ചില ഓർമ്മകൾ അങ്ങനെയാണ്.
അടുത്ത വീട്ടിലെ അഞ്ചു വയസ്സുകാരി അലറിക്കരയുന്നതു കേട്ടാണ് മുറ്റത്തിറങ്ങി നോക്കിയത്. ചെറുതായി മഴ പെയ്യുന്നുണ്ട്. അവളെ അനുനയിപ്പിക്കാൻ ശ്രമിച്ച് അമ്മ അടുത്തു നിൽക്കുന്നുണ്ട്. സ്ക്കൂൾ വാൻ ഹോണടിച്ചുകൊണ്ടിരിക്കുന്നു.
മോളെന്തിനാ ഇങ്ങനെ കരയുന്നത്?,
കുഞ്ഞിന്റെ തോളിൽ പിടിച്ച് ഞാൻ ചോദിച്ചു. അവളുടെ അമ്മ നിസ്സഹായയായി എന്നെ നോക്കി. എന്റെ ചേച്ചീ, സ്ക്കൂൾ വാനിൽ പോകില്ലെന്നൊരൊറ്റ വാശിയാ... അവൾക്ക് മഴയത്ത് കൊടേം പിടിച്ച് നടന്നുപോണം. ജലദോഷം വിട്ടുമാറാത്ത കുട്ടിയാ.
പൊടുന്നനെ എന്റെ മനസ്സിലേക്ക് രണ്ടു കുഞ്ഞു വിരലുകളുടെ ചിത്രം കടന്നുവന്നു. ഫ്രില്ലുകൾ വെച്ച ഉടുപ്പിട്ട അഞ്ചു വയസ്സുകാരിയുടെ വിരലുകളിൽ മുറുകെ പിടിച്ചിരിക്കുന്ന ഏഴ് വയസ്സുകാരന്റെ വിരലുകൾ. പാടവും തോടും കടന്ന് അക്കരെയുള്ള ഒരു കൊച്ചു വാടകവീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. ഒന്നാം ക്ലാസ്സിൽ ചേർന്ന ദിവസം മാത്രമാണ് അമ്മയുടെ കൂടെ വന്നത്. പിന്നീടുള്ള ദിവസങ്ങളിലെല്ലാം അതേ സ്ക്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിച്ചിരുന്ന, തൊട്ടടുത്ത വീട്ടിലെ മോഹനനോടൊപ്പമായിരുന്നു യാത്ര. തോടിനു കുറുകെയിട്ടിരുന്ന കവുങ്ങിന്റെ പാലം കടക്കുമ്പോൾ ഞാൻ വീഴുമോയെന്നോർത്ത് ശ്വാസം വിടാതെയാണ് അവൻ നടന്നത്. മഴ പെയ്ത് വഴുക്കുന്ന പാടവരമ്പുകളിലൂടെ നടക്കുമ്പോൾ അവനെന്റെ വിരലുകളിൽ മുറുകെ പിടിച്ചിരുന്നു. കൈ വേദനിക്കുന്നൂ മോഹനാന്ന് പറഞ്ഞാൽ അവനെന്നെ രൂക്ഷമായി നോക്കും, ‘മിണ്ടാതെ നടന്നില്ലെങ്കിൽ യ്യ് ചളിക്കുണ്ടില് വീഴും’.
പാടം കടന്ന് ഇടവഴിയിലെത്തുവോളം പിന്നെ ഞാനൊന്നും മിണ്ടില്ല. മുഖം വീർപ്പിച്ച് നടക്കുന്ന എന്നെ സന്തോഷിപ്പിക്കാൻ ഇടവഴിയിൽ നിന്ന് അവനെനിക്ക് പൂക്കൾ പറിച്ചു തരും. സ്ക്കൂളിലെത്തുമ്പോൾ അമ്മമാരോടൊപ്പം നിന്ന് കരയുന്ന കുട്ടികൾക്കിടയിൽ കൂട്ടുകാരനോടൊപ്പം വന്ന എന്നെ കണ്ട് ടീച്ചർക്ക് അത്ഭുതമായി. ക്ലാസ്സിലെത്തിയിട്ടും മോഹനന്റെ വിരലൂകളിൽ നിന്ന് വേർപെട്ടു പോകാൻ ഞാൻ മടിച്ചു. ആ വിരലുകളിൽ ഞാൻ സുരക്ഷിതയാണെന്ന പോലെ. ‘ചെക്കന്റെ കയ്യ്ന്ന് വിട്, ആ ബഞ്ചില് പോയിരിക്ക് കുട്ടീ…’, ആണുങ്ങളുടെ സ്വരമുള്ള അമ്മിണിടീച്ചർ പറഞ്ഞു. അവരായിരുന്നു ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ. അവരുടെ നരച്ച മുടിയിഴകൾ മറയ്ക്കാൻ വേണ്ടി തേച്ച കൺമഷി മുഖത്തേക്ക് പടർന്നിരുന്നു. ചുവന്ന വലിയ വട്ടപ്പൊട്ട് നെറ്റി പാതിയും മറച്ചു. സ്വർണ്ണം കെട്ടിയ പല്ല് കാണിക്കാൻ ഇടയ്ക്കവർ ആവശ്യമില്ലാതെ ചിരിച്ചു. കനത്ത ശബ്ദത്തിൽ ആരെയോ വഴക്കു പറയുന്നത് പോലെയാണ് അവർ എല്ലായ്പ്പോഴും സംസാരിച്ചത്. ഓരോ തവണ അവർ വായ തുറക്കുമ്പോഴും ഞാനാകെ ഭയന്നു വിറച്ചു. കരയാൻ വെമ്പിനിൽക്കുന്ന എന്നെ കണ്ട് മോഹനൻ പോകാതെ നിന്നു.
ക്ലാസ്സിൽ പോയിരിക്ക് ചെക്കാ, അമ്മിണിടീച്ചർ മുഴങ്ങുന്ന ശബ്ദത്തിൽ പറഞ്ഞു. അവൻ ഒറ്റയോട്ടത്തിന് ക്ലാസ്സിലെത്തി. നഴ്സറിയിൽ പോയിരുന്നതുകൊണ്ട് അക്ഷരങ്ങൾ തെറ്റില്ലാതെ എഴുതാനും നൂറു വരെ എണ്ണാനും എനിക്കറിയാമായിരുന്നു. അതായിരിക്കണം മുൻബഞ്ചിലായിരുന്നു എന്റെ സ്ഥാനം. കുളിക്കാതെ മൂക്കൊലിപ്പിച്ച് വരുന്ന ചില കുട്ടികളെ അശ്രീകരങ്ങൾ എന്നുപറഞ്ഞ് പിൻബഞ്ചിലിരുത്തും. പിറകിൽ സ്വതന്ത്രമായി കളിച്ചുചിരിച്ചിരിക്കുന്നവരെ മുൻബഞ്ചിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന ഞാൻ അസൂയോടെ നോക്കി.
ഉപ്പുമാവുണ്ടാക്കി വിളമ്പുന്ന ചിന്നചേച്ചിയെ കുട്ടികൾ അവരുടെ അമ്മമാരെപോലെ തന്നെ സ്നേഹിച്ചു. അദ്ധ്യാപകരെ പോലെ അവരൊരിക്കലും കുട്ടികളോട് പക്ഷപാതിത്വം കാണിച്ചില്ല.
ഉച്ചഭക്ഷണത്തിന് ബെല്ലടിക്കാൻ നാലാം ക്ലാസിലെ കുഞ്ഞിക്കണ്ണൻ വരാന്തയിലൂടെ പോകുന്നത് കാണുമ്പോഴേ കുട്ടികൾ ഓടാൻ തയ്യാറായി നിൽക്കും. ഓടി മുന്നിലെത്തിയാൽ പാത്രം നിറച്ച് ഉപ്പുമാവ് കിട്ടും. മിക്കവരും സ്ക്കൂളിലെത്തുന്നതിന്റെ പ്രധാന ലക്ഷ്യം തന്നെ ഉച്ചനേരത്തെ ഉപ്പുമാവാണ്. ഉപ്പുമാവുണ്ടാക്കി വിളമ്പുന്ന ചിന്നചേച്ചിയെ കുട്ടികൾ അവരുടെ അമ്മമാരെപോലെ തന്നെ സ്നേഹിച്ചു. അദ്ധ്യാപകരെ പോലെ അവരൊരിക്കലും കുട്ടികളോട് പക്ഷപാതിത്വം കാണിച്ചില്ല. അവരുടെ മകൾ ഷീല എന്റെ ക്ലാസിലുണ്ടായിരുന്നു. എനിക്ക് തന്നതിനേക്കാൾ ഒരുതരിപോലും അവൾക്ക് വിളമ്പിയില്ല. അടുപ്പു പുകയാത്ത വീടുകളിൽ നിന്നും ഉപ്പുമാവിനുവേണ്ടി എത്തുന്നവർക്ക് അവർ കണ്ടറിഞ്ഞ് വിളമ്പി. മോഹൻലാൽ ഉപ്പുമാവിന് Salt Mango Tree എന്ന് പരിഭാഷ നൽകിയ സിനിമയിലെ നായികയെപ്പോലെ ചിന്ന ചേച്ചി ഇംഗ്ലീഷ് പഠിച്ചവളായിരുന്നില്ല. പക്ഷെ അവർക്ക് വിശപ്പിന്റെയും സ്നേഹത്തിന്റെയും ഭാഷ അറിയാമായിരുന്നു. ബാക്കി വന്ന ഉപ്പുമാവ് അവർ വിശന്നിരിക്കുന്ന കുഞ്ഞനിയൻമാരും അനിയത്തിമാരുമുള്ള കുട്ടികളുടെ പാത്രത്തിലിട്ട് കൊടുത്തയച്ചു. ഊർന്നുവീഴുന്ന ട്രൗസറുകളിട്ട് സ്ക്കൂളിലെത്തുന്ന കുട്ടികളുടെ ട്രൗസറുകൾക്ക് അവർ ബട്ടൺസ് തുന്നി പിടിപ്പിച്ചു. കുട്ടികളുടെ മുഖവും കൈകളും കഴുകി കൊടുത്തു. അവരുടെ നിരുപാധികമായ സ്നേഹത്തെ ഓരോ കുട്ടിയും തിരിച്ചറിഞ്ഞു.

ഉച്ച കഴിഞ്ഞാൽ കണക്ക് പഠിപ്പിക്കാൻ ജോൺ മാഷെത്തും. ജോൺ മാഷായിരുന്നു ഹെഡ് മാസ്റ്റർ. സ്ക്കൂളിൽ ചേരാൻ വന്ന ദിവസം തന്നെ ജോൺമാഷെ എനിക്കിഷ്ടമായി. ‘ഷേമ’ എന്ന പേര് കേട്ട് മാഷ് ചോദിച്ചു, എന്താ ഈ പേരിന്റെ അർത്ഥം? അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി. മാഷ് പറഞ്ഞു, നമുക്ക് ‘ഷേമ’ എന്ന പേര് മാറ്റി ക്ഷേമ എന്നാക്കാം. അതാവുമ്പോൾ അത്ഥമുള്ള പേരാണ്. അതുകേട്ട് ചിരിച്ച എന്നെ നോക്കി മാഷ് പറഞ്ഞു, കണ്ടോ കണ്ടോ മോൾക്കും പേര് ഇഷ്ടപ്പെട്ടു.
സാധാരണ കണക്കു മാഷമ്മാരെപ്പോലെ മാഷ് ചൂരൽവടിയുമായല്ല വരിക. വെള്ളാരം കല്ലുകളും മഞ്ചാടിക്കുരുവും കളർ ചോക്കുകളുമായിട്ടാണ്. ഒരൊറ്റ കറുത്ത മുടിയിഴ പോലും മാഷിന്റെ തലയിൽ ഇല്ല. നിഷ്ക്കളങ്കമായി നിറഞ്ഞു ചിരിക്കുന്ന മാഷെ കണ്ടമ്പോൾ ഞങ്ങൾക്ക് സമാധാനമായി. തോൾ സഞ്ചിയിൽ നിന്ന് മഞ്ചാടിക്കുരുവെടുത്ത് മാഷ് വീശിയെറിയും. കുട്ടികൾ അതു പെറുക്കിയെടുത്ത് കൃത്യമായ എണ്ണം സ്ലേറ്റിൽ എഴുതണം. തെറ്റാതെ എഴുതുന്നവർക്ക് ഒരു കുഞ്ഞു കഷ്ണം കളർ ചോക്കു കിട്ടും.
ചുവപ്പ് രാശി കലർന്ന ജോൺ മാഷുടെ കണ്ണുകളിലേക്ക് നോക്കി ഒരു കുട്ടി ചോദിച്ചു, മാഷേ, ഇൻ്റച്ഛന് ചോന്ന കണ്ണാണ്. ഇൻ്റച്ഛനെപ്പോലെ മാഷും കള്ളു കുടിക്ക്യോ.
ചുവപ്പ് രാശി കലർന്ന മാഷുടെ കണ്ണുകളിലേക്ക് നോക്കി ഒരു കുട്ടി ചോദിച്ചു, മാഷേ, ഇൻ്റച്ഛന് ചോന്ന കണ്ണാണ്. ഇൻ്റച്ഛനെപ്പോലെ മാഷും കള്ളു കുടിക്ക്യോ.
ഇല്ലെടാ മോനെ, മാഷിന് സുഖമില്ലാഞ്ഞിട്ടാണ്. എന്തുകൊണ്ടോ മാഷിനെന്താണ് അസുഖമെന്ന് ആരും ചോദിച്ചില്ല.
അമ്മിണി ടീച്ചർ ഇടയ്ക്കിടെ ലീവെടുക്കാൻ തുടങ്ങി. വരുന്ന ദിവസങ്ങളിൽ ടീച്ചർ നരച്ച മുടിയിൽ കൺമഷി തേച്ചില്ല. വലിയ പൊട്ടു തൊട്ടില്ല. സർണ്ണപ്പല്ല് കാട്ടി ചിരിച്ചില്ല. ആരെയും വഴക്കു പറയാതെ ഉദീസീനയായി ടീച്ചർ മറ്റേതോ ലോകത്തെന്നപോലെ നടന്നു. ടീച്ചർ വരാത്ത ദിവസങ്ങളിൽ രണ്ടാം ക്ലാസ്സിൽ നിന്നുമെത്തുന്ന ഗീതടീച്ചറെ നോക്കി ആമിന പറഞ്ഞു, നോക്കെടീ, അമ്മിണി ടീച്ചറേക്കാളും ചൊറുക്കുള്ള ടീച്ചറ്ലേ...
പിന്ന പിന്നെ അമ്മിണി ടീച്ചർ തീരെ വരാതെയായി. കാൻസർ ബാധിതയായ അമ്മിണി ടീച്ചർ മരിച്ചത് ഒരു ഞായറാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ കുട്ടികളാരും ആ മരണമറിഞ്ഞില്ല. അറിഞ്ഞാൽ തന്നെയും ജീവിതത്തിൽ നിന്നും പാടെയുള്ള അപ്രത്യക്ഷമാകലാണ് മരണമെന്ന് അവർക്കറിയില്ലായിരുന്നു.
റാഗി പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്കവേല കാണാൻ...
ഒന്നാം ക്ലാസിന്റെ പിൻബഞ്ചുകളുടെ പുറകിൽ നിന്ന് ടീച്ചർ പാടുന്നതുപോലെ എനിക്കു തോന്നി. അമ്മിണി ടീച്ചറുടെ മരണശേഷം ഗീത ടീച്ചർ ഒന്നിലെ ക്ലാസ്സ് ടീച്ചറായി ചാർജ്ജെടുത്തു. എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ടീച്ചറെ എല്ലാവർക്കും ഇഷ്ടമായിരുന്നു. ടീച്ചറെപ്പോലെ ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികൾ കിട്ടാൻ ഞാൻ മോഹിച്ചുപോയി. ഇടയ്ക്കിടയ്ക്ക് ടീച്ചർ ഞങ്ങളെ പുറത്തുള്ള നെല്ലിമരച്ചോട്ടിൽ കൊണ്ടുപോയിരുത്തി പാട്ടുകൾ പാടും. കുട്ടികൾ ഏറെ സന്തോഷിച്ചിരുന്ന സമയമായിരുന്നു അത്. അദ്ധ്യാപകരെപ്പോലെ, കുട്ടികളെപ്പോലെ ആ എൽ.പി സ്ക്കൂളിലെ പ്രധാന കഥാപാത്രമായിരുന്നു നിറയെ നെല്ലിക്കകൾ കായ്ച്ചിരുന്ന നെല്ലിമരം. ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പെ ഏറ്റവും കൂടുതൽ നെല്ലിക്ക് പെറുക്കുവാനുള്ള തത്രപ്പാടിലായിരുന്നു ഓരോരുത്തരും. സ്ക്കൂളിലേക്കുള്ള വഴികളിൽ ഞാൻ പതിയെ നടക്കുമ്പോൾ മോഹനൻ പറയും, വേഗം ബന്നാലെ അനക്ക് നെല്ലിക്ക കിട്ടുള്ളൂ. അത് കേൾക്കേണ്ട താമസം ഞാൻ ഓടാൻ തുടങ്ങും. ശാഖകളെമ്പാടും വിടർത്തി മുത്തശ്ശിയെപ്പോലെ നിൽക്കുന്ന ആ വലിയ നെല്ലിമരം കുഞ്ഞുങ്ങൾക്കായി ധാരാളം നെല്ലിക്കകൾ പൊഴിച്ചു കൊണ്ടേയിരുന്നു. ഇടവേളകളിൽ കഴിക്കാൻ സ്നാക്ക്സും ഫ്രൂട്ട്സും നട്സും കുട്ടികൾക്ക് കൊടുത്തയക്കാൻ പ്രാപ്തിയുള്ള മമ്മിമാർ അന്നുണ്ടായിരുന്നില്ല. നെല്ലിക്ക തിന്ന് പച്ചവെള്ളവും കുടിച്ച് ആ കുഞ്ഞുങ്ങൾ വിശപ്പടക്കി.
ഉച്ചബെൽ മുഴങ്ങുമ്പോൾ മോഹനൻ ഒന്നാം ക്ലാസ്സിലേക്കോടിവരും. എന്റെ കൈ പിടിച്ച് നെല്ലിച്ചോട്ടിലേക്ക് ഓടും. പറ്റാവുന്നത്ര ഉയരത്തിൽ കയറി കൊമ്പു കുലുക്കും. അത് വേഗത്തിൽ പെറുക്കേണ്ട ജോലി എന്റേതാണ്. ഒരിക്കൽ ഉച്ചനേരത്ത് നെല്ലി മരച്ചോട്ടിൽ മോഹനനോടൊപ്പം നിർക്കുകയായിരുന്ന എന്നെ നോക്കി അവന്റെ ക്ലാസ്സിലെ ഒരു കുട്ടി കളിയാക്കി പറഞ്ഞു, അന്റെ തലേലെന്താ രണ്ട് കൊമ്പ്.
രണ്ട് വശവും വെളുത്ത റിബൺ കൊണ്ട് മുടി പൊക്കി കെട്ടി വെക്കുകയായിരുന്നു എന്റെ പതിവ്. ആ പരിഹാസം കേട്ട് എന്റെ കണ്ണു നിറഞ്ഞു. അടുത്ത നിമിഷം മോഹനന്റെ ഇടി കൊണ്ട് ആ കുട്ടി നിലത്തു വീണു കിടക്കുന്നതാണ് ഞാൻ കണ്ടത്. എന്നെ ആരു വേദനിപ്പിച്ചാലും മോഹനനത് സഹിക്കില്ല. ‘യ്യ് എന്തിനാ ഓളെ എപ്പളും ഒപ്പം കൊണ്ട് നടക്ക്ണ്’, അവന്റെ കൂട്ടുകാർ ചോദിക്കും. തികഞ്ഞ ഗൗരവത്തോടെയാകും അവന്റെ മറുപടി; ‘ഓളെ നോക്കാൻ ഓളെ അമ്മ ഇന്നോടാ പറഞ്ഞ്ക്ക്ണ്’.
ആ ഉത്തരവാദിത്തം അവനേറ്റവും സ്നേഹത്തോടെ ഏറ്റവും ഭംഗിയായി നിർവ്വഹിച്ചു.

ഒന്നാം ക്ലാസ്സ് ഏതാണ്ട് അവസാനമായപ്പോഴേക്കും പാടത്തിനക്കരെയുള്ള വാടകവീട്ടിൽ നിന്നും താമസം മാറി. പാടത്തിന് ഇക്കരെ കുഞ്ഞാത്തയുടെ വീടിനടുത്ത് സ്ക്കൂൾ അദ്ധ്യാപകനായിരുന്ന എന്റെ അച്ഛൻ ഒരു കൊച്ചു വീട് വെച്ചു. മോഹനന്റെ വീടിനടുത്തു നിന്ന് മാറുന്നതിൽ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. പക്ഷെ എന്നെ സ്ക്കൂളിൽ കൊണ്ടു പോകുന്ന ചുമതല അവൻ വെറെ ആർക്കും വിട്ടു കൊടുത്തില്ല. സ്ക്കൂളിൽ പോകാൻ ഒരുങ്ങി കഴിഞ്ഞാൽ ഇക്കരെ നിന്ന് മോഹനനാ....എന്ന നീട്ടിയൊരു വിളിയാണ്. അതു കേട്ട് കുഞ്ഞാത്ത കളിയാക്കും. എത്ര ശ്രമിച്ചാലും മോഹനാ... എന്ന് വിളിക്കാൻ എനിക്ക് കഴിയാറില്ല. എന്റെ വിളി കേൾക്കേണ്ട താമസം, അവൻ ഓടി വരും. അപ്പോഴേക്കും കുഞ്ഞാത്ത ബാഗും കുടയും എടുത്തു വെച്ചിട്ടുണ്ടാവും.
കുഞ്ഞാത്തയെക്കുറിച്ച് പറയാതെ എന്റെ ബാല്യം പൂർണ്ണമാകില്ല.
അല്പം നിരതെറ്റിയ പല്ലുകളും ചുണ്ടിനുമുകളിൽ മറുകുമായി ഇരുണ്ട നിറമുള്ള ഒരു സുന്ദരിയായിരുന്നു എന്റെ കുഞ്ഞാത്ത. എന്റെ ബാല്യം ഏറിയ ഭാഗവും കുഞ്ഞാത്തയുടെ കൂടെയാണ് ചെലവഴിച്ചത്. ഒരു പാടത്തിന്റെ അക്കരെയും ഇക്കരെയുമായിരുന്നു ഞങ്ങളുടെ വീടുകൾ. രണ്ടാം വയസ്സിൽ സംസാരിച്ചു തുടങ്ങിയപ്പോൾ മുതൽ എന്റെ വീട്ടിൽ നിന്നും കുഞ്ഞാത്തയെ ഞാൻ ‘ഞാത്തേ...’ എന്ന് നീട്ടിവിളിക്കും. കുഞ്ഞാത്ത വന്ന് എന്നെ എടുത്തുകൊണ്ടുപോകും. കുഞ്ഞാത്തയുടെ ഉമ്മയും ആങ്ങളമാരും പണിക്കുപോകുമ്പോൾ ഞങ്ങൾ രണ്ടാളും മാത്രമാകും ആ വീട്ടിൽ. കുഞ്ഞാത്ത എന്നെ കുളിപ്പിച്ച് നല്ല ഉടുപ്പിടുവിച്ച് സുന്ദരിയാക്കും. എന്റെ രണ്ടുമൂന്നു ജോടി വസ്ത്രങ്ങൾ അവിടെത്തന്നെയുണ്ടാകും.
കുഞ്ഞാത്ത അഞ്ചുനേരം നിസ്കരിക്കും. ‘യ്ക്കും നിസ്ക്രിച്ചണം കുഞ്ഞാത്തേ...’, ഞാൻ ശാഠ്യം പിടിക്കും. ‘ഇക്കാനോട് പറഞ്ഞ് അമ്മുട്ടിക്ക് ഒരു നിസ്കാരപ്പായ വാങ്ങിത്തരാം കുഞ്ഞാത്ത’- എന്നെ ഓമനിച്ചു കൊണ്ട് അവർ പറയും. പിറ്റേദിവസം എനിക്കും ഒരു ചെറിയ നിസ്കാരപ്പായ കിട്ടി. ഒരു കൊച്ചു നിസ്കാരകുപ്പായം കുഞ്ഞാത്ത എനിക്ക് തുന്നിത്തന്നു. കുഞ്ഞാത്ത വുളു എടുക്കുമ്പോൾ ഞാനും കൂടെ കുടി. ശുഭ്രമായ നിസ്ക്കാരകുപ്പായമണിഞ്ഞ് കുഞ്ഞാത്ത മുട്ടിന്മേൽ കുനിയുമ്പോൾ ഞാനും കുനിഞ്ഞു. ഇരുവശങ്ങളിലേക്ക് തല തിരിക്കുമ്പോൾ ഞാനും അങ്ങനെ തന്നെ ചെയ്തു, ചുണ്ടനക്കി ചൊല്ലുന്നത് എന്താണെന്ന് മനസ്സിലായില്ലെങ്കിലും ഞാനും ചുണ്ടനക്കിക്കൊണ്ടിരുന്നു.
പകൽ മുഴുവൻ ഞങ്ങളുടെ സാമ്രാജ്യമാണ്. ആയിരത്തൊന്നു രാവുകളിലെ ഒട്ടുമിക്ക കഥകളും കുഞ്ഞാത്തയിൽ നിന്നാണ് ഞാൻ കേട്ടത്. എത്ര സുന്ദരമായിട്ടാണ് കുഞ്ഞാത്ത കഥ പറയുക. നെൽ വയലിനഭിമുഖമായി നിൽക്കുന്ന വീട്ടിലേക്ക് പതുക്കെപ്പതുക്കെ വന്നെത്തുന്ന കാറ്റിനോടൊപ്പം പതിഞ്ഞ ശബ്ദത്തിൽ... ഞാനെല്ലാം മറന്ന് കഥയിൽ ലയിച്ചിരിക്കും. ബദറുൽ മുനീറിന്റെയും ഹുസനുൽ ജമാലിന്റെയും പാട്ട് ഈണത്തിൽ പാടി കുഞ്ഞാത്ത കഥ പറയും.
ആ കഥകൾ കേട്ട് ഞാൻ ചോദിച്ചു, ‘ഇങ്ങക്കെപ്പളാ പുയ്യാപ്ല വര്വാ, ഇങ്ങളെ പുയ്യാപ്ല ബദറുൽ മുനീറിെൻ്റ പോലെയാ...’
‘പോ... ഇബ്ലീസേ’, നാണം കൊണ്ട് തുടുത്ത് വാൽസല്യത്തോടെ കുഞ്ഞാത്ത എന്റെ കവിളിൽ തട്ടും.
കഥ പറച്ചിലിൽ മുഴുകുമ്പോൾ ചിലപ്പോൾ അടുപ്പത്തിരിക്കുന്ന കൂട്ടാന്റെ കാര്യം മറക്കും.
‘ന്റെ റബ്ബേ…’, കരിഞ്ഞ മണം വരുമ്പോൾ കുഞ്ഞാത്ത അടുക്കളയിലേക്കോടും. എന്റെ ഊണും ഉറക്കവും കുഞ്ഞാത്തയോടൊപ്പം തന്നെ. വെണ്ടക്കയും തക്കാളിയും തേങ്ങയരച്ച് വെക്കുന്ന കൂട്ടാന്റെ സ്വാദ് നാവിൻതുമ്പത്തിപ്പോഴും...
ഒരിക്കൽ ഇടവഴിയിലൂടെ നടക്കുമ്പോൾ മോഹനൻ ചോദിച്ചു, അനക്ക് ഇന്നെയാ കുഞ്ഞാത്തെനെയാ കൂടുതൽ ഇഷ്ടം? എന്നെ സംബന്ധിച്ചിടത്തോളം അതൊരു കുഴപ്പിക്കുന്ന ചോദ്യമായിരുന്നു
മുതിർന്നപ്പോൾ എത്ര ശ്രമിച്ചിട്ടും രുചികരമായ ആ ചേരുവയെ എന്റെ വരുതിക്കുള്ളിലാക്കുവാൻ സാധിച്ചിട്ടില്ല. കൂട്ടാനൊഴിച്ച് കുഴച്ച് ചെറിയ ഉരുളകളാക്കി പൊരിച്ച മീനും കൂട്ടി കുഞ്ഞാത്ത എന്റെ വായിൽ വെച്ചു തരും. വീട്ടിൽ ചെന്നാലും കുഞ്ഞാത്തേന്റെ ചോറുമതിയെന്ന് ഞാൻ ശാഠ്യം പിടിക്കും. നാലു വയസ്സിൽ നഴ്സറിയിൽ ചേർന്നപ്പോഴും ഞാൻ കുഞ്ഞാത്തയെ വിട്ടുപിരിഞ്ഞില്ല. സ്കൂളിൽനിന്ന് നേരെ കുഞ്ഞാത്തയുടെ അടുക്കളേലേക്കോടിയെത്തും...
‘ഞാനൊരു പാട്ടു പഠിച്ചല്ലോ...’, കുഞ്ഞാത്തയുടെ മടിയിൽ കയറിയിരുന്ന് പറയും.
‘കേക്കട്ടേ, കേക്കട്ടേ, അമ്മൂട്ടി പാടിക്കോളീ...’
പാടത്തിനോട് ചേർന്നുള്ള മുൻവശത്തെ ചുവന്ന കാവിയിട്ട അരഭിത്തിയിലിരുന്ന് കാലുകളാട്ടിക്കൊണ്ട് ഞാൻ പാടും, വയലിൽ നിന്നപ്പോൾ സുഖകരമായ കാറ്റ് വീശുന്നുണ്ടാകും. പാടിക്കഴിഞ്ഞാലുടൻ മഞ്ഞനിറമുള്ള പാട്ടയിൽ അടച്ചു വെച്ചിട്ടുള്ള തേങ്ങാ ബിസ്കറ്റ് കിട്ടും. എനിക്കേറെ വിലപ്പെട്ട സമ്മാനം.
നോമ്പു കാലമായാൽ കുഞ്ഞാത്തക്ക് പിടിപ്പത് പണിയുണ്ടാകും. നോമ്പു തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് തന്നെ മല്ലിയും മുളകും അരിയും പൊടിച്ച് വറുക്കും. വീടുമുഴുവൻ പൊടിതട്ടി അടിച്ചു തുടച്ച് വൃത്തിയാക്കും. പായും തലയിണയുമൊക്കെ കഴുകി ഉണക്കും. മരത്തിന്റെ പടിക്കട്ടിലും ബെഞ്ചും മേശയുമൊക്കെ പാറോത്തിൻ്റില കൊണ്ട് ഉരച്ചു കഴുകും. കുഞ്ഞാത്തയോടൊപ്പം ഞാനും കൂടും. നോമ്പായാൽ വെള്ളം പോലും കുടിക്കാതെ തളർന്നിരിക്കുന്ന കുഞ്ഞാത്തയെ കണ്ട് എനിക്ക് പാവം തോന്നും.
‘ങ്ങക്ക് വെശക്കണില്ലേ കുഞ്ഞാത്താ...?’, ഇടക്കിടക്ക് ഞാൻ ചോദിക്കും.
‘പടച്ചോനെ ബിചാരിച്ചിരുന്നാ പയ്ക്കൂലാ മാളേ’. ഉച്ചകഴിഞ്ഞാൽ പത്തിരിപ്പണി തുടങ്ങും. തിളച്ചവെള്ളത്തിലേക്ക് അരിപ്പൊടിയിട്ട് ആവിപൊങ്ങുന്ന മാവ് ചൂടോടെ കുഴക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം തോന്നും.
‘ഇങ്ങളെ കയ്യ് പൊള്ളൂലേ കുഞ്ഞാത്താ?’, ഞാൻ സങ്കടത്തോടെ ചോദിക്കും.
വലിയ അലൂമിനിയ ചെമ്പിൽ മാവ് അമർത്തിക്കുഴച്ച് എതുരൂപത്തിലുമാക്കാവുന്ന വിധത്തിൽ മയപ്പെടുത്തിയെടുക്കും. അത് ചെറിയ ഉരുളകളാക്കിയെടുക്കാൻ ഞാനും കൂടും. നിമിഷനേരം കൊണ്ട് കുഞ്ഞാത്ത വട്ടത്തിൽ പത്തിരി പരത്തിയെടുക്കുന്ന കൈവഴക്കം കണ്ട് ഞാനതിശയത്തോടെ നോക്കി നിൽക്കും. വൈകുന്നേരത്തെ ബാങ്കു കൊടുത്ത് നോമ്പു തുറക്കാനാവുമ്പോഴേയ്ക്കും എല്ലാ വിഭവങ്ങളും മേശപ്പുറത്ത് നിരന്നിട്ടുണ്ടാകും. ഇറച്ചിയും പത്തിരിയും തരിക്കഞ്ഞിയും സമൂസയുമൊക്കെ കുഞ്ഞാത്തയുടെ കൈപ്പുണ്യം കൊണ്ട് സ്വാദിഷ്ടമായിരിക്കും.

പെരുന്നാളിന് എല്ലാവർക്കും പുതിയ വസ്ത്രങ്ങളെടുക്കുമ്പോൾ കുഞ്ഞാത്ത എനിക്കും പുതിയ ഉടുപ്പ് വാങ്ങിക്കും. പെരുന്നാളിന്റെ തലേദിവസം രാവിലെ കുഞ്ഞാത്ത മൈലാഞ്ചിയരച്ചുവെക്കും. മൈലാഞ്ചിയരക്കാൻ ഒരു ചെറിയ അമ്മിയുണ്ട്. അല്ലാത്തപ്പോൾ എനിക്ക് കളിക്കാൻ കുഞ്ഞാത്ത വാങ്ങിയതായിരുന്നു ആ അമ്മി. മൈലാഞ്ചിയില തണ്ട് നീക്കി കുഞ്ഞാത്ത നെയ് പോലെ അരച്ചെടുക്കും.
‘ങ്ള് ഇനിക്ക് അഞ്ച് പൂവ് ഇന്റെ കയ്യിമ്മല് ഇട്ട് തരണം’.
‘അമ്മൂട്ടിന്റെ ഈ കുഞ്ഞിക്കൈയില് അഞ്ച് പൂവ് കൊള്ള്വോ?’
‘പറ്റൂലാ... ഇനിക്ക് അഞ്ച് പൂവ് വേണം’, ഞാൻ വാശിപിടിക്കും.
സന്ധ്യയായാല് ചെറിയ ഈർക്കിലി കൊണ്ട് കുഞ്ഞാത്ത എന്റെ കയ്യിൽ ചെറിയ അഞ്ച് പൂക്കളിട്ട് തരും. ഉറക്കം തൂങ്ങിയാലും മൈലാഞ്ചി പോകാതെ ഞാനെന്റെ കൈനിവർത്തി പിടിക്കും. നേരം പുലരുമ്പോൾ ചുവന്ന അഞ്ചുപൂക്കൾ കണ്ട് ഞാൻ തുള്ളിച്ചാടും. എന്റെ മുഖം പൂ പോലെ വിടരും. പെരുന്നാളിന് പുതിയ കുപ്പായമിടുവിച്ച് കുഞ്ഞാത്ത പറയും, ‘അമ്മുട്ടീനെ ഇപ്പം കാണാൻ നല്ല ചൊറുക്ക്ണ്ട്. ഒരു ഹൂറിയായ്ക്ക്ണ്’.
അതുകേട്ട് ഞാനൊരു സുന്ദരിയാണെന്ന മട്ടിൽ എല്ലാവരെയും നോക്കും. എന്നെ സുന്ദരിയാക്കിയ കുഞ്ഞാത്തയോട് വല്ലാത്തൊരു സ്നേഹം തോന്നും. ഉച്ചയായാൽ എല്ലാവർക്കും മുമ്പേ എന്റെ കുഞ്ഞിപ്പാത്രത്തിൽ കുഞ്ഞാത്ത ബിരിയാണി വിളമ്പും. ‘അമ്മൂട്ടി ബെയ്ച്ചോളി, കുട്ടിക്ക് പയ്ച്ച്ണില്ലേ?’, അരുമയോടെ കുഞ്ഞാത്ത പറയും. ഉച്ച കഴിഞ്ഞാൽ കുഞ്ഞാത്ത ഈണത്തിൽ മാപ്പിളപ്പാട്ട് പാടും. കൂടെ ഞാനും. നഴ്സറി പാട്ടുകൾ പഠിച്ചു തുടങ്ങുന്നതിനുമുമ്പേ ഞാൻ പഠിച്ചത് മാപ്പിളപ്പാട്ടുകളാണ്. അതാവാം, മാപ്പിള പാട്ടുകളോട് വല്ലാത്തൊരിഷ്ടവും ഗൃഹാതുരത്വവും.
സ്ക്കൂളിൽ പോകാറാവുമ്പോൾ എന്നെയൊരുക്കാൻ എല്ലാ ജോലികളും മാറ്റി വെച്ച് കുഞ്ഞാത്ത വരും. മോഹനാ, കുട്ടീനെ ഇയ്യ് നല്ലോണം നോക്കണേ. ഒരിക്കൽ കൂടി കുഞ്ഞാത്ത ഓർമ്മിപ്പിക്കും. അപ്പോൾ അവനെെൻ്റ കയ്യിൽ കൂടുതൽ മുറുക്കിപ്പിടിക്കും. ഒരിക്കൽ ഇടവഴിയിലൂടെ നടക്കുമ്പോൾ മോഹനൻ ചോദിച്ചു, അനക്ക് ഇന്നെയാ കുഞ്ഞാത്തെനെയാ കൂടുതൽ ഇഷ്ടം? എന്നെ സംബന്ധിച്ചിടത്തോളം അതൊരു കുഴപ്പിക്കുന്ന ചോദ്യമായിരുന്നു, ‘വീട്ടിലെത്തിയാ കുഞ്ഞാത്തെനെ, സ്ക്കൂളിൽ പോകുമ്പോ അന്നെ’. എന്റെ ഉത്തരം കേട്ട് മോഹനൻ പൊട്ടിച്ചിരിച്ചു.
‘ഇയ്യ് ആള് ബെളവത്തി തന്നെ’.
എന്റെ എല്ലാ ഇഷ്ടങ്ങൾക്കും വാശികൾക്കും എപ്പോഴും കൂട്ടു നിന്ന കുഞ്ഞാത്ത. എന്റെ ഇഷ്ടങ്ങളൊക്കെ സ്വന്തം ഇഷ്ടങ്ങളാക്കിയ മോഹനൻ. ഇവരിൽ ആരുടെ പേരാണ് എനിക്ക് പറയാനാവുക?
നാലാം ക്ലാസ് കഴിഞ്ഞ് സ്കൂൾ വിട്ടതിനു ശേഷം പിന്നീടൊരിക്കലും അവിടേയ്ക്ക് പോയിട്ടില്ല. അവിടെയുണ്ടായിരുന്ന അധ്യാപകരുടെ പേരുകൾ പല കാലങ്ങളിലായി ചരമക്കോളങ്ങളിൽ വായിച്ചതോർക്കുന്നു.
സ്ക്കൂൾ അടച്ച് വേനലവധി തുടങ്ങിയപ്പോൾ കുറച്ച് കാലത്തേക്കായാലും കൂട്ടുകാരെ പിരിയാൻ എല്ലാവർക്കും വിഷമം. അവധിക്കാലം മുഴുവൻ ഞാനും മോഹനനും കൂട്ടുകാരും കുഞ്ഞാത്തയുടെ വീട്ടുമുറ്റത്തെ മാവിൻ ചുവട്ടിലായിരുന്നു. ഞാൻ രണ്ടാം ക്ലാസ്സിലേക്കും മോഹനൻ നാലാം ക്ലാസ്സിലേക്കും ജയിച്ചു. സ്ക്കൂളിലെ സീനിയർ വിദ്യാർത്ഥി എന്ന നിലയിലായിരുന്നു പിന്നെ അവന്റെ നടത്തം. പക്ഷെ അപ്പോഴും എന്റെ വിരലുകളിൽ നിന്ന് അവൻ പിടിവിട്ടില്ല. കൈ വേദനിക്കുന്നു എന്ന് പിന്നീടൊരിക്കലും ഞാൻ പരാതി പറഞ്ഞില്ല ഇൻ്റർവെല്ലിനും ഉച്ചക്കും പറ്റുമ്പോഴൊക്കെയും എന്റെ ക്ലാസ്സിൽ ഓടിയെത്തുന്നതിന് ഒരു മുടക്കവും വരുത്തിയില്ല. രണ്ടാം ക്ലാസ്സിലെ ടീച്ചറായിരുന്ന മിനി ടീച്ചർ കുറച്ച് കർക്കശക്കാരിയായിരുന്നു. ഇടയ്ക്കിടെ ഓടിയെത്തുന്ന മോഹനനെ ടീച്ചർ കണ്ടു പിടിച്ചു. ‘രണ്ടാം ക്ലാസ്സിൽ നിനക്കെന്താ കാര്യം’, തന്റെ ചിലമ്പിച്ച സ്വരം ഉയർത്തിക്കൊണ്ട് ടീച്ചർ ചോദിച്ചു. ‘ഓളെ നോക്കാൻ ഓള അമ്മ ഇന്നെ ഏൽപ്പിച്ചിക്ക്ണ്’, എന്റെ നേരെ വിരൽ ചൂണ്ടി മോഹനൻ പറഞ്ഞു.
‘ക്ലാസ്സിലിരിക്കുമ്പോൾ നീ നോക്കണ്ട, ഞാൻ നോക്കിക്കൊളാം’- ദേഷ്യം വരുമ്പോൾ പാതി അടഞ്ഞിരിക്കുന്ന കണ്ണുകൾ തുറക്കാൻ ശ്രമിച്ചു കൊണ്ടാണ് ടീച്ചർ സംസാരിക്കുക.
വെളുത്ത കോട്ടൺ സാരിയുടുത്ത, കണ്ണെഴുതാതെ, പൊട്ട് തൊടാതെ, ആഭരണങ്ങൾ അണിയാതെ വരുന്ന ടീച്ചർ കുട്ടികളോട് ഒരിക്കലും സ്നേഹം പ്രകടിപ്പിച്ചു കണ്ടിട്ടില്ല.
അന്ന് വീട്ടിലേക്ക് നടന്നു പോകുമ്പോൾ മോഹനൻ പറഞ്ഞു, ‘അന്റെ മിനി ടീച്ചറെ ഇയ്ക്ക് ഇഷ്ടല്ല. ഓലിക്കെന്താ ഒന്ന് ചിരിച്ചാല്. ന്നാലും പാവംണ്ട്ട്ടോ, ഓലെ ഭർത്താവ് കാറിടിച്ച് മരിച്ചതാണോലോ, കുട്ട്യാളൂല്ല, ൻ്റമ്മ പറഞ്ഞതാ. അതാണ് റോട്ടുമ്മക്കൂടെ നടക്കുമ്പോ ശ്രദ്ധിക്കണംന്ന് പറയ്ണത്. അതല്ലെ അന്റെ കൈ ഞാൻ ബിടാത്തത്’, മോഹനൻ ഗൗരവത്തോടെ പറഞ്ഞു.
സ്ക്കൂൾ തുറന്നിട്ട് രണ്ടു മൂന്നു മാസങ്ങൾ കടന്നു പോയി. ഓണപ്പരീക്ഷയും ബാലകലോത്സവവുമെല്ലാം കൂടി അദ്ധ്യാപകർക്കൊക്കെ തിരക്കോട് തിരക്ക്. ദിവസം ചെല്ലുന്തോറും സ്ക്കൂൾ എനിക്ക് കൂടുതൽ കൂടുതൽ രസകരമായി. സ്ക്കൂൾ ബാലകലോത്സവത്തിൽ എനിക്ക് രണ്ടു മൂന്നു സമ്മാനങ്ങൾ കിട്ടി. മലയാള പ്രസംഗ മത്സരത്തിന് സബ്ജില്ലയിലേക്ക് ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. മോഹനൻ മോണോ ആക്ടിനും.

അന്നൊരു വെള്ളിയാഴ്ച ദിവസം ആയിരുന്നു. അതോർമ്മിക്കാൻ കാരണമുണ്ട്. വെള്ളിയാഴ്ച ദിവസങ്ങളിൽ കുഞ്ഞാത്തയുടെ ഇക്ക രാവിലെ തന്നെ പള്ളിയിൽ പോകാനുള്ള ഒരുക്കം തുടങ്ങും. കുഞ്ഞാത്തയും തിരക്കിലായിരിക്കും. അന്ന് സബ്ജില്ലാ ബാലകലോത്സവത്തിന് പോകാൻ ഞാനും മോഹനനും നേരത്തെ പുറപ്പെട്ടു. ഗീത ടീച്ചർക്കായിരുന്നു കലോത്സവത്തിന്റെ ചാർജ്ജ്. ടീച്ചർ നേരത്തെ എത്തണമെന്ന് തലേ ദിവസം പ്രത്യേകം ഓർമ്മിപ്പിച്ചതാണ്. തിരക്കിനിടയിലും കുഞ്ഞാത്ത എന്നെ പുതിയ ഉടുപ്പിടുവിച്ച് തലമുടിയിൽ പൂചൂടിത്തന്ന് സുന്ദരിയാക്കി. മോഹനൻ പുതിയ ഷർട്ട് ആണ് ഇട്ടിരിക്കുന്നത്. അന്നും കുഞ്ഞാത്ത ഓർമ്മിപ്പിച്ചു, ശ്രദ്ധിച്ചു പോണേ മക്കളേ.
ഇതൊക്കെ എനിക്കറിയില്ലേ എന്ന മട്ടിൽ അലസരമായൊരു നോട്ടം നോക്കി മോഹനൻ എന്നെയും കൂട്ടി വേഗത്തിൽ നടന്നു. ഇടവഴി കടന്ന് മെയിൻ റോഡ് ഏതാണ്ട് പകുതിയായപ്പോൾ വേഗത്തിൽ നടന്നിരുന്ന മോഹനൻ ബ്രേക്കിട്ടതു പൊലെ നിന്നു. റോഡിന്റെ എതിർവശത്തേക്ക് ചൂണ്ടിക്കാണിച്ചു.
‘യ്യ് കണ്ടോ ആ പീട്യേന്റെ മുമ്പില് നിക്ക്ണത് ന്റെ മാമനാ. ഇന്നെ എപ്പ കണ്ടാലും മാമൻ മുട്ടായി വാങ്ങി തരും. യ്യ് ഇബടെതന്നെ നിക്ക്. ഞാൻ വരും വരെ എങ്ങട്ടും പോകല്ലേ. അനക്കും ഇനിയ്ക്കും മുട്ടായി വാങ്ങിത്തരാൻ മാമനോട് പറയാ’, അവനെന്നെ അരികിലേക്ക് മാറ്റിനിർത്തി. മാമെൻ്റയടുത്തെത്താൻ റോഡ് മുറിച്ച് കടന്ന മോഹനനെ എതിർ ദിശയിൽ നിന്ന് വേഗത്തിൽ വന്ന കാർ ഇടിച്ചിട്ട് പാഞ്ഞുപോയി. രക്തത്തിൽ കുളിച്ച് കിടന്ന മോഹനനെ ഒന്നേ നോക്കിയുള്ളു. ഞാൻ ബോധമറ്റ് വീണു പോയി. വിരലുകളിൽ നിന്ന് വിരലുകൾ വേർപെടുത്താത്ത, വിട്ടു പിരിയാത്ത കൂട്ടുകാരന്റെ വേർപാട് കുട്ടിയായിട്ടു പോലും എന്നെ തീർത്തും ഏകാകിയാക്കി. ‘മോഹനനനാ...’ എന്ന വിളി കേൾക്കാനാരുമില്ലാതെ ശൂന്യതയിലലിഞ്ഞു.
ആ തോടും പാടവും ഇടവഴിയും വീടുകളും ഇന്നില്ല. പകരം വീതിയേറിയ റോഡും കോൺക്രീറ്റ് കെട്ടിടങ്ങളും വന്നിരിക്കുന്നു. നെല്ലിമരവും നെല്ലിക്ക പെറുക്കുന്ന കുട്ടികളും ഉണ്ടോയെന്നറിയില്ല. നാലാം ക്ലാസ് കഴിഞ്ഞ് സ്കൂൾ വിട്ടതിനു ശേഷം പിന്നീടൊരിക്കലും അവിടേയ്ക്ക് പോയിട്ടില്ല. അവിടെയുണ്ടായിരുന്ന അധ്യാപകരുടെ പേരുകൾ പല കാലങ്ങളിലായി ചരമക്കോളങ്ങളിൽ വായിച്ചതോർക്കുന്നു.
ഓർമ്മകൾക്കു മേൽ ഓർമ്മകൾ വന്നുചേരുമ്പോൾ ഓർമ്മകൾ പോലുമവശേഷിക്കാത്ത കാലമുണ്ടായേക്കാം, അറിയില്ല.
