കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ട്​: മന്ത്രിയുമായി നാളെ കൂടിക്കാഴ്​ചക്കുശേഷം അന്തിമ തീരുമാനമെന്ന്​ വിദ്യാർഥികൾ

ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ സമരത്തിന്റെ സമയത്ത് നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്നും പദവിയിൽ തുടരുന്ന അത്രയും കാലം വിദ്യാർഥികൾ അദ്ദേഹവുമായി നിസഹകരണം തുടരുമെന്നും സ്റ്റുഡന്റ് കൗൺസിൽ

കെ. ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതീയവിവേചനങ്ങളിൽ ആരോപണ വിധേയനായ ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചെങ്കിലും സമരം തുടരുമെന്ന്​ വിദ്യാർഥികൾ. പരാതികളിൽ അന്വേഷണ കമീഷൻ റിപ്പോർട്ട് വരാനിരിക്കെയാണ് ഡയറക്​ടറുടെ രാജി. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ സമരത്തിന്റെ സമയത്ത് നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്നും പദവിയിൽ തുടരുന്ന അത്രയും കാലം വിദ്യാർഥികൾ അദ്ദേഹവുമായി നിസഹകരണം തുടരുമെന്നും സ്റ്റുഡന്റ് കൗൺസിൽ അറിയിച്ചു. വിദ്യാർഥികളുടെ അനിശ്ചിത കാല സമരം 49-ാം നാൾ പിന്നിടുകയാണ്​. തങ്ങളുടെ പതിനാല് ആവശ്യങ്ങളിലും നടപടിയുണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് വിദ്യാർഥികളുടെ തീരുമാനം.

അക്കാദമിക്കലായ അനിശ്ചിതത്വങ്ങൾ, ഇ-ഗ്രാൻറ്​ നൽകുന്നതിലെ അനാസ്ഥ, സംവരണ അട്ടിമറി, ക്യാന്റിനിലെ അമിത നിരക്ക്, ശൂചീകരണ തൊഴിലാളികൾ നേരിട്ട മനുഷത്വ വിരുദ്ധമായ പെരുമാറ്റങ്ങൾ, ദലിത് വിഭാഗക്കാരനായ ഉദ്യോഗസ്​ഥനുമായി ബന്ധ​പ്പെട്ട പ്രശ്​നം എന്നിവയിൽ സർക്കാറിന്റെ രേഖാമൂലമായ ഉറപ്പുകിട്ടുന്നതുവരെ സമരം തുടരുമെന്ന്​ സ്റ്റുഡൻറ്​സ്​ കൗൺസിൽ ചെയർമാൻ ശ്രീദേവ് സുപ്രകാശ്​ ട്രൂകോപ്പിയോട് പറഞ്ഞു. ജനുവരി 23ന്​ നടക്കുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.

സർക്കാർ നടപടിയെടുക്കാൻ തുടങ്ങുന്നതിനുമുമ്പാണ്​ ഡയറക്​ടറുടെ രാജിയെന്നും അതുകൊണ്ടുതന്നെ, സത്യാവസ്ഥ ബോധ്യപ്പെടുത്താൻ രണ്ടംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് അടിയന്തിരമായി പുറത്തുവിടണമെന്നും ​ശ്രീദേവ്​ ആവശ്യപ്പെട്ടു.

അതിനിടെ, ഇൻസ്റ്റിറ്റ്യൂട്ടിന് പുതിയ ഡയറക്ടറെ കണ്ടെത്താൻ മൂന്നംഗ സേർച്ച് കമ്മിറ്റിയെ സർക്കാർ നിയോഗിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അറിയിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി കെ. രാമചന്ദ്രൻ കൺവീനറും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുണും സംവിധായകൻ ടി. വി. ചന്ദ്രനും ഉൾപ്പെടുന്നതാണ് മൂന്നംഗ കമ്മിറ്റി. ഇൻസ്റ്റിറ്റ്യൂട്ടിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ വിദ്യാർത്ഥിതാല്പര്യവും സാമാന്യനീതിയും ഉറപ്പാക്കണമെന്നതാണ് സർക്കാർ സമീപനമെന്നും വിഷയങ്ങളിൽ അന്വേഷണം നടത്തിയതായും മന്ത്രി ആർ.ബിന്ദു അറിയിച്ചു.

കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ട്രൂകോപ്പി തിങ്ക് ചെയ്ത സ്റ്റോറികൾ


Summary: ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ സമരത്തിന്റെ സമയത്ത് നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ചതല്ലെന്നും പദവിയിൽ തുടരുന്ന അത്രയും കാലം വിദ്യാർഥികൾ അദ്ദേഹവുമായി നിസഹകരണം തുടരുമെന്നും സ്റ്റുഡന്റ് കൗൺസിൽ


റിദാ നാസർ

സബ് എഡിറ്റര്‍

Comments