ഇ-ഗ്രാൻറ്സ് അനന്തമായി മുടങ്ങുന്നത് കാരണം കേരളത്തിലെ നിരവധി ഗവേഷക വിദ്യാർഥികൾ പഠനം തന്നെ മുടങ്ങിപ്പോകുമെന്ന ആശങ്കയിലാണ്. കേന്ദ്രഫണ്ട് കിട്ടുന്നില്ലെന്ന സാങ്കേതികതയിൽ കുരുങ്ങിയാണ് ഇവർക്ക് ഇ-ഗ്രാൻറ്സ് അനുവദിക്കാത്തത്. വർഷങ്ങളായി തുടരുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
ഗവേഷണത്തിന് ജോയിൻ ചെയ്ത് ഒന്നര വർഷം വരെ ലഭിച്ചിരുന്ന ഗ്രാന്റ് വ്യക്തിവിരോധവും ഒപ്പം ചില സാങ്കേതിക കാരണങ്ങളും പറഞ്ഞ് സർവ്വകലാശാല തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കോഴിക്കോട് എൻ.ഐ.ടിയിലെ മൂന്നാംവർഷ ഗവേഷക വിദ്യാർഥിയായ എക്ത അനിൽകുമാർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. മൂന്ന് ലക്ഷത്തോളം രൂപ സ്റ്റൈപ്പന്റ്, അരിയേഴ്‌സ് ഇനത്തിൽ തനിക്ക് ലഭിക്കാനുണ്ടെന്നും പണമില്ലാത്തതിന്റെ പ്രതിസന്ധി ഗവേഷണത്തെ ബാധിക്കുന്നുവെന്നും എക്ത പറയുന്നു. വകുപ്പ് തലത്തിൽ ബന്ധപ്പെട്ടപ്പോഴും ഫണ്ട് പാസാകുന്ന കാര്യത്തിൽ പുരോഗതിയൊന്നും ഇല്ലായെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.

“കോഴിക്കോട് NIT മൂന്നാം വർഷ ഗവേഷക വിദ്യാർഥിയാണ് ഞാൻ. ഇ-ഗ്രാന്റ്‌സ് കിട്ടും എന്ന പ്രതീക്ഷയിലാണ് ഞാൻ പിഎച്ച്ഡിക്ക് ചേരുന്നത്. എൻ.ഐ.ടിയിൽ ഫുൾടൈം ഗവേഷണത്തിന് രണ്ട് തരത്തിലുള്ള അഡ്മിഷനാണുള്ളത്. ഫെലോഷിപ്പുള്ളതും സ്‌പോൺസേർഡും. ഞാൻ അഡ്മിഷനെടുക്കുന്ന സമയത്ത് ഗേറ്റ് കിട്ടിയ കുട്ടികൾക്കായിരുന്നു ഫെലോഷിപ്പ് നൽകുന്നത്. സെൽഫ് സ്‌പോൺസേർഡ് അഡ്മിഷൻ ഗേറ്റില്ലാത്ത വിദ്യാർഥികൾക്ക് വേണ്ടിയുള്ളതാണ്. അവിടെ എങ്ങനെയാണോ ഫണ്ടിംഗ് നമുക്ക് വേണ്ടത് നമ്മുടെ ഇഷ്ടത്തിന് തെരഞ്ഞെടുക്കാൻ കഴിയും. ഗേറ്റില്ലാത്ത ഗവേഷകർക്കാണ് ഇ-ഗ്രാന്റ്‌സ് കൊടുക്കുന്നത്. പി.ജി, ഗവേഷക വിദ്യാർഥികൾക്ക് 75% സ്റ്റൈപ്പൻഡ് നൽകും. ഗേറ്റില്ലാത്തുകൊണ്ട് ഞാൻ ഇ-ഗ്രാന്റ്‌സിന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ അവിടുത്തെ എസ്.സി ഡിപ്പാർട്ട്‌മെന്റ് എ.ഡി.ഡി.ഒ എന്നെ ഗ്രാന്റിന്റെ കാര്യത്തിൽ പലതവണ ബുദ്ധിമുട്ടിച്ചു. സെൽഫ് സ്‌പോൺസേർഡ് സീറ്റ് മാനേജ്‌മെന്റ് ക്വോട്ടയാണെന്നൊക്കെയാണ് അദ്ദേഹം വാദിക്കുന്നത്. ഗവേഷക കാലയളവിൽ മാത്രമല്ല, ഞാൻ എം.ടെക്കിന് പഠിക്കുമ്പോഴും ഈ ഉദ്യോഗസ്ഥൻ എന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അന്ന് ഞാൻ മാധ്യമങ്ങളോട് അതിനെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു. മാനേജ്‌മെന്റ് സീറ്റാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചപ്പോൾ സർവ്വകലാശാല തന്നെ അദ്ദേഹത്തിന് വിശദീകരണം നൽകിയിരുന്നു. ഗേറ്റുള്ളവർക്ക് സർവകലാശാല ഫെലോഷിപ്പ് നൽകുകയും ഗേറ്റില്ലാത്തവർക്ക് ഇ-ഗ്രാന്റ്‌സ് നൽകുകയും ചെയ്യും. ഗേറ്റ് മാനദണ്ഡം മാത്രമാണ് അഡ്മിഷനിലുള്ള വ്യത്യാസമെന്നും ബാക്കി തെരഞ്ഞെടുപ്പ് മാനദണ്ഡമെല്ലാം ഒരുപോലെയാണെന്നും അദ്ദേഹത്തിന് അന്ന് മറുപടി ലഭിച്ചിരുന്നു.

എന്നിട്ടും എന്റെ സ്‌കോളർഷിപ്പ് അപ്രൂവായി ഒന്നര വർഷം കഴിഞ്ഞപ്പോൾ എലിജിബിലിറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വീണ്ടും യൂണിവേഴ്‌സിറ്റിക്ക് കത്തയച്ചു. അതിനുശേഷം ഗ്രാന്റ് മുടങ്ങിക്കിടക്കുകയാണ്. 10 മാസമായി ഇത്തരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങൾ മൂലം എനിക്ക് അർഹതപ്പെട്ട ഗ്രാന്റ് കിട്ടുന്നില്ല. 45000 രൂപ അരിയേഴ്‌സും കിട്ടാനുണ്ട്. മൊത്തത്തിൽ മൂന്ന് ലക്ഷത്തിനടുത്ത് തുക കിട്ടാനുണ്ട്. ഇത്തരത്തിൽ ഗ്രാന്റ് മുടങ്ങുന്നത് ഞങ്ങളുടെ ഗവേഷണത്തെ തന്നെ സാരമായി ബാധിക്കുന്നുണ്ട്. ഗവേഷണത്തിനാവശ്യമായ സാധനങ്ങൾ വാങ്ങാനോ എന്തിന് ഒരു കോൺഫറൻസിൽ പങ്കെടുക്കാനോ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് സാധിക്കുന്നില്ല. ഒരു കോൺഫറൻസിന് രജിസ്റ്റർ ചെയ്യാൻ തന്നെ 5000 രൂപവരെയൊക്കെ ആകും. അതിന്റെ കൂടെ യാത്രാചെലവുകൂടി വരുമ്പോൾ പിന്നെ പറയേണ്ടല്ലോ? ദിവസവും ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി വരാൻ തന്നെ ഭക്ഷണം, യാത്രാച്ചെലവ് എന്നിവ ആവശ്യമാണ്. ഞാനൊരു ഡേ സ്കോളറാണ്. ഒന്നര മണിക്കൂറോളം വീട്ടിൽ നിന്നും യാത്ര ചെയ്താണ് ഇവിടെ എത്തുന്നത്. ഹോസ്റ്റലിൽ നിൽക്കുകയാണെങ്കിൽ ചെലവ് ഇതിലും കൂടും എന്നുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. സ്‌റ്റൈപ്പൻഡ് പോലും കൃത്യമായി കിട്ടാതെ വരുമ്പോൾ ഇതെല്ലാം കൂടി കൈകാര്യം ചെയ്യാൻ സാധിക്കാതെ വരുന്നു. രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെയാണ് പഞ്ചിംഗ് സമയം. ആ സമയത്ത് നമ്മൾ കാമ്പസിൽ തന്നെയുണ്ടാകണം. അതിനാൽ ഡേ സ്‌കോളറായ ഞാൻ വീട്ടിലെത്താൻ തന്നെ 8 മണിയൊക്കെ ആവും. അല്ലെങ്കിൽ ഞാൻ ഹോസ്റ്റലിൽ നിൽക്കണം. പക്ഷെ എൻ.ഐ.ടിയുടെ ഹോസ്റ്റൽ കുറച്ച് എക്‌സ്‌പെൻസീവാണ്. എന്നാൽ പുറത്തെ ഏതെങ്കലും സ്വകാര്യ ഹോസ്റ്റലിൽ നിൽക്കാമെന്ന് വെച്ചാലും മാസം 7000 രൂപയെങ്കലും വേണ്ടി വരും. സ്റ്റൈപ്പൻഡ് കൃത്യമായി കിട്ടാതെ ഒന്നും നടക്കില്ല.
ഗ്രാന്റിന്റെ കാര്യത്തെക്കുറിച്ച് ഞാൻ അന്വേഷിച്ചപ്പോൾ, ഒരു പുരോഗതിയും ആ വിഷയത്തിലില്ലെന്നാണ് മനസിലാക്കുന്നത്. അവസാനം സെക്രട്ടറിയേറ്റിൽ സെക്ഷൻ എയിലാണ് ഈ ഫയലുള്ളതെന്ന് മനസിലാക്കി ഞാൻ അവിടേക്ക് ബന്ധപ്പെട്ടു. ഹയർ എജ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഒരു റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ കിട്ടിയിട്ടില്ല. ജനുവരി ആദ്യമാണ് റിപ്പോർട്ട് ചോദിച്ചിരുന്നത്.”
ഇ-ഗ്രാന്റ്, എസ്.സി - എസ്.ടി ഫെലോഷിപ്പുകൾ എന്നിവ മുടങ്ങുന്നതിനെ തുടർന്ന് വിദ്യാർത്ഥികൾ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയിൽ കേസ് നടത്തി വരുകയാണ്. എന്നാൽ ഇതുവരെയും സർക്കാറിന്റെയോ കോടതിയുടെയോ ഭാഗത്ത് നിന്നും അനുകൂലമായ ഒരു മറുപടിയോ നീക്കമോ ഉണ്ടായിട്ടില്ലായെന്നാണ് അവർ പറയുന്നത്. നിരന്തരമായി ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും ഫണ്ട് കിട്ടിയാൽ മതിയെന്നാണ് വിദ്യാർഥികൾ ഇപ്പോൾ ചിന്തിക്കുന്നതെന്നും ഇതൊരു പ്രശ്‌നമാണെന്നുപോലും അവർക്ക് മനസിലാകുന്നില്ലെന്നും കാലിക്കറ്റ് ഗവേഷക വിദ്യാർഥികൾ പറയുന്നു.
ആറ് മാസം മുതൽ പത്ത് മാസം വരെ ഫെലോഷിപ്പ് മുടങ്ങിയിരിക്കുന്നവരും തങ്ങൾക്കിടയിൽ ഉണ്ടെന്നും ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ ഫണ്ടില്ലായെന്ന വാദമാണ് സർക്കാർ നിരത്തുന്നതെന്നുമാണ് അവർ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളോടൊപ്പം കേന്ദ്രസർക്കാരും ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള നിരവധി പ്രതിസന്ധികൾക്ക് കാരണക്കാരാകുന്നുമുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളർഷിപ്പുകൾ പലതും കഴിഞ്ഞ മൂന്ന് വർഷമായി കേന്ദ്രസർക്കാർ നൽകുന്നില്ല. അതുകൂടാതെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് നൽകി വരുന്ന മറ്റു നിരവധി ഫെലോഷിപ്പുകളും പഠനസഹായങ്ങളും ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്.
-31fc.jpg)
ശാസ്ത്രപഠന മേഖലയിൽ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) നൽകുന്ന വിവിധ ഫെലോഷിപ്പുകൾ 2019- 2020 അധ്യയന വർഷം 5164 പേർക്ക് ലഭിച്ചെങ്കിൽ 2023-2024 അധ്യയന വർഷം 3211 പേർക്ക് മാത്രമാണ് ലഭിച്ചത്. ഈ അധ്യയന വർഷത്തിൽ നവംബർ 20 വരെ 1977 പേർക്ക് മാത്രമാണ് ലഭിച്ചത്. അതിനുപുറമെ ന്യൂനപക്ഷ സ്‌കോളർഷിപ്പ് തുകയും ഗണ്യമായി കുറച്ചു. 2020- 2021-ൽ 5029 കോടി രൂപ വകയിരുത്തുകയും 4005 കോടി ചെലവഴിക്കുകയും ചെയ്തിരുന്നു. എന്നാൽ 2023- 2024 അധ്യയനവർഷം ചെലവഴിച്ച തുകയാകട്ടെ 2608.93 കോടിയായി കുറഞ്ഞു. സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാറിന്റേത്. ഇത്തരത്തിലുള്ള നിരവധി പ്രതിസന്ധികളിലൂടെയാണ് രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖല നിലവിൽ കടന്നുപോകുന്നത്.