സാരി അടിച്ചേൽപ്പിക്കുന്നത് പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ല- മന്ത്രി ആർ. ബിന്ദു

Think

ധ്യാപികമാർക്ക് സാരി അടിച്ചേൽപ്പിക്കുന്ന രീതി കേളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ അകാരണമായി ഇടപെടാൻ മറ്റാർക്കും അവകാശമല്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 2014ൽ മെയ് 9-ന് ഇത് വ്യക്തമാക്കി ഒരു സർക്കുലർ സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രവൃത്തി ആവർത്തിച്ചുവരുന്നതായി അറിയാൻ സാധിച്ചതിനാൽ വീണ്ടും ഒരു ഉത്തരവ് കൂടി പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു.

കൊടുങ്ങല്ലൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപന അധികാരികൾ എല്ലാ ദിവസവും സാരി ഉടുക്കണമെന്ന് നിർബന്ധിച്ചതായി അടുത്തിടെ ഒരു അധ്യാപിക പരാതിപ്പെട്ടിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകർക്ക് ഇഷ്ടമുള്ള, അവർക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്.- മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.

അധ്യാപികമാരുടെ വസ്ത്രധാരണം സംബന്ധിച്ച സർക്കാർ ഉത്തരവ്
അധ്യാപികമാരുടെ വസ്ത്രധാരണം സംബന്ധിച്ച സർക്കാർ ഉത്തരവ്

താനും ഒരു അധ്യാപികയാണെന്നും കേരള വർമയിൽ പഠിപ്പിച്ചിരുന്ന സമയത്ത് ചുരിദാർ ധരിച്ച് പോകുമായിരുന്നെന്നും ആർ. ബിന്ദു പറഞ്ഞു. അധ്യാപകർക്ക് കർത്തവ്യങ്ങൾ ഏറെയുണ്ടെങ്കിലും കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ടതില്ല.

മന്ത്രി ആർ. ബിന്ദുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നാലഞ്ചു ദിവസം മുൻപ് ഒരു യുവ അധ്യാപിക ഒരു പരാതി രേഖപ്പെടുത്തി സംസാരിച്ചു. ഒരു മാസം മുമ്പ് കൊടുങ്ങല്ലൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ അവർക്ക് നേരിടേണ്ടിവന്ന ഒരനുഭവം പങ്കു വയ്ക്കാനാണ് വിളിച്ചത്. NET ക്ലിയർ ചെയ്തിട്ടുള്ള, MAയും B.Ed-ഉം ഉള്ള ആ അധ്യാപികയ്ക്ക് ജോലി വേണമെങ്കിൽ, എല്ലാ ദിവസവും സാരി ഉടുത്തേ പറ്റൂ എന്നൊരു നിബന്ധന അധികാരികൾ മുന്നോട്ടുവച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് പല ആവർത്തി വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒക്കെത്തന്നെ അധ്യാപകർക്ക് ഇഷ്ടമുള്ള, അവർക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. സാരി അടിച്ചേൽപ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ല.

ഞാനും ഒരു അധ്യാപികയാണ്. കേരള വർമയിൽ പഠിപ്പിച്ചിരുന്ന സമയത്ത് നിരന്തരം ചുരിദാർ ധരിച്ച് പോകുമായിരുന്നു. ഒരു അധ്യാപികയ്ക്ക് നൂറായിരം കർത്തവ്യങ്ങൾ വഹിക്കേണ്ടതായുണ്ട്. പക്ഷേ അസ്ഥാനത്തുള്ള കാലഹരണപ്പെട്ട ആശയങ്ങളെ മുറുക്കിപ്പിടിച്ച് ജീവിക്കേണ്ട ഒരു സാഹചര്യം ഒരിക്കലും ഈ പട്ടികയിൽ വരില്ല.

വസ്ത്രധാരണ രീതി ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ അകാരണമായി ഇടപെടാൻ മറ്റാർക്കും അവകാശമില്ല.
2014ൽ മെയ് 9ന് ഇത് വ്യക്തമാക്കി ഒരു സർക്കുലർ സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും ഇപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രവൃത്തി ആവർത്തിച്ചുവരുന്നതായി അറിയാൻ സാധിച്ചതിനാൽ, വീണ്ടും ഒരു ഉത്തരവ് കൂടി പുറപ്പെടുവിച്ചു.

Comments