എല്ലാ കുട്ടികളെയും ഉൾക്കൊള്ളുന്ന ക്ലാസ്​ മുറിയെക്കുറിച്ച്​…

തലമുറകള്‍ മാറുന്നു, ടെക്‌നോളജികള്‍ മാറുന്നു, എന്നാല്‍ നമ്മുടെ ക്ലാസ് മുറികള്‍ പഴഞ്ചന്‍രീതികളും കാഴ്ചപ്പാടുകളുമായി മുന്നോട്ടു പോവുകയും ചെയ്യുന്നു എന്നത് ക്ലാസ് മുറികളില്‍ വലിയ പ്രതിസന്ധികളും വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സംഘര്‍ഷങ്ങളും നടക്കുന്ന സാഹചര്യമുണ്ടാക്കുന്നു.

രധ്യയന വര്‍ഷം കൂടി തുടങ്ങി. പുതിയ അധ്യയനവര്‍ഷം എങ്ങനെയുള്ളതാവണം എന്നതിനെക്കുറിച്ച് വിദ്യാഭ്യാസവകുപ്പിനും സര്‍ക്കാറിനുമുള്ള കാഴ്ചപ്പാട് കൃത്യമായി ബോധ്യപ്പെടുന്ന രീതിയിലുള്ള അധ്യാപക പരിശീലനമാണ് ഈ അവധിക്കാലത്ത് നടന്നത്. ഒന്ന്, രണ്ട് ക്ലാസുകളില്‍ ഭാഷാപഠനത്തിനും മൂന്നാം ക്ലാസില്‍ ഗണിതത്തിന്റെ ബാലപാഠം ഉറപ്പാക്കുന്നതിനുമാണ് ഊന്നല്‍. നാലാം ക്ലാസ്സിലാകട്ടെ ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്.

പ്രൈമറി തലത്തിലും ഹൈസ്കൂള്‍ തലത്തിലും വിഷയസംബന്ധമായ പഠനത്തോടൊപ്പം പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന പ്രവണതകള്‍, സാങ്കേതിക വിദ്യകള്‍, കാഴ്ചപ്പാടുകള്‍ എന്നിവയ്ക്ക് കൂടി ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസക്രമം എങ്ങനെ രൂപപ്പെടുത്താം എന്നുള്ള ആലോചനകളും പ്രസക്തമാണ്.

ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ മാതൃഭാഷ എഴുതാനും വായിക്കാനും പഠിക്കുന്നു എന്നുറപ്പ് വരുത്തേണ്ടതുണ്ട്. എഴുതാനും വായിക്കാനും പഠിക്കേണ്ടത് ഈ ക്ലാസുകളില്‍ വെച്ചാവണം എന്നതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസം ഗുരുതര വെല്ലുവിളി നേരിടുന്നുണ്ട് എന്ന് പുതിയകാല പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മാത്രമല്ല, കോവിഡിനെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിടപ്പെട്ടതോടെ ഈ പഠനപ്രശ്‌നം വര്‍ദ്ധിച്ചിട്ടുമുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് അടച്ചുപൂട്ടലിനെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയ ക്ലാസുകളിലെ കുട്ടികള്‍ക്ക് മാതൃഭാഷാ പഠനത്തിനോ ഇംഗ്ലീഷിന്റെ അടിസ്ഥാന പാഠങ്ങള്‍ സ്വായത്തമാക്കുന്നതിനോ ഓണ്‍ലൈന്‍ ക്ലാസുകള്‍ വേണ്ടത്ര ഉപയുകതമായില്ല എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പഠനവിടവുകള്‍ പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതായിരിക്കണം നമ്മുടെ ലോവര്‍ പ്രൈമറി വിദ്യാഭ്യാസം എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്.

ഓരോ കുട്ടിയേയും വൈകാരികമായി സപ്പോര്‍ട്ട് ചെയ്യുകയും ശാരീരികമായ ചൂഷണത്തില്‍ നിന്ന് സംരക്ഷിച്ച്​ അവരെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്ന തരത്തിലുള്ള കാഴ്ചപ്പാട് അധ്യാപക സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കുന്നതിനുള്ള ശ്രമം എന്ന രീതിയിലാണ് നാലുദിവസം നീണ്ടുനിന്ന പരിശീലനങ്ങള്‍ ഡിസൈന്‍ ചെയ്യപ്പെട്ടത്.

പോക്‌സോ പോലെയുള്ള നിയമത്തിന്റെ എല്ലാ വശങ്ങളും പരിശീലനത്തില്‍ പരിചയപ്പെടുത്തി. അത്തരം നിയമസംരക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഉറപ്പുവരുത്തുക എന്നത്​ അധ്യാപകരുടെ പ്രാഥമികമായ ഉത്തരവാദിത്തമാണ്. ‘മൈ ബോഡി ഈസ് മൈ പ്രൈഡ്’ എന്ന തരത്തില്‍ ഓരോ മനുഷ്യര്‍ക്കുമുള്ള അഭിമാനബോധത്തെ സംരക്ഷിച്ചു മുന്നോട്ടുപോകാന്‍ പര്യാപ്തമായ സ്കൂള്‍ അന്തരീക്ഷം എങ്ങനെ ഒരുക്കാം എന്നത് ഓരോ ടീച്ചറും അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

പഠനപ്രവര്‍ത്തനങ്ങളെ നൂതന സാങ്കേതികവിദ്യകളുമായി ബന്ധിപ്പിക്കല്‍ എത്രമാത്രം അനിവാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. കുട്ടികള്‍ക്ക് അവരുടെ പുതിയകാലത്തെ രീതിശാസ്ത്രങ്ങള്‍ ക്ലാസ്മുറിയില്‍ അനുഭവപ്പെടാത്ത സാഹചര്യമുണ്ടായാല്‍ അവര്‍ പഠനത്തോട് വിമുഖത കാണിക്കും.

കാഴ്ചയുടെ ലോകത്ത് ജീവിക്കുന്ന ‘ഡിജിറ്റല്‍ നാറ്റീവ്‌സ്’ ആയ കുട്ടികളെ അങ്ങനെയല്ലാത്ത ഒരു മാധ്യമത്തിലൂടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഗുണകരമാവില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഡിജിറ്റല്‍ ടെക്‌നോളജിയുടെ പുതിയ സാധ്യതകള്‍ പോലും ക്ലാസ് മുറിയിലെത്തിക്കേണ്ട ഹൈടെക് എജ്യൂക്കേഷനെക്കുറിച്ച് നമ്മള്‍ ചിന്തിച്ചു തുടങ്ങിയത്. അതിന്റെ ആവശ്യകതയും രീതിശാസ്ത്രവും തിരിച്ചറിയുകയും അതിലേക്കുള്ള പ്രേരണ അധ്യാപരിലെത്തിക്കാനുള്ള ശ്രമങ്ങളും വളരെ പ്രധാനമാണ്. ഡിജിറ്റല്‍ ടെക്‌നോളജിയെ എങ്ങനെ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാം എന്നതാണ് അധ്യാപക സമൂഹം നേരിടേണ്ടി വരുന്ന വലിയ വെല്ലുവിളി.

പ്രധാനമായും ഊന്നല്‍ കൊടുക്കേണ്ട മൂന്ന് കാര്യങ്ങള്‍ കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ഒന്ന് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ആണ്. സ്കൂളില്‍ ഒരു വര്‍ഷം നടക്കേണ്ട പഠനപ്രവര്‍ത്തനങ്ങള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നേരത്തെ നിശ്ചയിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും അത് അതേപോലെതന്നെ മുന്നോട്ടുപോകുന്നു എന്നുററപ്പു വരുത്തുകയും ഏതെങ്കിലും മാറ്റങ്ങള്‍ വേണ്ടിവന്നാല്‍ അതിനനുസരിച്ച് മറ്റു ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യുന്നതിനുള്ള ആസൂത്രിത ശ്രമം എല്ലാ സ്കൂളിലും നടക്കേണ്ടതുണ്ട്.

ഓരോ കുട്ടിയുടെയും അക്കാദമിക് സ്റ്റാറ്റസ്, അതിന്റെ വളര്‍ച്ച, അതിലുണ്ടാകുന്ന പ്രതിസന്ധികള്‍എന്നിവയെല്ലാം രേഖപ്പെടുത്തി കൃത്യമായ വിലയിരുത്തലുകളും ആവശ്യമായ സപ്പോര്‍ട്ടും കൊടുത്തുകൊണ്ടുള്ള മെച്ചപ്പെടുത്തലുകളും സാധ്യമാകുന്ന വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോര്‍ട്ടലാണ് ‘സഹിതം’. ഈ പോര്‍ട്ടലിന്റെ ഉചിതമായ ഉപയോഗം ഓരോ അധ്യാപകരും പരിശീലിക്കേണ്ടതുണ്ട്. ക്ലാസ്മുറിയില്‍ ഉപയോഗിക്കേണ്ട വിവിധ ഡിജിറ്റല്‍ കണ്ടന്റുകളുടെ വലിയ ശേഖരമാണ് സമഗ്ര എന്ന പോര്‍ട്ടലിലുള്ളത്. അവ ഒരു റഫറന്‍സായി ഉപയോഗിക്കുന്നതിനുള്ള പരിശീലനവും നേടേണ്ടതുണ്ട്.

ഫോക്കസ് ചെയ്യപ്പെടേണ്ട പ്രധാനപ്പെട്ട മറ്റൊരു മേഖലയാണ് എല്ലാ കുട്ടികളെയും ഒരേപോലെ ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം എന്നത്. ഇന്‍ക്ലൂസീവ് എജ്യൂക്കേഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ സംവിധാനം പൊതുവെ വ്യവഹരിക്കപ്പെടുന്നത് ഭിന്നശേഷി കുട്ടികളുടെ ഉള്‍ചേര്‍ക്കല്‍ എന്ന രീതിയിലാണെങ്കിലും മാര്‍ജിനലൈസ് ചെയ്യപ്പെട്ട ഒരു കുട്ടി പോലുമില്ലാത്ത ക്ലാസ് മുറി എന്ന സങ്കല്പത്തിലേക്കാണ് അത് പ്രയോഗവല്‍ക്കരിക്കപ്പെടേണ്ടത്. അതില്‍ ഏറ്റവും പ്രയാസമനുഭവിക്കുന്നവര്‍ എന്ന രീതിയില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍, ട്രൈബൽ മേഖലയില്‍ നിന്നുള്ള കുട്ടികള്‍, നഗരദരിദ്രര്‍, പ്രാദേശികമായി സവിശേഷ മേഖലയിലുള്ളവര്‍, സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരെ ക്ലാസുമുറിയില്‍ എത്തിക്കുകയും തുല്യത ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇന്‍ക്ലൂസീവ്‌നസ് എന്ന കാഴ്ചപ്പാട്. ഇതില്‍ കൂടുതല്‍ ഫോക്കസ് നല്‍കേണ്ടത് ഭിന്നശേഷി കുട്ടികളുടെ കാര്യത്തിലാവുക സ്വാഭാവികമാണ്.

ഇക്കാര്യത്തില്‍ സഹതാപത്തിന്റെയോ അനുതാപത്തിന്റെയോ എലമെന്റുകള്‍ ചേര്‍ത്ത്​ അവര്‍ക്കും കൂടി ഇതിനകത്ത് അവകാശമുണ്ട് എന്ന രീതിയില്‍ സമീപിക്കുന്ന വിദ്യാഭ്യാസ കാഴ്ചപ്പാടായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ മനുഷ്യാവകാശത്തിന്റെ പക്ഷത്തുനിന്നായിരിക്കണം ഇന്‍ക്ലൂസീവ് എജ്യുക്കേഷന്‍ എന്നതാണ് പുതിയ ഫിലോസഫി. പ്രാന്തവല്‍ക്കരിക്കപ്പെടാന്‍ സാധ്യതയുള്ള ആളുകള്‍ക്കാണ് സ്കൂള്‍ കൂടുതലായി ആവശ്യമുള്ളതെന്ന ഉയര്‍ന്ന കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടാവണം നമ്മുടെ സമീപനം.

പ്രിവിലേജ്ഡ് ആയ കുട്ടികള്‍ക്ക് പൊതുവിദ്യാലയം അനിവാര്യമല്ല എന്ന് അധ്യാപകര്‍ തിരിച്ചറിയണം. എന്നാല്‍ സ്കൂള്‍ സംവിധാനത്തിലൂടെ മാത്രമേ തങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്നുവിചാരിക്കുന്ന ആളുകളെ കണ്ടെത്തുകയും അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുക എന്നതായിരിക്കണം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.

മാറിയ ക്ലാസ്മുറിയും മാറിയ അധ്യാപകരും മാറിയ സമൂഹവും എന്നത് വളരെ നിര്‍ണായകമാണ്. തലമുറകള്‍ മാറുന്നു, ടെക്‌നോളജികള്‍ മാറുന്നു, എന്നാല്‍ നമ്മുടെ ക്ലാസ് മുറികള്‍ പഴഞ്ചന്‍രീതികളും കാഴ്ചപ്പാടുകളുമായി മുന്നോട്ടു പോവുകയും ചെയ്യുന്നു എന്നത് ക്ലാസ് മുറികളില്‍ വലിയ പ്രതിസന്ധികളും വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മിലുള്ള സംഘര്‍ഷങ്ങളും നടക്കുന്ന സാഹചര്യമുണ്ടാക്കുന്നു. ഇതിനെ പരമാവധി ലഘൂകരിച്ച്​ ആകര്‍ഷകവും സന്തോഷകരവുമായ ക്ലാസനുഭവങ്ങള്‍ നല്‍കി അതിലൂടെ വിദ്യാഭ്യാസസമ്പ്രദായം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഈ അധ്യയനവര്‍ഷത്തില്‍ നടക്കേണ്ടത്.


ഡോ. എ.കെ. അബ്​ദുൽ ഹക്കീം

എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സമഗ്ര ശിക്ഷ കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓർഡിനേറ്റർ. മാറുന്ന വിദ്യാഭ്യാസം, ശിലയിൽ തീർത്ത സ്മാരകങ്ങൾ (എഡിറ്റർ), എഴുത്ത് അഭിമുഖം നില്ക്കുന്നു എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments