സമരം ചെയ്തതിന് സസ്പെൻഷനിലായ കാലടി സംസ്കൃത സർവകലാശാലയിലെ 10 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നിഷേധിച്ചത് മതിയായ ഹാജരില്ല എന്നു ചൂണ്ടിക്കാട്ടി. പരീക്ഷ എഴുതാൻ അനുവദിച്ച സിംഗിൾ ബെഞ്ച് വിധി, സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ താൽക്കാലിക വി.സി സിസ തോമസും സർവകലാശാലയും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി.
ആവശ്യത്തിന് ഹാജരുണ്ടോ എന്നത് നോക്കാതെയായിരുന്നു സിംഗിള്‍ ബെഞ്ച് വിധി എന്നായിരുന്നു വി.സിയുടെയും സര്‍വകലാശാലയുടെയും വാദം: ‘‘അപ്പീൽ നൽകിയ വിദ്യാർത്ഥികളിൽ പലർക്കും പരീക്ഷ എഴുതാൻ മതിയായ അറ്റൻഡൻസ് ഇല്ല. പരീക്ഷയ്ക്ക് സൂപ്പർ ഫൈൻ അടച്ച് അപേക്ഷിക്കാനുള്ള സമയപരിധിയും അവസാനിച്ചു. വി.സിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നത് അന്വേഷണത്തെയും സർവകലാശാലയിലെ അന്തരീക്ഷത്തെയും ബാധിക്കും’’- എന്നിങ്ങനെയായിരുന്നു അപ്പീലിൽ വി.സിയുടെ വാദം. തങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെയാണ് ഉപഹർജിയിൽ സിംഗിൾ ബെഞ്ച് തീരുമാനമെടുത്തതെന്നും വിസിയും സർവകലാശാലയും വാദിച്ചു.
സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം തുടരുമെന്നും ഹൈക്കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു.
നാളെയും ആറിനുമാണ് യു.ജി- പി.ജി പരീക്ഷ. സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ ഗവേഷക വിദ്യാർത്ഥികളായ നാലു പേരൊഴികെ പത്തു പേരാണ് പരീക്ഷയെഴുതാനുണ്ടായിരുന്നത്.
ആഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തത്. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് SFI-യുടെ നേതൃത്വത്തിൽ മൂന്ന് വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാരത്തിലാണ്.
16 വിദ്യാർത്ഥികളാണ് 64 ദിവസമായി സസ്പെഷനിൽ കഴിയുന്നത്. കഴിഞ്ഞദിവസം യോഗം ചേർന്ന സിൻഡിക്കേറ്റ്, നാല് വിദ്യാർത്ഥികളുടെ സസ്പെൻഷൻ രണ്ടു മാസം കൂടി നീട്ടി. ബാക്കിയുള്ള 12 പേർ മാപ്പ് എഴുതിനൽകിയാൽ തിരിച്ചെടുക്കാമെന്നും അറിയിച്ചു. സസ്പെൻഷൻ കാലയളവിൽ കാമ്പസിൽ പ്രവേശിച്ചതിനാണ് നാലുപേരുടെ സസ്പെൻഷൻ നീട്ടിയത്. എന്നാൽ, അന്വേഷണ കമീഷൻ ഹിയറിംഗിന് വിളിച്ചപ്പോഴാണ് നാലുപേർ കാമ്പസിൽ പ്രവേശിച്ചത് എന്ന് വിദ്യാർത്ഥികൾ പറയുന്നു. മാപ്പു പറയില്ലെന്നും സമരം തുടരുമെന്നും സസ്പെൻഷനിലായ വിദ്യാർത്ഥികളും വ്യക്തമാക്കി.
കാമ്പസിലെ അടിസ്ഥാന സൗകര്യവികസനം അടക്കമുള്ള വിഷയങ്ങൾ മുൻനിർത്തിയാണ് സമരം. പ്രധാന കാമ്പസിലും ഉപകേന്ദ്രങ്ങളിലും ആവശ്യത്തിന് അധ്യാപകരെ നിയമിക്കുക, പഠനത്തിനുള്ള ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് കൃത്യമായി വിതരണം ചെയ്യുക, സർട്ടിഫിക്കറ്റുകളുടെ വിതരണം സമയബന്ധിതമാക്കുക, ഫൈനാർട്സ്- തിയേറ്റർ- മ്യൂസിക്- നൃത്ത വിഭാഗങ്ങളിലെ അക്കാദമിക അന്തരീക്ഷവും അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജൂലൈ 21ന് സമരം തുടങ്ങിയത്.

യൂണിവേഴ്സിറ്റിയിലെ തിയേറ്റർ (നാടക വിഭാഗം) വിദ്യാർത്ഥികൾ സിൻഡിക്കേറ്റ് യോഗം നടന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് നടത്തിയ മാർച്ചിന്റെ ഭാഗമായി, പ്രവർത്തിക്കാത്ത ലൈറ്റുകളുടെ അവസ്ഥ സൂചിപ്പിച്ച് ‘ലൈറ്റ് ചത്തെ’ എന്ന നാടകം അവതരിപ്പിച്ചു. എന്നാൽ, ഇതിനെ, വിദ്യാർത്ഥികൾ പ്രതീകാത്മകമായി ‘വി.സിയുടെ ശവസംസ്കാര ചടങ്ങ്’ നടത്തി എന്നും വി.സിയെ ശാരീരികമായി ആക്രമിച്ചു എന്നുമുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ച് കേസെടുക്കുകയാണ് അധികൃതർ ചെയ്തത്. വി.സിയുടെയും സർവകലാശാലാ അധികൃതരുടെയും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്, ഇതുസംബന്ധിച്ച് അന്വേഷണ കമീഷൻ തന്നെ കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികൾക്കെതിരായുള്ളത് വി.സിയുടെ പ്രതികാരനടപടിയാണെന്നും തെളിഞ്ഞിരുന്നു.
അക്കാദമികവും ഭരണപരവുമായ നിരവധി പ്രതിസന്ധികളിലൂടെയാണ് കാലടി സർവകലാശാലാ വിദ്യാർത്ഥികൾ കടന്നുപോകുന്നത്. പഠനം തന്നെ നിഷേധിക്കപ്പെടുന്നവയാണ് ഇതിൽ പലതും. ഇവ പരിഹരിക്കുന്നതിനുപകരം, സമരം ചെയ്ത വിദ്യാർത്ഥികളെ കള്ളക്കേസുകളിൽ കുടുക്കി വേട്ടയാടുകയാണ് വി.സിയും സർവകലാശാലയും ചെയ്യുന്നത്.
ഹോസ്റ്റൽ വിദ്യാർത്ഥികളിൽനിന്ന് ഈടാക്കുന്ന ഭീമമായ സൂപ്പർ ഫൈൻ നിർത്തലാക്കുമെന്ന തീരുമാനം നിലവിലുണ്ടായിട്ടും അതിന്റെ ഉത്തരവ് പുറപ്പെടുവിക്കാത്തതിനാൽ പഠനം പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് പിഴയായി മാത്രം 22,000 രൂപയോളം ഒടുക്കേണ്ടിവരുന്നു. 2018-ൽ പഠനം പൂർത്തിയാക്കിയവർക്ക് പോലും സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഓപ്പൺ ഡിഫൻസ് കഴിഞ്ഞിട്ടും മുപ്പതോളം ഗവേഷകർക്ക് പിഎച്ച്.ഡി അവാർഡ് ചെയ്തിട്ടില്ല.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗം നടത്താനും വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുമാണ് അധികൃതരും ഡിപ്പാർട്ട്മെന്റുകളും ശ്രമിക്കുന്നത്. സ്ഥിരം വൈസ് ചാൻസലറുടെ അഭാവവും താൽക്കാലിക വൈസ് ചാൻസലറുടെ അലംഭാവവുമാണ് പ്രതിസന്ധി ഇത്ര സങ്കീർണ്ണമാക്കിയതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിക്കിടയാക്കിയ 'ലൈറ്റ് മരിച്ചു' എന്ന നാടകം ഇന്ന് സമരപ്പന്തലിൽ വീണ്ടും അവതരിപ്പിക്കും.
വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല മുൻ വി.സിമാരും പ്രോ വിസിമാരും അടക്കം ഏഴു പേർ സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു. മുൻ വി.സിമാരായ ഡോ. ധർമരാജ് അടാട്ട്, ഡോ. എം.വി. നാരായണൻ, ഡോ. ജെ. പ്രസാദ്, മുൻ പ്രൊ വി.സിമാരായ ഡോ. കെ.എസ്. രവികുമാർ, ഡോ. കെ. മുത്തുലക്ഷ്മി, ഡോ. എസ്. രാജശേഖരൻ, മുൻ പ്രിൻസിപ്പൽ ഡീൻ ഡോ. എൻ.കെ. ശങ്കരൻ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ, വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചത്.
