കേരളത്തിൽ സമഗ്രമായ പാഠ്യപദ്ധതിപരിഷ്കരണം നടന്നുകഴിഞ്ഞു. പുതിയ പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുകയും പുതിയ അധ്യയന വർഷം ആരംഭിക്കുകയും ചെയ്തു.
ജ്ഞാനസമൂഹനിർമ്മിതിയിലധിഷ്ഠിതമായ നവകേരളത്തെ വിഭാവനം ചെയ്യുന്നതിൽ വിദ്യാഭ്യാസരംഗത്തെ സമഗ്രപുരോഗതി അത്യന്താപേക്ഷിതമാണ്. ദീർഘകാലത്തെ പഠനങ്ങളും ഗവേഷണങ്ങളും ചർച്ചകളും നടത്തിയാണ് കേരളം സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് എത്തിച്ചേർന്നത്. ശിശുകേന്ദ്രീകൃത സമീപനവും സാമൂഹിക ജ്ഞാനനിർമിതി വാദത്തെ മുൻനിർത്തിയുള്ള ദാർശനികതലവും ഏറ്റവും ഫലപ്രദമായി വിളക്കിച്ചേർത്തുകൊണ്ട് നിർമിക്കപ്പെട്ട പാഠപുസ്തകങ്ങൾ കേരളത്തിലെ വിദ്യാലയങ്ങളിൽ, കുട്ടികളുടെ കൈകളിൽ എത്തുമ്പോൾ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നീണ്ട കാലത്തെ ആവശ്യവും ആവശ്യകതയും ആയിരുന്ന കലാവിദ്യാഭ്യാസ പാഠപുസ്തകം യാഥാർത്ഥ്യമാവുകയാണ്. പൊതുവിദ്യാലയങ്ങളിലെ പഠിതാക്കൾക്ക് പ്രാപ്യമാകുന്ന രീതിയിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് കലാവിദ്യാഭ്യാസ പാഠപുസ്തകം എത്തുകയാണ്.
കലാശേഷികൾ ജന്മസിദ്ധമായി കൈവരുന്നതാണെന്ന പൊതുസമൂഹത്തിന്റെ അബദ്ധധാരണയെ തിരുത്താനുതകും വിധമാണ് എല്ലാ കുട്ടികൾക്കും പ്രാപ്യമാവുന്ന രീതിയിൽ, എല്ലാ കുട്ടികൾക്കും നിരന്തര പരിശീലനത്തിലൂടെ സ്വായത്തമാക്കാവുന്ന തരത്തിൽ കലാവിദ്യാഭ്യാസ പാഠ്യപദ്ധതി വിഭാവനം ചെയ്യപ്പെടുന്നത്.

പശ്ചാത്തലം
ദേശീയവിദ്യാഭ്യാസ നയം (National Education Policy- 2020) വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലെയും പഠനപ്രക്രിയയിൽ കലയെ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. കല പ്രത്യേക പഠന വിഷയമായി പഠിക്കുന്നതോടൊപ്പം പാഠ്യപദ്ധതിയുടെ അവിഭാജ്യ ഘടകമാണെന്നും പ്രസ്താവിക്കുന്നു. എല്ലാ വിജ്ഞാനശാഖകൾക്കിടയിലുമുള്ള ഒരുമയും ഏകോപനവും ഉറപ്പുവരുത്താനായി ശാസ്ത്ര, കല, മാനവിക, കായിക വിഷയത്തിനെല്ലാം പ്രസക്തിയുള്ള പാഠ്യപദ്ധതി രൂപപ്പെടുത്തണമെന്ന് തത്വത്തിൽ ഊന്നിപ്പറയുന്നു. പഠിതാവിന്റെ സമഗ്രമായ വൈജ്ഞാനിക വികാസമാണ് ഓരോ പാഠ്യപദ്ധതിയും ലക്ഷ്യമിടുന്നത്. വിവിധ വിഷയങ്ങളിലെ ആശയങ്ങൾ സ്വായത്തമാക്കാൻ കലയുടെയും സംസ്കാരത്തിന്റെയും വിവിധ അംശങ്ങൾ ഉപയോഗപ്പെടുത്തുന്ന ക്രോസ് കരിക്കുലർ ബോധനരീതിയായ കല-സംയോജിത സമീപനം (art integrated learning) പ്രയോഗവത്കരിച്ച് പരീക്ഷണാത്മകവും പ്രവർത്തനോന്മുഖവുമായ ക്ലാസ് മുറികളും ആനന്ദദായകമായ അറിവുനിർമാണവും സാധ്യമാകുമെന്നും അതിലൂടെ കലയും സംസ്കാരവും വിദ്യാഭ്യാസപ്രക്രിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുമെന്നുമുള്ള വിശാല കാഴ്ചപ്പാട് ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്നുണ്ട്. പാഠ്യ/പാഠ്യേതര എന്ന വേർതിരിവില്ലാതെ, വിഷയങ്ങൾ തമ്മിലുള്ള ഉച്ച നീചത്വങ്ങൾ ഉടച്ചുകളയുന്ന സമീപനമാവണം പാഠ്യപദ്ധതികളുടേതെന്നും NEP- 2020 അടിവരയിടുന്നു.
“എന്തിനാണ് നാം കല പഠിക്കുന്നത്? പരിശീലിക്കുന്നത്? കല 'ജന്മസിദ്ധമായി' വന്നുചേരുന്നതാണെന്ന പൊതുബോധം നിലനിൽക്കുന്നിടത്താണ് ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുന്നത്’’.
‘കേരള പാഠ്യപദ്ധതി ചട്ടക്കൂട്- 2023’ (KCF- 2023), കലയ്ക്കും സംസ്കാരത്തിനും സുപ്രധാന സ്ഥാനമാണ് നൽകിയിരിക്കുന്നത്. പൊതു വിദ്യാലയങ്ങളിലെത്തുന്ന എല്ലാ കുട്ടികൾക്കും സമഗ്രമായ കലാപഠനാനുഭവം ലഭ്യമാക്കി, കലാസാക്ഷരരായ പൊതുസമൂഹത്തെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള കാൽവെയ്പായാണ് കലാവിദ്യാഭ്യാസ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാറാക്കിയിരിക്കുന്നത്. ‘ചിത്ര-ശില്പകല, സംഗീതം, നാടകം, നൃത്തം, സിനിമ, തനത് കലകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി, മറ്റല്ലൊ ദൃശ്യ-ശ്രാവ്യ-അവതരണ കലാവിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടാവണം കലാവിദ്യാഭ്യാസത്തിന്റെ പഠന മേഖലകൾ രൂപപ്പെടുത്തേണ്ടത്’ എന്ന് KCF- 2023- ൽ പറയുന്നു. അനുഭവകേന്ദ്രീകൃതവും പരീക്ഷണാത്മകവും അന്വേഷണാത്മകവുമായ പഠനാന്തരീക്ഷം വിദ്യാലയങ്ങളിൽ ഒരുക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
പഠിതാക്കളെ സമഗ്രമായ പ്രായോഗികാനുഭവാർജനത്തിന് പ്രാപ്തരാക്കേണ്ടതിന്റെയും, പ്രവർത്തനാധിഷ്ഠിതവും പ്രക്രിയാ ബന്ധിതവുമായ അറിവ് നിർമാണത്തിലേക്ക് പഠിതാവ് കടക്കേണ്ടതിന്റെയും, ആസ്വാദന ശേഷിയും സർഗാത്മകതയും സാങ്കേതിക ജ്ഞാനവും നിർമാണ ചാതുരിയും ആർജിക്കുന്ന പുതിയ തലമുറയുടെ വളർച്ച മുന്നിൽ കാണുന്ന പാഠ്യപദ്ധതി സമീപനമാണ് കലാവിദ്യാഭ്യാസത്തിനുള്ളത്. 5 മുതൽ 10 വരെ ക്ലാസുകളിലെ കലാവിദ്യാഭ്യാസ പാഠപുസ്തകം കുട്ടികളുടെ കൈകളിലെത്തുമ്പോൾ പാഠ്യപദ്ധതി സമീപനം മുന്നോട്ടു വെച്ച ലക്ഷ്യങ്ങൾ സാധൂകരിക്കുന്നുവോ എന്ന അന്വേഷണങ്ങളും അതിനൊപ്പം നടക്കേണ്ടതുണ്ട്.
സാമൂഹിക ജ്ഞാനനിർമിതി വാദത്തിലധിഷ്ഠിതമായ ക്ലാസ് മുറികളെ വിഭാവനം ചെയ്യുന്ന കേരള വിദ്യാഭ്യാസ പരിഷ്കരണം നിരവധി രാജ്യങ്ങളിലെ വിദ്യാഭ്യാസ രീതികളെ പഠനവിധേയമാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രമുഖമായത് ഫിൻലന്റാണ്. പാഠ്യപദ്ധതി അനുശാസിക്കുന്ന തരത്തിലുള്ള സമഗ്രമായ ബഹുമുഖ ബുദ്ധി വികാസം (Overall development of Multiple Intelligence) പൂർണ്ണമാകുന്നത് പാഠ്യപദ്ധതിയിലുള്ള ഇതര പഠന വിഷയങ്ങളോടൊപ്പം കലാ വിദ്യാഭ്യാസവും തുല്യ പ്രാധാന്യത്തോടെ വിനിമയം ചെയ്യപ്പെടുമ്പോഴാണ്. വിദ്യാഭ്യാസ വിനിമയത്തിൽ മുൻനിരയിലുള്ള ഫിൻലന്റ് അടക്കമുള്ള പല രാജ്യങ്ങളും STEM (Science, Technology, Engineering & Mathematics) ൽ നിന്നും STEAM ((Science, Technology, Engineering, Art & Mathematics))ലേക്ക് പരിവർത്തനം ചെയ്തത് ഈ പ്രാധാന്യങ്ങൾ കണ്ടുകൊണ്ടാണ്.

സമഗ്ര വികസനത്തിനും തുല്യ പങ്കാളിത്തത്തിനും പ്രാമുഖ്യം നൽകുന്ന പുരോഗമന സമീപനത്തിന് പേരുകേട്ട ഫിന്നിഷ് വിദ്യാഭ്യാസ സമ്പ്രദായം കലയ്ക്ക് അർഹമായ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. സർഗാത്മകത, വിമർശനാത്മക ചിന്ത, വൈകാരിക ബുദ്ധി എന്നിവ വളർത്തുന്നതിനുള്ള ഉപാധിയായി കലാവിദ്യാഭ്യാസത്തെ പരിഗണിക്കുന്നു. കലാപഠനവിഷയങ്ങളും കായിക വിദ്യാഭ്യാസവും ഉൾപ്പെടുത്തി മെട്രിക്കുലേഷൻ പരീക്ഷ പരിഷ്കരിക്കാൻ പ്രധാനമന്ത്രി പെറ്റെറി ഓർപോ തയ്യാറെടുക്കുന്നു എന്ന പ്രതീക്ഷാനിർഭരമായ വാർത്തയാണ് ഫിൻലന്റിൽ നിന്നും വരുന്നത്. വിദ്യാഭ്യാസത്തിൽ കലയുടെയും കായിക വിദ്യാഭ്യാസത്തിന്റെയും പ്രസക്തി വർദ്ധിപ്പിക്കുവാനും തുടർവിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾക്ക് അവരുടെ താത്പര്യമേഖലകൾക്കനുഗുണമായി അവസരമൊരുക്കുവാനും പുതിയ പരിഷ്കരണം ലക്ഷ്യമിടുന്നു.
‘‘പൊതുവിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കലാവിദ്യാഭ്യാസത്തിന് നേരത്തെയും നയസമീപനം ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്’’.
കലാവിദ്യാഭ്യാസം കോർ സബ്ജക്ട് ആയി പരിഗണിച്ച്, ഉദ്ഗ്രഥന സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി, പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിർമിക്കാൻ കേരള പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി അതിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുകയും എസ്.സി.ഇ.ആർ.ടി കേരളം ആ ഉദ്യമം നടപ്പിലാക്കുകയും ചെയ്ത ഈയൊരു പശ്ചാത്തലത്തിൽ കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തെയും അതിൽ കലാവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും പ്രസക്തിയും എത്രത്തോളമെന്ന് ചർച്ച ചെയ്യുന്നതിൽ അനിവാര്യതയുണ്ട്.
▮
“എന്തിനാണ് നാം കല പഠിക്കുന്നത്? പരിശീലിക്കുന്നത്? കല 'ജന്മസിദ്ധമായി' വന്നുചേരുന്നതാണെന്ന പൊതുബോധം നിലനിൽക്കുന്നിടത്താണ് ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുന്നത്. എന്നാൽ മറ്റേതൊരു മാനവികവിഷയവും എന്നതു പോലെ കലാപഠനവും നമ്മുടെ ശ്രദ്ധയും ധിക്ഷണയും ആവശ്യപ്പെടുന്ന ഒരു വിഷയമേഖലയാണ്. ചിത്ര-ശില്പകല, സംഗീതം, നൃത്തം, നാടകം, സിനിമ എന്നീ കലാമേഖലകളെ മുൻനിർത്തി തയ്യാറാക്കിയ പാഠപുസ്തകങ്ങൾ അതത് വിഷയങ്ങളിലെ അറിവുല്പാദനം എന്നതിൽ കവിഞ്ഞ് പ്രസ്തുത കലാമേഖലകളുമായി ബന്ധപ്പെട്ട ക്രിയാത്മക പ്രവർത്തനങ്ങൾ കൂടി ലക്ഷ്യം വയ്ക്കുന്ന ഒന്നാണ്.”
• ഡോ. ജയപ്രകാശ്. ആർ.കെ.,
ഡയറക്ടർ, എസ്.സി.ഇ.ആർ.ടി കേരളം

ഉള്ളടക്കം
ചിത്ര- ശില്പകല, സംഗീതം, നൃത്തം, നാടകം, സിനിമ എന്നീ അഞ്ച് മേഖലകളെ അടിസ്ഥാനമാക്കിയാണ് കലാവിദ്യാഭ്യാസത്തിന്റെ പാഠപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഈ അഞ്ച് മേഖലകളെ ഉൾക്കൊള്ളിച്ച് പാഠപുസ്തകം നിലവിലില്ല എന്നത് ഇതിന്റെ പ്രാമുഖ്യം ഏറ്റുന്നു. ക്ലാസ് റൂം പ്രവർത്തനങ്ങളിലൂടെ കലയറിവുകളും അനുഭവങ്ങളും പഠിതാവ് സ്വായത്തമാക്കുക എന്ന വിശാല കാഴ്ചപ്പാടിലാണ് ഓരോ പാഠഭാഗങ്ങളിലും പ്രവർത്തനങ്ങളും വിശദാംശങ്ങളും ഉള്ളടക്കം ചെയ്തിരിക്കുന്നത്. എല്ലാ പാഠഭാഗങ്ങൾക്കും തുടർച്ചയും വളർച്ചയും ഉറപ്പുവരുത്തിയിട്ടുമുണ്ട്. അഞ്ചാം ക്ലാസിൽ പഠിക്കുന്നതിന്റെ തുടർച്ചയാണ് ആറിലും അതിനു ശേഷമുള്ള ക്ലാസുകളിലും പഠിതാവ് പരിചയിക്കുന്നത്.
ചിത്ര- ശില്പകലയിൽ അടിസ്ഥാന അറിവുകൾ, നിറങ്ങൾ, രൂപങ്ങളും ആകൃതികളും, വെളിച്ചം - നിഴൽ വിന്യാസം, പെഴ്സ്പെക്ടീവ്, വിവിധ മാധ്യമങ്ങൾ, ശില്പനിർമ്മാണം, ഇൻസ്റ്റലേഷൻ തുടങ്ങിയവ പരിചയപ്പെടുന്നതോടൊപ്പം കലാചരിത്രത്തെ കുറിച്ചും കലാകാരരെ കുറിച്ചും സാമാന്യ ധാരണ നേടുന്നു.

സംഗീതത്തിൽ തനത്, ക്ലാസിക്കൽ, ഹിന്ദുസ്ഥാനി, പാശ്ചാത്യം എന്നീ ശാഖകളെ പരിചയപ്പെടുത്തുന്നുണ്ട്. അടിസ്ഥാന ആശയങ്ങൾ കൂടാതെ പ്രശസ്തരായ സംഗീതജ്ഞരെയും പാട്ടുകളെയും കൃതികളെയും കുറിച്ച് പ്രതിപാദിക്കുന്നു. വിവിധ സംസ്കാരത്തിൽ നിന്നും ഉരുവം കൊണ്ട പാട്ടുകളും ചൊല്ലുകളും ശീലുകളും സംഗീത പാഠങ്ങളോടൊപ്പം ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും ഉൾക്കൊള്ളാൻ ഇത് പഠിതാക്കളെ പ്രാപ്തരാക്കുന്നു.നിരന്തരപരിശീലനത്തിലൂടെ എല്ലാവർക്കും പാടാൻ സാധിക്കും എന്ന് അനുഭവവേദ്യമായി പാഠഭാഗങ്ങളിലൂടെ പഠിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നു.

നൃത്തത്തിൽ തനത്, ക്ലാസിക്കൽ, പാശ്ചാത്യം എന്നീ വിഭാഗങ്ങളെയും പ്രശസ്തമായ നൃത്തരൂപങ്ങളെയും നർത്തകരെയും പരിചയപ്പെടുത്തുന്നു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ സാംസ്കാരികമൂല്യങ്ങൾ ഉൾക്കൊള്ളുന്ന നൃത്തരീതികളും ശൈലികളും പഠിതാക്കൾക്ക് തിരിച്ചറിയാൻ ഉതകുന്നവയാണ് ഓരോ നൃത്തപാഠങ്ങളും.

നാടകത്തിൽ വിവിധ സങ്കേതങ്ങൾ, സ്റ്റേജുകൾ, രംഗസംവിധാനം, രംഗവസ്തുക്കൾ തുടങ്ങിയവയും വിവിധ നാടകങ്ങൾ, നാടക രീതികൾ, നാടക പ്രവർത്തകർ, നാടകത്തിന്റെ സാങ്കേതികവശങ്ങൾ, ചരിത്രം തുടങ്ങിയവയും വിശദമാക്കുന്നു.

സിനിമയിൽ വിവിധ സിനിമകളും അവയുടെ പ്രത്യേകതകളും പരിചയപ്പെടുന്നു. ലോക സിനിമയെ കുറിച്ചും സാങ്കേതികതകളെ കുറിച്ചും സാമാന്യ ധാരണ നേടുന്നു. കാമറ, മൂവി കാമറ, ഡോക്യുമെന്ററി, ഷോർട്ട് ഫിലിം, സിനിമ എന്നിവയും സിനിമാപ്രവർത്തകരെയും പരിചയപ്പെടുന്നു. ഒപ്പം സിനിമാ ചിത്രീകരണം നടത്താനുള്ള സാങ്കേതിക പരിജ്ഞാനവും പഠിതാക്കൾ ആർജിക്കുന്നു.

അഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിലൂടെ കടന്നുപോകുന്ന പഠിതാവ് അഞ്ച് കലാമേഖലകളെ കുറിച്ചും സാമാന്യമായ ധാരണ ആർജിക്കുന്നു. കലാതത്പരരായ കുട്ടികൾക്ക് മാത്രമല്ല, എല്ലാ കുട്ടികൾക്കും ഏർപ്പെടാനും പങ്കാളികളാകാനും കലാഅനുഭവം ആർജിക്കാനും പര്യാപ്തമായ രീതിയിലാണ് പഠന പ്രവർത്തനങ്ങൾ ഒരുക്കിയിരിക്കുന്നത്.
പത്താം ക്ലാസിൽ പ്രത്യേകമായി വിവിധ പ്രൊജക്ടുകളിലൂടെ പഠിതാക്കൾ കടന്നുപോകേണ്ടതുണ്ട്. ഗവേഷണാത്മകവും അന്വേഷണാത്മകവുമായ പ്രൊജക്ടുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിലൂടെ പ്രാദേശിക കലാചരിത്ര അവബോധം (Regional Art History), തനത്കലകളെ കുറിച്ചുള്ള അന്വേഷണം, മൺമറഞ്ഞുപോയ തനത്കലകളെ കണ്ടെത്തൽ, പ്രാദേശിക കലാകാരരെ പരിചയപ്പെടൽ തുടങ്ങിയ കാര്യങ്ങളിലൂടെ പഠിതാക്കൾ കടന്നുപോകുന്നു.

കലാസാക്ഷരത
കലാവിഷയങ്ങളിൽ അന്തർദേശീയ തലത്തിലുള്ള മുന്നേറ്റങ്ങളും, സമകാലികതയും, ചരിത്രവും (International Art Movements, Contemporary Art and Art History) ഉൾപ്പെടെയുള്ള കലയറിവുകൾ ലഭ്യമാകുന്നത് വഴി സാർവത്രികമായ കാഴ്ചപ്പാടോടു കൂടിയുള്ള (Universal overview) കലയറിവുകൾ (knowledge in Art ) പഠിതാക്കൾ ആർജ്ജിക്കുന്നു. ബഹുസ്വരം വും, ബഹുമുഖവും, വൈവിധ്യപൂർണവുമായ കലാവിജ്ഞാനം കലാസാക്ഷരതയിലേക്ക് (Art Literacy) നയിക്കുന്നു.
കലാസാക്ഷരരായ പുതുതലമുറ പൊതുസമൂഹത്തിന്റെ സാംസ്കാരികരംഗത്ത് ചെലുത്തുന്ന സ്വാധീനം പ്രതീക്ഷകൾക്കും അപ്പുറമായിരിക്കും. കലകളെ കുറിച്ചുള്ള സാമാന്യധാരണ മാത്രമല്ല രൂപപ്പെടുന്നത്, സാംസ്കാരിക മൂല്യമുള്ള പൗരസമൂഹമാണ്! സാമൂഹികവും വൈകാരികവുമായ സുസ്ഥിതിയിലേക്കും ഉയർന്ന മാനവികതയിലേക്കും നയിക്കപ്പെടാൻ ഇത് ഉതകും.
▮
“2013 ലാണ് കേരളം അവസാനമായി പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കിയത്. കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കലാവിദ്യാഭ്യാസത്തിന് നേരത്തെയും നയസമീപനം ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. പക്ഷേ ആദ്യമായാണ് പ്രത്യേകം ഒരു സമീപനരേഖ (പൊസിഷൻ പേപ്പർ) നിർമ്മിതമായത്. ഇത് കലാ വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം, കുറെക്കൂടി സമഗ്രമായി ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തിൽ കലയുടെ പ്രധാന്യത്തെ വിളിച്ചോതുന്ന വിധത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിച്ചു എന്ന് കരുതുന്നു”.
• സതീഷ് കുമാർ.കെ,
റിസർച്ച് ഓഫീസർ,
എസ്.സി.ഇ.ആർ.ടി കേരളം

അനുഭവവാധിഷ്ഠിത പഠനം
(Experiential Learning)
എല്ലാ പഠിതാക്കളിലും കലാഅനുഭവം ലഭ്യമാക്കുക എന്നതാണ് കലാവിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ പ്രാഥമികലക്ഷ്യം. അനുഭവാധിഷ്ഠിത പഠനം അറിവ് നിർമ്മാണം ഊർജ്ജിതപ്പെടുത്തുന്നു. അഭിരുചികൾ (Aptitude) തിരിച്ചറിയാനും, സവിശേഷമായ ശേഷികൾ (Talents) പരിപോഷിപ്പിക്കാനും, കലാപ്രകടനങ്ങളിലേക്ക് (Performance) കടക്കാനുള്ള ആത്മവിശ്വാസവും (Confidence) അവബോധവും (Awareness) പഠിതാക്കൾക്ക് കൈവരുന്നതിനും ഇത് വഴി സാധിക്കുന്നു. പഠിതാക്കളിൽ അന്തർലീനമായ ശേഷികളെയും നൈപുണികളെയും സ്വയം കണ്ടെത്താനും മുന്നോട്ടു നയിക്കാനും കലാപഠനത്തിലൂടെ സാധിക്കുന്നു. അതോടൊപ്പം ചലന നൈപുണി വികാസം, സൂക്ഷ്മപേശി വികാസം, വൈകാരിക വികാസം, ജീവിതനൈപുണി വികാസം തുടങ്ങിയവയും സാധ്യമാകുന്നു.
കലാപഠനത്തിലുടെ കടന്നുപോകുന്ന പഠിതാക്കൾക്ക് കലാമേഖലകളെ കുറിച്ച് സാമാന്യ ധാരണ ആർജിക്കാൻ സാധിക്കുന്നതോടൊപ്പം തങ്ങളുടെ താത്പര്യമേഖലകളെ സ്വയം തിരിച്ചറിയുന്നതിനും പിന്തുണാ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതിനും അതാത് മേഖലകളിൽ കൂടുതൽ അറിവ് ആർജിക്കുന്നതിനും വഴിയൊരുക്കുന്നു.

ഉപരിപഠനവും
തൊഴിൽ സാധ്യതകളും
കലാതത്പരരായ പഠിതാക്കൾക്ക് ഉപരിപഠന സാധ്യതകൾ അനേകമാണ്. വിവിധ സർവ്വകലാശാലകൾക്ക് കീഴിലുള്ള കലാപഠന കേന്ദ്രങ്ങളെ പാഠപുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. സംഗീത കോളേജുകൾ, ഫൈൻ ആർട്സ് കോളേജുകൾ, ഡ്രാമ സ്കൂളുകൾ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകൾ, നൃത്തപഠനത്തിന് കോഴ്സുകളുള്ള കോളേജുകൾ എന്നിവയുടെ വിശദാംശങ്ങളും ഉള്ളടക്കം ചെയ്തിരിക്കുന്നു.
പുതിയ കാലത്തെ നൂതന മാറ്റങ്ങളെയും സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തെയും ഉൾക്കൊള്ളുന്ന വിവിധ തൊഴിൽ മേഖലകളാണ് കലയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ളത്. അവയെ പരിചയപ്പെടുത്തുന്നതോടൊപ്പം സമകാലിക കല, ആർട്ട് - മ്യൂസിക് &ഫിലിം ഇന്റസ്ട്രികൾ, വിവിധ ബാന്റുകൾ, പ്രൊഫഷനുകൾ, അനിമേഷൻ, AI അധിഷ്ഠിത കല, ഡിജിറ്റൽ കലാമേഖല, മോഡേൺ തിയേറ്റർ, ആർട് & തിയേറ്റർ തെറാപ്പി തുടങ്ങിയ വൈവിധ്യമാർന്ന തൊഴിൽമേഖലകളെയും പ്രകടന / പ്രവർത്തന ഇടങ്ങളെയും പരിചയപ്പെടുത്തുന്നു.
▮
“കലാവിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന പ്രാഥമിക കലയറിവുകൾ സ്കൂൾതലത്തിൽ അനിവാര്യമാണ്. അനുഭവാധിഷ്ഠിത പഠനത്തിലൂടെ പഠിതാക്കളുടെ അഭിരുചിക്കനുസരിച്ച് കലാമേഖലകൾ തിരഞ്ഞെടുക്കുവാനും ഉപരിപഠനത്തിലേക്ക് പ്രവേശിക്കുവാനും കലാപഠനം അവസരമൊരുക്കുന്നു. സഹജീവിസ്നേഹം, മൂല്യങ്ങൾ, മനോഭാവങ്ങൾ, ജീവിതനൈപുണികൾ തുടങ്ങിയവ ഉറപ്പിക്കുവാൻ കലാപഠനം ഏറെ സഹായകമാണ്. സമഗ്രമായ ബഹുമുഖ ബുദ്ധിവികാസം പൂർണ്ണമാകുന്നത് പഠന വിഷയത്തോടൊപ്പം കലാവിദ്യാഭ്യാസവും തുല്യ പ്രാധാന്യത്തോടുകൂടി വിനിമയം ചെയ്യപ്പെടുമ്പോഴാണ് എന്ന് സമൂഹം തിരിച്ചറിയണം. കലയറിവുള്ള, കലാസാക്ഷരരായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നുള്ളതാണ് കലാവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.”
• ഡോ. പാർവതി ബി.ആർ.,
സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പ് അംഗം (കലാവിദ്യാഭ്യാസം),
പാഠപുസ്തക രചനാ സമിതി അംഗം.
കലാധ്യാപക- എച്ച്. എസ് ഫോർ ഗേൾസ് കരുനാഗപ്പള്ളി, കൊല്ലം.

വൈജ്ഞാനിക വികാസവും
കലാവിദ്യാഭ്യാസവും
പഠിതാക്കളുടെ വൈജ്ഞാനിക വികാസത്തിൽ കലാപഠനത്തിന് മുഖ്യപങ്കുവഹിക്കാനുണ്ട്. കലാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികളിൽ സർഗാത്മക ചിന്ത ( Creative thinking) രൂപപ്പെടുന്നു. ഇത് കാര്യങ്ങളെ വ്യത്യസ്തമായി വീക്ഷിക്കുന്നതിനും, വിവിധ സന്ദർഭങ്ങളിലെ പ്രശ്നപരിഹരണത്തിനായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ചിത്രം വരക്കുകയോ പെയിന്റിംഗ് സാങ്കേതികത പരിചയിക്കുകയോ മ്യൂസിക്കൽ നോട്ടുകൾ വായിക്കുകയോ നൃത്തച്ചുവടുകൾ പരിശീലിക്കുകയോ അഭിനയിക്കുകയോ സിനിമ ചിത്രീകരണം നിർവഹിക്കുകയോ ചെയ്യുന്ന കുട്ടികൾക്ക് ഉയർന്ന മേധാശേഷിയും ശ്രദ്ധയും സ്വായത്തമാക്കാൻ സാധിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. മറ്റ് പഠനവിഷയങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നതിന് ഇത് സഹായകമാണ്.
കലാമേഖലകളിലെ അറിവ് സ്വായത്തമാക്കുന്ന പഠിതാവിന് ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാനും സാമൂഹിക ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനും സാധിക്കുന്നു. സാമൂഹിക - വൈകാരിക ശേഷി വികാസത്തിലേക്കും (socio-emotional development) വൈകാരിക ബാദ്ധിക വികാസത്തിലേക്കും (Emotional intelligence) ഇത് നയിക്കുന്നു.
“ഒരു സമൂഹത്തെ നവീനമായ അവസ്ഥയിലേക്ക് നയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നവരിൽ കലാകാരും കലാ ആസ്വാദകരുമായ ഒരു വലിയ ജനവിഭാഗമാണുള്ളത്. ചരിത്രത്തിൽ വിവിധ കാലഘട്ടങ്ങളിൽ കല ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത് വിവിധ തരത്തിലാണ്. കലാ വിദ്യാഭ്യാസ പാഠഭാഗങ്ങളിലൂടെ കലാചരിത്രത്തെ മനസ്സിലാക്കുന്ന പഠിതാക്കൾ കേവലം കലയുടെ ചരിത്രം മാത്രമല്ല ലോകവ്യാപകമായ സാമൂഹ്യ- സാംസ്കാരിക മുന്നേറ്റങ്ങളെ കുറിച്ചും സമകാലികതയെക്കുറിച്ചുള്ള അവബോധം കൂടിയാണ് ആർജിക്കുന്നത്. കലാ വിദ്യാഭ്യാസത്തിലൂടെ ലഭ്യമാകുന്ന അത്തരത്തിലുള്ള ബോധ്യങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അത്യാവശ്യവുമാണ്.
▮
‘‘21-ാം നൂറ്റാണ്ടിൽ ജ്ഞാന സമ്പദ് വ്യവസ്ഥക്കും (Knowledge Economy) സർഗാത്മക സമ്പദ് വ്യവസ്ദ്‍യ്ക്കും (Creative Economy) തുല്യ പ്രാധാന്യമാണുള്ളത്. ക്രിയേറ്റീവ് ഇൻഡസ്ട്രികളുമായി ബന്ധപ്പെട്ടിട്ടുള്ള ഉപരിപഠന സാധ്യതകളും തൊഴിൽസാധ്യതകളും ഏറിവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇത്തരം സർഗാത്മക മേഖലകളിൽ മികച്ച കരിയർ ഉറപ്പാക്കാൻ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കും സാധിക്കണം. അതിന് അനുഗുണമായ വിവരങ്ങളും അനുഭവ കേന്ദ്രീകൃതമായ പഠനവുമാണ് (Experiential Learning) പുതിയ പാഠ്യപദ്ധതിയിൽ കലാവിദ്യാഭ്യാസത്തിന്റെ പാഠപുസ്തകത്തിൽ ഉള്ളടക്കം ചെയ്തിരിക്കുന്നത്”.
• ജീവൻ ലാൽ. പി.എൻ.,
സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പ് അംഗം (കലാവിദ്യാഭ്യാസം),
പാഠപുസ്തക രചനാ സമിതി അംഗം,
കലാ അധ്യാപകൻ - ജി.ജി.വി.എച്ച്.എസ്.എസ്,
പെരിന്തൽമണ്ണ, മലപ്പുറം.

ആഗോള സന്തോഷ സൂചിക
ലോകത്തെ ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്നവരുടെ പട്ടികയിൽ ആദ്യപത്തിൽ നോർദിക് രാജ്യങ്ങളാണ് കൂടുതൽ ഉൾപ്പെട്ടിരിക്കുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കും. ആഗോള സന്തോഷ സൂചിക 2025 പ്രകാരം ഫിൻലന്റ് ഒൻപതാം തവണയും ഒന്നാം സ്ഥാനം തുടരുകയും ഡെൻമാർക്, ഐസ്‌ലന്റ്, സ്വീഡൻ, നെതർലന്റ്സ് തുടങ്ങിയ രാജ്യങ്ങൾ തുടർന്നുള്ള സ്ഥാനം കൈയാളുകയും ചെയ്യുന്നു. ഇത് യാദൃശ്ചികമല്ല. ഈ രാജ്യങ്ങളിലെല്ലാം തന്നെ ഉന്നതമായ സാമൂഹിക വിനിമയങ്ങൾ നിലനിൽക്കുന്നതായി മനസിലാക്കാൻ സാധിക്കും. ഇതിലേക്ക് വഴിവെക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് തീർച്ചയായും അവിടങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായമാണ്.
സഹാനുഭൂതി, ചിന്തശേഷി, സർഗാത്മകത, വൈകാരിക ബൗദ്ധികത, സാമൂഹിക ശേഷികൾ, സഹകരണo തുടങ്ങിയവയെ ഉത്തേജിപ്പിക്കാൻ ഉതകുന്ന പഠനരീതികളാണ് ഇവിടങ്ങളിൽ പ്രാബല്യത്തിലുള്ളത്. പ്രക്രിയാബന്ധിതമായ പഠനരീതിയാണ് (Process based learning) പിന്തുടരുന്നത്. സർഗാത്മക പ്രക്രിയകളിൽ സജീവമായി ഇടപെടുന്നതിനുള്ള അവസരം എല്ലാ കുട്ടികൾക്കും ഒരേ പോലെ ലഭ്യമാകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പരീക്ഷണാത്മ കതയിലൂടെയും പ്രതിഫലനാത്മകതയിലൂടെയും പഠിതാവിന് സ്വയംകണ്ടെത്തലിനുള്ള അവസരവും പ്രദാനം ചെയ്യുന്നു. പഠനം അർത്ഥപൂർണമായ അനുഭവമാക്കി മാറ്റാൽ ഇതിലൂടെ സാധിക്കുന്നു.

സർഗാത്മകതയിലും ആവിഷ്കാരപരതയിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് വിദ്യാഭ്യാസ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നത്. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ ശേഷികളും അവതരണ- ആവിഷ്കാര വൈദഗ്ധ്യവും പരിപോഷിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ് ഓരോ വിദ്യാഭ്യാസ പ്രവർത്തകരും. വിമർശനാത്മക ചിന്തയെ വളർത്തിയെടുക്കുന്നതിനും, ദൃശ്യഘടകങ്ങളെ വിശകലനം നടത്തുന്നതിനും വ്യാഖ്യാനിക്കുന്നതിനും ഉള്ള ശേഷി കൈവരിക്കുന്നത് പഠിതാക്കളുടെ വ്യക്തിത്വവികാസത്തിൽ അത്യന്താപേഷിതമാണെന്ന് നോർദിക് രാജ്യങ്ങളിലെ വിദ്യാഭ്യാസ വിചക്ഷണർക്ക് തീർച്ചയുണ്ട്. സൃഷ്ടിപരമായ ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും വിനിമയം ചെയ്യുന്നതിനും സ്വയംപ്രകാശനം നടത്തുന്നതിനും പഠിതാക്കൾ പ്രാപ്തി നേടുന്നു. കലാടിസ്ഥിതമായ സംഘപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ സാമൂഹിക ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനും ആശയവിനിമയപാടവം മെച്ചപ്പെടുത്തുന്നതിനും വഴിയൊരുങ്ങുന്നു.

▮
‘അറിവ് നിർമിക്കുന്ന കുട്ടി’ എന്നത് കേവലം കടലാസിലൊതുങ്ങുന്ന ഒരു ആശയമായി മാറാതിരിക്കാൻ പഠനം സന്തോഷകരവും ആനന്ദകരവുമായ അനുഭവമായി മാറണം. ക്രിയാത്മകവും അനുഭവാധിഷ്ഠിതവുമായ കലാപഠനം കേരളത്തിലെ പൊതുവിദ്യാലയങ്ങളെ സർഗാത്മകമായി പുതുക്കിപ്പണിയുമെന്നും കലയറിവുള്ള പുതുതലമുറ പൊതു സമൂഹത്തെ ഗുണപരമായി സ്വാധീനിക്കുമെന്നും പ്രതീക്ഷിക്കാം.



