മാറിയത് മെനു മാത്രം, പ്രധാന അധ്യാപകരുടെ കടവും പാചകത്തൊഴിലാളികളുടെ കഠിനാധ്വാനവും തുടരും

സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ മെനു മാറുമ്പോഴും പ്രധാനഅധ്യാപകരുടെ കടവും പാചകതൊഴിലാളികളുടെ നടുവൊടിയുന്ന പണിയും മാറ്റമില്ലാതെ തന്നെ തുടരും. കേന്ദ്രവിഹിതവും സംസ്ഥാനവിഹിതവും ലഭിച്ചില്ലെങ്കിലും സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം നിർത്താൻ പറ്റില്ല. അതുകൊണ്ട് തന്നെ പലയിടങ്ങളിൽ നിന്നായി കടം വാങ്ങിയും മറ്റുമാണ് കേരളത്തിലെ പല സ്കൂളുകളിലെയും ഉച്ചഭക്ഷണ വിതരണം മുടക്കമില്ലാതെ തുടരുന്നത്.

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പുതുക്കിയിരിക്കുകയാണ്. എട്ടാം ക്ലാസ് വരെയുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ മെനുവാണ് വിദ്യാഭ്യാസ വകുപ്പ് പരിഷ്‌കരിച്ചിരിക്കുന്നത്. ചോറും കറിയും കിട്ടിയിരുന്നിടത്ത് ഇനി മുതൽ എഗ് ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നിവയും മാസത്തിൽ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീൻസും കുട്ടികൾക്ക് നൽകും. പുതിന, ഇഞ്ചി, പച്ചമാങ്ങ, നെല്ലിക്ക എന്നിവ ചേർത്തുള്ള ചമ്മന്തി, ആഴ്ചയിലൊരിക്കൽ ഇലയട, കൊഴുക്കട്ട, അവൽ, പായസം എന്നിവയും പരിഷ്‌കരിച്ച മെനുവിലുണ്ട്. പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനുവിന് വലിയ സ്വീകര്യത ലഭിക്കുമ്പോഴും ഇതിനുള്ള ചെലവ് എങ്ങനെ വഹിക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

കേന്ദ്രവിഹിതവും സംസ്ഥാനവിഹിതവും ലഭിച്ചില്ലെങ്കിലും സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം നിർത്താൻ പറ്റില്ല. അതുകൊണ്ട് തന്നെ പലയിടങ്ങളിൽ നിന്നായി കടം വാങ്ങിയും മറ്റുമാണ് കേരളത്തിലെ പല സ്‌കൂളുകളിലെയും ഉച്ചഭക്ഷണ വിതരണം മുടക്കമില്ലാതെ തുടരുന്നത്. ഇതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് അതാത് സ്‌കൂളുകളിലെ പ്രധാന അധ്യാപകരാണ്.

നിലവിൽ ഉച്ചഭക്ഷണത്തിനായി മാറ്റിവെക്കുന്ന തുകയനുസരിച്ച് പുതുക്കിയ മെനു പ്രകാരമുള്ള ഭക്ഷണം നൽകാനാകില്ലെന്ന് കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളിലെ പ്രധാനധ്യാപകൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

“നിലവിലുള്ള റേറ്റ് പ്രകാരം പുതിയ മെനുവിൽ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ കഴിയില്ല. ഇപ്പോൾ കിട്ടുന്ന തുച്ഛമായ പണത്തിൽ ഗ്യാസ്, പച്ചക്കറികൾ എല്ലാം നോക്കണം. അത്‌കൊണ്ട് ഈ റേറ്റ് പ്രകാരം ഒരു കാരണവശാലും പുതിയ മെനു അനുസരിച്ച് ഭക്ഷണം നൽകാനാകില്ല. പ്രത്യേകിച്ച് പ്രൈമറി സ്‌കൂളിൽ പരിഷ്‌കരിച്ച വില പ്രകാരം തന്നെ വളരെ പ്രയാസപ്പെട്ടാണ് ഉച്ചഭക്ഷണം നൽകുന്നത്. കുട്ടികൾ കുറവുള്ള വിദ്യാലയങ്ങളിൽ വലിയ പ്രയാസത്തിലാണ്. ഫണ്ട് നൽകിയാൽ പുതിയ മെനു പ്രകാരം ഭക്ഷണം നൽകാനാകും. ഫണ്ടാണ് പ്രധാന പ്രശ്‌നം. പല സ്‌കൂളുകളിലെയും പ്രധാനധ്യാപകർ കടക്കെണിയിലാണ്.” - അദ്ദേഹം പറഞ്ഞു.

പ്രീ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 30 ഗ്രാം അരിയുടെ ചോറ്, ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളിലെ കുട്ടികൾക്ക് 100 ഗ്രാം അരിയുടെ ചോറ്. ആറ് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികൾക്ക് 150 ഗ്രാം അരിയുടെ ചോറ് എന്നിങ്ങനെയാണ് നിലവിൽ നൽകി വരുന്നത്. ഇത് കൂടാതെ ചെറുപയർ തോരൻ, സാമ്പാർ, അവിയൽ, രസം, മെഴുക്കുപുരട്ടി, എരിശ്ശേരി, പുളിശ്ശേരി, ഇലക്കറികൾ, അച്ചാർ, പരിപ്പ് കറി എന്നിവയെല്ലാം നിലവിൽ നൽകുന്നുണ്ട്. ഈ മെനുവാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പരിഷ്‌കരിച്ചത്. ഇത്രയും വിഭവങ്ങൾ ഒരുക്കാൻ 500 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഒരു പാചകതൊഴിലാളി മാത്രമാണ് ഉള്ളത്. പല സ്ഥലങ്ങളിലും ഈ ഒരാളുടെ കൂടെ മറ്റൊരു സഹായിയെ കൂടി നിർത്തും. ഇത്രയധികം വിഭവങ്ങൾ ഒരാൾക്ക് പാചകം ചെയ്യാനും കഴിയില്ല. കൂടാതെ കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലെയും പാചകതൊഴിലാളികൾ 50 വയസിന്റെയും 70 വയസിന്റെയും ഇടയിൽ പ്രായമുള്ളവരുമാണ്. ഇനി മെനു പരിഷ്‌കരിക്കുക കൂടി ചെയ്യുന്നതോടെ ഇത്രയും വിഭവങ്ങൾ ഒരുക്കാൻ ഇതു വരെ കിട്ടിയിരുന്ന പണം തികയുമോയെന്നും സ്‌കൂളുകളിൽ നിലവിലുള്ള പാചകതൊഴിലാളികൾക്ക് പുതിയ മെനു പ്രകാരം ഭക്ഷണം പാകം ചെയ്യാൻ കഴിയുമോയെന്നും അധ്യാപകർ ആശങ്കപ്പെടുന്നുണ്ട്.

പുതുക്കിയ മെനുവിനെ സ്വാഗതം ചെയ്യുന്നതായും എന്നാൽ, പുതിയ മെനു അനുസരിച്ച് ഭക്ഷണം വിതരണം ചെയ്യാൻ എത്ര തുക വരുമെന്നും ഓരോ സ്‌കൂളിലും എത്ര പാചക തൊഴിലാളികൾ വേണ്ടിവരുമെന്നും പരിശോധിക്കാൻ സർക്കാർ വിദഗ്ദ സമിതിയെ നിയോഗിക്കണമെന്നും കേരള പ്രൈവറ്റ് സ്‌കൂൾ ഹെഡ്മാസ്റ്റേഴ്‌സ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

“പുതുക്കിയ മെനുവിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പക്ഷെ ഈ വിഭവങ്ങൾ പാചകം ചെയ്യുന്നതിന് എത്ര തുക വേണ്ടിവരും എന്നും ഈ വിഭവങ്ങൾ പാചകം ചെയ്ത് കുട്ടികൾക്ക് വിതരണം ചെയ്യാൻ എത്ര ആളുകളുടെ സേവനം വേണ്ടി വരും എന്നെല്ലാം പരിശോധിക്കുന്നതിന് സർക്കാർ വിദഗ്ദ സമിതിയെ നിയോഗിക്കണം. നിലവിലുള്ള 500 കുട്ടികൾക്ക് ഒരു പാചക തൊഴിലാളിയെന്ന കാര്യം പുന പരിശോധിക്കണം. ഈ വിഭവങ്ങൾ ഉണ്ടാക്കാൻ നിലവിലെ പാചകതൊഴിലാളികൾക്ക് പരിശീലനം നൽകുകയും വേണം.” - അബ്ദുൽ ഗഫൂർ പറഞ്ഞു.

നിലവിൽ എൽ.പി ക്ലാസിലെ ഒരു കുട്ടിക്ക് 6.78 രൂപയും യു.പി ക്ലാസ് മുതൽ ഒരു കുട്ടിക്ക് 10.17 രൂപയാണ് ഉച്ചഭക്ഷണ പദ്ധതിക്ക് വേണ്ടി മാറ്റിവെക്കുന്നത്. ഈ വിഹിതത്തിൽ വർധനവ് വരുത്താതെയാണ് മെനു പരിഷ്കരിച്ചിരിക്കുന്നത് എന്നതാണ് പ്രധാന ആശങ്ക. രാജ്യത്തെ 11 ലക്ഷത്തിലേറെ സ്കൂളുകളിലെ 12 കോടിയോളം കുട്ടികൾക്കാണ് പി.എം പോഷൺ പദ്ധതി പ്രകാരം ഉച്ചഭക്ഷണം നൽകി വരുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയിൽ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് ചെലവ് വഹിക്കേണ്ടത്.

1984 നവംബർ 14 മുതലാണ് കേരളത്തിലെ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം ആരംഭിച്ചത്. അന്ന് സംസ്ഥാന സർക്കാരിന്റെ ഫണ്ടായിരുന്നു ഉച്ചഭക്ഷണ വിതരണത്തിന് ഉപയോഗിച്ചിരുന്നത്. പിന്നീട് 1995 മുതലാണ് ഇത് കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായി മാറിയത്. ഇതോടെ പദ്ധതിക്കായി 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും ഫണ്ട് വിനിയോഗിച്ചു. എൽ.പി ക്ലാസുകളിൽ മാത്രം ആരംഭിച്ച പദ്ധതി പിന്നീട് യു പി ക്ലാസുകളിലേക്കും എയിഡഡ് മേഖലയിലേക്കുമെല്ലാം വ്യാപിച്ചു. മറ്റ് സംസ്ഥാനങ്ങളേക്കാൾ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം മികച്ച രീതിയിൽ നടപ്പിലാക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. ആദ്യ ഘട്ടത്തിൽ ഉച്ചക്കഞ്ഞി വിതരണം ആയിരുന്നെങ്കിൽ പിന്നീട് ചോറും രണ്ട് തരം കറിയും മറ്റ് വിഭവങ്ങളും കൊടുത്തു തുടങ്ങുകയും ഇപ്പോഴത് വിപുലമായ മെനു പരിഷ്‌കാരത്തിലേക്ക് എത്തുകയും ചെയ്തു.

കേരള പ്രൈവറ്റ് സ്‌കൂൾ ഹെഡ്മാസ്റ്റേഴ്‌സ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഗഫൂർ
കേരള പ്രൈവറ്റ് സ്‌കൂൾ ഹെഡ്മാസ്റ്റേഴ്‌സ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുൽ ഗഫൂർ

ചോറും രണ്ട് കറിയും എന്നത് മാറി വിഭവങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ മാത്രമാണ് വന്നതെന്നും ഈ മെനു നടപ്പിലാക്കാൻ വലിയ പ്രയാസങ്ങൾ ഉണ്ടാവില്ലെന്നും കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

“സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി ആദ്യമായി ആരംഭിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളം തനതായി ആരംഭിച്ച പദ്ധതിയായിരുന്നു ഇത്. പിന്നീടാണ് ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലേക്ക് കേന്ദ്ര സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വ്യാപിപ്പിച്ചത്. അങ്ങനെയാണ് 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും എന്ന നിലയിൽ ആ പദ്ധതി തുടർന്ന് പോന്നത്. ചില സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതം നൽകുന്നത് കൂടുതലാണ്. അവരുടെ മറ്റ് കാര്യങ്ങളെല്ലാം പരിഗണിച്ച് 90 ശതമാനം വരെ കേന്ദ്രം ഫണ്ട് നൽകുന്ന സംസ്ഥാനങ്ങളും ഉണ്ട്. തുടക്കത്തിൽ ഉപ്പുമാവാണ് കൊടുത്തിരുന്നതെങ്കിൽ ഓരോ കാലഘട്ടത്തിലും അതാത് കാലഘട്ടം ആവശ്യപ്പെടുന്ന പരിഷ്‌കരണങ്ങൾ നടപ്പാക്കിയാണ് പദ്ധതി മുന്നോട്ട് പോയത്. ഉപ്പുമാവിൽ നിന്ന് കഞ്ഞിയും പയറും നൽകി വന്നു. അങ്ങനെയാണ് ഇപ്പോഴും ഉച്ചക്കഞ്ഞി എന്ന പ്രയോഗം പലയാളുകളും ഉപയോഗിക്കുന്നത്. അതിന് ശേഷമാണ് പോഷകാഹാര പദ്ധതിയായി മാറുകയും ചോറും കുറച്ചു വിഭവങ്ങളും നൽകുകയും ചെയ്തുതുടങ്ങിയത്. ആദ്യ ഘട്ടത്തിൽ അരിയും പയറും സർക്കാർ നൽകിയിരുന്നു. പിന്നീട് അരിയും പാചകക്കാർക്ക് ആവശ്യമായ തുകയും സർക്കാർ നൽകി. ചോറും രണ്ട് കറിയുമാണ് നിലവിൽ കൊടുക്കുന്നത്. അതിന്റെ സ്വാഭാവികമായ പരിഷ്‌കരണമാണ് ഇപ്പോൾ നടന്നിട്ടുള്ളത്. മുമ്പത്തേതിൽ നിന്നും വലിയ മാറ്റങ്ങളൊന്നും ഇതിൽ വരില്ല. ചോറും രണ്ട് കറിയും എന്നത് മാറി വിഭവങ്ങളിലെ കാലോചിതമായ മാറ്റങ്ങൾ മാത്രമാണ് പുതിയ മെനുവിൽ ഉള്ളത്. ഈ മെനു നടപ്പിലാക്കാൻ വലിയ പ്രയാസങ്ങൾ ഉണ്ടാവില്ല. കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളിലാണ് കുറച്ചെങ്കിലും പ്രയാസം ഉണ്ടാവുക. അവർക്ക് വേണ്ട സഹായങ്ങൾ സർക്കാരിന് ചെയ്യാവുന്നതും ആണ്. ചോറും രണ്ട് കറികളും കൊടുക്കുന്ന പണം കൊണ്ട് തന്നെ പുതിയ മെനുവിലെ ഭക്ഷണവും നൽകാനാകും. കാരണം കഴിഞ്ഞ വർഷം മുതൽ അധികം നൽകിയിരുന്ന പാൽ, മുട്ട തുടങ്ങിയവക്ക് സർക്കാർ തന്നെ വേറെ പണം അനുവദിച്ചിട്ടുണ്ട്. പലപ്പോഴും കേന്ദ്ര സർക്കാർ വിഹിതം വൈകിയാണ് കിട്ടാറുള്ളത്. അപ്പോഴാണ് സ്‌കൂളുകളിലേക്ക് ഫണ്ട് നൽകാൻ വൈകുന്നത്. അതാണ് പ്രധാന അധ്യാപകർക്ക് പ്രയാസം ആവുന്നത്. കൃത്യമായി പണം കിട്ടുമ്പോൾ വലിയ പ്രയാസം വരില്ല.”

കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി
കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി

പുതുക്കിയ മെനുവിൽ ബിരിയാണിയും ഫ്രൈഡ് റൈസും എല്ലാം ഉണ്ടെങ്കിലും നിലവിൽ സർക്കാർ നൽകി വരുന്ന അരി കൊണ്ട് തന്നെയാണ് ഇതെല്ലാം ഉണ്ടാക്കേണ്ടത്. അതായത് കുട്ടികൾക്ക് വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നർത്ഥം. ഫണ്ട് കൃത്യമായി ലഭിക്കുകയാണെങ്കിൽ ഇങ്ങനെ വിപുലമായി തന്നെ ഉച്ചഭക്ഷണം നൽകാമെന്ന് പ്രധാന അധ്യാപകർ പറയുമ്പോഴും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഫണ്ട് കുടിശിക വരുത്തുന്നത് ഈ അധ്യാപകരെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ ഫണ്ട് ലഭിച്ചിരുന്നത് മാറി ഇപ്പോൾ ഓരോ മാസവും ചെലവഴിച്ച തുകയുടെ കണക്ക് നൽകിയാൽ മാത്രമേ കേന്ദ്രം ഫണ്ട് നൽകുന്നുള്ളൂ. ഇതോടെ സ്വാഭാവികമായും ഫണ്ട് കിട്ടുന്നത് വൈകുകയും പ്രധാനഅധ്യാപകർ അതാത് സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി പച്ചക്കറികളും മറ്റും കടം വാങ്ങുകയും ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ മെനു മാറുമ്പോഴും പ്രധാനഅധ്യാപകരുടെ കടവും പാചകതൊഴിലാളികളുടെ നടുവൊടിയുന്ന പണിയും മാറ്റമില്ലാതെ തന്നെ തുടരും.

Comments