കേരളത്തിലെ വിദ്യാർഥികൾ, അവർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ട പരീക്ഷകളുടെ പേരിൽ അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനം നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്ലസ് ടു കെമിസ്ട്രി, കണക്ക് പരീക്ഷകൾ കടുത്ത സമ്മർദത്തിലാണ് ഏതാണ്ടെല്ലാ വിദ്യാർഥികളും എഴുതിയത്. കാരണം, ഫോക്കസ് ഏരിയക്കുപുറത്തുനിന്നുള്ള ചോദ്യങ്ങൾ പോലും കഠിനമായിരുന്നു. രണ്ടു മാസം കൊണ്ട് 16 ചാപ്റ്റർ പഠിച്ചുതീർക്കേണ്ട അവസ്ഥയിലായിരുന്നു കെമിസ്ട്രി വിദ്യാർഥികൾ. എഴുതി പൂർത്തിയാക്കാൻ സമയം കിട്ടിയില്ല എന്നാണ് കണക്ക് പരീക്ഷ എഴുതിയവരുടെ പരാതി. റെക്കോർഡ് വേഗത്തിൽ അധ്യാപകർക്ക് ക്ലാസെടുക്കേണ്ടിവന്നതിന്റെയും പഠിക്കാൻ സമയം കിട്ടാതെ പോയതിന്റെയും ശിക്ഷയാണ് വിദ്യാർഥികൾ അനുഭവിക്കുന്നത് എന്നു സാരം.
ഫോക്കസ് ഏരിയ പ്രശ്‌നത്തെക്കുറിച്ച് മാസങ്ങൾക്കുമുമ്പ് വിദ്യാർഥികളും അധ്യാപകരും വിദ്യാഭ്യാസ ചിന്തകരുമെല്ലാം പ്രകടിപ്പിച്ച ആശങ്ക അക്ഷരാർഥത്തിലായിരിക്കുകയാണ്. വിമർശനം ഉന്നയിച്ച പി. പ്രേമചന്ദ്രൻ എന്ന അധ്യാപകന് ഷോ കോസ് നോട്ടീസ് നൽകുകയും അധ്യാപകർ പഠിപ്പിച്ചാൽ മാത്രം മതി, മറ്റു കാര്യങ്ങൾ നോക്കേണ്ട എന്ന് കണ്ണുരുട്ടുകയുമായിരുന്നു നമ്മുടെ വിദ്യാഭ്യാസ വകുപ്പ്. കേരളത്തിൽ പൊതുവിദ്യാഭ്യാസത്തെ തകർക്കാൻ തിരുവനന്തപുരത്ത് ഒരു സി.ബി.എസ്.ഇ ഉദ്യോഗസ്ഥ ലോബി തന്നെ പ്രവർത്തിക്കുന്നു എന്ന ആരോപണം ഇതുവരെ നിഷേധിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, കേരള ഹയർ സെക്കന്ററിയുടെ പരീക്ഷാ സ്‌കോർ എഞ്ചിനീയറിംഗ് പ്രവേശനത്തിന് പരിഗണിക്കാതിരിക്കാൻ ഇതേ സംഘം നടത്തിയ നിയമയുദ്ധങ്ങൾ നമുക്കുമുന്നിലുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ കേരള സിലബസ് കുട്ടികളുടെ തലക്കുമുകളിൽ തൂങ്ങിനിൽക്കുന്ന വാളിന്റെ പിടി ആരുടെ കൈകളിലാണെന്നത് വ്യക്തമാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്തും വിദ്യാർഥികളും അധ്യാപകരും കടുത്ത സമ്മർദത്തിലാണ്. പകുതി പോലും പാഠഭാഗങ്ങൾ തീർക്കാതെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാർഥികൾ ഇന്ന് അവസാന സെമസ്റ്റർ പരീക്ഷയെഴുതാൻ പോകുന്നത്. ക്ലാസുകൾ വീണ്ടും തുടങ്ങിയ ശേഷം വിദ്യാർഥികൾ ആകെ ചെയ്തത് മുൻ സെമസ്റ്ററുകളുടെ പരീക്ഷകൾ എഴുതുക മാത്രമാണ്.
മെഡിക്കൽ വിദ്യാർഥികൾ പരീക്ഷ ബഹിഷ്‌കരിച്ച് സമരം ചെയ്യുകയാണ്. മതിയായ ക്ലിനിക്കൽ അവേഴ്‌സ് നൽകിയ ശേഷം മാത്രം പരീക്ഷ നടത്തുക എന്ന ഏറ്റവും അടിസ്ഥാനപരമായ ഒരാവശ്യമുന്നയിക്കുന്ന വിദ്യാർഥികളെ ശത്രുപക്ഷത്ത് നിർത്തി ശിക്ഷിക്കുകയാണ് ആരോഗ്യ സർവകലാശാല. 12 മാസം കൊണ്ട് പൂർത്തിയാക്കേണ്ട അവസാന വർഷ എം.ബി.ബി.എസ് ക്ലാസുകൾ ആറു മാസം കൊണ്ട് നടത്തി പരീക്ഷ നടത്തുകയാണ്. 2915 അവസാന വർഷ വിദ്യാർഥികളിൽ രണ്ടായിരത്തിലേറെ പേർ പരീക്ഷ എഴുതുന്നില്ല. പിന്നെ, ആർക്കുവേണ്ടിയാണ് സർവകലാശാല ഈ പരീക്ഷാപ്രഹസനം അടിച്ചേൽപ്പിക്കുന്നത്?
നമ്മുടെ കാമ്പസുകളിലെ പോസ്റ്റ് കോവിഡ് അവസ്ഥ എന്താണ്? അവിടെയും നടക്കുന്നത് കടുത്ത വിദ്യാർഥി അവകാശ ലംഘനമാണെന്ന് പരാതിപ്പെടുന്നത് അധ്യാപകരും കൂടിയാണ്. കാമ്പസുകൾ തുറന്നശേഷം ആകെ നടക്കുന്നത് പരീക്ഷകൾ മാത്രമാണ്. ഒന്നോ രണ്ടോ മാസത്തേക്ക് നീട്ടിവെച്ചാൽ, ഉപരിപഠനത്തിന്റെ കാര്യത്തിലടക്കം ഒരു പ്രതിസന്ധിയും വരാനില്ല എന്നും ഓർക്കണം. കോവിഡ്, നമ്മുടെ വിദ്യാർഥി സമൂഹത്തിൽ സൃഷ്ടിച്ച പലതരം സമ്മർദങ്ങളെ അതിജീവിക്കാനുതകുന്ന ഒരു സാംസ്‌കാരിക - രാഷ്ട്രീയാന്തരീക്ഷത്തിലേക്കായിരുന്നു, കാമ്പസുകൾ തുറക്കേണ്ടിയിരുന്നത്. പകരം, രണ്ടുവർഷത്തെ കുഴഞ്ഞുമറിഞ്ഞ അധ്യയന രീതികൾക്കൊടുവിൽ, ഒരു മാറ്റവുമില്ലാത്ത സാമ്പ്രദായിക പരീക്ഷാസംവിധാനം അവർക്കുമേൽ അടിച്ചേൽപ്പിക്കുകയാണ് ചെയ്തത്.
ഇന്ത്യയിലെ വിവിധ പരീക്ഷാ ബോർഡുകൾ, സിലബസ് കുറച്ചും പഠനഭാരം ലഘൂകരിച്ചും വിദ്യാർഥി പക്ഷ നിലപാടുകളെടുത്തുവരികയാണ്. എൻ.സി.ഇ.ആർ.ടി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്, സംസ്ഥാന ബോർഡുകൾ എന്നിവ, വിദ്യാർഥികളുടെ കഴിഞ്ഞ രണ്ടുവർഷത്തെ സമ്മർദം യാഥാർഥ്യബോധത്തോടെ നേരിടാൻ തക്കവിധമുള്ള മാറ്റങ്ങൾ പരീക്ഷകളിൽ കൊണ്ടുവരികയാണ്. കേരളത്തിലാകട്ടെ, പരീക്ഷ മറ്റൊരു മഹാമാരിയായി വിദ്യാർഥികളിൽ പടരുകയാണ്.
കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമായി പരിവർത്തിപ്പിക്കും, സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കും എന്നൊക്കെ പ്രഖ്യാപനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു സർക്കാർ സംവിധാനത്തിനുകീഴിലാണ് ഇതെല്ലാം അരങ്ങേറുന്നത്. വെറും പരീക്ഷാനടത്തിപ്പുകേന്ദ്രങ്ങൾ മാത്രമായി മാറിയ സർവകലാശാലകളെയും അതിന്റെ ഇരകളായ പുതുതലമുറയെയും വച്ചുകൊണ്ടാണോ ഒരു വൈജ്ഞാനിക നവകേരള സൃഷ്ടിക്കൊരുങ്ങുന്നത്?
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്ന സ്വകാര്യ നിക്ഷേപത്തിന് സാമൂഹിക നിയന്ത്രണമുണ്ടാകും എന്നാണ് സി.പി.എം പുതിയ നയരേഖയിൽ പറയുന്നത്. എന്നാൽ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും സാമൂഹിക നീതി ഉറപ്പാക്കാൻ കഴിയാത്ത ഒരു ഭരണകൂട സംവിധാനത്തിന്റെ ഉറപ്പുകൂടിയാണിത് എന്നും ഓർക്കണം.
ചുരുക്കത്തിൽ, പരീക്ഷകൾ മാത്രം ലക്ഷ്യം വക്കുകയും, അവയിൽ ഉന്നതവിജയം നേടാനുള്ള ഡിവൈസുകൾ സ്വന്തമാക്കാൻ കഴിവുള്ളവരുമായ ഒരു വരേണ്യ ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തിലേക്കാണ് കേരളം എന്ന വൈജ്ഞാനിക സമൂഹം പതിക്കാൻ പോകുന്നത്.
കോവിഡിനുശേഷം വിദ്യാഭ്യാസം വിദ്യാർഥിപക്ഷ സമീപനങ്ങളിലേക്ക് വികസിക്കുന്നതൊന്നും നമ്മുടെ ഭരണാധികാരികൾ അറിഞ്ഞമട്ടില്ല. പാവപ്പെട്ട വിദ്യാർഥികൾക്ക് വിജയിക്കാൻ കഴിയാത്തവിധമുള്ള ഘടനയുള്ള നീറ്റ് പരീക്ഷയെ, 21ാം നൂറ്റാണ്ടിലെ "നോളജ് അൺടച്ചബിലിറ്റി' എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിൽ വിശേഷിപ്പിച്ചത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇത്തരമൊരു രാഷ്ട്രീയ കാഴ്ചപ്പാട് നമ്മുടെ ഭരണാധികാരികൾക്കും ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.