ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി ആവശ്യമായ യോഗ്യതയുണ്ടായിട്ടും മലയാളി വിദ്യാർഥികൾക്ക് ഡിഗ്രി പ്രവേശനം നിഷേധിച്ച് ഡൽഹി യൂണിവേഴ്സിറ്റി. അഡ്മിഷൻ പ്രക്രിയയിൽ കേരള ഹയർ സെക്കന്ററി ബോർഡിന് അംഗീകാരമില്ലെന്നും അംഗീകൃത ബോർഡുകളുടെ ലിസ്റ്റുകളിൽ ഉൾപ്പെടുന്നില്ലെന്നും പറഞ്ഞാണ് പ്രവേശനം നിഷേധിക്കുന്നത്.
രാജ്യത്തെ സ്കൂൾ ബോർഡുകളുടെ അംഗീകാരം വ്യക്തമാക്കുന്ന കൗൺസിൽ ഓഫ് ബോർഡ് ഓഫ് സ്കൂൾ എഡ്യുക്കേഷന്റെ (സി.ബി.എസ്.ഇ) വെബ്സൈറ്റിൽ കേരളത്തിൽ നിന്നുള്ള 3 ബോർഡുകളാണ് ഉൾപ്പെടുന്നത്. കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ, കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എഡ്യുക്കേഷൻ, ബോർഡ് ഓഫ് വോക്കേഷണൽ ഹയർ സെക്കന്ററി എഡ്യുക്കേഷൻ തുടങ്ങിയവയാണ് ഈ മൂന്ന് ബോർഡുകൾ.
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്ലസ് ടു സർട്ടിഫിക്കറ്റിൽ കേരള ബോർഡ് ഓഫ് ഹയർ സെക്കന്ററി എക്സാമിനേഷൻ എന്നാണ് രേഖപ്പെടുത്തിരിക്കുന്നത്. ലിസ്റ്റിലെ അംഗീകൃത ബോർഡുകളിലെയും സർട്ടിഫിക്കറ്റിലെയും ഈ പേര് വ്യത്യാസമാണ് അഡ്മിഷൻ ലഭിക്കാൻ തടസമായി യൂണിവേഴ്സിറ്റി പറയുന്നത്. കേരളത്തിൽ 10-ലും 12-ലും വ്യത്യസ്ത ബോർഡുകളാണ് നിലവിലുള്ളത്.
ഡൽഹി യൂണിവേഴ്സിറ്റി (DU) കഴിഞ്ഞ ദിവസം മൂന്നാം ഘട്ട അലോട്ട്മെന്റിന്റെ ലിസ്റ്റ് പുറത്തുവിട്ടപ്പോൾ, ഹൻസരാജ് കോളേജും, ദയാൽ സിംഗ് കോളേജും ഉൾപ്പെടെയുള്ളവ ഈ കാരണം പറഞ്ഞ് യോഗ്യരായ മലയാളി വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ചിരുന്നു. സി.യു.ഇ.ടി - യു.ജി പൊതുപരീക്ഷ എഴുതി യോഗ്യത നേടിയ വിദ്യാർഥികളെയാണ് സർട്ടിഫിക്കറ്റിലെ ‘അപാകത’ കാണിച്ച് യൂണിവേഴ്സിറ്റി തിരിച്ചയച്ചത്. എന്നാൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ മറ്റ് ചില കോളേജുകൾ അഡ്മിഷൻ പൂർത്തിയാക്കുകയും വിദ്യാർത്ഥികളുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ ഫീസടച്ച് സീറ്റ് ഉറപ്പിക്കുകയും ചെയ്തു.
മുൻവർഷങ്ങളിലും ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിൽ അഡ്മിഷൻ നേടാൻ ഇതേ അനിശ്ചിതാവസ്ഥ നിലനിന്നിരുന്നു. പരീക്ഷാ ബോർഡിന്റെ പേര് തിരുത്തി സ്ഥിരപരിഹാരം കാണണമെന്നുള്ള വ്യാപകമായ ആവശ്യം ഉയർന്നിരുന്നു. പ്രശ്നപരിഹാരത്തിന് നടപടിയെടുക്കാൻ കഴിഞ്ഞ മാർച്ചിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തങ്ങളുെടെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിലും കേന്ദ്രതലത്തിൽ ഇതുവരെ പ്രശ്നപരിഹാരത്തിന് നടപടി ഉണ്ടായിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം.
കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രവേശനം നിഷേധിക്കുന്നത് പരിഹരിക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തുനൽകിയതായി അഡ്വ ഹാരിസ് ബീരാൻ എം.പി അറിയിച്ചിട്ടുണ്ട്: "കേരള പ്ലസ് ടു സർട്ടിഫിക്കറ്റിൽ ‘കേരള ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എക്സാമിനേഷൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം രാജ്യത്തെ അംഗീകൃത ബോർഡുകളുടെ പേരുള്ള കൗൺസിൽ ഓഫ് ബോർഡ് ഓഫ് സ്കൂൾ എജ്യുക്കേഷന്റെ വെബ്സൈറ്റിൽ ‘കേരള ബോർഡ് ഓഫ് ഹയർ സെക്കണ്ടറി എജ്യുക്കേഷൻ’ എന്നാണ് രേഖപ്പെടുത്തിയത്. ഇവയിൽ വ്യക്തത വരുത്തി പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ മുഖ്യമന്ത്രി നേരിട്ട് തന്നെ മുൻകയ്യെടുക്കേണ്ടതുണ്ട്," അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ വിദ്യാർത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ എത്രയും പെട്ടെന്ന് യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ഡൽഹി യൂണിവേഴ്സിറ്റി പ്രതിനിധികൾ യൂണിവേഴ്സിറ്റി അഡ്മിഷൻ ഡീനിന് പരാതി നൽകിയിട്ടുമുണ്ട്.
ഡൽഹി സർവകലാശാലയുടെ കീഴിൽ നിലവിൽ 91 കോളേജുകളാണ് ഉള്ളത്. ഈ കോളേജുകളിലായി 1500-ഓളം യു.ജി കോഴ്സുകളുണ്ട്. 71,600 സീറ്റുകളിലേക്കാണ് ഈ വർഷത്തെ പ്രവേശനം. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ കേരളത്തിൽ നിന്ന് മൂവായിരത്തോളം വിദ്യാർത്ഥികൾ അഡ്മിഷൻ നേടിയിരുന്ന സ്ഥാനത്ത് ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇത്തവണ അഡ്മിഷൻ 500 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്ക്.