ബന്ദിയാക്കപ്പെട്ട
ഫെഡറലിസം:
PM SHRI-യുടെ
ടെക്നോ- ഫിനാൻഷ്യൽ
കുരുക്ക്

‘‘ഇന്ത്യൻ ഫെഡറലിസത്തെ നിശ്ശബ്ദമായി കഴുത്തുഞെരിക്കുന്ന ഒരു യഥാർത്ഥ 'ടെക്നോ-ഫിനാൻഷ്യൽ കെണി നിലവിലുണ്ട്. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് പിഎം- ശ്രീ പദ്ധതിയിൽ ഒപ്പിടാൻ കേരളം നിർബന്ധിതമായ സാഹചര്യം’’- അനിവർ അരവിന്ദ്, അരുൺകുമാർ പി.കെ എന്നിവർ എഴുതുന്നു.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഞെരുക്കലിനെതിരെ കേരളവും തമിഴ്‌നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കുന്ന നിർണ്ണായക രാഷ്ട്രീയ സന്ദർഭത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ ഈ പരസ്യമായ നിയമപോരാട്ടങ്ങൾക്കപ്പറം, ഇന്ത്യൻ ഫെഡറലിസത്തെ നിശ്ശബ്ദമായി കഴുത്തുഞെരിക്കുന്ന ഒരു യഥാർത്ഥ 'ടെക്നോ-ഫിനാൻഷ്യൽ കെണി നിലവിലുണ്ട്. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് പിഎം- ശ്രീ പദ്ധതിയിൽ ഒപ്പിടാൻ കേരളം നിർബന്ധിതമായ സാഹചര്യം.

കേരളം പിഎം- ശ്രീ (PM-SHRI) പദ്ധതിയിൽ ഒപ്പിട്ടതിനെക്കുറിച്ചുള്ള ചർച്ചകളും വാഗ്വാദങ്ങളുമെല്ലാം കേവലം ഉപരിപ്ലവമായ കോലാഹലങ്ങൾ മാത്രമാണ്. സി പി എം രാഷ്ട്രീയമായി നിലപാട് മാറ്റിയോ, കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയോ തുടങ്ങിയ തെരഞ്ഞെടുപ്പ് രാഷ്ട്രീയചോദ്യങ്ങൾക്കുപകരം, അങ്ങനെയൊരു നിലപാട് മാറ്റം (ഉണ്ടെങ്കിൽത്തന്നെ) അനിവാര്യമാക്കിയ ഒരു പുതിയ സാങ്കേതിക-ഭരണനിർവ്വഹണ (Techno- Governance) സംവിധാനത്തെക്കുറിച്ചാണ് നാം ചോദ്യങ്ങൾ ഉന്നയിക്കേണ്ടത്. ഈ സംവിധാനം ഇന്ത്യൻ ഫെഡറലിസത്തിന്റെ സാമ്പത്തിക അടിത്തറയെത്തന്നെ പുനർനിർമ്മിക്കുകയും സംസ്ഥാനങ്ങളെ ഒരു 'സാമ്പത്തിക പാനോപ്റ്റിക്കോണിന് കീഴിലാക്കുകയും ചെയ്യുന്നതാണ്.

സി പി എം രാഷ്ട്രീയമായി നിലപാട് മാറ്റിയോ, കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയോ തുടങ്ങിയ തെരഞ്ഞെടുപ്പ് രാഷ്ട്രീയചോദ്യങ്ങൾക്കുപകരം, അങ്ങനെയൊരു നിലപാട് മാറ്റം (ഉണ്ടെങ്കിൽത്തന്നെ) അനിവാര്യമാക്കിയ ഒരു പുതിയ സാങ്കേതിക-ഭരണനിർവ്വഹണ (Techno- Governance) സംവിധാനത്തെക്കുറിച്ചാണ് നാം ചോദ്യങ്ങൾ ഉന്നയിക്കേണ്ടത്.
സി പി എം രാഷ്ട്രീയമായി നിലപാട് മാറ്റിയോ, കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയോ തുടങ്ങിയ തെരഞ്ഞെടുപ്പ് രാഷ്ട്രീയചോദ്യങ്ങൾക്കുപകരം, അങ്ങനെയൊരു നിലപാട് മാറ്റം (ഉണ്ടെങ്കിൽത്തന്നെ) അനിവാര്യമാക്കിയ ഒരു പുതിയ സാങ്കേതിക-ഭരണനിർവ്വഹണ (Techno- Governance) സംവിധാനത്തെക്കുറിച്ചാണ് നാം ചോദ്യങ്ങൾ ഉന്നയിക്കേണ്ടത്.

കേരള സർക്കാർ ഒടുവിൽ പിഎം- ശ്രീ ധാരണാപത്രത്തിൽ ഒപ്പവെച്ച സംഭവം, കേവലം രാഷ്ട്രീയ തർക്കത്തിന്റെയോ നയപരമായ പരാജയത്തിന്റെയോ തലത്തിൽ മാത്രം ചർച്ച ചെയ്യുമ്പോൾ, ആഴത്തിലുള്ള ഒരു വ്യവസ്ഥാപരമായ പരിവർത്തനത്തെയാണ് (Systemic Transformation) നാം കാണാതെ പോകുന്നത്. സമഗ്ര ശിക്ഷാ അഭിയാൻ (SSA) പദ്ധതിക്ക് നൽകേണ്ടിയിരുന്ന ആയിരക്കണക്കിന് കോടി രൂപ, ഒരു പ്രത്യേക ഉത്തരവിന്റെ പിൻബലമില്ലാതെ, ഒരു 'സാങ്കേതിക തടസ്സം' എന്ന നിലയിൽ മാത്രം അവതരിപ്പിച്ച് തടയാൻ കേന്ദ്ര സർക്കാരിനെ പ്രാപ്തമാക്കിയത് എന്താണ്?

ഇതിന്റെ ഉത്തരം, 2021-ൽ 'സുതാര്യത', 'കാര്യക്ഷമത' തുടങ്ങിയ ലേബലുകളിൽ കേന്ദ്രം നിശ്ശബ്ദമായി നടപ്പിലാക്കിയ ഒരു പുതിയ 'സാമ്പത്തിക- സാങ്കേതിക ചട്ടക്കൂടിലാണ്' (Techno-Financial Infrastructure) ഒളിഞ്ഞിരിക്കുന്നത്. ഇത് കേവലം നയപരമായ മാറ്റമല്ല, മറിച്ച് ഇന്ത്യൻ ഭരണകൂട ഘടനയുടെ അടിസ്ഥാനപരമായ പുനർനിർമ്മാണമാണ്. ഈ സംവിധാനം അട്ടിമറിച്ചത് ഫെഡറൽ രാഷ്ട്രീയത്തിന്റെ ഉപരിഘടനയെ (Superstructure) അല്ല, മറിച്ച് കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ അടിത്തറയെ (Economic Base) തന്നെയാണ്.

കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഒരു രാഷ്ട്രീയ വെല്ലുവിളിയായി തിരിച്ചറിയപ്പെടാതിരിക്കാൻ, അവയെ കേവലം 'ഭരണനിർവ്വഹണ നിർദ്ദേശങ്ങൾ' (Administrative Directives) മാത്രമായി അവതരിപ്പിക്കാൻ കേന്ദ്രത്തിനായി. ഈ മാറ്റത്തിന്റെ ദൂരവ്യാപക രാഷ്ട്രീയ പ്രത്യാഘാതങ്ങളാണ് ചർച്ച ചെയ്യേണ്ടത്.

'സഹകരണ' ഫെഡറലിസവും
'പൊതുബോധ' നിർമ്മിതിയും

'സഹകരണ ഫെഡറലിസം' എന്ന് വിളിക്കപ്പെടുന്ന പഴയ വ്യവസ്ഥയിൽ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ (CSS) ഫണ്ടുകൾ സംസ്ഥാനങ്ങൾക്ക് അഡ്വാൻസായി നൽകിയിരുന്നു. ഇത് സംസ്ഥാനങ്ങൾക്ക് രണ്ട് നിർണ്ണായകമായ അധികാരങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, സ്വന്തം മുൻഗണനകൾക്കനുസരിച്ച് പണം കൈകാര്യം ചെയ്യാനുള്ള സാമ്പത്തിക സ്വയംഭരണം (Financial Autonomy). രണ്ട്, ആ പണം ട്രഷറിയിൽ സൂക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന 'ഫ്ലോട്ട് ഫണ്ട്' (Float Fund). ഇത് സംസ്ഥാനങ്ങൾക്ക് സ്വന്തമായ ഒരു സാമ്പത്തിക ഇടം (financial breathing space) നൽകിയിരുന്നു. അന്ന് സംസ്ഥാനങ്ങൾ കേവലം നടത്തിപ്പ് ഏജൻസികൾ ആയിരുന്നില്ല, മറിച്ച് വിലപേശൽ ശേഷിയുള്ള (Bargaining Power) ഭരണഘടനാപരമായ പങ്കാളികളായിരുന്നു.

എന്നാൽ 2021-ൽ, പലപ്പോഴും Big4 കൺസൾട്ടിംഗ് സ്ഥാപനങ്ങളുടെ സഹായത്തോടെ രൂപകൽപ്പന ചെയ്യുകയും, ധാരണാപത്രങ്ങളിലൂടെ (MoU) നടപ്പിലാക്കുകയും ചെയ്യുന്ന SNA (സിംഗിൾ നോഡൽ ഏജൻസി) മോഡൽ കേന്ദ്രം നടപ്പിലാക്കി. കേന്ദ്രത്തിന്റെ ഔദ്യോഗികവാദം ഇതാണ്: സംസ്ഥാനങ്ങൾ ഫണ്ടുകൾ വകമാറ്റുന്നു ('ഫണ്ട് പാർക്കിംഗ്'), ഇത് പദ്ധതികളെ വൈകിപ്പിക്കുന്നു. പുതിയ SNA സംവിധാനം സുതാര്യത ഉറപ്പാക്കുകയും, പണം നേരിട്ട് ഗുണഭോക്താവിലേക്ക് എത്തുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇവിടെയാണ് അന്റോണിയോ ഗ്രാംഷിയുടെ 'സാംസ്കാരിക ആധിപത്യം' (Cultural Hegemony) പ്രസക്തമാകുന്നത്. കേന്ദ്രം തങ്ങളുടെ താൽപ്പര്യങ്ങളെ 'സുതാര്യത', 'കാര്യക്ഷമത' തുടങ്ങിയ ടെക്നോ- ഭരണനിർവ്വഹണ പദാവലികളുടെ മറവിൽ, സമൂഹത്തിന്റെ 'പൊതുബോധം' ആക്കി മാറ്റുകയും, ഈ 'പൊതുബോധ' നിർമ്മിതിയിലൂടെ, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തെ കവർന്നെടുക്കുന്ന ഒരു രാഷ്ട്രീയ പദ്ധതിയെ, കേവലം നിഷ്പക്ഷമായ 'സാങ്കേതിക പരിഷ്കാരമായി' അവതരിപ്പിക്കുകയും ചെയ്തു.

2021-ൽ, പലപ്പോഴും Big4 കൺസൾട്ടിംഗ് സ്ഥാപനങ്ങളുടെ സഹായത്തോടെ രൂപകൽപ്പന ചെയ്യുകയും, ധാരണാപത്രങ്ങളിലൂടെ (MoU) നടപ്പിലാക്കുകയും ചെയ്യുന്ന SNA (സിംഗിൾ നോഡൽ ഏജൻസി) മോഡൽ കേന്ദ്രം നടപ്പിലാക്കി.
2021-ൽ, പലപ്പോഴും Big4 കൺസൾട്ടിംഗ് സ്ഥാപനങ്ങളുടെ സഹായത്തോടെ രൂപകൽപ്പന ചെയ്യുകയും, ധാരണാപത്രങ്ങളിലൂടെ (MoU) നടപ്പിലാക്കുകയും ചെയ്യുന്ന SNA (സിംഗിൾ നോഡൽ ഏജൻസി) മോഡൽ കേന്ദ്രം നടപ്പിലാക്കി.

കേന്ദ്രത്തിന്റെ സാങ്കേതിക- ഭരണകൂട തന്ത്രം
(Techno- Governance Strategy)

ഈ സാങ്കേതിക അട്ടിമറിക്ക് മുന്നിൽ സംസ്ഥാനങ്ങൾക്ക് അതിവേഗം വഴങ്ങേണ്ടിവന്നത് എന്തുകൊണ്ടെന്ന ചോദ്യം നമ്മെ എത്തിക്കുന്നത് കേന്ദ്ര സർക്കാരിന്റെ ആസൂത്രിതമായ നീക്കങ്ങളിലേക്കാണ്. അർത്ഥവത്തായ സ്ഥാപനപരമായ വിലപേശലിനുള്ള (institutional Negotiation) എല്ലാ സാധ്യതകളെയും കേന്ദ്രം തന്ത്രപരമായി ഇല്ലാതാക്കി എന്നതാണ് ഇവിടെ പ്രധാനം

കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഒരു രാഷ്ട്രീയ വെല്ലുവിളിയായി തിരിച്ചറിയപ്പെടാതിരിക്കാൻ, അവയെ കേവലം 'ഭരണനിർവ്വഹണ നിർദ്ദേശങ്ങൾ' (Administrative Directives) മാത്രമായി അവതരിപ്പിക്കാൻ കേന്ദ്രത്തിനായി. ഈ മാറ്റത്തിന്റെ ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ചർച്ചചെയ്യുന്നതിന് പകരം, 'ഇതെങ്ങനെ ഏറ്റവും വേഗത്തിൽ നടപ്പിലാക്കാം?' എന്ന മാനേജീരിയൽ ചോദ്യത്തിലേക്ക് (Managerial Question) സംസ്ഥാനങ്ങളെ തള്ളിവിടുന്നതിൽ കേന്ദ്രം വിജയിച്ചു.

ഇത് കേന്ദ്രം സൃഷ്ടിച്ച ഒരു 'കെണി’യായിരുന്നു. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ബദൽ സാങ്കേതിക മാർഗ്ഗങ്ങൾ (ഉദാഹരണത്തിന് 'മിഡിൽവെയർ' സംവിധാനങ്ങൾ) അസാധ്യമാക്കുന്ന തരത്തിലാണ് കേന്ദ്രത്തിന്റെ PFMS ചട്ടക്കൂട് തന്നെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് സംസ്ഥാനങ്ങൾക്ക് മൂന്നിൽ വിധേയത്വത്തിന്റെ പാത (Path of Least Resistance) അല്ലാതെ മറ്റൊരു മാർഗ്ഗവും അവശേഷിപ്പിച്ചില്ല.

ഈ സാഹചര്യത്തിൽ, സംസ്ഥാനത്തിന്റെ രാഷ്ട്രീയ നേതൃത്വം ഒരു 'ഹ്രസ്വകാല പ്രായോഗികതയ്ക്ക്' (short- term pragmatism) നിർബന്ധിതരാവുകയായിരുന്നു. ഒരു വശത്ത് SSA ഫണ്ടുകൾ പോലുള്ള അടിയന്തര ആവശ്യങ്ങൾ, മറുവശത്ത് ദീർഘകാല സാമ്പത്തിക പരമാധികാരത്തിന്റെ (Financial Sovereignty) ചോദ്യം. ഫണ്ടുകൾ തടഞ്ഞുവെച്ചുകൊണ്ട് സംസ്ഥാനങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യുന്ന (coercive bargaining) കേന്ദ്രത്തിന്റെ ഈ തന്ത്രം, സംസ്ഥാനങ്ങളെ ഈ വിട്ടുവീഴ്ചയ്ക്ക് നിർബന്ധിതരാക്കുകയും ചെയ്തു.

അങ്ങനെ സംസ്ഥാന ബ്യൂറോക്രസിയെ കേവലം ഉത്തരവുകൾ നടപ്പിലാക്കുന്നവരാക്കി മാറ്റുകയും, ഏത് ഭരണഘടനാവിരുദ്ധമായ അട്ടിമറിയും ഒരു 'സിസ്റ്റം അപ്ഗ്രേഡ്’ മാത്രമായി അവതരിപ്പിച്ച് നടപ്പിലാക്കാനും സാധിക്കുന്ന ഒരു 'ടെക്നോ-ഫിനാൻഷ്യൽ' ഏകാധിപത്യ സംവിധാനം കേന്ദ്ര സർക്കാരിന്റെ നയരൂപീകരണ പങ്കാളികൾ കൂടിയായ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കൊപ്പം ചേർന്ന് പടുത്തുയർത്തുന്നതിൽ കേന്ദ്ര സർക്കാർ വിജയിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന ഓരോ പുതിയ പദ്ധതിയും, അത് ആരോഗ്യമായാലും വിദ്യാഭ്യാസമായാലും കൃഷിയായാലും, കേവലം ഒരു ക്ഷേമപദ്ധതി എന്നതിലുപരി, കേന്ദ്രീകൃത മെയിൻഫ്രെയിമിലേക്ക് ഡാറ്റ നൽകുന്ന ഓരോ 'സബ്-നോഡ' (Data Sub-node) ആയാണ് ഇന്ന് രൂപകൽപ്പന ചെയ്യപ്പെടുന്നത്

സാമ്പത്തിക പാനോപ്റ്റിക്കോണിൽ നിന്ന്
സൈബർനെറ്റിക് ഭരണത്തിലേക്ക്

ഈ പുതിയ സാമ്പത്തിക- സാങ്കേതിക ചട്ടക്കൂടിന്റെ കാതൽ, സംസ്ഥാനങ്ങളുടെ ട്രഷറി സോഫ്റ്റ്‌വെയറായ IFMS (ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്റ് സിസ്റ്റം)-നെ കേന്ദ്രത്തിന്റെ മാസ്റ്റർ കൺട്രോൾ സോഫ്റ്റ്‌വെയറായ PFMS (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെൻ്റ് സിസ്റ്റം)-മായി നിർബന്ധിതമായി സംയോജിപ്പിച്ചു (Integrate) എന്നതാണ്.

ഇവിടെ മിഷേൽ ഫൂക്കോയുടെ 'പാനോപ്റ്റിക്കോൺ' സിദ്ധാന്തത്തിന്റെ സാമ്യം കാണാമെങ്കിലും, ഈ സംവിധാനം കേവലം നിരീക്ഷിക്കുക മാത്രമല്ല, ശിക്ഷ നടപ്പാക്കുക കൂടി ചെയ്യുന്ന ഒരു സൈബർനെറ്റിക് ഭരണനിർവ്വഹണ (Cybernetic Governance) മാതൃകയാണ്. സൈബർനെറ്റിക്സ് എന്നത് ഫീഡ്ബാക്ക് ലൂപ്പുകളിലൂടെ സ്വയം നിയന്ത്രിക്കുന്ന സിസ്റ്റങ്ങളെക്കുറിച്ചുള്ള പഠനമാണ്. PFMS-IFMS സംയോജനം ഒരു സ്വയം-നിയന്ത്രിത ശിക്ഷാ സംവിധാനമായി (self-regulating punishment system) പ്രവർത്തിക്കുന്നു. ഇതിനാവശ്യമായ തീരുമാനങ്ങളെടുക്കുന്ന ഘടകങ്ങൾ (decision factors) വരുന്നത് സംസ്ഥാനങ്ങൾ ഒപ്പിടാൻ നിർബന്ധിതരാകുന്ന ധാരണാപത്രങ്ങളിൽ (MoU) നിന്നും കേന്ദ്രം നിശ്ചയിക്കുന്ന മറ്റു നിബന്ധനകളിൽ നിന്നുമാണ്.

പിഎം- ശ്രീ തർക്കം ഈ അച്ചടക്ക സാങ്കേതികവിദ്യയുടെ (Disciplinary Technology) ഏറ്റവും മികച്ച ഉദാഹരണമാണ്. കേരളം SSA ശമ്പളത്തിനായി അഭ്യർത്ഥന (Claim) അയക്കുമ്പോൾ, കേന്ദ്രത്തിന്റെ PFMS സോഫ്റ്റ്‌വെയർ ഉടൻ പരിശോധിക്കുന്നത് ധാരണാപത്രത്തിലെ നിയമപരമായ നിബന്ധനകളെ അടിസ്ഥാനമാക്കിയുള്ള ഒരു മെട്രിക് ആണ്: ഈ സംസ്ഥാനം PM- SHRI എന്ന നിബന്ധന (Compliance) പാലിച്ചിട്ടുണ്ടോ? ഉത്തരം 'ഇല്ല' എന്നായതിനാൽ, ഒരു രാഷ്ട്രീയ ഉത്തരവോ വിശദീകരണമോ ഇല്ലാതെ, ആ അഭ്യർത്ഥന സാങ്കേതികമായി നിരസിക്കപ്പെടുന്നു. ശിക്ഷ (ഫണ്ട് തടയൽ) തൽക്ഷണം നടപ്പാക്കപ്പെടുന്നു. ഇത് നിരീക്ഷണവും ശിക്ഷയും ഒന്നിച്ചുചേർന്ന ഒരു ഓട്ടോമേറ്റഡ് സംവിധാനമാണ്. ഫൂക്കോയുടെ 'അധികാര-അറിവ്' (Power-Knowledge) എന്ന സങ്കൽപ്പം ഇവിടെ 'അധികാര-അൽഗോരിതം' (Power-Algorithm) ആയി പരിണമിച്ചിരിക്കുന്നു.

അതായത് ഒരു 'സാമ്പത്തിക പാനോപ്റ്റിക്കോകോണി’ൽ സംസ്ഥാനത്തിന്റെ ട്രഷറിയിൽ നടക്കുന്ന ഓരോ ഇടപാടും, ചെലവഴിക്കപ്പെടുന്ന ഓരോ രൂപയും, കേന്ദ്രത്തിലെ അദൃശ്യനായ നിരീക്ഷകന് (PFMS) തത്സമയം കാണാൻ സാധിക്കുന്നു. ഈ പ്രക്രിയ നെറ്റ്‌വർക്ക് സൊസൈറ്റി സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ, അധികാരത്തിന്റെ ശൃഖലാകേന്ദ്രീകരണം (Network Centralization) സാധ്യമാക്കുന്നു. സംസ്ഥാനങ്ങൾക്കിടയിലെ വിഭവ വിതരണത്തിന്റെ നെറ്റ്‌വർക്കിന്റെ 'സിസ്റ്റം അഡ്മിനിസ്ട്രേറ്റർ' സ്ഥാനം കേന്ദ്രം ഏറ്റെടുക്കുന്നതിലൂടെ, ഡിജിറ്റൽ ക്യാപിറ്റലിസത്തിന്റെ മാതൃകയിൽ, ഡാറ്റയെയും സാമ്പത്തിക വിവരങ്ങളെയും പൂർണ്ണമായി 'ഡാറ്റാ നോഡുകൾ' മാത്രമായി ചുരുക്കുകയും, അവരുടെ സാമ്പത്തിക പരമാധികാരം അപ്രസക്തമാക്കുകയും ചെയ്യുന്നു

പുതിയ സാമ്പത്തിക- സാങ്കേതിക ചട്ടക്കൂടിന്റെ കാതൽ, സംസ്ഥാനങ്ങളുടെ ട്രഷറി സോഫ്റ്റ്‌വെയറായ IFMS (ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്റ് സിസ്റ്റം)-നെ കേന്ദ്രത്തിന്റെ മാസ്റ്റർ കൺട്രോൾ സോഫ്റ്റ്‌വെയറായ PFMS (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെൻ്റ് സിസ്റ്റം)-മായി നിർബന്ധിതമായി സംയോജിപ്പിച്ചു (Integrate) എന്നതാണ്.
പുതിയ സാമ്പത്തിക- സാങ്കേതിക ചട്ടക്കൂടിന്റെ കാതൽ, സംസ്ഥാനങ്ങളുടെ ട്രഷറി സോഫ്റ്റ്‌വെയറായ IFMS (ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്റ് സിസ്റ്റം)-നെ കേന്ദ്രത്തിന്റെ മാസ്റ്റർ കൺട്രോൾ സോഫ്റ്റ്‌വെയറായ PFMS (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെൻ്റ് സിസ്റ്റം)-മായി നിർബന്ധിതമായി സംയോജിപ്പിച്ചു (Integrate) എന്നതാണ്.

ഡാറ്റാ രജിസ്ട്രികളും കേന്ദ്രീകൃത ടെക്നോ- ബ്യൂറോക്രസിയും

ഈ പുതിയ സാമ്പത്തിക- സാങ്കേതിക ചട്ടക്കൂട് (PFMS-SNA) ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല. മറിച്ച്, ഇന്ത്യൻ ഭരണകൂട സംവിധാനത്തെയാകെ ഒരു കേന്ദ്രീകൃത 'ടെക്നോ-ബ്യൂറോക്രസി' ആക്കി മാറ്റുന്ന ബൃഹത്തായ ഒരു പദ്ധതിയുടെ ഭാഗമാണിത്. ഇവിടെ 'ഭരണം എന്നാൽ നിയന്ത്രണവും, നിയന്ത്രണം എന്നാൽ അളക്കലുമാണ്' (Governance as Control, Control as Metrics) എന്ന പുതിയ തത്വമാണ് പ്രയോഗിക്കപ്പെടുന്നത്.

കേന്ദ്ര സർക്കാർ ആവിഷ്കരിക്കുന്ന ഓരോ പുതിയ പദ്ധതിയും, അത് ആരോഗ്യമായാലും വിദ്യാഭ്യാസമായാലും കൃഷിയായാലും, കേവലം ഒരു ക്ഷേമപദ്ധതി എന്നതിലുപരി, കേന്ദ്രീകൃത മെയിൻഫ്രെയിമിലേക്ക് ഡാറ്റ നൽകുന്ന ഓരോ 'സബ്-നോഡ' (Data Sub-node) ആയാണ് ഇന്ന് രൂപകൽപ്പന ചെയ്യപ്പെടുന്നത്. ഉദാഹരണത്തിന്, ദേശീയ ആരോഗ്യ ദൗത്യം (NHM) ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനുമായി (ABDM) ബന്ധിപ്പിക്കപ്പെടുമ്പോൾ, അത് രാജ്യത്തെ ഓരോ പൗരന്റെയും ആരോഗ്യവിവരങ്ങൾ അടങ്ങിയ ഒരു ഭീമൻ ഡാറ്റാ രജിസ്ട്രിയായി മാറുന്നു. അഗ്രിസ്റ്റാക്ക് (Agristack) പദ്ധതി, രാജ്യത്തെ ഓരോ കർഷകനെയും അവരുടെ ഭൂമിയെയും ആധാറുമായി ബന്ധിപ്പിച്ച് ഒരു കാർഷിക ഡാറ്റാബേസ് സൃഷ്ടിക്കുന്നു. പുതിയ വിദ്യാഭ്യാസ നയം (NEP), 'അപാർ (APAAR) ഐഡി പോലുള്ള സംവിധാനങ്ങളിലൂടെ, ഓരോ വിദ്യാർത്ഥറിയുടെയും അക്കാദമിക പുരോഗതി ട്രാക്ക് ചെയ്യുന്ന ഒരു ദേശീയ വിദ്യാഭ്യാസ രജിസ്ട്രിക്ക് രൂപം നൽകുന്നു.

ഈ കേന്ദ്രീകൃത ടെക്നോ- ബ്യൂറോക്രസി പ്രവർത്തിക്കുന്നത് പലപ്പോഴും, Big4 കൺസൾട്ടിംഗ് സ്ഥാപനങ്ങൾ നൽകുന്ന തന്ത്രപരമായ രൂപരേഖ (Strategic Framework) അനുസരിച്ചാണ്. നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (NIC) ഇതിന് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നു. ഇവർ സംയുക്തമായി നിർമ്മിക്കുന്ന നിർബന്ധിത ഡാറ്റാ രജിസ്ട്രികളിലൂടെ സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ ബൃഹത്തായ ഡാറ്റാ ശേഖരണ യജ്ഞത്തിലെ വെറും 'ഡാറ്റാ എൻടി ഓപ്പറേറ്റർമാർ' മാത്രമായി തരംതാഴ്ത്ത പ്പെടുന്നു. MC നിർമ്മിക്കുന്ന ഓരോ സോഫ്റ്റ്‌വെയർ ആർക്കിടെക്‌ചറും, ഡാറ്റ സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രത്തിലേക്ക് മാത്രം ഒഴുകുന്ന (Unidirectional Flow) ഒരു ഡിജിറ്റൽ ചങ്ങലയായി മാറുന്നു.

പുതിയ 'ടെക്നോ- ഫിനാൻഷ്യൽ ആധിപത്യം നേരിട്ട് ആക്രമിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ഫിസ്കൽ ഫെഡറലിസം എന്ന ആശയത്തെയാണ്. എന്നാൽ, ഈ ആക്രമണത്തിന്റെ ആയുധം പണമല്ല, മറിച്ച് ഡാറ്റയും, ആ ഡാറ്റയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്ന മെട്രിക്സുകളുമാണ്.

ഫിസ്ക്കൽ ഫെഡറലിസത്തിൽ നിന്ന്
ഡാറ്റാ ഫെഡറലിസത്തിലേക്ക്

വരുമാനത്തിലും ചെലവഴിക്കലിലുമുള്ള നിയന്ത്രണം വഴി, ഇന്ത്യൻ ഫെഡറലിസത്തിന്റെ സാമ്പത്തിക അടിത്തറ കേന്ദ്രത്തിന് പൂർണ്ണമായും കീഴ്പ്പെടുത്താൻ കഴിയുകയും, ജി എസ് ടിയും (വരുമാനം) PFMS/SNA സംവിധാനവും (ചെലവ്) ഈ സാങ്കേതികവിദ്യകൾ ഒരു ടെക്നോളജിക്കൽ യൂണിറ്ററി സ്റ്റേറ്റ് (Technological-Unitary State) നിർമ്മിക്കുന്നതിനുള്ള രാഷ്ട്രീയ-സാങ്കേതിക ആയുധങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നു.

പിഎം- ശ്രീയെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ, യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സാമ്പത്തിക-സാങ്കേതിക അട്ടിമറിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള 'പുകമറ' (Smokescreen) മാത്രമാണ്. ഈ പുതിയ 'ടെക്നോ- ഫിനാൻഷ്യൽ ആധിപത്യം നേരിട്ട് ആക്രമിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ഫിസ്കൽ ഫെഡറലിസം (Fiscal Federalism) എന്ന ആശയത്തെയാണ്. എന്നാൽ, ഈ ആക്രമണത്തിന്റെ ആയുധം പണമല്ല, മറിച്ച് ഡാറ്റയും, ആ ഡാറ്റയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്ന മെട്രിക്സുകളുമാണ്.

ഇവിടെയാണ് 'ആരാണ് മെട്രിക്സുകൾ നിർമ്മിക്കുന്നത്?', 'തീരുമാനങ്ങളെടുക്കുന്നതിനുള്ള ഘടകങ്ങൾ എവിടെ നിന്ന് വരുന്നു?" എന്നീ ചോദ്യങ്ങൾ പ്രസക്തമാകുന്നത്. ഒരു ടെക്നോ-ബ്യൂറോക്രാറ്റിക് സമൂഹം (Techno-Bureaucratic Complex) നിർമ്മിക്കുന്ന ഈ മെട്രിക്സുകൾ ചോദ്യം ചെയ്യപ്പെടാതെ പോകുമ്പോൾ, ഫെഡറൽ തർക്കങ്ങൾ അപ്രസക്തമാവുകയാണ്. അതുകൊണ്ട്, ഫിസ്കൽ ഫെഡറലിസത്തെക്കുറിച്ചുള്ള ഏത് ചർച്ചയും ഇന്ന് അനിവാര്യമായും ഡാറ്റാ ഫെഡറലിസത്തെക്കുറിച്ചുള്ള (Data Federalism) ചർച്ചയായി മാറേണ്ടിയിരിക്കുന്നു.

പിഎം- ശ്രീയെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ, യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സാമ്പത്തിക-സാങ്കേതിക അട്ടിമറിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള 'പുകമറ' മാത്രമാണ്.
പിഎം- ശ്രീയെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ, യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ സാമ്പത്തിക-സാങ്കേതിക അട്ടിമറിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള 'പുകമറ' മാത്രമാണ്.

ലോറൻസ് ലെസിഗ് പറഞ്ഞതുപോലെ, 'കോഡ് നിയമമാണ്" (Code is Law) എങ്കിൽ, ഭരണഘടന എന്ന പഴയ 'കോഡിനെ മറികടക്കാൻ, അതിനേക്കാൾ വേഗതയും കാര്യക്ഷമതയുമുള്ള ഒരു പുതിയ 'ടെക്നോളജി കോഡ് (PFMS) കേന്ദ്രം നിർമ്മിച്ചിരിക്കുന്നു. ഈ പുതിയ 'ടെക്നോ-ഫിനാൻഷ്യൽ' ആധിപത്യത്തെ (Hegemony) തിരിച്ചറിയാതെ, പഴയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് ഫെഡറലിസത്തിന് വേണ്ടി വാദിക്കുന്നത് അർത്ഥശൂന്യമാണ്. പോരാട്ടം ഇനി നയങ്ങളെക്കുറിച്ച് മാത്രമല്ല, മറിച്ച് ഈ പുതിയ അധികാര ഘടനയെക്കുറിച്ച് കൂടിയാവണം. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 'സിസ്റ്റം അഡ്മിനിസ്ട്രേറ്റർ' ആരായിരിക്കണം എന്ന ചോദ്യമാണ് വരും കാലം നേരിടാൻ പോകുന്നത്. ആത്യന്തികമായി, ഈ പോരാട്ടം സാങ്കേതികവിദ്യയ്ക്ക് എതിരെയല്ല, മറിച്ച് സാങ്കേതികവിദ്യയെ ഉപയോഗിച്ച് അധികാരം അനിയന്ത്രിതമായി കേന്ദ്രീകരിക്കുന്ന ഭരണകൂട യുക്തിക്ക് (Logic of the State) എതിരെയാണ്. 'സിസ്റ്റം അഡ്മിനിസ്ട്രേറ്റർ' ആകേണ്ടത് എക്സിക്യൂട്ടീവിന്റെ സോഫ്റ്റ്‌വെയർ അല്ല, മറിച്ച് ജനങ്ങളുടെ പരമാധികാരവും ഭരണഘടനയുമാണെന്ന് പുനഃസ്ഥാപിക്കാനുള്ള ഈ പോരാട്ടം, ഇന്ത്യൻ ഫെഡറലിസത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്നതായിരിക്കും

പി. എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച മറ്റ് ലേഖനങ്ങൾ വായിക്കാം


Summary: A techno-financial trap is weakening Indian federalism. Kerala being forced to sign the PM-SHRI scheme is a clear example. Anivar aravind and Arunkumar PK writes.


അനിവർ അരവിന്ദ്

ഐ.ടി. വിദഗ്ധൻ, ഡിജിറ്റൽ റൈറ്റ്സ് ആക്ടിവിസ്റ്റ്

അരുൺ കുമാർ പി.കെ.

കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രമായ സഫർ ഫൗണ്ടേഷനിൽ കംപ്യൂട്ടേഷണൽ സോഷ്യൽ സയന്റിസ്റ്റ് / റിസർച്ചർ.

Comments