യൂണിയനും തെരഞ്ഞെടുപ്പുമില്ലാതെ കേരള സർവകലാശാല; ഈ ജനാധിപത്യമില്ലായ്മ തിരുത്തപ്പെടണം

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കേരള സർവകലാശാലയിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധത. തെരഞ്ഞെടുപ്പ് ഇല്ലാത്തതിനാലും യൂണിയൻ പ്രവർത്തിക്കാത്തതിനാലും വിദ്യാർഥികളുടെ അവകാശങ്ങൾ ഒന്നും തന്നെ അംഗീകരിക്കപ്പെടുന്നില്ല - സർവകലാശാലയിലെ വിദ്യാർത്ഥിനി വൈഷ്ണവി വി. എഴുതുന്നു…

രണഘടനയിലൂടെ വ്യവസ്ഥാപിതമായ ഒരു ജനാധിപത്യ കൂട്ടായ്മയിലൂടെയാണ് ഇന്ത്യ മുന്നോട്ട് പോവുന്നത്. നമ്മൾ എങ്ങനെയായിരിക്കണമെന്നും എങ്ങനെ ആകരുതെന്നും എപ്രകാരം രൂപപ്പെടണമെന്നും നമ്മളെ ആര് നയിക്കണമെന്നും തീരുമാനിക്കാനുള്ള ശേഷി ഈ സമൂഹത്തിനുള്ളതുകൊണ്ടാണ് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഈ രാജ്യത്തെ മുന്നോട്ടു നയിക്കുന്നത്. അതായത് വഴിയിൽ കൂടെ പോകുന്ന ആർക്കും നമ്മളെ ഭരിക്കാനാവില്ല. ആരൊക്കെ മത്സരിച്ചാലും അതിൽ നിന്നൊരു വിജയിയെ കണ്ടെത്തുന്നത് ഈ നാട്ടിലെ ജനങ്ങൾ തന്നെയാണ്. ജനാധിപത്യപരമായ വ്യവസ്ഥയിലൂടെ, ജനങ്ങൾ തങ്ങളുടെ അവകാശം ശരിയാംവണ്ണം ഉപയോഗിക്കുമ്പോഴാണ് ആ പ്രക്രിയ ഫലവത്താവുന്നത്.

അതുപോലെതന്നെയാണ് ഒരു അക്കാദമിക സമൂഹത്തിൽ വിദ്യാർത്ഥികളുടെ തങ്ങളെ പ്രതിനിധീകരിക്കുന്ന വിഭാഗത്തെ തെരഞ്ഞെടുക്കാനുള്ള ജനാധിപത്യപരമായ തെരഞ്ഞെടുപ്പവകാശം. അത്തരമൊരു ജനാധിപത്യപരമായ അവകാശം ലഭിക്കാതെ പോയ ഒരു അക്കാദമിക സമൂഹത്തെ ഈ നാട്ടിലെ അധികാര സ്ഥാപനങ്ങൾ ബോധപൂർവം കണ്ടില്ലെന്നു നടിക്കുകയാണ്.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കേരള സർവകലാശാലയിലാണ് ഈ ജനാധിപത്യം വിരുദ്ധതയെന്നത്  ഞെട്ടിപ്പിക്കുന്ന കാര്യമാണ്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കേരള സർവകലാശാലയിലാണ് ഈ ജനാധിപത്യം വിരുദ്ധതയെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

24 മണിക്കൂറും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും നീതിബോധവും ജനാധിപത്യപരമായ, ഭരണഘടനാപരമായ അവകാശങ്ങളെ പറ്റിയും വാചാലരാവുന്ന ഇതേ കേരളത്തിൽ തന്നെയാണ് വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പവകാശം നിഷ്കരുണം തള്ളപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കേരള സർവകലാശാലയിലാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. കേരളത്തിലെ ഒരു സര്‍വകലാശാല ആദ്യമായി നാക് റാങ്കിങ്ങിൽ A++ നേടിയത് കേരള സർവകലാശാലയിലൂടെയാണ്.

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒന്നാണ് ഞങ്ങളുടെ സർവകലാശാല. ഈ നേട്ടത്തിൽ അഭിമാനിക്കുമ്പോഴും ഈ സർവകലാശാലയിലെ ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ വട്ടപ്പൂജ്യം മാർക്ക് നൽകാനാഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. അത് സർവകലാശാലയുടെ ജനാധിപത്യ സ്വഭാവമാണ്.

അധികാര മേധാവിത്വം വളരെ പ്രകടമായി തന്നെ നിലനിൽക്കുന്ന അക്കാദമിക് സ്ഥാപനമാണിത്. ജനാധിപത്യ സ്വഭാവമില്ലാത്ത സർവകലാശാലയുടെ വിദ്യാർത്ഥി വിരുദ്ധ മനോഭാവത്തോട് കടുത്ത വിയോജിപ്പുണ്ട്. 2023 ജൂലൈ മാസം പതിനൊന്നാം തീയതിയാണ് ഈ സർവകലാശാലയിൽ പിജി പ്രവേശനം നേടുന്നത് (2023-25 ബാച്ച്).

ഓഗസ്റ്റ് ഒമ്പതാം തീയതി സർവകലാശാലയിൽ ഞങ്ങൾക്ക് ഔദ്യോഗികമായി ക്ലാസുകൾ ആരംഭിച്ചു. ഈ ജൂലൈ മാസം ബിരുദ പുനഃസംഘടനയുടെ ഭാഗമായി സർവകലാശാല ക്യാമ്പസിന്റെ ചരിത്രത്തിലാദ്യമായി നാലുവർഷ ബിരുദ വിദ്യാർത്ഥികൾ കടന്നുവന്നു. പുതിയ എം എ ബാച്ചിൽ വിദ്യാർത്ഥികൾ പ്രവേശനം നേടി.

ഓഗസ്റ്റ് ഒമ്പതാം തീയതി സർവകലാശാലയിൽ ഞങ്ങൾക്ക് ഔദ്യോഗികമായി ക്ലാസുകൾ ആരംഭിച്ചു. ഇന്നിതുവരെ ഈ സർവകലാശാലയിൽ ഒരു ജനാധിപത്യ തിരഞ്ഞെടുപ്പും നടന്നിട്ടില്ല / Photo: Midhun R
ഓഗസ്റ്റ് ഒമ്പതാം തീയതി സർവകലാശാലയിൽ ഞങ്ങൾക്ക് ഔദ്യോഗികമായി ക്ലാസുകൾ ആരംഭിച്ചു. ഇന്നിതുവരെ ഈ സർവകലാശാലയിൽ ഒരു ജനാധിപത്യ തിരഞ്ഞെടുപ്പും നടന്നിട്ടില്ല / Photo: Midhun R

ഞങ്ങൾ ഈ സർവകലാശാലയുടെ ഭാഗമായിട്ട് ഒരു അക്കാദമിക വർഷം പൂർത്തിയാകുന്നു. എന്നാൽ ഇന്നിതുവരെ ഈ സർവകലാശാലയിൽ ഒരു ജനാധിപത്യ തിരഞ്ഞെടുപ്പും നടന്നിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്.

വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്ന ഒരു യൂണിയൻ ഇല്ലാത്ത ഒരു വർഷക്കാലം കടന്നുപോയിരിക്കുന്നു. കഴിഞ്ഞ യൂണിയന്റെ കാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട വിവാദവും ഇക്കാലയളവിൽ ഉണ്ടായിരുന്നു. നിയമപ്രകാരം ഒരു യൂണിയന്റെ കാലാവധി ഒരു വർഷമാണ്. അക്കാദമിക് വർഷത്തിന്റെ ആരംഭത്തിൽ തെരഞ്ഞെടുപ്പ് നടത്താതെ തോന്നുന്നത് പോലെ തെരഞ്ഞെടുപ്പ് നടത്തിയാൽ കൃത്യമായി ഒരു യൂണിയന് പ്രവർത്തിക്കാൻ സാധിക്കുമോ എന്നതും കാലാവധി തികയ്ക്കാൻ സാധിക്കുമോ എന്നതും ആശങ്കയുണർത്തുന്ന കാര്യങ്ങളാണ്.

കഴിഞ്ഞ ഫെബ്രുവരി 26ന് നിലവിലുള്ള യൂണിയന്റെ കാലാവധി കഴിഞ്ഞതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാലാവധി ദീർഘിപ്പിക്കാനുള്ള രജിസ്ട്രാറിന്റെയും യൂണിയന്റെയും ആവശ്യം തള്ളിയതായാണ് അറിയാൻ സാധിച്ചത്. പുതിയ ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവിൽ യൂണിയന്റെ ചുമതല സ്റ്റുഡൻസ് സർവീസ് ഡയറക്ടർക്ക് നൽകാനുമുള്ള നിർദ്ദേശം വൈസ് ചാൻസിലർ നൽകിയതായുമാണ് റിപ്പോർട്ട്. ഞങ്ങളുടെ അക്കാദമിക് ഇയറിന്റെ കാര്യം മാറ്റിവെച്ച് ഇക്കാര്യം പരിശോധിച്ചാലും ഇലക്ഷൻ നടത്തേണ്ട സമയം എന്നോ കഴിഞ്ഞിരിക്കുന്നു..

അധ്യായന വർഷം ആരംഭിച്ച് വളരെ വൈകിയാണ് 2024 മാർച്ച് 21ന് കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ മാർച്ച് 20ന് വൈകുന്നേരമാണ് വൈസ് ചാൻസിലറുടെ നിർദ്ദേശാനുസരണം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു കൊണ്ടുള്ള രജിസ്ട്രാറുടെ അറിയിപ്പ് വന്നത്.

വൈസ് ചാൻസിലറുടെ നിർദ്ദേശാനുസരണം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു കൊണ്ടുള്ള രജിസ്ട്രാറുടെ അറിയിപ്പ്
വൈസ് ചാൻസിലറുടെ നിർദ്ദേശാനുസരണം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു കൊണ്ടുള്ള രജിസ്ട്രാറുടെ അറിയിപ്പ്

ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു എന്നതാണ് കാരണമായി സർവകലാശാലയിൽ നിന്നും അറിയാൻ സാധിച്ചത്. രാജ്യത്തെ സുഗമമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ, സർവകലാശാല തെരഞ്ഞെടുപ്പ് നടക്കുന്ന പക്ഷം സ്വാധീനിക്കപ്പെട്ടേക്കാം എന്നതാണ് സർവകലാശാലയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും അവർ പറയുന്നു.

ഈ ന്യായീകരണം വെച്ച് ഉൾക്കൊള്ളാമെന്ന് കരുതിയാലും ഇന്ത്യ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയെ അഭിമുഖീകരിക്കാൻ പോകുകയാണെന്നും അതിനു മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നും ഏകദേശം എപ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്നും സാമാന്യധാരണയുള്ള ഏതൊരാൾക്കും അറിയുന്ന കാര്യമാണ്. ഇതെല്ലാം അറിഞ്ഞുകൊണ്ട് കൂടിയാണ് സർവകലാശാല തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചത്. മാർച്ച് 16ന് ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ ഇന്ത്യയിൽ ഔദ്യോഗികമായി മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനങ്ങളും മാർച്ച് 20 വരെ കൈക്കൊണ്ടിരുന്നില്ല. സർവകലാശാലയുടെ ആലപ്പുഴ റീജിയണൽ ക്യാമ്പസിൽ നിന്നും വിദ്യാർത്ഥികൾ വന്നിരുന്നു. മാർച്ച് 21ന് തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നതിന് വിദ്യാർത്ഥികൾ സജ്ജമായിരുന്നു. അപ്പോഴാണ് വൈകുന്നേരത്തോടുകൂടി ഈ കാരണത്താൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നുവെന്നും മാതൃകാ പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തെരഞ്ഞെടുപ്പ് നടക്കുന്നതായിരിക്കുമെന്നും സർവകലാശാല അറിയിക്കുന്നത്.

യൂണിയനും മാഗസിനും ഇല്ലെങ്കിൽ എന്തിനാണ് ഈ പണപ്പിരിവ്?
യൂണിയനും മാഗസിനും ഇല്ലെങ്കിൽ എന്തിനാണ് ഈ പണപ്പിരിവ്?

നിലവിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടങ്ങളൊന്നും തന്നെ നിലവിലില്ല. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. പാർലമെന്റ് സമ്മേളനം നടന്നു. പക്ഷേ ഈ സർവകലാശാലയിലെ ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് മാത്രം നടന്നില്ല. അഡ്മിഷൻ സമയത്ത് യൂണിയൻ ഫീസും മാഗസിൻ ഫീസുമടക്കം വിദ്യാർത്ഥികളിൽ നിന്നും വാങ്ങിയിരുന്നു.. യൂണിയനും മാഗസിനും ഇല്ലെങ്കിൽ എന്തിനാണ് ഈ പണപ്പിരിവ്?

സർവകലാശാലയുടെ ഫെഡറൽ ഘടനയിൽ സിൻഡിക്കേറ്റും സെനറ്റും മാത്രമല്ല വിദ്യാർത്ഥി യൂണിയനും വളരെ വലിയ സ്ഥാനമുണ്ട്. സർവകലാശാലയിലെ മുഴുവൻ വിദ്യാർത്ഥികളെയുമാണ് ഒരു യൂണിയൻ പ്രതിനിധാനം ചെയ്യുന്നത്. അത്തരം ഒരു വിദ്യാർത്ഥി പങ്കാളിത്തം ഇല്ലാതെ ഈയൊരു വർഷം ഈ സർവകലാശാലയിൽ പല സുപ്രധാനമായ തീരുമാനങ്ങളും എടുത്തുവെന്നത് യഥാർഥത്തിൽ അവിശ്വസനീയമാണ്.

കേരള സർവകലാശാലയിലെ വിദ്യാർത്ഥി സംഘടനകളെല്ലാം തന്നെ അവരുടേതായ ഇടപെടലുകൾ ഓരോ വിഷയങ്ങളിലും നടത്തുന്നുണ്ട്. എന്നാൽ ഒരു വിദ്യാർത്ഥി സംഘടനയും ഈ സർവകലാശാലയിലെ മുഴുവൻ വിദ്യാർത്ഥികളെയും പ്രതിനിധാനം ചെയ്യുന്നില്ല. അവിടെയാണ് സർവകലാശാല യൂണിയന്റെ പ്രാധാന്യം.

അധ്യായന വർഷം ആരംഭിച്ച് വളരെ വൈകിയാണ് 2024 മാർച്ച് 21ന് കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്.
അധ്യായന വർഷം ആരംഭിച്ച് വളരെ വൈകിയാണ് 2024 മാർച്ച് 21ന് കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്.

എന്തെങ്കിലും ആവശ്യമായി ബന്ധപ്പെട്ട് ഇവിടത്തെ അധികൃതരെ സമീപിച്ചാൽ യൂണിയന്റെ കാര്യം പറയും. ഒരു പരിപാടി നടത്തണമെങ്കിൽ യൂണിയന്റെ ബാനറിൽ ചെയ്യാൻ പറയും. യൂണിയൻ എവിടെ എന്ന് ചോദിച്ചാൽ, തെരഞ്ഞെടുപ്പ് നടന്നിട്ടില്ലല്ലോ എന്ന് പറഞ്ഞാൽ അവർക്കു മറുപടിയില്ല.

ചിലരെങ്കിലും പി ജി വിദ്യാർത്ഥികളോട് ഗവേഷണ യൂണിയനോട് പറയാൻ പറയും ( വ്യക്തിപരമായ അനുഭവം ഉണ്ടായിട്ടുണ്ട്). എന്നാൽ ഇത് തീർത്തും വ്യത്യസ്തമായ കാര്യമാണ്. ഞങ്ങളെ അവരാണോ പ്രതിനിധീകരിക്കുന്നത്? അവരാണോ ഞങ്ങളുടെ വിഷയങ്ങളിൽ ഇടപെടേണ്ടത്? അങ്ങനെയാണെങ്കിൽ ഒരു സർവകലാശാലയിൽ എന്തിനാണ് രണ്ട് യൂണിയനുകൾ എന്ന ചോദ്യം ഉയരും. ഗവേഷകരുടെയാണ് ഗവേഷക യൂണിയൻ. സർവകലാശാലയിലെ മറ്റ് വിദ്യാർത്ഥികളുടെ ഒപ്പം നിൽക്കുന്നതാണ് ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി തൽക്കാലികമായ പരിഹാരത്തിനല്ല ശ്രമിക്കേണ്ടത്.

പെരുമാറ്റച്ചട്ടം അവസാനിച്ചതിനുശേഷവും സർവകലാശാല അനങ്ങുന്നില്ലെന്നു കണ്ടപ്പോൾ ജൂൺ 27ന് സർവകലാശാല രജിസ്ട്രാർക്കും വൈസ് ചാൻസിലർക്കും ഇലക്ഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട് മെയിൽ അയച്ചിരുന്നു. തുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ചാൻസിലർക്കും പ്രതിപക്ഷ നേതാവിനും ജൂലൈ നാലിന് മെയിൽ ചെയ്തിരുന്നു. ഇതുവരെ ആരിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. മറുപടി ലഭിച്ചാലും ഇല്ലെങ്കിലും സർവകലാശാല ഉറക്കം വെടിയണമെന്നാണ് പറയാനുള്ളത്.

. ഒരു പരിപാടി നടത്തണമെങ്കിൽ യൂണിയന്റെ ബാനറിൽ ചെയ്യാൻ പറയും. യൂണിയൻ എവിടെ എന്ന് ചോദിച്ചാൽ അവർക്കു മറുപടിയില്ല. / Photo: Thomas Cheriyan
. ഒരു പരിപാടി നടത്തണമെങ്കിൽ യൂണിയന്റെ ബാനറിൽ ചെയ്യാൻ പറയും. യൂണിയൻ എവിടെ എന്ന് ചോദിച്ചാൽ അവർക്കു മറുപടിയില്ല. / Photo: Thomas Cheriyan

പല സുപ്രധാന വിഷയങ്ങളിലും കൃത്യമായ ഇടപെടലുകൾ നടത്തുന്ന, തങ്ങളുടെ അവകാശങ്ങളെപ്പറ്റി വ്യക്തമായ ബോധ്യമുള്ള വിദ്യാർഥികൾ ഉള്ള ഈ ക്യാമ്പസിൽ ഈയൊരു വിഷയത്തിൽ ഇത്രയും ഇടപെടലുകൾ ഉണ്ടായിട്ടും പരിഹാരങ്ങൾ ഉണ്ടായില്ലെന്നത് അതിന്റെ ഗൗരവം വർധിപ്പിക്കുന്നു. സെനറ്റും സിൻഡിക്കേറ്റും മാത്രമല്ല വിദ്യാർത്ഥികളെ പ്രതിനിധാനം ചെയ്യുന്ന വിദ്യാർത്ഥി യൂണിയനും കൂടി ചേരുമ്പോഴാണ് സർവകലാശാലയുടെ ഫെഡറൽ ഘടനയും ജനാധിപത്യ സ്വഭാവവും നീതിയുക്തമായി നടപ്പാക്കപ്പെടുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ഇനി ഒരു ഇലക്ഷൻ നടന്നാൽ തന്നെ യൂണിയന്റെ കാലാവധി ഒരു പ്രശ്നമാണ്. അധികം വൈകാതെ തന്നെ പുതിയ അധ്യായന വർഷത്തെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി മറ്റൊരു ഇലക്ഷൻ കൂടി നടത്തേണ്ട സാഹചര്യവുമുണ്ടാവും. ഈയൊരു വിഷയത്തെ ആരും ഗൗരവമായി കാണുന്നില്ലെന്നത് അമ്പരപ്പോടെയാണ് വിദ്യാർത്ഥി എന്ന നിലയിൽ നോക്കിക്കാണുന്നത്. സർവകലാശാലയുടെ ഫെഡറൽഘടനയെ തകർക്കാനുള്ള എല്ലാവിധ ശ്രമങ്ങളും എതിർക്കപ്പെടണം. ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഒരു തട്ടിക്കൂട്ട് പ്രഹസനമായി മാറാതെ കൃത്യസമയത്ത് സുതാര്യമായും കാര്യക്ഷമമായും നടത്തപ്പെടണമെന്ന ആഗ്രഹമുണ്ട്.

കേരള സർവകലാശാലയിലെയും കേരളത്തിലെ മറ്റ് സർവകലാശാലകളിലെയും പ്രശ്നങ്ങൾക്ക് ജനാധിപത്യപരമായ പരിഹാരങ്ങൾ ഉണ്ടാവണം. സർവകലാശാലകളിൽ നടക്കുന്ന സജീവമായ ചർച്ചകളും ഇടപെടലുകളും അതിന്റെ ഭാഗമാകുന്ന വിദ്യാർത്ഥികളും ഒരു മികച്ച സാമൂഹിക അന്തരീക്ഷത്തിന്റെ രൂപപ്പെടലിന് നിർണായകമായ സ്വാധീനം ചെലുത്തും. അത്തരമൊരു പരുവപ്പെടലിന് നമ്മുടെ സർവകലാശാലകൾ തയ്യാറാവേണ്ടതുണ്ട്.

(കേരള സർവകലാശാലയിലെ വിദ്യാർഥിയാണ് വൈഷ്ണവി വി.)

Comments