Photo: K.R. Sunil

എന്റെ കണ്ണിലുണ്ട്​, ആയിരക്കണക്കിന്​ വിദ്യാർഥികളുടെ മുഖങ്ങൾ…

23 വർഷം അധ്യാപകനായിതന്നെയാണ് പ്രവർത്തിച്ചത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ അവസരമുണ്ടായിട്ടുണ്ട് ഇതുവരെ. പഠിപ്പിച്ചത് ഫലപ്രദമായോ രസകരമായോ എന്ന് ഉറപ്പില്ല. കുട്ടികള്‍ വിലയിരുത്തട്ടെ.

ധ്യാപകനാകുക എന്നത് ഉള്ളിൽ വിമതസ്വഭാവം സഹജമായുള്ള ഒരാളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ ഏർപ്പാടാണ്. എന്നിട്ടും വലിയ പരിക്കേൽക്കാതെ 29 വർഷം ഈ ജോലിയിൽ തുടർന്നു എന്നത് തിരിഞ്ഞുനോക്കുമ്പോൾ വിസ്മയകരമായി അനുഭവപ്പെടുന്നു.

അച്ഛനും അമ്മാവനും ജേഷ്ഠനും അധ്യാപകരായിരുന്നു. അവർ പലമട്ടിൽ സ്വാധീനിച്ചതുകൊണ്ടാവാം അധ്യാപകവൃത്തിയിൽതന്നെ എത്തിച്ചേരാൻ പ്രേരണയായത്. കൂട്ടത്തിൽ മഹാരഥൻമാരായ ചില അധ്യാപകരുടെ ക്ലാസിലിരിക്കാൻ കഴിഞ്ഞതും ചിലരെ പരിചയപ്പെടാൻ കഴിഞ്ഞതും ഈ ജോലിയോടുള്ള മമത വർദ്ധിപ്പിക്കാൻ ഇടവരുത്തുകയും ചെയ്തു. ഒരു റിബലിനും അധ്യാപകനാവാം എന്ന ആത്മവിശ്വാസം നൽകിയത് എം. എൻ. വിജയൻ മാഷുടെ പ്രസംഗങ്ങൾ കേട്ടതിലൂടെയും അദ്ദേഹത്തെ വായിച്ചറിഞ്ഞതിലൂടെയുമാണ്. പ്രത്യക്ഷമായ കാഴ്ചയുടെയും കേൾവിയുടെയും മറുപുറത്ത് എന്താണ് എന്നന്വേഷിക്കാൻ അത് പ്രേരണയായി. വിജയൻ മാഷെപ്പോലെ ഉയർന്ന ക്ലാസിലെ കുട്ടികളെയല്ല ക്ലാസ് മുറികളിൽ ലഭിച്ചത് എങ്കിലും നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ച് കുട്ടികളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുക എന്ന രീതി അങ്ങനെയാണ് ക്ലാസ് മുറിയിൽ പരീക്ഷിക്കാനിടവന്നത്. മടപ്പള്ളി കോളജിൽ മൂന്നു വർഷവും ഇംഗ്ലീഷ് കവിത പഠിപ്പിച്ച പ്രൊഫ. പി. മോഹൻദാസ് സാറും അദ്ദേഹത്തിന്റെ ക്ലാസുകളിൽ കൃത്യമായി ആസൂത്രണം ചെയ്ത ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. മാഷുമായുള്ള സംവാദങ്ങളായിരുന്നു ആ കവിതാക്ലാസുകൾ മിക്കതും. എപ്പോഴും നമ്മെ മാനസികമായി എൻഗേജ് ചെയ്യിക്കുന്ന ആ ക്ലാസുകളുടെ രസതന്ത്രമാണ് അധ്യാപക ജോലിയിൽ പിടിച്ചു നിൽക്കാൻ തുണയായത്.

കെ. ടി. ദിനേശ്

ഇംഗ്ലീഷ് ഭാഷയും സാഹിത്യവും കൈകാര്യം ചെയ്യുന്ന ക്ലാസുകൾ അങ്ങനെ ചോദ്യങ്ങളുടെ ചന്തപ്പറമ്പായി മാറി. ആദ്യ ക്ലാസിൽ എല്ലാ വിദ്യാർത്ഥികളോടും ഒരു ക്യാച്ച് ഫ്രെയ്സ് പോലെ, ‘My class will be a market place of questions.’ എന്ന് പറയുക പതിവായി. പിന്നീട് കരിക്കുലം പരിഷ്കരണവും മൂല്യനിർണയരീതി പരിഷ്കരണവും സെക്കന്ററി ക്ലാസുകളിലേക്കെത്തിയ രണ്ടായിരാമാണ്ടോടെയാണ് ‘ഡയലോഗിക് പെഡഗോജി’ എന്ന ഫ്രെയറിയൻ സങ്കല്പനങ്ങൾ അധ്യാപക സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. നേരത്തെ അനുവർത്തിച്ച അധ്യാപനരീതി പുതിയ രീതി സ്വാംശീകരിക്കുന്നത് എളുപ്പമുള്ളതാക്കി മാറ്റി. തുടർന്ന് അധ്യാപക പരിശീലനവും പാഠപുസ്തകരചനയും അധ്യാപനത്തോടൊപ്പം ഏറ്റെടുക്കേണ്ടിവന്നു. കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഗതിമാറ്റത്തിന് ചുക്കാൻ പിടിച്ച ഡി.പി.ഇ.പിയ്ക്കും തുടർന്ന് നടപ്പിലാക്കിയ ന്യൂ കരിക്കുലം സമീപനത്തിനും ശേഷം 2004- ൽ എസ് സി ഇ ആർ ടി ഡയറക്റ്ററായി സുരേഷ്‌കുമാർ ചുമതലയേറ്റതോടെ സെക്കന്ററി ക്ലാസുകളിലെ പഠന- മൂല്യനിർണയ രീതികളിൽ വലിയ മാറ്റം കൊണ്ടുവരാൻ ശ്രമിച്ചു. കെ. എം. ഉണ്ണികൃഷ്ണനും സി. എൻ. ബാലകൃഷ്‌ണനും ഉൾപ്പടെ മികവുറ്റ ടീം അധ്യാപക പരിശീലനത്തിലും മൂല്യനിർണയരീതിയിലും അഴിച്ചുപണി അനിവാര്യമാണെന്ന് നിരന്തരം ഓർമപ്പെടുത്തി. പെഡഗോജിയെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾ ജനാധിപത്യരീതിയിൽ സംഘടിപ്പിക്കപ്പെട്ട കാലമായിരുന്നു അത്. പക്ഷെ സുരേഷ്‌കുമാറിന്റെ പൊടുന്നനെയുള്ള സ്ഥാനമാറ്റവും അദ്ദേഹത്തിന്റെ ടീമിന്റെ വിട്ടുപോകലും ആ പരിഷ്ക്കരണ ശ്രമങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കാൻ കാരണമായി.

2006- ൽ കോഴിക്കോട് നടക്കാവ് സ്‌കൂളിൽ ജോലി ചെയ്ത കാലത്താണ് അർബൻ ഡിപ്രൈവ്ഡ് വിദ്യാർഥികളെ കണ്ടത്താനുള്ള പഠനം അവിടുത്തെ അധ്യാപകനായ ഇക്‌ബാൽ മാഷുമായി ചേർന്ന് നടത്തുന്നത്. ഒരു നേരത്തെ ആഹാരം മാത്രം കഴിക്കുന്ന നൂറിലേറെ വിദ്യാർഥികൾ അവിടെ പഠിക്കുന്നു എന്നും അഡ്രസ്​ പോലുമില്ലാത്ത ചില കുട്ടികളെങ്കിലും അവിടെയുണ്ട് എന്നും ഈ പഠനം തെളിയിച്ചു. അന്ന് കോഴിക്കോട് ജില്ലയിലെ പ്രമുഖ കെ.എസ്.ടി.എ നേതാവായ പാറ ചന്ദ്രൻ മാഷുടെ സഹായത്താൽ ഈ പഠനറിപ്പോർട്ട് മാധ്യമങ്ങൾ വഴി പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. സ്ഥലം എം.എൽ.എ, എ. പ്രദീപ് കുമാർ പ്രശ്‌നത്തിന്റെ ഗൗരവം ഉൾക്കൊള്ളുകയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പദ്ധതിയിൽ ആദ്യം ഇടംപിടിച്ചിട്ടില്ലായിരുന്ന നടക്കാവ് സ്കൂളിനെ അദ്ദേഹം തന്റെ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തുകയും രാജ്യാന്തര പ്രശസ്തി നേടിയ നടക്കാവ് മോഡൽ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ആ മഹത്തായ പദ്ധതിയുടെ എളിയ തുടക്കമാവാൻ കാരണമായി എന്നത് പിന്നിട്ട അധ്യാപന വഴിയിലെ സന്തോഷങ്ങളിൽ ഒന്നാണ്.

എ. പ്രദീപ് കുമാർ

2006- ൽ ആരംഭിച്ച കരിക്കുലം പരിഷ്കരണ പ്രവർത്തനത്തിൽ ഇംഗ്ലീഷ് ഭാഷാ പഠന ഫോക്കസ് ഗ്രൂപ്പിൽ ഡോ. കെ. എൻ. ആനന്ദൻ, ഡോ. പി. കെ. ജയരാജ്, ഡോ. എസ്. രവീന്ദ്രൻ നായർ എന്നിവരോടൊപ്പം സംസ്ഥാനത്തെ ഇംഗ്ലീഷ് പാഠ്യപദ്ധതി രൂപീകരണത്തിന്റെ നേതൃനിരയിൽ പ്രവർത്തിക്കാൻ അവസരമുണ്ടായി. കനോണിക്കൽ ടെക്​സ്​റ്റുകൾ മാത്രം കണ്ട് ശീലിച്ച നമ്മുടെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളിൽ ബഷീറും മാധവിക്കുട്ടിയും എം. ടിയും മുട്ടത്തുവർക്കിയും സി. എസ്. വെങ്കിടേശ്വരനും ഇടംപിടിച്ചു. ചോദ്യോത്തരങ്ങൾ കാണാതെ പഠിച്ച് ഉത്തരമെഴുതുന്ന പരീക്ഷാരീതി അടിമുടി മാറി. ഭാഷാരൂപങ്ങൾ സന്ദർഭാനുസരണം സൃഷ്ടിക്കാനുളള ചോദ്യങ്ങൾ പാഠപുസ്തകത്തിലും ചോദ്യപേപ്പറുകളിലും ഇടം പിടിച്ചു. മുൻ മാതൃകകൾ ഇല്ലാതിരുന്ന ഇത്തരം പാഠപുസ്തകങ്ങളും ചോദ്യപേപ്പറുകളും 2008 മുതൽ നമ്മുടെ കരിക്കുലത്തിന്റെ ഭാഗമായി. ആ കാലത്ത് അധ്യാപന ജോലിയിൽനിന്ന് ഡപ്യൂട്ടേഷൻ സ്വീകരിച്ച് എസ്. സി. ഇ. ആർ. ടി. യിൽ റിസർച്ച് ഓഫീസറായി ജോലി ചെയ്തു. 2006 മുതൽ 2011 വരെയുള്ള ഒന്നാം വി. എസ്. സർക്കാറിന്റെ ആ കാലം സംഭവബഹുലമായിരുന്നു. ദിവസം പതിനാറും പതിനേഴും മണിക്കൂർ ജോലി ചെയ്താണ് പാഠപുസ്തകരചന പൂർത്തിയാക്കി പലമട്ടിലുള്ള പരിശോധനയും തിരുത്തും നടത്തി അച്ചടിക്കായി കൈമാറിയത്.

ഈ കാലത്താണ് എൻ സി ഇ ആർ ടി യുടെ കരിക്കുലം ഹെഡ് ആയിരുന്ന ഡോ. എം. എ. ഖാദർ എസ് സി ഇ ആർ ടി ഡയറക്റ്ററായി ചുമതലയേൽക്കുന്നത്. അദ്ദേഹത്തിന്റെ മുൻകയ്യിൽ അന്ന് രൂപീകൃതമായ ഇംഗ്ലീഷ് പാഠപുസ്തക പരിഷ്ക്കരണസമിതി ഏറ്റവും മികച്ച ഒരു കൂട്ടം അധ്യാപർ ഉൾപ്പെടുന്നതായിരുന്നു. കവിയും ഭാഷാശാസ്തജ്ഞനുമായ ഡോ. കെ. എ. ജയശീലൻ, ഡോ. നസറുദ്ദീൻഖാൻ, ഡോ. ജമീലാ ബീഗം, ഡോ. കെ. എൻ. ആനന്ദൻ, പ്രശസ്ത മലയാള നിരൂപകരും ഇംഗ്ലീഷ് അധ്യാപകരുമായ ഇ. പി. രാജഗോപാലൻ, സജയ് കെ. വി., രാഘുനാഥൻ പറളി എന്നിവരൊക്കെയും അന്നത്തെ ഇംഗ്ലീഷ് ടീമിന്റെ ഭാഗമായിരുന്നു. പ്രൊഫ. പി. നാരായണ മേനോനും ഡോ. പി. കെ. തിലകും പി. പ്രേമചന്ദ്രനും ടി. കെ. ഉമ്മറും മണികണ്ഠദാസും പി. രാമനും പി. പി. പ്രകാശനും ഉൾപ്പെടുന്ന മലയാളം ടീമും ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം ടീം അംഗങ്ങളുമൊക്കെയായി നടത്തിയ ഏറെ കൊടുക്കൽ വാങ്ങലുകൾക്കു ശേഷമാണ്​ പാഠപുസ്തകരചനയുടെ ഓരോ ഘട്ടവും കടന്നുപോയത്. 2012- ൽ പ്രൈമറി ക്ലാസുകളിലെ ഇംഗ്ലീഷ് ഭാഷാപഠനത്തിന്​ കേരളത്തിലാദ്യമായി ഒരു ഇന്ററാക്ടിവ് ഡി വി ഡി എന്ന ആശയം ആവിഷ്ക്കരിച്ചുനടപ്പാക്കാൻ കഴിഞ്ഞു എന്നതും എസ് സി ഇ ആർ ടി യിൽ ജോലിചെയ്ത കാലത്തെ വലിയ ചാരിതാർഥ്യങ്ങളിൽ ഒന്നാണ്.

2014- ൽ എസ് സി ഇ ആർ ടി ഡെപ്യുട്ടേഷൻ അവസാനിപ്പിച്ച് വീണ്ടും സ്‌കൂളിലേക്കെത്തി. അഴിയൂർ ഹയർ സെക്കന്ററി സ്‌കൂളിലും ജി വി എച്ച് എസ് എസ് മടപ്പള്ളിയിലുമാണ് അധ്യാപക ജീവിതത്തിന്റെ അവസാന ഒൻപതുവർഷങ്ങൾ. 1994- ൽ എം.ജെ ഹൈസ്‌കൂൾ വില്യാപ്പള്ളിയിൽ അധ്യാപക ജീവിതം തുടങ്ങുകയും പന്ത്രണ്ടു വർഷം അവിടെ അധ്യാപകനായി തുടരുകയും ചെയ്തു. തോടന്നൂർ ബ്ലോക്ക് വിദ്യാഭ്യാസ പദ്ധതിയായ വിജയരഥത്തിന്റെ ശില്പികൾ എന്ന് പറയാവുന്ന പി. ബാലൻ മാസ്റ്റർ, ബി. സുരേഷ് ബാബു, പി. ഹരീന്ദ്രനാഥ് എന്നിവരോടൊപ്പം പദ്ധതിയുടെ ഇംഗ്ലീഷ് ഭാഷാവിഭാഗം കൺവീനറായി പ്രവർത്തിക്കാൻ സർവീസിന്റെ ആദ്യകാലത്തുതന്നെ അവസരം കൈവന്നത് പിന്നീടുള്ള ഇടപെടലുകൾക്ക് അടിത്തറയൊരുക്കി എന്നത് വിസ്മരിക്കാനാവില്ല. ആവള ഗവൺമെൻറ്​ ഹയർസെക്കന്ററി സ്കൂളിലും ഇതിലിടെ ഒരുവർഷം ജോലിചെയ്തിട്ടുണ്ട്. ഡിസ്‌ട്രിക്‌റ്റ് സെന്റർ ഫോർ ഇംഗ്ലീഷ് നടക്കാവിൽ ഒരു വർഷം ട്യൂട്ടറായി പ്രവർത്തിച്ചതും അഞ്ചുവർഷം എസ് സി ഇ ആർ ടി യിൽ റിസർച്ച് ഓഫീസർ തസ്തികയിൽ ഇരുന്നതുമൊഴിച്ചാൽ 23 വർഷം അധ്യാപകനായിതന്നെയാണ് പ്രവർത്തിച്ചത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ അവസരമുണ്ടായിട്ടുണ്ട് ഇതുവരെ. പഠിപ്പിച്ചത് ഫലപ്രദമായോ രസകരമായോ എന്ന് ഉറപ്പില്ല. കുട്ടികള്‍ വിലയിരുത്തട്ടെ.

Comments