കാലടി ശ്രീശങ്കര സംസ്കൃത സർവ്വകലാശാലയിൽ നടന്നുവരുന്ന സമരങ്ങളെയും പ്രതിഷേധങ്ങളെയും കുറിച്ച് നേരിട്ട് അനുഭവിച്ചറിഞ്ഞ എം.എ തിയേറ്റർ വിദ്യാർത്ഥിയെന്ന നിലയിലാണ് ഇതെഴുതുന്നത്.
കാലടി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ 18 ആവശ്യങ്ങൾ ഉന്നയിച്ച് SFI-യുടെ നേതൃത്വത്തിൽ സമരം നടത്തുകയുണ്ടായി. ആ കൂട്ടത്തിൽ അതേ യൂണിവേഴ്സിറ്റിയിലെ തിയേറ്റർ (നാടക വിഭാഗം) വിദ്യാർത്ഥികൾ തങ്ങളുടെ ഡിപ്പാർട്ടുമെന്റിലെ ആവശ്യങ്ങളും ഉൾപ്പെടുത്തി. അതിൽ പ്രധാനമായി പറഞ്ഞത്, റിഹേഴ്സൽ സമയത്ത് കുടിവെള്ളത്തിന് കൊതുക് കൂത്താടികൾ നിറഞ്ഞ കൂളർ വൃത്തിയാക്കണമെന്നും തങ്ങളുടെ നാടകം കളിക്കാൻ ആവശ്യമായ ലൈറ്റുകൾ വേണം എന്നും മറ്റുമുള്ള അടിസ്ഥാന ആവശ്യങ്ങളായിരുന്നു.
ദേശീയ തലത്തിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനത്തിനർഹമായ ‘പറച്ചി’ എന്ന നാടകം ഒരുക്കിയത് ഇതേ കുട്ടികളാണെന്നത് ഓർക്കുക. അടിസ്ഥാന സൗകര്യങ്ങളില്ലാതിരുന്നിട്ടുപോലും സ്വന്തമായി അവരാൽ കഴിയുന്നതെല്ലാം ചെയ്താണ് മറ്റ് യൂണിവേഴ്സിറ്റികളുമായി പൊരുതി ഈ ഒന്നാം സ്ഥാനം നേടിയത്. ഈ യൂണിവേഴ്സിറ്റിയെ എന്നും ലോകത്തിനുമുന്നിൽ ഒന്നാമതായി നിർത്തുന്നത് തിയേറ്റർ ഡിപ്പാർട്ടുമെന്റിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ തന്നെയാണന്ന് ഞാൻ ഉറച്ചു പറയുന്നു.
‘ലൈറ്റ് ചത്തെ’ എന്ന നാടകം എന്തിനാണ് ചെയ്തത്? ഈ ചോദ്യം ചോദിക്കേണ്ടയിടത്ത് ‘വി.സിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി’ എന്ന പേരിൽ കാലടി യൂണിവേഴ്സിറ്റിയിലെ അടിസ്ഥാന സൗകര്യപ്രശ്നങ്ങൾ ഒരു വ്യക്തിക്കെതിരായ പ്രതിഷേധമായി ചുരുങ്ങി. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഒരു വ്യക്തിയുടെ മാനത്തോടുള്ള പ്രശ്നമായി മാറി.
അത്തരത്തിൽ മികവ് പുലർത്തുന്ന ഒരു ഡിപ്പാർട്ടുമെന്റിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ പ്രവർത്തിക്കാത്ത ലൈറ്റുകളുടെ അവസ്ഥ സൂചിപ്പിച്ച് ‘ലൈറ്റ് ചത്തെ’ എന്ന നാടകം അവതരിപ്പിച്ചത്. എന്നാൽ ഈ നാടകത്തെ വി.സിയുടെ ശവസംസ്കാര ചടങ്ങാക്കി വളച്ചൊടിക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. ഇതിനെതുടർന്ന് യൂണിവേഴ്സിറ്റിയിൽ വരാത്ത ഡോ. സിസ തോമസ് എന്ന വൈസ് ചാൻസലർ രംഗത്തുവന്ന്, മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി, ‘കുട്ടികൾ ചെയ്‍തത് നിങ്ങൾ കണ്ടതല്ലേ, അവരുടെ സമരം അനാവശ്യമാണ്’ എന്നും മറ്റുമുള്ള വാദങ്ങൾ ഉന്നയിച്ചു.
എന്നാൽ വിദ്യാർത്ഥികൾ എന്താണ് ചെയ്തതെന്ന് മാധ്യമങ്ങളിലൂടെ കൃത്യമായി നമ്മൾ കണ്ടതാണ്. എന്നിട്ടും ചില മാധ്യമങ്ങൾ തങ്ങളുടെ സ്വന്തം താല്പര്യങ്ങൾക്ക് മുൻഗണന കൊടുത്ത് ഈ പ്രതിഷേധത്തെ വി.സിയുടെ ശവസംസ്കാര ചടങ്ങാക്കി അവതരിപ്പിച്ച് പൊതു ജനങ്ങൾക്കിടയിൽ സമരത്തെപറ്റി തെറ്റിദ്ധാരണ പരത്തി. തങ്ങളുടെ പ്രവർത്തിക്കാത്ത ലൈറ്റുകൾ ചത്തേ എന്ന് കരഞ്ഞുകൊണ്ട് നാടകം കളിച്ചത് എങ്ങനെയാണ് വൈസ് ചാൻസലറുടെ പ്രതികാത്മക ശവസംസ്കാരമായി മാറിയത്?. അതൊരു നാടകമായിരുന്നു, പ്രതിഷേധമായിരുന്നു. നാടകം പഠിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ പ്രശ്നങ്ങൾ പിന്നെ ഏത് രീതിയിൽ അവതരിപ്പിക്കണമെന്നാണ് അധികാരികൾ ആഗ്രഹിക്കുന്നത്?

ഒരു തിയേറ്റർ വിദ്യാർത്ഥിക്ക് ‘ലൈറ്റ്’ വെറും വൈദ്യുതി ഉപകരണമല്ല. അത് വേദിയുടെ ഭാഷയാണ്. നാടകത്തിന്റെ ശ്വാസമാണ്. തിയേറ്ററിന്റെ അർത്ഥനിർമ്മാണത്തിൽ ലൈറ്റിനുള്ള സ്ഥാനം എന്താണെന്നറിയാത്ത ഈ അധികാരികളെ തിരിച്ചറിയാതെ പോയത് ഞങ്ങൾ വിദ്യാർത്ഥികളുടെ തെറ്റാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. നാടകത്തിന്റെ ഉള്ളടക്കത്തെക്കാൾ വേഗത്തിൽ അതിന്റെ വ്യാഖ്യാനം പടർന്നു. അതിനെ ആഭ്യന്തരമന്ത്രിയും ഉന്നതവിദ്യാഭ്യാസമന്ത്രി കൂടിയായ സ്‍ഥലം MLA- യും ഏറ്റുപിടിച്ചു. അങ്ങനെ ഒരു നാടകത്തിന്റെ ആവശ്യം പിന്നിലേക്ക് പോയി. അതിന്റെ പശ്ചാത്തലം പിന്നിലേക്ക് പോയി. മുന്നിലേക്കുവന്നത് വ്യാഖ്യാനിക്കപ്പെട്ട ഒരു ശവസംകാരത്തിന്റെ ചിത്രം മാത്രം.
വിസിയെന്ന നിലയിൽ ഡോ. സിസ തോമസ് ചെയ്തത് ഗുരുതരമായ അധികാര ദുർവിനിയോഗമാണ്. വി.സിയെന്ന ചുമതല വഹിക്കുന്ന ഒരു വ്യക്തി, വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലേക്ക് പ്രവർത്തിക്കുന്നത് ധാർമികതയ്ക്കും നീതിയ്ക്കും എതിരാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നാടകവേദിയിൽ നിന്നും അക്കാദമിക് സമൂഹങ്ങളിൽ നിന്നും മറ്റ് വിദ്യാർത്ഥികൾക്കിടയിൽ നിന്നും ഉണ്ടായിവരണം.
മാധ്യമങ്ങൾക്കും അധികാരത്തിനും മുന്നിൽ ‘കല’ പലപ്പോഴും നേരിടുന്ന ഏറ്റവും വലിയ അപകടം. കല പ്രതീകങ്ങളിൽ നിന്നാണ് സംസാരിക്കുന്നത്, മാധ്യമങ്ങൾ സംഭവങ്ങളിലാണ് സംസാരിക്കുന്നത്, എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം. ഈ രണ്ടിനുമിടയിലെ അകലം പല രാഷ്ട്രീയ അർത്ഥങ്ങളും സൃഷ്ടിക്കും. ഒരു പ്രതിഷേധ നാടകം അധികാരത്തെ വിമർശിച്ചാൽ അതിൽ അതിശയോക്തി ഉണ്ടാകും, പരിഹാസം ഉണ്ടാകും, പ്രതീകം ഉണ്ടാകും, ചിലപ്പോൾ അസ്വസ്ഥപ്പെടുത്തുന്ന ദൃശ്യങ്ങളും ഉണ്ടാകും. അത് കലയുടെ സ്വഭാവമാണ്. കലാകാരർ അധികാരത്തെ പുകഴ്ത്താൻ മാത്രം വേദിയിലേക്ക് കയറേണ്ടവരല്ല. ചിലപ്പോൾ അധികാത്തിന്റെ മുന്നിൽ ഒരു കണ്ണാടി പിടിക്കാനാണ് കയറുന്നത്. ആ കണ്ണാടിയിൽ കണ്ട മുഖം ഇഷ്ടപ്പെട്ടില്ലെങ്കിൽ കണ്ണാടി തകർക്കുന്നത് എളുപ്പമാണ്. പക്ഷെ അതുകൊണ്ട് മുഖം മാറില്ല.
‘ലൈറ്റ് ചത്തെ’ എന്ന നാടകത്തിന്റെ പശ്ചാത്തലത്തിൽ ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. വിദ്യാർത്ഥികൾ എന്തിനാണ് ആ നാടകം ചെയ്തത്? ആ ചോദ്യം ചോദിക്കേണ്ടയിടത്ത് ‘വി.സിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി’ എന്ന പേരിൽ കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ അടിസ്ഥാന സൗകര്യപ്രശ്നങ്ങൾ ഒരു വ്യക്തിക്കെതിരായ പ്രതിഷേധമായി ചുരുങ്ങി. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഒരു വ്യക്തിയുടെ മാനത്തോടുള്ള പ്രശ്നമായി മാറി. ഒരു സ്ഥാപനത്തോടുള്ള വിമർശനം ഒരു വ്യക്തിക്കെതിരായ ആക്രമണമായി വായിക്കപ്പെട്ടു. പ്രശ്നത്തിന്റെ കേന്ദ്രം മാറി. ഒരു സർവ്വകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾ വേണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന കഥയിൽ നിന്ന്, വി.സിയെ അപമാനിച്ചു എന്ന കഥയിലേക്ക് എത്തി. ഇതാണ് ഒരു പ്രതിഷേധത്തെ നിർവീര്യമാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്ന്. കാരണം ചോദിക്കാതെയിരിക്കുക, രീതി മാത്രം ചർച്ച ചെയ്യുക. അപ്പോൾ കാരണം അപ്രത്യക്ഷമാകും.

അങ്ങനെ നാടകത്തിന്റെ തിരശ്ശീല താഴ്ന്നതിനു ശേഷവും ഈ നാടകത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ ദ്രോഹിക്കുകയാണ് അധികാരികൾ. പ്രശ്നങ്ങൾ ഇവിടെയെങ്ങും അവസാനിക്കുന്നില്ല. ഒരു യൂണിവേഴ്സിറ്റിയിലെ വി.സിയോട്, തങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ വിസമ്മതിക്കുന്ന വി.സിയോട്, തങ്ങളുടെ ആവശ്യങ്ങൾ കേൾക്കാനും പരിഹാരം കാണാനും ആവശ്യപ്പെടുന്നത് തെറ്റാണോ?
എസ്.എഫ്.ഐ പ്രതിഷേധത്തിൽ ഒരുവിധത്തിലുള്ള പരിക്കുമേൽക്കാതെ പോലീസിന്റെ പൂർണ്ണ അകമ്പടിയോടെയാണ് വി.സി തന്റെ വാഹനത്തിലേക്ക് കയറുന്നത്. എന്നാൽ വി.സിയാകട്ടെ ആഭ്യന്തര മന്ത്രിക്ക് പരാതി കൊടുക്കുന്നത് ശാരീരികമായി വിദ്യാർത്ഥികൾ ഉപദ്രവിച്ചു എന്നാണ്. ഇതിന്റെ പേരിൽ 19 പേർക്കെതിരെ നടപടിയെടുത്തു. ഇതിൽ നാടകം കളിച്ച വിദ്യാർത്ഥികളുടെ പേരുകൾ ഉൾപ്പെടുത്തിയത് തികഞ്ഞ പ്രതികാരബുദ്ധിയാണ്. അവിടെയും അവസാനിക്കാതെ ഓണാവധിയ്ക്ക് ശേഷം യൂണിവേഴ്സിറ്റി തുറക്കുന്ന ആദ്യ ദിവസം തന്നെ നാടകം കളിച്ച ഈ വിദ്യാർത്ഥികളെ അടക്കം സസ്പെന്റും ചെയ്തു.
വിസിയെന്ന നിലയിൽ ഡോ. സിസ തോമസ് ചെയ്തത് ഗുരുതരമായ അധികാര ദുർവിനിയോഗമാണ്. വി.സിയെന്ന ചുമതല വഹിക്കുന്ന ഒരു വ്യക്തി, വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലേക്ക് പ്രവർത്തിക്കുന്നത് ധാർമികതയ്ക്കും നീതിയ്ക്കും എതിരാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നാടകവേദിയിൽ നിന്നും അക്കാദമിക് സമൂഹങ്ങളിൽ നിന്നും മറ്റ് വിദ്യാർത്ഥികൾക്കിടയിൽ നിന്നും ഉണ്ടായിവരേണ്ടത് അനിവാര്യമാണ്.
