PM SHRI പദ്ധതിയിൽ ഒപ്പിട്ടത് കേരളത്തിന്റെ പ്രധാന നയംമാറ്റമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിന് അവകാശപ്പെട്ട ഫണ്ടുകൾ തടഞ്ഞുവെക്കുന്നതിനെതിരായ തന്ത്രപരമായ തീരുമാനം മാത്രമല്ല ഈ ഒപ്പിടൽ എന്നർഥം. ആർ.എസ്.എസ് പദ്ധതിയെന്നായിരുന്നു സി.പി.എമ്മും എൽ.ഡി.എഫ് സർക്കാറും ഇതുവരെ കേരളീയരെ പറഞ്ഞുപഠിപ്പിച്ചിരുന്നത്. ആ നിലപാട് ലോകാവസാനം വരെ തുടരാനാകില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. ലോകബാങ്കിൽനിന്ന് കാശു വാങ്ങില്ല എന്ന ആദ്യകാല നിലപാട് പിന്നീട് മാറി, ഐക്യകേരള രൂപീകരണത്തിനുശേഷം വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളിൽ നയംമാറ്റങ്ങളുണ്ടായി, അതിന്റെ തുടർച്ചയാണ് പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് എന്നാണ് ശിവൻകുട്ടി വിശദീകരിച്ചത്.
ഈ നയംമാറ്റത്തിന്റെ നടപടിക്രമങ്ങളും ശിവൻകുട്ടി വിശദീകരിച്ചു. അത് ഇങ്ങനെയാണ്:
NEP-യുടെ ഭാഗമായ PM SHRI പദ്ധതിയെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നു. അതേക്കുറിച്ച് വിദ്യാഭ്യാസമന്ത്രി കേന്ദ്ര സർക്കാറുമായി ചർച്ച നടത്തി.
കേന്ദ്രം പറഞ്ഞു; കരാറിൽ ഒപ്പിടേണ്ട, പ്രിൻസിപ്പൽ സെക്രട്ടറി ഒരു കത്ത് നൽകിയാൽ മതി. സംസ്ഥാന തലത്തിൽ ഒരു അക്കാദമിക് കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണെന്നും, ആ കമ്മിറ്റി കേരളത്തിന്റെ സാഹചര്യത്തിൽ ഇതെങ്ങനെ നടത്താനാകും എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാം എന്ന നിലയിൽ കേന്ദ്രത്തിന് അഫിഡവിറ്റ് കൊടുത്തു. അതിന്റെ പേരിൽ ആ വർഷം കാശ് കിട്ടി.
അതിനുശേഷം, കേന്ദ്രം നിലപാട് കർശനമാക്കി. തീരുമാനമെടുത്തില്ലെങ്കിൽ കാശ് തരില്ല എന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി മുന്നറിയിപ്പു നൽകി. പണം നഷ്ടമാകാൻ പാടില്ല എന്നതുകൊണ്ട് കേന്ദ്രത്തിന്റെ ഭീഷണിയ്ക്ക് വഴങ്ങി എന്നാണ് ശിവൻകുട്ടി പറഞ്ഞതിൽനിന്ന് മനസ്സിലാകുന്നത്.

അതായത്, കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി നേടിയെടുത്ത നയംമാറ്റമാണ് PM SHRI പദ്ധതിയിലൂടെ എൽ.ഡി.എഫ് സർക്കാർ ഒളിച്ചുകടത്തുന്നത്. ഒളിച്ചുകടത്തുന്നതുതന്നെ. കാരണം, PM SHRI ധാരണാപത്രം ഒപ്പിടുന്നതുവരെയുള്ള നടപടികൾ ചില സി.പി.എം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരും അറിഞ്ഞിട്ടില്ല. മുന്നണിയിലെയും മന്ത്രിസഭയിലെയും മറ്റെല്ലാവരെയും ഇരുട്ടിൽനിർത്തി ഒപ്പിട്ട നിഗൂഢ കരാറാണിത് എന്ന് ബിനോയ് വിശ്വം തന്നെയാണ് സൂചിപ്പിച്ചത്. രണ്ടു തവണ കാബിനറ്റിൽ PM SHRI അജണ്ടയിൽ വന്നു. രണ്ടു തവണയും നയപരമായ തീരുമാനങ്ങൾക്കായി മാറ്റിവെച്ചു എന്നാണ് ബിനോയ് വിശ്വം പറയുന്നത്. അത്തരമൊരു കരാറിലാണ്, ഒരു സുപ്രഭാതത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ദൽഹിയിലേക്ക് അയച്ച് ഒപ്പിട്ടത്.
കേന്ദ്ര ഭീഷണിയ്ക്ക് വഴങ്ങുന്നതിനുമുമ്പ് നേരിയ പ്രതിരോധം പോലും ഉയർത്തിയില്ല എന്നു മാത്രമല്ല, സ്വന്തം ഘടകക്ഷികളെ പോലും അറിയിക്കാതെ സി. പി. എമ്മും കേന്ദ്രവും തമ്മിലുള്ള തന്ത്രപരമായ ഇടപാടായി പി.എം ശ്രീ മാറിയത് എന്തുകൊണ്ടാണ്?
ഒക്ടോബർ 16-ന് ഒപ്പിട്ട എം.ഒ.യു, 22ാം തീയതി നടന്ന മന്ത്രിസഭായോഗത്തിൽനിന്നുപോലും മറച്ചുവെച്ചു. 16-ാം തീയതി ഒപ്പിടുന്നതിനും മുമ്പെ ഇതുസംബന്ധിച്ച തീരുമാനമെടുത്തിരിക്കുമല്ലോ? സി.പി.എമ്മിലെ ചുരുക്കം ചിലരല്ലാതെ അക്കാര്യം ആരും അറിഞ്ഞില്ല എന്നത് അത്യന്തം ദുരൂഹമാണ്.
എം.ഒ.യുവിലെ വ്യവസ്ഥകളെക്കുറിച്ച് ചർച്ച ചെയ്യാം എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറയുന്നത്. അപ്പോൾ വ്യവസ്ഥകൾ പരിശോധിക്കാതെയാണോ എം.ഒ.യു ഒപ്പിട്ടത്? ഒപ്പിടുന്നതിനുമുമ്പല്ലേ ചർച്ച വേണ്ടിയിരുന്നത്? സംസ്ഥാന താൽപര്യത്തിനനുസരിച്ച് പദ്ധതി നടപ്പാക്കാം എന്ന ഉറപ്പ് കേന്ദ്രം നൽകിയിട്ടുണ്ടോ?
പി.എം ശ്രീയുടെ പേരിൽ സമഗ്രശിക്ഷാ ഫണ്ട് തടഞ്ഞുവെക്കുന്ന സാമ്പത്തിക ഉപരോധം കേന്ദ്ര സർക്കാരിന്റെ നീചമായ സമ്മർദ്ദതന്ത്രമാണ്. അത് അനിശ്ചിത കാലത്തേക്ക് തുടരാനാകില്ല. അത്തരം ഉപരോധങ്ങളെ നേരിടാനുള്ള നിയമപരമായ വഴികൾ മുന്നിലുണ്ട്. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടില്ലെങ്കിൽ സമഗ്ര ശിക്ഷ ഫണ്ട് നൽകില്ല എന്ന ഭരണഘടനാവിരുദ്ധമായ നടപടിക്കെതിരെ കേരളം എന്തുകൊണ്ട് സുപ്രീംകോടതിയിൽ പോയില്ല?.
ഈയൊരു ഒപ്പിനോടൊപ്പം ചുവപ്പുപരവതാനി വിരിച്ചാനയിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം അത്ര അപകടം പിടിച്ച സംഗതിയല്ല എന്നൊരു തിരുത്തൽ കൂടി സി.പി.എം സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. അതായത്, കേന്ദ്രം പാഠപുസ്തകങ്ങൾ അച്ചടിച്ച് കേരളത്തിൽ ഇറക്കും എന്ന തെറ്റിധാരണയായിരുന്നു പാവം സംസ്ഥാന സർക്കാറിന്. അങ്ങനെയൊന്നും സംഭവിക്കില്ല, പാഠ്യപദ്ധതി മാറില്ല, മോദിയുടെ പടം വെക്കണമെന്ന് നിർബന്ധമില്ല, കേരളത്തിന് നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ നടപ്പാക്കിയാൽ മതി. ഇത്രയും നല്ലൊരു നയത്തെയാണല്ലോ ഇത്രയും കാലം പടിക്കുപുറത്തുനിർത്തിയത് എന്നൊരു ഖേദം കൂടി ശിവൻകുട്ടിയ്ക്കുണ്ട്. അതുകൊണ്ടാണ്, എൻ.ഇ.പിയിൽ എന്താണ് കുഴപ്പം എന്ന് മന്ത്രി ചോദിച്ചത്. എന്നാൽ വലിയ കുഴപ്പങ്ങളുണ്ടെന്ന് സ്വന്തം ഓർമ വീണ്ടെടുത്താൽ മന്ത്രിയ്ക്ക് മനസ്സിലാകും.

ദേശീയ വിദ്യാഭ്യാസനയത്തിന്റെ ലബോറട്ടറി എന്നാണ് പി.എം ശ്രീ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. അതായത്, ദേശീയ വിദ്യാഭ്യാസ നയം സമ്പൂർണമായി നടപ്പാക്കാനുള്ള വ്യവസ്ഥയാണിതെന്ന് വ്യക്തമായി തന്നെ പറയുന്നുണ്ട്. എൻ.ഇ.പി എത്രത്തോളം മികവോടെ നടപ്പാക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പി.എം ശ്രീ സ്കൂളുകളുടെ മൂല്യനിർണയം നടത്തുക. ആ നിലയ്ക്ക്, എൻ.ഇ.പിയെ കേരളത്തിന്റെ സാഹചര്യത്തിനനുസരിച്ചാണ് നടപ്പാക്കുക എന്ന വാദത്തിന് എന്തർഥമാണുള്ളത്? ഇനി, അത്തരമൊരു ഉപാധി കേരളം കേന്ദ്രത്തിനുമുന്നിൽ വച്ചിട്ടുണ്ടോ? അതിന് കേന്ദ്രം അനുമതി നൽകിയിട്ടുണ്ടോ?
സംസ്ഥാന താൽപര്യം സംരക്ഷിക്കാൻ കേന്ദ്രത്തിന് ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കിൽ ഭീഷണിയും ഭരണഘടനാവിരുദ്ധമായി ഫണ്ട് തടഞ്ഞുവെക്കലും പോലുള്ള സമ്മർദങ്ങൾ പ്രയോഗിക്കുമായിരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ, ‘സെലക്റ്റീവ് ഇംപ്ലിമെന്റേഷൻ' എന്നത് അനുവദിക്കപ്പെടില്ല എന്നുറപ്പാണ്.
സമഗ്രശിക്ഷാഫണ്ടിന്റെ കുടിശ്ശികയും രണ്ടു വർഷത്തെ പി.എം ശ്രീ ഫണ്ടും അടക്കം കേരളത്തിന് കിട്ടാൻ പോകുന്നത് 1476 കോടി രൂപയാണ്. മാത്രമല്ല, 2027-ൽ അവസാനിക്കുന്ന ഈ പദ്ധതിയ്ക്ക് മുൻവർഷങ്ങളിലെ കുടിശ്ശിക കിട്ടില്ല. 40 ശതമാനം തുക സംസ്ഥാനം വഹിക്കേണ്ടതിനാൽ, കേരളത്തിന് തുച്ഛമായ തുകയാണ് പി.എം ശ്രീ വഴി കിട്ടുക.
അതിന് കേരളം കൊടുക്കേണ്ടത് വലിയ വിലയാണ്. അടിസ്ഥാന സൗകര്യവികസനം മാത്രമല്ല പി.എം ശ്രീയിലുള്ളത്. കരിക്കുലം, പാഠ്യപദ്ധതി, സിലബസ്, അധ്യാപക നിയമനം, മൂല്യനിർണയം, മേൽനോട്ടം തുടങ്ങി സ്കൂൾ വിദ്യാഭ്യാസത്തിന്റെ സകല മേഖലകളിലും സമഗ്ര കേന്ദ്ര ഇടപെടൽ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. സംസ്ഥാനത്തെ മറ്റു സ്‌കൂളുകളുടെ മേൽ പരോക്ഷനിയന്ത്രണം സാധ്യമാക്കുന്ന ഒന്നാണ് പി.എം ശ്രീ സ്‌കൂളുകൾക്കുള്ള മെന്റർഷിപ്പ്.
പദ്ധതി അംഗീകരിച്ചുകഴിഞ്ഞ സ്ഥിതിക്ക്, നയത്തിൽനിന്ന് വ്യതിചലിച്ചാൽ കേരളത്തെ കാത്തിരിക്കുന്നത്, ഇതിലൂം രൂക്ഷമായ സാമ്പത്തിക - അക്കാദമിക ഉപരോധങ്ങളായിരിക്കുമെന്നുറപ്പാണ്. സ്വന്തം മുന്നണിയെ പോലും വിശ്വാസത്തിലെടുക്കാതെ കീഴടങ്ങിയ ഒരു സർക്കാർ സംവിധാനം ഭാവിയിൽ എന്ത് ചെറുത്തുനിൽപ്പ് നടത്താനാണ്?
ബി.ജെ.പി സർക്കാറിന്റെ പൊളിറ്റിക്കൽ ബ്രാൻഡിങ് ആണ് പി.എം ശ്രീ പദ്ധതി. 'ഒരു രാജ്യം ഒരു സ്‌കൂൾ' എന്ന ഫെഡറൽ വിരുദ്ധമായ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് ഇന്ത്യയിലെ 14,500 സ്‌കൂളുകളെ കൊണ്ടുവരികയാണ്. വിദ്യാഭ്യാസ ബജറ്റിന്റെ നല്ലൊരു ശതമാനം ഫണ്ട് ഏതാനും സ്‌കൂളുകൾക്കുമാത്രമായി നീക്കിവെക്കുന്നു. സ്‌കൂളുകളുടെ തെരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾക്കായിരിക്കും മുൻതൂക്കം. കേന്ദ്രീയ വിദ്യാലയ സംഘാതൻ, നവോദയ വിദ്യാലയ സമിതി തുടങ്ങിയ കേന്ദ്ര സർക്കാർ സംവിധാനങ്ങൾക്ക് മുൻതൂക്കമുള്ള സമിതിയാണ് പദ്ധതിയിലേക്കുള്ള സ്‌കൂളുകളുടെ പരിശോധന നടത്തുക. കേന്ദ്ര ഇടപെടലോടെ പ്രത്യേകമായി തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും പ്രിവിലേജ്ഡ് സ്‌കൂളുകൾക്ക് കേരളം മുന്നോട്ടുവെക്കുന്ന പൊതുവിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമൂല്യങ്ങളുമായി ചേർന്നുപോകാനാകുമോ?

ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാന താൽപര്യങ്ങൾക്കനുസൃതമായി നടപ്പാക്കാൻ കഴിയുന്ന ഫെഡറൽ നയമല്ല. അതിനു പുറകിൽ വ്യക്തമായ രാഷ്ട്രീയ - സാമ്പത്തിക താൽപര്യങ്ങളുണ്ട്. അതിനെതിരെ രാഷ്ട്രീയവും നിയമപരവും ഐഡിയോളജിക്കലുമായ പ്രതിരോധം ഉയർത്തിക്കൊണ്ടുവേണം സംസ്ഥാന താൽപര്യം സംരക്ഷിക്കാൻ. അതിനുവേണ്ടത്, കേരളത്തിലെ 336 സ്‌കൂളുകൾ പി.എം ശ്രീ പദ്ധതിയിൽ ഇല്ല എന്ന പ്രഖ്യാപനമായിരുന്നു.
ചുരുക്കത്തിൽ, കേന്ദ്ര വിദ്യാഭ്യാസ വകുപ്പും എ.ബി.വി.പിയും ബി.ജെ.പിയുമെല്ലാം എൽ.ഡി.എഫ് സർക്കാറിന് നൽകുന്ന പൂച്ചെണ്ടും പൊന്നാടയും അറപ്പു കൂടാതെ അണിയാനുള്ള ഭരണതന്ത്രജ്ഞതയെ ഇനി ഇടതുപക്ഷം എന്ന് വിളിക്കുകയെങ്കിലും ചെയ്യരുത്. ഭരണപരമായി നടപ്പാക്കാൻ കഴിയുന്നതല്ല ഇടതുപക്ഷത്തിന്റെ പല മുദ്രാവാക്യങ്ങളും എന്ന എം.വി. ഗോവിന്ദന്റെ തിയറിയും വെച്ചുകൊണ്ട്, ആർ.എസ്.എസ് നയങ്ങൾക്കും ബി.ജെ.പി സർക്കാറിനും എതിരെ ഇടതുപക്ഷബദൽ കെട്ടിപ്പടുക്കും എന്നെല്ലാമുള്ള വലിയ നുണകൾ ഇനിയും ആവർത്തിക്കരുത്.
പി. എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച മറ്റ് ലേഖനങ്ങൾ വായിക്കാം

