Graphic: Muhammed Jadeer

ഇടതുപക്ഷ മനസ്സിലേക്ക്​
തീവ്രവലതുപക്ഷം കടന്നുവരുന്ന വഴികൾ

കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പി.ജി സിലബസിലേക്കുള്ള ഹിന്ദുത്വ ആശയങ്ങളുടെ വരവ്, കേരളത്തിലെ സർവകലാശാലകളിലേയ്ക്കും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും അരിച്ചിറങ്ങുന്ന സംഘപരിവാർ സമ്മിതി നിർമിതിയുടെ അടയാളമായി വിലയിരുത്തുകയാണ്​ ലേഖകൻ

കോവിഡ് പാൻഡമിക് പ്രതിസന്ധി ലോകമെങ്ങുമുള്ള തീവ്ര വലതുപക്ഷ ഭരണകൂടങ്ങൾക്ക് നൽകിയ സമഗ്രാധികാരത്തിന്റെ സംഘർഷവേദിയായി വിദ്യാഭ്യാസം മാറുകയാണ്. ‘അസാധാരണ സാഹചര്യങ്ങളിലെ അസാധാരണ നടപടികൾ’ എന്ന ടാഗ്‌ലൈനോടെ കടന്നുവന്ന അനിയന്ത്രിത ഭരണകൂട ഇടപെടലുകളിൽ ഇന്ത്യയിലെ വിദ്യാഭ്യാസവ്യവസ്ഥ ഞെരിഞ്ഞമരുകയാണ്. അറിവിന്റെ, ചിന്തയുടെ, ചോദ്യങ്ങളുടെ, സാമൂഹിക മുന്നേറ്റങ്ങളുടെയാകെ ചാലകശക്തികളായിനിന്ന ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളിലും യൂണിവേഴ്‌സിറ്റികളിലും, നിശ്ശബ്ദതയുടെയും, നിസഹായതയുടെയും, പ്രതികരണമില്ലായ്മയുടെയും ഇരുൾ പരക്കുകയാണ്. മാനവികതയുടേയും, മനുഷ്യസാഹോദര്യത്തിന്റേയും ഭാഷ മറക്കുന്ന സർവകലാ ശാലകൾ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമായല്ല, ഭരണകൂടം തന്നെയായി പരിണമിക്കപ്പെടുകയാണ്.

കാസർകോഡ് കേന്ദ്രസർവകലാശാല സെപ്തംബർ 2-ന് പുറത്തിറക്കിയ ഉത്തരവ് അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യത്തിനും, ഭരണഘടനാപരമായ അഭിപ്രായപ്രകടന- ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും എതിരാണ്​

അധ്യാപകർ ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന സൂചനയോടെ അക്കാദമിക പ്രവർത്തനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്താനുള്ള കേരളത്തിലെ കേന്ദ്രസർവകലാശാലയുടെ തീരുമാനവും, കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പി.ജി സിലബസിലെ പൊളിറ്റിക്കൽ ഹിന്ദുത്വ ആശയങ്ങളുടെ സ്വീകരണവും കേരളത്തിലെ സർവകലാശാലകളിലേയ്ക്കും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും അരിച്ചിറങ്ങുന്ന സംഘപരിവാർ സമ്മിതി നിർമിതിയുടെ അറിവടയാളമായും കേരളത്തിന്റെ ഇടതുപക്ഷമനസ്സിലേക്കുള്ള തീവ്രവലതുപക്ഷാശയങ്ങളുടെ കടന്നുവരവായും വിലയിരുത്തേണ്ടതുണ്ട്. പാഠ്യപദ്ധതിയിലേക്കും, പാഠപുസ്തകങ്ങളിലേക്കും, പഠനപ്രകിയയിലേക്കും നീളുന്ന സമഗ്രാധിപത്യ പദ്ധതികളിൽ നിസ്സഹായമാക്കപ്പെടുന്ന അക്കാദമികലോകം യൂണിവേഴ്‌സിറ്റിയെന്ന ഉന്നത അക്കാദമിക വ്യവസ്ഥയുടെ വിയോജിപ്പിന്റെ സ്വാതന്ത്ര്യത്തെയാകെ മറന്നുപോവുകയാണ്.

സർവകലാശാലകളിൽ സംഭവിക്കുന്നത്?

കാസർകോഡ് കേന്ദ്രസർവകലാശാല സെപ്തംബർ 2-ന് പുറത്തിറക്കിയ ഉത്തരവ് അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യത്തിനും, ഭരണഘടനാപരമായ അഭിപ്രായപ്രകടന- ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും എതിരാണെന്ന നിരീക്ഷണമുയരുന്നുണ്ട്. ഇതിനുമുമ്പ് ദേശീയ താൽപര്യം മുൻനിർത്തിയുള്ള വിഷയങ്ങളിൽ മാത്രമേ ഗവേഷണം നടത്താൻ പാടുള്ളൂവെന്ന് കേന്ദ്രസർവകലാശാല ഉത്തരവിറക്കിയിരുന്നു. സ്വതന്ത്രചിന്തയും ഗവേഷണ സ്വാതന്ത്ര്യവും റദ്ദാക്കുന്ന നടപടിയായിരുന്നു അത്. ക്ലാസ് മുറിയെ നിഷ്‌ക്രിയവും, ചലനരഹിതവും, സംവാദവിരുദ്ധവുമായ ഇടമായും ഭരണകൂടത്തിന്റെ ഔദ്യോഗിക അറിവുകളുടെ വിനിമയകേന്ദ്രമായും വിലയിരുത്തുന്നത് അപകടകരമാണ്.

കേരള കേന്ദ്ര സർവകലാശാല, കാസർഗോഡ്
കേരള കേന്ദ്ര സർവകലാശാല, കാസർഗോഡ്

അധ്യാപകരെ ചോദ്യം ചെയ്യാനും, അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പ്രകടിപ്പിക്കാനും വിദ്യാർഥികൾക്ക് അവകാശമുള്ളതു പോലെ സ്വന്തം വീക്ഷണങ്ങളും സമീപനങ്ങളും, രാഷ്ട്രീയാശയങ്ങളും പ്രകടിപ്പിക്കാൻ അധ്യാപകർക്കും കഴിയേണ്ടതുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിലെ ക്ലാസ്‍ മുറിയുടെ അടിസ്ഥാന സ്വഭാവം തിരശ്ചീനമായ അക്കാമിക സംവാദങ്ങളാണ്. എന്നാൽ കേന്ദ്രസർവകലാശാലകൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരായ ശിക്ഷണ നടപടികളിലൂടെയാണ് സ്വതന്ത്രമായ ആശയപ്രകടന സ്വാതന്ത്ര്യത്തെ സമീപിക്കുന്ന തെന്ന് സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നുണ്ട്.

ഗാന്ധി സമം സവർക്കർ എന്നും നെഹ്‌റു സമം ഗോൾവൾക്കർ എന്നും കേരളത്തിലെ ഒരു സർവകലാശാല സമീകരണം കല്പിക്കുമ്പോൾ ആ തീരുമാനത്തിന്റെ രാഷ്ട്രീയ മാനം ഏറെ വലുതാണ്.

ജനാധിപത്യവ്യവസ്ഥയിൽ സ്ഥാപനങ്ങളുടെ പ്രവർത്തനം ജനാധിപത്യപരമാവണമെന്നും, തൊഴിലാളിയാണെന്ന ഒറ്റക്കാരണത്താൽ നിലപാട് വ്യക്തമാക്കുന്നതിൽനിന്ന് ആരേയും തടയാനാവില്ലെന്നും കേരള ഹൈക്കോടതി ഇംഗ്ലീഷ് താരതമ്യപഠന വകുപ്പ് മേധാവി ഡോ. പ്രസാദ് പന്ന്യനെ സസ്‌പെൻറ്​ ചെയ്ത കേന്ദ്രസർവകലാശാലയുടെ നടപടിക്കെതിരായി ഉത്തരവിറക്കിയിരുന്നു. അതിനുശേഷമാണ് ഓൺലൈൻ ക്ലാസിലെ പ്രയോഗത്തിന്റെ പേരിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ഗിൽബർട്ട് സെബാസ്റ്റ്യൻ ശിക്ഷാനടപടിയ്ക്ക് വിധേയനായത്. ഏതാണ്ട് ഇതേകാലത്താണ്​സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലേഖനമെഴുതിയതിന്​ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്രകാരനും, സാമൂഹിക ചിന്തകനുമായ ഡോ. കെ.എസ്. മാധവനോട് വിശദീകരണം ചോദിച്ചത്.

ഡോ. പ്രസാദ് പന്ന്യൻ, ഗിൽബർട്ട് സെബാസ്റ്റ്യൻ, ഡോ. കെ.എസ്. മാധവൻ
ഡോ. പ്രസാദ് പന്ന്യൻ, ഗിൽബർട്ട് സെബാസ്റ്റ്യൻ, ഡോ. കെ.എസ്. മാധവൻ

സമഗ്ര പ്രത്യയശാസ്ത്ര വ്യവസ്ഥകളിലെ ക്ലാസു​മുറികളിൽ അധ്യാപകരും കുട്ടികളും നേരിടുന്ന സർവയലൻസിനു സമാനമായ അക്കാദമികേതര നിരീക്ഷണങ്ങളും ഒളിഞ്ഞുനോട്ടങ്ങളും അധ്യാപകരിലും ക്ലാസുമുറികളിലും വിദ്യാഭ്യാസത്തിലും കൊമ്പും തേറ്റയുമുയർത്തുന്ന കാലഘട്ടമാണിത്. ഉത്തരേന്ത്യയിലെ ചില സർവകലാശാലകളിൽ നടക്കുന്ന ഗാന്ധി- നെഹ്‌റു തമസ്‌ക്കരണത്തിനും, ഫാസിസ്റ്റ് പ്രത്യയപദ്ധതിയുടെ അടിച്ചേൽപ്പിക്കലിനുമെതിരെ പ്രതികരിക്കുന്നവരുൾപ്പെടെ ഇപ്പോൾ നിശ്ശബ്ദരാവുന്നതെന്തുകൊണ്ടാണെന്ന അന്വേഷണം പ്രസക്തമാണ്.

സിലബസ് ഒരു റീഡിംഗ് ലിസ്റ്റല്ല; ഇന്ത്യ എന്ന ആശയമാണ്

കാസർഗോഡു നിന്ന് കണ്ണൂരിലേക്ക് അധികദൂരമില്ലെന്നാണ് കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ എം.എ. പൊളിറ്റിക്കൽ സയൻസ് സിലബസ് സൂചിപ്പിക്കുന്നത്. ഇതോടെ തികച്ചും അപകടകരമായ ഒരു പ്രവണതയ്ക്ക് കേരളത്തിൽ തുടക്കം കുറിയ്ക്കുകയാണ്. ദേശീയ വിദ്യാഭ്യാസനയ രൂപീകരണാനന്തരം വടക്കേ ഇന്ത്യയിലെ ഏതാനും സർവകലാശാലകളിൽ നടന്നുവരുന്ന തീവ്രവലതുപക്ഷാശയങ്ങളുടേയും, പ്രത്യയ ശാസ്ത്ര പദ്ധതികളുടേയും ഉൾച്ചേർക്കലാണത്. യൂണിവേഴ്‌സിറ്റികളിലെ കരിക്കുലവും സിലബസും ഒരു പാരഡൈം ഷിഫ്റ്റിനു വിധേയമാവുകയാണ്. സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ്- സബാൾട്ടേൺ- സ്ത്രീപക്ഷ ചിന്തകളുടെ നിരാകരണമാണ് അതിന്റെ പ്രത്യയശാസ്ത്ര പരിസരം. സബർമതിയിൽനിന്ന്​ ഗാന്ധിയേയും, വിശ്വഭാരതിയിൽനിന്ന്​ ടാഗോറിനേയും, ഐ.സി.എച്ച്. ആറിൽ നിന്ന്​നെഹ്‌റുവിനേയും, പട്‌നയിലെ ജയപ്രകാശ് നാരായൺ യൂണിവേഴ്‌സിറ്റിയിൽനിന്ന് ജെ.പിയേയും ഇറക്കിവിട്ടുകൊണ്ടാണ് പുതിയ ചരിത്ര -സാമൂഹിക നിർമിതി സാധ്യമാക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഹിന്ദു ഫണ്ടമെന്റലിസത്തിന്റെയും റിവൈവലിസത്തിന്റെയും പ്രതീകമായി വിലയിരുത്തുന്ന ചരിത്രവായനകൾ നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളായി ഉൾപ്പെടുത്തുന്നത് നീതികരിക്കപ്പെടുമോ?

ഗാന്ധി സമം സവർക്കർ എന്നും നെഹ്‌റു സമം ഗോൾവൾക്കർ എന്നും കേരളത്തിലെ ഒരു സർവകലാശാലസമീകരണം കല്പിക്കുമ്പോൾ ആ തീരുമാനത്തിന്റെ രാഷ്ട്രീയ മാനം ഏറെ വലുതാണ്. ഒരു പക്ഷേ നാഗ്പൂരിലെ സംഘ പരിവാർ തലച്ചോറുകളെപ്പോലും അത്ഭുതപ്പെടുത്തുന്ന ഒന്ന്. എത്ര സർജിക്കൽ ആക്കുറസിയോടെയാണ് നാലംഗ പൊളിറ്റിക്കൽ സയൻസ് വിദഗ്ധ സമിതി ഹിന്ദുത്വത്തിന്റെ ആചാര്യൻമാർക്ക് എം.എ. കോഴ്‌സിന്റെ പാഠ്യപദ്ധതിയിൽ ഗാന്ധിയ്ക്കും, ടാഗോറിനും, നെഹ്‌റുവിനും, അംബേദ്ക്കറിനുമൊപ്പം ഇരിപ്പിടമനുവദിച്ചത്. ഇന്ത്യൻ പാർലമെന്റിൽ ഗാന്ധിയുടെ പ്രതിമയ്‌ക്കൊപ്പം സവർക്കർക്കുമാകാമെങ്കിൽ സിലബസിലും അതായിക്കൂടേയെന്നാണല്ലോ ചോദ്യം.

ഇന്ത്യൻ ദേശീയതയെ മതകേന്ദ്രീകൃതമായ അക്രാമക ദേശീയതയുമായി ഔദ്യോഗികമായി പൊരുത്തപ്പെടുത്തുന്നതിന്റെയും സർവകലാശാലയുടെ സിലബസിൽ ഉൾപ്പെടുത്തി വിദ്യാർഥികൾക്കു പഠിക്കാനായി നിർദ്ദേശിക്കുന്നതിന്റെയും യുക്തിയാണ് എതിർക്കപ്പെടേണ്ടത്.
ഇന്ത്യൻ ദേശീയതയെ മതകേന്ദ്രീകൃതമായ അക്രാമക ദേശീയതയുമായി ഔദ്യോഗികമായി പൊരുത്തപ്പെടുത്തുന്നതിന്റെയും സർവകലാശാലയുടെ സിലബസിൽ ഉൾപ്പെടുത്തി വിദ്യാർഥികൾക്കു പഠിക്കാനായി നിർദ്ദേശിക്കുന്നതിന്റെയും യുക്തിയാണ് എതിർക്കപ്പെടേണ്ടത്.

സവർക്കറുടെ "ഹിന്ദുത്വ:ഹൂ ഈസ് എ ഹിന്ദു', എം.എസ് ഗോൾവൾക്കറുടെ "ബഞ്ച് ഓഫ് തോട്‌സ്' (ആഭ്യന്തര ഭീഷണികൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകൾ എന്ന ഭാഗം), "വീ ഓർ ഔവർ നാഷൻ ഹുഡ് ഡിഫൈൻഡ്', ദീൻ ദയാൽ ഉപാധ്യായയുടെ "ഇന്റഗ്രൽ ഹ്യൂമനിസം,' ബൽരാജ് മധോക്കിന്റെ "ഇന്ത്യ നൈസേഷൻ, വാട്ട് വൈ ആന്റ് ഹൗ' എന്നിവയാണ് തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിലെ രാഷ്ട്ര ഓർ നേഷൻ ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന യൂണിറ്റിനായി നിർദ്ദേശിച്ചത്. ദേശീയതയുമായി ബന്ധപ്പെട്ട ഭിന്നധാരകളെക്കുറിച്ചുള്ള സംവാദത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ പരമാചാര്യൻമാരുടെ പുസ്തകം നിർദ്ദേശിച്ചതെന്ന വാദമാണ് സിലബസ് പരിഷ്‌ക്കരിച്ച നാലംഗ സമിതി മുന്നോട്ടുവെച്ചത്.

സവർക്കർക്കും ഗോൾവർക്കർക്കുമൊപ്പം ഗാന്ധിയേയും നെഹ്‌റുവിനേയും ഉൾപ്പെടുത്തിയില്ലേയെന്ന യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുടെ അഭിപ്രായവും എല്ലാ ആശയങ്ങളും കുട്ടികൾ പഠിക്കേണ്ടതില്ലേയെന്ന യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാന്റെ ചോദ്യവും അത്ര നിഷ്‌കളങ്കമാണെന്നു തോന്നുന്നില്ല. ജാമിയ മിലിയയിലെ ചരിത്രാധ്യാപകനായ വി.സിയ്ക്ക് ഇതിന്റെ പ്രത്യാഘാതം അറിയാത്തതല്ല. സർവകലാശാലാ സ്റ്റാറ്റ്യൂട്ടിനു വിപരീതമായി വി.സി തന്നെ അംഗീകാരം നൽകി പുറത്തിറക്കിയ സിലബസ് അദ്ദേഹത്തിനു വേണമെങ്കിൽ മരവിപ്പിക്കാമായിരുന്നു. എന്നിട്ടും അതിനു മുതിരാതിരുന്നതിന്റെ കാരണങ്ങൾ അജ്ഞാതമാണ്.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ

ഒന്നാമതായി ഒരു കോളേജോ, യൂണിവേഴ്‌സിറ്റിയോ തിരഞ്ഞെടുക്കുന്ന സിലബസ് ഇന്ത്യ എന്ന ആശയത്തോടും, ഭരണഘടനാ വ്യവസ്ഥകളോടും, ബഹുസ്വര സമൂഹികജീവിതത്തോടും നീതി പുലർത്തുന്നതാവണമെന്ന് നിഷ്‌കർഷിക്കേണ്ടതുണ്ട്. ജനാധിപത്യ- ഉദാരവാദ ആശയങ്ങളുടെ അനന്തരഫലമെന്ന നിലയിലും മതേതര- ബഹുസ്വര സാമൂഹികവ്യവസ്ഥയുടെ പ്രതീകമെന്ന നിലയിലും ഉപദേശീയതകളുടെ സംഘാതമായി രൂപപ്പെട്ട ഇന്ത്യൻ ദേശീയതയെ മതകേന്ദ്രീകൃതമായ അക്രാമക ദേശീയതയുമായി ഔദ്യോഗികമായി പൊരുത്തപ്പെടുത്തുന്നതിന്റെയും സർവകലാശാലയുടെ സിലബസിൽ ഉൾപ്പെടുത്തി വിദ്യാർഥികൾക്കു പഠിക്കാനായി നിർദ്ദേശിക്കുന്നതിന്റെയും യുക്തിയാണ് എതിർക്കപ്പെടേണ്ടത്. ശശി തരൂർ സൂചിപ്പിച്ചതുപോലെ വിദ്യാർഥികളുടെ അവർക്കിഷ്ടമുള്ളതു തിരത്തെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ആർക്കാണവകാശം? ഇവിടെ പ്രശ്‌നം പാഠ്യപദ്ധതിയുടെ ഭാഗമായി ഔദ്യോഗികമായി അത് അവതരിപ്പിക്കേണ്ടതുണ്ടോ എന്നതാണ്?

ഗാന്ധിയും നെഹ്‌റുവും ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ത്യൻ ദേശീയതയെ വ്യത്യസ്ത മതങ്ങളുടേയും ഭാഷകളുടേയും വർഗ്ഗങ്ങളുടേയും സങ്കലിത രൂപമായി വിലയിരുത്തുമ്പോൾ സവർക്കറിലും ഗോൾവർക്കറിലും അത് വംശീയതയുടേയും, മതപരതയുടേയും, ഏകശിലാസമാനമായ സാംസ്‌കാരികതയുടേതുമാണ്. വംശത്തെയും വംശശുദ്ധിയേയും ദേശീയതയുടെ മുഖ്യഘടകമായി പ്രഖ്യാപിക്കുകയും ജനാധിപത്യവിരുദ്ധതയും ഭരണഘടനാവിരുദ്ധതയും ആഘോഷിക്കുകയും ചെയ്യുന്ന ആശയങ്ങളുടെ മറുപുറത്താണ് സർവകലാശാലയെന്ന സ്ഥാപനം നിലകൊള്ളുന്നത് അഥവാ നിലകൊള്ളേണ്ടത്. മനുഷ്യവിരുദ്ധമായ പ്രത്യയശാസ്ത്രപദ്ധതികൾക്ക് സർവകലാശാലകൾ ഇടം നൽകണമെന്ന വാദം ആരുയർത്തിയാലും അതപകടകരമാണ്.

ആകെ നിർദ്ദേശിക്കപ്പെട്ട പതിനൊന്നു പുസ്തകങ്ങളിൽ അഞ്ചെണ്ണവും പൊളിറ്റിക്കൽ ഹിന്ദുത്വ ഐഡിയോളജിയുമായി ബന്ധപ്പെട്ടതായി മാറിയതെങ്ങനെയാണ്?

ദേശീയതയും ദേശീയബോധവും ഫാസിസ്റ്റുകളുടെ കൈയ്യിൽ അക്രമണോത്സുകതയായും, ഗ്യാസ് ചേമ്പറുകളായും, ഹോളോകോസ്റ്റുകളായും പരിണമിച്ചതിന്റെ അനുഭവപാഠങ്ങളിൽനിന്നാണ് നീത്‌ഷേയും, ജന്റൈലും, ലുഡ്‌ വിംഗ്‌ഗം പ്ലോവ്സ്‌കിയും, ബ്ലഞ്ചസ്ലിയും ലോകമെങ്ങുമുള്ള പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതും പകരം ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളും, ചാർളി ചാപ്ലിന്റെ ദ ഗ്രേറ്റ് ഡിക്ടേറ്ററും പാസ്റ്റർ നിമോയ്‌ളറുടെ വിഖ്യാത കവിതയും കടന്നുവരുന്നതും.

 ദ ഗ്രേറ്റ് ഡിക്ടേറ്റർ സിനിമയിലെ രംഗം
ദ ഗ്രേറ്റ് ഡിക്ടേറ്റർ സിനിമയിലെ രംഗം

യുദ്ധത്തെക്കുറിച്ചുള്ള ഒരു ഉള്ളടക്കമേഖലയോ, പുസ്തകമോ അവതരിപ്പിക്കുന്നത് തോക്കുമായി മുന്നേറുന്ന പട്ടാളക്കാരുടെ വർണനകളോ, ബോംബാക്രമണത്തിന്റെ സചിത്ര വിവരണങ്ങളോ നൽകാനവരുത്; മറിച്ച് യുദ്ധത്തിന്റെ ഇരകളുടെ കണ്ണിലൂടെ യുദ്ധവിരുദ്ധതയുടെ സന്ദേശമെത്തിക്കാനാവണമെന്നതാണ് നൂറ്റാണ്ടുകളിലെ സാമ്രാജ്യാധിനിവേശത്തിനിരയായ രാജ്യത്തെ പാഠപുസ്തകം നിർവഹിക്കേണ്ട ധർമം. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഹിന്ദു ഫണ്ടമെന്റലിസത്തിന്റെയും റിവൈവലിസത്തിന്റെയും പ്രതീകമായി വിലയിരുത്തുന്ന ചരിത്രവായനകൾ നമ്മുടെ ചരിത്രപാഠപുസ്തകങ്ങളായി ഉൾപ്പെടുത്തുന്നത് നീതികരിക്കപ്പെടുമോ? വിദ്യാർഥികൾക്കു നൽകേണ്ട പഠനാനുഭവങ്ങളുടെ തിരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ഔചിത്യപൂർണമായ സമീപനമെന്താണെന്നതിന് സംബന്ധിച്ച് അധ്യാപകർക്കും കരിക്കുലം രൂപകർത്താക്കൾക്കും വ്യക്തമായ ധാരണകളുണ്ടാവണം.
പൊതുസമൂഹവ്യവസ്ഥയുടെ ഭാഗമായ എല്ലാ അറിവുകളും പാഠപുസ്തകങ്ങളെ സംബന്ധിച്ച് എല്ലായ്‌പ്പോഴും പ്രസക്തമാവണമെന്നില്ല. ലോകമെങ്ങുമുള്ള സർവകലാശാലകൾ ഇക്കാര്യത്തിൽ ജാഗരൂകരുമാണ്.

സിലബസ് എന്നത് കേവലമായ ഒരു റീഡിംഗ് ലിസ്റ്റല്ല. എന്തു പഠിക്കണം, എന്തിനു പഠിക്കണം, എങ്ങനെ പഠിക്കണം, എങ്ങനെ വിലയിരുത്തണം എന്നു കൂടി സിലബസ് വ്യക്തമാക്കേണ്ടതുണ്ട്.

രണ്ടാമതായി ഇന്ത്യയുടെ ദേശീയതയുമായി ബന്ധപ്പെട്ട സംവാദസാധ്യതയായിരുന്നു ലക്ഷ്യമെങ്കിൽ വ്യത്യസ്തധാരകളെ പ്രതിനിധീകരിക്കുന്ന സോഷ്യലിസ്റ്റുകൾ, കമ്യൂണിസ്റ്റുകൾ, ദലിത് ചിന്തകർ, ഇസ്​ലാമിക ചിന്തകർ, സ്ത്രീപക്ഷ ചിന്തകർ എന്നിവരെല്ലാം കടന്നുവരേണ്ടതുണ്ട്. ആകെ നിർദ്ദേശിക്കപ്പെട്ട പതിനൊന്നു പുസ്തകങ്ങളിൽ അഞ്ചെണ്ണവും പൊളിറ്റിക്കൽ ഹിന്ദുത്വ ഐഡിയോളജിയുമായി ബന്ധപ്പെട്ടതായി മാറിയതെങ്ങനെയാണ്? രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായി വിശേഷിപ്പിക്കപ്പെട്ട സംസ്ഥാനങ്ങളിൽപ്പോലും ആശയ സംവാദത്തിന്റെ ഭാഗമായി ഒരേ നിലപാടും വീക്ഷണവും സമീപനവും പുലർത്തുന്ന അഞ്ചുപുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതേഭാഗത്തുതന്നെ അരവിന്ദഘോഷിന്റെ മത കേന്ദ്രീകൃത ദേശീയതയും ചർച്ച ചെയ്യുന്നുണ്ട്. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ വിദഗ്ധസമിതി ദേശീയതാചർച്ചയെന്ന വ്യാജേന സമഗ്രമായി സാംസ്‌കാരിക ദേശീയതയിലൂന്നിയ ഹിന്ദുത്വ ഐഡിയോളജി ഒളിച്ചു കടത്തുകയാണ്.

ഗോൾവാൾക്കറുടെ 'ബഞ്ച് ഓഫ് തോട്‌സ്'ൻറെ ഉള്ളടക്കം പേജിൽ നിന്ന്.
ഗോൾവാൾക്കറുടെ 'ബഞ്ച് ഓഫ് തോട്‌സ്'ൻറെ ഉള്ളടക്കം പേജിൽ നിന്ന്.

ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്‌സ് എന്ന പുസ്തകത്തിലെ ആഭ്യന്തര ഭീഷണികളായി കമ്യൂണിസ്റ്റുകളെയും, ക്രിസ്ത്യാനികളെയും അവതരിപ്പിക്കുന്ന പ്രത്യേക ഭാഗം തിരഞ്ഞെടുത്ത് അവതരിപ്പിച്ചതിനെ എങ്ങനെയാണ് വിശദീകരിക്കുന്നത്?

മൂന്നാമതായി, തീവ്ര ഹിന്ദുത്വത്തിലും അപരവിശ്വാസനിരാകരണത്തിലുമൂന്നിയ ആശയങ്ങൾക്ക് കേരളത്തിൽ സാധുതയും സാംഗത്യവും നൽകുമ്പോൾ, സിലബസിലോ, റഫറൻസിലോ ക്രിട്ടിക്കലായി അവയെ സമീപിക്കാൻ കഴിയുന്ന പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തണമായിരുന്നു. ദേശീയതയെന്ന ആശയത്തെ സമഗ്രമായി വിലയിരുത്തുന്ന ബെനഡിക്ട് ആൻഡേഴ്‌സന്റെ "ഇമാജിൻഡ് കമ്മ്യൂണിറ്റീസ്', ജ്യോതിർമയ ശർമ്മയുടെ "ഹിന്ദുത്വ : എക്‌സ്‌പ്ലോറിംഗ് ദ ഐഡിയ ഓഫ് ഹിന്ദു നാഷണലിസം', "ടെറിഫയിംഗ് വിഷൻ - എം.എസ് ഗോൾവൾക്കർ ദ ആർ.എസ്.എസ് ആന്റ് ഇന്ത്യ' ബദ്രി നാരായണന്റെ "റിപ്പബ്‌ളിക് ഓഫ് ഹിന്ദുത്വ', അക്ഷയ് മുകുളിന്റെ "ഗീതപ്രസ് ആൻറ്​ മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ' എന്നീ പുസ്തകങ്ങളോ, അതല്ലെങ്കിൽ ക്രിട്ടിക്കൽ പേഴ്‌സ്‌പെക്ടീവിലേക്ക് വിദ്യാർഥികളെ നയിക്കുന്ന മറ്റേതെങ്കിലും പുസ്തകങ്ങളോ ഉൾപ്പെടുത്താൻ പൊളിറ്റിക്കൽ സയന്റിസ്റ്റുകൾ ഉൾപ്പെട്ട വിദഗ്ധ സമിതിയ്ക്കും ചരിത്രാധ്യാപകൻ കൂടിയായ വൈസ്ചാൻസലർക്കും കഴിയാതിരുന്നതിന് ന്യായീകരണമില്ല. ക്രിട്ടിക്കലായ അന്വേഷണങ്ങളും വിലയിരുത്തലുകളുമല്ലേ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തെ അർത്ഥപൂർണമാക്കേണ്ടത്.

നാലാമതായി, സിലബസ് എന്നത് കേവലമായ റീഡിംഗ് ലിസ്റ്റല്ല. എന്തു പഠിക്കണം, എന്തിനു പഠിക്കണം, എങ്ങനെ പഠിക്കണം എങ്ങനെ വിലയിരുത്തണം എന്നു കൂടി സിലബസ് വ്യക്തമാക്കേണ്ടതുണ്ട്. ഒരു പുസ്തകം, ഉള്ളടക്കഭാഗം തിരഞ്ഞെടുക്കുന്നതിനു പിന്നിൽ രാഷ്ട്രീയമായും, സാമൂഹിക മായും, അക്കാദമികമായുമുള്ള സൂക്ഷ്മമായ നോട്ടങ്ങളും വിലയിരുത്തലുകളും അനിവാര്യമാണ്. ക്ലാസ് ആരംഭിച്ചശേഷം എങ്ങനെയൊക്കെയോ തട്ടിക്കൂട്ടിയുണ്ടാക്കേണ്ട ഒന്നാണ് സിലബസ് എന്ന ധാരണ തന്നെ പൊളിച്ചെഴുതേണ്ടതുണ്ട്. (കണ്ണൂരിൽ ജൂലൈ 7 ന് ആരംഭിച്ച സെമസ്റ്ററിന്റെ സിലബസ് പുറത്തിറങ്ങിയത് ആഗസ്റ്റ് 17 നാണ്) കണ്ണൂർ സർവകലാശാലയുടെ എം.എ. ഗവേണൻസ് ആൻറ്​ പബ്‌ളിക് അഡ്മിനിസ്‌ട്രേഷനിലെ സിലബസിൽ പ്രശ്‌നങ്ങളുണ്ടെന്നും അപക്വമാണെന്നും, സന്തുലിതമല്ലെന്നും, ഡോ. ജെ. പ്രഭാഷും, ഡോ. കെ.എസ്. പവിത്രനുമടങ്ങിയ രണ്ടംഗ വിദഗ്ധസമിതി റിപ്പോർട്ട് നൽകിയിരിക്കുന്നു. പക്ഷേ, അപ്പോഴും യൂണിവേഴ്‌സിറ്റി തുറന്നിട്ട സാധ്യത മറ്റു പലർക്കും അവസരമായി നിലനിൽക്കുക തന്നെയാണ്.

ദേശീയതയെന്ന ആശയത്തെ സമഗ്രമായി വിലയിരുത്തുന്ന ബെനഡിക്ട് ആൻഡേഴ്സന്റെ 'ഇമാജിൻഡ് കമ്മ്യൂണിറ്റീസ്', ജ്യോതിർമയ ശർമ്മയുടെ 'ഹിന്ദുത്വ: എക്സ്പ്ലോറിംഗ് ദ ഐഡിയ ഓഫ് ഹിന്ദു നാഷണലിസം', 'ടെറിഫയിംഗ് വിഷൻ - എം.എസ് ഗോൾവൾക്കർ ദ ആർ.എസ്.എസ് ആന്റ് ഇന്ത്യ' ബദ്രി നാരായണന്റെ 'റിപ്പബ്ളിക് ഓഫ് ഹിന്ദുത്വ', അക്ഷയ് മുകുളിന്റെ 'ഗീതപ്രസ് ആന്റ് മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ' എന്നീ പുസ്തകങ്ങൾ ഉൾപ്പെടുത്താൻ പൊളിറ്റിക്കൽ സയന്റിസ്റ്റുകൾ ഉൾപ്പെട്ട വിദഗ്ധ സമിതിയ്ക്കും ചരിത്രാധ്യാപകൻ കൂടിയായ വൈസ്ചാൻസലർക്കും കഴിയാതിരുന്നതിന് ന്യായീകരണമില്ല.
ദേശീയതയെന്ന ആശയത്തെ സമഗ്രമായി വിലയിരുത്തുന്ന ബെനഡിക്ട് ആൻഡേഴ്സന്റെ 'ഇമാജിൻഡ് കമ്മ്യൂണിറ്റീസ്', ജ്യോതിർമയ ശർമ്മയുടെ 'ഹിന്ദുത്വ: എക്സ്പ്ലോറിംഗ് ദ ഐഡിയ ഓഫ് ഹിന്ദു നാഷണലിസം', 'ടെറിഫയിംഗ് വിഷൻ - എം.എസ് ഗോൾവൾക്കർ ദ ആർ.എസ്.എസ് ആന്റ് ഇന്ത്യ' ബദ്രി നാരായണന്റെ 'റിപ്പബ്ളിക് ഓഫ് ഹിന്ദുത്വ', അക്ഷയ് മുകുളിന്റെ 'ഗീതപ്രസ് ആന്റ് മേക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ' എന്നീ പുസ്തകങ്ങൾ ഉൾപ്പെടുത്താൻ പൊളിറ്റിക്കൽ സയന്റിസ്റ്റുകൾ ഉൾപ്പെട്ട വിദഗ്ധ സമിതിയ്ക്കും ചരിത്രാധ്യാപകൻ കൂടിയായ വൈസ്ചാൻസലർക്കും കഴിയാതിരുന്നതിന് ന്യായീകരണമില്ല.

പാഠ്യപദ്ധതികളെ രൂപപ്പെടുത്തിയിരുന്നത്​

ദേശീയ പ്രസ്ഥാനത്തിനും നവോത്ഥാന മുന്നേറ്റങ്ങൾക്കുമൊപ്പം സഞ്ചരിക്കുന്നതാണ് ഇന്ത്യയിലെ സർവകലാശാലകളുടെ ചരിത്രവും. ബ്രിട്ടീഷ് അധിനിവേശത്തിന്റെ സാമൂഹിക - സാംസ്‌കാരിക - സാമ്പത്തിക താൽപര്യങ്ങളെ പ്രതിരോധിച്ചു നിർത്തിയതിൽ അക്കാലത്തെ സർവകലാശാലകൾ വഹിച്ച പങ്ക് ചരിത്രപരമാണ്. 1884-ൽ അഗാർക്കറും, തിലകും, റാനഡെയും ചേർന്നു സ്ഥാപിച്ച ഡക്കാൺ എജ്യൂക്കേഷൻ സൊസൈറ്റി, 1916-ൽ മഹാരാഷ്ട്രയിൽ ഡി.കെ. കാർവെ സ്ഥാപിച്ച ആദ്യത്തെ വനിതാ സർവകലാശാല, ജാമിയ മിലിയ, കാശി വിദ്യാപീഠം, ഗുജറാത്തി വിദ്യാപീഠം, ടാഗോറിന്റെ വിശ്വഭാരതി എന്നിവയെല്ലാം ആധുനികജനാധിപത്യ - മതേതര വിദ്യാഭ്യാസമെന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നു.

കോവിഡ് പ്രതിസന്ധിയുടെ മറയിൽ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും വിദ്യാഭ്യാസാവകാശങ്ങളും കവർന്നെടുക്കുന്ന ഭരണകൂടങ്ങൾക്കെതിരെ പേനയുടെ സമരമുഖം ഉയർത്തിപ്പിടിയ്ക്കുന്നത് ലോകത്തെ കലാലയങ്ങളാണ്.

ഇന്ത്യയെ കീഴടക്കാനുള്ള ബ്രിട്ടീഷ് താൽപര്യങ്ങളുടേയും, ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് മോചനം നേടാനുള്ള ഇന്ത്യൻ താൽപര്യങ്ങളുടേയും സംഘട്ടനത്തിലൂടെ രൂപം കൊണ്ട് ദേശീയ ബോധത്തിന്റെ വിത്തുപാകിയത് അക്കാലത്തെ സർവകലാശാലകളായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യമായി അവതരപ്പിക്കപ്പെട്ടത് ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം, ദേശീയവും അന്തർദേശീയവുമായ സാഹോദര്യം, സാംസ്‌കാരികത്തുടർച്ച എന്നീ ആശയങ്ങളാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ഭാഗമായ നവോത്ഥാന ആശയങ്ങളെന്ന നിലയിൽ പിൽക്കാല വിദ്യാഭ്യാസകമീഷനുകളെല്ലാം ഇവയുടെ പ്രാധാന്യം തിരിച്ചറിയുകയും പാഠ്യപദ്ധതിരൂപീകരണപ്രക്രിയയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ദീർഘകാലത്തെ സാമ്രാജ്യാധിനിവേശത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയവരെന്ന നിലയിൽ ഇന്ത്യ എന്ന ആശയത്തോടു ചേർന്നുനിൽക്കുന്ന നിലയിലും, ഭരണഘടന പ്രഖ്യാപിക്കുന്ന ബഹുസ്വര സമൂഹ നിർമിതി സാധ്യമാക്കുന്ന വിധത്തിലും സർവകലാശാലകളുടെ കരിക്കുലവും സ്വാതന്ത്ര്യവും, ഉറപ്പു വരുത്തിയിരുന്നു. കൊളോണിയലിസം, സാമ്രാജ്യത്വം, വംശീയത, ജാതീയത, വർണവിവേചനം, സമഗ്രാധിപത്യ ആശയങ്ങൾ എന്നിവയോടുള്ള എതിർപ്പിൽ നിന്നുയരുന്ന പൊതുബോധമാണ് നമ്മുടെ യൂണിവേഴ്‌സിറ്റികളുടെ പാഠ്യപദ്ധതി ക്രമത്തെ എക്കാലത്തും രൂപപ്പെടുത്തിയിട്ടുള്ളത്.
അതിൽ ഗാന്ധിയൻ ചിന്താപദ്ധതിയുടെ ലാളിത്യമാർന്ന അടയാള മുദ്രകളുണ്ട്. നെഹ്റൂവിയൻ മതനിരപേക്ഷതയുടെ ശാസ്ത്രീയ ബോധ്യങ്ങളുണ്ട്. അംബേദ്ക്കറുടെ സാമൂഹിക വീക്ഷണത്തിലെ അരികുകളോടുള്ള നീതിയുക്തതയുണ്ട്.

പേനയുടെ സമരമുഖങ്ങൾ

അടുത്ത കാലത്ത് പുറത്തുവന്ന രണ്ടു പുസ്തകങ്ങൾ - ഡൽഹി യൂണിവേഴ്‌സിറ്റി അധ്യാപകനായ അപൂർവാനന്ദ് എഡിറ്റു ചെയ്ത The Idea of a University, ഗൗരവ് പഥാനിയയുടെ The University as a Site of Resistance എന്നീ പുസ്തകങ്ങൾ ഇന്ത്യൻ യൂണിവേഴ്‌സിറ്റികളുടെ മെറ്റമോർഫോസിസിനെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

വടക്കൻ കൊറിയ, ഇറാൻ പോലുള്ള സമഗ്രാധിപത്യ- മത വ്യവസ്ഥ കളിലേതുപോലെ ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളും പാർട്ടി പ്രeചരണ കേന്ദ്രങ്ങളും ഒഫീഷ്യൽ ഐഡിയോളജിയുടെ വിനിമയകേന്ദ്രങ്ങളുമായും മാറിക്കൊണ്ടിരിക്കുന്ന പ്രക്രിയ അതിദ്രുതം നടന്നു വരുന്നുവെന്ന് വ്യക്തമാക്കുന്നു. നേരത്തെ മീഡിയയിലും ജുഡീഷ്യറിയിലും സംഭവിച്ചതിന്റെ തുടർച്ചയാണ് ഇപ്പോൾ യൂണിവേഴ്‌സിറ്റികൾക്കും കോളേജുകൾക്കുമുണ്ടാവുന്ന മാറ്റമെന്നും വിലയിരുത്തപ്പെടുന്നു.
ലോകമെങ്ങും സാമ്രാജ്യത്വത്തിനെതിരായും, ഫാസിസത്തിനെതിരായുമുള്ള ആദ്യത്തെ ഒപ്പുകൾ യൂണിവേഴ്‌സിറ്റികളുടേതായിരുന്നു.

1919 മെയ് 4-ന് ബീജിംഗിൽ നടന്ന സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭത്തിൽ നിന്ന്.  / Photo: Wikimedia Commons
1919 മെയ് 4-ന് ബീജിംഗിൽ നടന്ന സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭത്തിൽ നിന്ന്. / Photo: Wikimedia Commons

ചൈനയെ പിടിച്ചുകുലുക്കിയ 1919-ലെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭമായിരുന്ന മെയ് 4 പ്രസ്ഥാനത്തിന് വിത്തുപാകിയത് ബെയ്ജിംഗ് സർവ്വകലാശാല വിദ്യാർത്ഥികളായിരുന്നു. പിൽക്കാലത്ത് ടിയാനെന്മെൻ സ്‌ക്വയറിൽ നാം അവരെ കണ്ടു. അമേരിക്കയുടെ വിയറ്റ്‌നാം അധിനിവേശത്തിനെതിരായും, പൗരാവകാശ പ്രസ്ഥാനത്തിനൊപ്പവും ഏറ്റവുമൊടുവിൽ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ പ്രക്ഷോഭങ്ങളിലും അമേരിക്കയിലെ യൂണിവേഴ്‌സിറ്റികൾ ഭരണകൂടസമീപനങ്ങൾക്കെതിരെ തീർത്ത പ്രതിരോധം സമാനതകളില്ലാത്തതാണ്. ബ്രസീലിൽ ബോൾസനാരോയ്‌ക്കെതിരായും ഫിലിപ്പൈൻസിൽ പട്ടാള ഭരണാധികാരി റൊഡ്രിഗോ ഡ്യൂഡർട്ടിനെതിരായും, തായ്‌ലൻഡിൽ പ്രയുത്-ചാൻ ഒ ചായ്‌ക്കെതിരായും യൂണിവേഴ്‌സിറ്റികൾ സമരമുഖത്താണ്. ഹംഗറിയിലും, ലബനണിലും, ഇസ്രായേലിലും അധ്യാപകരും വിദ്യാർത്ഥികളും സമരമുഖത്താണ്. കോവിഡ് പ്രതിസന്ധിയുടെ മറയിൽ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും വിദ്യാഭ്യാസാവകാശങ്ങളും കവർന്നെടുക്കുന്ന ഭരണകൂടങ്ങൾക്കെതിരെ പേനയുടെ സമരമുഖം ഉയർത്തിപ്പിടിയ്ക്കുന്നത് ലോകത്തെ കലാലയങ്ങളാണ്.

1960-കളിൽ സെൻറ്​ സ്റ്റീഫൻസിലെയും കൽക്കട്ട പ്രസിഡൻസി കോളേജിലെയും വിദ്യാർഥികൾ ക്ലാസുകൾ ഉപേക്ഷിച്ച് ഭൂരഹിതകർഷകസമരത്തിനൊപ്പം ചേർന്നുനിന്നതും, തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ സമരങളിലും, ഗുജറാത്തിലെ വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭങ്ങളിലും, 1975-ൽ അടിയന്തരാവസ്ഥയ്‌ക്കെതിരായ ജെ.പി പ്രസ്ഥാനത്തിന്റെ മുൻനിരയിലും കാമ്പസുകളും യൂണിവേഴ്‌സിറ്റികളുമുണ്ടായിരുന്നു. തെലങ്കാന സംസ്ഥാന രൂപീകരണത്തിൽ ഉസ്മാനിയ യൂണിവേഴ്‌സിറ്റി വഹിച്ച പങ്ക് ഉദാഹരണമാണ്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ രോഹിത് വെമുലയുടെ രക്തസാക്ഷിത്വ ത്തിനു ശേഷവും, ജെ.എൻ.യു.വിലെ ആസാദി ക്യാംപയിനിലും തുടർന്ന് പൗരത്വനിയമഭേദഗതിയ്‌ക്കെതിരായും സർവകലാശാലകൾ തീർത്ത പ്രതിരോധത്തിന്റെ സാധ്യതകൾ പിന്നീട് ദുർബലമാക്കപ്പെട്ടു. അക്കാദമിക സ്വാതന്ത്ര്യത്തിനുവേണ്ടിയും, അരികുകളിലെ മനുഷ്യർക്കു വേണ്ടിയും ശബ്ദമുയർത്തുകയും പ്രതികരിക്കുകയും ചെയ്ത നിരവധി അധ്യാപകർ ജയിലറകൾക്കുള്ളിലാണ്. ഇതാവാം യൂണിവേഴ്‌സിറ്റി കളിൽ ഇപ്പോൾ രൂപപ്പെടുന്ന ഫിയർ സൈക്കോസിസിനു കാരണം.

അക്കാദമിക സ്വാതന്ത്ര്യത്തിൽ ഇന്ത്യ എവിടെയാണ്?

അക്കാദമികസ്വാതന്ത്ര്യവുമായും അധ്യാപകരുടെ വിനിമയസ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട ആശയങ്ങൾ തീർത്തും പുതിയതല്ല. 1880 ൽ പ്രിൻസ്ടൺ യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് സ്‌കൂൾ ഡീൻ ആൻഡ്രൂ വെസ്റ്റ് What is Academic Freedom എന്നൊരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യാവകാശം പോലെ പ്രധാനവും സാർവത്രികവുമാണ് അധ്യാപനസ്വാതന്ത്ര്യവുമെന്ന് അതിൽ അദ്ദേഹം എഴുതി.

അമേരിക്കൻ അസോസിയേഷൻ ഓഫ് യൂണിവേഴ്‌സിറ്റി പ്രൊഫസേഴ്‌സ് എന്ന സംഘടന 1940-ൽ പുറത്തിറക്കിയ ഡോക്യുമെന്റിൽ സൂചിപ്പിച്ചതിങ്ങനെയാണ് Academic freedom is essential and implies to both teaching and research. Freedom in research is fundamental to the advancement of truth. Academic freedom in teaching is fundamental for the protection of the rights of the teacher in teaching and the student to freedom in learning. It carries with it duties correlative with rights. അക്കാദമിക-ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ അനിവാര്യഘടകമെന്ന കാഴ്ചപ്പാടിലാണ് ബർലിൻ ആസ്ഥാനമായുള്ള അക്കാദമിക് തിങ്ക് ടാങ്ക് ഗ്ലോബൽ പബ്ലിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (GPPi) ഇന്റർനാഷണൽ അക്കാദമിക് ഫ്രീഡം ഇൻഡക്‌സ് (AFI) തയാറാക്കുന്നത് Freedom to research and teach; Freedom of academic exchange and dissemination; Institutional autonomy; Campus integrity; and Freedom of academic and cultural expression എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കുന്ന ഇൻഡക്‌സിൽ സൗദി അറേബ്യയ്ക്കും ലിബിയയ്ക്കുമൊ പ്പമാണ് ഇന്ത്യയുടെ സ്ഥാനം. മാക്‌സിമം വാല്യൂ 1 ആയി നിശ്ചയിച്ച ഇൻഡക്‌സിൽ ഇന്ത്യ 0.352 പോയിൻറ്​. മലേഷ്യ, സോമാലിയ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ പോലും അക്കാദിക സ്വതന്ത്ര്യത്തിൽ ഇന്ത്യയ്ക്കു മുകളിലാണെന്ന് ഇൻഡക്‌സ് സൂചിപ്പിക്കുന്നു.

വിവിധ രാജ്യങ്ങളിലെ അക്കാദമിക സ്വാന്ത്ര്യത്തെ സൂചിപ്പിക്കുന്ന ഭൂപടം. ഗ്ലോബൽ പബ്ലിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് 2020-ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ നിന്ന്.
വിവിധ രാജ്യങ്ങളിലെ അക്കാദമിക സ്വാന്ത്ര്യത്തെ സൂചിപ്പിക്കുന്ന ഭൂപടം. ഗ്ലോബൽ പബ്ലിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് 2020-ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ നിന്ന്.

ഇന്ത്യയിലും ബ്രസീലിലും കഴിഞ്ഞ കാലങ്ങളിൽനിന്ന്​ വ്യത്യസ്തമായി ഇൻസ്റ്റിറ്റ്യൂഷണൽ ഓട്ടോണമിയ്ക്കും ടീച്ചേഴ്‌സ് ഓട്ടോണമിയ്ക്കും മേൽ നിരന്തരമായ ഇടപെടലുകളും നിയന്ത്രണങ്ങളുമുണ്ടാവുന്നുവെന്ന് AFI ഇൻഡക്‌സ് വ്യക്തമാക്കുന്നു. സമഗ്രാധിപത്യ- മതാധിഷ്ഠിതഭരണവ്യവസ്ഥകളിൽ തീരെ ദുർബലമായിരുന്ന മനുഷ്യാവകാശങ്ങളും അക്കാദമികസ്വാതന്ത്ര്യവും കോവിഡ്-19 പാൻഡെമിക് പ്രതിസന്ധിയുടെ മറപിടിച്ച് ജനാധിപത്യ വ്യവസ്ഥകളെയും മാറ്റിത്തീർക്കുന്നുണ്ടെന്ന് ഇൻഡക്‌സിലെ ഇന്ത്യയുടെ സ്ഥാനം സൂചിപ്പിക്കുന്നു. അക്കാദമിക് സ്ഥാപനങ്ങളിലെ ഗവേഷണം, അധ്യാപനം, പ്രഭാഷണം എന്നിവ കർക്കശമായ നിരീക്ഷണത്തിനും നിയന്ത്രണങ്ങൾക്കും വിധേയമാണ്. ഓൺലൈൻ സങ്കേതങ്ങളും ഡിജിറ്റൽ ഉപകരണങ്ങളും പഠന സാധ്യതയെന്നതിൽ നിന്നുമാറി കർക്കശമായ അക്കാദമിക വിജിലന്റിസത്തിലേക്കും, ഡിജിറ്റൽ സർവയലൻസിലേയ്ക്കും നയിക്കുന്ന സാഹചര്യമാണ് മുന്നിലുള്ളതെന്ന് വ്യത്യസ്ത രാജ്യങ്ങളിലെ സർവകലാശാലകളിൽ നടത്തിയ പഠനത്തിലൂടെ അക്കാദമിക് ഫ്രീഡം ഇൻഡക്‌സും റിപ്പോർട്ടും സൂചിപ്പിക്കുന്നു.

സ്വാതന്ത്ര്യത്തിന്റെയും, സാമൂഹ്യനീതിയുടേയും, മതനിരപേക്ഷതയുടേയും, മാനവികതയുടെയും പക്ഷമാണ് കലാലയങ്ങൾ പ്രഖ്യാപിക്കേണ്ടത്. അക്കാദമികസ്വാതന്ത്ര്യം എന്നതും, അധ്യാപന സ്വാതന്ത്ര്യമെന്നതും, അതിതീവ്ര വലതുവത്ക്കരണത്തിന്റെയും, അന്യവത്ക്കരണത്തിന്റെയും, അരിച്ചിറങ്ങലായി മാറാതിരിക്കാനുള്ള അക്കാദമിക ജാഗ്രതയുടെ കാലമാണിത്. അക്കാദമിക് കരിയറിസത്തിന്റെയും, ഓപ്പർച്യുണിസത്തിന്റെയും വളഞ്ഞ വഴികൾക്കെതിരായ സ്വയം നവീകരണവും, വിദ്യാഭ്യാസപ്രക്രിയയിൽ അനിവാര്യമാണ്. വിദ്യാഭ്യാസം പ്രതിരോധത്തിന്റെ, പേനയുടെ സമരമുഖമാണ്. ▮


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments