MBBS: ഏഴര ലക്ഷം ഫീസുള്ള കോളജിൽ പഠിക്കണോ 20 ലക്ഷം ഫീസുള്ള കോളജിൽ പഠിക്കണോ ?

കേരളത്തിലെ 18 സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കാനുള്ള വാർഷിക ഫീസ് നിർണയിച്ച ഉത്തരവാണ് ചിത്രത്തിൽ. നാലെണ്ണത്തിൽ 7.65 ലക്ഷം. ഒന്നിൽ 10.4 ലക്ഷം ബാക്കിയെല്ലാം അവയിൽ കൂടുതൽ. ഇവയിൽ 16 ലക്ഷമുള്ള രണ്ടു കോളെജുകളും 20 ലക്ഷമുള്ള ഒന്നും ഉണ്ട്.

നിങ്ങൾ വിചാരിക്കും, ഫീസു കൂടുതൽ ഉള്ളവ നല്ലതും കുറവുള്ളതു മോശവും എന്ന്. എന്നാൽ നിങ്ങൾക്ക് തെറ്റി. ഇവയിൽ ഏറ്റവും നല്ല കോളെജുകൾ, അതായത് 7.65 ലക്ഷം ഫീസുള്ള Kerala Christian Professional College Managements' Federation നുമായി ബന്ധപ്പെട്ട തിരുവല്ല പുഷ്പഗിരി, തൃശൂരിലെ ജൂബിലി, അമല, കോലഞ്ചേരി മോസ്ക് എന്നിവ ആണ് ഏറ്റവും നല്ലവ. പിന്നെ 10.4 ലക്ഷം ഫീസുള്ള പെരിന്തൽമണ്ണ എം.ഇ.എസ്. പിന്നെ ഫീസ് കൂടുന്തോറും കൂടുതൽ കൂടുതൽ മോശം.

എന്തു കൊണ്ടെന്നല്ലേ? പറയാം.

7 ലക്ഷം ഫീസുള്ള കോളേജുകളോട് അനുബന്ധിച്ച് നല്ല ആശുപത്രികളുണ്ട്. സ്വാഭാവികമായും അവയിൽ നിന്നുള്ള വരുമാനം ഈ സ്ഥാപനങ്ങൾക്കു ലഭിക്കും. അതു കൊണ്ട് കോളേജ് നടത്താനുള്ള ചിലവും പ്രതീക്ഷിക്കുന്ന ലാഭവും എല്ലാം തന്നെ വിദ്യാർത്ഥികളിൽ നിന്ന് ഫീസായി വസൂലാക്കേണ്ടതില്ല. ഇതു മാത്രമല്ല ഗുണം. നല്ല ആശുപത്രി ഉണ്ടെങ്കിൽ ധാരാളം രോഗികൾ വരും. അവരെ കാണാനും പരിശോധിക്കാനും ഒക്കെ വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കുമെന്നതാണ് മറ്റൊരു ഗുണം. ഇതിന്റെ പ്രാധാന്യം കുറച്ചു കാണാൻ കഴിയില്ല. മെഡിസിൻ ഒരു പ്രായോഗിക ശാസ്ത്രമാണ്. രോഗികളെ കണ്ടും കേട്ടും പരിശോധിച്ചും മാത്രമേ വൈദ്യം പഠിക്കാൻ കഴിയൂ. രോഗികളെ കാണാതെ പഠിച്ചു വരുന്ന ഡോക്ടർ സമൂഹത്തിന് ഭീഷണിയാണ്.

വലിയ ഫീസ് വേണമെന്ന് വാശി പിടിക്കുന്ന കോളേജുകൾക്ക് വലിയ ആശുപത്രികൾ ഉണ്ടാവാം. എന്നാൽ രോഗികളില്ല. അവിടെ പഠിക്കാൻ പോകുന്ന കുട്ടികൾ ഒരു ജലദോഷപ്പനി പോലും കാണാതെയാണ് പഠിച്ചിറങ്ങുന്നതെന്നർത്ഥം. ഇങ്ങനെയുള്ള മെഡിക്കൽ വിദ്യാർത്ഥികളെ വലിയ തോതിൽ ഉൽപ്പാദിപ്പിച്ചിട്ട് നമുക്കെന്തു കാര്യം എന്നു ചോദിക്കാൻ സമയമായി. 20 ലക്ഷം ഫീസു ചോദിക്കുന്ന അസീസിയയുടേയും 16 ലക്ഷം വീതം ചോദിക്കുന്ന കരുണയുടേയും പി.കെ ദാസിന്റെയുമൊക്കെ ചങ്കൂറ്റം അപാരം തന്നെ. അതിധനികരുടെ അനർഹരായ മക്കൾ ആരെങ്കിലുമൊക്കെ എത്തിപ്പെടുമെന്ന പ്രതീക്ഷയാണവർക്കുള്ളതെന്നു തോന്നുന്നു. എന്നാൽ ഇവരെയൊക്കെ സംരക്ഷിക്കേണ്ട ബാധ്യത ഫീസ് നിർണയ കമ്മറ്റിക്കോ സർക്കാരിനോ ഉണ്ടോ? അതിന്റെ ആവശ്യമുണ്ടോ?

യാതൊരാവശ്യവുമില്ല. നല്ല രീതിയിൽ ആശുപത്രികൾ നടത്തി കുട്ടികൾക്ക് പഠിക്കാൻ സൗകര്യമൊരുക്കിക്കൊടുക്കാൻ കഴിയാത്ത മെഡിക്കൽ കോളേജുകൾ കൊഴിഞ്ഞു പോട്ടെ എന്നു കരുതാനേ കഴിയൂ. മറിച്ച് അവരെ എങ്ങനെയെങ്കിലും നില നിർത്തുന്നതു വഴി രോഗനിർണയമോ ചികിത്സയോ അറിയാത്ത, സമൂഹത്തിന് ഭീഷണിയാവുന്ന ഡോക്ടർമാരെ ഉൽപ്പാദിപ്പിക്കുകയായിരിക്കും ഫലം.

ഇപ്പോൾ തന്നെ ആവശ്യത്തിൽ എത്രയോ കൂടുതൽ ഡോക്ടർമാരെ പഠിപ്പിച്ചിറക്കി വിടുന്നുണ്ട്. അമേരിക്കയിൽ 2019 ലെ വൈദ്യ വിദ്യാഭ്യാസ സീറ്റുകൾ ലക്ഷം പേർക്ക് 6.66 എന്ന തോതിൽ ആണെങ്കിൽ കേരളത്തിൽ ഇന്നത് ലക്ഷം പേർക്ക് 11.23 എന്ന തോതിലാണ്! അമേരിക്ക പോലുള്ള ഒരു അതിവികസിത സമൂഹത്തിന്റെ ഇരട്ടിയോളം ഡോക്ടർമാരെ എങ്ങിനെ ഈ സമൂഹത്തിന് അബ്സോർബ് ചെയ്യാനാവുമെന്ന് ഇനിയെങ്കിലും നമ്മൾ ചിന്തിക്കണ്ടേ? ഇപ്പോൾ തന്നെ തൊഴിലില്ലായ്മയും ഗുണനിലവാരക്കുറവുമെല്ലാം ഗുരുതരമായ പ്രശ്നങ്ങളാണെന്ന് മെഡിക്കൽ മേഖലയിലുള്ള എല്ലാവർക്കുമറിയാം എന്നിരിക്കെ?

തൽക്കാലം അടിയന്തിരമായി ചെയ്യേണ്ടതിതാണ്. പത്തു ലക്ഷമെങ്കിലും ഫീസിനു താഴെ പഠിപ്പിക്കാൻ കഴിയാത്ത കോളേജുകളെ മെഡിക്കൽ കോഴ്സുകൾ നിർത്തി മറ്റു വിദ്യാഭ്യാസ കോഴ്സുകളിലേക്ക് മാറാൻ സഹായിക്കുക (ഇപ്പോഴുള്ള കുട്ടികളുടെ പഠിപ്പ് മുഴുമിപ്പിക്കുന്നത് അവരുടെ ബാധ്യതയായിരിക്കും). പത്തിനു താഴെ പരമാവധി കുറച്ച് കൂടുതൽ മിടുക്കരെ ആകർഷിക്കാൻ ബാക്കിയുള്ള കോളെജുകളെ പ്രോത്സാഹിപ്പിക്കുക.

അമിത ഫീസ് ചോദിക്കുന്നവർ ഏറ്റവും മോശം വിദ്യാഭ്യാസമാണ് നൽകുന്നതെന്നു മനസ്സിലാക്കി അവരെ ബഹിഷ്കരിക്കാൻ രക്ഷിതാക്കളും തയ്യാറാവണം. ഒന്നിനും കൊള്ളാത്ത ഡോക്ടറാവുന്നതിലും നല്ല എത്രയോ കരിയർ ചോയ്സുകളുണ്ട് ഇന്ന് നമ്മുടെ നാട്ടിൽ.

കൈയിൽ യാതൊരു കോപ്പുമില്ലാതെ പതിനാറും ഇരുപതുമൊക്കെ ലക്ഷങ്ങൾ ഫീസു ചോദിക്കുന്നവർ കേരള സമൂഹത്തിനെ നോക്കി കൊഞ്ഞനം കുത്തുകയാണ്. അവരെ ജയിക്കാൻ ഒരു കാരണവശാലും അനുവദിച്ചു കൂടാ.

Comments