ആ ഡിവൈഡിൽ പെട്ടതല്ലേ ദേവിക?

അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനും ഡിജിറ്റൽ വിദ്യാഭ്യാസത്തിനും അമിത പ്രാധാന്യം നൽകുന്നതിടയിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ യജ്ഞ പ്രക്രിയ അവഗണിച്ച ചില സവിശേഷ പ്രശ്‌നങ്ങളുണ്ട്. അവയിലേറ്റവും പ്രധാനം പാർശ്വവത്കൃത വിഭാഗത്തിലെ വിദ്യാർത്ഥികളുടെ തുല്യതയെ സംബന്ധിക്കുന്നതാണ്. ഇത് മനുഷ്യവ്യവഹാരങ്ങളിൽ ഡിജിറ്റൈസേഷൻ പ്രാപ്യമായവർക്കും അല്ലാത്തവർക്കും തമ്മിൽ ഒരു വിടവ് സൃഷ്ടിച്ചു. ഈ ഡിജിറ്റൽ വിഭജനത്തിന്റെ രക്തസാക്ഷിയാണ് ദേവിക എന്ന പത്താംക്ലാസുകാരി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും ഡിജിറ്റൈസേഷനും അടിത്തട്ടിലെ നിസ്വരും, നിരാലംബരും നിസ്സഹായരുമായ മനുഷ്യരിൽ നിന്നാരംഭിക്കണമെന്നാണ് അവൾ നമ്മെ ഓർമ്മിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അജണ്ടകളിൽ കാതലമായ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് എസ്.സി.ഇ.ആർ.ടിയിൽ മുൻ റിസർച്ച് ഓഫീസറായ ലേഖകൻ

പൊള്ളിയടരുന്ന ചോദ്യങ്ങൾക്ക് നടുവിലാണിപ്പോൾ നവോത്ഥാന കേരളം. ജോർജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തെ തുടർന്ന് യു.എസിനെ തീ പിടിപ്പിക്കുന്ന "എനിക്കു ശ്വസിക്കാനാവുന്നില്ല' എന്ന പ്രക്ഷോഭത്തിന്റെ അതേ കാലത്താണ് കേരളത്തിൽ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ ആധിയും, സാമൂഹിക അന്യവത്ക്കരണത്തിന്റെ വ്യഥയും നീറ്റലാക്കി ദേവിക എന്ന പത്താം ക്ലാസുകാരി ഡിജിറ്റൽ വിഭജനത്തിന്റെ രക്തസാക്ഷിയായി മാറിയ വാർത്ത നടുക്കമായി നമ്മിലേക്കെത്തുന്നത്. പ്രാന്തവത്ക്കരിക്കപ്പെട്ട മനുഷ്യരോടുള്ള ഭരണകൂട വ്യവസ്ഥയുടെ ദേശകാലാതീതമായ ഞെരിച്ചമർത്തലുകളുടെ വ്യത്യസ്ത രൂപങ്ങളായി നമുക്ക് ഇവയെ വിലയിരുത്തേണ്ടി വരുന്നു.

ഫലപ്രദമായ അടിസ്ഥാന സൗകര്യങ്ങളോ, ഡിജിറ്റൽ ഗാഡ്ജറ്റുകളോ, സാങ്കേതിക വിദ്യയോ പ്രാപ്യമല്ലാത്ത ലക്ഷക്കണക്കിന് കുട്ടികളെയാണ് ദേവിക പ്രതിനിധീകരിക്കുന്നത്. അവരെ സംബന്ധിക്കുന്ന കൃത്യമായ കണക്കുകൾ നമുക്കിപ്പോഴും ലഭ്യമല്ല. കേരളത്തിലാദ്യമായി അത്തരമൊരന്വേഷണം നടക്കുന്നതുപോലും, ഓൺലൈൻ ക്ലാസുകൾക്ക് തൊട്ടുമുമ്പാണെന്നത് തീർത്തും അവിശ്വസനീയമാണ്. സാമൂഹിക ക്രമത്തിലെ മധ്യ-ഉപരിവർഗ താൽപര്യങ്ങളെ മാത്രം ലക്ഷ്യമിടുകയും, നീതീകരിക്കുകയും, ആഘോഷിക്കുകയും ചെയ്യുന്ന, അരികുകളെ പാടെ അവഗണിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ജനാധിപത്യ വിരുദ്ധതയെയാണ് അവൾ മരണം കൊണ്ട് ചോദ്യം ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും, ഡിജിറ്റലൈസേഷനും അടിത്തട്ടിലെ നിസ്വരും, നിരാലംബരും, നിസ്സഹായരുമായ മനുഷ്യരുടെ വീടുകളിലും കുട്ടികളിലും പള്ളിക്കൂടങ്ങളിലും നിന്നാരംഭിക്കണമെന്ന അനുഭവപാഠമാണ് അവൾ നമ്മെ ഓർമ്മിപ്പിക്കുന്നത്.

മനുഷ്യവ്യവഹാരങ്ങളിൽ ഡിജിറ്റലൈസേഷൻ പ്രാപ്യനായവനും ഇല്ലാത്തവനും തമ്മിൽ ഒരു വിടവ് സൃഷ്ടിക്കുന്നുണ്ട്. അറിവിന്റെ ജനാധിപത്യപരതയ്ക്കു പകരം, ഡിജിറ്റൽ ക്യാപിറ്റൽ എന്നു വിശേഷിപ്പിക്കാവുന്ന സാങ്കേതികതയുടെ കുത്തകവത്ക്കരണവും, കേന്ദ്രീകരണവുമാണ് ഇതിലൂടെ രൂപപ്പെടുന്നത്.

ചർച്ചകളിലും സംവാദങ്ങളിലും ഫ്രാങ്ക്ഫർട്ട് സ്‌കൂളും, ക്രിട്ടിക്കൽ പെഡഗോ ജിയും, സോഷ്യൽ കൺസ്ട്രക്ടിവിസവും, നയസമീപനങ്ങളിൽ നിയോലിബറൽ ആശയ ഗതികളുമെന്നത് നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയിലെ വലിയ വൈരുദ്ധ്യങ്ങളിലൊന്നാണ്. വിദ്യാഭ്യാസത്തിലെ സൂക്ഷ്മമായ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പ്രശ്‌നങ്ങൾക്ക് സാങ്കേതിക പരിഹാരം നിർദ്ദേശിക്കുന്നതും, സാങ്കേതിക വിദഗ്ധർ പ്രശ്‌നപരിഹാരകരായി കടന്നുവരുന്നതും ഇത്തരമൊരു വൈരുദ്ധ്യത്തിനുദാഹരണമാണ്. ആത്യന്തികമായി ഇത് രാഷ്ട്രീയ സമൂഹങ്ങളെ അരാഷ്ട്രീയവത്ക്കരിക്കുകയും, സാമൂഹിക മുന്നേറ്റ സാധ്യതകളെ പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന കാര്യം കൂടി ഇവിടെ ഓർക്കേണ്ടതാണ്.

ഡിജിറ്റൽ മൂലധനം ഉയർത്തുന്ന പ്രശ്‌നങ്ങൾ

കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ലൂയിസ് സുവാരസ് വില്ലയുടെ ടെക്‌നോക്യാപിറ്റലിസം എന്ന പുസ്തകം ചർച്ചചെയ്യുന്നത് നവമുതലാളിത്തം ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് അറിവിനേയും

പ്രൊഫ. ലൂയിസ് സുവാരസ് വില്ല
പ്രൊഫ. ലൂയിസ് സുവാരസ് വില്ല

സർഗ്ഗാത്മകതയേയും, ചരക്കുവത്ക്കരിക്കുന്നതിനേക്കുറിച്ചാണ്. മനുഷ്യവ്യവഹാരങ്ങളിൽ ഡിജിറ്റലൈസേഷൻ പ്രാപ്യനായവനും ഇല്ലാത്തവനും തമ്മിൽ ഒരു വിടവ് സൃഷ്ടിക്കുന്നുണ്ട്. അറിവിന്റെ ജനാധിപത്യപരതയ്ക്കു പകരം, ഡിജിറ്റൽ ക്യാപിറ്റൽ എന്നു വിശേഷിപ്പിക്കാവുന്ന സാങ്കേതികതയുടെ കുത്തകവത്ക്കരണവും, കേന്ദ്രീകരണവുമാണ് ഇതിലൂടെ രൂപപ്പെടുന്നത്. പിയർ ബോർദ്യൂവിനെപ്പോലുള്ള നവമാർക്‌സിസ്റ്റ് ചിന്തകർ വളരെ മുമ്പുതന്നെ ചൂണ്ടിക്കാട്ടിയ സാമ്പത്തികമൂലധനം (Financial Capital), സാംസ്‌കാരികമൂലധനം (Cultural Capital), സാമൂഹികമൂലധനം (Social Capital) എന്നീ ആശയങ്ങളിലേക്ക് ലൂയിസ് സുവാരസ് വില്ല സാങ്കേതികമൂലധനം (Digital Capital) എന്ന സംജ്ഞയെ കൂടി കൊണ്ടു വരികയാണ്. സാമ്പത്തിക-സാമൂഹിക മൂലധനത്തിന്റെ വിടവുകൾ പ്രത്യക്ഷമെങ്കിലും വിദ്യാഭ്യാസ ക്രിയയിലെ സാംസ്‌കാരിക-സാങ്കേതിക മൂലധനം സൃഷ്ടിക്കുന്ന മതിലുകളും വിഭജനങ്ങളും അദൃശ്യവും സൂക്ഷ്മവും ഇരയാകുന്നവർക്ക് തിരിച്ചറിയാൻ പ്രയാസവുമായിരിക്കും. യു.എസിൽ അത് ഹിസ്പാനിക്കുകളും, ആഫ്രിക്കൻ-അമേരിക്കൻ വംശജരുമാണ്. ഇന്ത്യയിലാകട്ടെ ദലിത്-ആദിവാസി വിഭാഗങ്ങളും.

കേരളത്തിലെ സ്വകാര്യ-പൊതുവിദ്യാലയങ്ങൾ തമ്മിൽ നിലനിന്നിരുന്ന ഭൗതിക സൗകര്യങ്ങളിലെയും സാങ്കേതിക പഠനത്തിന്റെയും വിടവ് ഇല്ലാതാക്കാനുള്ള സമഗ്ര പദ്ധതിയെന്ന നിലയിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അവതരിപ്പിക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി ഡിജിറ്റലൈസേഷനും സ്മാർട്ട് ക്ലാസ് റൂമുകളും, ഡിജിറ്റൽ വിദ്യാഭ്യാസ പാക്കേജുകളും കടന്നുവന്നു. കുറെയേറെ വിദ്യാലയങ്ങൾ ഇത്തരം ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ സ്വകാര്യവിദ്യാലയങ്ങളേക്കാൾ മുന്നേറുകയും അത്തരം വിദ്യാലയങ്ങളിൽ എൻറോൾമെന്റ് നിരക്ക് വർധിക്കുകയും ചെയ്തു.

എന്നാൽ പാർശ്വവത്കൃതവിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്ക്, പഠന പിന്നാക്കാവസ്ഥ, സാങ്കേതികോപകരണങ്ങളുടെ ലഭ്യതയില്ലായ്മ, പ്രവേശനനിരക്കിലെ കുറവ്, അക്കാദമിക അടിത്തറയില്ലായ്ക, താഴ്ന്ന പ്രകടന നിലവാരം എന്നീ ഘടകങ്ങൾ യജ്ഞം പരിഗണിക്കുകയോ, പരിഹരിക്കുകയോ ചെയ്യാത്തത് വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ- മതേതര-സാമൂഹിക നീതി സങ്കൽപ്പങ്ങളെ നിരാകരിക്കുകയും, വിദ്യാഭ്യാസ പ്രക്രിയയെ അസന്തുലിതമാക്കുകയും ചെയ്യുന്നു.

യജ്ഞം കാണാത്ത കാഴ്ചകൾ

അടിസ്ഥാന സൗകര്യഘടകങ്ങൾക്കും, ഡിജിറ്റൽ വിദ്യാഭ്യാസത്തിനും, നൽകുന്ന അമിത പ്രാധാന്യത്തിനിടയിൽ വിദ്യാഭ്യാസപ്രക്രിയയിൽ അനിവാര്യമായി പരിഗണിക്കേണ്ട അക്കാദമികമായ ചില സവിശേഷ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാനോ, പരിഹരിക്കാനോ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ശ്രമിച്ചു കണ്ടില്ല. അവയിലേറ്റവും പ്രധാനം പാർശ്വവത്കൃത വിഭാഗത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ തുല്യതയെ സംബന്ധിക്കുന്നതാണ്. യജ്ഞത്തിന്റെ ഫലമായി പൊതുവിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലെയും എൻറോൾമെന്റ് റേറ്റ് വർധിക്കുന്നുവെന്ന വിശകലനങ്ങൾക്കിടയിൽ അവഗണിക്കുന്നതോ, കാണാതെ പോകുന്നതോ ആയ കണക്കുകളുണ്ട്; കാര്യങ്ങളുണ്ട്. ഓരോ വർഷവും പൊതുവിദ്യാഭ്യാസക്രമത്തിൽ നിന്ന് ഒലിച്ചു പോകുന്നതോ, സ്‌കൂളിലെത്താത്തതോ എത്തിയിട്ടും വിവിധ കാരണങ്ങളാൽ തുടരാനാവാത്തതോ ആയ പട്ടികജാതി പട്ടികവർഗവിഭാഗത്തിലെ കുട്ടികളുടെ പ്രശ്‌നങ്ങളും അതുണ്ടാക്കാൻ പോകുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളുമാണത്.

കേരളവിദ്യാഭ്യാസത്തിലെ ഒന്നാംതലമുറ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നും ഇനി മികവുള്ള വിദ്യാഭ്യാസത്തിനാണ് ഊന്നൽ നൽകേണ്ടത് എന്നും പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ വിദഗ്ധരും, നിർവഹണ ഏജൻസികളും പൊതുവിദ്യാഭ്യാസത്തിലെ അടിസ്ഥാന വിഭാഗങ്ങളുടെ ചോർച്ചയുയർത്തുന്ന പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചേ മതിയാവൂ. പട്ടികജാതി- പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ എൻറോൾമെന്റിലുണ്ടാവുന്ന കുറവിന് ഇടയാക്കുന്ന കാരണങ്ങൾ പരിശോധിക്കേണ്ടതുണ്ട് എന്ന ഉപരിതലസ്പർശിയായ നിരീക്ഷണമാണ് കേരളത്തിലെ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസത്തെ പറ്റി സമഗ്രമായി പഠിക്കാൻ ഗവൺമെന്റ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പോലും കാണുന്നത്.

ഗൗരവതരമായ ഈ അവസ്ഥാവിശേഷത്തെ നിർദ്ധാരണം ചെയ്യാനും, പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കാനും, ഒരു വിദഗ്ധ സമിതി പോലും ശ്രമിക്കാത്തത് പാർശ്വവത്കൃത വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തോടുള്ള നമ്മുടെ അവഗണനാപരമായ നിലപാടുകളുടെ ദിശാസൂചിയല്ലേ? "കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ, കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി'യെന്ന പൊയ്കയിൽ അപ്പച്ചന്റെയും, കുട്ടികളെ പള്ളിക്കൂടത്തിൽ കയറ്റിയില്ലെങ്കിൽ പാടങ്ങളിൽ മുട്ടിപ്പുല്ലു കുരുപ്പിക്കുമെന്ന അയ്യൻകാളിയുടെയും, ധീരമായ പ്രഖ്യാപനങ്ങളിലൂടെ മതേതര-ജനാധിപത്യ പൊതുവിദ്യാഭ്യാസക്രമ ത്തിന്റെ സൃഷ്ടിയും, വ്യാപനവും സാധ്യമായ നാടാണ് കേരളം. അവിടെയാണ് പൊതു വിദ്യാലയങ്ങളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾ തുടർച്ചയായി കുറഞ്ഞുവരുന്നത്. അയ്യൻകാളിയ്‌ക്കൊപ്പം തിരുവനന്തപുരത്ത് ഊരുട്ടമ്പലം സ്‌കൂളിലേക്ക് കയറിപ്പോയ പഞ്ചമിയുടെ ക്ലാസ് മുറി കത്തിച്ചുകൊണ്ടാണ് അന്ന് സവർണപക്ഷം വിദ്യാഭ്യാസം അടിത്തട്ടിലേക്ക് അരിച്ചിറങ്ങുന്നതിനോട് പ്രതികരിച്ചത്. ഊരുട്ടമ്പലം സ്‌കൂളിൽ ഇപ്പോഴും പഞ്ചമിയുടെ ക്ലാസ് മുറി ഉണ്ടെങ്കിലും നമ്മുടെ ക്ലാസ് മുറികളിൽ പഞ്ചമിമാരുണ്ടോയെന്ന ചോദ്യം നവോത്ഥാനകേരളം നടന്നുതീർത്ത ദൂരങ്ങളെ സംശയത്തോടെയും ഉത്കണ്ഠയോടെയും നോക്കി കാണാൻ പ്രേരിപ്പിക്കുന്നതാണ്.

കൊഴിഞ്ഞുപോക്ക് കണക്കുകൾ പറയുന്നത്

2017-18 ൽ ഒന്നു മുതൽ പത്താംക്ലാസ് വരെ 3680740 കുട്ടികളാണ് പൊതുവിദ്യാഭ്യാസമേഖലയിൽ ഉണ്ടായിരുന്നത്. 2018-19ൽ താഴെ 3703818 ആയി വർധിക്കുകയുണ്ടായി. ഒരു വർഷത്തിനുള്ളിൽ 23078 കുട്ടികളുടെ വർധനയാണ് ഉണ്ടായത്. 2014-15 മുതൽ തന്നെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഈ വർധന പ്രകടവുമാണ്. 2013-ലെ സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണവും 2016ൽ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ഉയർന്ന എൻറോൾമെന്റ് നിരക്കിന് കാരണമായിട്ടുണ്ട്.

എന്നാൽ ഇതിൽനിന്നും വ്യത്യസ്തമാണ് പട്ടികജാതി വിഭാഗത്തിന്റെ പ്രവേശനം സംബന്ധിച്ച കണക്കുകൾ. 2017-18 ൽ 390030 പട്ടികജാതി വിഭാഗം കുട്ടികളും 76275 പട്ടികവർഗവിഭാഗം കുട്ടികളും ഉണ്ടായിരുന്നത് 2018-19-ൽ 387082 ആയും 75003 ആയും കുറയുകയുണ്ടായി. ഒരു വർഷത്തിനുള്ളിൽ 2748 പട്ടികജാതി കുട്ടികളും 1272 പട്ടികവർഗവിഭാഗത്തിലെ കുട്ടികളും കുറഞ്ഞുവെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
ശ്രദ്ധേയമായ കാര്യം ഇത് ഏതെങ്കിലും ഒരു വർഷത്തെ മാത്രം പ്രവണതയല്ല എന്നതാണ്.

പട്ടികജാതി വിഭാഗത്തിൽ ഏറ്റവും കൂടുതൽ എൻറോൾമെന്റുണ്ടാകുന്നത് 1991-92 വർഷമാണ്. ഡി.പി.ഇ.പിയും പുതിയ യൂറോകേന്ദ്രീകൃത വിദ്യാഭ്യാസ സിദ്ധാന്തങ്ങളും അന്നു കേരളത്തിൽ വ്യാപകമായിട്ടില്ല. പുതിയ വിദ്യാഭ്യാസ സമീപനങ്ങൾക്കൊപ്പം അറിഞ്ഞോ, അറിയാതെയോ കടന്നുവന്ന പഠനലക്ഷ്യങ്ങളിലെ കൃത്യതയില്ലായ്മ പാഠപുസ്ത കങ്ങളിലെ ഉള്ളടക്കമില്ലായ്മ, പഠനം ഉറപ്പുവരുത്തുന്നതിലെ ഉദാസീനത, വിലയിരുത്തലിലെ വസ്തുനിഷ്ഠത ഇല്ലായ്മ എന്നിവയും, കുട്ടികളിലെ പിഴവുകളും തെറ്റുകളും തിരുത്തേണ്ടതില്ല എന്ന സമീപനവും, മറ്റു അക്കാദമിക സാമൂഹികഘടകങ്ങൾക്കൊപ്പം പിന്നാക്കവിഭാഗത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസപുരോഗതിയെ ദോഷകരമായി ബാധിച്ചു.

ഡി.പി.ഇ.പി. കേരളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി നടപ്പിലാക്കിയതും, പാർശ്വവത്കൃത വിഭാഗങ്ങൾ ഏറെയുള്ള ജില്ലകളിലായിരുന്നു എന്നതും പരിഗണിക്കേണ്ടതുണ്ട്.

1991-92 ൽ 668293 കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പഠിച്ചിരുന്ന സ്ഥാനത്ത് തുടർവർഷങ്ങളിൽ എൻറോൾമെന്റ് നിരക്കിൽ വൻഇടിവാണ് ഉണ്ടായിട്ടുള്ളത്. 28 വർഷം കൊണ്ട് 281211 പട്ടികജാതിവിഭാഗം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ കുറഞ്ഞത്. പട്ടികവർഗ്ഗവിഭാഗത്തിന്റെ എൻറോൾമെന്റ് കൂടിയ 2015-16-ലെ 78909-ൽ നിന്ന് 2019-ൽ എത്തുമ്പോൾ 3906 കുട്ടികൾ കുറഞ്ഞ് 75003 ആയി മാറി.

ജനനനിരക്കിലെ കുറവെന്ന സ്ഥിരം ന്യായീകരണത്തിലൂടെ പ്രശ്‌നത്തിന്റെ ഗൗരവത്തെ ലഘൂകരിക്കാനാവില്ല. കേരളത്തിൽ ജനസംഖ്യാവർധനവിന്റെ തോത് കുറവാണെങ്കിലും അത് ജനസംഖ്യയിലെ കുറവായി മാറിയിട്ടില്ല. മാത്രമല്ല, കുട്ടികളുടെ ജനസംഖ്യയിൽ നേരിയ കുറവ് ആദ്യമായി രേഖപ്പെടുത്തപ്പെട്ടത് 2011 ലാണ്. എന്നാൽ പട്ടികജാതി- പട്ടിക വർഗ വിഭാഗത്തിലെ പ്രവേശന കുറവും കൊഴിഞ്ഞുപോക്കും 90-കൾക്കു ശേഷം നടക്കുന്ന പ്രതിഭാസമാണ്.

ഏതാനും തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളും വിദ്യാലയസമൂഹങ്ങളും അന്തർ ദേശീയ നിലവാരത്തിലേക്കുയരുകയും മറ്റുള്ളവരുടെ അടിസ്ഥാനപ്രശ്‌നങ്ങൾപോലും പരിഹൃതമാകാതിരിക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസ പ്രക്രിയയെ അസന്തുലിതവും അസമവുമാക്കി മാറ്റാനിടയുണ്ട്. ആദിവാസി മേഖലകളിലുൾപ്പെടെ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. അനാരോഗ്യകരമായ ആസ്ബറ്റോസ് മേൽക്കൂരയുള്ള അനവധി കെട്ടിടങ്ങളുണ്ട്. പ്രീ-കെ.ഇ.ആർ അനുപാതത്തിലുള്ള ക്ലാസ് മുറികളുണ്ട്. സ്‌കൂൾ പ്രവേശനനിരക്കിലെ കുറവും, കൊഴിഞ്ഞുപോക്കും ഉൾപ്പെടെയുള്ള അടിസ്ഥാനപ്രശ്‌നങ്ങൾ ഉൾച്ചേർത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ അജണ്ട പുനർനിർവചിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതുവിരൽചൂണ്ടുന്നത്. വിദ്യാഭ്യാസത്തിന്റെ സാർവ്വത്രികതയും അവസരതുല്യതയും ഉറപ്പാക്കിയിട്ടാവണം അന്തർ ദേശീയതയിലേക്കുള്ള നമ്മുടെ യാത്രകൾ.

നീതി ആയോഗ് റിപ്പോർട്ട്- ഒന്നാം സ്ഥാനത്തിനിടയിലെ വിള്ളലുകൾ

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങളേയും, പുരോഗതിയേയും വിലയിരുത്തുന്ന നീതി ആയോഗ് റിപ്പോർട്ടിൽ കേരളം ഒന്നാംസ്ഥാനം നിലനിർത്തിയത് വിദ്യാഭ്യാസ മേഖലയിലെ നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വിലയിരുത്താവുന്നതാണ്.

നീതി ആയോഗ് റിപ്പോർട്ടിൽ പൊതുവിദ്യാഭ്യാസമേഖലയിലെ പൊതുപ്രകടനത്തിൽ കേരളത്തിന്റെ മുന്നേറ്റം വ്യക്തമാണെങ്കിലും തുല്യതയുമായി ബന്ധപ്പെട്ട വിഭാഗത്തിൽ നമ്മുടെ പരാധീനതകൾ വെളിവാകുന്നുണ്ട്.

വിദ്യാഭ്യാസ ഗുണനിലവാര സൂചിക (SEQI) ഉപയോഗിച്ച് നടത്തിയ ഈ പഠനത്തിൽ 30 സൂചകങ്ങളാണ് ആകെ പരിഗണിച്ചത്. ഇതിൽ 16 സൂചകങ്ങൾ നേട്ടവുമായി ബന്ധപ്പെട്ടതും, 14 സൂചകങ്ങൾ ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ടതുമാണ്. നേട്ടം എന്ന വിഭാഗത്തിൽ പഠനനേട്ടം, സ്‌കൂൾലഭ്യത, ഭൗതികസൗകര്യങ്ങൾ, തുല്യത എന്നീ മേഖലകളാണ് പരിഗണിച്ചത്. ഭരണനിർവ്വഹണം എന്ന വിഭാഗത്തിൽ ഹാജർനില, അധ്യാപകലഭ്യത, നിയമനം, ട്രാൻസ്ഫർ, ഓൺലൈൻ സൗകര്യങ്ങൾ എന്നീ മേഖലകളും വരുന്നു.
നീതി ആയോഗ് റിപ്പോർട്ടിൽ പൊതുവിദ്യാഭ്യാസമേഖലയിലെ പൊതുപ്രകടനത്തിൽ കേരളത്തിന്റെ മുന്നേറ്റം വ്യക്തമാണെങ്കിലും തുല്യതയുമായി ബന്ധപ്പെട്ട വിഭാഗത്തിൽ നമ്മുടെ പരാധീനതകൾ വെളിവാകുന്നുണ്ട്.

പൊതുവിദ്യാഭ്യാസ മേഖലയിൽനിന്നു കൊഴിഞ്ഞുപോയ കുട്ടികളിൽ 2015-16 കാലയളവിൽ 88.3% പേരെ തിരികെയെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ 2016-17 ൽ 64.0% കുട്ടികളെ മാത്രമേ വിദ്യാഭ്യാസക്രമത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളുവെന്നാണ് നീതി ആയോഗ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. 24% കുട്ടികളുടെ കുറവാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൊഴിഞ്ഞുപോകുന്ന കുട്ടികളെ തിരികെയെത്തിക്കുന്നതിൽ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Percentage of Identified Out-of-School Children Mainstreamed-Large State.
Percentage of Identified Out-of-School Children Mainstreamed-Large State.

പൊതുവിഭാഗത്തിലെ കുട്ടികളും പട്ടികജാതിവിഭാഗം കുട്ടികളും തമ്മിലുള്ള പ്രകടനത്തിലെ വ്യത്യാസം പരിഗണിക്കുമ്പോഴും നിലവാരത്തിലെ അന്തരം പ്രകടമാണ്. ഭാഷയുടെ കാര്യത്തിൽ മൂന്നാംക്ലാസിൽ 2, അഞ്ചാം ക്ലാസിൽ 2, എട്ടാംക്ലാസിൽ 6 എന്നിങ്ങനെയാണ് പൊതുവിഭാഗവും, മറ്റുള്ളവരും തമ്മിലുള്ള സ്‌കോറുകളുടെ വ്യത്യാസം. ഗണിത ത്തിൽ ഇത് മൂന്നാം ക്ലാസിൽ 2 ഉം, അഞ്ചിലും എട്ടിലും 1 ഉം ആണ്. എസ്.ടി. വിഭാഗം കുട്ടികളുടെ പ്രകടനം മറ്റ് പൊതുവിഭാഗവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒട്ടും തൃപ്തികരമല്ല. ഭാഷയിൽ മൂന്നാംക്ലാസിൽ 12, അഞ്ചിൽ 10, എട്ടിൽ 14 എന്നിങ്ങനെയും, ഗണിതത്തിൽ മൂന്നിൽ 14, അഞ്ചിലും എട്ടിലും 3 ഉം ആണ് പൊതുവിഭാഗമായുള്ള പെർഫോമെൻസിന്റെ അന്തരം. പൊതുവിഭാഗത്തിലെ കുട്ടികളുടെ ഭാഷാ-ഗണിത നിലവാരത്തിൽ നിന്ന് ഏറെ താഴ്ന്നുനിൽക്കുന്ന പ്രകടനമാണ് പട്ടികജാതി-പട്ടികവർഗ വിഭാഗം കുട്ടികളുടേത് എന്ന വസ്തുതയിലേക്കാണ് ഇതുവിരൽചൂണ്ടുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ പൊതുവിഭാഗങ്ങളും മറ്റുള്ളവരും തമ്മിലുള്ള പ്രകടനത്തിലെ അന്തരം കേരളത്തെ അപേക്ഷിച്ച് കുറവാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അടിസ്ഥാന വിഭാഗങ്ങളുടെ അക്കാദമിക മികവിനെ പരിഗണിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു നിലവാര വ്യത്യാസമുണ്ടാകുമായിരുന്നില്ല എന്നതല്ലെ വാസ്തവം.

കമ്പ്യൂട്ടർ കണ്ടിട്ടില്ലാത്ത ഏകാധ്യാപക വിദ്യാലയങ്ങൾ

കേരളത്തിലെ പൊതുവിദ്യാഭ്യാസ ക്രമത്തിൽ പ്രത്യേക ശ്രദ്ധവേണ്ടതും, എന്നാൽ കടുത്ത അവഗണന നേരിടുന്നവരുമാണ് ഏകാധ്യാപക വിദ്യാലയങ്ങളും അവിടത്തെ കുട്ടികളും. ഡി.പി.ഇ.പി. കാലഘട്ടത്തിൽ 1997-ലാണ് കേരളത്തിൽ ഏകാധ്യാപക വിദ്യാലയങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് ഏതാണ്ട് എല്ലാ ജില്ലകളിലും മലയോരമേഖലകളിലും ഭാഷാ ന്യൂനപക്ഷ പ്രദേശങ്ങളിലുമെല്ലാം ബദൽ വിദ്യാലയങ്ങൾ എന്നറിയപ്പെടുന്ന ഏകാധ്യാപക വിദ്യാലയങ്ങൾ ആരംഭിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിന്റെ സാർവ്വത്രികതയ്ക്ക് അന്നത് അനിവാര്യമായിരുന്നു. മൂന്നൂറോളം ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടിയെങ്കിലും ഇപ്പോൾ 266 ഏകാധ്യാപക വിദ്യാലയങ്ങളിലായി 4704 കുട്ടികളാണ് പഠിക്കുന്നത്. ഉൾഗ്രാമങ്ങളിലും മലയോരമേഖലകളിലുമായി സ്ഥിതി ചെയ്യുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ ബഹുഭൂരിപക്ഷം കുട്ടികളും തദ്ദേശീയ ഗോത്രവിഭാഗങ്ങളിൽപ്പെടുന്നവരാണ്. ഝാർഖണ്ഡിൽ 16.9% അരുണാചൽ പ്രദേശിൽ 26.6%, ആന്ധ്രാപ്രദേശിൽ 14.1% എന്നിങ്ങനെ പരിഗണിക്കുമ്പോൾ കേരളത്തിൽ 2.1% മാത്രമാണ് ഏകാധ്യാപക വിദ്യാലയങ്ങളുള്ളതെങ്കിലും സാമൂഹ്യനീതി നിഷേധം ഇവയെ തികച്ചും വിദ്യാർത്ഥി വിരുദ്ധമാക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യങ്ങളോ, ഡിജിറ്റൽ ക്ലാസ് റൂമുകളോ, പഠനോത്സവങ്ങളോ, പഠനയാത്രകളോ ഇല്ലാതെ അവഗണന നേരിടുന്നവയായി ബദൽ വിദ്യാലയങ്ങൾ മാറുമ്പോൾ സംരക്ഷണ യജ്ഞത്തിന്റെ അജണ്ടകളിൽ കാതലായ മാറ്റം അനിവാര്യമാവുകയാണ്.

കുട്ടികൾ മാത്രമല്ല, കൊഴിയുന്നത് അധ്യാപകരും

പൊതുവിദ്യാഭ്യാസമേഖലയിലുള്ള പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ അധ്യാപകരുടെ എണ്ണം പരിശോധിക്കുമ്പോൾ പ്രാതിനിധ്യമില്ലായ്മയുടേയും നീതി നിഷേധത്തിന്റെയും ആഴം നമ്മെ അമ്പരപ്പിച്ചേക്കും. കേരളത്തിലെ സർക്കാർ എയിഡഡ് മേഖലകളിലായി 2016-17 അക്കാദമികവർഷത്തിൽ ആകെ 147703 അധ്യാപകരാണ് ഉണ്ടായിരുന്നത്. ഇതിൽ പട്ടികജാതിവിഭാഗം അധ്യാപകരുടെ എണ്ണം 5030 ഉം (ആകെ അധ്യാപകരുടെ 3.4%) പട്ടികവർഗവിഭാഗം അധ്യാപകർ 874 ഉം ആണ്. ആകെ അധ്യാപകരുടെ 0.6% മാത്രം.

അൺഎയിഡഡ് മേഖലയിൽ ലഭ്യമായ കണക്കുകൾ പ്രകാരം 254 പട്ടികജാതി അധ്യാപകരും 16 പട്ടികവർഗ്ഗവിഭാഗം അധ്യാപകരും മാത്രമാണുള്ളത്. കേരളത്തിലെ ആകെ ജനസംഖ്യയുടെ 12% ത്തോളം വരുന്ന പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അവസ്ഥയാണിത്. എയിഡഡ്-അൺഎയിഡഡ് മേഖലയിൽ ശക്തമായ ജാതിമത വിവേചനം ഇപ്പോഴും തുടരുന്നുവെന്നാണ് ഈ കണക്കുകൾ വിളിച്ചുപറയുന്നത്.

കേരളത്തിലെ സർക്കാർ എയിഡഡ് മേഖലകളിലായി 2016-17 അക്കാദമികവർഷത്തിൽ ആകെ 147703 അധ്യാപകരാണ് ഉണ്ടായിരുന്നത്. ഇതിൽ പട്ടികജാതിവിഭാഗം അധ്യാപകരുടെ എണ്ണം 5030 ഉം (ആകെ അധ്യാപകരുടെ 3.4%) പട്ടികവർഗവിഭാഗം അധ്യാപകർ 874 ഉം ആണ്. ആകെ അധ്യാപകരുടെ 0.6% മാത്രം.

കേരളത്തിലെ പൊതുവിദ്യാഭ്യാസം എത്രമാത്രം പൊതുവാണ് എന്ന ഗൗരവതരമായ ചോദ്യം നാം പരിഗണിക്കേണ്ടതുണ്ട്. സമുദായങ്ങളുടെ പേരുപറഞ്ഞും സാമൂഹികപിന്നാക്കവാസ്ഥ ചൂണ്ടിക്കാട്ടിയും കെട്ടിയുയർത്തിയ എയിഡഡ് സ്ഥാപനങ്ങൾ സ്വസമുദായത്തിലെ മിടുക്കന്മാരായ വിദ്യാർത്ഥികളെ ഒഴിവാക്കിയാണ് ലക്ഷങ്ങൾ കോഴയായി നൽകാൻ കഴിയുന്നവർക്ക് നിയമനം നൽകുന്നത്. പട്ടികജാതി വിഭാഗത്തിലെ എയിഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളടക്കം അതേ വിഭാഗത്തിൽപ്പെടുന്ന അധ്യാപകരോട് വിവേചനപരമായി പെരുമാറുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.

സാമൂഹ്യനവോത്ഥാനത്തിലൂടെയും പുരോഗമന ആശയങ്ങളിലൂടെയും പാർശ്വവത്കൃതവിഭാഗങ്ങളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കഴിഞ്ഞുവെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് പട്ടികജാതി-വർഗ്ഗ വിഭാഗം കുട്ടികളും അധ്യാപകരും ഇപ്പോഴും ഇരുട്ടിന്റെ മറയിൽ തന്നെ നിൽക്കുന്നത്. കേരളസമൂഹത്തിലെ ഒരു ക്രോസ് സെക്ഷന്റെ സാമൂഹ്യ-സാംസ്‌കാരിക സംഭാവനകളും ജീവിതവും ക്ലാസ് റൂമുകളിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്നുവെന്നതാണ് ഇതിന്റെ ദുരന്തം. ഭാഷയിലും വിനിമയ പ്രക്രിയയിലും വ്യവഹാരരൂപങ്ങളിലുമെല്ലാമുണ്ടാവേണ്ട അടിസ്ഥാനവർഗ്ഗജീവിതത്തിന്റെ ഈസ്‌തെറ്റിക് പരിഗണിക്കപ്പെടാതെ ക്ലാസ് റൂമുകളെ സമഗ്രതയിൽ കാണാനാവില്ല.

സംഭവിക്കുന്നതെന്ത്?

പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികൾ പഠനം ഉപേക്ഷിച്ചു പോകുന്നതിനും എൻറോൾമെന്റ് നിരക്ക് കുറയുന്നതിനും സാമൂഹികവും സാമ്പത്തികവും അക്കാദമികവുമായ നിരവധി കാരണങ്ങളുണ്ട്. എന്നാൽ പരിഹാര നടപടികൾ കൃത്യമായി ഉണ്ടാകുന്നില്ലെന്നുമാത്രം. സ്‌കൂൾതലത്തിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാത്ത അവസ്ഥ നേടുകയെന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്. ഈ ലക്ഷ്യത്തിനായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന ഉറപ്പാക്കുമെന്നും സ്‌കൂൾതലത്തിൽ കൊഴിഞ്ഞുപോക്ക് ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കുമെന്നും സൂചിപ്പിക്കുന്നു.

എന്നാൽ ലക്ഷ്യം കൈവരിക്കുന്നതിൽ യജ്ഞം പരാജയപ്പെടുന്നുവെന്നാണ് 2019-ലെ കണക്കുകളും സൂചിപ്പിക്കുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ കുട്ടികളുടെ എൻറോൾമെന്റ് നിരക്ക് വർധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും കൊഴിഞ്ഞുപോക്കിന്റെ തീവ്രത കുറയ്ക്കാനോ, കൊഴിഞ്ഞുപോയവരെ തിരികെയെത്തി ക്കാനോ അവയൊന്നും ഉതകുന്നില്ല എന്നതാണ് യാഥാർഥ്യം.

കൊഴിഞ്ഞുപോക്ക് അക്കാദമിക കാരണങ്ങൾ

പട്ടികജാതി- പട്ടികവർഗ്ഗ വിദ്യാർത്ഥികൾ ഭാഷാപരവും, സാംസ്‌കാരികവും, പഠന സംബന്ധവുമായ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. സംസ്ഥാനത്തിനാകെ ബാധകമാവുന്ന രീതിയിൽ അവതരിപ്പിക്കുന്ന പൊതുപാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ആദിവാസി-ഗോത്രവിഭാഗങ്ങളുടെ തനത് ഭാഷയും ജീവിതവ്യവഹാരങ്ങളുമായി നിരന്തരം സംഘർഷത്തിലാവുന്നുണ്ട്. മലയാളം മാതൃഭാഷയല്ലാത്തവരും ഊരുകളിൽ തനത് ഗോത്രഭാഷകൾ സംസാരിക്കുന്നവരുമായ കുട്ടികൾ മലയാള ഭാഷയിലെ പാഠപുസ്തകങ്ങൾ ഉൾക്കൊള്ളാനാവാതെ പഠനം പാതിവഴിയിൽ അവസാനിപ്പിക്കുന്നുണ്ട്. തൊണ്ണൂറുകളിൽ പരീക്ഷണാർത്ഥം ആദിവാസിമേഖലകളിലേക്കു കടന്നുവന്ന ഡി.പി.ഇ.പി. അരികു വത്കൃത ജനവിഭാഗങ്ങളുടെ പഠനം ഉറപ്പാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടുവെന്നാണ് 1991-92 നു ശേഷമുള്ള തുടർച്ചയായ കൊഴിഞ്ഞുപോക്കിലൂടെ വ്യക്തമാകുന്നത്.

ഓരോ ഘട്ടത്തിലും കൃത്യമായ പഠനനിലവാരം ഉറപ്പാക്കാൻ നിഷ്‌കർഷിക്കാത്തത് ഏറ്റവുമധികം ബാധിച്ചത് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികളെയാണ്. എഴുത്തിലും വായനയിലും ഗണിതത്തിലും അടിസ്ഥാനശേഷികൾ ആർജിക്കാനാവാതെ പോകുന്നതാണ് തുടർപഠനമേഖലകളിൽനിന്ന് വിദ്യാർത്ഥികൾ അകലുന്നതിനുള്ള പ്രധാന കാരണം. മറ്റു കുട്ടികൾക്കൊപ്പമെത്താനാവാതെ അവർ പഠനം പാതിവഴിയിലുപേക്ഷിക്കുന്നു. പഠനബോധന പ്രവർത്തനങ്ങളുടെ ഭാഗമായ ഗ്രൂപ്പ് പ്രവർത്തനങ്ങളിലും കാര്യമായ സോഷ്യൽ ലോഫിംഗ് സംഭവിക്കുകയും വ്യക്തിഗത ശ്രദ്ധ നഷ്ടപ്പെട്ട് പഠനപ്രക്രിയയിൽനിന്ന് ഉൾവലിയുന്നവരും ഇത്തരം വിഭാഗങ്ങളിലുണ്ട്.

ആദിവാസി ഗോത്രവിഭാഗങ്ങൾ ഏറെയുള്ള വയനാട്, ഇടുക്കി, പാലക്കാട് എന്നീ മൂന്നു ജില്ലകളിലാണ് കൊഴിഞ്ഞുപോകുന്നതിന്റെ നിരക്ക് കൂടുതൽ. വയനാട് ജില്ലയിൽ കിർത്താഡ്‌സ് നടത്തിയ പഠനങ്ങളിൽ പണിയർ, കാട്ടുനായ്ക്കർ എന്നീ വിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്ക് കൂടുതലാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ പണിയ, ഇരുള വിഭാഗത്തിലാണ് കൊഴിഞ്ഞുപോക്ക് നിരക്ക് കൂടുതലായുള്ളത്. പട്ടികജാതി-ഗോത്രവിഭാഗങ്ങളുടെ പഠന നിലവാരം ഉയർത്തുന്നതിന് ആവിഷ്‌കരിച്ച വിവിധ പദ്ധതികളായ ഗോത്രസാരഥി, ഊരു കൂട്ടവിദ്യാഭ്യാസ പദ്ധതി, മെന്റർ ടീച്ചർ എന്നിവയൊന്നും ഉദ്ദേശിച്ചഫലം ചെയ്തിട്ടില്ലയെന്നാണ് നാഷണൽ അച്ചീവ്‌മെന്റ് സർവ്വെഫലം (2018), അസർ റിപ്പോർട്ട് എന്നിവയുടെ പഠനഫലങ്ങൾ വ്യക്തമാക്കുന്നത്.

കൊഴിഞ്ഞുപോക്ക് സാമൂഹ്യകാരണങ്ങൾ

ശിഥിലമായ കുടുംബബന്ധങ്ങൾ, ദാരിദ്ര്യം, അടിസ്ഥാന സൗകര്യക്കുറവ്, വീട്ടിലെ പഠനസാഹചര്യമില്ലായ്മ, രക്ഷിതാക്കളുടെ മദ്യപാനാസക്തി, അറിവില്ലായ്മ, ബാലവേല, അനാരോഗ്യം എന്നിങ്ങനെയുള്ള വ്യത്യസ്ത കാരണങ്ങളാൽ പഠനം ഉപേക്ഷിക്കുന്നവരാണ് പട്ടികജാതി-പട്ടികവർഗ്ഗത്തിലെ കുട്ടികളിൽ ഏറെയും. ഇത്തരം സാമൂഹ്യഘടക ങ്ങൾക്കൊപ്പം ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും സമൂഹവുമായി ഇടപെടാനുള്ള മടിയും കൂടിയാവുമ്പോൾ കൊഴിഞ്ഞുപോക്കിന്റെ വ്യാപ്തി കൂടുന്നു. ഇടയ്ക്ക് കൊഴിഞ്ഞു പോകുന്നവരും പഠനം ഉപേക്ഷിക്കുന്നവരും പിന്നീട് തിരിച്ചെത്തുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള പ്രീ-മെട്രിക്, പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളുടെ സാഹചര്യവും ഏറെ മെച്ചപ്പെടേണ്ടതായിട്ടുണ്ട്.

സാമൂഹ്യനവോത്ഥാന പ്രസ്ഥാനങ്ങളും നായകരും മിഷനറി പ്രവർത്തകരും പുരോഗമന നിയമനിർമ്മാണങ്ങളും നിലമൊരുക്കിയ മണ്ണിലാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ വേരുകൾ ഉറച്ചുനിന്നത്. വിദ്യാലയങ്ങൾ സമസ്തജനവിഭാഗങ്ങളുടേയും പൊതുഇടങ്ങളായി രൂപന്തരപ്പെട്ടതും വിദ്യാഭ്യാസം സാമൂഹ്യക്രമത്തിന്റെ അടിത്തട്ടിലേക്ക് അരിച്ചിറങ്ങിയതും ഇത്തരം പ്രവർത്തനങ്ങളിലൂടെയായിരുന്നു. സാർവ്വത്രിക, ജനാധിപത്യ, സമത്വാധിഷ്ഠിത വിദ്യാഭ്യാസമെന്നു പുകൾപെറ്റ കേരളത്തിലെ വിദ്യാഭ്യാസക്രമത്തിലാണ് പാർശ്വവത്കൃതവിഭാഗങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും പ്രവേശന നിരക്കിലെ കുറവും ഇപ്പോൾ കനത്ത ആഘാതമായി വന്നു പതിക്കുന്നത്.


Summary: KV Manoj points out how much there is a need for a fundamental change in the agendas of the public education conservation campaign in Kerala.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments