കേരള കരിക്കുലം ഫ്രെയിംവർക്ക് -2023:
യാഥാർഥ്യങ്ങളെ പരിഗണിക്കാത്ത പാഠ്യപദ്ധതിരേഖ

ഏറെ അക്കാദമിക ചർച്ചകൾക്കും, ജനകീയ ചർച്ചകൾക്കും വിദ്യാർഥി ചർച്ചകൾക്കും ശേഷം രൂപീകരിക്കപ്പെട്ട സ്കൂൾ വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി ചട്ടക്കൂട് ഇത്രയും ദുർബലമാവാൻ പാടില്ലായിരുന്നു. പരസ്പര ബന്ധമില്ലാതെ കുറെ കാര്യങ്ങൾ പറഞ്ഞുവയ്ക്കുന്നുവെന്നതിനപ്പുറം കേരളത്തിലെ വിദ്യാഭ്യാസമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയൊന്നും ആഴത്തിൽ വിശകലനം ചെയ്യുന്ന സമീപനം ചട്ടക്കൂടിലില്ല.

പാഠ്യപദ്ധതി ഒരു വിദ്യാഭ്യാസ വ്യവസ്ഥയുടെ മുന്നോട്ടുള്ള സഞ്ചാരവഴിയെയാണ് ഓർമിപ്പിക്കുന്നത്. മാറുന്ന കാലത്തിനും സമൂഹത്തിനുമനുസൃതമായ നൂതനത്വവും, മൗലികതയും, പ്രവർത്തനപദ്ധതിയും ഒരു പാഠ്യപദ്ധതി ചട്ടക്കൂട് മുന്നോട്ടുവയ്ക്കേണ്ടതുണ്ട്. കെട്ടിനിൽക്കുന്ന ചിന്തകളുടെ നിശ്ചലതയല്ല, നിരന്തരമായ ഒഴുക്കിന്റെ ചലനസാധ്യതകളാണ് പാഠ്യപദ്ധതിയെ നവീകരിക്കുന്നതും പരിവർത്തിപ്പിക്കുന്നതും.

കേരള പാഠ്യപദ്ധതി ചട്ടക്കൂട്- 2023(Kerala Curriculam Framework 2023) എന്ന രേഖ പരിശോധിക്കുന്ന വിദ്യാഭ്യാസസ്നേഹികൾ അസ്വസ്ഥരും നിരാശരുമാകാനിടയുണ്ട്. വിദ്യാഭ്യാസപരമായി ഏറെ മുന്നേറിയ ഒരു സമൂഹം ഭാവിയെ മുൻനിർത്തി തയാറാക്കുന്ന ഒരു ചട്ടക്കൂട് ഇങ്ങനെയായാൽ മതിയോയെന്ന സംശയവും ഉയരാനിടയുണ്ട്.

ഏറെ അക്കാദമിക ചർച്ചകൾക്കും, ജനകീയ ചർച്ചകൾക്കും വിദ്യാർഥി ചർച്ചകൾക്കും ശേഷം രൂപീകരിക്കപ്പെട്ട സ്കൂൾ വിദ്യാഭ്യാസത്തിന്റെ പാഠ്യപദ്ധതി ചട്ടക്കൂട് ഇത്രയും ദുർബലമാവാൻ പാടില്ലായിരുന്നു. പരസ്പര ബന്ധമില്ലാതെ കുറെ കാര്യങ്ങൾ പറഞ്ഞു വയ്ക്കുന്നുവെന്നതിനപ്പുറം കേരളത്തിലെ വിദ്യാഭ്യാസമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയൊന്നും ആഴത്തിൽ വിശകലനം ചെയ്യുന്ന സമീപനം ചട്ടക്കൂടിലില്ല.

കേന്ദ്ര പാഠ്യപദ്ധതി ചട്ടക്കൂട്
അതേപടി സ്വീകരിക്കേണ്ടതുണ്ടോ?

ദേശീയ വിദ്യാഭ്യാസനയത്തെത്തുടർന്നുവന്ന കേന്ദ്രത്തിന്റെ പാഠ്യപദ്ധതി ചട്ടക്കൂടിനെ എതിർക്കണോ അനുകൂലിക്കണോ എന്ന ധർമ്മസങ്കടത്തിൽ നിന്നുയരുന്ന ആശയ വൈരുദ്ധ്യങ്ങളാണ് പാഠ്യപദ്ധതി സമീപനരേഖയുടെ ആകെത്തുക. പാഠ്യപദ്ധതി രൂപീകരണ പ്രക്രിയ, സ്കൂൾ ഘടന, ഭാഷാസമീപനം, തൊഴിൽ പഠനം, സെമസ്റ്റർ പഠനരീതി, ഉള്ളടക്ക ലഘൂകരണം, വിലയിരുത്തൽ എന്നിങ്ങനെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ അതേപടി പിൻപറ്റുമ്പോൾ കേരള സാഹചര്യങ്ങളിൽ ഇവയെല്ലാം എത്രത്തോളം ഫലപ്രദമാണെന്ന വിമർശനാത്മക സമീപനമുണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ പാഠ്യപദ്ധതി സമീപനം അതുപോലെ അഡാപ്റ്റ് ചെയ്യാൻ ശ്രമിക്കുന്നത് കേരളം പിന്തുടരുന്ന ജനാധിപത്യ-മതേതര വിദ്യാഭ്യാസ സമീപനത്തിന് ഭാവിയിൽ വലിയ ബാധ്യതയായിത്തീരുമെന്നുറപ്പാണ്.

അവസ്ഥാവിശകലനം നടന്നിട്ടില്ല

സാമൂഹിക സൂചകങ്ങളിലെ മികവിലൂടെ, ഗുണനിലവാര തികവിലൂടെ, ലോകവിദ്യാഭ്യാസ ഭൂപടത്തിൽ അടയാളപ്പെടുത്തപ്പെട്ട നാടാണ് കേരളം. ജനാധിപത്യപരവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസത്തിലൂടെയാണ് കേരളം വളർന്നതും വികസിച്ചതും. എന്നാൽ
കേരളത്തിലെ പൊതുവിദ്യാഭ്യാസക്രമത്തിന്റെ സമകാലികാവസ്ഥ അത്ര മെച്ചമല്ലെന്ന് പഠനങ്ങളും റിപ്പാർട്ടുകളും സൂചിപ്പിക്കുന്നു. സമീപകാലത്ത് പുറത്തുവന്ന പ്രഥമിന്റെ അസർ പഠനറിപ്പോർട്ട്, നാഷണൽ അച്ചീവ്മെന്റ് സർവേ, ഭാരത് നിപുൺമിഷൻ സർവേ, പെർഫോമൻസ് ഇൻഡക്സ്‌റിപ്പോർട്ട് എന്നിവ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അക്കാദമിക നിലവാരത്തെക്കുറിച്ചുന്നയിച്ച ചോദ്യങ്ങൾ പുതിയ പാഠ്യപദ്ധതി രേഖ പരിഗണിച്ചിട്ടില്ല. കോവിഡനന്തരം പുറത്തുവന്ന ഒട്ടുമിക്ക സർവേകളും, നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തകർച്ച പഠനവിധേയമാക്കുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെ ഭാവിയുടെ വിദ്യാഭ്യാസം രൂപപ്പെടുത്തുന്നതെങ്ങനെയാണ്.

ദേശീയ മത്സരപരീക്ഷകളിലെ പ്രകടനം

പത്താം ക്ലാസിലേയും ഹയർസെക്കന്ററിയിലേയും പൊതുപരീക്ഷകളിൽ മികച്ച പ്രകടനം നടത്തുന്ന കേരളത്തിലെ കുട്ടികൾ നീറ്റ്, സി.യു.ഇ.ടി, ജെ.ഇ. ഇ , ക്ലാറ്റ്, മാറ്റ് തുടങ്ങിയ ദേശീയ പ്രവേശന പരീക്ഷകളിൽ അതേ പ്രകടനം ആവർത്തിക്കാത്തതെന്തുകൊണ്ടാണെന്ന ചോദ്യം അക്കാദമികലോകവും രക്ഷിതാക്കളും ഉന്നയിക്കുന്നുണ്ട്. ഇത്തരം മത്സര പരീക്ഷകൾക്കുള്ള തയാറെടുപ്പിന് സി.ബി.എസ്. ഇ, ഐ.സി.എസ്.ഇ പാഠ്യപദ്ധതിയാണ് മെച്ചം എന്ന് വലിയൊരു വിഭാഗം രക്ഷിതാക്കൾ കരുതുന്നു. മധ്യവർഗ്ഗത്തിന്റെ മുതലാളിത്ത താല്പര്യമെന്ന പേരിൽ നമുക്കിതിനെ തള്ളിക്കളയാനാവില്ല. പൊതുവിദ്യാലയങ്ങളെയും പാഠ്യപദ്ധതിയേയും ആകർഷകവും മത്സരക്ഷമമവുമാക്കുകയെന്നതു മാത്രമാണ് ഇതിനുള്ള പ്രതിവിധി. കരിക്കുലം എന്ന വാക്കു തന്നെ മത്സരപ്പാതയെന്ന ആശയത്തെയാണല്ലോ അർത്ഥമാക്കുന്നത്.

വിദ്യാർഥി പലായനമുയർത്തുന്ന
പ്രതിസന്ധികൾ

വിദേശ രാജ്യങ്ങളിലെ കോളേജുകളിലേക്കും യൂണിവേഴ്സിറ്റികളിലേയ്ക്കുള്ള വിദ്യാർഥി പലായനത്തിന്റെ അക്കാദമികവും, സാമ്പത്തികവും, സാമൂഹികവുമായ കാരണങ്ങളും പ്രത്യാഘാതങ്ങളും വിശകലനം ചെയ്യാത്ത ഒരു പാഠ്യപദ്ധതി ചട്ടക്കൂട് സമഗ്രമായി വിദ്യാഭ്യാസത്തെ കാണുന്നില്ല എന്ന വിമർശനമുയരാനിടയുണ്ട്. കേരളത്തിലെ ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടക്കുമ്പോഴാണ് കുട്ടികൾ വലിയ ബാങ്ക് ലോണെടുത്ത്, യൂറോപ്യൻ രാജ്യങ്ങളിലെ ശരാശരിയിലും താഴെയുള്ള സ്ഥാപനങ്ങളിലേക്കു പോകുന്നത്. കേരളത്തിൽ നിന്നുള്ള മനുഷ്യവിഭവശേഷിയുടേയും മൂലധനത്തിന്റെയും ഒഴുക്ക് സൃഷ്ടിക്കാനിടയുള്ള സാമൂഹിക പ്രശ്നങ്ങളെ പാഠ്യപദ്ധതി അഡ്രസ് ചെയ്യുന്നില്ല.

കുട്ടികൾ പൊതുവിദ്യാലയങ്ങൾ ഉപേക്ഷിക്കുന്നുവോ?

കഴിഞ്ഞ രണ്ട് അക്കാദമിക വർഷങ്ങളിലായി പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവരുന്നുവെന്ന യാഥാർത്ഥ്യം പാഠ്യപദ്ധതി പരിഷ്ക്കരണത്തിനുള്ള ചട്ടക്കൂട് പരിഗണിക്കേണ്ടതാണ്. ജനനനിരക്കിലെ കുറവെന്ന പേരിൽ കുട്ടികളുടെ കൊഴിഞ്ഞു പോക്കിനെ ന്യായീകരിക്കാനാവില്ല. പൊതു വിദ്യാലയങ്ങളിൽ കുറയുന്ന കുട്ടികൾ അൺ എയിഡഡ് സ്കൂളുകളിലേക്കു പോകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2022, 2023 വർഷങ്ങളിൽ പൊതുവിദ്യാഭ്യാസക്രമത്തിലെ പ്രവേശന നിരക്കിൽ വലിയ കുറവുണ്ടായതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ കണക്കുകൾ പറയുന്നത്. 2014 മുതൽ 2021 വരെ സർക്കാർ, എയിഡഡ് വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കൂടിവരികയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഒന്നാം ക്ലാസിൽ 2,68,313 കുട്ടികളുണ്ടായിരുന്നത് ഈ വർഷം 2,58,149 ആയി. അതായത് 1,01,64 കുട്ടികൾ കുറഞ്ഞുവെന്നർത്ഥം. കഴിഞ്ഞവർഷം പൊതുവിദ്യാലയങ്ങളിൽ 34,99,363 കുട്ടികൾ ഉണ്ടായിരുന്നത് ഈ വർഷം 94,639 കുട്ടികൾ കുറഞ്ഞ് 34,04,724 ആയി. ഒന്നോ രണ്ടോ ജില്ലകളിലൊഴികെ, മറ്റെല്ലായിടത്തും സർക്കാർ - എയിഡഡ് വിദ്യാലയങ്ങളിൽ വിദ്യാർഥികൾ കുറയുന്ന സ്ഥിതിയുണ്ടായി.

പൊതുവിദ്യാലയങ്ങളിൽ തൊണ്ണൂറുകൾ മുതൽ തുടങ്ങിയ, കുട്ടികൾ കുറഞ്ഞുവന്ന അവസ്ഥയിൽ മാറ്റമുണ്ടാക്കിയതിൽ 2013- ലെ പാഠ്യപദ്ധതി പരിഷ്കരണവും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ അന്നുണ്ടായ ആവേശം ഇപ്പോൾ നിലനിൽക്കുന്നില്ല എന്നാണ് പൊതുവിദ്യാഭ്യാസത്തിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഓർമിപ്പിക്കുന്നത്. പക്ഷേ ഇതൊന്നും പാഠ്യപദ്ധതി ചട്ടക്കൂടിൽ ചർച്ച ചെയ്യപ്പെടുന്നില്ല.

അടിസ്ഥാനശേഷികൾ ഉറപ്പിക്കേണ്ടതില്ലേ?

എഴുത്ത്, വായന, ഗണിതം എന്നിവയിലെ അടിസ്ഥാനശേഷികൾ ഓരോ ക്ലാസിലും ഘട്ടത്തിലും ഉറപ്പിക്കുന്നതിനാവശ്യമായ കൃത്യവും വ്യക്തവുമായ നിർദ്ദേശങ്ങളും പ്രായോഗിക സമീപനങ്ങളും അവതരിപ്പിക്കാതെ അലസമായി ഒരേ കാര്യങ്ങൾ വിവിധയിടങ്ങളിൽ വെറുതെ പറഞ്ഞുപോകുന്നത് ഒരു പാഠ്യപദ്ധതി സമീപനരേഖയ്ക്കുചേർന്ന ഗൗരവപൂർണമായ സമീപനമല്ല. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ എന്താണെന്നതും എന്തിനാണെന്നതും എങ്ങനെയാണത് ആർജ്ജിക്കേണ്ടതെന്നും ഒരു വിദ്യാഭ്യാസ വ്യവസ്ഥ നിശ്ചയിക്കേണ്ടതുണ്ട്. തൊണ്ണൂറുകളിലെ പാഠ്യപദ്ധതി സമീപനത്തെച്ചൊല്ലി ആവേശം കൊള്ളുമ്പോൾ അന്നു പോയ അക്ഷരമാലയും അടിസ്ഥാന ഗണിതവുമാണ് കേരളത്തിൽ വാക്കുകൾ കൂട്ടിച്ചൊല്ലാനും, എഴുതാനും കഴിയാത്ത കുഞ്ഞുങ്ങളെ സൃഷ്ടിച്ചതെന്നുകൂടി പറയേണ്ടതുണ്ട്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നിർദ്ദേശിക്കുന്ന പഠനഫലങ്ങൾ (learning Outcomes) കേരളത്തിലെ പാഠ്യപദ്ധതിയിൽ കാണുന്നില്ല.

പാഠ്യപദ്ധതി പ്രായോഗികക്ഷമത പ്രധാനം

പാഠ്യപദ്ധതി ഒരു വിഷൻ ഡോക്യുമെന്റന്നതുപോലെ മിഷൻ ഡോക്യുമെന്റുമാണ്. എന്നാൽ കെ.സി.എഫ്- 2023 പറഞ്ഞുവെച്ചിരിക്കുന്ന കാഴ്ചപ്പാടുകളുടെ നിർവഹണത്തെ സംബന്ധിക്കുന്ന കൃത്യമായ പ്രവർത്തനപദ്ധതി (Plan of Action) സൂചിപ്പിക്കുന്നില്ല. ആശയതലത്തിനുപരി പ്രായോഗികതയിലാണ് പാഠ്യപദ്ധതി ഊന്നേണ്ടത്.  ആശയപരമായി ഗംഭീരമെന്നു തോന്നുന്നത് സ്കൂളുകളിലും, ക്ലാസ് മുറികളിലും പ്രായോഗികമായി വിജയിക്കണമെന്നില്ല. 2007- ലെ പ്രകിയാധിഷ്ഠിത - പ്രവർത്തനാധിഷ്ഠിത സമീപനത്തിന്റെയും നിരന്തര - സമഗ്ര വിലയിരുത്തലിന്റെയും ഇപ്പോഴത്തെ അവസ്ഥയെന്താണെന്നതു കൂടി പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി വിമർശനാത്മകമായി പരിശോധിക്കപ്പെടണം.

അറിവും ആശയധാരണയുമുണ്ടാവണം

കെ.സി.എഫ്- 2007- ൽ അവതരിപ്പിച്ചതും സമൂഹം സംശയദൃഷ്ടിയോടെ സമീപിച്ചതുമായ സാമൂഹ്യ ജ്ഞാന നിർമ്മിതിയും ക്രിട്ടിക്കൽ പെഡഗോജിയും പ്രശ്നാധിഷ്ഠിത പഠനവുമെല്ലാം 16 വർഷങ്ങൾക്കുശേഷം വീണ്ടും കടന്നുവരുന്നുണ്ട്. ഒന്നര പതിറ്റാണ്ടിനിപ്പുറവും കുറ്റിയിൽ കെട്ടുന്ന പശു കുറ്റിയ്ക്കു ചുറ്റും കറങ്ങുന്നതുപോലെ ജാർഗണുകളിലും ക്ലീഷേകളിലും കിടന്നു കറങ്ങുകയാണ് പാഠ്യപദ്ധതി. ബോധന സമീപനത്തിൽ വിമർശനാത്മക രീതിയെന്നത് ഒഫീഷ്യൽ പെഡഗോജിയുടെ അടിച്ചേൽപ്പിക്കലാണ്. ഒന്നാമതായി, അധ്യാപകർ എങ്ങനെ പഠിപ്പിക്കണമെന്ന് ഏകപക്ഷീയമായി നിശ്ചയിക്കുന്നത് ജനാധിപത്യപരമല്ല. രണ്ടാമതായി കുട്ടികളുടെ പഠനരീതി, പഠനവേഗത, വൈവിധ്യം, സ്കൂൾ - സാമൂഹിക സാഹചര്യങ്ങൾ എന്നിവയെല്ലാം ബോധനപ്രക്രിയയിൽ പരിഗണിക്കേണ്ടതുണ്ട്. മൂന്നാമതായി, പഠനപ്രക്രിയയ്ക്കു നൽകുന്ന അമിത പ്രാധാന്യം പ്രകിയാവിരസതയ്ക്കു കാരണമാവുകയും പഠനഫലത്തെ ദുർബലമാക്കുകയും ചെയ്യുമെന്നതും പരിഗണിക്കണം.

എവിടെ യജ്ഞം?

അടിസ്ഥാന സൗകര്യങ്ങളിൽ പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞമുണ്ടാക്കിയ ചലനത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ അക്കാദമിക നിലവാരമുയർത്താനുള്ള നൂതന കാഴ്ചപ്പാടുകളോ പ്രായോഗിക നിർദ്ദേശങ്ങളോ പാഠ്യപദ്ധതിയിൽ ഇല്ല. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ രണ്ടാം ഘട്ടമായ ‘വിദ്യാകരണം’ എന്ന പദ്ധതി അക്കാദമികതയുടെ രാജ്യാന്തര നിലവാരത്തെയാണ് ലക്ഷ്യമിടുന്നതെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നു. എന്നാൽ അതിനുള്ള ഫലപ്രദമായ ഉൾച്ചേർക്കലുകൾ പാഠ്യപദ്ധതിയിലില്ല. ഉദാഹരണമായി, പൊതു പരീക്ഷാഫലവും ആർജിക്കേണ്ട അടിസ്ഥാന അറിവുകളും തമ്മിലെ വിടവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചിട്ടില്ല. കെ.സി എഫ് 2007 മുതൽ ഏതാണ്ടെല്ലാ പാഠ്യപദ്ധതി ചട്ടക്കൂടുകളിലും ആലങ്കാരികമായി കടന്നുവരുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണമായി ഏകീകൃത പ്രൈമറി വിദ്യാഭ്യാസം, ഉൾച്ചേർന്ന വിദ്യാഭ്യാസം, കലാ-കായിക - പ്രവൃത്തിപരിചയ വിദ്യാഭ്യാസം, ഡിജിറ്റൽ ടെക്സ്റ്റുകൾ  എന്നിങ്ങനെ. ഇത്തരം കാര്യങ്ങൾ എപ്പോൾ, എങ്ങനെ, ആര് നിർവഹിക്കണമെന്നതിൽ പുതിയ ഫ്രെയിംവർക്കിലും വ്യക്തമായ പ്രായോഗിക പരിഹാരങ്ങളില്ല.

അരികുകളുടെ പ്രതിനിധാനം

ഭാഷാ ന്യൂനപക്ഷങ്ങൾ, ആദിവാസി വിഭാഗങ്ങൾ, തീരപ്രദേശങ്ങൾ, പിന്നാക്ക മേഖലകൾ എന്നിങ്ങനെ കാലാകാലങ്ങളായി പാഠ്യപദ്ധതി ചർച്ചകളിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്ന പ്രാന്തവത്കൃത വിഭാഗങ്ങളുടെയും പ്രദേശങ്ങളുടേയും ഉള്ളടക്കത്തിലേയും, പാഠപുസ്തക രൂപീകരണത്തിലെയും പ്രാതിനിധ്യവും പങ്കാളിത്തവും ഇപ്പോഴും അപര്യാപ്തമാണ്. കടലിനും കാടിനും കുന്നിനും ദ്വീപിനും പാഠ്യപദ്ധതിയിൽ ഇടമുണ്ടോയെന്ന ചോദ്യം അരികുകളിൽ നിന്നുയരുന്നുണ്ട്.

Comments