കെ.ആർ. നാരായണൻ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ട്​: നിരാഹാര സമരം നേരിടാൻ സ്​ഥാപനം പൂട്ടുന്ന സർക്കാർ

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാമത്തെ ആഴ്​ചയിലേക്ക്​ കടക്കുകയാണ്​. ഡിസംബർ 25 മുതൽ നിരാഹാര സമരം പ്രഖ്യാപിച്ചതിനെതുടർന്ന്​ സ്​ഥാപനം അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്​. സമരം ശക്തമായാൽ ‘അനിഷ്​ട സംഭവ’ങ്ങളുണ്ടാകുമെന്ന സബ്​ കലക്​ടറുടെ റിപ്പോർട്ടിന്റെ അടിസ്​ഥാനത്തിലാണ്​, ജനുവരി എട്ടുവരെ ഇൻസ്​റ്റിറ്റ്യൂട്ട്​ അടച്ചിടുന്നത്​. ജാതീയ വിവേചനങ്ങളെക്കുറിച്ച് ജീവനക്കാരും വിദ്യാർഥികളും ഒരുപോലെ തുറന്നുപറഞ്ഞിട്ടും പ്രശ്​നം പരിഹരിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. സണ്ണി എം. കപിക്കാട്​, ശീതൾ ശ്യാം, അർച്ചന പത്മിനി, ദിവ്യ ഗോപിനാഥ്​ എന്നിവർ ട്രൂ കോപ്പി തിങ്കുമായി സംസാരിക്കുന്നു.

സംവരണ അട്ടിമറിക്കും ജാതീയ വിവേചനത്തിനുമെതിരെ കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസസ് ആൻഡ് ആർട്സിലെ വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല സമരം പുതിയ ഘട്ടത്തിലേക്ക്​. ഡിസംബർ 25 മുതൽ വിദ്യാർഥികൾ നിരാഹാര സമരം തുടങ്ങുകയാണ്​. വിട്ടുവീഴ്​ചയില്ലാതെ തുടരുന്ന സമരം നേരിടാൻ സർക്കാർ വിചിത്രമായ പരിഹാരമാണ്​ സ്വീകരിച്ചിരിക്കുന്നത്​- സ്​ഥാപനം തന്നെ പൂട്ടിയിടുക. നിരാഹാരം തുടങ്ങിയാൽ ‘അനിഷ്​ട സംഭവ’ങ്ങളുണ്ടാകുമെന്ന സബ്​ കലക്​ടറുടെ റിപ്പോർട്ട്​ വച്ച്​ ജനുവരി എട്ടുവരെ ഇൻസ്​റ്റിറ്റ്യൂട്ട്​ പൂട്ടിയിടാൻ കലക്​ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവിട്ടിരിക്കുകയാണ്​. ഹോസ്​റ്റലുകൾ ഒഴിഞ്ഞുപോകാൻ വിദ്യാർഥികളോട്​ ആവശ്യപ്പെട്ടിരിക്കുകയാണ്​. ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്ന്​ വിദ്യാർഥികളെ ‘പുറത്താക്കി’ സമരത്തെ നിർവീര്യമാക്കാനാണ്​ സർക്കാർ ശ്രമം. എന്നാൽ, സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ്​ വിദ്യാർഥികൾ.

ഇപ്പോൾ വിദ്യാർത്ഥികൾ മാത്രമേ സമരം ചെയ്യുന്നുള്ളൂ എന്നും പുറത്തുനിന്ന് ആരെയും കയറ്റാറില്ലെന്നും സ്റ്റുഡന്റസ് കൗൺസിൽ ചെയർമാൻ ശ്രീദേവ് സുപ്രകാശ് ട്രൂകോപ്പി​ തിങ്കിനോടു പറഞ്ഞു: ‘‘ഏറ്റവും സമാധാനപരമായാണ് ഇതുവരെ ഞങ്ങൾ സമരം ചെയ്തത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ഈ നിമിഷം വരെ ഡയറക്ടർ ശങ്കർമോഹൻ ഒരുചർച്ചക്കുപോലും തയ്യാറായിട്ടില്ല. ഞങ്ങൾക്ക് ഇരിക്കാൻ പറ്റുന്നത്ര കാലത്തോളം ഞങ്ങളിവിടെ ഇരിക്കും. ഇത് ഞങ്ങളുടെ സ്ഥലമാണ്. ഞങ്ങളെ വലിച്ച് പുറത്തിടുമോ എന്നറിയില്ല, അങ്ങനെ ചെയ്യരുത് എന്ന് മാത്രമേ പറയാനുള്ളൂ. കാരണം ഞങ്ങളുടെ സമരം നീതിക്കുവേണ്ടിയാണ്, അത്​ സമാധാനപരവുമാണ്.’’

പ്രമുഖ ചലച്ചിത്രപ്രവർത്തകരും പൊതുപ്രവർത്തകരും ഇടതുപക്ഷത്തു നിന്നുതന്നെയുള്ള സംഘടനകളുമെല്ലാം ഉന്നയിച്ച അതീവ ഗൗരവത്തോടെ കാണേണ്ട ഒരു പ്രശ്‌നത്തെ അവഗണിക്കുകയും അന്വേഷണ കമീഷന്റെ അന്തിമ റിപ്പോർട്ട് വൈകിപ്പിക്കുകയും ചെയ്ത സർക്കാറിന്റെ നിരുത്തരവാദിത്തം കൂടി ഇതോടൊപ്പം ചർച്ച ചെയ്യേണ്ടതാണ്​.

ഇൻസ്​റ്റിറ്റ്യൂട്ട്​ അടച്ചിടലോ പരിഹാരം?

രണ്ടാഴ്ച പഠനം മുടക്കിയാണ് വിദ്യാർഥികൾ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുന്നത്. തങ്ങളുടെ ഭാവി വരെ അനിശ്ചിതത്വത്തിലാക്കുന്ന ഈ വിഷയത്തിൽ സർക്കാർ എന്തുകൊണ്ടാണ് അടിയന്തര ഇടപെടൽ നടത്താത്തതെന്ന് വിദ്യാർഥികൾ ചോദിക്കുന്നുണ്ട്. സർക്കാർ നിയോഗിച്ച അന്വേഷണ കമീഷന്റെ റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. സമരം തുടങ്ങി ഏറെ വൈകിയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ വന്ന് തെളിവെടുപ്പ്​നടത്തിയതെന്നും ഡയറക്​ടറുടെ മൊഴിയെടുക്കാതെ നടപടി വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സ്റ്റുഡൻറ്​സ്​ കൗൺസിൽ പറയുന്നു. ഏറ്റവുമൊടുവിൽ ഇൻസ്​റ്റിറ്റ്യൂട്ട്​ പൂട്ടി സമരത്തെ നേരിടാനുള്ള തീരുമാനം, യുക്തിസഹമായ ഒരു പരിഹാരത്തിന്​ സർക്കാറിന്​ താൽപര്യമില്ല എന്നാണ്​ കാണിക്കുന്നത്​.

സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവരെ ഒഴിവാക്കി, കുലീനതയുടെ സ്‌കെയിൽ ഉപയോഗിച്ച് ചെയർമാനും ഡയറക്ടറും നടത്തുന്ന ശൂചീകരണ പ്രക്രിയക്ക് സർക്കാരും പിന്തുണ നൽകുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്ന്​ വിദ്യാർഥികൾ പറയുന്നു. ഇടതുപക്ഷ സർക്കാരിൽ നിന്ന് ഒരിക്കലും ഇത്തരമൊരു നീതികേട് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഡിസംബർ അഞ്ചിനാണ്​ സമരം തുടങ്ങിയത്​. സർക്കാർ അവഗണന തുടരുന്ന സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ മുഴുവൻ വിദ്യാർഥികളും 25ന്​ റിലേ നിരാഹാരം തുടങ്ങുകയാണ്​.

ഇത്​ മാതൃകാ സമരം: സണ്ണി എം. കപിക്കാട്​

ശങ്കർ മോഹനെ ന്യായീകരിച്ച അടൂർ ഗോപാലക്യഷ്ണനെ കേരള ചലച്ചിത്ര അക്കാദമി നടത്തുന്ന ‘ഹാപ്പിനസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ’ ഉദ്ഘാടകനാക്കിയത് വിമർശമുയർത്തിയിരുന്നു. വിദ്യാർഥികളും ജീവനക്കാരും വ്യക്തമായ തെളിവുകളോടെ നൽകിയ പരാതികളെ വ്യക്തിതാൽപര്യം മുൻനിർത്തിയുള്ള സ്വാർഥതയായി ഇകഴ്ത്തിക്കളഞ്ഞ ഒരാളെ പിന്തുണക്കുന്നതിലൂടെ ഇടതുപക്ഷ സർക്കാരും ഇതേ നിലപാടിനെ പിന്തുണക്കുകയായിരുന്നുവെന്ന്​ വ്യക്തം.

  സണ്ണി എം. കപിക്കാട് വിദ്യാർഥികളുമായി സംസാരിക്കുന്നു
സണ്ണി എം. കപിക്കാട് വിദ്യാർഥികളുമായി സംസാരിക്കുന്നു

അടൂർ ഗോപാലകൃഷ്ണനെയും ശങ്കർമോഹനെയും പോലുള്ള സാംസ്‌കാരിക മാലിന്യങ്ങളെ ചുമന്ന് സ്വയം വൃത്തികേടാകുന്നതിൽ ഇടതുപക്ഷ സർക്കാർ മുന്നിലാണെന്ന് സാമൂഹിക വിമർശകനും പ്രഭാഷകനുമായ സണ്ണി. എം. കപിക്കാട് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. ആരോപണ വിധേയനായ ഡയറക്ടരെ ന്യായീകരിച്ച് അടൂർ പറയുന്ന കാര്യങ്ങളൊക്കെ സാമൂഹിക വിരുദ്ധമായ പ്രസ്താവനകളാണ്. ഈ സമൂഹം എന്താണെന്ന് പോലും അറിയാത്ത ഒരാളുടെ പ്രസ്താവനയായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു: "" ഒരു ജനാധിപത്യ സമൂഹത്തിൽ ആഢ്യമാരും അനാഢ്യമാരും തമ്മിലുള്ള വിഭജനത്തിന് എന്തർത്ഥമാണുള്ളത്? അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിൽ കാണുന്ന നഷ്ടപ്പെട്ട ഫ്യൂഡൽ പ്രഭാവത്തെ സംബന്ധിച്ച വിഹ്വലതകളാണ് ഡയറക്ടറെ സംരക്ഷിക്കുന്ന അയാളുടെ അഭിപ്രായത്തിലും കാണാൻ കഴിയുന്നത്. സ്ഥാപനത്തിനെതിരെ ഇത്ര ആരോപണമുയർന്നിട്ടും അടൂരൊക്ക വലിയ മനുഷ്യനാണെന്നും അദ്ദേഹത്തിനെ എതിർത്ത് സംസാരിക്കാനാവില്ലെന്നുമാണ് മന്ത്രി ബിന്ദു വിദ്യാർഥികളോട് പറഞ്ഞത്. അടൂരിനെയൊന്നും പ്രീതിപ്പെടുത്തി നിർത്തേണ്ട ആവശ്യമില്ല. സർക്കാർ ഈ വിഷയത്തിൽ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് 65 വയസ്സിനുമുകളിൽ പ്രായമായിട്ടും സർക്കുലറുകൾ മറികടന്നും ശങ്കർ മോഹൻ മേധാവിയായി തുടരുന്നത്. ഈ സമരത്തെ ചരിത്രപരവും പ്രസക്തവുമായ സമരമായിട്ടുതന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്. സംവരണ അട്ടിമറിക്കും അധികാര പ്രമത്തതയ്ക്കും വിവേചനത്തിനുമെതിരെ ജാതി- മത ഭേദമന്യേ വിദ്യാർഥികളുടെ ഒന്നിച്ചുള്ള ജനാധിപത്യ സമരത്തെ ഗൗരവമായി കാണാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ട്. വിവേചനങ്ങൾക്കെതിരെയുള്ള യുവാക്കളുടെ ഈ അണിചേരലിനെ മാതൃകയായി തന്നെ കേരളം കാണേണ്ടതുണ്ട്. വിദ്യാർഥികളുടെ ആവശ്യം വളരെ ന്യായമാണ്. ''

സമരം തുടങ്ങി 19 ദിവസം കാത്തിരുന്ന​ശേഷം ഡി.വൈ.എഫ്.ഐ, എസ്.എഫ്. ഐ പോലുള്ള സംഘടനകൾ സമരത്തിന് പിന്തുണ നൽകുകയും ഇടപെടൽ നടത്തുകയും ചെയ്യുന്നതിനെ നിഷ്‌കളങ്കമായി കാണാനാവില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ ഈ വിഷയത്തിൽ സാധ്യമായ ഒരു തീരുമാനമെടുത്തിട്ടുണ്ടാകാനാണ് സാധ്യതയെന്നും അതിന്റെ ക്രെഡിറ്റ് കിട്ടാനാണ് ഇവരെല്ലാവരും ഇപ്പോൾ രംഗത്തുവന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർഥികൾ​ ഉന്നയിക്കുന്നത് ഗുരുതര പ്രശ്​നം : അർച്ചന പത്മിനി

വിദ്യാർഥികളുടെ അനിശ്ചിതകാല സമരത്തിന് സിനിമാ- സാമൂഹിക- രാഷ്ട്രീയ രംഗത്തെ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകൂട്ടായ്മയായ ഡബ്ല്യു.സി.സി അംഗങ്ങളും നിരവധി ദലിത്- ആദിവാസി സംഘടനകളും ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടെത്തി വിദ്യാർഥികളും ജീവനക്കാരുമായി സംസാരിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സമരത്തോടൊപ്പം നിൽക്കേണ്ടത് ധാർമികതയും രാഷ്ട്രീയ ബോധവുമുള്ള ഒരു ജനതയുടെ ഉത്തരവാദിത്തമാണെന്ന് ഫിലിം ക്യൂറേറ്ററും അഭിനേത്രിയുമായ അർച്ചന പത്മിനി ട്രൂകോപ്പിയോട് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുമായി നേരിൽ സംസാരിച്ചതിൽ നിന്ന് അനേകം അടരുകളുള്ള ഗുരുതര പ്രശ്‌നങ്ങളാണ് അവർ ഉന്നയിക്കുന്നതെന്ന് ബോധ്യപ്പെട്ടതായി അവർ പറഞ്ഞു: "

   അർച്ചന പത്മിനി
അർച്ചന പത്മിനി

"വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പഠിച്ച്​ കൃത്യമായ നടപടിയുണ്ടാകണം. അവരർഹിക്കുന്ന ക്വാളിറ്റിയുള്ള വിദ്യാഭ്യാസം കിട്ടുന്നുണ്ട് എന്നുറപ്പ് വരുത്താൻ സർക്കാർ ബാധ്യസ്ഥരാണ്. അതിനുവേണ്ട സമിതിയുണ്ടാക്കണമെങ്കിൽ അതുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. വിദ്യാർത്ഥികളുടെ സമയം ഏറ്റവും വിലപ്പെട്ടതാണ്. ഞാനുൾപ്പടെയുള്ള ചലച്ചിത്ര പ്രവർത്തകർ പ്രതീക്ഷയോടെയാണ് ഇവരിലേക്ക് നോക്കുന്നത്. അവരെ തളർത്തരുത്. അവരുടെ ഭാവി വെച്ച് കളിക്കരുത്''

അന്യായം നടക്കില്ലെന്നും അനീതി പൊറുപ്പിക്കില്ലെന്നും ബോധ്യമുള്ള, ആത്മാഭിമാനമുള്ള ഈ വിദ്യാർത്ഥികളിലൂടെ തന്നെയാവണം നമ്മുടെ സിനിമ ഇനി സഞ്ചരിക്കേണ്ടതെന്നും അർച്ചന പത്മിനി അഭിപ്രായപ്പെട്ടു.

സമരത്തിനൊപ്പം നിൽക്കും: ദിവ്യ ഗോപിനാഥ്​

സർക്കാർ എത്രയും പെട്ടെന്ന് പരിഹാര നടപടി സ്വീകരിക്കണമെന്നും വിദ്യാർഥികളുടെ വിദ്യാഭ്യാസ കാലം നഷ്ടപ്പെടുത്തരുതെന്നും അഭിനേത്രി ദിവ്യ ഗോപിനാഥ് ട്രൂകോപ്പിയോട് പറഞ്ഞു:

   ദിവ്യ ഗോപിനാഥ്
ദിവ്യ ഗോപിനാഥ്

" ഭാവിയിലേക്ക് പ്രൊഡക്റ്റീവായി വർക്ക് ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കുന്ന വിധത്തിലാണ് വിദ്യാഭ്യാസ കാലഘട്ടം പ്രവർത്തിക്കേണ്ടത്. ഈയൊരു സമയത്തും ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ജീവനക്കാരും നീതിനിഷേധത്തിന്റെയും ജാതിവിവേചനത്തിന്റെയും പേരിൽ സമരം നടത്തുകയാണ്. സിനിമാ മേഖലയിൽ ക്രിയേറ്റീവായ ഭാവി സ്വപ്‌നം കാണുന്ന വിദ്യാർഥികൾക്ക് വേണ്ടി, ജാതിവിവേചനമില്ലാതെ മാനുഷികപരിഗണനകളോടെ ജോലി ചെയ്യാൻ അവകാശമുള്ള തൊഴിലാളികൾക്കുവേണ്ടി, അവരുടെ സമരത്തിനൊപ്പം നിൽക്കാൻ തന്നെയാണ് തീരുമാനം. ''

കുലമഹിമ പറയുന്നവർ സൂക്ഷിക്കുക: ശീതൾ ശ്യാം

ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നിരന്തരം അനുഭവിക്കുന്ന ജാതിവിവേചനവും ഔദാര്യങ്ങളുടെ പേരിലുള്ള അവഹേളനങ്ങളും വിദ്യാഭ്യാസാന്തരീക്ഷത്തെ അലേസരപ്പെടുത്തുണ്ടെന്നും ഈ സമയത്ത് അവർക്കൊപ്പം നിൽക്കുകയാണ്​ ചെയ്യേണ്ടതെന്നും ട്രാൻസ് ആക്റ്റിവിസ്​റ്റ്​ ശീതൾ ശ്യാം ട്രൂകോപ്പിയോട് പറഞ്ഞു:

   ശീതൾ ശ്യാം
ശീതൾ ശ്യാം

""ഏകാധിപതികളുടെ ഉയർത്തെഴുന്നേൽപ്പാണ് ഇന്ന് എല്ലാ ഇടങ്ങളിലും കാണുന്നത്. തങ്ങളുടെ തീവ്രമായ ബ്രാഹ്‌മണിക്കൽ- പാട്രിയാർക്കി ബോധവും, സവർണ മനോഭാവവും ദലിത് വിരുദ്ധതയും ക്വീർ- ട്രാൻസ്‌ ഫോബിയയും സ്ത്രീവിരുദ്ധതയുമെല്ലാം പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കുന്നവരാണിവർ. ഡയറക്ടറും ഈ വിഭാഗത്തിൽ പെടുന്നയാളാണ്. ഡയറക്ടറുടെ ഇത്തരം പെരുമാറ്റങ്ങളെ നിയന്ത്രിക്കാൻ ഉത്തരവാദിത്തമുള്ള അടൂർ ഗോപാലകൃഷ്ണനെപോലുള്ളവർ പോലും ചുമതല നിർവഹിക്കാതെ വരുമ്പോൾ വിദ്യാർഥികൾക്ക് സമരത്തിനിറങ്ങുകയല്ലാതെ മറ്റു മാർഗമില്ല. വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല, ഭരണഘടന നൽകുന്ന അവകാശമാണ്. അത് കൃത്യമായി നൽകാൻ എല്ലാ സ്​ഥാനങ്ങളും ബാധ്യസ്ഥരാണ്. പുരോഗമന ആശയങ്ങളുള്ള, സ്വന്തമായ വീക്ഷണങ്ങളുള്ള വിദ്യാർഥികളാണ് സമരം നടത്തുന്നത്. സിനിമയെ വിശാലാർത്ഥത്തിൽ കാണുന്ന ഈ വിദ്യാർഥികളോട് പഴയ മാടമ്പിത്തരവും കുലമഹിമയും പറയുന്നവരാണ് സ്വയം സൂക്ഷിക്കേണ്ടത്.''

കഴിഞ്ഞ ഐ.എഫ്.എഫ്.കെയിലടക്കം സാംസ്‌കാരിക- സിനിമാ പ്രവർത്തകർ വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചിരുന്നെന്നും ഇന്നും നിരവധി സംഘടനകൾ സമരങ്ങളുമായി വരുന്നത് പ്രതീക്ഷയാണെന്നും ശീതൾ ശ്യാം കൂട്ടിച്ചേർത്തു.

ആരോപണ വിധേയനായ ഡയറകടറെ ഒഴിവാക്കി സർക്കാർ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ഇതിനായി സമൂഹമാധ്യമങ്ങളിലും മറ്റും ഡയറക്ടറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കാമ്പയിനിങ്ങും സ്റ്റുഡൻറ് കൗൺസിൽ ആരംഭിച്ചിട്ടുണ്ട്.


Summary: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാമത്തെ ആഴ്​ചയിലേക്ക്​ കടക്കുകയാണ്​. ഡിസംബർ 25 മുതൽ നിരാഹാര സമരം പ്രഖ്യാപിച്ചതിനെതുടർന്ന്​ സ്​ഥാപനം അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്​. സമരം ശക്തമായാൽ ‘അനിഷ്​ട സംഭവ’ങ്ങളുണ്ടാകുമെന്ന സബ്​ കലക്​ടറുടെ റിപ്പോർട്ടിന്റെ അടിസ്​ഥാനത്തിലാണ്​, ജനുവരി എട്ടുവരെ ഇൻസ്​റ്റിറ്റ്യൂട്ട്​ അടച്ചിടുന്നത്​. ജാതീയ വിവേചനങ്ങളെക്കുറിച്ച് ജീവനക്കാരും വിദ്യാർഥികളും ഒരുപോലെ തുറന്നുപറഞ്ഞിട്ടും പ്രശ്​നം പരിഹരിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. സണ്ണി എം. കപിക്കാട്​, ശീതൾ ശ്യാം, അർച്ചന പത്മിനി, ദിവ്യ ഗോപിനാഥ്​ എന്നിവർ ട്രൂ കോപ്പി തിങ്കുമായി സംസാരിക്കുന്നു.


റിദാ നാസർ

സബ് എഡിറ്റര്‍

Comments