കേരളത്തിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലുമുള്ള പോലെ സ്വകാര്യ സർവകലാശാലകൾ കേരളത്തിലും തുടങ്ങാനുള്ള നീക്കം സർക്കാർ നടത്തുന്നതിൽ ആർക്കാണ് ഇവിടെ ഇരിക്കപ്പൊറുതി ഇല്ലാത്തത്? കേരളത്തെ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തു ഇതൊരു ദിശാമാറ്റമാണ് ഉണ്ടാക്കാൻ പോകുന്നത്. പ്രതിപക്ഷമാകട്ടെ പത്തുവർഷം മുമ്പ് ഇടതുപക്ഷം സ്വകാര്യസർവകലാശാലകൾ തുടങ്ങുന്നതിനെ എതിർത്ത കഥകൾ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ ഉയരുന്ന ചോദ്യമിതാണ്, വർഷങ്ങൾക്കുമുമ്പ് എടുത്ത നിലപാടുകൾ അതേപടി തുടരേണ്ടതുണ്ടോ? അതൊരു ബാധ്യതയായി പ്രതിപക്ഷം ഇടതുപക്ഷത്തെ പഴിചാരുന്നത് രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി മാത്രമല്ലേ?
സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള തീരുമാനം എന്തുകൊണ്ട് സി.പി.എം നേതൃത്വം കൊടുക്കുന്ന സർക്കാരിന് എടുത്തുകൂടാ? കാലം ആവശ്യപ്പെടുമ്പോൾ പൊതുജനങ്ങളെ അണിനിരത്തി സമരം നടത്തിയെന്നുകരുതി ഇടതുപക്ഷത്തെ എന്തുകൊണ്ടാണ് വികസനവിരുദ്ധരെന്ന് മുദ്രകുത്തുന്നത്? കേരളത്തിൽ എന്തെങ്കിലും വികസനങ്ങൾ മുടക്കിയിട്ടുണ്ടെന്ന് ആക്ഷേപമുള്ള അവർ അതിനപ്പുറത്തു പലമടങ്ങു വികസനങ്ങൾ നടത്തിയിട്ടുമുണ്ട്. സ്വകാര്യ സർവകലാശാലകൾ വരുമ്പോൾ സ്വാഭാവികമായും മറ്റു സർക്കാർ സർവകലാശാലകൾക്ക് ഭീഷണിയാകുമെന്നത് എന്നും ഒരു യാഥാർഥ്യമാണ്. ഇന്ന് ഏതൊരു സ്വകാര്യ സർവകലാശാലയോടും പിടിച്ചുനിൽക്കാൻ നന്മുടെ സർക്കാർ സർവകലാശാലകൾ സജ്ജവുമാണ്. അങ്ങനെ നമ്മുടെ സർവകലാശാലകളെ മാറ്റിയെടുത്തതിൽ ഇടതുസർക്കാരിനു വലിയ പങ്കുണ്ട്. കഴിഞ്ഞ രണ്ടു ടേമിൽ ഭരിച്ച സർക്കാർ പൊതുവിദ്യാഭ്യാസത്തിനും, ഉന്നതവിദ്യാഭ്യാസത്തിനും നൽകിയ പ്രാധാന്യം മുമ്പെങ്ങും ഉണ്ടായിട്ടുമില്ല. അതുകൊണ്ടുതന്നെ പത്തുവർഷം മുമ്പ് എടുത്തുപറയത്തക്ക മേൻമ അവകാശപ്പെടാനില്ലാത്ത സർവകലാശാലകൾ സ്വകാര്യ സർവകലാശാലകളുടെ വരവോടെ ഭീഷണിയിലാവും എന്നതും, പാവപ്പെട്ട കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാകുമെന്ന ഭീഷണി പരിഗണിച്ചുകൊണ്ട് ഇടതുപക്ഷം നയിച്ച സമരങ്ങളെ ഇപ്പോൾ തള്ളിപ്പറയുന്നതിനും പിന്നിൽ വിലകുറഞ്ഞ രാഷ്ട്രീയം മാത്രമാണെന്നതിൽ സംശയമില്ല.

കൃത്യമായ സമയത്തുതന്നെയാണ് കേരളസർക്കാർ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം സർക്കാർ സംവിധാനങ്ങളിലൂടെ മാത്രം ആവണമെന്ന് യാതൊരു നിർബന്ധവുമില്ല. ലോകത്തിലെ മുൻനിര സർവകലാശാലകൾ പലതും സ്വകാര്യമേഖലയിലാണുള്ളത്. കേരളത്തെ സംബന്ധിച്ച് ഇവിടെ ലോകോത്തര നിലവാരമുള്ള പഠനവും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇല്ലാ എന്നാണല്ലോ. എന്നാൽ ആ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനുള്ള മാനവവിഭവശേഷി ധാരാളമായി ഉണ്ടുതാനും. കേരളത്തിന് പുറത്തുള്ള സ്വകാര്യ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളിൽ വലിയൊരു ശതമാനവും മലയാളികളുമാണ്. ആഗോളതലത്തിൽ വിദ്യാഭ്യാസത്തെ സമീപിക്കാൻ വെമ്പൽ കൊള്ളുന്നവരാണ് നമ്മൾ മലയാളികൾ. എന്തിനും ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ആഗ്രഹിക്കുന്നവർ. കെട്ടിലും മട്ടിലും അത് പ്രദാനം ചെയ്യുന്നത് സ്വകാര്യ സർവകലാശാലകളാണ് എന്നാണ് വെയ്പ്പ്. അതുകൊണ്ടുതന്നെ കേരളത്തിൽ സ്വകാര്യ സർവകലാശാലകൾ വന്നാൽ മലയാളിസമൂഹം വലിയ പ്രാധാന്യവും അംഗീകാരവും നൽകും എന്നകാര്യത്തിൽ സംശയമില്ല.
മറ്റൊന്ന് സ്വകാര്യ സർവകലാശാലകളുടെ വരവ് സർക്കാരിന് കീഴിലുള്ള സർവകലാശാലകളെ എങ്ങനെ ബാധിക്കും എന്നുള്ളതാണ്. എല്ലാവരും കൂട്ടമായി അങ്ങോട്ട് നീങ്ങുമെന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്. എന്നാൽ കേരളത്തെ സംബന്ധിച്ച് ഈ ആശങ്ക അസ്ഥാനത്താണ്. ഇവിടെയുള്ള എല്ലാ സർവകലാശാലകളും അധ്യയനത്തിന്റെയും ഗവേഷണത്തിന്റെയും കാര്യത്തിൽ വളരെ മുന്നിലാണ്. മാത്രമല്ല സർക്കാർ ഫീസിൽ നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുമ്പോൾ സാധാരണക്കാരായ കുട്ടികൾ സ്വാഭാവികമായും സർക്കാർ സർവകലാശാലകൾ മാത്രമേ ആശ്രയിക്കുകയുള്ളൂ.

സ്വകാര്യ സർവകലാശാലകൾ വരവറിയിക്കുമ്പോൾ സർക്കാർ സർവകലാശാലകൾക്കും മറ്റു കോളേജുകൾക്കും നിലനിൽപ്പിന്റെ കൂടി പ്രശ്നം ഉണ്ടായേക്കാം. അവിടെയാണ് സ്വയം നിലവാരം ഉയർത്തണമെന്ന കാര്യം പ്രസക്തമാകുന്നത്. അതായത് ആരോഗ്യകരമായ ഒരു മത്സരത്തിനാവും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങാൻ പോകുന്നത്. അത് സ്വാഭാവികമായും നമ്മുടെ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂട്ടുക തന്നെയാവും ചെയ്യുന്നത്.
ഇനി കേരളീയസമൂഹം ഒറ്റക്കെട്ടായി സ്വകാര്യ സർവകലാശാലകളെ സ്വാഗതം ചെയ്യേണ്ടതുണ്ട്. നമ്മുടെ വിദ്യാഭ്യാസനിലവാരം ഉയർത്തുകയും, വിദേശങ്ങളിലേക്ക് ഒഴുകാതെ ഉന്നതപഠനം ഇവിടെത്തന്നെ പൂർത്തിയാക്കേണ്ടതുണ്ട്. വ്യവസായത്തിനും വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് നാം വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. അക്കാദമിക സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും പരസ്പരപൂരിതമാണെന്നും ഇവരണ്ടും കൈകോർത്തു കൊണ്ടുപോകുവാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുകയും വേണമെന്നാനുള്ള നിർദ്ദേശമാണ് കഴിഞ്ഞമാസം നടന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിൽ ഉയർന്നുവന്ന ഒരു പ്രധാന നിർദ്ദേശവും. അത്തരത്തിൽ സമഗ്രമേഖലയിലും സർക്കാർ ഒരു പ്രതീക്ഷാനിർഭരമായ മാറ്റത്തിന് തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ സർവകലാശാലകളുടെ വരവോടെ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഒഴുക്ക് കുറയുകയും, തിരികെയുള്ള ഒഴുക്ക് ത്വരിതപ്പെടുകയും ചെയ്യുകവഴി കേരളം ഇന്ത്യയിലെതന്നെ ഒരു ഉന്നതവിദ്യാഭ്യാസ ഹബ് ആയി മാറുകയും കേരളത്തിലെ യുവാക്കൾ എവിടെയെന്ന ചോദ്യത്തിന് മറുപടി നൽകുവാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.