കായിക വിദ്യാഭ്യാസം കേരളത്തിൽ ‘ഔട്ട് ഓഫ് സിലബസ്’

കായിക വിദ്യാഭ്യാസം, കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ഒരു പ്രധാന ചാപ്റ്ററാണ്. കായികരംഗത്തേക്ക് ഓടിക്കയറിയ താരങ്ങളിലേറെയും നമ്മുടെ സ്കൂളുകളിൽനിന്നായിരുന്നു. കേരളം അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന ഈ താരങ്ങളെ രൂപപ്പെടുത്തുന്ന കായിക വിദ്യാഭ്യാസത്തിന് ഭരണകൂടവും വിദ്യാഭ്യാസ സംവിധാനങ്ങളും എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്നത് വലിയൊരു ചോദ്യമാണ്. കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന 86 % കുട്ടികളും കായിക ക്ഷമതയുള്ളവരല്ല എന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്ന സാഹചര്യത്തിൽ പ്രതേകിച്ചും ഇത്തരമൊരു ചർച്ച അനിവാര്യമാകുന്നു.

കേരളത്തിലെ 80 ശതമാനം സ്കൂളുകളിലും കായിക അധ്യാപരില്ല. അഥവാ, സ്കൂളുകളിൽ പഠിക്കുന്ന ഭൂരിപക്ഷം കുട്ടികൾക്കും ശരിയായ രീതിയിലുള്ള കായിക പരിശീലനം ലഭിക്കുന്നില്ല എന്നർത്ഥം. അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത കൂടിയാകുമ്പോൾ സ്ഥിതി രൂക്ഷമാകുന്നു.

കായിക വിദ്യഭ്യാസവും പി ഇ ടി പീരിയഡുകളും സിലബസിൽ നിർബന്ധമായി ഉൾപ്പെടുത്തണമെന്ന ഉത്തരവ് വന്നെങ്കിലും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടിലെന്നും കലോത്സവത്തിന് നൽകുന്ന പ്രാധാന്യം കായിക മേളക്ക് കൊടുക്കുന്നില്ലെന്നും അധ്യാപകർ പരാതി പറയുന്നു. സ്കൂൾ തലം മുതൽ മെച്ചപ്പെട്ട അദ്ധ്യാപരും പരിശീലകരുമില്ലാതെ കേരളത്തിന് കായിക രംഗത്ത് അധിക കാലം പിടിച്ച് നിൽക്കാൻ പറ്റില്ലെന്ന് ദേശീയ താരങ്ങളും പറയുന്നു.

മെച്ചപ്പെട്ട കായിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഊർജസ്വലരായ ഒരു തലമുറയെ വളർത്തിയെടുക്കാനാകൂ. അവരെ മുന്നിൽ മുന്നിൽ നിർത്തി മാത്രമേ കേരളത്തിന് ഭാവിയിലേക്ക് പുതിയ കുതിപ്പുകൾ നടത്താനാകൂ. കായിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേരളം പിന്തുടരുന്ന സമീപനം തീർച്ചയായും ഒരു വീണ്ടുവിചാരം ആവശ്യപ്പെടുന്നുണ്ട്. കായിക വിദ്യാഭ്യാസത്തെ കൂടി പരിപൂർണ്ണമായി ഉൾകൊണ്ടുള്ള ഒരു പുതിയ വിദ്യാഭ്യാസ മോഡൽ സ്കൂളുകളിൽ അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്

Comments