ഈ വർഷത്തെ KEAM (Kerala Engineering Architecture Medical - KEAM) പ്രവേശനം, സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് മുൻതൂക്കമുള്ള മുൻ ഫോർമുല പ്രകാരമായിരിക്കുമെന്ന് ഉറപ്പായി. പുതിയ ഫോർമുല പ്രകാരമുള്ള ആദ്യ റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഈ വർഷത്തെ പ്രവേശന നടപടിയിൽഇടപെടില്ലെന്നും പ്രവേശനം തടുരാമെന്നും ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേസ് നാലാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും. അതിനകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻസർക്കാരിനും ഹർജിക്കാർക്കും കോടതി നിർദേശം നൽകി. വിവിധ ബോർഡ് പരീക്ഷകളുടെ മാർക്കുകളുടെ സമീകരണം സംബന്ധിച്ച നിയമപ്രശ്‌നമായിരിക്കും കോടതി പരിശോധിക്കുക.

ആഗസ്റ്റ് 14-നകം പ്രവേശനം പൂർത്തിയാക്കേണ്ടതുകൊണ്ട് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നില്ലെന്ന് കേരളം അറിയിച്ചു. പ്രവേശന നടപടി തുടങ്ങിയ സമയത്ത് ഇടപെടുന്നത് വിദ്യാർത്ഥികളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് കോടതി പറഞ്ഞു.
സംസ്ഥാന സർക്കാർ നടപ്പാക്കിയ പുതിയ ഫോർമുല നയപരമായ തീരുമാനമായതിനാൽ ഹൈക്കോടതി വിധിയും പുനഃക്രമീകരിച്ച റാങ്ക് ലിസ്റ്റും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കേരള സിലബസ് വിദ്യാർത്ഥികൾ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. പ്രോസ്‌പെക്ടസിൽ മാറ്റം വരുത്താൻ സർക്കാറിന് അധികാരമുണ്ടെന്ന് കേരള സിലബസ് വിദ്യാർത്ഥികളും അവസാനനിമിഷം വരുത്തിയ മാറ്റം നിയമവിരുദ്ധമാണെന്ന് സി.ബി.എസ്.ഇ വിദ്യാർത്ഥികളും വാദിച്ചു.
റാങ്ക് പട്ടിക റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നതിനു പിന്നാലെ, റാങ്ക് പുനഃക്രമീകരിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഓപ്ഷൻ നൽകുന്നതിലേക്ക് അടക്കം പ്രവേശന നടപടികൾ കടന്നതോടെ ഇനി തടസ്സമില്ലാതെ അത് പൂർത്തിയാക്കാനാകും.
സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് മുൻതൂക്കമുള്ള, പുനഃക്രമീകരിച്ച റാങ്ക് ലിസ്റ്റ് അനുസരിച്ചായിരിക്കും പ്രവേശനം.

ഹൈക്കോടതി വിധിയെതുടർന്ന് മുൻ ഫോർമുല പുനഃസ്ഥാപിച്ചപ്പോൾ, ആദ്യ റാങ്ക് ലിസ്റ്റിൽ കേരള സിലബസ് വിദ്യാർത്ഥികൾ നേടിയ ഒന്നാം റാങ്കിൽ അടക്കം മാറ്റം വന്നിരുന്നു. ആദ്യ പട്ടികയിൽ അഞ്ചാം റാങ്കുകാരനായിരുന്ന സി.ബി.എസ്.ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബിനായിരുന്നു ഒന്നാം റാങ്ക്. ആദ്യ പട്ടികയിൽ ഒന്നാമതായിരുന്ന കേരള സിലബസ് വിദ്യാർത്ഥി ജോൺ ഷിനോജ് ഏഴാം റാങ്കിലേക്കു പോയി. എട്ടാം റാങ്കിലുണ്ടായിരുന്ന വിദ്യാർത്ഥി 185-ാം റാങ്കിലേക്കുപോയി.
ആദ്യ ലിസ്റ്റിൽ, ആദ്യത്തെ 100 റാങ്കിൽ 43 കേരള സിലബസ് വിദ്യാർത്ഥികളുണ്ടായിരുന്നു. ഒന്നാം റാങ്ക് അടക്കം, ആദ്യ പത്തു റാങ്കുകളിൽ അഞ്ചും നേടിയത് കേരള സിലബസ് വിദ്യാർത്ഥികളായിരുന്നു. എന്നാൽ, പുനഃക്രമീകരിച്ചപ്പോൾ കേരള സിലബസ് വിദ്യാർത്ഥികളുടെ എണ്ണം ആദ്യ 100-ൽ 21 ആയി കുറഞ്ഞു. 79 പേരും സി.ബി.എസ്.ഇക്കാരായി.
ആദ്യ 5000 റാങ്കിൽ കേരള സിലബസിൽനിന്ന് 1756 പേരും സി.ബി.എസ്.ഇയിൽനിന്ന് 2960 പേരുമാണ് ഇടംപിടിച്ചത്. എന്നാൽ, ആദ്യ ലിസ്റ്റിൽ ആദ്യ 5000 റാങ്കിൽ കേരള സിലബസുകാർക്കായിരുന്നു മുൻതൂക്കം, 2539 പേർ. 2220 സി.ബി.എസ്.ഇക്കാരും.
തമിഴ്‌നാട് മാതൃകയിലുളള മാർക്ക് ഏകീകരണമായിരുന്നു പുതിയ ഫോർമുലയിലുണ്ടായിരുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ ലഭിച്ച സ്‌കോറുകൾ അടിസ്ഥാനമാക്കിയാണ് റാങ്ക് നിർണയം. എല്ലാ സ്ട്രീമുകളെയും ഒരേ സ്‌കെയിലിലേക്ക് കൊണ്ടുവന്നാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ‘കീം’ സമീകരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് എൻട്രൻസ് കമീഷണർ പുതിയ ഫോർമുല കൊണ്ടുവന്നത്. വിവിധ പരീക്ഷാ ബോർഡുകളുടെ വ്യത്യസ്തമായ പരമാവധി മാർക്കുകൾ നൂറിലേക്ക് മാറ്റുന്ന രീതി. അതായത്, ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളുടെ മാർക്ക്, ഔട്ട് ഓഫ് 100 എന്ന സ്‌കെയിലിലേക്ക് കൊണ്ടുവരും. കേരള സിലബസ്, സി.ബി.എസ്.ഇ അടക്കം ഏത് സ്ട്രീമിൽ പരീക്ഷയെഴുതിയാലും സ്കോറുകളെല്ലാം ഒരേ സ്‌കെയിലിലാകും.
റാങ്ക് നിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ അവസാന നിമിഷം വരുത്തിയ മാറ്റം നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി.കെ. സിങിന്റെ ഹൈക്കോടതി ബെഞ്ച് പരീക്ഷാഫലം റദ്ദാക്കിയത്. ജൂലൈ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ്, പുതിയ ഫോർമുല ഉൾപ്പെടുത്തി പ്രോസ്‌പെക്ടസിൽ മാറ്റം വരുത്തിയത്. ഇത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ചും ഇത് ശരിവച്ചു.

കേരള സിലബസ് വിദ്യാർത്ഥികൾക്ക് സി.ബി.എസ്.ഇ വിദ്യാർത്ഥികളുമായി തുല്യത ഉറപ്പു വരുത്തുന്നതിനാണ് ഫോർമുലയിൽ മാറ്റം വരുത്തിയതെന്ന് സർക്കാർ കോടതിയിൽ വാദിച്ചെങ്കിലും പ്രോസ്പെക്ടസ് മാറ്റത്തിനും തിടുക്കത്തിലുള്ള നടപടികൾക്കും കൃത്യമായ വിശദീകരണം നൽകാനായില്ല.
സർക്കാറിന്റെ കടുത്ത അനാസ്ഥയാണ്, കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായ ഈ വർഷത്തെ റാങ്ക് ലിസ്റ്റിലേക്ക് നയിച്ചത്. പുതിയ ഫോർമുല പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തി, അതിൽ മാറ്റം വരുത്താനുള്ള സമയം നൽകിവേണം റിസൾട്ട് പ്രഖ്യാപിക്കാൻ എന്ന് ഈ വിഷയവുമായി ബന്ധപ്പെട്ടവർ നേരത്തെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ, തുടക്കം മുതൽ മെല്ലെപ്പോക്കിലായിരുന്നു ഉദ്യോഗസ്ഥ സംവിധാനം.
'കീം' മാർക്ക് സമീകരണത്തിൽ അടുത്ത വർഷം പുതിയ ഫോർമുല നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.
