ഡിജിറ്റൽ സാക്ഷരതയിൽ കേരളം മുന്നിൽ,
97.3 ശതമാനം വിദ്യാർഥികളും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു

Annual Status of Education Report -ASER. കേരളത്തിൽ 98.1 ശതമാനം കുട്ടികളുടെ വീടുകളിലും സ്മാർട്ട് ഫോണുണ്ടെന്നുമാത്രമല്ല, 97.3 ശതമാനം പേർക്കും അത് ഉപയോഗിക്കാനും കഴിയുന്നുണ്ട്. വായനാശേഷിയിലും അടിസ്ഥാന ഗണിതശേഷിയിലും കേരളം പ്രതിസന്ധി നേരിടുന്നുണ്ട്.

News Desk

കോവിഡിനെതുടർന്നുള്ള വർഷങ്ങളിൽ രാജ്യത്തെ സ്‌കൂൾ വിദ്യാർഥികളുടെ വായിക്കാനും കണക്കുകൂട്ടാനുമുള്ള അടിസ്ഥാന ശേഷികളിലുണ്ടായ നിലവാരത്തകർച്ച മറികടന്നതായി 2024-ലെ ASER റിപ്പോർട്ട് (Annual Status of Education Report -ASER). അതേസമയം, സർക്കാർ സ്കൂളുകളിൽ ചേരുന്ന 6-14 പ്രായക്കാരുടെ എണ്ണം ​കോവിഡിനുമുമ്പുള്ള നിലയിലേക്ക് താഴ്ന്നു.

വായിക്കാനുള്ള ശേഷിയിൽ കൂടുതൽ പുരോഗതി കാണിച്ചത് സർക്കാർ സ്‌കൂൾ വിദ്യാർഥികളാണ്. തങ്ങളുടെ പ്രാദേശിക ഭാഷയിലുള്ള ഒരു പാരഗ്രാഫ് വായിക്കാനാണ് സർവേയിൽ ആവശ്യപ്പെട്ടത്. വായന, അടിസ്ഥാന ഗണിതം എന്നിവയിലുള്ള ശേഷിയുടെ പുരോഗതിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾ സർക്കാർ സ്‌കൂൾ വിദ്യാർഥികളേക്കാൾ പുറകിലാണ്.

ഇതാദ്യമായി, 14-16 പ്രായക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ സാക്ഷരത കൂടി ഇത്തവണ സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാനുള്ള കഴിവ്, അടിസ്ഥാന ഡിജിറ്റൽ വൈദഗ്ധ്യം തുടങ്ങിയവയിലായിരുന്നു സർവേ.
ഇക്കാര്യത്തിൽ കേരളം മുന്നിലാണ്. കേരളത്തിൽ 98.1 ശതമാനം കുട്ടികളുടെ വീടുകളിലും സ്മാർട്ട് ഫോണുണ്ടെന്നുമാത്രമല്ല, 97.3 ശതമാനം പേർക്കും അത് ഉപയോഗിക്കാനും കഴിയുന്നുണ്ട്.
വായനാശേഷിയിലും അടിസ്ഥാന ഗണിതശേഷിയിലും കേരളത്തിലെ നില അത്ര ഭദ്രമല്ല.

17,997 ഗ്രാമങ്ങൾ,
6.49 ലക്ഷം വിദ്യാർഥികൾ

605 ജില്ലകളിലെ 17,997 ഗ്രാമങ്ങളിലുള്ള മൂന്നിനും 16 വയസ്സിനും ഇടയിലുള്ള 6,49,491 വിദ്യാർഥികൾക്കിടയിലാണ് സർവേ നടന്നത്. 2011-ലെ സെൻസസിന്റെ മാതൃകയിൽ ഓരോ ജില്ലയിൽനിന്നും 30 ഗ്രാമങ്ങളെയാണ് തെരഞ്ഞെടുത്തത്. ഓരോ ഗ്രാമത്തിലെയും 20 വീടുകളെയും. പ്രൈമറി സെക്ഷനുള്ള 15,728 സർക്കാർ സ്‌കൂളുകളാണ് സർവേ ടീം സന്ദർശിച്ചത്.

അഞ്ചിനും 16നും ഇടയ്ക്ക് പ്രായമുള്ളവരുടെ അടിസ്ഥാന പഠനം, ഗണിതശാസ്ത്രശേഷി എന്നിവയാണ് ആരാഞ്ഞത്. മാതൃഭാഷയിലെ അക്ഷരങ്ങളും വാക്കുകളും വായിക്കുക, ഒന്നാം ക്ലാസിലെ പാഠപുസ്തകമോ രണ്ടാം ക്ലാസിലെ ഒരു കഥയോ ബുദ്ധിമുട്ടില്ലാതെ വായിക്കുക എന്നിവയാണ് വായിക്കാനുള്ള ശേഷിയായി പരിഗണിച്ചത്. ഒന്നു മുതൽ ഒമ്പതുവരെയുള്ള അക്കങ്ങൾ തിരിച്ചറിയാനുള്ള ശേഷി, 11 മുതൽ 99 വരെയുള്ള അക്കങ്ങൾ തിരിച്ചറിയാനുള്ള ശേഷി, അടിസ്ഥാന ഹരണം, കുറയ്ക്കുക എന്നിവയാണ് ഗണിതശേഷിയായി പരിഗണിച്ചത്.

കേരളത്തിന്റെ സ്ഥാനം

വായനാശേഷിയിലും അടിസ്ഥാന ഗണിതശേഷിയിലും കേരളം വെല്ലുവിളി നേരിടുന്നുണ്ട്.

സ്വന്തം ഭാഷയിലുള്ള രണ്ടാം ക്ലാസ് പാഠപുസ്തകം വായിക്കാനറിയുന്ന അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ ശതമാനത്തിൽ കേരളം അത്ര ഭദ്രമായ നിലയിലല്ല. 2018-ൽ സർക്കാർ സ്‌കൂളുകളിലെ 73.3 ശതമാനം പേർക്ക് ഈ ശേഷിയുണ്ടായിരുന്നുവെങ്കിൽ 2024-ൽ 58.2 ശതമാനമായി കുറഞ്ഞു. സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾ 2018-ൽ 81.8 ശതമാനമായിരുന്നത് 2024-ൽ 71.7 ശതമാനമായി കുറഞ്ഞു.
രണ്ടാം ക്ലാസ് പാഠപുസ്തകം വായിക്കാനറിയുന്ന സർക്കാർ സ്കൂളുകളിലെ മൂന്നാം ക്ലാസുകാരുടെ എണ്ണം 2018-ൽ 43.4 ശതമാനമായിരുന്നത് 2024-ൽ 44.4 ശതമാനമായി ഉയർന്നു.

നമ്പറുകൾ തിരിച്ചറിയുക, ഇരട്ട അക്കം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക, മൂന്നക്ക നമ്പറുകൾ ഒറ്റ അക്കം കൊണ്ട് ഹരിക്കുക തുടങ്ങിയ അടിസ്ഥാന ഗണിതശേഷിയുടെ കാര്യത്തിൽ കേരളം പുറകിലാണ്.

അടിസ്ഥാന ഹരണം അറിയുന്ന അഞ്ചാം ക്ലാസ് വിദ്യാർഥികളുടെ എണ്ണം കേരളത്തിൽ കുറഞ്ഞുവരികയാണ്.
അടിസ്ഥാന വ്യവകലനം (subtraction) അറിയുന്ന സർക്കാർ സ്കൂളുകളിലെ മൂന്നാം ക്ലാസുകാരുടെ എണ്ണം 2018-ൽ 44.3 ശതമാനമായിരുന്നത് 2024-ൽ 26.9 ശതമാനമായി കുറഞ്ഞു.
സ്വകാര്യ സ്‌കൂൾ വിദ്യാർഥികളുടെ എണ്ണം 2018-ലെ 52.4 ശതമാനത്തിൽനിന്ന് 37.3 ശതമാനമായി കുറഞ്ഞു.
അടിസ്ഥാന ഹരണം അറിയുന്ന സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസുകാരുടെ എണ്ണം 2018-ലെ 33.3 ശതമാനത്തിൽനിന്ന് 2024-ൽ 12.4 ശതമാനമായി കുറഞ്ഞു. സ്വകാര്യ സ്കൂൾ വിദ്യാർഥികളുടെ എണ്ണം 52.5-ൽ നിന്ന് 27.6 ശതമാനമായി കുറഞ്ഞു.
അടിസ്ഥാന ഹരണം അറിയുന്ന സർക്കാർ സ്കൂളിലെ എട്ടാം ക്ലാസുകാരുടെ എണ്ണം 2018-ൽ 43.3 ശതമാനമായിരുന്നത് 2024-ൽ 31 ശതമാനമായി കുറഞ്ഞു.

സ്‌കൂളിലെത്താത്ത 15-16 പ്രായക്കാരായവരുടെ ശതമാനം 2018-ൽ 13.1 ആയിരുന്നത് 2022-ൽ 7.5 ശതമാനമായി കുറഞ്ഞപ്പോൾ, 2024-ൽ ഈ കുറവ് 7.9 ശതമാനമായി സ്ഥിരപ്പെട്ടു.

കേരളം @ 2024
(ബ്രാക്കറ്റിൽ 2018-ലെ ശതമാനം, സർക്കാർ സ്കൂൾ വിദ്യാർഥികൾ)

  • സർക്കാർ സ്‌കൂളുകളിൽ ചേരുന്ന
    6-14 പ്രായക്കാരുടെ ശതമാനം: 44.5 (48).

  • സ്‌കൂളിൽ ചേരാത്ത 15-16 പ്രായക്കാരുടെ ശതമാനം: 0.3 (0.9).

  • രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാനറിയുന്ന മൂന്നാം ക്ലാസുകാരുടെ ശതമാനം: 44.4 (43.4).

  • രണ്ടാം ക്ലാസ് പാഠപുസ്തകം വായിക്കാനറിയുന്ന അഞ്ചാം ക്ലാസുകാരുടെ ശതമാനം: 58.2 (73.3).

  • രണ്ടാം ക്ലാസ് പാഠപുസ്തകം വായിക്കാനറിയുന്ന എട്ടാം ക്ലാസുകാരുടെ എണ്ണം: 84.5 (89.1).

  • അടിസ്ഥാന വ്യവകലന ശേഷിയുള്ളവരുടെ (Subtraction) ശതമാനം: 32.6 (47.7).

  • അടിസ്ഥാന ഹരണം അറിയുന്ന അഞ്ചാം ക്ലാസുകാരുടെ ശതമാനം: 12.4 (33.3).

  • അടിസ്ഥാന ഹരണം അറിയുന്ന എട്ടാം ക്ലാസുകാരുടെ ശതമാനം: 31 (43.3).

സ്മാർട്ട് ഫോൺ ഉപയോഗത്തിലെ കേരളം

  • വീട്ടിൽ സ്മാർട്ട് ഫോണുള്ള കുട്ടികളുടെ ശതമാനം: 99.1

  • സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ കഴിയുന്ന 14-16 പ്രായക്കാരുടെ ശതമാനം: 97.3

  • മൊബൈൽ ഫോണിൽ അടിസ്ഥാന ഡിജിറ്റൽ ടാസ്‌കുകൾ ചെയ്യാനറിയുന്ന 14-16 പ്രായക്കാരുടെ ശതമാനം: 89.1

  • സ്വന്തം ആവശ്യത്തിന് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന 14-16 പ്രായക്കാരുടെ ശതമാനം: 29.1

  • വീട്ടിൽ സ്മാർട്ട് ഫോണുള്ള ആൺകുട്ടികൾ: 99 ശതമാനം.

  • പെൺകുട്ടികൾ: 99.2 ശതമാനം

  • സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ കഴിയുന്ന ആൺകുട്ടികൾ: 97.2 ശതമാനം, പെൺകുട്ടികൾ: 97.3 ശതമാനം.

  • സ്വന്തം ആവശ്യങ്ങൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആൺകുട്ടികൾ: 33.4 ശതമാനം, പെൺകുട്ടികൾ: 25.3 ശതമാനം.

ദേശീയ തലത്തിൽ ആൺ- പെൺ വിടവ്

ദേശീയ തലത്തിൽ 14-16 പ്രായക്കാരായ 90 ശതമാനം പേരുടെയും വീട്ടിൽ സ്മാർട്ട് ഫോണുണ്ട്. 80 ശതമാനം പേർക്കും ഉപയോഗിക്കാനും അറിയാം. ഇവരിൽ ആൺകുട്ടികളാണ് മുന്നിൽ, 85.5 ശതമാനം. പെൺകുട്ടികൾ 79.4 ശതമാനമാണ്. എന്നാൽ, സ്വന്തമായി സ്മാർട്ട് ഫോണുള്ളവരിൽ ആൺ- പെൺ വിടവ് പ്രകടമാണ്. ആൺകുട്ടികൾ- 36.2 ശതമാനം, പെൺകുട്ടികൾ 26.9 ശതമാനം.

14- 16 പ്രായക്കാരായ 82.2 ശതമാനം പേർക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാനറിയാം. ഇവരിൽ 57 ശതമാനം പേർ വിദ്യാഭ്യാസ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഇതിൽ, 76 ശതമാനം പേർ പറഞ്ഞത്, ഈ സമയത്ത് തങ്ങൾ സോഷ്യൽ മീഡിയ കൂടി നോക്കാറുണ്ട് എന്നാണ്. സോഷ്യൽ മീഡിയ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നറിയുന്നവരുടെ ശതമാനം ഉയർന്നതാണ്. 62 ശതമാനം പേർക്കും ഒരു പ്രൊഫൈൽ ബ്ലോക്ക് ചെയ്യാനറിയാം, 55.2 ശതമാനത്തിന് സ്വകാര്യമായി പ്രൊഫൈലുണ്ടാക്കാനറിയാം, 57.7 ശതമാനത്തിന് പാസ്‌വേഡ് മാറ്റാനറിയാം. ഇക്കാര്യത്തിലും പെൺകുട്ടികളേക്കാൾ ആൺകുട്ടികളാണ് മുന്നിൽ.

ഡിജിറ്റൽ ടാസ്‌കുകൾക്കായി കുടുംബാംഗങ്ങളിൽനിന്നോ സ്വന്തമായോ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ സൗകര്യമുള്ളവരുടെ ശതമാനം ആൺകുട്ടികൾ 70.2, പെൺകുട്ടികൾ 62.2.
ഇവർക്ക് മൂന്ന് ടാസ്‌കുകളാണ് നൽകിയത്: അലാറം സെറ്റ് ചെയ്യുക, ഒരു വിവരം ബ്രൗസ് ചെയ്യുക, ഒരു യുറ്റ്യൂബ് വീഡിയോ ലൊക്കേറ്റ് ചെയ്യുക. വീഡിയോ ലൊക്കേറ്റ് ചെയ്തവരോട് അത് ഏതെങ്കിലും മെസ്സേജിങ് പ്ലാറ്റ്‌ഫോമിലൂടെ ഷെയർ ചെയ്യാനും ആവശ്യപ്പെട്ടു. മൂന്നിലെന്നുപേർക്കും ഈ ടാസ്ക് ചെയ്യാനായി. വീഡിയോ ലൊക്കേറ്റ് ചെയ്തവരിൽ 90 ശതമാനത്തിനും അത് ഷെയർ ചെയ്യാനും കഴിഞ്ഞു.

വായനാശേഷിയിൽ പുറകിലായ ഇന്ത്യ

രണ്ടാം ക്ലാസിലെ മാതൃഭാഷയിലുള്ള പാഠപുസ്തകം വായിക്കാനറിയുന്ന, സർക്കാർ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥികളുടെ എണ്ണം ദേശീയ തലത്തിൽ 2018-ൽ 20.9 ശതമാനമായിരുന്നത് 2022-ൽ 16.3 ശതമാനമായി കുറഞ്ഞു. 2024-ൽ ഇത് 23.4 ശതമാനമായി കൂടി. എങ്കിലും മൂന്നാം ക്ലാസ് വിദ്യാർഥികളിൽ രണ്ടാം ക്ലാസിലെ പാഠപുസ്തകം ശരിയായി വായിക്കാനറിയാത്തവരുടെ എണ്ണം 76.6 ശതമാനമാണ്.

അഞ്ചാം ക്ലാസിലെ വിദ്യാർഥികൾക്ക് രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാൻ കൊടുത്തപ്പോൾ രണ്ടിൽ ഒരു വിദ്യാർഥിക്ക്, വായിക്കാൻ അറിയില്ലായിരുന്നു. 2018-ൽ നടന്ന സർവേയിൽ ഇവരുടെ ശതമാനം 44.2 ആയിരുന്നു. 2022-ൽ അത് വീണ്ടും കുറഞ്ഞ് 38.5 ശതമാനമായി മാറി. 2024-ൽ വീണ്ടും വർധിച്ച് 44.8 ശതമാനമായി ഉയർന്നു. എന്നാൽ, എട്ടാം ക്ലാസിലെത്തുന്നത്തോടെ 67.5 ശതമാനം വിദ്യാർഥികൾ രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാനുള്ള അറിവ് നേടുന്നുണ്ട്.

അടിസ്ഥാന ഗണിതശേഷിയുടെ കാര്യത്തിൽ ദേശീയ തലത്തിൽ നേരിയ പുരോഗതിയുണ്ട്. മൂന്നാം ക്ലാസിലെ 33.7 ശതമാനം കുട്ടികൾക്ക് മാത്രമാണ് കുറയ്ക്കാൻ അറിയുന്നത്. അഞ്ചാം ക്ലാസുകാരിൽ അടിസ്ഥാന ഹരണം അറിയുന്നവർ 2018-ൽ 22.7 ശതമാനമായിരുന്നത് 2024-ൽ 26.5 ശതമാനമായി ഉയർന്നു. എട്ടാം ക്ലാസുകാരുടെ ഗണിതശേഷി വലിയ വ്യത്യാസമില്ലാതെ തുടരുന്നു.

സ്കൂളിൽ ചേരുന്നവരുടെ എണ്ണം കൂടി

ഉച്ചഭക്ഷണം, ടോയ്‌ലറ്റ്, കുടിവെള്ളം, ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർഷം തോറും മെച്ചപ്പെടുന്നുണ്ട്.

ഏതെങ്കിലും തരത്തിലുള്ള പ്രീ പ്രൈമറി സ്ഥാപനങ്ങളിൽ ചേരുന്ന മൂന്നിനും നാലിനും ഇടയ്ക്ക് പ്രായമുള്ളവരുടെ എണ്ണം 2018-നും 2024-നുമിടയിൽ വർധിച്ചു, ഈ പ്രായക്കാരായ 80 ശതമാനം പേരും പ്രീ പ്രൈമറി സ്ഥാപനങ്ങളിൽ ചേർന്നിട്ടുണ്ട്. ഒന്നാം ക്ലാസിൽ ചേരുന്ന അഞ്ച് വയസ്സിന് താഴെയുള്ളവരുടെ എണ്ണം കുറഞ്ഞു. 2018-ൽ 25.6 ശതമാനം, 2022-ൽ 22.7 ശതമാനം, 2024-ൽ 16.7 ശതമാനം.

സർക്കാർ സ്‌കൂളുകളിൽ ചേരുന്നവരുടെ ശതമാനം കോവിഡ് കാലം മുതൽ കൂടിവരികയാണ്. ഇതിൽ അൽപം കുറവുണ്ട്. 2022-ൽ 72.9 ശതമാനമായിരുന്നത് 2024-ൽ 66.8 ശതമാനമായി.

Annual Status of Education Report -ASER റിപ്പോര്‍ട്ട് പൂര്‍ണ്ണരൂപം വായിക്കാം

Comments