വിദേശ സർവ്വകലാശാല: നയവ്യതിയാനത്തിന്റെ വൈരുദ്ധ്യാത്മക ഇടതു പാഠം

വിദ്യാഭ്യാസരംഗത്തെ സ്വകാര്യ മൂലധനത്തെക്കുറിച്ചും വിദേശ സർവ്വകലാശാലാ കാമ്പസുകൾ ഇന്ത്യയിൽ സ്ഥാപിക്കുന്നതിനെക്കുറിച്ചും സി പി എമ്മും സി പി ഐയും അവരുടെ വിദ്യാർത്ഥി സംഘടനകളും ഉയർത്തിയ എതിർപ്പുകളെല്ലാം വ്യാജമായിരുന്നുവെന്നാണ് ബജറ്റ് പ്രഖ്യാപനം തെളിയിക്കുന്നത്. നയപരമായ തീരുമാനങ്ങളെടുക്കുമ്പോൾ പൊതുസമൂഹം ആവശ്യപ്പെടുന്ന സംവാദസുതാര്യതയുടെ തികഞ്ഞ ലംഘനമാണ് ഇക്കാര്യത്തിൽ കാണാനാവുകയെന്ന് പ്രമോദ് പുഴങ്കര എഴുതുന്നു.

റ്റെല്ലാ മേഖലകളിലുമെന്നപോലെ ഉന്നത വിദ്യാഭ്യാസമേഖലയിലും വലിയ തോതിൽ സ്വകാര്യ നിക്ഷേപവും വിദേശ സ്വകാര്യ മൂലധനവും കൊണ്ടുവരുന്നതിനുള്ള നയപരമായ സന്നദ്ധതയും തിടുക്കവും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അതിന്റെ നയപരിപാടികളുടെ തുടർച്ചയായി 2024-25-ലെ ബജറ്റിലും ഒന്നുകൂടി ഊന്നിപ്പറഞ്ഞിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസനയത്തിന്റെ (NEP- 2020) ചുവടുപിടിച്ചുള്ള നവ- ഉദാരീകരണ നയങ്ങൾ അതിവേഗത്തിലും അതിസൂക്ഷ്മവുമായും നടപ്പാക്കുകയാണ് കേരളത്തിലെ സർക്കാർ.

വിദ്യാഭ്യാസരംഗത്തെ സ്വകാര്യ മൂലധനത്തെക്കുറിച്ചും വിദേശ സർവ്വകലാശാലാ കാമ്പസുകൾ (Foreign Higher Educational Institutions) ഇന്ത്യയിൽ സ്ഥാപിക്കുന്നതിനെക്കുറിച്ചും ഇതുവരെ കേരളത്തിലെ പ്രധാന ഭരണകക്ഷികളായ സി പി എമ്മും സി പി ഐയും അവരുടെ വിദ്യാർത്ഥി സംഘടനകളും ഉയർത്തിയ എതിർപ്പുകൾ എത്ര വ്യാജവും അവസരവാദപരവും പൊള്ളയായ വാചകമടിയുമായിരുന്നുവെന്ന്, മറ്റ് നവ-ഉദാരീകരണ നയങ്ങളിലെന്നതുപോലെ, ഈ വിഷയത്തിലും തെളിയുകയാണ്.

സി.പി.എം പി.ബി
2023-ൽ പറഞ്ഞത്

വിദേശ സർവ്വകലാശാലാ കാമ്പസുകൾ കേരളത്തിൽ സ്ഥാപിക്കാൻ അനുമതി നൽകുമെന്നും അതിനായി ശ്രമം നടത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്താണ് ഈ വിഷയത്തിലെ ആശങ്കകളുടെയും എതിർപ്പിന്റെയും കാരണമെന്ന് പരിശോധിക്കുന്നതിനുമുമ്പ് ഇക്കാര്യത്തിൽ സി.പി.എം നിലപാട് എന്താണെന്ന് നോക്കാം.

2023 ജനുവരി 7-ന് സി.പി.എം പോളിറ്റ് ബ്യൂറോ, വിദേശ സർവ്വകലാശാലകളെ ഇന്ത്യയിൽ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവനയിറക്കിയിരുന്നു. വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ പ്രവർത്തനാനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കം ഒരു കൂട്ടം ഉപരിവർഗ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സൃഷ്ടിച്ച്, രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കുമെന്ന് പി ബി പറയുന്നു. ഈ നീക്കത്തിന്റെ പല വശങ്ങളെയും അതിനിശിതമായി വിമർശിക്കുന്ന പ്രസ്താവനയിൽ സംസ്ഥാന സർക്കാരുകളോട് കൂടിയാലോചിക്കുകപോലും ചെയ്യാതെ തീരുമാനങ്ങളെടുക്കുന്നതിനെയും അപലപിക്കുന്നുണ്ട്. ഏകപക്ഷീയമായ ഈ നീക്കത്തിൽ നിന്ന് യു ജി സിയെയും കേന്ദ്ര സർക്കാരിനേയും പിന്തിരിപ്പിക്കുന്നതിന് എല്ലാ ജനാധിപത്യ, ദേശസ്നേഹശക്തികളും രംഗത്തിറങ്ങണം എന്നാഹ്വാനം ചെയ്താണ് പ്രസ്താവന അവസാനിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ഈ വിഷയത്തിലെ നയങ്ങളെ സി പി എം നേതൃത്വത്തിലുള്ള കേരള സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നു. സ്വാഭാവികമായും അക്കാര്യത്തിൽ യു ജി സിയും കേന്ദ്ര സർക്കാരുമൊക്കെയായി അതിനെ സംബന്ധിച്ച ആശയവിനിമയവും അവർ നടത്തിയിട്ടുണ്ടാകും. ഒരു വർഷക്കാലത്തിനിടയിൽ ഈ നയത്തിന് അരങ്ങൊരുക്കുന്ന എല്ലാ പണികളും എടുക്കുമ്പോഴും തെരുവുകളിലും സെമിനാർ ഹാളുകളിലും വിദേശ സർവ്വകലാശാലകളുടെ ഇന്ത്യൻ പ്രവേശനത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരുന്ന ഇരട്ടത്താപ്പിലെ കുടിലവഞ്ചന ഒരു ജനതയുടെ മുഖത്തുനോക്കി പല്ലിളിക്കുന്നുണ്ട്.

ബജറ്റിൽ പുതിയ തീരുമാനം പ്രഖ്യാപിക്കുന്നതുവരെ, തങ്ങളുടെ നയംമാറ്റത്തിന് പ്രേരകമായ കാരണങ്ങൾ, സി.പി.എ​മ്മും സി.പി.ഐയും താഴെത്തട്ടിലുള്ള പാർട്ടി ഘടകങ്ങളിലോ പൊതുസമൂഹത്തിലോ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചർച്ച ചെയ്തിട്ടില്ല. അഭിപ്രായത്തിൽ വന്ന മാറ്റത്തെക്കുറിച്ച് സി പി എം കേന്ദ്ര കമ്മിറ്റി പരസ്യപ്രസ്താവന നൽകിയതായും കണ്ടിട്ടില്ല. അപ്പോൾ, ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെയും നയതീരുമാനങ്ങളെടുക്കുമ്പോൾ ഒരു ജനാധിപത്യസമൂഹത്തിൽ പൊതുസമൂഹം ആവശ്യപ്പെടുന്ന സംവാദസുതാര്യതയുടെയും തികഞ്ഞ ലംഘനമാണ് ഇക്കാര്യത്തിൽ കാണാനാവുക. അതാകട്ടെ, നവ- ഉദാരീകരണ നയങ്ങൾ നടപ്പാക്കുന്ന എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളുടേയും രീതിയുമാണ്.

വിദ്യാഭ്യാസത്തെ ചരക്കുവത്ക്കരിക്കുകയെന്നതും അതിനെ കമ്പോള ആവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തുന്ന വാണിജ്യോത്പ്പന്നമാക്കി മാറ്റുകയും ചെയ്യുക എന്നത് മുതലാളിത്ത രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യവും അനിവാര്യവുമായ സ്വഭാവമാണ്. വിദ്യാഭ്യാസം എന്നാൽ എന്തിനാണ് എന്നതിന്റെയും എന്താകണം എന്നതിന്റെയും ഉത്തരങ്ങളിലും വിശകലനങ്ങളിലും മുതലാളിത്തവുമായുള്ള ഭിന്നതകൾ, മറ്റ് മേഖലകളിലെ ഭിന്നതകളിലേതുപോലെ, മായ്ച്ചുകളഞ്ഞതുകൊണ്ടാണ് ഈ വിഷയത്തിലെ നയമാറ്റം സ്വാഭാവികമായി കൊണ്ടുവരാൻ ഭരണപക്ഷ ഇടതുപക്ഷത്തിനാകുന്നത്.

വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിരെ എതിര്‍ത്തുകൊണ്ടുള്ള പൊളിറ്റ് ബ്യൂറോ പ്രസ് റിലീസ്.

വിദ്യാഭ്യാസത്തിലെ
സ്വകാര്യ മൂലധനം

ഇന്ത്യയെപ്പോലെ അതിദീർഘമായ കൊളോണിയൽ ഭരണചരിത്രമുള്ള ഒരു അവികസിത രാജ്യത്തിന് വികസിത മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ രാജ്യങ്ങളുടേതുപോലുള്ള സമീപനമല്ല വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തോട് ഉണ്ടാകേണ്ടത്. ആഗോള മൂലധനത്തിന്റെയും അതിന്റെ പ്രധാന നടത്തിപ്പുകാരായ വികസിത മുതലാളിത്ത രാജ്യങ്ങളുടെയും താൽപര്യം പിന്തുടരുകയും അവർക്ക് സേവ പാടുകയും അവയുടെ പണിക്കാരാവുകയും ചെയ്യുന്ന ഒരു വിഭാഗം തൊഴിൽ സേനയെ സൃഷ്ടിച്ചെടുക്കുക മാത്രമാണ് മൂലധനാധിപത്യമുള്ള വിദ്യാഭ്യാസ നയങ്ങളുടെ ആവശ്യം. ഇന്ത്യയുടെയോ കേരളത്തിന്റെയോ ആഭ്യന്തര രാഷ്ട്രീയ, സാമ്പത്തിക പുരോഗതിയോ അതിന്റെ ചരിത്രപരമായ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യലോ അവരുടെ പരിഗണനാവിഷയങ്ങളല്ല. ലോകത്തിലെ ഏറ്റവും മുമ്പന്തിയിലുള്ള സർവ്വകലാശാലകളിലെ ‘വികസന സാമ്പത്തികശാസ്ത്ര പഠന’ത്തിൽ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ വികസനപ്രശ്ങ്ങളെക്കുറിച്ച് പറയുമ്പോൾ, കൊളോണിയലിസത്തെക്കുറിച്ച് നിശ്ശബ്ദമാകുന്നതിനെക്കുറിച്ച് ഇടതുപക്ഷ സാമ്പത്തിക വിദഗ്‌ധനായ പ്രഭാത് പട്നായിക് പറയുന്നുണ്ട് (വിദേശ സർവ്വകലാശാലകളുടെ ഇന്ത്യൻ പ്രവേശനത്തിന്റെ രാഷ്ട്രീയപ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി എഴുതുകയും ചെയ്തിട്ടുണ്ട്).

പ്രഭാത് പട്നായിക്

വികസിത പാശ്ചാത്യ രാജ്യങ്ങളുടെ വ്യാപാര-വ്യവസായ വികസനവും അവയുടെ സമ്പത്തുൽപ്പാദനവും വിജയകരമായ മാതൃകകളാക്കി അവർ പഠിക്കുമ്പോൾ, 19-ാം നൂറ്റാണ്ടിന്റെ പകുതിയെത്തുമ്പോഴേക്കും യൂറോപ്പിലേക്കും അമേരിക്കൻ ഐക്യനാടുകളിലേക്കുമായി ആഫ്രിക്കയിൽ നിന്ന് കടത്തിക്കൊണ്ടുപോന്ന 20 ദശലലക്ഷത്തിലേറെ വരുന്ന അടിമകളെക്കുറിച്ചും അവരുടെ അദ്ധ്വാനം ചൂഷണം ചെയ്തുണ്ടാക്കിയ സമ്പദ്മൂല്യത്തെക്കുറിച്ചും അവർ നിശ്ശബ്ദരാകും. ലോകത്തെമ്പാടും പരന്നുകിടന്ന കോളനികളിലെ സമ്പത്ത് കൊള്ളയടിച്ചാണ് ഇന്നുകാണുന്ന വികസിത മുതലാളിത്തം അതിന്റെ അടിത്തറ മാത്രമല്ല, കോട്ടകളും കെട്ടിപ്പൊക്കിയത്. അങ്ങനെയുണ്ടാക്കിയ ഒരു ആഗോള രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്താനുള്ള പാഠ്യ പദ്ധതിയാണ് അവർ രൂപപ്പെടുത്തിയതും ഇപ്പോഴും പ്രചരിപ്പിക്കുന്നതും.

വിദ്യാഭ്യാസം എന്നത് നിഷ്ക്കളങ്കമായ അറിവ് പകരൽ പദ്ധതിയല്ല എന്നും മറിച്ച് ഒരു പ്രത്യയശാസ്ത്ര, അധികാര ഘടനയുടെ രൂപപ്പെടുത്താലും നിലനിൽപ്പുമാണെന്നും വിസ്മരിക്കരുത്. അന്റോണിയോ ഗ്രാംഷി എന്നൊക്കെ കഥാപ്രസംഗത്തിലേതുപോലെ പറഞ്ഞാൽ മാത്രം പോരാ എന്നർത്ഥം. ഏതു തരത്തിലുള്ള ജൈവബുദ്ധിജീവികളെയാണ് ഒരു വ്യവസ്ഥ സൃഷ്ടിക്കുക എന്നതിന്റെ നിർണായകമായ ഇടപെടൽ നടക്കുന്ന ഇടങ്ങളിലൊന്നാണ് വിദ്യാഭ്യാസം. മുതലാളിത്ത, നവ-ഉദാരീകരണ പ്രത്യയശാസ്ത്രത്തിന്റെയും അതിന്റെ സാമ്പത്തിക പദ്ധതികളുടെയും രീതികളല്ല നമ്മുടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമാകേണ്ടത് എന്ന ബദൽ രാഷ്ട്രീയം കേവലം ആദർശാത്മക സ്വപ്‍നമാണ് എന്ന് വരുത്തിത്തീർക്കുന്നത് മുതലാളിത്ത, നവ-ഉദാരീകരണ വാദികളുടെ സ്ഥിരം പരിപാടിയാണ്. കേരളത്തിലെ നവ- ഉദാരീകരണ സർക്കാരും അതുതന്നെയാണ് ഇപ്പോൾ മുന്നോട്ടു വെക്കുന്നത്.

കേരള സർക്കാറിന്‍റെ നവ കേരള സദസ്സില്‍ നിന്ന്

ഇന്ത്യയിലെ ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന വൻകിട സ്വകാര്യ മൂലധനവും വളരെ മുമ്പുതന്നെ വിദ്യാഭ്യാസത്തിന്റെ ചരക്കുവത്ക്കരണത്തിനും അതിൽ വൻകിട സ്വകാര്യ മൂലധനത്തിന് നിയാമകമായ നിയന്ത്രണം നേടുന്നതിനുമുള്ള പദ്ധതികൾ ആലോചിച്ചുതുടങ്ങിയിരുന്നു. എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി- എൻ.ഡി.എ സർക്കാരാണ് രാഷ്ട്രീയമായും സാങ്കേതികമായും അതിനുള്ള നീക്കമാരംഭിച്ചത് എന്നത് യാദൃച്ഛികമല്ല.

ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കരണങ്ങളെക്കുറിച്ച് പഠന റിപ്പോർട്ട് നൽകാൻ വാജ്‌പേയി സർക്കാർ നിയോഗിച്ചത് ഇന്ത്യയിലെ ഏറ്റവും സമ്പന്ന വ്യവസായികളായ മുകേഷ് അംബാനിയും ആദിത്യ ബിർളയും ചേർന്ന സമിതിയെയായിരുന്നു. ബിർള- അംബാനി റിപ്പോർട്ട് ('Report on a Policy Framework for Reforms in Education') 2000 ഏപ്രിലിൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. പഠിക്കാൻ പണം നല്കണം എന്നാണ് ആ റിപ്പോർട്ടിന്റെ ആപ്തവാക്യം എന്നു പറയാം. വിപണിയെ ലക്ഷ്യമാക്കിയുള്ള വിദ്യാഭ്യാസം, സർവ്വകലാശാലകളിൽ ഉയർന്ന ഫീസ് ഏർപ്പെടുത്തുക, വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തനം ഇല്ലാതാക്കുക, വിദ്യാഭ്യാസ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുക, സ്വകാര്യ- വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിൽ അനുമതി നൽകുക തുടങ്ങിയ നിർദ്ദേശങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ബിർള- അംബാനി റിപ്പോർട്ട് ഏതാണ്ട് പൂർണാർത്ഥത്തിൽ നടപ്പാക്കുകയാണ് വാജ്‌പേയിക്കുശേഷമുള്ള ബി ജെ പി സർക്കാർ ഇപ്പോൾ. അതിന്റെ ഭാഗമായാണ് യു ജി സി അംഗീകരിച്ച ആഗോള സർവ്വകലാശാല ഗുണനിലവാര പട്ടികയിലെ ആദ്യ 500 സർവ്വകലാശാലകളിൽപ്പെട്ടവയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാൻ വേണ്ട ചട്ടങ്ങൾ പുറത്തിറക്കിയത് (2023).

ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കരണങ്ങളെക്കുറിച്ച് പഠന റിപ്പോർട്ട് നൽകാൻ വാജ്‌പേയി സർക്കാർ നിയോഗിച്ചത് ഇന്ത്യയിലെ ഏറ്റവും സമ്പന്ന വ്യവസായികളായ മുകേഷ് അംബാനിയും ആദിത്യ ബിർളയും ചേർന്ന സമിതിയെയായിരുന്നു

വിദേശ സർവ്വകലാശാലാ കാമ്പസുകൾ:
എന്താണ് യാഥാർഥ്യം?

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ഗുണമേന്മയിലും വിദേശ സർവ്വകലാശാലകൾ വലിയ മാറ്റം കൊണ്ടുവരും എന്നത് യാഥാർത്ഥ്യവുമായി അത്ര ചേർന്നുപോകാത്ത സംഗതിയാണ്. ലോകത്തെ മികച്ച സർവ്വകലാശാലകളൊന്നും അപൂർവമായല്ലാതെ വിദേശ രാജ്യങ്ങളിൽ തങ്ങളുടെ ശാഖകൾ തുടങ്ങി, പ്രധാന കാമ്പസിന് തുല്യമായ രീതിയിലുള്ള സംവിധാനമൊരുക്കാൻ മെനക്കെടാറില്ല. ഇതിന് അധികവും മുന്നിട്ടിറങ്ങുന്നത് കച്ചവട താത്പര്യങ്ങളുള്ള, വിദ്യാഭ്യാസ വ്യാപാരം നടത്തുന്ന സ്ഥാപനങ്ങളാണ്. മികവിനെക്കുറിച്ച് മായാബോധമുണ്ടാക്കിയാണ് അവർ ഇത് നടത്തുന്നത്. അതിനുവേണ്ടി കേരളത്തിലേതുപോലുള്ള ദല്ലാൾ സർക്കാരുകൾ കൂടി കൂട്ടുചേരുന്നതോടെ ഈ സമ്പത്തൂറ്റൽ മാത്രമാണ് കൃത്യമായി നടക്കുക.

വിദേശ സർവ്വകലാശാലകളുടെ ഇന്ത്യൻ കാമ്പസുകളിലൊന്നും അവിടുത്തെ മികച്ച അധ്യാപകർ പഠിപ്പിക്കാനെത്തില്ല. സേവന, വേതന വ്യവസ്ഥകളിലൊന്നും ഇന്ത്യൻ സാമ്പത്തിക സാഹചര്യത്തിൽ അവരെ തൃപ്തിപ്പെടുത്താനുമാവില്ല. തീർച്ചയായും കേരളത്തിലെ കോളേജുകളിലെ കോഴ നിയമനരീതിയേക്കാൾ എന്തെങ്കിലും മെച്ചം അത്തരം സർവ്വകലാശാലകളിൽ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നത് ശരിയാണ്. കേവലമായ ‘സായിപ്പാരാധന’യുടെ ഭാഗമായി അധ്യാപക സായിപ്പന്മാരെക്കണ്ട് സായൂജ്യമടയാം എന്നല്ലാതെ നമ്മുടെ വിദ്യാഭ്യാസമേഖലയുടെ അടിസ്ഥാനപരമായ ഘടനാപ്രശ്നങ്ങളും ഉള്ളടക്കത്തിലെ ദയനീയമായ ദൗർബ്ബല്യങ്ങളും പരിഹരിക്കാനും ഇതുകൊണ്ട് സാധ്യമാകില്ല.

കനത്ത തുക പഠനത്തിന് നൽകേണ്ടിവരുന്ന സംവിധാനമാണ് വിദേശ സർവ്വകലാശാലകളുടെ ഇത്തരം കാമ്പസുകളിലുള്ളത്. ഫീസ് നിർണയം, സിലബസ് രൂപപ്പെടുത്തൽ, അധ്യാപക നിയമനം എന്നിവയിലൊന്നും സർക്കാരിന് യാതൊരു നിയന്ത്രണവുമുണ്ടാകില്ല. അതുകൊണ്ടുതന്നെ അതിധനികരും ഉപരി- മധ്യവർഗ്ഗക്കാരുമായ ന്യൂനപക്ഷത്തിനു മാത്രം സാധ്യമാകുന്ന ഒന്നായിരിക്കും ഇത്തരം സർവ്വകലാശാലകളിലെ വിദ്യാഭ്യാസം. സ്വാഭാവികമായും അത് ഉന്നതവിദ്യാഭ്യാസരംഗത്ത് പൊതുമേഖലയുടെ ഗുണനിലവാരത്തെ വീണ്ടും ദുർബ്ബലമാക്കും. സമ്പന്നർക്കും ഉപരി മധ്യവർഗ്ഗത്തിനും താൽപര്യമില്ലാത്ത മേഖലകളെ അവർക്ക് ആധിപത്യമുള്ള സർക്കാർ നയരൂപവത്ക്കരണ സംവിധാനങ്ങൾ ക്രമേണ തകർത്തുകളയും.

വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നതെന്തിന്?

വിദേശ സർവ്വകലാശാലകളിലേക്ക് കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ ഒഴുകുന്നതിന് തടയിടാനാണ് ഈ നടപടി എന്നൊക്കെ വാദമുണ്ട്. മുമ്പ് സ്വാശ്രയ കോളേജുകൾക്കെതിരെ സമരം നടക്കുമ്പോഴും സംസ്ഥാനത്തിനു പുറത്തേക്കൊഴുകുന്ന കോടിക്കണക്കിന് രൂപയെക്കുറിച്ചുള്ള ആശങ്കകളാണ് അന്നത്തെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപന വാദികളും സർക്കാരും ഉയർത്തിയത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരെയാണ് സഹായിച്ചത് എന്നത് ആ മേഖലയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള സൂക്ഷ്മ പഠനങ്ങൾ വെളിവാക്കിത്തരും. ഒരു കൂട്ടം ധനികർക്കുണ്ടായ കച്ചവടലാഭവും വലിയൊരുകൂട്ടം നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് വാസ്തവത്തിൽ അതിന്റെ ബാക്കി. സ്വാശ്രയ പ്രൊഫഷണൽ കോളേജുകളിലെ നിലവാരമില്ലായ്മയും ധനികർക്ക് അനായാസം പഠനമികവില്ലാതെ പ്രവേശനവും ബിരുദനേട്ടവും സാധ്യമാകുന്ന മികവുകെട്ട ഒരു സംവിധാനവും ചർച്ചയാകാതെ പോകുന്നത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും വിദ്യാഭ്യാസ കച്ചവടക്കാരും തമ്മിലുള്ള കൊടുക്കൽ- വാങ്ങൽ ഏർപ്പാട് കൊണ്ടാണ്. ഒരു സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജിലെ കോഴ വാങ്ങിയുള്ള വിദ്യാർത്ഥി പ്രവേശനം റദ്ദാക്കപ്പെട്ടപ്പോൾ അതിനെ ഭരണഘടനാവിരുദ്ധമായ ബില്ല് കൊണ്ടുവന്ന് സാധൂകരിക്കാൻ ശ്രമിച്ചവരാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. പ്രതിപക്ഷമടക്കം കേരള നിയമസഭ ആ ബിൽ ഏകകണ്ഠമായി അംഗീകരിച്ചു. ഭരണഘടനാവിരുദ്ധമെന്ന് ആവർത്തിച്ച് സുപ്രീംകോടതി ഈ ബിൽ അസാധുവാക്കുകയായിരുന്നു (2018 സെപ്റ്റംബർ). വിദ്യാഭ്യാസ കച്ചവടക്കാരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും നിരന്തരം തെളിയിക്കാറുണ്ട്.

കേരളത്തിൽനിന്ന് എന്തു തരത്തിലുള്ള വിദ്യാഭ്യാസത്തിനാണ് വിദ്യാർഥികൾ വിദേശത്തുപോകുന്നത് എന്നതിനെക്കുറിച്ച് സർക്കാറിനും ഭരണപക്ഷ ഇടതുപക്ഷത്തിനും എന്തെങ്കിലും ധാരണകളുണ്ടോ?

വാസ്തവത്തിൽ രണ്ടു തരത്തിലാണ് അതിനുള്ള പ്രേരണകൾ:
ഒന്ന്; കേരളത്തിൽ ലഭിക്കാത്ത തരത്തിലുള്ള, ആഗോള വിപണിയിൽ തൊഴിൽ സാധ്യതയുള്ള വിദ്യാഭ്യാസം കണ്ടെത്താനുള്ള ആവശ്യം.
രണ്ട്; വികസിത രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള സാധ്യത.
ഇത് രണ്ടുംകൂടി ചേർത്താണ് വിദ്യാർഥികൾ വിദേശ പഠനത്തിനുള്ള തീരുമാനമെടുക്കുന്നത്. കുടിയേറ്റ സാധ്യതയില്ലാത്ത വിദ്യാഭ്യാസത്തിന്റെ സാധ്യത കേരളത്തിനകത്ത് എത്രമാത്രം ‘വിറ്റഴിക്കാം’ എന്നാണ് സർക്കാർ കരുതുന്നത്?
ഇനി, ഏതു വിഭാഗത്തിൽപ്പെട്ട ആളുകളെയാണ് കേരള സർക്കാർ ഈ നീക്കം കൊണ്ട് ‘വികസിത മുതലാളിത്ത ജ്ഞാന സമ്പദ് വ്യവസ്ഥ’യുടെ പുതുലോകത്തിലേക്ക് കയറ്റാൻ ലക്ഷ്യമിടുന്നത്? ധനിക, ഉപരി- മധ്യവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കുമാത്രമാണ് ഇത്തരം കാമ്പസുകളിൽ പ്രവേശനം സാധ്യമാവുക. ഇപ്പോൾ വിദേശ പഠനത്തിന് പോകുന്നവർ ഏതുതരത്തിലുള്ള സാമ്പത്തിക വിഭാഗത്തിൽ നിന്നാണ് വരുന്നത്? അതായത്, സാധാരണക്കാരായ മനുഷ്യരുടെ വിദ്യാഭ്യാസ, തൊഴിൽ താത്പര്യങ്ങളല്ല; മറിച്ച്, ന്യൂനപക്ഷം വരുന്ന ധനിക, ഉപരി-മധ്യവർഗത്തിന്റെ താത്പര്യങ്ങളെയാണ് ഇതിലൂടെ സംതൃപ്തമാക്കുന്നത്.

ഇത്തരം കാമ്പസുകളിൽ നിന്ന് പഠിച്ചുറങ്ങുന്ന ‘ആഢ്യന്മാരും’ പൊതുമേഖലാ സർവ്വകലാശാലകളിൽ നിന്നുള്ള അഷ്ടിക്ക് വകയില്ലാത്ത സാധാരണക്കാരുമായി ഉന്നതവിദ്യാഭ്യാസരംഗത്ത് തീർത്തും അസംബന്ധമെങ്കിലും ഒരു വിഭജനം സൃഷ്ടിക്കപ്പെടും. ഈ സ്ഥാപനങ്ങളിൽ അതിഭീമമായ തുക നൽകി പഠനം പൂർത്തിയാക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും ആദ്യ ആവശ്യം ഏതെങ്കിലുമൊരു വികസിത രാജ്യത്ത് തൊഴിൽ നേടുകയും അവിടെ കുടിയേറുകയും ചെയ്യുക എന്നതായിരിക്കും. അതാണ് ഇപ്പോഴത്തെ പ്രവണതയിൽനിന്ന് കൃത്യമായി മനസിലാക്കാവുന്നതും. സ്വാഭാവികമായും വളരെ കുറച്ചുപേർക്കേ അതിനു സാധ്യമാകൂ. സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെ ഉയർത്തുകയല്ല, മറിച്ച് ഒരു വിപണികേന്ദീകൃത ധനികശാലയാക്കി ഉന്നതവിദ്യാഭ്യാസത്തിന്റെ വലിയൊരു ഭാഗത്തെ അപഹരിക്കുകയായിരിക്കും ഇതിലൂടെ സാധ്യമാകുന്നത്.

സാമൂഹിക നീതിയുടെ
ശവപ്പറമ്പുകൾ

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല അത്ര മെച്ചമായൊരു സ്ഥിതിയിലല്ല. അതിന്റെ ആന്തരിക ഘടനയും നടത്തിപ്പും, മികവിലേക്ക് എത്തുന്നതിനുള്ള സാധ്യതകൾ തേടുന്നതിൽ നിന്നുപോലും അതിനെ തടയുന്നുണ്ട്. കേരളത്തിലെ നാല് പ്രധാന സർവ്വകലാശാലകളിലെ 37% ബിരുദ സീറ്റുകൾ കുട്ടികൾ ചേരാതെ ഒഴിഞ്ഞു കിടക്കുകയാണ്. അതിൽ 70%-വും സ്വാശ്രയ കോളേജുകളിലാണ്. സ്വകാര്യ വിദ്യാഭ്യാസം താനേയങ്ങ് കേമമാകുന്നില്ല. അതായത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുഴപ്പം വിദേശ സർവ്വകലാശാലകൾ വരുന്നതോടെ പരിഹരിക്കപ്പെടില്ല. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അപര്യാപ്തതകളെയും ദയനീയമായ കെടുകാര്യസ്ഥതയേയും അധ്യാപകരടക്കമുള്ള ഉള്ളടക്കപ്രശ്നത്തെയും പരിഹരിക്കാനോ അഭിസംബോധന ചെയ്യാനോ ഈ നീക്കം കൊണ്ടാകില്ല. അപ്പോൾ ആർക്കു വേണ്ടിയാണ് ഈ വിദേശ സർവ്വകലാശാലാ ഭ്രമം? അത് വിദ്യാഭ്യാസത്തെ ചരക്കാക്കി മാറ്റുന്ന കച്ചവടക്കാർക്കും പുത്തൻ വർഗ ധനികർക്കും ഉയർന്ന ശമ്പളക്കാരടക്കമുള്ള ഉപരി-മധ്യവർഗ്ഗക്കാർക്കും വേണ്ടിയാണ്. ഇതേ പുത്തൻ വർഗമാണ് ഫാഷിസ്റ്റുകളുടെയും നവ-ഉദാരീകരണത്തിന്റെയും ഏറ്റവും സുഭദ്രമായ അടിത്തറയായി പ്രവർത്തിക്കുന്നത് എന്നത് ആകസ്മികമല്ല. കേരളത്തിൽ അക്കൂട്ടർ ഭരണ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നത്, തങ്ങളുടെ താത്‌പര്യങ്ങളാണ് അവർ നടപ്പാക്കുന്നത് എന്നതുകൊണ്ടാണ്. ഇടതുപക്ഷ രാഷ്ട്രീയം ഉപേക്ഷിച്ചതുകൊണ്ടാണ് ഈ പുത്തൻവർഗം കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷത്തിന്റെ നയങ്ങൾക്കൊപ്പം നിൽക്കുന്നത്.

വിദേശ സർവ്വകലാശാലകൾ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെയും അതിന്റെ വളരെ ദുർബ്ബലമെങ്കിലും നിലവിലുള്ള ഭരണഘടനാവകാശങ്ങളേയും പാടേ നിരാകരിക്കുന്നവയാണ്. അധ്യാപക- വിദ്യാർത്ഥി നിയമനങ്ങളിലോ പ്രവേശനങ്ങളിലോ സംവരണ തത്വങ്ങളോ സാമൂഹ്യനീതിയുടെ മാനദണ്ഡങ്ങളോ പാലിക്കാനുള്ള ഒരു ബാധ്യതയും അവർക്കില്ല. അതുകൊണ്ടുതന്നെ, സാധാരണ വരുമാനക്കാരും ദരിദ്രരും പാർശ്വവത്കൃതരായ മനുഷ്യരുമൊന്നും ഇത്തരം സ്ഥാപനങ്ങളിൽ ഉണ്ടാവുകയേയില്ല. ഏതു തരം സമൂഹത്തെയാണ് കേരളത്തിലെ ‘ഇടതുപക്ഷ സർക്കാർ’ ഉണ്ടാക്കുന്നത്.
‘ജ്ഞാനസമ്പദ് വ്യവസ്ഥ’യിൽ സമൂഹത്തിൽ വിലപേശൽശേഷിയുള്ള (ആഗോളതലത്തിൽ അതവർക്ക് ലഭിക്കില്ലെങ്കിലും) ഒരു പുത്തൻ വർഗത്തിനുവേണ്ടി സംസ്ഥാനത്തിന്റെ രാഷ്ട്രീയ പരിപാടികളും നയങ്ങളും രൂപപ്പെടുത്തുന്ന സർക്കാരിനെ ലോകത്തെല്ലായിടത്തും നവ- ഉദാരീകരണവാദ സർക്കാർ എന്നാണ് വിശേഷിപ്പിക്കുന്നത്. കേരളത്തിൽ ചിലപ്പോളൊക്കെ ചരിത്രത്തിന്റെ ദുരന്താഖ്യായികയിൽ അതിനെ ഇടതുപക്ഷ സർക്കാർ എന്നും വിളിക്കാറുണ്ട്.

കേരളത്തിൽ നിലവിൽത്തന്നെ വിദ്യാഭ്യാസ മേഖല എന്നത് സാമൂഹ്യനീതിയുടെ ശവപ്പറമ്പായതുകൊണ്ട്, പുതിയ സർക്കാർ തീരുമാനം വലിയ അലോസരങ്ങളും ആകുലതകളുമൊന്നും ഉണ്ടാക്കാനിടയില്ല. കേരളത്തിൽ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപന നിയമനങ്ങളിൽ ഒരു തരം സംവരണവും പാലിക്കപ്പെടുന്നില്ല. കേരളത്തിലെ സ്വകാര്യ കോളേജുകളിലെ അധ്യാപകരിൽ പട്ടിക ജാതി, പട്ടിക വർഗ്ഗക്കാരായ അധ്യാപകർ മൊത്തം അധ്യാപകരുടെ 0.15%- മാണ്. സ്വകാര്യ എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്, കേരളത്തിൽ സർക്കാർ ഏറ്റവുമധികം ശമ്പളം വിതരണം ചെയ്യുന്ന മേഖലകളിലൊന്ന് എന്ന് മനസിലാക്കുമ്പോഴാണ് പൊതുസമൂഹത്തിന്റെ ചെലവിൽ നടക്കുന്ന ഈ അനീതിയെ സൗകര്യമായി ആഘോഷിക്കുന്ന കേരളത്തിലെ പുത്തൻവർഗ ഇടതുപക്ഷ ബുദ്ധിജീവിനാട്യങ്ങളുടെ തട്ടിപ്പ് ബോധ്യമാവുക.

ദശലക്ഷക്കണക്കിന് രൂപ കോഴ കൊടുത്താണ് സ്വകാര്യ സ്‌കൂളുകളിലും കോളേജുകളിലും അധ്യാപകരായി മഹാഭൂരിഭാഗവും നിയമിതരാവുന്നത്. സവർണ ഹിന്ദുക്കൾ, കൃസ്ത്യാനികൾ, മുസ്‍ലിംകൾ എന്നിവരിലെ സമ്പന്നർക്കുമാത്രമാണ് കേരളത്തിലെ സ്വകാര്യ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരും അനധ്യാപകരുമായി നിയമനം കിട്ടുന്നത്. ശേഷം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വ്യാഖ്യാനവും അവരൊക്കെ ചേർന്ന് നടത്തും. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കുന്നതും അതിലെ ഇടതുപക്ഷ സംവാദങ്ങൾ നിയന്ത്രിക്കുന്നതും ഈ സ്വകാര്യ മാനേജ്‌മെന്റുകളും അവരുടെ അഴിമതിയുടെ പങ്കാളികളും ഗുണഭോക്താക്കളുമായ സമ്പന്ന, ഉപരി- മധ്യവർഗ്ഗ ജീവനക്കാരുമാണ്. ഒരു സമ്പന്ന സംവാദശാലയുടെ കൃത്രിമക്ഷോഭമല്ലാതെ മറ്റൊന്നും അതിലില്ല.

എന്നാൽ, ഇത്തരമൊരു ചർച്ച പോലും സാധ്യമാകാത്ത തരത്തിൽ തങ്ങളുടെ നിയമന, പ്രവേശന കാര്യങ്ങളിൽ സ്വതന്ത്രരാണ് വിദേശ സർവ്വകലാശാലകൾ. അതായത്, പണമില്ലാത്ത സാധാരണ മനുഷ്യരെ തീണ്ടാപ്പാടകലേക്ക് മാറ്റിനിർത്തി, ധനികപ്രഭുക്കളുടെയും ഉപരി-മധ്യവർഗക്കാരും ഉയർന്ന ശമ്പളക്കാരുമായ ഒരു വിഭാഗത്തിന്റെയും മക്കൾക്ക് പൊങ്ങച്ച വിദ്യാഭ്യാസം നേടാനാവശ്യമായ പുതിയ അയിത്ത വിദ്യാഭ്യാസത്തിന്റെ ഊടും പാവും നെയ്യുകയാണ് കേരളത്തിലെ സർക്കാർ. ഇതെല്ലാം ഒന്നിത്തിരി മെനക്കെട്ടാൽ തങ്ങൾക്ക് പ്രാപ്യമാകുമെന്ന തോന്നലിലും തിരിച്ചറിവിലും അതിനെയെല്ലാം പിന്താങ്ങുന്ന, ഈ അനീതിയുടെ ഗുണഭോക്താക്കളാകുന്ന, അധികാര സൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികളായ വലിയൊരു വിഭാഗം പുത്തൻവർഗ സഹയാത്രികരാണ് ഭരണ ഇടതുപക്ഷത്തിന്റെ പിൻബലം.

മുൻകാലങ്ങളിൽ പലപ്പോഴും വിദ്യാഭ്യാസത്തിലെ ജനാധിപത്യത്തെയും അതിന്റെ ആധുനികീകരണത്തെയും കുറിച്ച് സംസാരിച്ചിരുന്ന മുൻ വൈസ് ചാൻസലർ രാജൻ ഗുരുക്കളെപ്പോലെയൊരാൾ (ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ) സ്വകാര്യ സർവ്വകലാശാലകൾ വരുന്നത് ആകർഷകമാണെന്നും അവയ്ക്ക് പരീക്ഷയൊക്കെ സമയത്തിന് നടത്താൻ കഴിയുമെന്നും പറഞ്ഞു ന്യായീകരിക്കുന്നുണ്ട്. എത്ര ആഴത്തിലാണ് മുതലാളിത്ത, നവ-ഉദാരീകരണ വിരുദ്ധമായ ഒരു ഇടതുപക്ഷ ജനാധിപത്യ സംവാദത്തിന്റെ സാധ്യതയെ ഇവർ ഇല്ലാതാക്കുന്നത് എന്നതിന്റെ സാക്ഷ്യമാണ് ഇത്തരം ന്യായീകരണങ്ങൾ. വിദേശ സർവ്വകലാശാലകൾ കേരളത്തിൽ കാമ്പസ് തുടങ്ങുന്നതോടെ വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കാനാകും എന്നാണ് അദ്ദേഹം പറയുന്നത്. കാൽ നൂറ്റാണ്ടിനപ്പുറം ഇത്തരം നയമാറ്റങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യതയുണ്ടാകില്ല എന്ന ഉറപ്പിലാണ് യാതൊരു അടിത്തറയുമില്ലാത്ത ഈ വക വാദങ്ങൾ പറയുന്നത്. സർക്കാർ സർവ്വകലാശാലകൾക്ക് പുതിയ കോഴ്‌സുകൾ തുടങ്ങുന്നതിനും മറ്റും ഒരുപാട് നൂലാമാലകളുള്ളതുകൊണ്ട് വിദേശ സർവ്വകലാശാലകൾ വരട്ടെ എന്നും അദ്ദേഹം പറയുന്നു.
കാശുള്ളവർ നൂലാമാലകളിൽപ്പെടാതെ പഠിക്കട്ടെ എന്നും കാശില്ലാത്തവർ സർക്കാർ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ നൂലാമാലകളിലും കെടുകാര്യസ്ഥതയിലും പെട്ട് ജീവിതം തുലയ്ക്കട്ടെ എന്നുമാണോ ഇവരുദ്ദേശിക്കുന്നത്? നമ്മുടെ സർവ്വകലാശാലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഇത്തരം നൂലാമാലകളും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ കേരളത്തിലെ ‘ഇടതുപക്ഷ വിദ്യാഭ്യാസ ചിന്തകരും (?) വിദ്യാർത്ഥി സംഘടനകളും അധ്യാപക സംഘടനകളും സദാ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടസജ്ജരായ അനധ്യാപക സംഘടനകളു’മൊന്നും ഇന്നേവരെ ഒരു സംവിധാനവും ഉണ്ടാക്കിയിട്ടില്ല എന്നോർക്കണം. നവ-ഉദാരീകരണ സാമ്പത്തിക പദ്ധതിക്ക് ഇത്രയും ലളിതമായ മാപ്പുസാക്ഷ്യം കേരളത്തിലെ ഇടതുപക്ഷത്തിന്ന് കിട്ടുന്നത് എത്ര അനായാസമായാണ്. വിദ്യാഭ്യസത്തെ മെഡിക്കൽ ടൂറിസം പോലെ ‘വിദേശ വിദ്യാർത്ഥി’കളെ ആകർഷിക്കുന്ന മറ്റൊരു കച്ചവടസാധ്യത മാത്രമായിക്കാണുന്ന കേരള സർക്കാരും അതിന്റെ നടത്തിപ്പ് രാഷ്ട്രീയകക്ഷികളും മുതലാളിത്ത വികസിത രാജ്യങ്ങളിലെ വിദ്യാഭ്യാസ മികവിന്റെ ചരിത്രത്തെക്കുറിച്ചുപോലും ധാരണയില്ലാത്ത വെറും കറക്കിക്കുത്ത് കച്ചവടക്കാരായി മാറിയിരിക്കുന്നു.

സ്വകാര്യ സർവകലാശാലകളും
ഭരണകൂട വിധേയത്വവും

ഇന്ത്യയിലെ സ്വകാര്യ സർവ്വകലാശാലകളുടെ ‘പ്രവർത്തന സ്വാതന്ത്ര്യം’ എന്താണ് എന്നതിന് ഹിന്ദുത്വ ഭരണകൂടം അനുവദിക്കുന്നത്ര എന്നാണുത്തരം. മുൻനിര സ്വകാര്യ സ്ഥാപനമായ അശോക സർവ്വകലാശാലയിലെ സാമ്പത്തികശാസ്ത്രവിഭാഗം അദ്ധ്യാപകൻ സബ്യസാചി ദാസ് ‘Democratic Backsliding in the World’s Largest Democracy’ എന്ന തലക്കെട്ടിൽ, 2019-ലെ പൊതുതെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് വാദിക്കുന്ന ഒരു പ്രബന്ധം അവതരിപ്പിച്ചു. ഇത്തരം പഠനത്തിനും അത് സ്വതന്ത്രമായി അവതരിപ്പിക്കുന്നതിനുമല്ലെങ്കിൽ സർവ്വകലാശാലകൾ മറ്റെന്തിനാണ്? എന്നാൽ സ്വതന്ത്രമായ നിലപാടുകളുണ്ട് എന്നവകാശപ്പെടുന്ന സർവ്വകലാശാലാ ഭരണസമിതി ആ പ്രബന്ധത്തിൽ തിരുത്തലിന് ദാസിനോട് ആവശ്യപ്പെടുകയും അയാളുടെ നിലപാടുകളുമായി തങ്ങൾക്ക് ബന്ധമില്ല എന്ന മട്ടിൽ പ്രസ്താവന നൽകുകയും ചെയ്തു. തുടർന്ന് ദാസ് രാജിവെച്ചു. ദാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മറ്റൊരു അധ്യാപകനും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പുലാപ്ര ബാലകൃഷ്ണനും സർവ്വകലാശാലയിൽ നിന്ന് രാജിവെച്ചു.
അതായത്, ഹിന്ദുത്വ ഫാഷിസ്റ്റുകളുടെയും ഭരണകൂട താത്‌പര്യങ്ങളുടെയും ഒപ്പം നിന്നുപോകാവുന്ന അക്കാദമിക് സ്വാതന്ത്ര്യവും മികവും മാത്രമാണ് ഈ സ്വകാര്യ സർവ്വകലാശാലകൾ പ്രകടിപ്പിക്കുന്നത്. വിദേശ സർവ്വകലാശാലകളും അതിൽ നിന്ന് ഒട്ടും വ്യത്യസ്തമാകില്ല എന്നു മാത്രമല്ല, ഇന്ത്യൻ അധ്യാപകരും പണ്ഡിതരും ഇത്തരം സ്വകാര്യ സർവ്വകലാശാലകളിൽ പരിമിതമായെങ്കിലും കാണിക്കുന്ന സാമൂഹ്യപ്രതിബദ്ധത അവയ്ക്കന്യവുമാകുകയും ചെയ്യും. വിശ്വഭാരതിയും ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുമടക്കം ഇന്ത്യയിൽ ജനാധിപത്യ, മതേതര ചിന്തയുടെ വെളിച്ചത്തിൽ പഠനപ്രക്രിയയെ സമീപിച്ചിരുന്ന കാമ്പസുകൾക്കുനേരെയെല്ലാം ഇന്ത്യൻ ഭരണകൂടവും ഹിന്ദുത്വ ഫാഷിസ്റ്റുകളും നടത്തിയ ആക്രമണം അവയെ തീർത്തും ദുർബ്ബലമാക്കിയെന്നത് മറന്നുകൂടാ.

ബിനാമികളുടെ
ഹൃദയഭൂമി

2024 മെയ്, ജൂൺ മാസങ്ങളിൽ യൂറോപ്പ്, യു എസ് എ, ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ എന്നിവിടങ്ങളിൽ പ്രാദേശിക കോൺക്ലേവുകളും ആഗസ്റ്റിൽ ഹയർ എഡ്യുക്കേഷൻ ട്രാൻസ്ഫോർമേഷൻ ഇനീഷിയേറ്റീവും- ഗ്ലോബൽ കോൺക്ലേവ്- നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ പ്രവാസി ധനിക പങ്കുകച്ചവടക്കാർക്കുവേണ്ടി അരങ്ങൊരുക്കുക കൂടിയാണ് സർക്കാർ ചെയ്യുന്നത്. അതായത്, ബജറ്റ് പ്രസംഗത്തിൽ ഈ പ്രഖ്യാപനം വരുന്നതിനുമുമ്പ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അത്തരം ഗുണഭോക്താക്കളായ കച്ചവടക്കാരുമായി നടത്തിക്കഴിഞ്ഞു.
ഗൾഫിൽ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചു നടത്തുന്ന കോൺ​​ക്ലേവ് ലോകത്തെ വിദ്യാഭ്യാസഭൂപടത്തിൽ ആ പ്രദേശത്തിന് എന്തെങ്കിലും പ്രാമുഖ്യമുള്ളതുകൊണ്ടല്ല, മറിച്ച് ഭരണ- രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കുകച്ചവടക്കാരും ബിനാമികളുമൊക്കെയുള്ള ഹൃദയഭൂമിയാണ് അതെന്നുള്ളതുകൊണ്ടാണ്.

എസ്.എഫ്.ഐയും
അറിഞ്ഞില്ലേ?

പുത്തൻ വിദ്യാഭ്യാസ നയത്തിനെതിരെയും (NEP) വിദേശ സർവ്വകലാശാലകളെ ഇന്ത്യയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നതിനെതിരെയും തൊട്ടുമുമ്പുവരെ മുദ്രാവാക്യം വിളിച്ച എസ്.എഫ്.ഐ എന്ന സ്വന്തം പോഷക വിദ്യാർത്ഥി സംഘടനയോടുപോലും ചർച്ച നടത്താൻ സന്നദ്ധത കാണിക്കാതിരുന്ന ഈ ‘ഇടതുപക്ഷ സർക്കാർ’ എന്തുതരം ജനാധിപത്യത്തെയാണ് സംരക്ഷിക്കുന്നത്? വിദ്യാഭ്യാസമേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതിരിക്കുകയും തെരഞ്ഞെടുപ്പ് കാലമടുക്കുമ്പോഴുള്ള പതിവ് തെരുക്കൂത്തുകൾക്കായി നിയോഗിക്കപ്പെടുകയും ചെയ്യുക എന്നത് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ വിധിയും പ്രയോഗവുമായി മാറിയിട്ട് കുറച്ചു നാളുകളായി. അതിന് കൂട്ടുനിൽക്കുന്ന വിദ്യാർത്ഥി സംഘടനാ നേതൃത്വത്തെ പാർട്ടിയുടെയും ഭരണത്തിന്റെയും അധികാരപരിസരങ്ങളിലേക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ടാണ് ഈ പരിപാടി കേരളത്തിൽ നടക്കുന്നത്.

ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുമ്പ് കേരളത്തിന്റെ പൊതുസമൂഹത്തിൽ ഇത്രയും നിർണായകമായൊരു വിഷയം വേണ്ടത്ര കണക്കുകളുടെ പിൻബലത്തിൽ പൊതുചർച്ചയ്ക്ക് വെക്കാനുള്ള ജനാധിപത്യ ഉത്തരവാദിത്തം സർക്കാർ കാണിച്ചില്ല. അവസരവാദപരമായ മുതലെടുപ്പുകൾക്കായി വിദ്യാർത്ഥി സമൂഹത്തെയടക്കം വഞ്ചിച്ച്, അവരെ തെരുവിലിറക്കി സമരങ്ങൾ നടത്തിക്കുകയും അതിനുശേഷം ആ നിലപാടുകളെ പാടെ തള്ളിക്കളയുകയും ചെയ്യുമ്പോൾ, അതിനെക്കുറിച്ച് സർക്കാർ ഉത്തരവുകളിലൂടെ മാത്രം അറിയേണ്ടിവരുന്നു എന്ന രാഷ്ട്രീയ വഞ്ചന കൂടിയാണ് കേരളീയരും, വിശിഷ്യാ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മനുഷ്യരും അനുഭവിക്കുന്നത്. നവ-ഉദാരീകരണ വാദികളുടെ രഥത്തെ തള്ളിക്കൊണ്ടുപോകാൻ ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന മനുഷ്യരെ ഉപയോഗിക്കുന്ന സമർത്ഥമായ രാഷ്ട്രീയവഞ്ചനയാണ് കേരളത്തിലെ ഭരണ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്.

ഫാഷിസ്റ്റ്, നിയോ-ലിബറൽ മിശ്രിതത്തിന്റെ ഏറ്റവും പ്രകടമായ നയപരിപാടികളിലെന്നാണ് വിദ്യാഭ്യാസത്തിന്റെ ചരക്കുവത്ക്കരണവും അതിന് മേലുള്ള ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര നിയന്ത്രണവും. ഇന്ത്യയിലെ ഇപ്പോഴുള്ള ഈ മാരക മിശ്രിതത്തിനെ കേരളത്തിന്റെ രാഷ്ട്രീയ,സാമൂഹ്യ ശരീരത്തിലേക്ക് പകർത്തിയൊഴിക്കുന്നത് ‘ഇടതുപക്ഷം’ എന്നവകാശപ്പെടുന്ന ഒരു നവ-ഉദാരീകരണ ദല്ലാൾ നേതൃത്വമാണ് എന്നത് അതിനെതിരായ സമരങ്ങളെ അതീവ ദുർഘടമാക്കുന്നു. കേരളത്തിലെ ഇടതുപക്ഷം എന്നവകാശപ്പെടുന്ന വിദ്യാർത്ഥി, അധ്യാപക സംഘടനകളും വിദ്യാഭ്യാസം എന്ന നിർണായകമായ പൊതുസാമൂഹ്യവ്യവഹാരത്തെ ഗൗരവമായി സമീപിക്കാൻ ബാധ്യതയുള്ള സംഘങ്ങളും ഇക്കാര്യത്തിൽ പുലർത്തുന്ന വിധേയനിശ്ശബ്ദത മറ്റ് പല വിഷയങ്ങളിലുമെന്നപോലെ അവരുടെ ‘പുത്തൻ വർഗ താത്പര്യങ്ങളെ’ സാധൂകരിക്കുന്നതാണ്.

ഒരു ജനതയുടെ പുരോഗമന, ഇടതുപക്ഷ രാഷ്ട്രീയത്തെ മുഴുവൻ തങ്ങളാണ് കയ്യാളുന്നത് എന്നവകാശപ്പെടുകയും അതിനെ കെട്ടുകാഴ്‌ചകൾ പോലെ കൊണ്ടുനടക്കുകയും യാതൊരു മടിയുമില്ലാതെ ഒരേസമയം അതിനെതിരായ ഭരണകൂടനയങ്ങളുണ്ടാക്കുകയും ചെയ്യുന്നത് ഇത്രയേറെ സുഗമമായി നിർവ്വഹിക്കുന്ന മറ്റൊരു രാഷ്ട്രീയസംവിധാനം സമീപകാല ചരിത്രത്തിൽ വിരളമാണ്.

Comments