എസ്.എസ്.എൽ.സി പരീക്ഷാരീതി മാറുന്നു,
അടുത്ത വർഷം മുതൽ മിനിമം മാർക്ക്

ഹയർ സെക്കൻഡറിയിലേതുപോലെ, എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് നേടുന്നവർക്കേ ഉപരിപഠനത്തിന് യോഗ്യതയുണ്ടാകൂ. 40 മാർക്കിന്റെ വിഷയത്തിൽ മിനിമം 12 മാർക്ക് വേണം. 80 മാർക്കിന്റെ വിഷയത്തിൽ മിനിമം 40 മാർക്ക് വേണം. നിരന്തര മൂല്യനിർണയത്തിന്റെ മാർക്ക് കൂടി ചേർത്താകും 2025 മാർച്ച് മാസത്തെ പരീക്ഷാഫലം പ്രഖ്യാപിക്കുക.

Think

2024-ലെ എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിച്ചു. 99.69 ശതമാനമാണ് ജയം. 892 സർക്കാർ സ്‌കൂളുകളിലും 1139 എയ്ഡഡ് സ്‌കൂളുകളിലും 443 അൺ എയ്ഡഡ് സ്‌കൂളുകളിലും മുഴുവൻ വിദ്യാർഥികളും ജയിച്ചു.

71,831 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 68,804 പേരാണ് ഫുൾ എ പ്ലസ് നേടിയത്. 4934 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷവും മലപ്പുറത്തായിരുന്നു കൂടുതൽ എ പ്ലസ്.

ഗൾഫ്, ലക്ഷദ്വീപ് അടക്കം 2971 കേന്ദ്രങ്ങളിൽ 4,27,153 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി എഴുതിയത്. ഇവരിൽ 4,25,563 പേർ ഉപരിപഠനത്തിന് അർഹരായതായി മന്ത്രി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷാ വിജയാഘോഷത്തിൽ പങ്കെടുക്കുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
  • 99.69 ശതമാനം പേർ ഉന്നത വിദ്യാഭ്യസത്തിന് അർഹത നേടി.

  • കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ നേരിയ കുറവ്. കഴിഞ്ഞ വർഷം വിജയ ശതമാനം 99.70 ആയിരുന്നു.

  • 71,831 പേർക്ക് ഫു​ൾ എ പ്ലസ്.

  • ഏറ്റവും കൂടുതൽ വിജയ ശതമാനം കോട്ടയം റവന്യു ജില്ലയിൽ, ഏറ്റവും കുറവ് തിരുവനന്തപുരത്ത്.

  • ഗൾഫ് മേഖലയിൽ 516 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി, വിജയശതമാനം 96.81.

  • ലക്ഷദ്വീപിൽ വിജയശതമാനം 97.19.

  • 2474 സ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം.

  • 139 എയ്ഡഡ് സ്‌കൂളുകളിലും 443 അൺ എയ്ഡഡ് സ്‌കൂളുകളിലും പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു.

  • പാലാ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും ജയിച്ചു.

അടുത്ത വർഷം മുതൽ എസ്.എസ്.എൽ.സി പരീക്ഷാരീതിയിൽ മാറ്റം വരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഹയർ സെക്കൻഡറിയിലേതുപോലെ, എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് നേടുന്നവർക്കേ ഉപരിപഠനത്തിന് യോഗ്യതയുണ്ടാകൂ. 40 മാർക്കിന്റെ വിഷയത്തിൽ മിനിമം 12 മാർക്ക് വേണം. 80 മാർക്കിന്റെ വിഷയത്തിൽ മിനിമം 40 മാർക്ക് വേണം. നിരന്തര മൂല്യനിർണയത്തിന്റെ മാർക്ക് കൂടി ചേർത്താകും 2025 മാർച്ച് മാസത്തെ പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തും. വിശദമായ കൂടിയാലോചനകൾക്കുശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

  • എഴുത്തുപരീക്ഷക്ക് മിനിമം മാർക്ക്, ഓരോ വിഷയത്തിനും ഉപരിപഠനയോഗ്യതക്ക് മിനിമം 12 മാർക്കാണ് വേണ്ടത്.

  • ഇന്റേണൽ മാർക്കിനൊപ്പം കുറച്ച് മാർക്ക് നൽകി ജയിപ്പിക്കുന്ന സംവിധാനം അവസാനിപ്പിക്കും.

  • 1 മുതൽ 9 വരെയുള്ള ക്ലാസുകളിൽ അക്കാദമിക് സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പുതിയ സ്‌കീം നടപ്പിലാക്കും.

  • പരീക്ഷരീതി മാറ്റുന്നത് ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തും

ഗ്രേസ് മാർക്ക്, ബോണസ് പോയിന്റ് എന്നിവയിലും മാറ്റമുണ്ട്. എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നവർക്ക് ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയന്റ് ഇനിയില്ല. ഒരേ പാഠ്യേതര നേട്ടങ്ങൾക്ക ഗ്രേസ് മാർക്കും ബോണസ് പോയന്റും ഇല്ലാതാകും. എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കും ഹയർ സെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയന്റും നൽകുന്ന രീതിയാണ് മാറുന്നത്.

അന്തർദേശീയ, ദേശീയ, സംസ്ഥാന തല കായിക മത്സരങ്ങളിലും കലോത്സവങ്ങളിലും ജയിക്കുന്നവർക്ക് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷയിൽ നൽകുന്ന ഗ്രേസ് മാർക്കും ഏകീകരിച്ചു. സംസ്ഥാന തലം മുതൽ അന്താരാഷ്ട്രതലം വരെയുള്ള നേട്ടം പരിഗണിച്ച് മൂന്നു മുതൽ 100 വരെ മാർക്കാണ് നൽകുക. സ്‌കൂൾ കലോത്സവം, ശാസ്‌ത്രോത്സവം, കായികമേള എന്നിവയിൽ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിച്ചാൽ 20 മാർക്ക് കിട്ടും. രണ്ടാം സ്ഥാനക്കാർക്ക് 17 മാർക്ുകം മൂന്നാം സ്ഥാനക്കാർക്ക് 14 മാർക്കുമാണ് കിട്ടുക. ബി. ഗ്രേഡിന് 15, സി. ഗ്രേഡിന് 10 മാർക്ക് വീതം ലഭിക്കും.

എട്ട്, ഒൻപത് ക്ലാസിൽ സംസ്ഥാനതല മത്സരത്തിൽ ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടുണ്ടെങ്കിൽ പത്താം ക്ളാസിൽ റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചാലും ഗ്രേസ് മാർക്ക് ലഭിക്കും.

പുനർമൂല്യനിർണയത്തിന് മെയ് 9 മുതൽ മേയ് 15 വരെ അപേക്ഷ നൽകാം. സേ പരീക്ഷ മേയ് 28 മുതൽ ജൂൺ ആറ് വരെ നടക്കും. പരീക്ഷഫലം ജൂൺ രണ്ടാം വാരം പ്രഖ്യാപിക്കും.

Comments