KEAM പരീക്ഷാഫലം
ഹൈക്കോടതി റദ്ദാക്കി,
സർക്കാർ അപ്പീലിന്

കേരള സിലബസ് വിദ്യാർത്ഥികളുടെ മാർക്ക് വെട്ടിക്കുറക്കുന്ന 'സമീകരണം' അവസാനിപ്പിക്കാനുള്ള തീരുമാനം മന്ത്രിസഭായോഗത്തിൽ പൊടുന്നനെ എടുത്ത്, തൊട്ടടുത്തദിവസം റിസൾട്ട് പ്രഖ്യാപിക്കുകയായിരുന്നു. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പ്രോസ്‌പെക്റ്റസിൽ ഭേദഗതി വരുത്താൻ വ്യവസ്ഥയുണ്ട് എന്ന് മന്ത്രി ഡോ. ആർ. ബിന്ദു.

News Desk

ഞ്ചിനീയറിങ് പ്രവേശനം തുടങ്ങാനിരിക്കേ, ഈ വർഷത്തെ 'കീം' (Kerala Engineering Architecture Medical - KEAM) പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്‌പെക്ടസിൽ അവസാന നിമിഷം വരുത്തിയ മാറ്റം നിയമപരമല്ലെന്നും റാങ്ക് പട്ടികയിൽ പുനഃക്രമീകരണം നടത്തണമെന്നും ജസ്റ്റിസ് ഡി. കെ. സിങ്ങിന്റെ ബെഞ്ച് പറഞ്ഞു.

വിധിക്കെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ഭൂരിപക്ഷം കുട്ടികൾക്കും പ്രയാസമുണ്ടാക്കുന്ന സ്ഥിതി ഒഴിവാക്കാനായിരുന്നു സർക്കാർ ശ്രമം. എല്ലാ വിദ്യാർത്ഥികൾക്കും നീതിയാണ് ലക്ഷ്യം. മാറ്റത്തിനുപിന്നിൽ നിക്ഷിപ്ത താൽപര്യമില്ല, സുതാര്യമായാണ് നടപടിയെടുത്തത്. തീരുമാനമെടുക്കാനുണ്ടായ കാലതാമസത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രോസ്‌പെക്റ്റസിൽ മാറ്റം വരുത്താൻ വ്യവസ്ഥയുണ്ട് എന്ന് മന്ത്രി പറഞ്ഞു.

പ്രോസ്‌പെക്റ്റസിൽ മാറ്റം വരുത്താൻ വ്യവസ്ഥയുണ്ട് എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു.
പ്രോസ്‌പെക്റ്റസിൽ മാറ്റം വരുത്താൻ വ്യവസ്ഥയുണ്ട് എന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു.

കേരള സിലബസ് വിദ്യാർത്ഥികളുടെ മാർക്ക് വെട്ടിക്കുറക്കുന്ന 'സമീകരണം' അവസാനിപ്പിച്ച് തമിഴ്നാട് മാതൃകയിൽ മാർക്ക് ഏകീകരണം നടപ്പാക്കാനുള്ള തീരുമാനമെടുത്ത് തൊട്ടടുത്ത ദിവസമാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. പുതിയ ഫോർമുല പ്രോസ്‌പെക്ടസിൽ ഉൾപ്പെടുത്തി, അതിൽ മാറ്റം വരുത്താനുള്ള സമയം നൽകിവേണം റിസൾട്ട് പ്രഖ്യാപിക്കാൻ എന്ന് ഈ വിഷയവുമായി ബന്ധപ്പെട്ടവർ നേരത്തെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ, വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൈയിൽവച്ച് താമസിപ്പിച്ചശേഷമാണ്, മന്ത്രിസഭായോഗത്തിൽ പൊടുന്നനെ തീരുമാനമെടുത്ത്, തൊട്ടടുത്തദിവസം റിസൾട്ട് പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ, പരീക്ഷാഫലത്തിലെ വെയ്‌റ്റേജിൽ തിടുക്കത്തിലെടുത്ത മാറ്റം നിയമപരമല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

'കീം' പ്രവേശന പരീക്ഷയിലെ സമീകരണം നിർത്തലാക്കിയ സർക്കാർ നടപടിക്കെതിരെ CBSE സ്‌കൂളുകളുടെ കൺസോർഷ്യവും ചില സി.ബി.എസ്.ഇ വിദ്യാർത്ഥികളുമായി റിട്ട് ഹർജികൾ നൽകിയത്. ‘കീ’മിലെ സമീകരണ രീതി പരിഷ്‌കരണം റദ്ദാക്കുക, റാങ്ക് ലിസ്റ്റ് റദ്ദാക്കുക, CBSE സ്‌കൂളുകൾക്ക് ലഭിച്ചുകൊണ്ടിരുന്ന മുൻഗണന നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചത്. പരീക്ഷ കഴിഞ്ഞ് സ്‌കോർ പ്രസിദ്ധീകരിച്ചശേഷം റിസൾട്ടിൽ കാതലായ മാറ്റം വരുത്താനാകുമോ എന്നായിരുന്നു ഹർജിക്കാരുടെ ചോദ്യം. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനുതൊട്ടുമുമ്പ് വരുത്തിയ മാറ്റം, ഒരു വിഭാഗം വിദ്യാർത്ഥികളെ സഹായിക്കാനുള്ള സർക്കാറിന്റെ ബോധപൂർവശ്രമമായിരുന്നുവെന്നും അത് സി.ബി.എസ്.ഇ വിദ്യാർത്ഥികളോടുള്ള വിവേചനവുമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. പുതിയ സമവാക്യം മൂലം CBSE വിദ്യാർഥികൾക്ക് മുമ്പുണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്നും പ്രോസ്‌പെക്ടസിലെ നിർദേശത്തിനുവിരുദ്ധമാണ് പുതിയ സമവാക്യമെന്നും ഹർജിക്കാരിൽ ഒരാളായ സി ബി എസ് ഇ സിലബസിൽ പ്ലസ്ടു വിജയിച്ച വിദ്യാർഥിനി ഹന ഫാത്തിമ ചൂണ്ടിക്കാട്ടി.
മലയാള ഐക്യവേദിയും ഐക്യമലയാള പ്രസ്ഥാനവും മലയാളം അധ്യാപക ഫെഡറേഷനും സംയുക്തമായി കേസിൽ കക്ഷിചേർന്നിരുന്നു.

എന്തായിരുന്നു മാറ്റം?

വിവിധ പരീക്ഷാ ബോർഡുകളുടെ വ്യത്യസ്തമായ പരമാവധി മാർക്കുകൾ നൂറിലേക്ക് മാറ്റുന്ന രീതിയാണ് ഇത്തവണ ‘കീം’ പരീക്ഷാഫലത്തിൽ സ്വീകരിച്ചത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളുടെ മാർക്ക്, ഔട്ട് ഓഫ് 100 എന്ന സ്‌കെയിലിലേക്ക് കൊണ്ടുവന്നു. കേരള സിലബസ്, സി.ബി.എസ്.ഇ അടക്കം ഏത് സ്ട്രീമിൽ പരീക്ഷയെഴുതിയാലും സ്കോറുകളെല്ലാം ഒരേ സ്‌കെയിലിലാകും. ‘കീ’മിലും പ്ലസ് ടുവിനും ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് 300 + 300 = 600 ആയി ഏകീകരിച്ച്, 600 എന്ന ഇൻഡക്സ് മാർക്കിലാണ് സ്കോർ നിശ്ചയിച്ചത്. ഏകീകരണത്തിലൂടെ ഓരോ വിഷയത്തിനും ലഭിക്കുന്ന മാർക്ക് 5:3:2 എന്ന അനുപാതത്തിലാണ് റാങ്ക് പട്ടികയിൽ പരിഗണിച്ചത്. അതായത് മൂന്ന് വിഷയങ്ങൾക്കും ആകെയുള്ള 300 മാർക്കിൽ, മാത്തമാറ്റിക്സിന് 150 മാർക്കിന്റെയും ഫിസിക്സിന് 90 മാർക്കിന്റെയും കെമിസ്ട്രിക്ക് 60 മാർക്കിന്റെയും വെയ്റ്റേജാണ് നൽകിയത്.

കേരള സിലബസ് വിദ്യാർത്ഥികളുടെ മാർക്ക് വെട്ടിക്കുറക്കുന്ന 'സമീകരണം' അവസാനിപ്പിച്ച് തമിഴ്നാട് മാതൃകയിൽ മാർക്ക് ഏകീകരണം നടപ്പാക്കാനുള്ള തീരുമാനമെടുത്ത് തൊട്ടടുത്ത ദിവസമാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
കേരള സിലബസ് വിദ്യാർത്ഥികളുടെ മാർക്ക് വെട്ടിക്കുറക്കുന്ന 'സമീകരണം' അവസാനിപ്പിച്ച് തമിഴ്നാട് മാതൃകയിൽ മാർക്ക് ഏകീകരണം നടപ്പാക്കാനുള്ള തീരുമാനമെടുത്ത് തൊട്ടടുത്ത ദിവസമാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

2011-മുതലാണ് സമീകരണം എന്ന പ്രക്രിയ തുടങ്ങിയത്. പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണവും ശരാശരി സ്‌കോറും മറ്റും പരിഗണിച്ച് എൻട്രൻസ് പരീക്ഷാ കമീഷണറേറ്റ്, 12-ാം ക്ലാസിലെ മാർക്ക് സമീകരിക്കുന്ന രീതിയായിരുന്നു ഇത്. സി ബി എസ് ഇ അടക്കമുള്ള മറ്റ് സിലബസുകളിലെ വിദ്യാർത്ഥികൾക്ക് മെച്ചം ലഭിക്കുന്ന രീതിയിലായിരുന്നു ഇത് നടപ്പാക്കിയിരുന്നത്. 2022-ലും 23-ലുമെല്ലാം ഭീകരമായ രീതിയിൽ സ്‌കോർവെട്ടിക്കുറക്കൽ തുടർന്നു. 2023-ൽ 18-ഓളം സ്‌കോർ കുറയ്ക്കുകയും പത്തോ പതിമൂന്നോ സ്‌കോർ സി.ബി.എസ്.സി വിദ്യാർത്ഥികൾക്ക് കൂട്ടിക്കൊടുക്കുകയും ചെയ്തു.

2024-ൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് മൂന്നു വിഷയങ്ങളിലും കൂടി, 300-ൽ 27 മാർക്ക് കുറയ്ക്കുകയും സി.ബി.എസ്.സിക്ക് എട്ട് സ്‌കോർ കൂട്ടിക്കൊടുക്കുകയും ചെയ്തു. അതായത്, 35 സ്‌കോറിന്റെ വ്യത്യാസം. ഒന്നാം റാങ്കിലെത്തുന്ന കേരള സിലബസ് വിദ്യാർത്ഥി നൂറിൽ നൂറ് മാർക്ക് യോഗ്യതാപരീക്ഷയിലും എൻട്രൻസിലും വാങ്ങിയാലും 84-ാം റാങ്കിലേക്ക് തരംതാഴ്ത്തപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതിനെതിരെ വൻ പ്രതിഷേധമുയർന്നതിനെതുടർന്നാണ്, വിഷയം പരിശോധിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്.

സർക്കാരിന്റെ ഈ വിഷയത്തിലുള്ള നിയമപ്പോരാട്ടങ്ങൾ അങ്ങേയറ്റം ആത്മാർത്ഥമാവേണ്ടതുണ്ടെന്ന് കേരള സിലബസ് വിദ്യാർത്ഥികളോടുള്ള ഈ വിവേചനം ട്രൂകോപ്പി തിങ്കിലൂടെ തുടർച്ചയായി ഉന്നയിച്ച പി. പ്രേമചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു: ‘‘യഥാർത്ഥത്തിൽ സർക്കാരിനൊപ്പം പൊതുവിദ്യാലയങ്ങളിലെ കുഞ്ഞുങ്ങളെ അണിനിരത്തി ഈ വിഷയത്തിൽ വലിയ നിയമപ്പോരാട്ടം നടത്തേണ്ടത് ഈ മേഖലയിലെ പ്രബലരായ അധ്യാപക വിദ്യാർത്ഥി സംഘടനകളാണ്. പൊതുവിദ്യാലയങ്ങൾ ഇല്ലെങ്കിൽ നിലനിൽപ്പ് പോലും ഇല്ലാത്തവരാണ് അവരൊക്കെ. സർക്കാരിന്റെ ഈ വിഷയത്തിലുള്ള നിയമപ്പോരാട്ടങ്ങൾ അങ്ങേയറ്റം ആത്മാർത്ഥമാവേണ്ടതുണ്ട്. കപ്പലിൽ തന്നെ കൂടുന്ന കള്ളന്മാരാണ് പലപ്പോഴും കേസുകൾ തോറ്റുകൊടുത്തുപോലും നിക്ഷിപ്തതാത്പര്യങ്ങൾ സംരക്ഷിക്കാൻ കൂട്ടുനിൽക്കുന്നത്. ഇത് സർക്കാരിന്റെ സ്പഷ്ടമായ ഒരു രാഷ്ട്രീയതീരുമാനമാണ്. അതിനൊപ്പം അടിയുറച്ചു നിൽക്കുന്നു. എന്തെന്തുതിരിച്ചടിയുണ്ടായാലും ഈ നിയമപോരാട്ടം തുടരും. സ്വകാര്യ ട്യൂഷൻ / എൻട്രൻസ്/ സി ബി എസ് ഇ ലോബികളുടെ ഇംഗിതങ്ങൾക്ക് കുടപിടിക്കാതെ, കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ പി ടി എ കൾ, അധ്യാപക വിദ്യാർത്ഥി സംഘടനകൾ എന്നിവ അടിയന്തിരമായും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ്. ഇപ്പോഴില്ലെങ്കിൽ ഇത് ഒരിക്കലും പ്രാപ്യമാവില്ല. സി ബി എസ് ഇ അപമാനങ്ങളുടെ കാൽച്ചുവട്ടിൽ കിടക്കാൻ പൊതുവിദ്യാഭ്യാസത്തിനു സൗകര്യമില്ല എന്ന് ഉറക്കെ പറഞ്ഞേപറ്റൂ’’- കോടതി വിധി വരുന്നതിനുമുമ്പ് പ്രേമചന്ദ്രൻ പോസ്റ്റ് ​ചെയ്ത കുറിപ്പിൽ പറയുന്നു.

കോടതി നടപടി നീണ്ടുപോയാൽ ഈ വർഷത്തെ എഞ്ചിനീയറിങ് പ്രവേശനം അത്യന്തം സങ്കീർണമായേക്കാം.

Comments