പണിയെടുക്കാതെ ശമ്പളം വാങ്ങുന്നവരാണോ ഞങ്ങൾ?
രണ്ട്​ അധ്യാപകർ ചില വസ്​തുതകൾ തുറന്നു പറയുന്നു

365 ദിവസത്തെ ശമ്പളം വാങ്ങുന്ന അധ്യാപകര്‍ 220 ദിവസമെങ്കിലും കുട്ടികളെ പഠിപ്പിക്കണമെന്ന ഒരു പ്രസ്താവന കെ.ബി. ഗണേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ജോലിസമയത്തേക്കാൾ ഒഴിവുസമയമുള്ളവരെന്നും, മറ്റുള്ള ജീവനക്കാർ പണിയെടുക്കുന്ന ദിവസങ്ങളിൽ അവധി കിട്ടുന്നവരെന്നും, വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യാത്തവരെന്നുമടക്കം അധ്യാപകർക്കെതിരായ വിധിതീർപ്പുകളിൽ എത്രത്തോളം യാഥാർഥ്യമുണ്ട്​? അധ്യാപകരായ ഡോ. ജ്യോതിമോൾ പി, ലിജോ സെബാസ്​റ്റ്യൻ എന്നിവർ എഴുതുന്നു.

സ്കൂൾ / കോളേജ് അധ്യാപകരെ ‘ചട്ടം പഠിപ്പിക്കുന്നതിനെ’ കുറിച്ചുള്ള ചർച്ചകൾ ഒരുപാട് കാലമായി മാധ്യമങ്ങളിലും പ്രസ്താവനകളിലും നിറഞ്ഞുനിൽക്കുന്നുണ്ട്. ജോലിസമയത്തേക്കാൾ ഒഴിവുസമയമുള്ളവരെന്നും, മറ്റുള്ള ജീവനക്കാർ പണിയെടുക്കുന്ന ദിവസങ്ങളിൽ അവധി കിട്ടുന്നവരെന്നും, വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യാത്തവരെന്നുമടക്കം കുറ്റപ്പെടുത്തലുകളും വിധിതീർപ്പുകളും ഏറെയാണ്.

ചർച്ച സാമൂഹിക മാധ്യമങ്ങളിലേക്കെത്തുമ്പോൾ, ശമ്പളം വെട്ടിക്കുറക്കണമെന്നും അധ്യാപകരെയെല്ലാം പിരിച്ചു വിടണമെന്നും വരെ പറയുന്ന മുഖമുള്ളതും ഇല്ലാത്തതുമായ ധാരാളം പ്രൊഫൈലുകളുണ്ട്. ഇതേ ഗണത്തിൽ തന്നെ പെടുത്താവുന്ന ഒരു പ്രസ്താവന പത്തനാപുരം എം.എൽ.എ കെ.ബി. ഗണേഷ് കുമാറും കഴിഞ്ഞ ദിവസം നടത്തി. പ്രാദേശികമായ ഒരു പൊതു ചടങ്ങിൽ വച്ച് അധ്യാപകരുടെ ജോലിക്കുറവിനെപ്പറ്റി ഗണേഷ് കുമാർ സംസാരിച്ചതായാണ്​ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ അവസരത്തിൽ ഏതാനും വസ്തുതകൾ അവതരിപ്പിക്ക​ട്ടെ.

അധ്യാപനത്തെപ്പറ്റി പൊതുബോധത്തിൽ ഉറച്ചു പോയ കുറെയേറെ തെറ്റിദ്ധാരണകളുണ്ട്. അതിലൊന്ന്, ജോലിസമയത്തെ കുറിച്ചാണ്. വീട്ടുകാര്യങ്ങളെല്ലാം നടത്താൻ അനുയോജ്യമായ, ഏറ്റവും സൗകര്യപ്രദമായ ജോലിയായി സമൂഹം കണ്ടുകൊണ്ടിരിക്കുന്നത് അധ്യാപനമാണ്. എന്നാൽ യാഥാർത്ഥ്യം അതിൽനിന്ന് എത്രയോ അകലെയാണ്. സ്കൂളുകളിലും കോളജുകളിലും വ്യക്തമായ ജോലിസമയമുണ്ട്. അത് ഒമ്പതു മുതൽ നാലു വരെയൊ പത്തു മുതൽ അഞ്ചു വരെയോ ഒക്കെയാകാം. പക്ഷേ ജോലിയുടെ അംഗീകൃത സമയം കഴിഞ്ഞ്​ വൈകുന്നേരങ്ങളിലേക്കോ രാത്രികളിലേക്കോ ഒക്കെ നീളുന്ന പാഠ്യപ്രവർത്തനങ്ങൾ തുടർന്നും നടത്തേണ്ട തൊഴിൽ കൂടിയാണ് അധ്യാപനം.

സർക്കാർ ജോലിയിലും ബാങ്കുകളിലും ഒക്കെ ജോലിസമയം കഴിഞ്ഞാൽ പേന ഓഫീസിൽ വച്ചു പോകുമ്പോൾ പുസ്തകവും പേനയും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും വീടുകളിലേക്ക് കൊണ്ടുപോകുന്നവരാണ് അധ്യാപകർ. കുട്ടികളെ മൈക്രോ മാനേജ്‍ ചെയ്യുന്ന മാതാപിതാക്കൾ കൂടി ഉൾപ്പെട്ട ഒരു സമൂഹമായതുകൊണ്ട്  മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും എല്ലാം നിരന്തര അന്വേഷണങ്ങളും സംശയങ്ങളും അധ്യാപക സമൂഹത്തിന്റെ വീട്ടിലെ സമയം കൂടി ഇപ്പോൾ അപഹരിക്കുന്നുണ്ട്. കുട്ടികളുടെ അക്കാദമിക നിലവാരം മുതൽ അവരുടെ മാനസികമായ അവസ്ഥ വരെ മാതാപിതാക്കൾ ചർച്ച ചെയ്യുന്നത് അധ്യാപകരുമായാണ്. പലപ്പോഴും ജോലിസമയം കഴിഞ്ഞ് അധ്യാപകരുടെ സ്വകാര്യ സമയത്താണ് ഇത്തരം ചർച്ചകളും അന്വേഷണങ്ങളും  നടക്കുന്നത്. അത് കാലാകാലമായി അധ്യാപക സമൂഹം ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തിയാണ്. യാതൊരു പരാതികളും ഇല്ലാതെ തന്നെയാണ് അത്തരം കാര്യങ്ങൾക്ക് അധ്യാപകർ മുതിരുന്നതെന്ന് വിമർശകർ അടക്കമുള്ള പൊതുസമൂഹം ഓർക്കേണ്ടതാണ്.

സ്കൂൾതലത്തിൽ നോട്ടുപുസ്തകത്തിലെ തെറ്റു തിരുത്തുക, പകർത്തു പുസ്തകവും കോപ്പി റൈറ്റിങ്ങും പരിശോധിക്കുക തുടങ്ങിയ ജോലികൾ ഇപ്പോഴും നടന്നുവരുന്നുണ്ട്. അതെല്ലാം ക്ലാസ് സമയം കഴിഞ്ഞുള്ള സമയത്താണ് നടക്കുന്നത്. പിറ്റേദിവസത്തെ ക്ലാസിനുള്ള നോട്ട് തയ്യാറാക്കൽ, മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ, സ്വന്തം ഇംപ്രൂവ്മെൻറിനുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവ സ്കൂൾ- കോളേജ്  വ്യത്യാസമില്ലാതെ എല്ലായിടത്തും നടക്കുന്ന പ്രവർത്തനങ്ങളാണ്. ഇതൊന്നുമില്ലാതെ ഒരു വിദ്യാലയത്തിനും ഇക്കാലത്ത് പിടിച്ചുനിൽക്കാനാവില്ല.

കോളേജ് തലത്തിലാണെങ്കിൽ മാറിമാറി വരുന്ന  ഗ്രേഡിങ്ങിന് നിരന്തരം വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്ന വസ്തുതയും ഓർമിക്കേണ്ടതാണ്. മികച്ച അക്കാദമിക നിലവാരവും മികച്ച സൗകര്യങ്ങളും അധ്യാപന സമയവും എല്ലാം കണക്കിലെടുത്താണ് കലാലയങ്ങൾ ഗ്രേഡിങ്ങിനെ അഭിമുഖീകരിക്കാൻ തയ്യാറാവുന്നത്.

അതിൽ പ്രത്യേകിച്ച് എളുപ്പവഴി ഒന്നുമില്ല. ഇതിൽ ഉൾപ്പെടാത്ത ഒരു കൂട്ടം ആളുകൾ പൊതുസമൂഹം എന്ന രീതിയിൽ പുറത്തുനിന്ന് അവർക്കറിയാത്ത കാര്യങ്ങളെപ്പറ്റി അഭിപ്രായപ്രകടനം നടത്തുന്നത് വളരെ സാധാരണമാണ്. NIRF, NAAC  വിധേയമാകാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിലനിൽപ്പില്ല. അത്തരം പ്രവർത്തനങ്ങൾ എപ്പോഴും അധ്യാപന സമയത്തിന് അപ്പുറത്തുനിന്നുതന്നെയാണ് കാലാകാലങ്ങളായി കലാലയങ്ങൾ നടത്തിക്കൊണ്ടുപോരുന്നത്. ഏതു വിദ്യാലയത്തിലും കൃത്യം പൂർവനിശ്ചിതമായ തൊഴിൽ സമയത്തു മാത്രം വന്നു പോകുന്ന ജീവനക്കാർ കണ്ടേക്കാം. അത് വളരെ ചെറിയ സമൂഹം മാത്രമാണ് എന്ന് ഓർക്കേണ്ടതുണ്ട്. ഭൂരിപക്ഷം വരുന്ന അധ്യാപകർ അവരുടെ വ്യക്തിപരമായ സമയത്തെ കൂടി ജോലി സമയമാക്കുന്ന അവസ്ഥയിലാണ്.

അടുത്തത് ജോലിഭാരത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ്. വെറും പഠിപ്പിക്കൽ മാത്രമല്ല അധ്യാപകർ ചെയ്യുന്നത്. ഇനി വെറും പഠിപ്പിക്കൽ മാത്രമാണെങ്കിൽ പോലും അതത്ര ലഘുവായ ഒരു പണിയാണോ? അത്ര ലഘുവായ പണിയാണെങ്കിൽ എന്തിന്​ അധ്യാപകരെ എപ്പോഴും മോറൽ ഓഡിറ്റിംങ്ങിന് വിധേയമാക്കുന്നു? ഉത്തരക്കടലാസ് പരിശോധന, പരീക്ഷ നടത്തിപ്പ് ഇവയെല്ലാം ജോലിയുടെ ഭാഗം തന്നെയാണ്. രണ്ടു പ്രവർത്തിദിവസങ്ങളിൽ കേന്ദ്രീകൃത മൂല്യ നിർണയം നടത്തിയാലൊന്നും തീരാത്തത്ര ഉത്തരക്കടലാസുകളുണ്ട്‌ ഓരോ വിഷയത്തിനും. അതെല്ലാം സ്വകാര്യ സമയങ്ങളിൽ തന്നെയാണ് മൂല്യനിർണയം നടത്തുന്നത്. ഇതിനിടയിൽ പ്രൊജക്റ്റ്‌ മൂല്യനിർണയം, അസൈൻമെൻറ്​, സെമിനാർ അങ്ങനെ ബഹുവിധമായ പദ്ധതികൾ വേറെയുമുണ്ട്.

‘ഇതിനല്ലേ നിങ്ങളെയെല്ലാം നിയോഗിച്ചിരിക്കുന്നത്’ എന്ന ചോദ്യം സ്വാഭാവികം തന്നെയാണ്. ആ ചോദ്യത്തിനുത്തരമായി പറയാനുള്ളത്, ജോലി അധ്യാപനവും അനുബന്ധ പ്രവർത്തനങ്ങളുമാണെങ്കിലും പലപ്പോഴും കുമിഞ്ഞു കൂടുന്ന ക്ലറിക്കൽ ജോലി അധ്യാപനം എന്ന തൊഴിലിന്റെ രീതി തന്നെ മാറ്റിയിട്ടുണ്ട്. സർക്കാരും യൂണിവേഴ്സിറ്റിയും മറ്റ് ഏജൻസികളും അപ്പപ്പോൾ ആവശ്യപ്പെടുന്ന വിവരങ്ങൾ, ഗ്രേഡിങ് ഏജൻസികൾ ആവശ്യപ്പെടുന്ന വിവരങ്ങൾ തുടങ്ങിയവ സമയബന്ധിതമായി നൽകണം. അധ്യാപനത്തോടൊപ്പം ഇത്തരം ബാഹ്യമായ ഒരുപാട് കാര്യങ്ങൾ കൂടി ഇന്ന് ഈ ജോലി ആവശ്യപ്പെടുന്നുണ്ട്. ഈ ജോലിയുടെ മാറിയ മുഖം സമൂഹം അറിഞ്ഞില്ലെന്നു നടിക്കുന്നു.

Photo: alliance.edu.in
Photo: alliance.edu.in

മൂന്നാമത്തെ തെറ്റിദ്ധാരണ ശമ്പളത്തെ കുറിച്ചാണ്. ഭാരിച്ച ശമ്പളം വാങ്ങി പണിയെടുക്കാതെ ജീവിക്കുന്നു എന്ന കുറ്റം കൂടി അധ്യാപകർ കേൾക്കുന്നുണ്ട്. ബാങ്കിങ് മേഖലയിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും മറ്റു പല വിഭാഗം ജീവനക്കാരും ഇതേ രീതിയിലോ ഇതിലധികമോ ശമ്പളം കൈപ്പറ്റുന്നുണ്ട്. പിന്നെ അധ്യാപകർക്കെന്താണ് പ്രത്യേകത? ശമ്പളത്തിൽ നിന്നാണ് അധ്യാപകരുടെ ഗവേഷണ ആവശ്യങ്ങൾക്കും കോൺഫറൻസുകൾ, സെമിനാറുകൾ എന്നിവക്കുള്ള യാത്രാചെലവുകൾക്കും പുസ്തകങ്ങളും ആനുകാലികങ്ങളും വാങ്ങുന്നതിനും പണം കണ്ടെത്തുന്നത്​.

വിമർശകർ മിക്കപ്പോഴും കായികാധ്വാനവുമായി ബന്ധപ്പെടുത്തിയാണ് അധ്യാപനമടക്കമുള്ള സേവന മേഖലയിലെ തൊഴിൽ സ്വഭാവത്തെ താരതമ്യം ചെയ്യുന്നത്. ഇത്തരമൊരു ദ്വന്ദ നിർമാണത്തിൽ, പൊതുവിൽ ബൗദ്ധിക വ്യായാമം ഏറെയുള്ളതും നിരന്തരം ചിന്തയുടെ പുതുവഴികൾ തേടേണ്ടതുമായ അധ്യാപനജോലി ചെയ്യുന്നവർ അപഹസിക്കപ്പെടാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ കുറേ നാളുകളായി ഉണ്ടാവുന്ന അധ്യാപക വിമർശനവും, വിമർശകരും, അവർക്ക് കയ്യടിക്കുന്ന കൂട്ടവും ഈ കാലഘട്ടത്തിന്റെ ഉത്പന്നം കൂടിയാണ്. വികലമായ സാമ്പത്തിക- രാഷ്ട്രീയ നയങ്ങളാൽ തൊഴിൽസുരക്ഷ അന്യമായ ഒരു സമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ടാണ് രാഷ്ട്രീയ നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. തങ്ങൾക്ക് മെച്ചപ്പെട്ട ജോലിയോ, വേതനമോ ലഭ്യമാകാത്തത് ഒരു ജോലിയും എടുക്കാതെ സ്ഥിരമായി ശമ്പളം വാങ്ങുന്ന അധ്യാപകർ അടക്കമുള്ള ജീവനക്കാർ മൂലമാണ്​ എന്ന ധാരണ ജനങ്ങളിലേക്ക് പകരുന്നത് ജനപ്രതിനിധികൾ നടത്തുന്ന ഇത്തരം വികലമായ പ്രസ്താവനകൾ കൂടി ചേർന്നാണ്.

ജീവനക്കാർക്ക് തൊഴിൽ സുരക്ഷ, പെൻഷൻ സുരക്ഷ എന്നിവ നിഷേധിക്കുമ്പോൾ ചില കേന്ദ്രങ്ങളിൽനിന്ന് കിട്ടുന്ന പിന്തുണ ബഹുജനങ്ങളുടെ പിന്തുണയെന്നും ഇക്കൂട്ടർ ധരിക്കുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ്​, പങ്കാളിത്ത പെൻഷനെതിരെ സമരം ചെയ്ത അധ്യാപകരെ തല്ലിയൊതുക്കുമെന്നും വേണ്ടിവന്നാൽ തങ്ങൾ കോളേജുകളിലും സ്‌കൂളുകളിലും പഠിപ്പിക്കുമെന്നും ഇൻഫാം അടക്കമുള്ള കർഷക സംഘടനകൾ പ്രസംഗിച്ചതും ചിലയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഇരച്ചുകയറിയതും ഈ സമയത്ത്‌ ഓർക്കാം.

വാസ്തവത്തിൽ ഒരേ സമൂഹത്തിൽ വിവിധ തരം ഉല്പാദനപ്രക്രിയയിൽ ഏർപ്പെടുന്നവരാണ് കർഷക തൊഴിലാളികളും, വ്യാവസായിക തൊഴിലാളികളും, അധ്യാപകരും. പ്രത്യക്ഷത്തിൽ അധ്വാനരൂപത്തിൽ വ്യത്യാസമുണ്ടെങ്കിലും ഈ തൊഴിൽകൂട്ടങ്ങൾ ഒരേ സാമൂഹിക ഉല്പാദന പ്രവർത്തനത്തിലാണ് ഏർപ്പെടുന്നത്. ഒരു കൂട്ടരുടെ ശമ്പളമല്ല മറ്റൊരു വിഭാഗം തൊഴിലാളികളുടെ വേതനക്കുറവിന് കാരണം, ഒരു കൂട്ടം തൊഴിലാളികളുടെ മെച്ചപ്പെട്ട സേവനവ്യവസ്ഥയല്ല മറ്റ് വിഭാഗം തൊഴിലാളികളുടെ മോശം തൊഴിൽ സഹചര്യങ്ങൾക്കും കാരണം. മുൻപ് സൂചിപ്പിച്ച വികലമായ സാമ്പത്തിക നയങ്ങളും, മെച്ചപ്പെട്ട മിച്ചവിഭവോൽപാദനത്തിന്റെ അഭാവവുമാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണം. അതിന്റെ പ്രതിവിധി അധ്യാപക വിമർശനമല്ല, മറിച്ച് ധൈഷണികതയുള്ള രാഷ്ട്രീയ തീരുമാനമാണ്. അത്തരമൊരു നിലയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗമായ ഒരാൾ നടത്തുന്ന പ്രതിലോമകരമായ പ്രസ്താവന സ്വയം തിരിച്ചറിയാതെ അന്യവൽക്കരിക്കപ്പെട്ടത് കൊണ്ടാണ്. മറുഭാഗത്ത്, തങ്ങളെ നിരന്തരം വിമർശിക്കുന്ന ഒരു സമൂഹത്തിൽ നിരന്തരമായി ഇടപെടുക എന്നത് അധ്യാപക ജോലിയെ കൂടുതൽ ശ്രമകരമാക്കും എന്നതിന് സംശയമില്ല. 

വസ്തുതകൾ കൃത്യമായി മനസ്സിലാക്കാതെ ഗാലറികളുടെ കൈയടികൾക്കായി മാത്രം നടത്തുന്ന പ്രസ്താവനകളും അവയെ പെരുപ്പിച്ച്​ സെൻസെഷണൽ ആക്കുന്ന മാധ്യമങ്ങളും ചേർന്നുള്ള തിരക്കഥകളിൽ എല്ലാക്കാലത്തും വില്ലന്റെ റോൾ തന്നെ അധ്യാപകർക്ക്.

Comments