്രത്യേകിച്ചൊരു മാറ്റവുമുണ്ടാക്കിയില്ലയെന്നാണ് നാസ് പഠന റിപ്പോർട്ടിന്റെ കണ്ടെത്തൽ. ഗ്രാമീണ, മലയോര മേഖലയിലും ഗോത്ര - ആദിവാസി വിഭാഗങ്ങളിലും എഴുത്ത്, വായന, ഗണിതം ഉൾപ്പെടെയുള്ള അടിസ്ഥാനശേഷികളിൽ ചോർച്ചയുണ്ടായി. ഓരോ ഘട്ടത്തിലും , ക്ലാസിലും ഉറപ്പാക്കേണ്ട പഠനനേട്ടങ്ങൾ ഉറപ്പാക്കാനാവുന്നില്ല എന്നതാണ് കേരളത്തിലെ അക്കാദമിക മേഖല നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് സർവേ സൂചിപ്പിക്കുന്നു. ഭാഷയിലും ഗണിതത്തിലും, ശാസ്ത്രത്തിലുമെല്ലാം പഠനം ഉറപ്പാക്കപ്പെടണമെന്ന നിഷ്‌കർഷയില്ലാതെപോകുമ്പോൾ അക്കാദമിക നിലവാരം താഴുന്നു. നാസ് റിപ്പോർട്ടിൽ കേരളത്തിന്റെ പ്രോഗ്രസ് കാർഡിൽ സാമൂഹിക വിഭാഗങ്ങൾ തമ്മിലും പ്രദേശങ്ങൾ തമ്മിലുമുള്ള അന്തരം ഏറെ പ്രകടമാണ്. പിന്നാക്ക-ഗോത്രവിഭാഗങ്ങൾ ഏറെയുള്ള വയനാട്, ഇടുക്കി, പാലക്കാട്, കാസർകോഡ് ജില്ലകളുടെ അക്കാദമിക നിലവാരം മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറെ പിന്നിലാണെന്ന യാഥാർത്ഥ്യവും നാസ് സർവേ അവതരിപ്പിക്കുന്നുണ്ട്. നാസ് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ചില പരിഹാര നടപടികൾ കൈക്കൊണ്ടെങ്കിലും അവയൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ലെന്നാണ് അസർ പഠന റിപ്പാർട്ടിന്റെ പുതിയ എഡിഷനിലെ നിഗമനങ്ങളിലൂടെ വ്യക്തമാകുന്നത്.
നിപുൺഭാരത് മിഷൻ സർവേ - പ്രൈമറിയിൽ സംഭവിക്കുന്നത്.
എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് നിപുൺ ഭാരത് മിഷൻ. മൂന്നാം ക്ലാസിന്റെ അവസാനത്തോടെ എഴുത്ത്, വായന, ഗണിതം എന്നിവയിൽ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. 2026 - 27 ആകുമ്പോഴേക്കും മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഇക്കാര്യങ്ങളിൽ മിനിമം പഠനനേട്ടങ്ങൾ ഉറപ്പാക്കാനാവണം. ഈ ലക്ഷ്യത്തോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പതിനായിരം സ്‌കൂളുകളിലെ എൺപത്താറായിരം മൂന്നാം ക്ലാസ് കുട്ടികളിലാണ് എൻ.സി.ഇ.ആർ.ടി യുടെ നേതൃത്വത്തിൽ പഠനം നടത്തിയത്.
വായനയിലെ വൈദഗ്ധ്യം, പദശേഷി, വായനയിലെ ഒഴുക്കും ഗ്രഹണ ശേഷിയും, ഗണിത പ്രക്രിയകളും , ഗണിത നിലവാരം എന്നിവയാണ് സർവേയുടെ ഭാഗമായി പരിശോധിക്കപ്പെട്ടത്.മസ്തിഷ്‌ക്ക പ്രവർത്തനങ്ങൾ സജീവമായി നടക്കുന്ന 6, 7 പ്രായത്തിലുള്ള കുട്ടികളിലുണ്ടാവുന്ന അടിസ്ഥാന വിദ്യാഭ്യാസ ശേഷികളിലെ കുറവ് നമ്മുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും പദ്ധതികളെയും ബാധിക്കുമെന്നതിനാൽ നിപുൺ ഭാരത് മിഷൻസർവേ ഫലങ്ങളെ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട്.
കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ പകുതിയിൽ അധികം പേർക്കും മലയാളം വായിക്കാനോ ശരിയായി മനസിലാക്കാനോ സാധിക്കുന്നില്ലെന്ന് എൻ.സി.ഇ.ആർ.ടി യുടെ നിപുൺ മിഷൻ സർവേ റിപ്പോർട്ട് കഴിഞ്ഞ വർഷം തന്നെ വ്യക്തമാക്കിയിരുന്നു. ഇത് അസർപഠന റിപ്പോർട്ടിന്റെ കണ്ടെത്തലുകളെ സാധൂകരിക്കുന്നുണ്ട്. സംസ്ഥാനത്തെ 104 സ്‌കൂളുകളിൽ 1061 വിദ്യാർഥികളിലാണ് സർവേ നടത്തിയത്. ചെറിയ സാമ്പിളാണ് പരിശോധിക്കപ്പെട്ടതെങ്കിലും അത് നൽകിയ സൂചനകൾ ആശാവഹമായിരുന്നില്ല.
റിപ്പോർട്ടുപ്രകാരം, കേരളത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥികളിൽ 16 ശതമാനം പേർക്ക് മാത്രമാണ് മലയാളത്തിൽ ശരാശരിക്കുമുകളിൽ പ്രാവീണ്യമുള്ളത്. ഈ കുട്ടികൾക്ക് ഒരു മിനിറ്റിൽ 51 വാക്കുകളോ അതിൽ കൂടുതലോ തെറ്റില്ലാതെ വായിക്കാനും മനസിലാക്കാനും കഴിഞ്ഞു. സർവേയിൽ പങ്കെടുത്ത 28 ശതമാനം കുട്ടികൾ ശരാശരിക്ക് അടുത്ത പ്രകടനം കാഴ്ചവെച്ചു. അവർക്ക് ഒരു മിനിറ്റിൽ 28 മുതൽ 50 വാക്കുകൾ വരെ വായിക്കാനും മനസിലാക്കാനും സാധിച്ചു.
ബാക്കിയുള്ള 56 ശതമാനം കുട്ടികൾക്കും മലയാളം ശരിയായി വായിക്കാനോ മനസിലാക്കാനോ സാധിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു. ഈ കുട്ടികളിൽ 17 ശതമാനം പേർക്ക് ഒരു മിനിറ്റിൽ പത്തിൽ കൂടുതൽ വാക്കുകൾ വായിക്കാനും മനസിലാക്കാനും സാധിച്ചില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.
കുട്ടികളിലെ അടിസ്ഥാന അറിവിലുണ്ടാകുന്ന വിടവ് തുടർക്ലാസുകളിൽ ഗുരുതരമായ അക്കാദമിക പ്രശ്‌നമായി മാറുന്നുവെന്നാണ് തുടർ ക്ലാസുകളിലെ പ്രകടനത്തിൽ നിന്നു മനസ്സിലാവുന്നത്. പ്രൈമറിഘട്ടം മുതൽ വായന, എഴുത്ത്, അടിസ്ഥാന ഗണിത ശേഷികൾ എന്നിങ്ങനെ വിഭ്യാഭ്യാസത്തിന്റെ മൂന്നു പ്രധാന അടിസ്ഥാനശേഷികളിൽ തൃപ്തികരമായ പ്രകടനമല്ല കേരളത്തിന്റേത്.
ഇന്ത്യയൊട്ടാകെ കോവിഡന്തരം കുട്ടികളിൽ വലിയ പഠനനഷ്ടമുണ്ടായിട്ടുണ്ടെന്ന യാഥാർത്ഥ്യം എല്ലാ സർവേകളും ഒരുപോലെ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കോവിഡനന്തര വിദ്യാഭ്യാസ പ്രശ്‌നങ്ങളെന്ന നിലയിൽ മാത്രം വിലയിരുത്താനാവില്ല. തൊണ്ണൂറുകൾ മുതൽ ആരംഭിച്ച പുതിയ പഠനബോധന വിലയിരുത്തൽ സമ്പ്രദായത്തിലെ വിള്ളലുകൾ അതിലുണ്ട്. പഠനലക്ഷ്യങ്ങളിലെ അവ്യക്തതയും, പഠനസമീപനങ്ങളിലെ സങ്കീർണ്ണതയും പഠന വിലയിരുത്തലിലെ ഉദാസീനതയും കേരളത്തിലെ പൊതുവിദ്യാഭ്യാസ ക്രമത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യപ്പെടണം. ഡി.പി.ഇ.പി യെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും എന്ന ദ്വന്ദ്വത്തിൽ നിന്നു മാറി അതുണ്ടാക്കിയ ഇംപാക്ട് കേരളത്തിൽ സവിശേഷ അക്കാദമിക - ഫീൽഡ്തല പഠനത്തിനു വിധേയമാക്കിയിട്ടില്ല. എഴുത്തിലും വായനയിലും കണക്കിലും അടിസ്ഥാന ശേഷികൾ ഓരോ ഘട്ടത്തിലും ഉറപ്പിക്കാതെ പോയതിന്റേയും തിരുത്തലുകൾ നിർദ്ദേശിക്കപ്പെടാതെ പോയതിന്റെയും അലസസമീപനങ്ങൾ വ്യവസ്ഥയിലേൽപ്പിച്ച ആഘാതം വളരെ വലുതാണെന്ന് ഒരുപക്ഷം പറയുമ്പോൾ അത് ക്ലാസ്മുറികളെ ജനാധിപത്യവത്ക്കരിച്ചുവെന്ന് മറുപക്ഷം അവകാശപ്പെടുന്നു.
പക്ഷങ്ങളെന്തായാലും,പാഠപുസ്തകങ്ങളിൽ നിന്ന് അക്ഷരബോധവും ഗണിതപുസ്തകങ്ങളിൽ നിന്ന് സംഖ്യാവബോധവും ശാസ്ത്രപുസ്തകങ്ങളിൽ നിന്ന് ശാസ്ത്രീയചിന്തയും നഷ്ടപ്പെട്ടാൽ അവയൊന്നും തിരിച്ചു പിടിക്കുക അത്ര എളുപ്പമല്ലെന്ന് ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ഉദാഹരണങ്ങൾ നമ്മോടു പറയുന്നു. പുതിയ പാഠ്യപദ്ധതിയുടെ രൂപീകരണത്തിനു മുമ്പു തന്നെ ദേശീയ റിപ്പോർട്ടുകൾ മുന്നോട്ടുവയ്ക്കുന്ന കേരള വിദ്യാഭ്യാസത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവധാനതയോടെ പരിശോധിക്കാനും പരിഹാരനടപടികൾ സ്വീകരിക്കാനും വിദ്യാഭ്യാസവ്യവസ്ഥയ്ക്കു കഴിയേണ്ടതുണ്ട്. ഭാഷ, ഗണിതം എന്നിവയെ കോമൺ കോർ ആയി പ്രഖ്യാപിച്ചാണ് യു.എസ്.എയും ബ്രിട്ടനും കുട്ടികളിലെ അക്കാദമിക പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചത്. കേരളത്തിലും അത്തരം ശക്തമായ ചില ഇടപെടലുകൾ ആവശ്യമാണ്. 2007 ലെ പരിഷ്‌ക്കരണത്തിലെ ഭാഷാസമഗ്രതാ സമീപനത്തിന്റെ ഭാഗമായി മലയാളപുസ്തകങ്ങളിൽനിന്ന് ഒലിച്ചുപോയ അക്ഷരമാലയെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചതിനേക്കാൾ ആഴവും പരപ്പുമുള്ള ചില നീക്കങ്ങൾ ആവശ്യമാകുന്നു. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ അപരിഹാര്യമായ വിദ്യാഭ്യാസത്തകർച്ചയുടെ ദുരന്തഭൂമികയായി കേരളം മാറും.