സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിരുദവും ബിരുദാനന്തര ബിരുദവും ലക്ഷ്യമാക്കി വിദേശത്തേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചുവരികയാണ്. കേരളത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നവരിൽ 11 ശതമാനം പേരും വിദ്യാർഥികളാണെന്നാണ് കണക്കുകൾ പറയുന്നത്. യു.കെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, ചൈന അടക്കമുള്ള രാജ്യങ്ങളിലേക്കും ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, സൗദിയടക്കമുള്ള ജി.സി.സി രാജ്യങ്ങളിലേക്കുമാണ് 2.5 ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കാനായി പോയിട്ടുള്ളത്. ഇതിൽ തന്നെ യു.കെയിലേക്കാണ് ഏറ്റവും കൂടുതൽ പേരും പോയിട്ടുള്ളത്. അതായത് ഇതിൽ 30 ശതമാനം പേരും യു.കെയിണ് പഠിക്കുന്നതെന്നാണ് കണക്ക്. ഓസ്ട്രേലിയ- 7.1%, ചൈന 21.4%, ന്യൂസിലാൻഡ്- 7.1%, ജി.സി.സി രാജ്യങ്ങൾ- 21%, മറ്റ് രാജ്യങ്ങൾ 13.6% എന്നിങ്ങനെയാണ് ബാക്കിയുള്ള രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ കണക്കുകൾ.
കേരളത്തിൽ നിന്ന് പഠനത്തിനായി കുടിയേറുന്നവരിൽ 80 ശതമാനവും ബിരുദധാരികളാണ്. വിദേശപഠനം തെരഞ്ഞെടുത്ത് പോകുന്നവരിൽ ഏറെയും ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണെന്ന് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രതിവർഷം അഞ്ച് ലക്ഷത്തിൽ താഴെ മാത്രം വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലും വിദേശവിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നത്.

വിദേശ രാജ്യങ്ങളിൽ പഠനത്തിനൊപ്പം പാർട്ട് ടൈം ജോലിയുമെടുത്ത് ജീവിക്കേണ്ടി വരുന്ന ജീവിതം പുറം കാഴ്ചയിൽ കാണുന്ന അത്രത്തോളം ഭംഗിയുള്ളതല്ലെന്നാണ് അത്തരം രാജ്യങ്ങളിൽ അതിജീവിക്കേണ്ടി വരുന്ന മലയാളി വിദ്യാർഥികളുടെ പക്ഷം. വലിയ തുക വിദ്യാഭ്യാസ ലോണെടുത്താണ് ഭൂരിഭാഗം ആളുകളും രാജ്യം വിടുന്നത്. എന്നാൽ പഠനം പൂർത്തിയാക്കി അവിടെയൊരു ജോലി കണ്ടെത്താൻ കഴിയാതെ മടങ്ങേണ്ടി വരുന്ന വിദ്യാർഥികൾ ഏറെയാണ്. തിരിച്ച് നാട്ടിലെത്തി വിദ്യാഭ്യാസ ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ പോകുന്ന വിദ്യാർഥികളും അവരുടെ കുടുംബങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ചെന്നെത്തുന്നത്.
യു.കെയിൽ ദിനംപ്രതി നിയമങ്ങൾ പരിഷ്കരിക്കുന്നതുവഴി അവിടെയുത്തുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശവിദ്യാർഥികളുടെ അവസ്ഥ പരിതാപകരമാണെന്നും പലർക്കും നാട്ടിലേക്ക് തിരിച്ചുവരേണ്ട സാഹചര്യമാണെന്നും ട്രൂകോപ്പി തിങ്കിനോട് പറയുകയാണ് യു.കെയിൽ പഠിക്കുന്ന മലയാളി വിദ്യാർഥി.
“നിലവിൽ പുറത്തുവരുന്ന കണക്കുകൾ അനുസരിച്ച് ഏകദേശം 58000 ഇന്ത്യക്കാർ ഇവിടെ നിന്നും പുറത്തുപോയിട്ടുണ്ട്. സ്റ്റുഡന്റ് വിസയിൽ വന്നവർ മാത്രമല്ല ജോലിക്ക് വന്നവർക്കും ഈ പ്രശ്നമുണ്ട്. അതുപോലെ തന്നെ ഇമിഗ്രേഷൻ കുറഞ്ഞിട്ടുണ്ട്. എട്ട് ലക്ഷം ഇമിഗ്രെൻസ് ഉണ്ടായിരുന്നത് ഇപ്പോൾ നാല് ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഇവിടുത്തെ നിയമങ്ങൾ ഇപ്പോൾ കർശനമാക്കികൊണ്ടിരിക്കുകയാണ്. നമുക്ക് നിൽക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറികൊണ്ടിരിക്കുകയാണ്. ഭീമമായ തുകയാണ് അഞ്ച് വർഷത്തെ ഐ.എച്ച്.എസ് ഫീസായി കൊടുക്കേണ്ടി വരുന്നത്. അതായത് അഞ്ച് വർഷത്തേക്ക് ഒരാൾക്ക് വിസ കിട്ടാൻ ഒമ്പത് ലക്ഷം രൂപ അധികം നൽകേണ്ടി വരും. പി.ആറിന്റെ വർഷം കൂട്ടാൻ പോകുകയാണെന്നാണ് പുതിയ വിവരം. അഞ്ച് വർഷം എന്നുള്ളത് ഇനി പത്ത് വർഷമാക്കുമെന്നാണ് സർക്കാർ പറയുന്നത്. അതുകൊണ്ട് ഉറപ്പായും ബ്രിട്ടീഷ് പൗരത്വം കിട്ടണമെങ്കിൽ അതിലും കൂടുതൽ പണം നൽകേണ്ടി വരും. അതുപോലെ തന്നെ നേരത്തെ സ്പോൺസർഷിപ്പ് നൽകിയിരുന്ന കമ്പനികളൊന്നും ഇപ്പോൾ നൽകുന്നുമില്ല. കാരണം ആറ് മാസം കൂടുമ്പോൾ ഇവിടെ നിയമങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. അത് വളരെ പ്രശ്നമായിട്ടുള്ള കാര്യമാണ്. വാർഷിക വരുമാനം ബിരുദം കഴിഞ്ഞവർക്ക് മുപ്പതിനായിരവും ബിരുദാനന്തര ബിരുദമുള്ളവർക്ക് 38000 രൂപയും വേണമെന്നാണ് നിലവിലെ നിയമം. ഇത്തരം കാര്യങ്ങളൊക്കെ ശരിയായി വന്നാൽ പോലും സ്‌പോൺസർഷിപ്പ് നൽകാൻ കമ്പനികൾ മടിക്കുന്ന സാഹചര്യമുണ്ട്. നേരത്തെ എൻ.എച്ച്.എസിൽ ലെവൽ ത്രിയുള്ളവർക്ക് നേരത്തെ സ്‌പോൺസർഷിപ്പ് കിട്ടുമായിരുന്നു. എന്നാൽ ഇപ്പോളതും മുടങ്ങി കിടക്കുകയാണ്.”

കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ പുറത്തുവിട്ട കണക്കുകൾ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളിൽ നിന്നും വിദേശവിദ്യാഭ്യാസ വായ്പ ഏറ്റവുമധികം അനുവദിക്കപ്പെട്ടിട്ടുള്ള സംസ്ഥാനം കേരളമാണ്. 2019 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ 66,159 അക്കൗണ്ടുകളിൽ നിന്നായി 7619.64 കോടി രൂപയാണ് സംസ്ഥാനത്ത് വിതരണം ചെയ്യപ്പെട്ട വിദേശ വിദ്യാഭ്യാസ വായ്പ. മഹാരാഷ്ട്രയിൽ 6,1588.34 കോടി, തെലങ്കാനയിൽ 5,103.77, ആന്ധ്രപ്രദേശിൽ 5,168.34, കർണാടകയിൽ 4027.82, തമിഴ്നാട്ടിൽ 3530.41 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് അനുവദിച്ച വിദേശവിദ്യാഭ്യാസ വായ്പ. അതായത് ഇന്ത്യയിൽ മൊത്തമായി വിതരണം ചെയ്ത വിദേശവിദ്യാഭ്യാസ വായ്പയുടെ 17 ശതമാനവും ലഭ്യമായിരിക്കുന്നത് കേരളത്തിനാണ്. ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പുറത്തുവിട്ട ഈ കണക്കുകൾ ധനസഹമന്ത്രിയാണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. വായ്പയെടുക്കുന്നതിൽ മാത്രമല്ല, മറിച്ച് വായ്പ കുടിശികയിലും കേരളം തന്നെയാണ് ഒന്നാമത്. വിദേശത്തും സ്വദേശത്തുമുള്ള പഠനത്തിലായി 2024 ഡിസംബർ 31 വരെ 2,99,168 അക്കൗണ്ടുകളാണ് കേരളത്തിൽ തുറന്നത്. ഇതിൽ 16,293 കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. 2024 ഡിസംബർ 31 വരെ 30,491 അക്കൗണ്ടുകളിലായി 909 കോടി രൂപ നിഷ്‌ക്രിയ ആസ്തിയുണ്ടെന്നാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ കണക്ക്.
വിദേരാജ്യങ്ങളിലേക്കുള്ള വിദ്യാർഥി കുടിയേറ്റങ്ങൾ വർധിച്ചുവരുന്നത് വിദ്യാർഥികളെ തന്നെ പ്രതിസന്ധിയിലാക്കുകയാണെന്നും വിദ്യാർഥികളെ കയറ്റി അയക്കുന്ന ഏജൻസികൾ അവരുടെ തൊഴിൽ സുരക്ഷ പോലും ഉറപ്പുവരുത്തുന്നില്ലെന്നും ട്രൂകോപ്പി തിങ്കിനോട് പറയുകയാണ് യു.കെയിൽ ജോലി ചെയ്യുന്ന തിരുവല്ല സ്വദേശി. യൂറോപ്പിലെ പൗരർക്കിടയിൽ തന്നെ തൊഴിലില്ലായ്മ രൂക്ഷമാണെന്നും അതിനിടയിലാണ് വലിയ തുക ലോണായെടുത്ത് മലയാളി വിദ്യാർഥികൾ യൂറോപ്പിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറയുന്നു.

“പല വിദേശരാജ്യങ്ങളിലേക്കും ആളുകളെ കയറ്റി അയക്കുന്ന ഏജൻസികൾ നിലവിൽ കൂൺ മുളക്കുന്നതുപോലെ വളർന്നുവരുന്നുണ്ട്. ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഏജൻസികൾക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകുന്നതെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല. സാന്റാ മോണിക്ക പോലെയുള്ള ഏജൻസികൾ മണ്ടത്തരങ്ങളാണ് ഓരോ ദിവസവും പറയുന്നത്. മൂന്നൂറോളം ഏജൻസികൾ അവിടെ തന്നെയുണ്ട്. നാട്ടിൽ നിന്നും ഇത്തരം ഏജൻസികൾ എത്രയോ കുട്ടികളെ കയറ്റി അയക്കുന്നുണ്ട്. പക്ഷെ അവിടെയെത്തുന്ന കുട്ടികൾക്ക് ജോലി കിട്ടുന്നുണ്ടോ എന്നൊന്നും അവർ അന്വേഷിക്കുന്നില്ല. വിദശത്ത് എത്തിക്കഴിഞ്ഞാൽ നിരവധി പാർടൈം ജോലി കിട്ടുമെന്നും ലക്ഷങ്ങൾ സമ്പാദിക്കാമെന്നുമൊക്കെയാണ് ധാരണ. എന്നാൽ ഏറ്റവും വലിയ പൊള്ളത്തരവും അതുതന്നെയാണ്.
ഞാൻ മനസിലാക്കിയിടത്തോളം യൂറോപ്പിന്റെ അവസ്ഥ വളരെ മോശമാണ്. അവിടുത്തെ പൗരർ തന്നെ ജോലിയുടെ കാര്യത്തിൽ ബുദ്ധിമുട്ടുകയാണ്. നാട്ടിൽ നിന്നും ഒരുപാട് പേർ ഇങ്ങോട്ടേക്ക് വരുന്നുണ്ട്. നഴ്‌സുമാർക്ക് മാത്രമാണ് നല്ല അവസരം കിട്ടുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബാക്കിയുള്ളവരുടെയൊക്കെ അവസ്ഥ വളരെ ബുദ്ധിമുട്ടിലാണ്. മാസ്‌റ്റേഴ്‌സ് കഴിഞ്ഞിട്ടുപോലും പലർക്കും ജോലി കിട്ടിയിട്ടില്ല. പാർട്ട്‌ടൈം ജോലികളും ഇപ്പോൾ കുറവാണ്. കാരണം ഇവിടെയൊന്നും മലയാളികളെ തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല. എന്നിട്ടും ആളുകൾ വീണ്ടും ഇങ്ങോട്ടേക്ക് തന്നെ വരുകയാണ്. നമ്മുടെ നാട്ടിലെ പഠനരീതിയിൽ നിന്നും വളരെ വ്യത്യസ്തമണ് ഇവിടുത്തെ രീതികൾ. അതിലേക്ക് അഡാപ്റ്റാകുന്നതിൽ ഒരുപാട് വെല്ലുവിളികളുണ്ട്. അത് നമ്മുടെ നാട്ടിലെ കുട്ടികളെ വലിയരീതിയിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്. വിദ്യാഭ്യാസ ലോൺ തിരിച്ചടയ്ക്കാൻ പല കുട്ടികളും ഇവിടെ കഷ്ടപ്പെട്ട് പണിയെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവരിൽ പലർക്കും പഠിക്കാൻ പോലും സമയം കിട്ടാറില്ല. അവരെല്ലാം ലോൺ അടക്കാനുള്ള തത്രപ്പാടിലാണ്. മറ്റ് ചിലർക്കാകട്ടെ ഇവിടെയെത്തി മൂന്നും നാലും മാസം കഴിഞ്ഞിട്ടാണ് ജോലി പോലും കിട്ടുന്നത്. അപ്പോഴത്തേക്കും അവരുടെ ലോണിന്റെ പലിശ കൂടി കൂടി വരും. പൈസക്ക് വേണ്ടി നൈറ്റ് ഷിഫ്റ്റുകൂടി ജോലി ചെയ്യുന്നയാളുകളുണ്ട് ഇവിടെ.”

വിദേശത്ത് പ്രതീക്ഷിച്ച തരത്തിലുള്ള ജോലി ലഭിക്കാതൈ വരുന്നതോടെയാണ് ലോൺ തിരിച്ചടയ്ക്കാൻ പലർക്കും കഴിയാതെ വരുന്നത്. നല്ല തൊഴിൽ ലഭ്യമാകാതെ പോസ്റ്റ്- സ്റ്റഡി വിസയുടെ കാലാവധിയും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങേണ്ടിവരുന്ന വിദ്യാർഥികളുടെ എണ്ണവും വർധിച്ചുവരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്തരത്തിൽ മടങ്ങിവരുമ്പോൾ ലോൺ തിരിച്ചടക്കാൻ കഴിയാതെ കുടുംബങ്ങൾ കടക്കെണിയിലേക്ക് പോകുകയും ചെയ്യുന്നു. വിദേശവിദ്യാഭ്യാസത്തെ സംബന്ധിച്ച് ധാരണയൊന്നുമില്ലാതെയാണ് പലരും രക്ഷപ്പെടാം എന്ന ലക്ഷ്യത്തോടെ വൻതുക ലോണുമെടുത്ത് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത്. അങ്ങനെയാണ് പല വിദ്യാർത്ഥികളും പ്രതിസന്ധിയിലാകുന്നത്.
തൊണ്ണൂറുകൾക്ക് ശേഷം നടപ്പിലാക്കപ്പെട്ട നിയോലിബറൽ പോളിസികൾ എങ്ങനെയാണ് ഇന്ത്യൻ പൊതുമേഖലാ വിദ്യാഭ്യാസത്തെ ബാധിച്ചതെന്നും വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവൽക്കരണം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ എന്തെല്ലാമാണെന്നും ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുകയാണ് എ.കെ. രമേശ്. പൊതുമേഖല വിദ്യാഭ്യാസ, മേഖലയെ സർക്കാർ കയ്യൊഴിഞ്ഞതോടെയാണ് വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം വർധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
“ഇനി വരാൻ പോകുന്നത് വിദ്യാർഥി ആത്മഹത്യകളാണെന്ന് 2010-ൽ കർഷക ആത്മഹത്യകളെക്കുറിച്ച് ഇന്ത്യാവിഷനോട് സംസാരിക്കുമ്പോൾ ഞാൻ പറഞ്ഞിരുന്നു. യഥാർഥത്തിൽ അതാണിപ്പോൾ സംഭവിക്കുന്നത്. വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള നീക്കിയിരുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചുരുക്കുന്നതിനനുസരിച്ച് സ്വാഭാവികമായും ഇത്തരം പ്രതിസന്ധികൾ വർധിച്ചുവരും. ഭാവി തലമുറയെ വാർത്തെടുക്കുന്ന ഉത്തരവാദിത്വത്തിൽ നിന്നും സർക്കാർ പിൻമാറുന്നതോടെയാണ് വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള നീക്കിയിരിപ്പ് സർക്കാരുകൾ കുറക്കുന്നത്. നിന്റെ ഭാവി നീ നോക്കിക്കൊള്ളൂ എന്ന് വിദ്യാർഥികളോട് പറയുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നത്. ബജറ്റിൽ വിദ്യാഭ്യാസത്തിനുള്ള നീക്കിയിരിപ്പ് കുറയ്ക്കുകയാണ് ചെയ്യുന്നത്. തൊണ്ണൂറുകൾക്ക് ശേഷം നടപ്പിലാക്കിയ നിയോലിബറൽ പോളിസികളുടെ ഭാഗം കൂടിയാണത്. അതിന്റെ ഭാഗമായി ഇന്ത്യയിലെയും കേരളത്തിലെയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറവാണെന്ന ഒരു പൊതുബോധം നിർമ്മിക്കപ്പെടുന്നു. കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസത്തിൽ പോലും അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ വ്യാപകമായൊരു കാലമുണ്ടായിരുന്നു. സർക്കാർ സ്‌കൂളുകൾ മുഴുവനും മോശം, സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളാണ് നല്ലത് എന്ന ധാരണ അന്ന് പരന്നിരുന്നു. എന്നാൽ ഈ എൽ.ഡി.എഫ് സർക്കാർ വന്നതിനുശേഷം പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനുവേണ്ടി അധ്യാപക സംഘടനകളുടെയടക്കം നേതൃത്വത്തിൽ പദ്ധതികൾ നടപ്പിലാക്കി. അത് കാര്യക്ഷമമായി നടത്തുകയും ചെയ്തു. പൊതുവിദ്യാഭ്യാസ മേഖലയിൽ വന്ന മാറ്റത്തെ തുടർന്നാണ് വിദ്യാഭ്യാസ കച്ചവടക്കാർക്ക് ഒഴിയേണ്ടി വന്നത്. അങ്ങനെ പൊതു വിദ്യാഭ്യാസത്തിലേക്ക് കുട്ടികൾ തിരിച്ചുവരാൻ തുടങ്ങി.

അതുപോലെ തന്നെ ഇന്ത്യയിലെയും കേരളത്തിലെയും സർവകലാശാലകൾ മോശമാണെന്ന ധാരണ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഉന്നതവിദ്യാഭ്യാസത്തിനായി കുട്ടികൾ വിദേശരാജ്യങ്ങളെ ആശ്രയിക്കാൻ തുടങ്ങി. പലസ്ഥലങ്ങളിലും പാർട്ട്ടൈം ജോലി സാധ്യതയുണ്ട്. ബ്രിട്ടനിലൊക്കെ വിദ്യാർഥികൾ പാർട്ട്‌ടൈമായി ഹോട്ടലിലും മറ്റും പണിയെടുക്കുന്നു. സമാന്തരമായി വിദ്യാഭ്യാസം തുടരുകയും ചെയ്യുന്നു, എന്നതാണ് രീതി. എന്നാൽ നിയോ ലിബറൽ പോളിസികളുടെ ഭാഗമായി ഇന്ത്യയിൽ മാത്രമല്ല ഇപ്പറഞ്ഞ രാജ്യങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമാവുന്നുണ്ട്. തൊഴിലില്ലായ്മ എന്നത് ഒരു രാജ്യത്ത് മാത്രമായി ഒതുങ്ങുന്ന ഒന്നല്ല. ഇവിടെ നിന്നുപോകുന്ന കുട്ടികൾ വിചാരിക്കുന്നത് ലണ്ടനിലും കാനഡയിലും പോയാൽ ക്ഷപ്പെടുമെന്നാണ്. മുതലാളിത്ത പ്രതിസന്ധികളുടെ മൂർധന്യാവസ്ഥയിലൂടെയാണ് യഥാർഥത്തിൽ ലോകമിന്ന് കടന്നുപോകുന്നത്. ഇത്തരം കാര്യങ്ങളൊന്നും മനസിലാക്കാതെ രക്ഷപ്പെടാമെന്ന ധാരണയിൽ മക്കളെ വിദേശത്തേക്ക് അയക്കുന്ന രക്ഷിതാക്കൾക്ക് നിരാശപ്പെടേണ്ടി വരും. പൊതുവിദ്യാഭ്യാസത്തിൽ നിന്നും അൺ എയ്ഡഡ് സ്‌കൂളുകളിലേക്ക് വിദ്യാർഥി ഒഴുക്കുണ്ടായിരുന്നതു പോലൊരു പ്രതിഭാസം തന്നെയാണിത്. അതിന്റെ ഭാഗമായാണ് കുട്ടികൾ വിദേശ വിദ്യാഭ്യാസത്തിനായി ബാങ്ക് ലോണിനെ ആശ്രയിക്കുന്നത്. 1991-ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ സ്വകാര്യ മേഖല കഴിവ് തെളിയിച്ചുകഴിഞ്ഞ എല്ലാ മേഖലയിൽ നിന്നും സർക്കാർ പിന്നാക്കം പോകുമെന്ന് പറയുന്നുണ്ട്. അത്തരത്തിൽ സർക്കാർ പിന്മാറുന്ന മേഖലകളാണ് വിദ്യാഭ്യാസം, ആരോഗ്യം മുതലായവ. അതുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ യു.പിയിൽ കുട്ടികൾ ഓക്‌സിജൻ കിട്ടാതെ മരണപ്പെടുന്നത്. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾക്കുള്ള നീക്കിയിരുപ്പ് കുറയുന്നതാണ് ഇതിന്റെയെല്ലാം യഥാർത്ഥ പ്രശ്‌നം.” അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി, വംശീയവും ഭാഷാപരവുമായ പ്രതിസന്ധികൾ എന്നിവയെല്ലാം യൂറോപ്യൻ രാജ്യങ്ങളിൽ പോകുന്ന വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് അവർ തന്നെ തുറന്നുപറയുന്നുണ്ട്. അതിനോടൊപ്പം തന്നെ പല ഏജൻസികളിലൂടെയും വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്ന വിദ്യാർഥികൾ പറ്റിക്കപ്പെടുന്നതിന്റെയും അനുഭവങ്ങളുണ്ട്. ഇറ്റലിയിലേക്ക് പോകാനായി തങ്ങളിൽ നിന്നും പണം വാങ്ങിയ, കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂറോാലൈഫ് എന്ന ഏജൻസി താനടങ്ങുന്ന മുപ്പതോളം മലയാളി വിദ്യാർഥികളെ കബളിപ്പിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് കോഴിക്കോട് സ്വദേശിയായ മലയാളി വിദ്യാർത്ഥി റിഫാന.
“പ്ലസ് ടുവിന് ശേഷം ഇറ്റലിയിലേക്ക് പോകാമെന്നായിരുന്നു എന്റെ തീരുമാനം. കോയമ്പത്തൂരുള്ള ഒരു ഏജൻസി വഴിയാണ് പുറത്തേക്ക് പോകാനിരുന്നത്. ഈ ഏജൻസി ഇൻസ്റ്റഗ്രാമിൽ നൽകിയ പരസ്യം കണ്ട എന്റെ സുഹൃത്താണ് ഇങ്ങനെയൊരു സംഭവമുണ്ടെന്ന് പറഞ്ഞത്. അങ്ങനെയാണ് ഞങ്ങൾ രണ്ടുപേരും ചേർന്ന് അവരെ ബന്ധപ്പെടുന്നത്. ആദ്യം വളരെ നല്ലരീതിയിലൊക്കെയാണ് ഞങ്ങളോട് സംസാരിച്ചിരുന്നത്. 25000 രൂപ ഫീസ് അടക്കണമെന്ന് അവർ പറഞ്ഞു. ആ പൈസ അടച്ച് ഇത്ര ദിവസത്തിനുള്ളിൽ ഓഫർ ലെറ്റർ വരുമെന്നും പറഞ്ഞു. ഓഫർ ലെറ്റർ തരുമ്പോൾ ബാക്കി 40000 രൂപ തന്നാൽ മാതിയെന്നും പറഞ്ഞു. ഇഷ്ടമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും ഞാൻ കൊറോണ ബാച്ചായതുകൊണ്ട് പ്ലസ് ടു സർട്ടിഫിക്കറ്റ് കിട്ടാൻ താമസിച്ചു. അങ്ങനെയായതുകൊണ്ട് പല കോഴ്‌സുകളും ഫുള്ളായി. അപ്പോൾ അവർ പറഞ്ഞ കോഴ്‌സ് തന്നെ എടുക്കേണ്ടി വന്നു. ഡാറ്റാ അനാലിറ്റിക്‌സ് വലിയ കുഴപ്പമില്ലാത്ത കോഴ്‌സ് ആയതുകൊണ്ട് അതിന് ജോയിൻ ചെയ്യാമെന്ന് വിചാരിച്ചു. അങ്ങനെ ഒരാഴ്ചകൊണ്ട് ഓഫർ ലെറ്റർ വന്നു. യൂണിവേഴ്‌സിറ്റി ഓഫ് മെസീനയുടെ ഓഫർ ലെറ്ററാണ് വന്നത്. എനിക്കും എന്റെ സുഹൃത്തിനും മുപ്പതോളം മലയാളി വിദ്യാർഥികൾക്കും അതേ യൂണിവേഴ്‌സിറ്റിയിൽ നിന്നുമാണ് ഓഫർ ലെറ്റർ വന്നത്. അത് റോമിൽ നിന്നും കുറേ ദൂരെയുള്ള ഒരു ദ്വീപ് പ്രദേശമാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഓഫർ ലെറ്റർ വന്നപ്പോൾ തന്നെ രണ്ടാം ഗഡുവായ 40000 രൂപയും ഞാൻ അവർക്ക് നൽകി.

വിസയുടെ കാര്യമൊക്കെ അവർ തന്നെ ചെയ്ത് തരുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ നിർദേശങ്ങൾ മാത്രമെ തരുകയുള്ളുവെന്നും ബാക്കി കാര്യങ്ങളൊക്കെ നമ്മൾ തന്നെ ചെയ്യണമെന്നും പിന്നെയാണ് പറയുന്നത്. നോർക്കറൂട്ട്സ് വഴി അറ്റസ്‌റ്റേഷനൊക്കെ ചെയ്യിച്ചു. അവർ നിർദേശിച്ച ആളുവഴി അവിടെ അക്കോമഡേഷനും ഇൻഷുറൻസുമൊക്കെ എടുത്തു. അതിനുശേഷമാണ് പറയുന്നത്, അങ്ങോട്ടേക്ക് കയറിപ്പോകാൻ അക്കൗണ്ടിൽ 12 ലക്ഷം രൂപ കാണിക്കണമെന്ന്. അവർ തന്നെ ഒരു ആളിനെ ശരിയാക്കി തന്നു. നമ്മൾ പിന്നീട് പണം അടയ്ക്കുന്നതിന് അനുസരിച്ച് 12 ലക്ഷം രൂപ അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്യാമെന്നാണ് പറഞ്ഞത്. എനിക്കന്ന് 18 വയസ് ആകാത്തതുകൊണ്ട് എന്റെ അക്കൗണ്ടിൽ പൈസയിടാൻ പറ്റില്ലായിരുന്നു. അതുകൊണ്ട് എന്റെയും ഉമ്മയുടെയും മ്യൂച്ചൽ അക്കൗണ്ടിലാണ് പൈസയിട്ടത്. ഞാൻ മൈനറാണെന്ന കാര്യം അവരോട് നേരത്തെ തന്നെ പറഞ്ഞതായിരുന്നു. എന്നാൽ വിസ അപേക്ഷ നൽകുന്ന അവസാന ഘട്ടത്തിലാണ് പറയുന്നത് മൈനറായതുകൊണ്ട് അപേക്ഷ നൽകാൻ പറ്റില്ലെന്ന്. എന്നാൽ മാതാപിതാക്കൾക്ക് എതിർപ്പില്ലെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകിയാൽ അത് ശരിയാകുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മാതാപിതാക്കൾ ഒപ്പിട്ട സർട്ടിഫിക്കറ്റിൽ നമ്മുടെ സ്ഥലം കലക്ടറോ സ്ഥലം ഡി.വൈ.എസ്.പിയോ ഒപ്പിട്ട് തരേണ്ടതുണ്ട്. അതൊക്കെ ഒരുവിധം ശരിയാക്കി നവംബർ മാസമാണ് ഞാൻ അപേക്ഷ നൽകുന്നത്. ഡിസംബർ ആകുമ്പോൾ എനിക്ക് 18 വയസാവുകയും ചെയ്യുമായിരുന്നു. എന്നാൽ ഇതൊക്കെ ചെയ്തിട്ടും എനിക്ക് വിസ അപേക്ഷിക്കാൻ പറ്റില്ലെന്നാണ് അവർ പറഞ്ഞത്. അങ്ങനെയാണെങ്കിൽ തന്ന പൈസ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടു. വിസ കിട്ടാത്ത സ്ഥിതിക്ക് പൈസ തിരിച്ച് തരുമെന്ന് അവർ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഞങ്ങൾക്കൊപ്പം അപേക്ഷിച്ച ആർക്കും തന്നെ വിസ കിട്ടിയില്ലായെന്ന് പിന്നീടറിഞ്ഞു. കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇത്തരത്തിൽ പറ്റിക്കപ്പെട്ടു. പൈസ തിരിച്ച് തരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും ഞങ്ങൾക്കാർക്കും കിട്ടിയിട്ടില്ല. വിസയും കിട്ടിയില്ല കൊടുത്ത പൈസയും കിട്ടിയില്ല.”
