അവസാന വരിയിലെ അവസാന കുട്ടിയെയും കൂടി പരിഗണിക്കേണ്ടതല്ലേ?

പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികളുടെ അക്കാദമിക അനുരൂപീകരണത്തിനോ ആശയസ്വാംശീകരണത്തിനോ പരിഗണന നൽകാതെയാണ് വിദൂര വിദ്യാഭ്യാസ ക്ലാസുകൾ മുന്നോട്ടുപോകുന്നത്. മൂന്നുമാസമായി വിക്ടേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ക്ലാസുകളിൽ കാഴ്ച- കേൾവി- സംഭാഷണം എന്നിവയിൽ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുകൂടി അനുരൂപീകരണത്തിന് സാധ്യത നൽകേണ്ടതായിരുന്നു. ഓൺലൈൻ ക്ലാസുകളുടെ ഭാഗമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക ആരോഗ്യവും വൈകാരിക സന്തുലനവും ഉറപ്പുവരുത്താനുതകുന്ന ഒരു ഹാപ്പിനസ് കരിക്കുലം അവതരിപ്പിക്കേണ്ട സമയമാണിതെന്ന് എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസറായ ലേഖകൻ

റ്റവും അവസാനത്തെ വരിയിലെ അവസാനത്തെ കുട്ടിയുടെ വിദ്യാഭ്യാസ ലഭ്യതയും, അവസരവും, തുല്യതയും ഉറപ്പുവരുത്തുമ്പോഴാണ് വിദ്യാഭ്യാസം എല്ലാവരയും ഉൾക്കൊള്ളുന്നതായി (Incluisve) തീരുന്നതും, നീതിപൂർവ്വമായ ഒരു സാമൂഹ്യവ്യവസ്ഥയുടെ രൂപപ്പെടലിന് കാരണമായി മാറുന്നതും. കോവിഡ് പ്രതിസന്ധി നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയിൽ അന്തർലീനമായ വിവേചനങ്ങളെയും അവസരമില്ലായ്മകളെയും അസമത്വങ്ങളെയും തുറന്നുകാട്ടി. ഉൾക്കൊള്ളൽ വിദ്യാഭ്യാസം, ഉൾച്ചേർന്ന വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, സംയോജിത വിദ്യാഭ്യാസം എന്നിങ്ങനെ കേരളത്തിൽ വ്യത്യസ്ത പേരുകളിൽ വിളിക്കപ്പെടുന്ന ഇൻക്ലൂസീവ് എഡ്യുക്കേഷനെ സംബന്ധിക്കുന്ന പരിമിതികളും ഇതിൽപ്പെടും.

കേരളത്തിലെ ഉൾക്കൊള്ളൽ വിദ്യാഭ്യാസം ഏതാണ്ട് 25 വർഷം പിന്നിടുമ്പോഴാണ് പൊതുവിദ്യാഭ്യാസത്തിലെയും സ്‌പെഷ്യൽ സ്‌കൂളുകളിലെയും പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികളുടെ അക്കാദമിക അനുരൂപീകരണത്തിനോ (Academic Adaptation), ആശയസ്വാംശീകരണത്തിനോ, പരിഗണന നൽകാതെ വിദൂരവിദ്യാഭ്യാസക്ലാസുകൾ മുന്നോട്ടുപോകുന്നത്.
വിദ്യാഭ്യാസ പ്രക്രിയ ഒന്നാമതായും, രണ്ടാമതായും, മൂന്നാമതായും വിദ്യാർത്ഥിക്ക് വേണ്ടിയുള്ളതാണെന്നിരിക്കെ, മൂന്നുമാസമായി വിക്ടേഴ്‌സിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ക്ലാസ്സുകളിൽ കാഴ്ച- കേൾവി- സംഭാഷണം എന്നിവയിൽ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുകൂടി അനുരൂപീകരണത്തിന് സാധ്യത നൽകേണ്ടതായിരുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി ഭാവനാത്മകമോ, സർഗാത്മകമോ ആയ ഒരു വിദ്യാഭ്യാസപദ്ധതിയും ആവിഷ്‌ക്കരിക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല. സമഗ്രശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങൾക്കായി വൈറ്റ് ബോർഡ് എന്ന പേരിൽ യൂട്യൂബ് ചാനലിൽ ക്ലാസ് നടക്കുന്നുവെങ്കിലും സാമൂഹ്യ- സാമ്പത്തികാവസ്ഥയിൽ പിന്നിൽ നിൽക്കുന്നവരും, ഡിജിറ്റൽ ഗാഡ്ജറ്റുകൾ ലഭ്യമല്ലാത്തവരും, കണക്ടിവിറ്റി ഇല്ലാത്തവരും, പര്യാപ്തമായ ഇന്റർനെറ്റ് ഡാറ്റ ഇല്ലാത്തവരുമായ കുട്ടികളിലേക്ക് അത് എത്തുന്നില്ല. മാത്രമല്ല, സ്‌പെഷ്യൽ സ്‌കൂളുകളിൽ ബ്രെയിൽ- സൈൻ ലാംഗ്വേജ് ഉപയോഗിച്ച് പഠനം നടത്തുന്ന കാഴ്ച ശ്രവണ വൈകല്യമുള്ളവരെ അത് പരിഗണിക്കുന്നില്ല. ഈയൊരു സാഹചര്യത്തിൽ കേരളത്തിലെ ഇൻക്ലൂസീവ് എഡ്യുക്കേഷന്റെ ‘ഉൾക്കൊള്ളൽ' എന്ന ആശയത്തെ സംബന്ധിക്കുന്ന വ്യത്യസ്ത കാഴ്ചപ്പാടുകളും സമീപനങ്ങളും, സൂക്ഷ്മ വിശകലനം ആവശ്യപ്പെടുന്നുണ്ട്.

ഒഴിവാക്കലിൽ നിന്ന് ഉൾക്കൊള്ളലിലേക്ക്

ഇൻക്ലൂഷനും, ഇൻക്ലൂസീവ് എഡ്യുക്കേഷനും ഒരു തുടർപ്രക്രിയയുടെ ഭാഗമായി രൂപപ്പെട്ട ആശയങ്ങളാണ്. ലോകമെങ്ങും പൊതുവിദ്യാഭ്യാസക്രമത്തിൽനിന്ന് പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്യാർത്ഥികളെ മാറ്റി നിർത്തിയിരുന്ന കാലത്തുനിന്നാണ്, വ്യത്യസ്ത രീതികളിലൂടെ ഇന്നത്തെ ഉൾക്കൊള്ളൽ വിദ്യാഭ്യാസത്തിലേക്ക് ലോകം വന്നെത്തിയത്. ഈ പ്രക്രിയയിൽ പ്രധാനമായും നാലുഘട്ടങ്ങൾ കാണാം.
ഒന്ന്: ഒഴിവാക്കൽ (Exclusion)- പൊതുവിദ്യാഭ്യാസമേഖലയിൽനിന്ന് പ്രത്യേക പരിഗണയർഹിക്കുന്നവരെ മാറ്റിനിർത്തിയിരുന്ന ഘട്ടം.
രണ്ട്: വേർതിരിക്കൽ (Segregation) - വിദ്യാഭ്യാസപ്രവർത്തനങ്ങളും പരിപാടികളും പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കായി വേർതിരിച്ചു നടപ്പിലാക്കിയിരുന്ന കാലഘട്ടം.

മൂന്ന്: സംയോജനം (Integration) - സംയോജിത വിദ്യാഭ്യാസപ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും കാലം.
നാല്: ഉൾക്കൊള്ളൽ (Inclusion) - പ്രത്യേക പരിഗണനയർഹിക്കുന്ന എല്ലാ വിഭാഗം കുട്ടികളെയും പൂർണമായും പൊതുവിദ്യാഭ്യാസത്തിൽ ഉൾച്ചേർക്കുകയും അവകാശാധിഷ്ഠിത വിദ്യാഭ്യാസം, വിദ്യാലയം എന്നീ കാഴ്ചപ്പാടുകൾ പ്രസക്തമാവുകയും ചെയ്ത കാലഘട്ടം.
ഉൾക്കൊള്ളൽ നടപ്പിലാക്കി വർഷങ്ങൾ പിന്നിടുമ്പോഴും, ഇൻക്ലൂഷനെ സംബന്ധിക്കുന്ന കാഴ്ചപ്പാടിൽ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയും അധ്യാപകരും എത്ര ജാഗരൂകരാണ് എന്നത് ഗൗരവതരമായ അന്വേഷണ വിഷയമാണ്.

ഇൻക്ലൂസീവ് എജ്യുക്കേഷൻ- കാഴ്ചപ്പാടും സമീപനവും

പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് റഗുലർ കുട്ടികളോടൊപ്പം പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസം നൽകുന്ന സമീപനമാണ് ഇൻക്ലൂസീവ് എജ്യുക്കേഷൻ. ജാതി- മത- വർഗ- സാമൂഹിക-സാമ്പത്തിക- സാംസ്‌കാരിക വ്യത്യാസമോ, വിവേചനമോ ഇല്ലാതെ, പരിഗണനാർഹരായ കുട്ടികൾക്ക് സമപ്രായക്കാർക്കൊപ്പം ഗുണമേന്മാവിദ്യാഭ്യാസം പൂർണമായും ഉറപ്പുവരുത്തണമെന്നതാണ് ലോകമെങ്ങും ഇൻക്ലൂസീവ് എജ്യുക്കേഷനെക്കുറിച്ചുള്ള കാഴ്ചപ്പാട്. തൊണ്ണൂറുകൾക്കുശേഷം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇൻക്ലൂഷനെ സംബന്ധിക്കുന്ന രാജ്യാന്തര നിയമങ്ങൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയുയർത്തി സമ്മേളനങ്ങളും പ്രക്ഷോഭങ്ങളും നടന്നിരുന്നു. 1994-ൽ സ്‌പെയിനിൽ നടന്ന ഷാലമാൻക സ്റ്റേറ്റ്‌മെന്റ് ആന്റ് ഫ്രെയിംവർക്ക് ഫോർ ആക്ഷൻ, 2002-ലെ മില്ലേനിയം ഫ്രെയിംവർക്ക് ഫോർ ആക്ഷൻ ടുവാർഡ്‌സ് ആൻ ഇൻക്ലൂസീവ് ബാരിയർ ഫ്രീ ആന്റ് റൈറ്റ്‌സ് ബേസ്ഡ് സൊസൈറ്റി എന്നിവയെല്ലാം ഉൾച്ചേരൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രാജ്യാന്തര നിയമനിർമാണങ്ങളായിരുന്നു. 2006-ലാണ് ഐക്യരാഷ്ട്രസഭ കൺവൻഷൻ ഓൺ ദ റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസ്എബിലിറ്റീസ് (CRPD) വിളിച്ചു ചേർക്കുന്നത്.

പ്രസ്തുത സമ്മേളനത്തിന്റെ ഭാഗമായി അംഗീകരിച്ച രേഖയുടെ Article 24 ഇൻക്ലൂസീവ് എജ്യുക്കേഷനെക്കുറിച്ച് സൂചിപ്പിക്കുന്നതിങ്ങനെയാണ്: a) Persons with disabilities are not excluded from the general education system on the basis of disability, and that children with disabilities not excluded from free and compulsory primary education, or from secondary education, on the basis of disability.
b) Persons with disabilities can access an inclusive, quality and free primary education and secondary education on an equal basis with others in the communities which they live.
c) Reasonable accommodation of the individual’s requirements is provided.
d) Persons with disabilities receive the support required, within the general education system, to facilitate their effective education.
e) Effective individualized support measures are provided in environments that maximize academic and social development, consistent with the goal of full inclusion.

ഇൻക്ലൂഷനെ സംബന്ധിച്ച യു.എൻ പ്രഖ്യാപനത്തിനുശേഷമാണ് ലോകമെങ്ങും സ്‌പെഷ്യൽ എജ്യുക്കേഷന്റെ ഭാഗമായി നടന്നുവന്നിരുന്ന പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉൾച്ചേർക്കപ്പെട്ടത്. ഇൻക്ലൂസീവ് എജ്യുക്കേഷനാവശ്യമായ ഭൗതികവും, സാമൂഹ്യവും, വിദ്യാഭ്യാസപരവുമായ അനുരൂപീകരണ (Adaptation) ആവശ്യകതകളും, സമീപനങ്ങളും, സൗകര്യങ്ങളും യു.എൻ. ഡോക്യുമെന്റ് വിശദമാക്കുന്നുണ്ട്. മാത്രമല്ല, പരിഗണിക്കപ്പെടുന്നതിലൂടെയും അനുകൂല സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതിലൂടെയും ഓരോ കുട്ടിയുടെയും സമഗ്രവികാസമാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നതെന്നും യു.എൻ. ഡോക്യുമെന്റ് വ്യക്തമാക്കുന്നു.

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരും, കാഴ്ച- കേൾവി പ്രശ്‌നങ്ങളുള്ളവരും, പഠനവൈകല്യങ്ങളുള്ളവരുമായ കുട്ടികളെ പൊതുവിദ്യാലയങ്ങളുമായി സംയോജിപ്പിക്കണമെന്ന കാഴ്ചപ്പാട് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് 1964-66 ലെ കോത്താരി കമീഷൻ റിപ്പോർട്ടിലാണ്. തുടർന്ന് 1974-ലെ ഇന്റേഗ്രറ്റഡ് എഡ്യുക്കേഷൻ ഫോർ ഡിസ്ഏബിൾഡ് ചിൽഡ്രൻ, 1986ലെ ദേശീയ വിദ്യാഭ്യാസനയം, 1986 ലെ തന്നെ പ്രൊജക്ട് ഓൺ ഇന്റേഗ്രറ്റഡ് എജ്യുക്കേഷൻ ഫോർ ഡിസ്ഏബിൾഡ് (PIED), 2005-ലെ പേഴ്‌സൺസ് വിത്ത് ഡിസ്എബിലിറ്റീസ് ആക്ട് (PWD Atc), 2009-ലെ ദേശീയ വിദ്യാഭ്യാസാവകാശ നിയമം, 2016-ലെ RPWD Atc എന്നിവയെല്ലാം പ്രത്യേക പരിഗണനയർഹിക്കുന്നവരുടെ ഭൗതിക- സാമൂഹ്യ- അക്കാദമിക അനുരൂപീകരണവും (Physical Social Academic Adaptation) ലക്ഷ്യമാക്കിയ പ്രധാന നിയമനിർമാണങ്ങളാണ്.
1995-ലെ PWD Act പ്രത്യേക പരിഗണന ആവശ്യമായ വിദ്യാർത്ഥികളുടെ പങ്കാളിത്തം (Participation), അവസരം (Provision), സംരക്ഷണം (Protection) എന്നിവ ഇൻക്ലൂഷനിലൂടെ ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പ്രത്യേക പരിഗണന ആവശ്യമുള്ളവരായി ഏഴ് വിഭാഗങ്ങളെയാണ് ആക്ട് പരിഗണിച്ചിരുന്നതെങ്കിൽ 2016-ലെ RPWD Act-ൽ 14 പുതിയ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി 21 വിഭാഗങ്ങളായി വിപുലീകരിക്കുകയുണ്ടായി.

2009-ലെ വിദ്യാഭ്യാസാവകാശ നിയമം സൗജന്യ നിർബന്ധിത വിദ്യാഭ്യാസം എന്നു സൂചിപ്പിക്കുന്നത് പ്രത്യേക പരിഗണനയർഹിക്കുന്നവരുടെ മൗലികാവകാശത്തെക്കൂടിയാണ്. Ensure that the child belonging to weaker section and the child belonging to disadvantaged group are not discriminated against and prevented from pursuing and completing elementary education on any grounds.

ഇൻക്ലൂസീവ് എജ്യുക്കേഷനെ സംബന്ധിക്കുന്ന ഒഫീഷ്യൽ ഡോക്യുമെന്റുകളിലും, റിപ്പോർട്ടുകളിലും സൂചിപ്പിക്കുന്ന വിപുലമായ നിർദ്ദേശങ്ങൾക്കും കാഴ്ചപ്പാടുകൾക്കുമപ്പുറം, പ്രായോഗികമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫീൽഡ് തലത്തിൽ എന്താണ് സംഭവിക്കുന്നതെന്ന അന്വേഷണം അനിവാര്യമാണ്. ഇൻക്ലൂസീവ് എജ്യു ക്കേഷൻ സാമൂഹ്യമായ അനുരൂപീകരണത്തിന്റെ സാധ്യതകൾ കുറെയൊക്കെ തുറന്നിടുന്നുണ്ടെങ്കിലും ഭൗതികവും (Physical) അക്കാദമികവുമായ അനുരൂപീകരണം എത്രത്തോളം നടക്കുന്നുണ്ട് എന്ന അന്വേഷണം ആവശ്യമല്ലേ? സാമൂഹിക- സാംസ്‌കാരിക പിന്നാക്കാവസ്ഥയും, ശാരീരികവും ബുദ്ധിപരവും വൈകാരികവുമായ വെല്ലുവിളികളും നേരിടുന്നവർക്കൊപ്പം അസാമാന്യ ബുദ്ധിസാമർത്ഥ്യവും സർഗാത്മകതയും പ്രതിഭയും പ്രകടിപ്പിക്കുന്നവരെ കൂടി ഉൾപ്പെടുത്തണമെന്ന സമീപനത്തിന്റെ ശാസ്ത്രീയ യുക്തിയും, ഇൻക്ലൂസീവ് വിഭാഗത്തിലെ ഓരോരുത്തരുടെയും പ്രത്യേകതകളും സങ്കീർണതകളും സൂക്ഷ്മമായി പരിഗണിക്കാനും ഉൾക്കൊള്ളാനും റഗുലർ വിദ്യാഭ്യാസത്തിന് കഴിയുന്നുണ്ടൊയെന്ന അന്വേഷണവും, പൊതുവിദ്യാഭ്യാസക്രമത്തിന്റെ ഘടനയും കരിക്കുലവും അധ്യാപകരും ഇൻക്ലൂഷൻ ഉയർത്തുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ ഭരണപരവും അക്കാദമികവുമായി സജ്ജരാണോ എന്ന ചോദ്യവുമുൾപ്പെടെ പരിഗണിക്കാതെ, ഇൻക്ലൂസീവ് എജ്യുക്കേഷൻ ഉയർത്തുന്ന പ്രതിസന്ധികളെയും സങ്കീർണതകളെയും മുറിച്ചുകടക്കാനാവില്ല.

ബോധനശാസ്ത്രത്തിലെ മാറ്റവും സ്‌കൂൾ നിർമിതികളും

‘പുതിയ സ്‌കൂൾ ടോട്ടോചാന്റെ ഹൃദയത്തെ കീഴടക്കിക്കളഞ്ഞിരുന്നു. എന്നും സ്‌കൂളിൽ വരണം. അവധിയേ വേണ്ട. ആ സ്‌കൂളിലെ ക്ലാസ്സ് മുറികൾക്കുമുണ്ടായിരുന്നു പ്രത്യേകതകൾ. ട്രെയിനിന്റെ രൂപത്തിലായിരുന്നു അവിടെയുള്ള ക്ലാസ്സ് മുറികൾ. അതായിരുന്നു ടോട്ടോയെ ആദ്യമായി ആകർഷിച്ചതും. അവളതിന് തീവണ്ടിപ്പള്ളിക്കൂടം എന്നു പേരിട്ടു.'
ബോധനശാസ്ത്രസമീപനങ്ങളിൽ വലിയ മാറ്റങ്ങൾക്കു തുടക്കംകുറിച്ച കൊബയാഷി മാസ്റ്ററുടെ ടോമോ എന്ന വിദ്യാലയത്തെക്കുറിച്ചുള്ള നിരീക്ഷണമാണിത്. തെത്സുകോ കുറിയോനഗിയുടെ ‘ടോട്ടോചാൻ' ലോകമെങ്ങുമുള്ള വിദ്യാഭ്യാസ പ്രവർത്തകരുടെ പാഠപുസ്തകങ്ങളിലൊന്നാണല്ലോ. രണ്ടാംലോകയുദ്ധത്തിലെ അമേരിക്കൻ ബോംബാക്രമണത്തിൽ ടോമോ കത്തിയമർന്നെങ്കിലും അത് മുന്നോട്ടുവെച്ച പുതിയ ബോധന സമീപനങ്ങൾ ലോകമെങ്ങും എത്തി. പഠനരീതികൾ മാത്രമല്ല, സ്?കൂൾനിർമിതിയും വ്യത്യസ്തവും ആകർഷവും വിദ്യാർത്ഥി സൗഹൃദപരവുമാവണമെന്ന ചിന്തയാണ് കൊബായാഷി മാസ്റ്റർ മുന്നോട്ടുവച്ച നവീന സങ്കൽപങ്ങളുടെ അടിസ്ഥാനം. ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പോലും സ്‌കൂളും ക്ലാസ് മുറികളും വിനിമയ പ്രക്രിയയ്ക്കുതകുന്നതാവണമെന്ന ചിന്ത വിദ്യാഭ്യാസപ്രവർത്തകർക്കുണ്ടായിരുന്നു. തൊണ്ണൂറുകളിൽ കേരളത്തിലേക്കു വന്ന ബോധനശാസ്ത്രപരമായ മാറ്റങ്ങളും മാറിയ സമീപനങ്ങളും അന്നും പിൽക്കാലത്തും നമ്മുടെ സ്‌കൂൾ നിർമിതികളിൽ കാര്യമായി പ്രതിഫലിക്കുകയുണ്ടായില്ല. കെട്ടിടങ്ങളെ പഠനോപകരണമാക്കി മാറ്റുക (Building as a Learning Aid- BALA) യെന്ന കാഴ്ചപ്പാടുകളൊക്കെ തുടക്കത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് ചർച്ച ഏറെ മുന്നോട്ടുപോയില്ല. സ്‌കൂൾ കെട്ടിടങ്ങളുടെ ഘടനയിലോ, ക്ലാസ് റൂമുകളുടെ സ്വഭാവത്തിലോ ഈസ്‌തെറ്റിക്‌സിലോ ഇപ്പോഴും കാര്യമായ മാറ്റമുണ്ടായിട്ടില്ല.

പൊതുവിദ്യാഭ്യാസ സംരക്ഷണയം സ്‌കൂൾ നിർമിതികളുടെ പരമ്പരാഗതവും ഏകതാനവും യാന്ത്രികവുമായ ‘ഫാക്ടറി മോഡൽ' ഘടനയെ പുനർനിർവചിക്കാനും പുതുക്കിപ്പണിയാനും, ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിനുതകുന്ന നവീന ആർക്കിടെക്ചറൽ മാതൃകകൾ അവതരിപ്പിക്കാനുമുള്ള വലിയൊരു സാധ്യതയായിരുന്നു. ഒറ്റപ്പെട്ട ചില ശ്രമങ്ങൾ ഉണ്ടായെങ്കിലും അവയൊന്നും പുതിയ ബോധന സമീപനങ്ങൾക്കനുസൃതമോ, ഇൻക്ലൂഷനെ അക്ഷരാർത്ഥത്തിൽ പരിഗണിക്കുന്നതോ ആയി മാറിയില്ല. ഏതാനും റാംപുകളും അഡാപ്റ്റഡ് ടോയ്‌ലറ്റുകളും 30ഃ20 അനുപാതത്തിലുള്ള ക്ലാസ്മുറികളും മാറ്റി നിർത്തിയാൽ എൻജിനീയറിംഗ് പ്ലാൻ അക്കാദമികമായ ആർക്കിടെക്ചർ പ്ലാൻ ആയി മാറിയില്ല. സച്ചിദാനന്ദൻ എഴുതിയ ‘നന്നങ്ങാടികളുടെ മുഖച്ഛായയുള്ള ക്ലാസ് മുറികളി'ലേക്കുതന്നെ വീണ്ടും അധ്യാപകരെയും കുട്ടികളെയും അത് കൂട്ടിക്കൊണ്ടുപോയി. കേന്ദ്രീകൃതമായി തയ്യാറാക്കുന്ന സ്കൂൾ പ്ലാനുകൾ സ്‌കൂളിന്റെ ലാൻഡ്‌സ്‌കേപ്പിനെയോ, ഭൗതിക ഘടനയേയോ, അടിസ്ഥാന- അക്കാദമിക ആവശ്യകതയെയോ പരിഗണിച്ചില്ല. നിർമിതികൾ ഒട്ടും പരിസ്ഥിതി സൗഹൃദപരമായതുമില്ല. RTE മുന്നോട്ടുവച്ച സ്‌കൂൾ വികസനപദ്ധതിയുടെ ഭാഗമായി ഓരോ സ്‌കൂളും തയ്യാറാക്കേണ്ട ഭൗതിക സൗകര്യങ്ങളുടെ മാസ്റ്റർപ്ലാൻ കേന്ദ്രീകൃതമായി സ്‌കൂളുമായും അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത ഏജൻസികൾ തയ്യാറാക്കിയതിന്റെ ദുര്യോഗം കൂടിയാണിത്. സ്‌കൂളുകൾ തയ്യാറാക്കേണ്ട മൂന്ന് ഏകവർഷ പ്ലാനുകളടങ്ങിയ ത്രിവഝര പദ്ധതിയെക്കുറിച്ചുള്ള RTE വ്യവസ്ഥ ഇങ്ങനെയാണ്: ‘ഓരോ ഇനത്തിൻ കീഴിലെയും സ്‌കൂളിന്റെ ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ടും വിദ്യാർത്ഥി സൗഹൃദവും, പരിസ്ഥിതി സൗഹാർദ്ദവുമായ നിർമാണ സങ്കൽപ്പങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടും വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ടും സ്‌കൂളിനുവേണ്ടി ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കണം.'

പ്രവർത്തനാധിഷ്ഠിത- പ്രക്രിയാബന്ധിത പഠനരീതിയിൽ ക്ലാസ് മുറികൾക്കുള്ള പ്രാധാന്യവും, ഇൻക്ലൂഷന്റ സാധ്യതകളും സ്‌കൂളുകളുടെയും പ്രാദേശിക സമൂഹത്തിന്റെയും ആവശ്യകതകളും പരിഗണിച്ച്, വികേന്ദ്രീകൃതമായി തയ്യാറാക്കേണ്ടവയാണ് സ്‌കൂൾ മാസ്റ്റർപ്ലാൻ എന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്‌ക്കേണ്ട ഒന്നായിരുന്നു. ഓരോ സ്‌കൂളും തനതായ ഒരു സാമൂഹിക- സാംസ്‌കാരിക- ജൈവ വ്യവസ്ഥയാണ് എന്ന ചിന്തയാണ് ഇതിലുണ്ടാവേണ്ടത്. എന്നാൽ മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഏജൻസികളുടെ സ്‌കൂൾ നിർമിതികളെ സംബന്ധിക്കുന്ന കാഴ്ച്ചപ്പാടില്ലായ്മയും, ഏകോപനമില്ലായ്മയും, ദീർഘവീക്ഷണമില്ലായ്മയും മോണിറ്ററിംഗിന്റെ സഹജമായ ദൗർബല്യങ്ങളും കേരളത്തിൽ നിർബന്ധമായും ഉണ്ടാവേണ്ടിയിരുന്ന ഒരു ബദൽ സ്‌കൂൾ നിർമാണസാധ്യതകളെയാണ് പാടെ ഇല്ലാതാക്കിക്കളഞ്ഞത്. പരമ്പരാഗത നിർമാണ സങ്കേതങ്ങളും, അടിസ്ഥാനസൗകര്യങ്ങളും, ഒട്ടും അഡാപ്റ്റഡ് അല്ലാത്ത ടോയ്‌ല റ്റുകളും ഫർണീച്ചറും, ഭിന്നശേഷി സൗഹൃദപരമല്ലാത്ത കാറ്റും വെളിച്ചവും കടക്കാത്ത ക്ലാസ്​ മുറികളും, സ്‌കൂൾ ഘടനയും അന്തർദേശീയ നിലവാരത്തിലേക്കുള്ള നമ്മുടെ യാത്രയെ തടസ്സപ്പെടുത്താതിരിക്കണമെങ്കിൽ, നിർമിതികളിൽ പൊളിച്ചെഴുത്തിന് നാം തയ്യാറാകണം. ലാറി ബേക്കറും, ആർക്കിടെക്ട് ശങ്കറും, നിർമിതികേന്ദ്രവും, കോസ്റ്റ് ഫോർഡുമെല്ലാവതരിപ്പിച്ച വ്യത്യസ്തവും, ആകർഷവും പരിസ്ഥിതി സൗഹൃദ പരവുമായ കെട്ടിടനിർമാണ സങ്കൽപങ്ങൾ നമ്മുടെ മുന്നിലുണ്ടല്ലോ.

നമുക്കൊരു ഇൻക്ലൂസീവ് എജ്യൂക്കേഷൻ നയം ആവശ്യമല്ലേ?

ദേശീയതലത്തിലോ, സംസ്ഥാനതലത്തിലോ ഇൻക്ലൂസീവ് എജ്യുക്കേഷനെ സംബന്ധിക്കുന്ന സമഗ്ര നയം രൂപീകരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. നിലവിലെ വിദ്യാഭ്യാസ സംവിധാനങ്ങൾക്കുള്ളിലേക്ക് എങ്ങനെ കുട്ടിയെ ഉൾച്ചേർക്കാം എന്ന ചിന്തയാണ് ഉൾക്കൊള്ളൽ വിദ്യാഭ്യാസത്തെ സംബന്ധിച്ച നമ്മുടെ സമീപനങ്ങളെയാകെ നയിക്കുന്നത്. മറിച്ച് പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടിക്ക് സംവിധാനങ്ങൾ രൂപീകരിയ്ക്കുകയും ഫലപ്രദമായി അഡാപ്റ്റ് ചെയ്യണമെന്നതുമല്ല. ഈയൊരു കാഴ്ചപ്പാട് സൃഷ്ടിക്കുന്ന സങ്കീർണതകളാണ് കേരളത്തിലെ ഇൻക്ലൂസീവ് എഡ്യൂക്കേഷനെ സംബന്ധിക്കുന്ന പ്രധാന വെല്ലുവിളി.

പ്രത്യേക ശ്രദ്ധയും പരിഗണനയും സഹായവും ലഭ്യമാക്കേണ്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കേരളത്തിൽ രണ്ടുതരം സംവിധാനങ്ങളുണ്ട്.
ഒന്ന്: ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം
രണ്ട്: പ്രത്യേക വിദ്യാഭ്യാസം (Special Education)
റഗുലർ വിദ്യാലയങ്ങളിലെ ഉൾക്കൊള്ളൽ വിദ്യാഭ്യാസം സാമൂഹീകരണത്തിന്റെയും സാമൂഹ്യമായ അനുരൂപീകരണത്തിന്റെയും ആത്്മവിശ്വാസത്തോടെയുള്ള ഇടപെടലുകളുടെയും സാധ്യതകൾ തുറന്നിടുന്നുവെങ്കിലും, ഭൗതികവും അക്കാദമികവുമായ അനുരൂപീകരണത്തിന് എത്ര ഉപയുകതമാണ് എന്ന ചോദ്യം പ്രസകതമാണ്. പ്രത്യേക വിദ്യാഭ്യാസം കുട്ടിയുടെ സാമൂഹികവും വൈകാരികവുമായ വികാസത്തെ ചുരുക്കുന്നുവെന്ന നിരീക്ഷണങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഇൻക്ലൂസീവ് എഡ്യൂക്കേഷനും സ്‌പെഷ്യൽ എഡ്യൂക്കേഷനും സമാന്തര രേഖകളായി സഞ്ചരിക്കുന്നത് ഇൻക്ലൂഷനെ സംബന്ധിക്കുന്ന ശാസ്ത്രീയ സമീപനമല്ല. ഉൾക്കൊള്ളൽ വിദ്യാഭ്യാസത്തിനൊപ്പം സ്‌പെഷ്യൽ സ്‌കൂളുകളും തുടരുന്ന സാഹചര്യത്തിൽ ഇവയ്ക്കിടയിലുള്ള കൊടുക്കൽ വാങ്ങലുകൾക്കുതകുന്ന കോംപ്ലിമെന്ററി ഇൻസ്റ്റിറ്റിയൂഷനുകളുടെ സാധ്യത പരിഗണിക്കേണ്ടതല്ലേ?

ഇൻക്ലൂസീവ് വിദ്യാഭ്യാസത്തെപ്പറ്റിയുള്ള കൃത്യവും വ്യക്ത​വുമായ ധാരണ ഇപ്പോഴും അധ്യാപകർക്കില്ല. പഠനപ്രവർത്തനങ്ങളിലെ അനുരൂപീകരണമെങ്ങനെയാണ് നടക്കേണ്ടതെന്നുമുള്ള സംശയങ്ങൾ തീർന്നിട്ടുമില്ല. പ്രീസർവീസ്, ഇൻസർവീസ് കോഴ്‌സുകളിൽ ഇൻക്ലൂസീവ് എജ്യുക്കേഷനുമായി ബന്ധപ്പെട്ട മൊഡ്യൂളുകൾ പഠനവിഷയമെങ്കിലും അനുഭവാധിഷ്ഠിതമായി വിനിമയം ചെയ്യപ്പെടുന്നില്ല. അധ്യാപക പരിശീലനങ്ങളിൽ ഏറ്റവും ദുർബലമായും, അലസമായും കൈകാര്യം ചെയ്യപ്പെടുന്ന മൊഡ്യൂളുകളിലൊന്ന് ഇൻക്ലൂസീവ് എജ്യുക്കേഷ​േൻറ തായിരിക്കും. പരിശീലനം ലഭിച്ച സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനം പ്രൈമറി ക്ലാസ്സുകളിൽ ലഭ്യമാണെങ്കിലും അവർ ഏതെങ്കിലും ഒരു മേഖലയിൽ വൈദഗ്ധ്യം നേടിയവരായിരിക്കും. ഉദാ: മെന്റലി റിറ്റാർഡഡ് മേഖലയിൽ സ്‌പെഷ്യൽ െട്രയിനിംഗ് നേടിയ അധ്യാപികക്ക് വിഷ്വലി ഇംപയേർഡ് (V.I), ഹിയറിംഗ് ഇംപയേർഡ് (H.I) ആയ കുട്ടികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയണമെന്നില്ല. ക്ലാസ്​മുറിയിൽ മറ്റ് വിഷയമേഖലയിലെ അധ്യാപകർക്കൊപ്പം പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ അഡാപ്‌റ്റേഷനുമായി ബന്ധപ്പെട്ടാണ് റിസോഴ്‌സ് അധ്യാപകർ പ്രവർത്തിക്കേണ്ടത്. ഓൺ സൈറ്റ് സപ്പോർട്ട് സിസ്റ്റമാണ് ഒരുക്കേണ്ടത്. പാഠഭാഗങ്ങളെ കസ്റ്റമൈസ് ചെയ്ത് അവതരിപ്പിക്കേണ്ടത് റിസോഴ്‌സ് അധ്യാപകരാണ്. പൊതുഅധ്യാപകരും റിസോഴ്‌സ് അധ്യാപകരും ചേർന്ന ടീം ടീച്ചിംഗിന്റെ സാധ്യതകൾ ക്ലാസ്​മുറിയിൽ അവതരിപ്പിക്കുമ്പോഴാണ് അഡാപ്‌റ്റേഷൻ ഫലപ്രദമാകുന്നത്. ഇൻക്ലൂഷൻ നടപ്പിലാക്കാൻ ശ്രമിച്ച രാജ്യങ്ങളിലെല്ലാം ക്ലാസ്​മുറികളിലെ ഭൗതികസൗകര്യങ്ങൾക്കൊപ്പം റിസോഴ്‌സ് അധ്യാപകരുടെ സേവനവും ലഭ്യമാക്കാറുണ്ട്. എന്നാൽ ഇവിടെ പലപ്പോഴും പ്രത്യേക ക്ലാസ്​മുറിയിൽ കൊണ്ടുപോയി ഭിന്നശേഷിയുള്ള കുട്ടികൾക്ക് ക്ലാസെടുക്കുന്നത് ഇൻക്ലൂഷൻ എന്ന കാഴ്ചപ്പാട് ഫീൽഡ്തലത്തിൽ പരാജയപ്പെടുന്നതിനിടയാക്കുന്നുണ്ട്. ഹൈസ്‌കൂൾ- ഹയർ സെക്കന്ററി ക്ലാസുകളിൽ ഉൾച്ചേർന്ന വിദ്യാഭ്യാസ സാധ്യതകൾ തീരെ പരിമിതമാണെന്ന സാഹചര്യവും നിലനിൽക്കുന്നു.

പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾ ഇപ്പോഴും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഇന്റേഗ്രറ്റഡ് എഡ്യൂക്കേഷൻ ഫോർ ഡിസേബിൾഡ് (IED) എന്ന പേരിലാണ് സംബോധന ചെയ്യപ്പെടുന്നത്. നാമിപ്പോഴും ഇന്റഗ്രേഷനിൽ നിൽക്കുന്നുവെന്നും, ഇൻക്ലൂഷനിലേക്ക് എത്തിച്ചേർന്നിട്ടില്ലായെന്നുമാണ് ഈ പ്രയോഗത്തിന്റെ ഭരണപരവും, അക്കാദമികവുമായ വ്യാപക ഉപയോഗത്തിലൂടെ വ്യക്തമാകുന്നത്. അധ്യാപക പരിശീലനങ്ങളിലും പരീക്ഷാക്യാമ്പുകളിലുമെല്ലാം ഔദാര്യമെന്ന നിലയിലോ, സഹതാപമർഹിക്കുന്നവർ എന്ന നിലയിലോ, ചാരിറ്റി പ്രവർത്തനമെന്ന നിലയിലോ ഇൻക്ലൂസീവ് എജ്യൂക്കേഷനെ സമീപിക്കുന്നത് വിദ്യാഭ്യാസ പ്രക്രിയയിലെ സെൻസിറ്റിവിറ്റിയില്ലായ്മയും അവകാശങ്ങളുടെ ലംഘനവും ഭിന്നശേഷിയുള്ളവരുടെ മനുഷ്യാവകാശ ലംഘനവുമാണ് എന്ന് നമ്മെ ആരാണ് ഓർമിപ്പിക്കേണ്ടത്?

Students in Ghana in a parade for inclusive education

10 മുതൽ 4 വരെയുള്ള നിലവിലുള്ള ദീർഘമായ സ്‌കൂൾ സമയവും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളിൽ സംഘർഷത്തിനിടയാക്കുന്നുണ്ട്. ഇൻക്ലൂസീവ് എജ്യൂക്കേഷനുമായി ബന്ധപ്പെട്ട കസ്റ്റമൈസ് ചെയ്യപ്പെട്ട പാഠപുസ്തകങ്ങളുടെയും പഠന സാമഗ്രികളുടെയും പഠനോപകരണങ്ങളുടെയും മറ്റ് അനുരൂപീകരണ ഘടകങ്ങളുടെയും അഭാവം ഇൻക്ലൂഷന്റെ അക്കാദമിക് അനുരൂപീകരണത്തിന് തടസ്സമാവുന്നുണ്ട്. എസ്.എസ്. എ., എസ്.സി.ഇ.ആർ.ടി. എന്നിവ ഇക്കാര്യത്തിൽ ചില ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അവ പര്യാപ്തമാണെന്ന അഭിപ്രായം, അധ്യാപകർക്കും കുട്ടികൾക്കുമില്ല എന്നാണ് മനസ്സിലാവുന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് ഉൾച്ചേർക്കപ്പെട്ട കുട്ടികൾക്ക് സവിശേഷ ശ്രദ്ധയോ, പരിഗണനയോ ലഭിക്കുന്നില്ല എന്നും വിമർശനങ്ങളുയരുന്നു. പ്രത്യേക പരിഗണനയാവശ്യമുള്ളവർക്കായി ഒക്യുപ്പേഷണൽ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ആംഗ്യഭാഷാ പരിശീലനം, ബ്രെയിൽ പരിശീലനം എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഉൾച്ചേരൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ലഭിക്കുന്നില്ല. ഇക്കാരണങ്ങളാൽ പൊതുവിദ്യാലയങ്ങളിൽനിന്ന് സ്‌പെഷ്യൽ സ്‌കൂളുകളിലേക്കുപോവുന്ന കുട്ടികളുടെ എണ്ണം കൂടി വരുന്നത് ഉൾക്കൊള്ളൽ എന്ന സങ്കൽപ്പത്തെതന്നെ റദ്ദാക്കിക്കളയാനിടയുണ്ട്. ഭൗതിക ഘടകങ്ങളും സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സേവനവും, ഓരോ കുട്ടിയ്ക്കും ലഭിക്കുന്ന പ്രത്യേക പരിഗണനയും രക്ഷിതാക്കളെ സ്‌പെഷ്യൽ സ്‌കൂളുകളിലേക്കാകർഷിക്കുന്നുണ്ട്. പൊതുവിഭാഗത്തിലെ കുട്ടികൾ കൂടുതൽ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതിനായി സ്‌പെഷ്യൽ സ്‌കൂളുകളിലേയ്ക്കു പോവുന്ന 'റിവേഴ്‌സ്' ഇൻക്ലൂഷൻ പോലും ചിലയിടങ്ങളിൽ സംഭവിക്കുന്നുണ്ട്.

റിസോഴ്‌സ് അധ്യാപകരുടെ പ്രതിസന്ധികൾ

റീഹാബിലറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരം അഞ്ചിൽ കൂടുതൽ കുട്ടികളുള്ള സ്‌കൂളിൽ ഒരു റിസോഴ്‌സ് അധ്യാപകൻ ഉണ്ടാവണമെന്നാണ് നിർദ്ദേശം. കേരളത്തിലെ ഒമ്പതിനായിരത്തിലധികം സ്‌കൂളുകളിലെ 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ ഒരു ലക്ഷത്തിൽപ്പരം പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കായി എണ്ണൂറോളം റിസോഴ്‌സ് അധ്യാപകർ മാത്രമാണുള്ളത്. അധ്യാപക- വിദ്യാർത്ഥി അനുപാതം പരിശോധിക്കുകയാണെങ്കിൽ 120:1 എന്നതാണ് കണക്ക്. ഒരു അധ്യാപകന് പത്തോ, പതിനഞ്ചോ സ്‌കൂളുകളിലെ വ്യത്യസ്ത പഠനപ്രശ്‌നങ്ങളും, പ്രതിസന്ധികളും നേരിടുന്ന കുട്ടികളെ പരിഗണിയ്ക്കുകയും പരിഹാരബോധനം നിർദ്ദേശിക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ടാവുന്നുണ്ട്. സർവേ നടത്തുക, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക, പരിഹാരബോധനം നിർദ്ദേശിക്കുക, പഠനോപകരണങ്ങൾ ഒരുക്കുക, പരിശീലനങ്ങൾ സംഘടിപ്പിക്കുക, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുക എന്നിങ്ങനെ യുള്ള സങ്കീർണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതല എണ്ണത്തിൽ കുറവായ റിസോഴ്‌സ് അധ്യാപകരുടേതാണ്. ഇൻക്ലൂസീവ് എജ്യുക്കേഷൻ നടപ്പിലായി ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും റിസോഴ്‌സ് അധ്യാപകരുടെ ഒരു തസ്തികയെങ്കിലും ഓരോ സ്‌കൂളിലും സൃഷ്ടിക്കാൻ കഴിയാത്തത് അക്കാദമിക് അനുരൂപീകരണ പ്രക്രിയയെ സംബന്ധിച്ച നമ്മുടെ മനോഭാവത്തിന്റെ തെളിവാണ്. അധ്യാപരുടെ തൊഴിൽപ്രശ്‌നം എന്ന രീതിയിലല്ലാതെ അക്കാദമിക അനിവാര്യത എന്ന നിലയിൽ ഈ വിഷയം പരിഗണിക്കേണ്ടതുണ്ട്. ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള ഇപ്പോഴത്തെ റിസോഴ്‌സ് അധ്യാപകനിയമനങ്ങൾ ഓരോ സ്‌കൂളിലെയും വ്യത്യസ്ത പഠനപ്രശ്‌നങ്ങളും സങ്കീർണ വെല്ലുവിളികളും നേരിടുന്നവരെ പ്രത്യേകമായും സവിശേഷമായും പരിഗണിക്കുന്നതിന് തടസമാവുന്നു. വിദ്യാഭ്യാസ വ്യവസ്ഥയുടെയും സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് കുറേക്കൂടി പോസിറ്റീവായ നിലപാടുകൾ റിസോഴ്‌സ് അധ്യാപകരോട് ഉണ്ടാവേണ്ടതുണ്ട്.

കോവിഡും പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളും

വിദ്യാലയങ്ങൾ അടച്ചിട്ട വേളയിൽ, പൊതുവിഭാഗത്തിലെ കുട്ടികൾ നേരിടുന്ന മാനസിക- വൈകാരിക വെല്ലുവിളികളും അസ്വസ്ഥതകളും പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയിലും പരിഗണനയിലുമുള്ള കാര്യങ്ങളാണ്. എന്നാൽ ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ, പ്രത്യേകിച്ച് കേൾവിക്കുറവ്, കാഴ്ചപരിമിതി, ബുദ്ധിപരമായ പരിമിതി, ചലന പരിമിതി, ഓട്ടിസം, സെറിബ്രൽ പാൾസി, ശ്രദ്ധാപരവും വൈകാരികവുമായ പ്രശ്‌നങ്ങൾ നേരിടുന്നവർ, ഗോത്രവിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികളുടെ മക്കൾ, സ്ഥിരമായ താമസസൗകര്യം ഇല്ലാത്തവർ, അഭയാർത്ഥി വിഭാഗങ്ങൾ, മറ്റു പലതലങ്ങളിലുമുള്ള വിവേചനം നേരിടുന്നവർ എന്നിവരെല്ലാം കടുത്ത ശാരീരിക- മാനസിക വൈകാരിക സംഘർഷങ്ങൾ നേരിടുകയും സമ്മർദ്ദങ്ങൾ അനുഭവിക്കുകയും ചെയ്യുന്നുണ്ട്.

കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളും അസ്വസ്ഥതകളും മാതാപിതാക്കളിലേക്കും കുടുംബാന്തരീക്ഷത്തിലേക്കും വ്യാപിക്കുന്നുണ്ട്. വിദ്യാഭ്യാസവകുപ്പിന്റെ സവിശേഷശ്രദ്ധയും, അടിയന്തിര ഇടപെടലും ഉണ്ടാവേണ്ട മേഖലയാണിത്. ഓൺലൈൻ ക്ലാസുകളുടെ ഭാഗമായി കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസിക ആരോഗ്യവും വൈകാരിക സന്തുലനവും ഉറപ്പുവരുത്താനുതകുന്ന ഒരു ഹാപ്പിനസ് കരിക്കുലം അവതരിപ്പിക്കേണ്ട സമയമാണിത്. പ്രത്യേക പരിഗണന ആവശ്യമായ ഓരോ കുട്ടിയേയും ഉൾക്കൊള്ളാതെ വിദ്യാഭ്യാസത്തിൽ പുലരേണ്ട അവകാശാധിഷ്ഠിത സമീപനവും ഭിന്നശേഷി സൗഹൃദ നിലപാടുകളും നമുക്ക് ഉറപ്പുവരുത്താനാവില്ല.
ഉൾച്ചേർന്ന വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന സമീപനങ്ങൾ ട്രെയിനിംഗ് സെന്ററുകളിലെയും, കോളേജുകളിലേയും, അധ്യാപക- വിദ്യാർത്ഥികളുടെ അസൈൻമെന്റുകളായി പരിണമിക്കാതെ ഭരണഘടനാപരമായ ബാധ്യതയായി പരിഗണിക്കുന്ന സമീപനമായിരിക്കും നമ്മുടെ വിദ്യാഭ്യാസവ്യവസ്ഥയെ പാർശ്വവത്കൃതരുടെ പക്ഷത്ത് ചേർത്തു നിർത്തുക; അതാവണം നാം മുന്നോട്ടുവയ്‌ക്കേണ്ട സാമൂഹികനീതിയുടെയും, മാനവികത യുടെയും പക്ഷവും.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments