കേരള സർവകലാശാലയുടെ Kerala University (Students’ Code of Conduct) Regulations, 2026 എന്ന പെരുമാറ്റച്ചട്ടത്തിന്റെ കരടുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ക്യാമ്പസ് രാഷ്ട്രീയം വീണ്ടും ചർച്ചയാകുകയാണ്. രാഷ്ട്രീയ പ്രവർത്തനം, പ്രതിഷേധം, ധർണ, അംഗത്വപ്രചാരണം, പോസ്റ്റർ-ബാനർ പ്രചാരണം, ഫണ്ട് ശേഖരണം, സാമൂഹികമാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ ഏകോപനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം നിർദേശിക്കുന്നതാണ് കരട്.
ഈ രേഖ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും; ഇത് കേവലം കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. വ്യക്തിപരമായി കൂടി വിദ്യാർത്ഥികളുടെ കാമ്പസ് ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് രേഖ തയ്യാറാക്കിയിട്ടുള്ളത്. കരട് സിൻഡിക്കേറ്റ് ചർച്ച ചെയ്തിട്ടുണ്ടെങ്കിലും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ ചട്ടം പുറത്തിറക്കൂ എന്ന് സർവകലാശാലാ രജിസ്ട്രാർ വ്യക്തമാക്കുന്നുണ്ടെങ്കിലും, നടപ്പിലാക്കാൻ തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള സിൻഡിക്കേറ്റ് ഇത് തയ്യാറാക്കിയിട്ടുള്ളത് എന്ന് മനസിലാക്കാം.
രേഖ വിവാദമായപ്പോൾ പലതരം വിശദീകരണങ്ങൾ ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല തീരുമാനമെടുത്തിട്ടില്ലെന്നും കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാർ നയമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ പറയുന്നുണ്ട്. കോടതി നിർദ്ദേശപ്രകാരം കേരള സർവകലാശാല സിൻഡിക്കേറ്റ് നിയമിച്ച ഉപസമിതിയുടെ ചർച്ചകൾക്കായി തയ്യാറാക്കിയ രേഖ മാത്രമാണിതെന്നും വിദ്യാർത്ഥി സംഘടനകളുടെ അഭിപ്രായം തേടിയ ശേഷം വീണ്ടും ചർച്ച ചെയ്ത് അംഗീകരിച്ചാൽ മാത്രമേ ഇത് സർവകലാശാലയുടെ മാർഗ്ഗനിർദ്ദേശമായി കണക്കാക്കുകയുള്ളൂ എന്നുമാണ് മന്ത്രിയുടെ വിശദീകരണം.

അധികാരികളുടെ ഇത്തരം വിശദീകരണത്തിനപ്പുറം, കേരള സർവകലാശാലയിൽ ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കുള്ള ചർച്ചയും നീക്കങ്ങളും പൊടുന്നനെ ഉണ്ടായതല്ല എന്ന് വ്യക്തമാണ്. 2026 ഓഗസ്റ്റിൽ സർവകലാശാല ആസ്ഥാനത്തും കാര്യവട്ടം ക്യാമ്പസ് പ്രവേശന കവാടത്തിലും സ്ഥാപിച്ചിരുന്ന ബോർഡുകളും ബാനറുകളും നീക്കാൻ സർവകലാശാല നിർദേശം നൽകിയിരുന്നു. പ്രവേശന കവാടം മറയ്ക്കുന്ന ബോർഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കണമെന്നായിരുന്നു വൈസ് ചാൻസലറുടെ നിർദേശം. നിർദേശം പാലിച്ചില്ലെങ്കിൽ സർവകലാശാല തന്നെ അവ നീക്കി ചെലവ് ബന്ധപ്പെട്ട സംഘടനകളിൽനിന്ന് ഈടാക്കാനും നിർദേശിച്ചിരുന്നു.
നിയന്ത്രണം ക്ലാസ് മുറികളിലും ക്യാമ്പസ് ഇടങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. Instagram, Facebook, WhatsApp, Telegram, X തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ കൂടി വിദ്യാർത്ഥികളുടെയും സംഘടനകളുടെയും ആശയവിനിമയത്തിന് നിയന്ത്രണം നിർദ്ദേശിക്കുകയാണ് ഈ രേഖ.
ഇത് ബോർഡുകളെക്കുറിച്ചുള്ള തർക്കം മാത്രമായിരുന്നില്ല. ക്യാമ്പസിൽ രാഷ്ട്രീയമായി ആശയം പ്രകടിപ്പിക്കാനുള്ള വിലക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു. അതിന്റെ തുടർച്ചയിലാണ് വിദ്യാർത്ഥികളുടെ രാഷ്ട്രീയാവകാശങ്ങളെയും അഭിപ്രായസ്വാതന്ത്ര്യത്തെയും റദ്ദ് ചെയ്തുകൊണ്ട്, Kerala University (Students’ Code of Conduct) Regulations, 2026 എന്ന പേരിൽ സിൻഡിക്കേറ്റ് ഉപസമിതി കരട് കൊണ്ടുവന്നത്.
കേരള സർവകലാശാലാ ക്യാമ്പസുകളിലും അഫിലിയേറ്റഡ് കോളേജുകളിലും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വ്യാപക നിയന്ത്രണം നിർദ്ദേശിക്കുന്നതാണ്, ചർച്ചയ്ക്ക് കൊണ്ടുവന്നത് എന്നു പറയുന്ന ഈ രേഖ. രാഷ്ട്രീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റാലി, സമരം, ധർണ, അംഗത്വപ്രചാരണം, ഫണ്ട് ശേഖരണം, രാഷ്ട്രീയ പോസ്റ്ററുകളും ചിത്രങ്ങളും, രാഷ്ട്രീയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സാമൂഹികമാധ്യമ ഉപയോഗം തുടങ്ങിയവയാണ് നിയന്ത്രണ പരിധിയിൽ വരുന്നത്.

ഈ നിർദ്ദേശങ്ങളെ കേവലം “രാഷ്ട്രീയ നിരോധനം” എന്ന വിശേഷണത്തിലേക്ക് ചുരുക്കുന്നതിനുമുമ്പ് ഓരോ നിർദ്ദേശങ്ങളും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. കാരണം, അച്ചടക്കവും പഠനാന്തരീക്ഷവും സംരക്ഷിക്കാനുള്ള അധികാരം പ്രയോഗിക്കുന്നതിന്റെ ഭാഗമായി, വിദ്യാർത്ഥികളുടെ സാമൂഹിക- രാഷ്ട്രീയ പങ്കാളിത്തം, അഭിപ്രായപ്രകടനം, സംവാദാന്തരീക്ഷം തുടങ്ങിയവയുടെ പരിധിയിലേക്കാണ് കടന്നുകയറുന്നത്.
കരടുരേഖയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങളിലൊന്ന് “Political Activity” എന്ന പദത്തിന് നൽകിയ നിർവചനമാണ്. ഇതനുസരിച്ച്, ക്യാമ്പസിൽ ഒരു വിദ്യാർത്ഥിയോ വിദ്യാർത്ഥികളുടെ സംഘമോ നടത്തുന്ന ഏതൊരു പ്രവർത്തനവും, ഒരു രാഷ്ട്രീയപാർട്ടിയുടെ ആശയങ്ങൾ, പരിപാടികൾ എന്നിവ പ്രചരിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നുവെങ്കിൽ അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ പരിധിയിൽ വരാം. രാഷ്ട്രീയ പാർട്ടിയോട് അടുപ്പം പ്രകടിപ്പിക്കുന്ന പ്രവർത്തനങ്ങളും നിർവചനത്തിൽ ഉൾപ്പെടുന്നു.
രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട വ്യക്തികളെ പങ്കെടുപ്പിച്ച് ക്യാമ്പസിൽ സെമിനാറുകളോ ചർച്ചകളോ സംഘടിപ്പിക്കുന്നതിലും നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് രാഷ്ട്രീയബന്ധമുള്ള വ്യക്തികളെയോ “controversial or anti- national nature” ഉള്ള പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരെയോ ഉൾപ്പെടുത്തിയുള്ള പരിപാടികൾ കരടിൽ പ്രത്യേകം പരാമർശിക്കുന്നു.

“anti- national” എന്നതുകൊണ്ട് എന്തിനെയാണ്, ആരെയാണ് ഉദ്ദേശിക്കുന്നത്?
ഒരു സർക്കാർ നയത്തെ വിമർശിക്കുന്നത് രാജ്യവിരുദ്ധമാണോ?
ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കുന്നത് രാജ്യവിരുദ്ധമാണോ?
ഒരു രാഷ്ട്രീയ ആശയത്തെ പിന്തുണയ്ക്കുന്നത് രാജ്യവിരുദ്ധമാണോ?
ഒരു വിവാദ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം പറയുന്നത് രാജ്യവിരുദ്ധമാണോ?
നിയമപരമോ ഭരണഘടനാപരമോ ആയ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പൊതുവായ ഒരു വിഷയത്തെ വിശദീകരിക്കുന്നതിൽ എന്താണ് യുക്തി? അതുകൊണ്ട്, കരടിൽ സൂചിപ്പിച്ച “anti-national” എന്ന വിശേഷണത്തിന്റെ മാനദണ്ഡം എന്ത്, ആരാണ് അത് നിർണയിക്കുന്നത്, അതിനെതിരെ വിദ്യാർത്ഥിക്ക് എന്ത് പരിഹാരമാർഗമാണ് ലഭിക്കുന്നത് എന്നിവ നിർണായക ചോദ്യങ്ങളാണ്.
ഇവിടെ ഉയരുന്ന പ്രധാന ചോദ്യം “രാഷ്ട്രീയ പ്രവർത്തനം” എന്നതും “രാഷ്ട്രീയ ചർച്ച” എന്നതും തമ്മിലുള്ള അതിർത്തി എവിടെയാണ്? എന്നതാണ്.
ഉദാഹരണത്തിന് മതനിരപേക്ഷത, സാമ്പത്തികനയം, തൊഴിലില്ലായ്മ, വിദ്യാഭ്യാസനയം, ജാതിവ്യവസ്ഥ, ലിംഗസമത്വം, കർഷകപ്രശ്നം തുടങ്ങി നിരവധി വിഷയങ്ങളിൽ ക്യാമ്പസിൽ അക്കാദമിക് ചർച്ചകളുണ്ടാകാറുണ്ട്. ഇത്തരം രാഷ്ട്രീയാഭിപ്രായപ്രകടനങ്ങൾ പോലും നിരോധനത്തിന്റെ പരിധിയിലേക്ക് കൊണ്ടു വരാനുള്ള നീക്കമാണ് രേഖയിലുള്ളത്. ഒരു ഗവേഷകൻ അല്ലെങ്കിൽ പഠിതാവ് എന്ത് വിഷയം പഠിക്കണം, ഏത് മേഖലയിൽ ഗവേഷണം ചെയ്യണം, ഏതൊക്കെ ചെയ്യാൻ പാടില്ല എന്നൊക്കയുള്ള രൂപത്തിൽ നിയന്ത്രണം വ്യക്തിപരമായ അവകാശങ്ങളിലേക്കും കടന്നുകയറാൻ ഇത് ഇടം നൽകുന്നു.
രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ക്യാമ്പസിൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുകയോ കൂട്ടം ചേർക്കുകയോ ചെയ്യുന്നത് ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കുന്നു. അത്തരം കൂട്ടായ്മയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും വ്യക്തിപരമായ ഉത്തരവാദിത്തം ഉണ്ടാകും.
രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ക്യാമ്പസിൽ വിദ്യാർത്ഥികളെ സംഘടിപ്പിക്കുകയോ കൂട്ടം ചേർക്കുകയോ ചെയ്യുന്നത് ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കുന്നു. അത്തരം കൂട്ടായ്മയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും വ്യക്തിപരമായ ഉത്തരവാദിത്തം ഉണ്ടാകും. രാഷ്ട്രീയ ആശയങ്ങളുടെയോ രാഷ്ട്രീയ പാർട്ടികളുടെ നിർദേശങ്ങളുടെയോ അടിസ്ഥാനത്തിൽ സമരത്തിന് ആഹ്വാനം ചെയ്യുന്നതും സമരത്തിൽ പങ്കെടുക്കുന്നതും “gross indiscipline” ആയി കണക്കാക്കുന്നു. അതുപോലെ ധർണ, പ്രതിഷേധം, സമരം തുടങ്ങിയവയും ഗുരുതര അച്ചടക്കലംഘനമാകും. ക്യാമ്പസിൽ രാഷ്ട്രീയ മുദ്രാവാക്യം വിളിക്കുന്നതിനും വിലക്ക് വരും. ഇതെല്ലാം നിയന്ത്രിക്കപ്പെട്ടുകഴിഞ്ഞാൽ, പ്രതിഷേധത്തിനുള്ള വിദ്യാർത്ഥിയുടെ ഇടം എവിടെയാണ്?

കരട് പ്രകാരം നിയന്ത്രണം ക്ലാസ് മുറികളിലും ക്യാമ്പസ് ഇടങ്ങളിലും ക്യാമ്പസ് മൈതാനങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. Instagram, Facebook, WhatsApp, Telegram, X തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ കൂടി വിദ്യാർത്ഥികളുടെയും സംഘടനകളുടെയും ആശയവിനിമയത്തിനും പ്രചാരണത്തിനും നിയന്ത്രണങ്ങൾ നിർദ്ദേശിക്കുകയാണ് ഈ രേഖ.
ശിക്ഷാസംവിധാനങ്ങളെക്കുറിച്ചുള്ള നിർദേശങ്ങളാണ് കരട് രേഖയിലെ മറ്റൊരു പ്രധാന ഭാഗം. വിദ്യാർത്ഥികൾക്കും രാഷ്ട്രീയ സംഘടനകൾക്കും സാമ്പത്തിക ബാധ്യത ചുമത്താനുള്ള വ്യവസ്ഥകൾ കരടിലുണ്ട്. ഗുരുതര കുറ്റങ്ങൾക്ക് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളുമുണ്ടാകാം. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കും.
കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയത്തിന് സുദീർഘ ചരിത്രമുണ്ട്. ഫീസ്, ഹോസ്റ്റൽ സൗകര്യം, ഗതാഗതം, പരീക്ഷാ ക്രമീകരണം, സ്കോളർഷിപ്പ്, ലൈബ്രറി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ ദൈനംദിന പ്രശ്നങ്ങളിൽ എക്കാലവും വിദ്യാർത്ഥി സംഘടനകളാണ് ഇടപെട്ടുപോരുന്നത്. വോട്ടവകാശമുള്ള പൗരരെന്ന നിലയ്ക്ക് രാഷ്ട്രീയ സംവിധാനങ്ങളുടെ ഭാഗമാകുന്നതും ദൈനംദിന രാഷ്ട്രീയം ചർച്ച ചെയ്യുന്നതും സ്വാഭാവികമാണ്. അത് വിദ്യാർത്ഥികളുടെ പൗരജീവിതത്തിന്റെ അടിസ്ഥാനവുമാണ്. തിരഞ്ഞെടുപ്പുകളെക്കുറിച്ച് പഠിക്കുന്നതും രാഷ്ട്രീയ പാർട്ടികളുടെ നയങ്ങൾ താരതമ്യം ചെയ്യുന്നതും പൊതുനയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതും ഒരു ജനാധിപത്യ സമൂഹത്തിലെ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.
പുതിയ രേഖയെക്കുറിച്ചുള്ള ചർച്ച “രാഷ്ട്രീയം വേണമോ വേണ്ടയോ?” എന്ന ലളിതമായ വിവാദത്തിലേക്ക് ചുരുക്കാതെ, “ജനാധിപത്യപരമായ വിദ്യാർത്ഥി സമൂഹത്തെ എങ്ങനെ വാർത്തെടുക്കാം?” എന്ന ചോദ്യത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.
കേരള സർവകലാശാലയിൽ വിദ്യാർത്ഥി തിരഞ്ഞെടുപ്പുകൾക്ക് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഇതിൽ നിന്നുയരുന്ന മറ്റൊരു ശ്രദ്ധേയമായ ചോദ്യം, വിദ്യാർത്ഥി പ്രാതിനിധ്യത്തിനും വിദ്യാർത്ഥി തിരഞ്ഞെടുപ്പിനും ഇടം നൽകുന്ന ഒരു സർവകലാശാലയിൽ, തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രക്രിയയും രാഷ്ട്രീയ സംഘടനാപ്രവർത്തനവും തമ്മിലുള്ള അതിർത്തി എങ്ങനെ നിർവചിക്കപ്പെടും എന്നതുകൂടിയാണ്.
സർവകലാശാലകൾ പരീക്ഷ എഴുതാനും ബിരുദം നേടാനും മാത്രമുള്ള സ്ഥാപനങ്ങളല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കുക, അധികാരത്തെ ചോദ്യം ചെയ്യുക, സംവിധാനങ്ങളെ വിമർശിക്കുക, വാദവും പ്രതിവാദവും നടത്തുക, മറ്റുള്ളവരുടെ അഭിപ്രായത്തെ മനസ്സിലാക്കുക തുടങ്ങിയവ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. ക്യാമ്പസ് അക്രമത്തിനുള്ള വേദിയാകരുത് എന്നത് ഒരു നിലപാടാണ്. അതുപോലെ ക്യാമ്പസ് ചോദ്യങ്ങൾ ചോദിക്കാനും വാദിക്കാനും സാമൂഹിക വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും കഴിയുന്ന ജനാധിപത്യ ഇടം കൂടിയാകണം. അതിനാൽ പുതിയ രേഖയെക്കുറിച്ചുള്ള ചർച്ച “രാഷ്ട്രീയം വേണമോ വേണ്ടയോ?” എന്ന ലളിതമായ വിവാദത്തിലേക്ക് ചുരുക്കാതെ, “ജനാധിപത്യപരമായ വിദ്യാർത്ഥി സമൂഹത്തെ എങ്ങനെ വാർത്തെടുക്കാം?” എന്ന ചോദ്യത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിമാധികാരത്തിലേക്ക് കീഴ്‌പ്പെടുത്താൻ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ തന്നെ ശ്രമം നടക്കുന്ന കാലമാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജനാധിപത്യ സംവാദങ്ങൾ വെട്ടിച്ചുരുക്കപ്പെടുകയാണ്. ആർജ്ജവമുള്ള വിദ്യാർഥി പ്രതികരണങ്ങളും പ്രതിഷേധങ്ങളും അതുകൊണ്ടുതന്നെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അച്ചടക്കത്തിന്റെ പേരിൽ വിദ്യാർഥി അവകാശങ്ങളെ മുഴുവൻ റദ്ദു ചെയ്ത് പട്ടാളച്ചിട്ടയിൽ 'അച്ചടക്കമുള്ള വിദ്യാർഥി' സമൂഹത്തെ മെരുക്കിയെടുക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകരും കോളേജ് അധികൃതരും സർവകലാശാലാ സംവിധാനങ്ങളും ഭീതിദമായ ഒരു യാഥാർത്ഥ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്കാദമിക്‌സിന്റെ പേരിൽ പരമാധികാരികളായി വാഴുന്ന നിരവധി അധികാരകേന്ദ്രങ്ങളുണ്ട്. ഇവർക്ക് കുട പിടിക്കുന്നതാണ് ഈ കരട് രേഖ.
