ദേശീയ വിദ്യാഭ്യാസ നയം അക്കാദമിക മേമ്പൊടികൾ കണ്ട് ആവേശം കൊള്ളുന്നവരോട്

ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒരിടത്തും വിദ്യാഭ്യാസം സൗജന്യമാണെന്ന് പറഞ്ഞിട്ടില്ല. സംവരണത്തെക്കുറിച്ച് ഒരു പരാമർശം പോലുമില്ല. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഒരിടത്തുമില്ല. ഇതിലെ ചില അക്കാദമിക മേമ്പൊടികൾ കണ്ട് ആവേശം കൊള്ളുന്ന വിദഗ്ധരും ലോകോത്തരവിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രഘോഷണങ്ങൾ കേട്ട് കൈയടിക്കുന്ന ലിബറൽ വിഭാഗവും പിന്നാക്കക്കാർക്കുള്ള പ്രത്യേകപദ്ധതികളിൽ വിശ്വാസമർപ്പിക്കുന്ന സാധാരണക്കാരും അൽപം കരുതി നിന്നാൽ അവർക്കുകൊള്ളാം. കാരണം ഇതിന്റെ യഥാർഥലക്ഷ്യം അതൊന്നുമല്ല- സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്ന സമീപനങ്ങളുടെ ഗൂഢലക്ഷ്യങ്ങൾ തുറന്നുകാട്ടുകയാണ് വിദ്യാഭ്യാസ വിദഗ്ധർ കൂടിയായ ലേഖകർ

കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം (NEP 2020) ചർച്ചയായിക്കഴിഞ്ഞു. നീണ്ട 34 വർഷങ്ങൾക്കുശേഷം അവതരിപ്പിക്കപ്പെട്ട പുതിയ നയം ചില കാര്യങ്ങളിൽ നിലവിലുള്ളതിന്റെ തുടർച്ചയും മറ്റു ചിലതിൽ വലിയ തോതിലുള്ള വ്യതിയാനവും പ്രദർശിപ്പിക്കുന്നു.
1968 ലെ ആദ്യ വിദ്യാഭ്യാസനയത്തിലാണ് കോമൺ സ്‌കൂൾ സിസ്റ്റവും 10+2+3 സമ്പ്രദായവും നിർദേശിക്കപ്പെട്ടത്. 1986 ലെ രണ്ടാമത്തെ നയത്തിൽ നവലിബറൽ നയങ്ങളുടെ ആദ്യരൂപവും നവോദയ വിദ്യാലയങ്ങളുടെയും ഡയറ്റുകളുടെയും സ്ഥാപനവും മറ്റും കടന്നുവന്നു. പുതിയ നയത്തിൽ 5+3+3+4 സമ്പ്രദായവും ആറാം തരം മുതലുള്ള തൊഴിൽ വിദ്യാഭ്യാസവും ഹയർ സെക്കണ്ടറിക്കുശേഷമുള്ള പഠനങ്ങൾക്ക് പൊതുപ്രവേശനപരീക്ഷയും വിദേശ സർവകലാശാലകളുടെ വരവും മറ്റും പ്രഖ്യാപിച്ചിരിക്കുന്നു.
നിലവിലുള്ള ദേശീയ ജനാധിപത്യ സഖ്യം ആദ്യം അധികാരത്തിൽ വന്നപ്പോൾ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് (NCF 2000) അവതരിപ്പിച്ചിരുന്നു. എന്നാൽ വിദ്യാഭ്യാസത്തിലെ കാവിവൽക്കരണത്തിന്റെ പേരിൽ അന്നത് വൻതോതിൽ എതിർക്കപ്പെട്ടു. മോദി സർക്കാരിന്റെ രണ്ടാം വരവിൽ അവതരിപ്പിക്കപ്പെട്ട പുതിയ നയത്തിൽ കഴിയുന്നത്ര പേരെ ഒപ്പം നിർത്താനുള്ള പൊടിക്കൈകൾ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ ഈ രേഖ ആദ്യന്തം കരുതലോടെയുള്ള വായന ആവശ്യപ്പെടുന്നു.

കെ.ടി. രാധാകൃഷ്ണൻ, ഒ.എം. ശങ്കരൻ, ഡോ.പി.വി. പുരുഷോത്തമൻ
കെ.ടി. രാധാകൃഷ്ണൻ, ഒ.എം. ശങ്കരൻ, ഡോ.പി.വി. പുരുഷോത്തമൻ

പ്രീ പ്രൈമറി ഔപചാരികമാവുമ്പോൾ

എലിമെന്ററി വിദ്യാഭ്യാസം മൗലികാവകാശമായശേഷം നിലവിൽവന്ന 2009 ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത് ആറുവയസ്സ് തികയുമ്പോഴാണ്. എന്നാൽ പുതിയ നയത്തോടെ ഇനി അങ്കണവാടി/ പ്രീസ്‌കൂൾ വഴി മൂന്നുവയസ്സോടെ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കും. ഇതിന് ദേശീയ തലത്തിൽ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കും. ‘ആശ്രംശാല'കളിലും ബദൽ വിദ്യാലയങ്ങളിലും ഉൾപ്പെടെ ഇത് നടപ്പിലാക്കും. അഞ്ചുവയസ്സിനു മുമ്പുതന്നെ മറ്റു പലതിനുമൊപ്പം അക്ഷരങ്ങളും (alphabets) അക്കങ്ങളും (numbers) എണ്ണവും (counting) പഠിപ്പിക്കും. (സെക്ഷൻ 1.2)

കുട്ടികളുടെ മസ്തിഷ്‌കവളർച്ചയുടെ 85 ശതമാനവും 3 - 6 വയസ്സുകൾക്കിടയിലാണ് പൂർത്തിയാവുക. ഇക്കാലത്ത് കുട്ടികളുടെ സുരക്ഷയ്ക്കും പരിചരണത്തിനും പോഷണത്തിനും രോഗപ്രതിരോധത്തിനുമാകണം ഊന്നൽ. ഒപ്പം പ്രകൃതിയോടും കൂട്ടുകാരോടും ഇടപെട്ടും കളികളിലൂടെയും തികച്ചും അനൗപചാരികമായി കുട്ടികളുടെ വൈജ്ഞാനികവും സാമൂഹ്യവും മറ്റുമായ വികാസം നടക്കണം. പ്രീസ്‌കൂൾ ഘട്ടത്തെ ഔപചാരിക വിദ്യാഭ്യാസത്തോട് ചേർക്കുമ്പോൾ ബോധപൂർവമുള്ള പഠിപ്പിക്കലും മൂല്യനിർണയവും നിലവിൽ വരാം. ഇത് കുട്ടികളുടെ അവകാശം നിഷേധിക്കലാണ്. വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന സ്‌കാന്റിനേവിയൻ രാജ്യങ്ങളിലൊന്നും ഔപചാരിക വിദ്യാഭ്യാസം മൂന്നാം വയസ്സിൽ ആരംഭിക്കുന്നില്ല.

അടിസ്ഥാന സാക്ഷരത, സംഖ്യാബോധം

പുതിയ നയമനുസരിച്ച് 3 - 8 വയസ്സുവരെയുള്ള അഞ്ചുവർഷത്തെ വിദ്യാഭ്യാസമാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യപടി (Foundational stage). എഴുതാനും വായിക്കാനുമുള്ള കഴിവും സംഖ്യകൾ ഉപയോഗിച്ചുള്ള ക്രിയകളുമാണ് ഈ ഘട്ടത്തിലെ ഊന്നൽ. ഇതിന് ദേശീയതലത്തിൽ നാഷണൽ മിഷൻ ഓൺ ഫൗണ്ടേഷണൽ ലിറ്ററസി ആന്റ് ന്യൂമറസി ആരംഭിക്കും. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അതിനായി അടിയന്തര കർമപരിപാടികൾ തയ്യാറാക്കണമെന്നും ഘട്ടംഘട്ടമായുള്ള ലക്ഷ്യം നിർണയിച്ച് അവ നേടുന്നുവെന്ന് ഉറപ്പിക്കണമെന്നും രേഖ ആവശ്യപ്പെടുന്നു (2.1). സ്‌കൂളിൽ ടീച്ചറുടെ ബോധനത്തിനൊപ്പം പിയർ ട്യൂട്ടറിങ്ങും (one-on-one peer tutoring) കൗൺസലിങ്ങും സ്‌കൂളിനു വെളിയിൽ വളണ്ടിയർ ഇടപെടലുമെല്ലാം വഴി ഈ ദേശീയദൗത്യം ലക്ഷ്യത്തിലെത്തിക്കണമെന്നാണ് ആഹ്വാനം.
എല്ലാവരും നിർബന്ധമായും മൂന്നാം ക്ലാസോടെ തന്നെ ഇവ നേടണമെന്നു വരുമ്പോൾ വ്യത്യസ്തകാരണങ്ങളാൽ പിന്നാക്കം പോകാനിടയുള്ളവരുടെ മേൽ വൻ സമ്മർദമുണ്ടാകും. അധ്യാപകർ യാന്ത്രിക പഠനമുറകൾക്കും രക്ഷിതാക്കൾ ട്യൂഷനും അവരെ വിധേയരാക്കും. കുട്ടികളുടെ ശാരീരിക - മാനസിക സവിശേഷതകളും സാമൂഹ്യാവസ്ഥയും മറ്റും പരിഗണിച്ചുള്ള വഴക്കമുള്ള ഇടപെടലും കൈത്താങ്ങും അസാധ്യമാകും. പഠനവേഗതയും പഠനശൈലിയുമൊക്കെ പരിഗണിച്ചുള്ള ാനനിർമിതി അതോടെ ആകാശകുസുമമായി പരിണമിക്കും. ഭാഷയും കണക്കും പഠിക്കേണ്ടതുതന്നെ. എന്നാൽ ഭാഷയിലെയും കണക്കിലെയും ചിലചില ശേഷികളിലുള്ള അമിത ഊന്നൽ ഈ ഘട്ടത്തിൽ നടക്കേണ്ട പരിസരസംബന്ധമായ ധാരണകളുടെ വികാസത്തിനും സാമൂഹ്യവൽകരണത്തിനും വിഘാതമാവും. ലോകബോധമല്ല, ചില നൈപുണികളാണ് പ്രധാനം എന്നു വരുന്നത് തീർത്തും അപകടമാണ്. ഇത് പഠനത്തെ സംബന്ധിച്ച ഉപകരണാത്മകമായ വാദമാണ്.

അധ്യയനമാധ്യമം മാതൃഭാഷ (സാധ്യതയുള്ള ഇടങ്ങളിൽ)

സാധ്യതയുള്ള ഇടങ്ങളിൽ, ചുരുങ്ങിയത് അഞ്ചാം ക്ലാസ് വരെയോ, കഴിയുമെങ്കിൽ എട്ടാം ക്ലാസ് വരെയോ അതിനുമുകളിലോ അധ്യയനമാധ്യമം ഗൃഹഭാഷയോ മാതൃഭാഷയോ നാട്ടുഭാഷയോ പ്രാദേശികഭാഷയോ ആയിരിക്കുമെന്ന (Wherever possible, the medium of instruction until at least Grade 5, but preferably till Grade 8 and beyond, will be the home language/mother tongue/local language/regional language-4.11) വാചകം വൻചർച്ചയ്ക്ക് വഴിതെളിയിച്ചിട്ടുണ്ട്. ചിലർ കരുതുന്നത് ഇതോടുകൂടി പ്രൈമറി ക്ലാസുകളിൽ മാതൃഭാഷ അധ്യയനമാധ്യമമായി മാറുമെന്നാണ്.
സാധ്യതയുള്ള ഇടങ്ങളിൽ എന്ന പ്രയോഗം സമർഥമായാണ് ചേർത്തിരിക്കുന്നത്. സി.ബി.എസ്.ഇയും ഐ. സി. എസ്. ഇയും നിലനിൽക്കുന്നേടത്തോളം ഉപരിവർഗത്തെ വെറുപ്പിച്ച് ഒരു തീരുമാനം കേന്ദ്രസർക്കാർ കൈക്കൊള്ളുമെന്നു കരുതേണ്ട. ഇക്കാര്യം വകുപ്പുമന്ത്രി രമേഷ് പൊക്രിയാലും നയരൂപീകരണസമിതി ചെയർമാൻ ഡോ. കസ്തൂരിരംഗനും വ്യകതമാക്കിക്കഴിഞ്ഞു!
2009 ലെ വിദ്യാഭ്യാസ അവകാശനിയമത്തിലും സമാനനിർദേശം (‘as far as practicable’) ഉണ്ടായിരുന്നു. എന്നിട്ടും നിലവിലുണ്ടായിരുന്ന മാതൃഭാഷാ ഡിവിഷനുകൾ പലതും ഇല്ലാതാവുകയാണുണ്ടായത്. ഉന്നത വിദ്യാഭ്യാസത്തിൽ നിർദേശിച്ചിരിക്കുന്ന, മാതൃഭാഷയും ഇംഗ്‌ളീഷും അടങ്ങിയ ദ്വിഭാഷാ സമീപനത്തിനും (bilingual approach) ഇതുതന്നെയാവും ഗതി.

വിലയിരുത്തൽ സമീപനത്തിലെ വൈരുധ്യം

നിലവിലുള്ള പരീക്ഷകളുടെ പോരായ്മകളെ കുറിച്ച് ഉപന്യസിക്കുന്ന രേഖ പക്ഷേ, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ തുടരുമെന്നും 3, 5, 8 ക്ലാസുകളുടെ ഒടുവിൽ പൊതുപരീക്ഷ പുതുതായി ഏർപ്പെടുത്തുമെന്നും പറയുന്നു(4.40). എല്ലാ കുട്ടികളും പങ്കെടുക്കുന്ന ഈ പരീക്ഷകളുടെ റിസൽട്ട് പൊതുസമൂഹത്തിനു മുമ്പാകെ പ്രസിദ്ധപ്പെടുത്തുണം. കുട്ടികളുടെ വ്യകതിഗത വിലയിരുത്തലല്ല ഇതെന്നു പറയുമ്പോൾതന്നെ സ്‌കൂളിന്റെ നേട്ടം ഉയർത്തിക്കാട്ടുന്ന പരീക്ഷ, ഫലത്തിൽ സ്‌കൂളുകളെ കോച്ചിങ്ങ് ക്യാംപുകളാക്കി മാറ്റും. കേന്ദ്രീകൃത പരീക്ഷകളിലൂടെ ഭയാന്തരീക്ഷം സൃഷ്ടിച്ചല്ല മറിച്ച്, തുടർവിലയിരുത്തലും (continuous assessment)) പഠനപിന്തുണയും ഉറപ്പാക്കിയാണ് നിലവാരം മെച്ചപ്പെടുത്തേണ്ടത്. പന്ത്രണ്ടാം ക്ലാസ് വരെ യാതൊരു പൊതുപരീക്ഷയും നടത്താതെ തന്നെ ലോകോത്തരമെന്ന ഖ്യാതി നേടിയ ഫിൻലന്റിന്റെ വഴി ഇതേത്ര.

സ്‌കൂൾ കോപ്ലക്‌സ് ലക്ഷ്യമാക്കുന്നത്

1964 - 66 കാലത്തെ കോത്താരി കമീഷൻ റിപ്പോർട്ടിലായിരുന്നു സ്‌കൂൾ കോംപ്ലക്‌സ് എന്ന ആശയം അവതരിപ്പിക്കപ്പെട്ടത്. അന്ന് പ്രൈമറി സ്‌കൂളുകളിൽ ഭൗതികസൗകര്യം നന്നെ കുറവായിരുന്നു. ഒരു ഹൈസ്‌കൂളിനെയും ചുറ്റുവട്ടമുള്ള ഏതാനും യു.പി, എൽ.പി. സ്‌കൂളുകളെയും ചേർത്ത് കോംപ്ലക്‌സുകൾ രൂപീകരിക്കാനും വിഭവങ്ങളെയും അധ്യാപകരെയും പങ്കുവെക്കാനായിരുന്നു നിർദേശം.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി രാജസ്ഥാനിൽ 4,000 സ്‌കൂളുകളും ജാർഖണ്ഡിൽ 4600 സ്‌കൂളുകളും പരസ്പരം സംയോജിപ്പിച്ചത് അതത് സംസ്ഥാനങ്ങളിലെ മുൻ ബി. ജെ. പി. സർക്കാരുകളായിരുന്നു. ചെറിയ വിദ്യാലയങ്ങളെ അന്ന് ഇല്ലാതാക്കിയത് കേന്ദ്രസർക്കാരിന്റെയും നിതി ആയോഗിന്റെയും പിന്തുണയോടെയാണ്. ആദിവാസികളായ ആയിരക്കണക്കിന് കുട്ടികൾക്കാണ് അതോടെ വിദ്യാഭ്യാസം ഇല്ലാതായത്. വമ്പിച്ച എതിർപ്പാണ് ആ തീരുമാനം ഉളവാക്കിയത്.
ഇത്തരമൊരു പശ്ചാത്തലത്തിൽ സ്‌കൂൾ കോംപ്ലക്‌സ് വീണ്ടും കൊണ്ടുവരുന്നത് ചെറിയ സ്‌കൂളുകളുടെ വികസനത്തിൽനിന്ന് ഒഴിയാനല്ലേ എന്നു സംശയിക്കണം. ഇപ്പോഴും രാജ്യത്ത് 1,08,017 ഏകാധ്യാപക വിദ്യാലയങ്ങളുണ്ട് എന്ന് രേഖതന്നെ പറയുന്നു. യഥാർഥത്തിൽ ഓരോ സ്‌കൂളിനെയും ഒരു യൂണിറ്റായി കണക്കാക്കി, കേരളത്തിലേതുപോലെ ഓരോ ക്ലാസിലും മതിയായ ഭൗതികസൗകര്യങ്ങളും അധ്യാപകതസ്തികയും ഏർപ്പെടുത്തുകയാണ് വേണ്ടത.് ഒപ്പം, 90 കളിൽ നമ്മുടെ സംസ്ഥാനത്ത് നടന്നതുപോലെ പഞ്ചായത്ത്തല സ്‌കൂൾ കോംപ്ലക്‌സുകൾ രൂപീകരിച്ച് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അക്കാദമിക കൂട്ടായ്മ വികസിപ്പിക്കുകയും വേണം.

നേരത്തെയുള്ള തൊഴിൽ വിദ്യാഭ്യാസം

തൊഴിൽ വിദ്യാഭ്യാസം ശകതിപ്പെടുത്തണമെന്നത് കാലങ്ങളായുള്ള ഒരാവശ്യമാണ്. 11, 12 ക്ലാസുകളിൽ വെച്ചുമാത്രം തൊഴിൽ പരിചയം നേടുന്ന കുട്ടികൾക്ക് ഒരു വ്യവസായത്തൊഴിൽ നേടാൻ മാത്രം നൈപുണി പോരെന്നും അതുകൊണ്ട് ആറാം ക്ലാസ് തൊട്ട് തൊഴിൽപഠനം ആരംഭിക്കണമെന്നും പുതിയ നയത്തിൽ പറയുന്നു (4.26).
എന്നാൽ ഇത്ര ചെറുപ്പത്തിലേ തൊഴിലിന്റെ ലോകത്തേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നതിന്റെ യുകതി വ്യകതമല്ല. ആറാം ക്ലാസ് തൊട്ടുള്ള തൊഴിൽ പരിശീലനവും എട്ടിലെയും പത്തിലെയും പൊതുപരീക്ഷകളും ചേരുമ്പോൾ നേരത്തെയുള്ള കൊഴിഞ്ഞുപോക്കിന് അത് ഇടവരുത്തിയേക്കാം. അങ്ങനെയെങ്കിൽ പഠനം നിർത്താൻ പ്രേരിപ്പിക്കപ്പെടുക പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളാവും.
പന്ത്രണ്ടാം ക്ലാസ് പൂർത്തിയാവുന്ന കുട്ടികൾക്ക് ഉന്നതപഠനത്തിന് പ്രവേശനം കിട്ടാൻ ഒരു പൊതുപ്രവേശന പരീക്ഷയിൽ വിജയിക്കണം എന്ന നിർദേശം ഇതോടൊപ്പം ചേർത്ത് വായിക്കണം (4.42). വൻതുക നൽകി ട്യൂഷന് പോകാൻ കഴിയുന്നവരായിരിക്കും ഈ പൊതുപരീക്ഷയിൽ ഉന്നതവിജയം കൈവരിക്കുക. അഫിലിയേറ്റഡ് കോളേജുകൾ ആവശ്യമില്ലെന്ന നിലപാടുകൂടി പരിഗണിക്കുമ്പോൾ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രാമപ്രദേശത്ത കോളേജുകളിൽ ബിരുദപഠനത്തിന് ചേർന്നിരുന്ന നാട്ടിൻപുറത്തുകാർക്ക് ആ അവസരം പോലും ഇല്ലാതാവും. അവർക്കും തൊഴിൽ മാർക്കറ്റിലേക്ക് ഇറങ്ങണ്ടി വരും.
മിടുക്കരെ (Gifted children) പ്രത്യേകം കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഒളിമ്പ്യാഡുകളും മറ്റും സംഘടിപ്പിക്കാനുള്ള നിർദേശമാണ് വേറൊന്ന്. ഇവയെല്ലാം ചേർത്തുനോക്കുമ്പോൾ, സമൂഹത്തിൽ ഇപ്പോൾ തന്നെ നിലനിൽക്കുന്ന സാമൂഹ്യമായ വേർതിരിവുകളെ ഒന്നുകൂടി ശക്ത​മാക്കാനാണ് ഈ നയരേഖയിലെ പല നിർദേശങ്ങളും വഴിവെക്കുക. കുറഞ്ഞ കൂലിക്ക് വേണ്ടത്ര തൊഴിലാളികളെ ലഭിക്കുകയെന്ന കോർപ്പറേറ്റുകളുടെ ആവശ്യം നിറവേറ്റാനാകും ഇതെല്ലാം ഉപകരിക്കുക. യഥാർഥത്തിൽ വേണ്ടത് ഇതരവിഷയപഠനവുമായി ബന്ധപ്പെടുത്തി തൊഴിൽ മേഖലകൾ പരിചയപ്പെടുത്താനും ക്രമത്തിൽ കുട്ടികൾക്ക് ചെയ്യാവുന്ന കൂട്ടായ ചെറുനിർമാണ പ്രവർത്തനങ്ങളിലൂടെ (ഉദാ: തോട്ടനിർമാണം) തൊഴിൽ ആഭിമുഖ്യം വളർത്താനും തുടർന്ന് സ്‌കൂളിലെ വർക്ക്‌ഷെഡിൽ ഏതെങ്കിലും തൊഴിലിൽ മികച്ച നിലവാരത്തിലുള്ള പരിശീലനം നേടാനുമുള്ള ആസൂത്രിത പദ്ധതിയാണ്.

അമിതമായ കേന്ദ്രീകരണത്തിലേക്ക്

പാഠ്യപദ്ധതി തയ്യാറാക്കുമ്പോൾ മുമ്പൊക്കെ ചില കാമ്പ് ഇനങ്ങൾ (core items) മാത്രമേ സംസ്ഥാനങ്ങൾ പരിഗണിക്കേണ്ടിയിരുന്നുള്ളൂ. ഇനിയാകട്ടെ പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ എന്നിവയ്ക്ക് കൃത്യമായ മാതൃക എൻ. സി. ഇ. ആർ. ടി. നൽകും. അത് ഉൾക്കൊള്ളും വിധമുള്ള പാഠപുസ്തകങ്ങളും ചില അനുബന്ധ വായനാസാമഗ്രികളും തയ്യാറാക്കാനേ സംസ്ഥാനങ്ങൾക്ക് അവകാശമുള്ളൂ. മൂല്യനിർണയത്തിൽ ദേശീയമാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി എന്ന സംവിധാനം പുതുതായി രൂപീകരിക്കപ്പെടും. സ്‌കൂളുകളുടെ അംഗീകാരവും നിലവാര മാനദണ്ഡങ്ങളും ഉറപ്പാക്കാൻ ദേശീയതല അക്രഡിറ്റേഷൻ സമിതിയും വരും. അതനുസരിച്ച് പ്രവർത്തിക്കുന്ന സംസ്ഥാനതല സമിതിക്കുമേൽ വിദ്യാഭ്യാസ ഡയറക്റ്റർക്ക് യാതൊരു അധികാരവും ഉണ്ടായിരിക്കുന്നതല്ല. ഇങ്ങനെ നോക്കുമ്പോൾ നിരവധി പുതിയ അതോറിറ്റികൾ സ്ഥാപിച്ചും പാഠ്യപദ്ധതി രൂപരേഖകളും മാർഗരേഖകളും അടിച്ചേൽപിച്ചും ഭരണഘടനാ ഭേദഗതി ഇല്ലാതെ തന്നെ കൺകറന്റ് ലിസ്റ്റിനെ കേന്ദ്രലിസ്റ്റാക്കി മാറ്റുന്ന ഗൂഢലക്ഷ്യം ഇതിനുള്ളിലില്ലേ എന്ന് ന്യായമായും സംശയിക്കണം.

സ്വകാര്യവൽകരണം പാരമ്യത്തിലേക്ക്

ഇനിമുതൽ വിദ്യാഭ്യാസമേഖലയിൽ ആർക്കും ജീവകാരുണ്യമുഖത്തോടെ കടന്നുവരാം; സ്‌കൂളുകൾ ആരംഭിക്കാം. അവരവർ നിശ്ചയിക്കുന്ന ഫീസ് വാങ്ങി വിദ്യാഭ്യാസക്കച്ചവടം നടത്താം. വലിയ ലാഭം ഉണ്ടാക്കുന്നില്ലെന്ന് (not- for-profit) കണക്കുകളിലൂടെ അധികൃതരെ ബോധ്യപ്പെടുത്തിയാൽ മതിയാകും!
ഇത്തരം വിദ്യാലയങ്ങൾക്ക് വേണമെങ്കിൽ സ്വന്തം പാഠ്യപദ്ധതിയോ പാഠപുസ്തകങ്ങളോ ഉണ്ടാക്കാം. മാർക്കറ്റിൽ ലഭ്യമാകുന്ന ഏതു പാഠപുസ്തകങ്ങളും സ്‌കൂളുകളിൽ പഠിപ്പിക്കാം. ഏതു ബോർഡിലും അഫിലിയേറ്റു ചെയ്യാം. വിദേശബോർഡിലും അഫിലിയേഷൻ ആവാം; ദേശീയപാഠ്യപദ്ധതിയിലെ വിട്ടുപോയ ഭാഗങ്ങൾ കൂട്ടിച്ചേർത്തു പഠിപ്പിക്കണമെന്നുമാത്രം. വിദേശസർവകലാശാലകൾക്ക് ഇവിടെ പ്രവർത്തനാനുമതി നൽകുമെന്നതിനാൽ രക്ഷിതാക്കൾക്ക് ആ വഴിക്കും ചിന്തിക്കാം.
സർക്കാർ വിദ്യാലയങ്ങൾക്കും സ്വകാര്യ വിദ്യാലയങ്ങൾക്കും ഒരേ നിലവാര മാനദണ്ഡങ്ങളാണ് ഉണ്ടാവുക. ആ നിലയ്ക്ക് നാട്ടിൻപുറത്തെ സർക്കാർ വിദ്യാലയത്തിന് വൻകിട മുതലാളിമാരുടെ കൊടിപാറുന്ന വിദ്യാലയങ്ങളോട് മത്സരിക്കേണ്ടി വരും. മത്സരം മുറുകുന്നത് നിലവാരം കൂട്ടാൻ ഉപകരിക്കുമെന്നാണ് നയരൂപീകരണ സമിതിയുടെ കണക്കുകൂട്ടൽ. മറയില്ലാത്ത സ്വകാര്യവത്കരണവും കമ്പോളവത്കരണവുമാണ് വരാൻ പോകുന്നത്.
ഇനിയങ്ങോട്ട് അധ്യാപകർക്ക് സർവീസ് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാവില്ല പ്രമോഷൻ. അധ്യാപകരുടെ പ്രൊഫഷണൽ നിലവാര മാനദണ്ഡങ്ങൾ കേന്ദ്ര ഏജൻസി തയ്യാറാക്കി നൽകും. ഇതനുസരിച്ച് സ്ഥാനക്കയറ്റവും ശമ്പളവർധനയും നേടാൻ പരസ്പരം മഝരിച്ച് കഴിവ് തെളിയിക്കണം! (5.20). പ്രധാനാധ്യാപകനാവാനും സീനിയോറിറ്റി പോരാ. ഇനിമേൽ മുൻകൂട്ടി നിശ്ചയിച്ച ഔട്പുട്ട് ഉണ്ടാക്കേണ്ട ഒരു സ്വകാര്യസ്ഥാപനം പോലെയാവും വിദ്യാലയം. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരെപ്പോലെയാവും അധ്യാപകർ. കാര്യക്ഷമത ഉണ്ടായാൽ പോരാ, അത് ചിലരെ ബോധ്യപ്പെടുത്തുകയും വേണം. ചുരുക്കത്തിൽ നവലിബറൽ കാഴ്ചപ്പാട് പൊതുവിദ്യാഭ്യാസ മേഖലയിൽ പൂർവാധികം ശകതിപ്രാപിക്കും.

വർഗീയ അജണ്ടയുടെ സാധ്യതകൾ

പാഠപുസ്തകങ്ങളിൽ വർഗീയ അജണ്ട കടത്തിവിടുന്നു എന്നത് കേന്ദ്രഭരണത്തിലുള്ള മുഖ്യകക്ഷിക്കെതിരെ എല്ലാ കാലത്തും ഉയർന്നുവരാറുള്ള പരാതിയാണ്. അധികാരത്തിൽ വന്ന ഘട്ടങ്ങളിലെല്ലാം ഈ ആരോപണം അവർ നേരിട്ടിട്ടുണ്ട്. പാർലമെന്റിൽ അലട്ടില്ലാത്ത ഭൂരിപക്ഷം ഉണ്ടെന്നിരിക്കെ വരാൻ പോകുന്ന പാഠ്യപദ്ധതി ചട്ടക്കൂടിലും പാഠപുസ്തകങ്ങളിലും അതിന്റെ കടന്നുകയറ്റം പ്രതീക്ഷിക്കാം. അതിലേക്ക് വഴിതുറക്കുന്ന സൂചനകൾ ഈ നയത്തിൽ പലേടത്തും ഉണ്ട്.
അതിലൊന്ന് സംസ്‌കൃതം എന്ന ഭാഷയെ പറ്റിയുള്ള ആവർത്തിച്ചുള്ള അഭിമാനപ്പെയ്​ത്തുകളാണ്​. പാശ്ചാത്യ വിദ്യാഭ്യാസം ഇന്ത്യയിൽ നടപ്പാക്കാൻ ഇംഗ്ലീഷിന്റെ മികവിനെ കുറിച്ച് മെക്കാളെ പറഞ്ഞത് അനുസ്മരിപ്പിക്കും വിധം ഗ്രീക്ക് - ലാറ്റിൻ ഭാഷകളെ വിജ്ഞാനഖനിയായ സംസ്‌കൃതം പിന്നിലാക്കുമെന്ന് പറഞ്ഞിരിക്കുന്നു. ത്രിഭാഷാ പദ്ധതിയിൽ ഭാഷകളിലൊന്നായി സംസ്‌കൃതത്തെയും പരിഗണിക്കാമെന്നും വിദ്യാഭ്യാസത്തിലെ എല്ലാ ഘട്ടങ്ങളിലും സവിശേഷപ്രാധാന്യം പരിഗണിച്ച് സംസ്‌കൃതം പഠിക്കാൻ അവസരം നൽകുമെന്നും ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു (4.17). സംസ്‌കൃതത്തെ കുറിച്ചും ഭാഷകളുടെ പ്രാധാന്യത്തെ കുറിച്ചും ഒരുപാട് വിസ്തരിക്കുകയും പല ഘട്ടങ്ങളിലായി അവയിൽ പലതിന്റെയും - സ്വദേശിയും വിദേശിയും - പേരെടുത്തു പറയുകയും ചെയ്തിട്ടും അറബിക്, ഉറുദു എന്നിവയുടെ പേര് വിട്ടുപോയത് യാദൃശ്ചികമാകാൻ തരമില്ല.
ഇന്ത്യയുടെ ജ്ഞാനശേഖരത്തെ കുറിച്ചുള്ള അഭിമാനപ്രസ്താവനകളാണ് ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു ഭാഗം. പാരമ്പര്യത്തെ വിമർശനാത്മകമായി വിലയിരുത്താനും തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും കുട്ടികളെ പഠിപ്പിക്കുന്നതിനെ ആർക്കും എതിർക്കാനാവില്ല. എന്നാൽ ഓരോ വിഷയത്തിലും പ്രാചീനകൃതികളിൽ നിന്ന് എന്തൊക്കെ ഉൾക്കൊള്ളിക്കാമെന്നതിന്റെ മാതൃകാസൂചനകൾ നേരത്തെവന്ന കരടുനയത്തിലുണ്ടായിരുന്നു. വിശ്വസ്തരെ എൻ. സി. ഇ. ആർ. ടി. പോലുള്ള സ്ഥാപനങ്ങളിൽ കൊണ്ടുവന്നും പാഠ്യപദ്ധതിയും പാഠപുസ്തകവും തയ്യാറാക്കാൻ അത്തരക്കാരെ നിയോഗിച്ചും ഇതൊക്കെ ചെയ്യാൻ നിലവിലുള്ള ഭരണകർത്താക്കളെ ആരും പഠിപ്പിക്കേണ്ടതില്ല.

ജ്ഞാനനിർമിതിയോ മനഃപാഠമോ?

മനഃപാഠരീതി ഒഴിവാക്കണമെന്നും കുട്ടികളുടെ സ്വതന്ത്രചിന്തയും വിമർശനാത്​മക അവബോധവും ശക്തി​പ്പെടുത്തണമെന്നും രേഖയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ സ്വതന്ത്രചിന്തയും വിമർശനാത്​മകതയും ചരിത്ര- സംസ്‌കാര- ഭാഷാ പഠനങ്ങളിൽ എത്രകണ്ട് അനുവദിക്കും? മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ കമ്പോളം, പഠിക്കാൻ പഠിക്കുന്നതിനെയും പ്രശ്‌നപരിഹരണശേഷിയെയും ആവശ്യപ്പെടുന്നുവെന്ന് നിരീക്ഷിക്കുന്നുണ്ടെങ്കിലും അത് എങ്ങനെ ഉറപ്പുവരുത്തുമെന്നത് അവ്യക്​തമാണ്. ശാസ്ത്രീയബോധവും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചിന്തയും പുലർത്താൻ നിർദേശിക്കുന്നുണ്ടങ്കിലും (4.23) പൗരാണികശാസ്ത്രനേട്ടം എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്നവയെ വസ്തുനിഷ്ഠമായി സമീപിക്കാൻ കുട്ടികൾക്ക് അവസരമുണ്ടാവുമോ?
ധാരണാവികാസം ലക്ഷ്യം വെക്കണമെന്നു പറയുമ്പോൾ തന്നെ പഠനനേട്ടത്തെ (learning outcome) കുറിച്ച് ആവർത്തിച്ച് പരാമർശിക്കുന്നതു കാണാം. തുടർവിലയിരുത്തൽ സംബന്ധിച്ച ഒഴുക്കൻ പരാമർശങ്ങൾക്കിടയിലാണ് മാനകീകൃതപരീക്ഷ ഏർപ്പെടുത്തുമെന്ന് പറഞ്ഞിരിക്കുന്നത്. എല്ലാറ്റിനുമൊടുവിൽ അധ്യാപകർക്ക് ഫലപ്രദമെന്നു തോന്നുന്ന രീതിയിൽ പഠിപ്പിക്കാം എന്നുകൂടി പറഞ്ഞിരിക്കയാൽ ( 5.14) ജ്ഞാനനിർമിതിയുടെ പേരിൽ ഈ നയരേഖയെ അഭിനന്ദിക്കുന്നത് സാഹസമാകും.

നടത്തിപ്പിനുള്ള ഫണ്ട്

സ്‌കൂൾ വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും ഈ രേഖയിൽ നൽകിയിട്ടുള്ള മിക്ക വാഗ്ദാനങ്ങളും വൻതോതിൽ ഫണ്ട് ആവശ്യമുള്ള കാര്യങ്ങളാണ്. ഇതുവരെ പൊതുവിൽ വിദ്യാഭ്യാസത്തിന് നാലു ശതമാനത്തിൽ താഴെയാണ് നീക്കിവെച്ചതായി കാണുന്നത്. എങ്കിൽ ഇനിയങ്ങോട്ട് ആറ് ശതമാനം ചെലവഴിക്കുമെന്ന പ്രഖ്യാപനം എത്രകണ്ട് വിശ്വസനീയമാണ്? അതു സംഭവിച്ചാൽ തന്നെ, ഇതിൽ എത്രമാത്രം കാര്യങ്ങളാണ് നടത്താനാവുക? അതിനർഥം വൻതോതിലുള്ള സ്വകാര്യ - കോർപ്പറേറ്റ് നിക്ഷേപത്തിലാണ് സർക്കാരിന്റെ കണ്ണ്. അവർക്ക് താത്പര്യമുള്ള കാര്യങ്ങളാവും നടപ്പിലാവുക. മറ്റു പ്രഖ്യാപനങ്ങളെല്ലാം കടലാസിൽ തന്നെ കിടക്കും.

യഥാർഥ ലക്ഷ്യത്തിലേക്കു വരുമ്പോൾ

ബി. ജെ. പി. യെ സംബന്ധിച്ച് അവരുടെ സ്ഥാപിത ലക്ഷ്യങ്ങൾ ഒന്നൊന്നായി നടത്തിയെടുക്കുന്ന കാലമാണിത്. അക്കൂട്ടത്തിൽ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് വിദ്യാഭ്യാസത്തെ മാറ്റിയെടുക്കാൻ കിട്ടുന്ന അവസരം അവർ വേണ്ടെന്നുവെക്കുമെന്ന് കരുതേണ്ടതില്ല. തങ്ങളുടെ ഭൂരിപക്ഷം നിർദേശങ്ങളും സ്വീകരിക്കപ്പെട്ടിരിക്കുന്നു എന്ന സന്തോഷത്തിലാണ് ബി. ജെ. പി. ക്ക് പ്രത്യയശാസ്ത്ര പിന്തുണ നൽകുന്നവർ എന്ന് വ്യക്​തമായിക്കഴിഞ്ഞു.
ഇന്ത്യയെ ഒരു വിജ്ഞാനസമൂഹമാക്കുക എന്നതാണ് ഇത് കൊണ്ടുവന്നവരുടെ പ്രഖ്യാപനങ്ങളിൽ ഒന്ന്. അതിനായി കോർപ്പറേറ്റുകൾക്ക് എല്ലാ സഹായവും ഒരുക്കിക്കൊടുക്കുമെന്ന് രേഖ പറയാതെ പറയുന്നു. നാലാം വ്യവസായ വിപ്ലവവും പത്ത് ട്രില്യൻ ഡോളർ ഇക്കോണമിയുമൊക്കെ ഇതിന്റെ പിന്നാലെ സാധിതമാവുമെന്നാണ് അവരുടെ പരസ്യപ്രഖ്യാപനം.
യഥാർഥത്തിൽ, വ്യാപകമായ ഹിന്ദുത്വവൽക്കരണമാണ് ഉള്ളിലൂടെ ലക്ഷ്യമാക്കുന്നത്. അതിനായി പാഠ്യപദ്ധതി മാറ്റാനും, പഠനരീതികളിൽ ഇടപെടാനും, പ്രാദേശിക പഠനസാമഗ്രികൾ അച്ചടിച്ച് നൽകാനും സ്വകാര്യ/ജീവകാരുണ്യസംഘങ്ങൾക്കും (public- spirited private/philanthropic schools-8.3) ബദൽ വിദ്യാലയങ്ങൾക്കും അംഗീകാരം നൽകാനും സോഷ്യൽ വർക്കർമാരെയും മാസ്റ്റർ ഇൻസ്ട്രക്റ്റർമാരെയും പ്രാദേശികമായി ഏർപ്പെടുത്താനുമൊക്കെയുള്ള സാധ്യതകൾ നിർദിഷ്ടരേഖയിൽ ഉണ്ട്.

ഇതിൽ ഒരിടത്തും വിദ്യാഭ്യാസം സൗജന്യമാണെന്ന് പറഞ്ഞിട്ടില്ല. സംവരണത്തെക്കുറിച്ച് ഒരു പരാമർശം പോലുമില്ല. ഭരണഘടനാമൂല്യങ്ങൾ എന്നൊക്കെ വല്ലപ്പോഴും പറയുന്നുണ്ടെങ്കിലും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഒരിടത്തുമില്ല. ജ്ഞാനനിർമിതിയെന്നോ വിമർശനാത്്മക വിദ്യാഭ്യാസമെന്നോ ഉറപ്പിച്ചുപറഞ്ഞിട്ടില്ല. 2005 ലെ ജ്ഞാനനിർമിതിയിൽ അധിഷ്ഠിതമായ പഠനരീതിയിൽ നിന്നുള്ള പിന്നാക്കംപോക്ക് ക്ലാസ്മുറിയിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും.
ഇതിലെ ചില അക്കാദമിക മേമ്പൊടികൾ കണ്ട് ആവേശം കൊള്ളുന്ന വിദഗ്ധരും ലോകോത്തരവിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രഘോഷണങ്ങൾ കേട്ട് കൈയടിക്കുന്ന ലിബറൽ വിഭാഗവും പിന്നാക്കക്കാർക്കുള്ള പ്രത്യേകപദ്ധതികളിൽ വിശ്വാസമർപ്പിക്കുന്ന സാധാരണക്കാരും അൽപം കരുതി നിന്നാൽ അവർക്കുകൊള്ളാം. കാരണം ഇതിന്റെ യഥാർഥലക്ഷ്യം അതൊന്നുമല്ല. അതുകൊണ്ട് ജനാധിപത്യ - മതേതര വിദ്യാഭ്യാസക്രമത്തെ തല്ലിക്കെടുത്തുന്ന നവലിബറൽ - ഹിന്ദുത്വ അജണ്ടക്കെതിരെയുള്ള കൂട്ടായ്മ പൊതുമണ്ഡലത്തിൽ ശകതിപ്പെടുത്തുവാൻ സമാനചിന്താഗതിക്കാർ ഒത്തൊരുമിക്കേണ്ട സമയമാണിത്.

(ഒ.എം. ശങ്കരൻ റിട്ട. ഡയറ്റ് പ്രിൻസിപ്പലും കെ.ടി. രാധാകൃഷ്ണൻ റിട്ട. സ്‌കൂൾ അധ്യാപകനും ഡോ.പി.വി. പുരുഷോത്തമൻ റിട്ട. ഡയറ്റ് ഫാക്കൽട്ടിയുമാണ്.)



Summary: ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒരിടത്തും വിദ്യാഭ്യാസം സൗജന്യമാണെന്ന് പറഞ്ഞിട്ടില്ല. സംവരണത്തെക്കുറിച്ച് ഒരു പരാമർശം പോലുമില്ല. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഒരിടത്തുമില്ല. ഇതിലെ ചില അക്കാദമിക മേമ്പൊടികൾ കണ്ട് ആവേശം കൊള്ളുന്ന വിദഗ്ധരും ലോകോത്തരവിദ്യാഭ്യാസത്തെ കുറിച്ചുള്ള പ്രഘോഷണങ്ങൾ കേട്ട് കൈയടിക്കുന്ന ലിബറൽ വിഭാഗവും പിന്നാക്കക്കാർക്കുള്ള പ്രത്യേകപദ്ധതികളിൽ വിശ്വാസമർപ്പിക്കുന്ന സാധാരണക്കാരും അൽപം കരുതി നിന്നാൽ അവർക്കുകൊള്ളാം. കാരണം ഇതിന്റെ യഥാർഥലക്ഷ്യം അതൊന്നുമല്ല- സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്ന സമീപനങ്ങളുടെ ഗൂഢലക്ഷ്യങ്ങൾ തുറന്നുകാട്ടുകയാണ് വിദ്യാഭ്യാസ വിദഗ്ധർ കൂടിയായ ലേഖകർ


Comments