ഇന്ത്യയിൽ ഒരു ജനാധിപത്യ, മതനിരപേക്ഷ, സമൂഹനിർമിതി സാധ്യമാക്കിയതിൽ സ്വാതന്ത്ര്യാനന്തരം രൂപീകരിക്കപ്പെട്ട വിദ്യാഭ്യാസ കമീഷനുകൾക്കും, നയസമീപനങ്ങൾക്കും, റിപ്പോർട്ടുകൾക്കും വലിയ പങ്കുണ്ട്. പോളിസി ഡോക്യുമെന്റുകൾ ഇക്കാലഘട്ടത്തിന്റെ മാത്രമല്ല, വരുംകാല വിദ്യാഭ്യാസത്തിന്റെ ദിശാസൂചി കൂടിയാണെന്ന് വിലയിരുത്തപ്പെടാറുണ്ട്. കോത്താരി കമീഷൻ റിപ്പോർട്ടും, 1968-ലെയും 1986- ലെയും ദേശീയ വിദ്യാഭ്യാസനയങ്ങളും ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ഭാഗധേയത്തെ നിർണായകമായി സ്വാധീനിച്ച സമീപനരേഖകളായിരുന്നു. ദേശീയ വിദ്യാഭ്യാസനയം-2020, അതിന്റെ രൂപകർത്താക്കൾ അവകാശപ്പെടുന്നതുപോലെ ഒരു പാരഡൈം ഷിഫ്റ്റാണ് (Paradigm shift). നമ്മുടെ വിദ്യാഭ്യാസത്തിൽ പരിമിതമായെങ്കിലും നിലനിൽക്കുന്ന സാമൂഹികനീതിയുടെയും സമത്വാധിഷ്ഠിത, സൗജന്യ-നിർബന്ധിത വിദ്യാഭ്യാസത്തിന്റെയും നിലപാടുതറയിൽനിന്നുള്ള പ്രകടമായ വ്യതിയാനത്തെയാണ് അതു സൂചിപ്പിക്കുന്നതെന്നു മാത്രം.
ഇന്ത്യൻ ജനതയെ പ്രതിനിധീകരിക്കുന്ന സംവാദവേദിയായ പാർലമെന്റിൽ ചർച്ച ചെയ്യാതെ രാജ്യത്തിനാകെ ബാധകമാവുന്ന ദേശീയനയം മന്ത്രിസഭാതീരുമാനത്തിലൂടെ നടപ്പിലാക്കുന്നത് ഈ പ്രക്രിയയൊന്നാകെ സംവാദവിരുദ്ധവും ജനാധിപത്യനിഷേധവുമാക്കുന്നുണ്ട്. ഒരു വൈജ്ഞാനിക-ബഹുസ്വര സാമൂഹികഘടനയുടെ ആധാരശിലയായ വിദ്യാഭ്യാസത്തെ സംബന്ധിച്ച നിയമം ആവിഷ്‌ക്കരിക്കുമ്പോൾ, നിയമനിർമാണസഭകൾ ബോധപൂർവം നിശ്ശബ്ദമാക്കപ്പെടുന്നത് നമ്മുടെ രാജ്യത്തിന്റെ സങ്കീർണമായ രാഷ്ട്രീയ- സാമൂഹ്യാവസ്ഥകളെയാണ് പ്രതിഫലിപ്പിക്കുന്നത്.
ദേശീയ നയരേഖയുടെ രാഷ്ട്രീയം
ഇന്ത്യൻ വിദ്യാഭ്യാസത്തിൽ നിർണായക പരിവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുതകുന്ന നിഗമനങ്ങളുടെയും, നിർദ്ദേശങ്ങളുടെയും സമാഹാരമാണ് പുതിയ വിദ്യാഭ്യാസനയമെന്നും, സംഘപരിവാറിന്റെ നിയന്ത്രിത ഇടപെടലുകൾ മാത്രമാണ് നയരേഖയിൽ കാണുന്നതെന്നും നിരീക്ഷണങ്ങളുയരുമ്പോൾ
മാർക്കറ്റിനെ ഉദാരമായി സ്വപ്നം കാണുന്ന നിയോ-ലിബറൽ സമീപനങ്ങളുടെയും, വിദ്യാഭ്യാസ സംവിധാനങ്ങളെയും കരിക്കുലത്തെയും ഏകശിലാസമാനമാക്കുന്ന കേന്ദ്രീകൃത കാഴ്ചപ്പാടുകളുടെയും സമാഹാരമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം
ദേശീയവിദ്യാഭ്യാസനയം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം സൂക്ഷ്മതലങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. മാർക്കറ്റിനെ ഉദാരമായി സ്വപ്നം കാണുന്ന നിയോ-ലിബറൽ സമീപനങ്ങളുടെയും, വിദ്യാഭ്യാസ സംവിധാനങ്ങളെയും കരിക്കുലത്തെയും ഏകശിലാസമാനമാക്കുന്ന കേന്ദ്രീകൃത കാഴ്ചപ്പാടുകളുടെയും സമാഹാരമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. മാത്രമല്ല, പ്രാപ്യത, തുല്യത, ഗുണമേന്മ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാഭ്യാസത്തിലെ സങ്കീർണപ്രശ്‌നങ്ങളെ കോർപ്പറേറ്റുകൾക്കും, ആത്മീയകേന്ദ്രങ്ങൾക്കും വിട്ടുകൊടുക്കുകയും, വിദ്യാഭ്യാസത്തിന്റെ ക്ഷേമരാഷ്ട്രസങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽനിന്ന് രാഷ്ട്രത്തെ മാറ്റിനിർത്തുകയും ചെയ്യുന്നു.
കേന്ദ്രഗവൺമെന്റിന്റെ നേതൃത്വത്തിൽ നിരന്തരമായി നടന്നുവരുന്ന ഒരു രാഷ്ട്രം, ഒരു വിദ്യാഭ്യാസ വ്യവസ്ഥ, ഒരു കരിക്കുലം എന്ന ഏകീകൃത സമീപനത്തിലൂന്നുന്നതും, വിദ്യാഭ്യാസത്തിലെ ഫെഡറൽ മൂല്യങ്ങളെയാകെ തകർത്തുകളയുന്നതുമായ അക്കാദമിക സമഗ്രാധിപത്യത്തിന്റെ ഭാഷയാണ് ദേശീയവിദ്യാഭ്യാസനയം സംസാരിക്കുന്നത്.
നയരൂപീകരണത്തിലെ ജനാധിപത്യവിരുദ്ധതയും സുതാര്യതയില്ലായ്മയും
പുതിയ ദേശീയനയത്തിന്റെ രൂപീകരണപ്രക്രിയ തുടങ്ങുന്നത് ഒന്നാം എൻ.ഡി.എ. ഗവൺമെന്റിന്റെ കാലത്താണ്. അന്നത്തെ മാനവശേഷിവികസനമന്ത്രി സ്മൃതി ഇറാനി, മുൻ ക്യാബിനറ്റ് സെക്രട്ടറി ടി.എസ്.ആർ. സുബ്രണ്യത്തിന്റെ നേതൃത്വത്തിൽ അഞ്ചംഗ ബ്യൂറോക്രാറ്റിക് കമ്മിറ്റിയെ നിയമിക്കുകയും, കമ്മിറ്റി 2016 മെയ് 27-ന് 230 പേജുള്ള ഒരു റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ മന്ത്രാലയം ഈ റിപ്പോർട്ട് പൊതുചർച്ചക്ക് സമർപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. അതിനുപകരം മാനവ ശേഷിമന്ത്രാലയം തയ്യാറാക്കിയ Some Inputs for the Draft Educational Policy- 2016 എന്നൊരു രേഖ 2016 ജൂലൈയിൽ പൊതുജനാഭിപ്രായം ആരായാൻ പുറത്തിറക്കി. പൊതുജനങ്ങളും അക്കാദമിക്കുകളും സംഘടനകളുമെല്ലാം നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകി. ഇതൊന്നും പരിഗണിക്കാതെയാണ് സ്മൃതി ഇറാനിക്കു ശേഷം മാനവശേഷിവികസനവകുപ്പ് കൈകാര്യം ചെയ്ത പ്രകാശ് ജാവേദ്ക്കർ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള 11 അംഗ കമ്മിറ്റിയെ ദേശീയനയത്തിന്റെ കരടു റിപ്പോർട്ട് തയ്യാറാക്കാൻ നിയോഗിക്കുന്നത്. 2019 മെയ് 31-ന് കമ്മിറ്റി, 484 പേജുള്ള കരടു റിപ്പോർട്ട് സമർപ്പിക്കുകയും ചർച്ചകൾക്കും പ്രതികരണങ്ങൾക്കുമായി ലഭ്യമാക്കുകയും ചെയ്തു. വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും രണ്ടുലക്ഷത്തിലധികം പ്രതികരണങ്ങൾ കരടു റിപ്പോർട്ടിൻമേൽ എത്തിയെന്നു പറയുമ്പോഴും, അന്തിമ റിപ്പോർട്ടിൽ അവ പരിഗണിച്ചുവോയെന്ന് വ്യക്തമല്ല. ഇവിടെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ നയരൂപീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട ചില സംശയങ്ങളുയരുന്നുണ്ട്.
ഒന്ന്: ടി.എസ്.ആർ. സുബ്രമണ്യം കമ്മിറ്റി റിപ്പോർട്ടിന് എന്താണ് സംഭവിച്ചത്. പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിന്റെ കാരണമെന്താണ്? അതിലെ നിർദ്ദേശങ്ങൾ കസ്തൂരിരംഗൻ കമ്മിറ്റി സ്വീകരിച്ചിട്ടുണ്ടോ?
രണ്ട്: സുബ്രഹ്മണ്യം കമ്മിറ്റി റിപ്പോർട്ട് നിലവിലിരിക്കെ Some Inputs for the Draft Educational Policy- 2016 എന്ന രേഖ പുറത്തിറക്കിയതിന്റെ ഉദ്ദേശ്യമെന്താണ്? പ്രസ്തുത രേഖയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും അക്കാദമിക്കുകളും നൽകിയ പ്രതികരണങ്ങൾക്കും നിർദ്ദേശങ്ങൾക്കും എന്താണ് സംഭവിച്ചത്? അവ കസ്തൂരിരംഗൻ കമ്മിറ്റിക്ക് ലഭ്യമാക്കിയിട്ടുണ്ടോ?
മൂന്ന്: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ കരടിന്മേൽ വന്ന രണ്ടുലക്ഷത്തിലധികം നിർദ്ദേശങ്ങൾ അന്തിമറിപ്പോർട്ടിൽ പരിഗണിച്ചിട്ടുണ്ടോ? പരിഗണിച്ചവ ഏതെല്ലാമാണ്?
നാല്: ഏതെല്ലാം മാർഗങ്ങളിലൂടെയാണ് കസ്തൂരിരംഗൻ കമ്മിറ്റി അവരുടെ നിഗമനങ്ങളിലേക്കും, നിർദ്ദേശങ്ങളിലേയ്ക്കും എത്തപ്പെട്ടത്? നിർദ്ദേശങ്ങളും പ്രതികരണങ്ങളും പ്രോസസ് ചെയ്തതിന്റെ രീതിശാസ്ത്രമെന്താണ്?
കരടുനയരേഖ പുറത്തുവന്നപ്പോൾ തന്നെ ഉന്നയിക്കപ്പെട്ട ഇത്തരം
ടി.എസ്.ആർ. സുബ്രമണ്യം കമ്മിറ്റി റിപ്പോർട്ടിന് എന്താണ് സംഭവിച്ചത്. പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിന്റെ കാരണമെന്താണ്? അതിലെ നിർദ്ദേശങ്ങൾ കസ്തൂരിരംഗൻ കമ്മിറ്റി സ്വീകരിച്ചിട്ടുണ്ടോ?
ചോദ്യങ്ങൾക്കുള്ള മറുപടി അന്തിമനയത്തിലും കാണാനാവുന്നില്ലായെന്നത് രൂപീകരണത്തിലെ നിഗൂഢ സ്വഭാവത്തെയാണ് വെളിവാക്കുന്നത്. വ്യക്തിപരമായ ഒരു അനുഭവം കൂടി സൂചിപ്പിക്കാം. എം.എച്ച്.ആർ.ഡി. പുറത്തിറക്കിയ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 13 തീമുകളെ മുൻനിറുത്തി പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുനടന്ന കൺസൾട്ടേറ്റീവ് മീറ്റിംഗിൽ അക്കാദമിക്കുകളും, അധ്യാപകരും ഉയർത്തിയ വിമർശനങ്ങളെയും പ്രതികരണങ്ങളെയും ക്രോഡീകരിച്ച് സംസാരിച്ചത് പോണ്ടിച്ചേരി അരബിന്ദാശ്രമത്തിലെ ഒരു സന്യാസിയായിരുന്നു. അന്ന്, അവിടെ, വിദ്യാഭ്യാസത്തിലുണ്ടാവേണ്ട ഭാരതകേന്ദ്രീകൃത സമീപനത്തിന്റെ അടിയന്തിരാവശ്യകതയാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. രാജ്യവ്യാപകമായി നടന്നുവെന്നുപറയുന്ന അസംഖ്യം ചർച്ചകളുടെയും കൺസൾട്ടേറ്റീവ് മീറ്റിംഗുകളുടെയും കൂടിയാലോചനകളുടെയും പൊതുസ്വഭാവം വ്യക്തമാക്കുന്നതിനാണ് ഈ സന്ദർഭം ഉദാഹരിച്ചത്.
ലിബറലാണ്, പക്ഷേ, സെക്കുലർ അല്ല
സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതും, നമ്മുടെ രാജ്യത്തെ ചലനാത്മക വിജ്ഞാനസമൂഹമാക്കി പരിപോഷിപ്പിക്കുന്നതുമായ ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായമാണ് ദേശീയവിദ്യാഭ്യാസനയം അവതരിപ്പിക്കുന്ന ദർശനം. ജനാധിപത്യ- സോഷ്യലിസ്റ്റ്- മതേതര കാഴ്ചപ്പാടുകളെപ്പറ്റി 464 പേജുള്ള കരടുറിപ്പോർട്ടിലോ 60 പേജുള്ള അന്തിമ റിപ്പോർട്ടിലോ ആനുഷിംഗിക പരാമർശമെങ്കിലും ഇല്ലാതിരിക്കാൻ നയസൃഷ്ടാക്കൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ ‘സ്വയംഭരണം', ‘ഉദാരത', ‘നൈപുണി', ‘കേന്ദ്രീകരണം', ‘ഘടനാപരമായ പുനക്രമീകരണം' എന്നീ ആശയങ്ങൾ സമൃദ്ധമായി നയരേഖയിലുടനീളം കടന്നുവരികയും ചെയ്യുന്നു. ‘ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായ’മെന്ന ദേശീയ വിദ്യാഭ്യാസനയത്തിലെ സംജ്ഞ ഇന്ത്യൻ നവോത്ഥാനത്തെപ്പറ്റിയോ, സ്വാതന്ത്ര്യപ്രക്ഷോഭ കാലത്തെക്കുറിച്ചോ, നേതാക്കളെയോ, ദേശീയപ്രസ്ഥാനം മുന്നോട്ടുവച്ച ചിന്താധാരകളെ സംബന്ധിച്ചോ രാജ്യത്ത് രൂപപ്പെട്ടുവന്ന സങ്കലിതസംസ്‌കാരത്തെപ്പറ്റിയോ ആണെന്ന് ആരും ധരിച്ചുപോവരുത്.
നയരേഖയിലെ ഇന്ത്യാകേന്ദ്രീകൃത സമീപനമെന്നത് പുരാതന ഇന്ത്യയെക്കുറിച്ചുമാത്രമാണ്. അക്കാലത്തെ സർവകലാശാലകളായ നളന്ദ, തക്ഷശില, വിക്രമശില, വളഭി എന്നിവയുടെ വിജ്ഞാനസമ്പ്രദായത്തെയും, മെറ്റലർജി മുതൽ കപ്പൽ നിർമാണം വരെയുള്ള മേഖലകളിൽ നേടിയതെന്നു പറയുന്ന പുരോഗതിയെയുമാണ് നയരേഖ സൂചിപ്പിക്കുന്നത്.
ജനാധിപത്യ- സോഷ്യലിസ്റ്റ്- മതേതര കാഴ്ചപ്പാടുകളെപ്പറ്റി 464 പേജുള്ള കരടുറിപ്പോർട്ടിലോ 60 പേജുള്ള അന്തിമ റിപ്പോർട്ടിലോ ആനുഷിംഗിക പരാമർശമെങ്കിലും ഇല്ലാതിരിക്കാൻ നയസൃഷ്ടാക്കൾ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്
ചരിത്രപരമായി ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്തതും, മിത്തിക്കൽ സ്വഭാവമുള്ളതുമായ പ്രാചീനസ്ഥാപനങ്ങളേയും, വ്യക്തികളേയും രേഖ അവതരിപ്പിക്കുന്നത് ശ്രദ്ധിക്കുക:
The rich heritage of ancient and eternal Indian knowledge and thought has been a guiding light for this Policy. World-class institutions of ancient India such as Takshashila, Nalanda,Vikramshila, Vallabhi, set the highest standards of multidisciplinary teaching and research and hosted scholars and students from across backgrounds and countries. The Indian education system produced great scholars such as Charaka, Susruta, Aryabhata, Varahamihira, Bhaskaracharya, Brahmagupta, Chanakya, Chakrapani Datta, Madhava, Panini, Patanjali, Nagarjuna, Gautama, Pingala, Sankardev, Maitreyi, Gargi and Thiruvalluvar, among numerous others, who made seminal contributions to world knowledge in diverse fields such as mathematics, astronomy, metallurgy, medical science and surgery, civil engineering, architecture, shipbuilding and navigation, yoga, fine arts, chess, and more(P. 4, NEP 2020)
പ്രാചീന ഇന്ത്യൻ സംസ്‌കാരത്തിന് ഗണ്യമായ സംഭാവന നൽകിയ ബുദ്ധ- ജൈന വിദ്യാഭ്യാസ പാരമ്പര്യത്തെ, ഹിന്ദു-ബ്രാഹ്മണിക്കൽ വിജ്ഞാനപാരമ്പര്യമായി വ്യാഖ്യാനിക്കുകയാണ് നയരേഖ ചെയ്യുന്നത്. ബ്രാഹ്മണേതര വിഭാഗങ്ങളെ വിദ്യാഭ്യാസക്രമത്തിന്റെ പുറമ്പോക്കിൽ ഏറെക്കാലം നിർത്തിയിരുന്ന പൗരാണിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസമായി വിലയിരുത്തുന്നത് അപകടകരമായ ചരിത്രവായനാരീതിയാണ്. പ്രാചീന അറിവുകളെല്ലാം യഥാർത്ഥശാസ്ത്രമാണെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുകയും അവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും, അത്തരം വിഷയമേഖലകളിൽ ഗവേഷണം േപ്രാത്സാഹിപ്പിക്കണമെന്നും കൂടി ദേശീയനയം പറയുമ്പോൾ അതു മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്റെ സ്വഭാവം വ്യക്തമാണ്.
These rich legacies to world heritage must not only be nurtured and preserved for posterity but also researched, enhanced and put new uses through our education system. (P.4, NEP 2020). മറ്റൊരു ഭാഷയ്ക്കുമില്ലാത്ത പ്രാധാന്യം സംസ്‌കൃതത്തിനു കൽപ്പിച്ചു നൽകുന്നതും, സാംസ്‌കാരിക ദേശീയതയിലേക്ക് പൗരാണികബിംബങ്ങളുടെ പുനരുജ്ജീവനസാധ്യതകൾ പ്രായോഗികമാക്കുന്നതിനുവേണ്ടിയാണ്. ഇന്ത്യൻ സാഹിത്യത്തെക്കുറിച്ച് മെക്കാളെയുടെ മിനുറ്റ്‌സിൽ നടത്തിയ അപമാനകരമായ പരാമർശത്തിനു സമാനമായ നിരീക്ഷണവും, സംസ്‌കൃതവുമായി ബന്ധപ്പെട്ട് ദേശീയനയം നടത്തുന്നുണ്ട്: “Sanskrit, why also an important modern language, possesses a classical literature that is greater in volume than that of Latin and Greek put together.”
സംസ്‌കൃതത്തിനു നൽകുന്ന അമിത പ്രാധാന്യം വിവാദമാകാതിരിക്കാൻ മറ്റു ഭാഷകളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും, സംസ്‌കൃതവത്ക്കരണത്തിന്റെ അമിതസ്വാധീനം നിലനിൽക്കുന്ന രേഖയാണിത്. ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിനും, വഴിതെളിക്കുകയും, ഇന്ത്യൻ സംസ്‌കാരത്തിന് ഉറച്ച ഈടുവയ്പുകൾ നൽകുകയും ചെയ്ത മധ്യകാല ഘട്ടവും, നവോത്ഥാന-ആധുനികമുന്നേറ്റങ്ങളും, അക്കാലഘട്ടത്തിന്റെ സംഭാവനകളും പരാമർശിക്കാത്ത ദേശീയവിദ്യാഭ്യാസനയരേഖയുടെ സമീപനം സംഘപരിവാർ വിദ്യാഭ്യാസകേന്ദ്രങ്ങളുടെ പൊളിറ്റിക്കൽ അജണ്ടയുടെ ഭാഗമാണെന്നതാണ് യാഥാർത്ഥ്യം.
പതിയിരിക്കുന്ന ഒളിയജണ്ടകൾ
ഇന്ത്യയുടെ പൗരാണികസംസ്കാരത്തിനും പൈതൃകത്തിനും പ്രാധാന്യം നൽകി ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ ധാർമികമൂല്യപഠനം നൽകണമെന്നും വേദിക് കാലഘട്ടത്തിലെ ഗുരുകുലമാതൃകയിലുള്ള പഠനരീതി പ്രോത്സാഹിപ്പിക്കണമെന്നും ദേശീയനയം വ്യകതമാക്കുന്നു, ഘടനയിലും സമീപനത്തിലും അന്തർദേശീയമാതൃക സ്വീകരിക്കുമ്പോഴും ഉള്ളടക്കത്തിലും
ബ്രാഹ്മണേതര വിഭാഗങ്ങളെ വിദ്യാഭ്യാസക്രമത്തിന്റെ പുറമ്പോക്കിൽ ഏറെക്കാലം നിർത്തിയിരുന്ന പൗരാണിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസമായി വിലയിരുത്തുന്നത് അപകടകരമായ ചരിത്രവായനാരീതിയാണ്
ബോധനശാസ്ത്രത്തിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ഏകശിലാസമാനവും അധ്യാപകകേന്ദ്രീകൃതവുമായ രീതികൾ തന്നെയാണ് നിർദ്ദേശിക്കുന്നത് എന്നത് പുതിയ നയത്തെ വൈരുദ്ധ്യാത്മകമാക്കുന്നുണ്ട്. ഇന്ത്യൻ വിദ്യാഭ്യാസത്തിൽ സാർവത്രികത ഉറപ്പുവരുത്തുന്നതിനായി ദേശീയനയം നിർദ്ദേശിക്കുന്ന മാർഗം വിചിത്രമാണ്: To make it easier for both government as well as no governmental philanthropic organisations to build schools, and to allow alternative models of education, such as gurukulas, pathashaalas, madarasas and home schooling, the requirements of
schools, will be made less restrictive. ഇത്തരത്തിൽ ആത്മീയ വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസവുമായി ഉൾച്ചേർക്കാൻ ദേശീയനയം നിരന്തരം ശ്രമിക്കുന്നുണ്ട്. മൂല്യാധിഷ്ഠിതവിദ്യാഭ്യാസം എന്നത് മതാധിഷ്ഠിത വിദ്യാഭ്യാസമായി പരിണമിക്കാനെളുപ്പമാണ്. ഇക്കാര്യത്തിൽ ചില ഉത്തരേന്ത്യൻ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ഉത്തരേന്ത്യയിൽ നടക്കുന്ന ആൾക്കൂട്ടകൊലപാതകങ്ങൾക്കുപോലും, ഇത്തരത്തിൽ വക്രീകരിക്കപ്പെട്ട കരിക്കുലവും, പുസ്തകങ്ങളും കാരണമാകുന്നുണ്ടെന്ന് പഠനങ്ങളുണ്ടാകുന്നു. കരിക്കുലം, കോ-കരിക്കുലം, എക്‌സ്ട്ര കരിക്കുലം എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾ ഒഴിവാക്കി എല്ലാ വിഷയങ്ങളെയും കരിക്കുലമായി പരിഗണിക്കണമെന്ന നിർദ്ദേശം പ്രത്യക്ഷത്തിൽ ആകർഷകമെന്നു തോന്നുമെങ്കിലും ചില ഒളിയജണ്ടകൾ പതിയിരിക്കുന്നുണ്ട്. There will be no hard separation among ‘curricular’, ‘extracurricular ’, or ‘co-curricular’, among ‘arts’, ‘humanities’, and ‘sciences’, or between ‘vocational’ or ‘academic’ streams. (p. 4.8NEP 2020).
സവിശേഷമായ വിഷയബന്ധിത പഠനം (Specialization) ഒഴിവാക്കി പഠിതാവിനെ ജനറലിസ്റ്റ് ആക്കുകയും യോഗയും, വാസ്തുവും, ജ്യോതിഷവും, വേദഗണിതവും കോർ-വിഷയങ്ങളായി കടന്നുവരാനുള്ള സാധ്യതയായും ഇതു മാറിയേക്കാം. നിലവിൽ കോർ-വിഷയങ്ങളായി പരിഗണിക്കപ്പെടുന്ന ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, ഭാഷാപഠനം എന്നിവയ്ക്ക് എന്തു സംഭവിക്കുമെന്ന ചോദ്യമുയരുന്നുണ്ട്. പ്രാദേശികവും ദേശീയവുമായ ഉള്ളടക്കത്തിനുപരി സമകാലിക ലോകത്തിന്റെ നേർക്കാഴ്ചകളിലേക്കും തുറസുകളിലേക്കും വ്യാപരിക്കേണ്ടതല്ലേ അതിരുകളും, മതിലുകളുമില്ലാത്ത കാലത്തെ വിദ്യാഭ്യാസം.
വികേന്ദ്രീകരണത്തിന്റെ കാലത്തെ കേന്ദ്രീകരണവഴികൾ
പടിഞ്ഞാറൻ മോഡൽ വിദ്യാഭ്യാസഘടനയും, പാഠ്യപദ്ധതി സമീപനങ്ങളുമാണ് ദേശീയവിദ്യാഭ്യാസനയം-2020 റോഡ്മാപ്പായി സ്വീകരിക്കുന്നത്, പ്രത്യേകിച്ച് യു.എസ് മോഡൽ. എന്നാൽ യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിച്ച വിദ്യാഭ്യാസഘടനയിലെയും, കരിക്കുലം പദ്ധതികളിലെയും വികേന്ദ്രീകൃത-ഉത്തരവാദിത്ത വിഭജനരീതി ഇന്ത്യയുടെ നയത്തിലില്ല. രാജ്യത്തിന്റെ ഫെഡറൽ
ഒരു ദേശീയ നയസമീപനം ദേശീയമായിരിക്കുമ്പോൾത്തന്നെ, ഇന്ത്യ പോലെയൊരു ബഹുസ്വര സമൂഹത്തിൽ, വൈവിധ്യങ്ങളെ ആഘോഷിക്കുന്നതുമാവണം
വ്യവസ്ഥ മുൻനിർത്തി വിദ്യാഭ്യാസ ലക്ഷ്യങ്ങൾ ചിട്ടയായി നടപ്പിലാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ തുല്യമായ പങ്കു തിരിച്ചറിഞ്ഞതുകൊണ്ടാണ് 1976-ലെ ഭരണഘടനാഭേദഗതിയിലൂടെ വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലേക്ക് മാറിയത്. ദേശീയതലത്തിലെ നയസമീപനങ്ങൾക്കനുസൃതമായോ, അല്ലാതെയോ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്കു കഴിയേണ്ടതുണ്ട്. എന്നാൽ വിദ്യാഭ്യാസവിഷയങ്ങളിൽ സമീപകാലത്ത് വർധിച്ചുവരുന്ന കേന്ദ്രഭരണകൂടത്തിന്റെ ഏകപക്ഷീയ ഇടപെടലുകൾ വിദ്യാഭ്യാസ വ്യവസ്ഥയിലെയും, നയസമീപനങ്ങളിലേയും, ധനവിനിയോഗത്തിലെയും ഏകായത്ത (Unitary) നിലപാടുകൾക്ക് കാരണമാവുമെന്നും, ഫെഡറൽസ്വഭാവത്തെ തകർക്കുമെന്നും ആശങ്കയുണ്ടാവുന്നുണ്ട്. അതിനെ സാധൂകരിക്കുന്ന കേന്ദ്രീകരണത്തിന്റെ ഭാഷയാണ് NEP 2020 ഉം സംസാരിക്കുന്നത്. ഒരു ദേശീയ നയസമീപനം ദേശീയമായിരിക്കുമ്പോൾത്തന്നെ, ഇന്ത്യ പോലെയൊരു ബഹുസ്വര സമൂഹത്തിൽ, വൈവിധ്യങ്ങളെ ആഘോഷിക്കുന്നതുമാവണം. എന്നാൽ ദേശീയമായ ഒരു പൊതുഘടനയ്ക്കുപുറമേ ദേശീയതലത്തിൽ NCERT തയ്യാറാക്കുന്ന പാഠപുസ്തകങ്ങൾ, വിലയിരുത്തലിനുള്ള നാഷണൽ അസസ്‌മെന്റ് സെന്റർ ഫോർ സ്‌കൂൾ എഡ്യുക്കേഷൻ (NACSE), യൂണിവേഴ്‌സിറ്റി എൻട്രൻസ് പരീക്ഷകൾക്കുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA), നാഷണൽ അലൈൻസ് ഫോർ ടെക്‌നോളജി (NEAT), ഗവേഷണാംഗീകാരവുമായി ബന്ധപ്പെട്ട നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (NRF), കേന്ദ്രവിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ രാഷ്ട്രീയ ശിക്ഷാആയോഗ് (RSA) എന്നിങ്ങനെ വിദ്യാഭ്യാസ പ്രക്രിയയുടെ അക്കാദമിക- ഭരണതലങ്ങളെയെല്ലാം വ്യത്യസ്ത സ്ഥാപനങ്ങളും വ്യവസ്ഥകളും വഴി കേന്ദ്രീകരിക്കുന്നതും ഏകീകരിക്കുന്നതും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ തമ്മിലുള്ള താൽപര്യ സംഘട്ടനത്തിലേക്കും ആത്യന്തികമായി കേന്ദ്രഗവൺമെന്റ് നയം ഏകപക്ഷീയമായി നടപ്പിലാക്കുന്നതിലേക്കും വഴിതെളിച്ചേക്കും. വിദ്യാഭ്യാസപ്രക്രിയയിലെ വൈവിധ്യപൂർണമായ അന്വേഷണ വഴികളുടെയും, പ്രാദേശിയ ഉത്ക്കർഷേച്ഛകളുടെയും, തിരസ്കാരത്തിലേക്കാണ് അത് ഇന്ത്യയെ നയിക്കുക.
ഘടനാമാറ്റം എന്തിനുവേണ്ടി
പാഠ്യപദ്ധതിയേയും ബോധനശാസ്ത്രത്തെയും സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള കരിക്കുലം സമീപനങ്ങളെയും നയിക്കുന്നത് 5+3+3+4 എന്ന ഘടനയായിരിക്കുമെന്ന് നയം സൂചിപ്പിക്കുന്നു. കോത്താരി കമീഷൻ അവതരിപ്പിച്ചതും, 1986- ലെ ദേശീയവിദ്യാഭ്യാസനയം ഉറപ്പിച്ചതുമായ 10+2+3 എന്ന ഘടന മാറ്റുമ്പോൾ അതിന്റെ ഭരണപരവും, അക്കാദമികവും, മനശാസ്ത്രപരവുമായ കാരണങ്ങൾ വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. അമ്പതുവർഷമായി നിലനിൽക്കുന്ന ഘടന മാറ്റുന്നുവെന്നല്ലാതെ അതിന്റെ കാരണങ്ങൾ എവിടെയും വിശദീകരിച്ചു കണ്ടില്ല. ഘടനാമാറ്റം ഗുണമേന്മ വിദ്യാഭ്യാസത്തിനുതകുന്നതെങ്ങനെയെന്നും വ്യക്തമല്ല. വിദ്യാർത്ഥികേന്ദ്രീകൃത, അവകാശകേന്ദ്രീകൃത സമീപനത്തിൽ നിന്നുമാറി
വിദ്യാർത്ഥികേന്ദ്രീകൃത, അവകാശകേന്ദ്രീകൃത സമീപനത്തിൽ നിന്നുമാറി ഘടനയാണ് എല്ലാം തീരുമാനിക്കുന്നതെന്ന ഘടനാ കേന്ദ്രീകൃത സമീപനം വിദ്യാഭ്യാസ മനശാസ്ത്രവുമായോ, ദർശനങ്ങളുമായോ ബന്ധമുള്ളതല്ല
ഘടനയാണ് എല്ലാം തീരുമാനിക്കുന്നതെന്ന ഘടനാ കേന്ദ്രീകൃത സമീപനം വിദ്യാഭ്യാസ മനശാസ്ത്രവുമായോ, ദർശനങ്ങളുമായോ ബന്ധമുള്ളതല്ല. പഠന ലക്ഷ്യങ്ങളിലും, രീതികളിലും, ബോധനശാസ്ത്ര സമീപനങ്ങളിലും പ്രീ-പ്രൈമറിയും, പ്രൈമറിയും തമ്മിലും സെക്കന്ററിയും, ഹയർസെക്കന്ററിയും തമ്മിലും നിലനിൽക്കുന്ന വ്യത്യാസങ്ങൾ നയരൂപകർത്താക്കൾ പരിഗണിച്ചതായി തോന്നുന്നില്ല. കൗമാരം, കൗമാരത്തിന്റെ അവസാനം എന്നിങ്ങനെയുള്ള സൂക്ഷ്മവ്യത്യാസത്തെ പരിഗണിച്ചാണ് കോത്താരി കമ്മീഷൻ ഹയർസെക്കന്ററി സവിശേഷമായ അക്കാദമിക പ്രാധാന്യത്തോടെ നിലനിൽക്കണമെന്ന ആശയം അവതരിപ്പിച്ചത്. കൗമാരത്തിലെ ശാരീരിക, സാമൂഹിക വളർച്ചകളെ പഠനത്തിനു വിധേയമാക്കിയ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ റോയ് ഹോപ്കിൻസ് വ്യത്യസ്ത പ്രായത്തിലുള്ള കൗമാരക്കാർ ഇടപഴകുന്നതിലൂടെ ഉണ്ടാകുന്ന ഗുരുതരപ്രശ്‌നങ്ങളെക്കുറിച്ച് Adolescence the Transitional Years എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. സെക്കന്ററിതലത്തിൽ പഠിക്കുന്ന കൗമാരക്കാരായ കുട്ടികൾക്ക് തങ്ങളുടെ ശാരീരിക വളർച്ചയിലുണ്ടാകുന്ന മാറ്റത്തിന്റെ സാമൂഹികതലം തിരിച്ചറിയാൻ കഴിയില്ലെന്നും എന്നാൽ ലേറ്റർ അഡോളസെന്റ് സ്റ്റേജിലെ ഹയർസെക്കന്ററി കുട്ടിക്ക് അത് സാധ്യമാണെന്നുമുള്ള നിരീക്ഷണം വ്യത്യസ്ത ശാരീരിക-മാനസിക വളർച്ചയുള്ള കുട്ടികളെ ഒരു യൂണിറ്റായി പരിഗണിക്കുന്നതിലുള്ള അപകടത്തെയാണ് സൂചിപ്പിക്കുന്നത്. മൂന്നു മുതൽ അഞ്ചു വയസുവരെയുള്ള കുട്ടികളെ ഔപചാരികവിദ്യാഭ്യാസ വ്യവസ്ഥയിലേക്കു കൊണ്ടുവരുന്നതും പഠനപ്രക്രിയയുടെ ഭാഗമാക്കുന്നതും ശിശുമനശാസ്ത്രത്തിനു വിരുദ്ധമാണ്. വിദ്യാഭ്യാസപരമായി മുന്നേറിയ രാജ്യങ്ങളിലെല്ലാം ആറോ ഏഴോ വയസ്സാണ് ഔപചാരിക പഠന പ്രക്രിയയിലേക്കുള്ള പ്രവേശനപ്രായമായി കണക്കാക്കിയിട്ടുള്ളത്.
സെക്കന്ററിയിൽ സെമസ്റ്ററൈസേഷൻ അപകടം
പഠനപ്രവർത്തനങ്ങളുടെ തുടർച്ചയേയും ഉളളടക്കപരമായ അനുക്രമവികാസത്തെയും തകർക്കുന്നതും അരാജകത്വത്തിലേക്ക് നയിക്കുന്നതുമാണ് ദേശീയനയം സെക്കണ്ടറി ക്ലാസുകളിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന സെമസ്റ്റർ സമ്പ്രദായം. ഉന്നത വിദ്യാഭ്യാസമേഖലയിൽപോലും ചോയ്‌സ് ബേയ്‌സ്ഡ് സെമസ്റ്റർസിസ്റ്റം പരാജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എപ്പോൾ വേണമെങ്കിലും പ്രവേശനം നേടാവുന്നതും പഠനമുപേക്ഷിച്ച് പോകാൻ കഴിയുന്നതുമായ മൾട്ടിപ്പിൾ എക്‌സിസ്റ്റ്, എൻട്രൻസ് വ്യവസ്ഥയാണ് ഒമ്പതു മുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസ്സുകൾക്കായി നയം നിർദ്ദേശിച്ചിരിക്കുന്നത്. ( 4.4, P. 11, NEP 2020) പ്രത്യക്ഷത്തിൽ അയവുള്ളതും, വിദ്യാർഥി സൗഹൃദപരവുമായ സമീപനമെന്ന് തോന്നുമെങ്കിലും ദുരുപയോഗത്തിന് ഏറെ സാധ്യത
ആഗോളീകൃതാനന്തര കാലഘട്ടത്തിൽ മാർക്കറ്റിനാവശ്യമായ തൊഴിൽശകതിയെ സജ്ജമാക്കുന്ന കേന്ദ്രങ്ങളായും പ്രൈവറ്റ്- പബ്ലിക് ചങ്ങാത്ത മുതലാളിത്തത്തിന്റെ സ്ഥാപനങ്ങളായും വിദ്യാലയങ്ങൾ മാറ്റപ്പെടുന്നുണ്ട്
നൽകുന്നതാണിത്. വൊക്കേഷണൽ വിദ്യാഭ്യാസത്തിലുപയോഗിക്കുന്ന ഈ രീതി ഔപചാരിക പൊതുവിദ്യാഭ്യാസക്രമത്തിൽ അവതരിപ്പിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ നിർബന്ധിത സ്വഭാവവും പഠനത്തുടർച്ചയും, നഷ്ടപ്പെട്ട്, വിദ്യാലയമുപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കാനും വിദ്യാ ഭ്യാസം അനൗപചാരികമായിത്തീരാനുമിടയുണ്ട്.
അപ്രസകതമാകുന്ന അറിവും പ്രസക്തമാവുന്ന നൈപുണികളും
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിദ്യാഭ്യാസ കമീഷനുകളും, ദേശീയനയങ്ങളും അറിവ് ആർജ്ജിക്കുകയെന്ന മുഖ്യലക്ഷ്യത്തിനുസൃതമായാണ് വിദ്യാഭ്യാസത്തെ നിർവചിക്കാൻ ശ്രമിച്ചിട്ടുള്ളത്. നേടിയ അറിവ് സമൂഹത്തിനുവേണ്ടി ഉചിത സാഹചര്യങ്ങളിൽ പ്രയോഗിക്കുകയെന്നതും പ്രധാനമാണ്. എന്നാൽ പുതിയ വിദ്യാഭ്യാസത്തിലുടനീളം അറിവിനുപകരം നൈപുണി (Skill) കൾക്കും ശേഷി (competence)കൾക്കുമാണ് ഊന്നൽ നൽകിയിട്ടുള്ളത്. ആഗോളീകൃതാനന്തര കാലഘട്ടത്തിൽ മാർക്കറ്റിനാവശ്യമായ തൊഴിൽശക്തിയെ സജ്ജമാക്കുന്ന കേന്ദ്രങ്ങളായും പ്രൈവറ്റ്- പബ്ലിക് ചങ്ങാത്ത മുതലാളിത്തത്തിന്റെ സ്ഥാപനങ്ങളായും വിദ്യാലയങ്ങൾ മാറ്റപ്പെടുന്നുണ്ട്. രാജ്യാന്തര ഏജൻസികളിലൂടെ ഫ്രെയിംവർക്കുകളായും ഫ്‌ളാഗ്ഷിപ്പ് പദ്ധതികളായും ഇവ ദേശീയനയ സമീപനങ്ങളിലേക്കും കടന്നുവരുന്നുവെന്നതിന്റെ ഉദാഹരണമാണ് ഔപചാരിക പഠനത്തിൽ തൊഴിലിനെ ആറാം ക്ലാസ്സ് മുതൽ തന്നെ ബന്ധിപ്പിക്കാനുള്ള നീക്കം. കുട്ടികളിൽ തൊഴിൽ അഭിരുചിയും, സംരംഭകത്വ മനോഭാവവും, മികച്ച തൊഴിൽ സംസ്‌കാരവും രൂപപ്പെടേണ്ടത് അനിവാര്യമെങ്കിലും ഭാഷയിലും, ശാസ്ത്രത്തിലും, സാമൂഹ്യശാസ്ത്രത്തിലും ഗണിതത്തിലും അടിത്തറയുറപ്പിക്കുന്നതിനുമുമ്പ് പ്രാദേശിക തൊഴിൽ പരിസരങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നത് അപകടകരമാണ്. സെക്കന്ററി വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനുമുമ്പുതന്നെ ഒരു വിഭാഗം കുട്ടികളെ വിദ്യാഭ്യാസമേഖലയിൽനിന്ന് അടർത്തിയെടുക്കാനുള്ള നീക്കമായി ഇത് വിലയിരുത്തപ്പെടാനിടയുണ്ട്. ഈ നിർദ്ദേശത്തിലൂടെ പാർശ്വവത്കൃതവിഭാഗങ്ങളും, ഭിന്നശേഷിയുള്ളവരും, സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവരും പൊതുവിദ്യാഭ്യാസ പ്രക്രിയയിൽ നിന്ന് ബഹിഷ്‌കൃതരാകാനിടയായേക്കും.
ദേശീയ വിദ്യാഭ്യാസനയവും 2009-ലെ വിദ്യാഭ്യാസാവകാശനിയമവും
എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള ലഭ്യതയും പങ്കാളിത്തവും ഉറപ്പുവരുത്താൻ ശ്രമിച്ച ദേശീയ വിദ്യാഭ്യാസാവകാശ നിയമം നടപ്പിലാക്കിയതിന്റെ പത്താം വർഷമാണിത്. രണ്ടായിരത്തി മുപ്പതോടെ 3 മുതൽ 18 വരെയുള്ള എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസാവകാശനിയമം ബാധകമാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസനയം പ്രഖ്യാപിക്കുന്നുണ്ട്. പ്രീ-പ്രൈമറിയിലേക്കും, സെക്കന്ററിയിലേക്കും അവകാശനിയമം വ്യാപിപ്പിക്കേണ്ടതാണെന്ന നിരീക്ഷണങ്ങൾ മുമ്പെയുണ്ട്. എന്നാൽ അതിന് അടിസ്ഥാനസൗകര്യങ്ങൾ, സൗജന്യപാഠപുസ്തകങ്ങൾ, യൂണിഫോം, ഉച്ചഭക്ഷണ പരിപാടി, സ്‌കോളർഷിപ്പുകൾ, അധ്യാപകപരിശീലനങ്ങൾ, പഠനോപകരണങ്ങൾ എന്നിവയെല്ലാം പ്രീ-പ്രൈമറി മുതൽ ഹയർ സെക്കന്ററിവരെ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നതിൽ നയം നിശബ്ദത പാലിക്കുകയാണ്. വിദ്യാഭ്യാസാവകാശനിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്ന് അയൽപക്ക വിദ്യാലയങ്ങളെക്കുറിച്ചുള്ളതാണ്. പൈമറിയിൽ ഒരു കിലോമീറ്റർ ചുറ്റളവിലും സെക്കന്ററിയിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിലും ഒരു അയൽപക്കവിദ്യാലയം ഉണ്ടാവേണ്ടതാണെന്ന് നിയമം നിഷ്‌കർഷിക്കുന്നുണ്ട്. എന്നാൽ 10-20 സ്‌കൂളുകൾ ചേർന്ന് സ്കൂൾകോംപ്ലസ് രൂപീകരിക്കുമെന്ന വ്യവസ്ഥ അയൽപക്കവിദ്യാലയമെന്ന അവകാശനിയമവ്യവസ്ഥയ്ക്കു ഭീഷണിയാകും. അധ്യാപകർ, കലാ-കായിക പരിശീലകർ, കൗൺസിലർമാർ, എന്നിവരേയും ലബോറട്ടറികൾ, ലൈബ്രറികൾ, ഐ.സി.ടി. ഉപകരണങ്ങൾ, കളിസ്ഥലങ്ങൾ, കളിയുപകരണങ്ങൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം പങ്കിട്ടെടുക്കാനാണ് സ്‌കൂൾ കോംപ്ലക്‌സുകൾ സൃഷ്ടിക്കുന്നത്. ഇതിലൂടെ ഓരോ സ്‌കൂളിലും ഉറപ്പുവരുത്തേണ്ട അടിസ്ഥാനസൗകര്യങ്ങളിൽനിന്നും, അധ്യാപക ലഭ്യതയിൽനിന്നും എളുപ്പത്തിൽ ഒഴിഞ്ഞുമാറാൻ ഭരണകൂടത്തിനുകഴിയും. പൊതു- സ്വകാര്യവിദ്യാലയങ്ങളെ നിയന്ത്രിക്കുന്നത് ഒരേ മാനദണ്ഡങ്ങളും, അളവുകോലുകളും പ്രക്രിയകളും ഉപയോഗിച്ചായിരിക്കുമെന്നും, വിഭവങ്ങൾ പരസ്പരം ഉപയോഗിക്കാമെന്നുമുള്ള നിർദ്ദേശവും വിദ്യാഭ്യാസത്തിന്റെ
ഭൗതികസൗകര്യങ്ങളും, അധ്യാപകലഭ്യതയും ഉറപ്പുവരുത്താതെയാണ് സ്‌കൂ ളുകളെ ഓഡിറ്റ് ചെയ്യുന്ന സ്‌കൂൾ ക്വാളിറ്റി അസ്സസ്‌മെന്റിൽ അക്രഡിറ്റേഷൻ ഫ്രെയിംവർക്ക് ഉണ്ടാക്കുമെന്ന് ദേശീയനയം പ്രഖ്യാപിക്കുന്നത്
വാണിജ്യവത്ക്കരണത്തിലേക്കുള്ള ചൂണ്ടു പലകയാണ്. ഭൗതികസൗകര്യങ്ങളും, അധ്യാപകലഭ്യതയും ഉറപ്പുവരുത്താതെയാണ് സ്‌കൂളുകളെ ഓഡിറ്റ് ചെയ്യുന്ന സ്‌കൂൾ ക്വാളിറ്റി അസ്സസ്‌മെന്റിൽ അക്രഡിറ്റേഷൻ ഫ്രെയിംവർക്ക് ഉണ്ടാക്കുമെന്ന് ദേശീയനയം പ്രഖ്യാപിക്കുന്നത്. ഇത് വിദ്യാലയങ്ങൾ തമ്മിലും, വിദ്യാലയസമൂഹങ്ങൾ തമ്മിലും വലിയ വേർതിരിവിനും, അസമത്വത്തിനും കാരണമായേക്കാം.
ബഡ്ജറ്റും വിദ്യാഭ്യാസവും - യാഥാർഥ്യമെന്ത്?
വിദ്യാഭ്യാസ ഏജൻസികളും കോത്താരി കമീഷനും ജി.ഡി.പി.യുടെ 6 ശതമാനം വിദ്യാഭ്യാസത്തിന് മാറ്റിവയ്ക്കണമെന്നു നിർദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീടുവന്ന ഗവൺമെന്റുകളൊന്നും അത് നടപ്പിലാക്കിയില്ല. ദേശീയ വിദ്യാഭ്യാസനയത്തിന്റെ അന്തിമറിപ്പോർട്ടിലും ഇതേവാദം ആവർത്തിക്കപ്പെടുകയാണ്. വിദ്യാഭ്യാസനയ ത്തിന്റെ കരട് റിപ്പോർട്ട് പുറത്തുവന്നശേഷം 2017-18 ലെ ബജറ്റിൽ ജി.ഡി.പി.യുടെ 2.7 ശതമാനവും 2018-19 ൽ 3 ശതമാനവും മാത്രമാണ് വിദ്യാഭ്യാസത്തിന് മാറ്റിവച്ചത്. പൊതു-ഉന്നത വിദ്യാഭ്യാസമേഖലയിലെ 50 കോടി കുട്ടികൾക്കായി ഈ തുക മാറ്റി വയ്ക്കുമ്പോൾ ഒരു കുട്ടിക്ക് 1897 രൂപ മാത്രമാണ് വിദ്യാഭ്യാസത്തിന്റെ ആളോഹരി ബജറ്റ് വിഹിതം. മറ്റു രാജ്യങ്ങളുടെ വിഹിതം നോക്കുക: ഫിൻലാൻഡ്-7.1, യു.എസ്-5, യു.കെ-5.5, ബ്രസീൽ-6, ഭൂട്ടാൻ- 7.1, നേപ്പാൾ- 5.1 ശതമാനം വീതം. ഇവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യ വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്ന ജി.ഡി.പി. വിഹിതം തികച്ചും അപര്യാപ്തമാണ്. ബൃഹത്തെന്നും, സമഗ്രമെന്നും, നാലാം വ്യവസായ വിപ്ലവത്തിന്റെ കാഹളമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസനയം അവതരിപ്പിക്കുകയും എന്നാൽ അതിന്റെ നിർവഹണത്തിനായി നൽകേണ്ട ധനവിഹിതം ചുരുക്കുകയും ചെയ്യുന്നത് വിദ്യാഭ്യാസ പ്രക്രിയയേയും, അടിസ്ഥാന സൗകര്യവികസനത്തെയും, ഗുണനിലവാരത്തേയും ബാധിക്കുമെന്നുറപ്പാണ്. സാമൂഹ്യവികസന സൂചകങ്ങളിൽ ഇന്ത്യ പിൻ നിരയിൽ തന്നെ തുടരാനാണ് ഇത് വഴിയൊരുക്കുക.
അരികുകളെ കാണാത്ത നയം
ദേശീയവിദ്യാഭ്യാസനയം ചവിട്ടുപടിയായി സ്വീകരിച്ചിരിക്കുന്നത് കമ്പോളത്തയാണ്. അഞ്ച് ട്രില്യൺ ഇക്കോണമിയിൽനിന്ന് പത്ത് ട്രില്യൺ ഡോളറിലേക്ക് കുതിക്കുമെന്ന സ്വപ്നമാണ് അതു പങ്കുവയ്ക്കുന്നത്. ഈ പ്രാഥമികലക്ഷ്യത്തിന്റെ അടിത്തറയിലാണ് മറ്റു നിർദ്ദേശങ്ങളെല്ലാം കെട്ടിയുയർത്തിയിരിക്കുന്നത്. മാനവികതയേയും, മാനുഷികമൂല്യങ്ങളെയും വിദ്യാഭ്യാസത്തിൽ പ്രധാനമായും, പ്രസക്തമായും കാണുന്നവർക്ക് ഇത്തരത്തിൽ നയരൂപീകരണം സാധ്യമാവുമോയെന്ന സന്ദേഹമുയരുന്നുണ്ട്. നയരൂപ കർത്താക്കളുടെ വരേണ്യജീവിതവീക്ഷണങ്ങളും സമീപനങ്ങളും, സാംസ്‌കാരിക മൂലധനവുമാണ് നയങ്ങളായി അവതരിപ്പിക്കപ്പെടുന്നതെന്നിരിക്കെ, ഗ്രാമീണ ഇന്ത്യയിലെ കടുത്ത സാമൂഹ്യ-സാമ്പത്തിക പിന്നാക്കാവസ്ഥയിലൂടെ കടന്നുപോകുന്ന ദരിദ്രവിദ്യാർഥികൾ അനുഭവിക്കുന്ന വിവേചനങ്ങളോ, തുല്യതയില്ലായ്മയോ നയരേഖകളിൽ അപൂർവ്വമായി മാത്രമേ കടന്നുവരാറുള്ളൂ. പുതിയ ദേശീയവിദ്യാഭ്യാസനയവും അതിനൊരപവാദമല്ല. നയം നിർദ്ദേശിക്കുന്ന ഘടനാപരമായ മാറ്റങ്ങൾ, ഗുണനിലവാരം വർധിപ്പിക്കുന്നതിനു പകരം, ഈ മേഖലയിലേക്ക് എത്തിച്ചേരാനാഗ്രഹിക്കുന്ന കുട്ടികളെ തടയുന്നതായി മാറും.
ദേശീയ വിദ്യാഭ്യാസാവകാശനിയമം നിർദ്ദേശിച്ച സ്വകാര്യവിദ്യാലയങ്ങളിലേയ്ക്കുള്ള മാർജിനലൈസ്ഡ് വിഭാഗങ്ങളുടെ 25 ശതമാനം സംവരണം ദേശീയനയത്തിൽനിന്ന് ഒഴിവാക്കപ്പെട്ടത് ആ വിഭാഗത്തിൽപെടുന്ന വിദ്യാർഥികളുടെ തുടർപഠനസാധ്യതകളെ പരിമിതപ്പെടുത്തിയേക്കും. സെക്കന്ററിയിലെ സെമസ്റ്ററൈസേഷന്റെ ഭാഗമായ മൾട്ടിപ്പിൾ എക്‌സിറ്റ്- എൻട്രൻസ് സമ്പ്രദായവും, ആറാം ക്ലാസ് മുതൽ ആരംഭിക്കണമെന്നു നിർദ്ദേശിക്കുന്ന തൊഴിൽ പഠനവും, എട്ടാംക്ലാസ് വരെയുള്ള മാതൃഭാഷാ/പ്രാദേശിക ഭാഷാപഠനവും, സ്‌കൂൾ കോംപ്ലക്‌സും, അനിയന്ത്രിതമായ സ്വയംഭരണാവകാശവും, ഓൺലൈൻ വിദ്യാഭ്യാസരീതികളും വിദ്യാഭ്യാസത്തിൽ നിലനിൽക്കുന്ന സാമൂഹ്യ- സാമ്പത്തിക വിടവുകളെ വർധിപ്പിക്കാനിടയാക്കുമെന്നത് തീർച്ചയാണ്. സ്‌പെഷ്യൽ എക്കണോമിക് സോണുകളുടെ മാതൃകയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സ്‌പെഷ്യൽ എഡ്യുക്കേഷൻ സോണുകൾ പട്ടിക ജാതി- വർഗ- ന്യൂനപക്ഷ വിഭാഗങ്ങളെയും, മേഖലകളേയും പൊതുധാരയിൽനിന്ന് മാറ്റി നിർത്തുന്ന എക്‌സ്‌ക്ലൂസീവ് മേഖലകളാക്കി മാറ്റിയേക്കും.
വൈരുദ്ധ്യങ്ങളുടെ സമാഹാരം
ദേശീയവിദ്യാഭ്യാസനയം പ്രത്യക്ഷത്തിൽ ആകർഷകമെന്നുതോന്നുന്ന ആശയങ്ങളുടെ മധുരം പുരട്ടിയ സൂക്തങ്ങളാണ് ഉരുവിടുന്നതെങ്കിലും വൈരുദ്ധ്യങ്ങളുടെയും പ്രായോഗികതയില്ലായ്മയുടെയും സമാഹാരമാണെന്ന് ആഴത്തിലുള്ള അന്വേഷണത്തിൽ ബോധ്യമാകും. മൂന്നു മുതൽ പതിനെട്ടുവയസുവരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നു പ്രഖ്യാപിക്കുന്ന നയം സെക്കന്ററി തലത്തിൽ (8 മുതൽ 12 വരെ) സെമസ്റ്ററൈസേഷനും, മൾട്ടിപ്പിൾ എക്‌സിറ്റ്-എൻട്രൻസ് സമ്പ്രദായവും നടപ്പിലാക്കുമെന്നു പ്രഖ്യാപിക്കുന്നു. ഇതു രണ്ടും തമ്മിൽ യോജിച്ചുപോകുന്നതെങ്ങനെയെന്നു വ്യക്തമല്ല. സെക്കന്ററിപഠനം നിർബന്ധിതമല്ലാതെ വരുന്നത് കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാവില്ലേ? ഈ വ്യവസ്ഥ വിദ്യാഭ്യാസസ്ഥാപനങ്ങൾ കുട്ടികൾക്കെതിരായി ഉപയോഗിക്കാനും അവരെ പുറത്താക്കാനും ഉപയോഗിക്കില്ലേ? പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കണമെന്നു പറയുന്ന റിപ്പോർട്ടുതന്നെ പബ്ലിക്- പ്രൈവറ്റ് പാർട്ണർഷിപ്പിനെക്കുറിച്ചും പൊതുവിദ്യാലയങ്ങളുടെ സൗകര്യങ്ങൾ സ്വകാര്യവിദ്യാലയങ്ങൾക്കു കൂടി ഉപയോഗിക്കാമെന്നും സൂചിപ്പിക്കുന്നു. ദേശീയതയെക്കുറിച്ച് വാചാലമായി പരാമർശിക്കുന്ന റിപ്പോർട്ട് അവതരിപ്പിക്കുന്നതാകട്ടെ അമേരിക്കൻ മോഡൽഘടനയും സമീപനങ്ങളുമാണ്. ഓരോ സ്‌കൂളും മികവിന്റെ കേന്ദ്രമാവണമെന്നും മികവ് ഉറപ്പാക്കാൻ അയൽപക്ക സ്‌കൂളുകൾ ഉണ്ടാവണമെന്നും നിർദ്ദേശിച്ച വിദ്യാഭ്യാസാവകാശ നിയമം തിരുത്തി പകരം സ്‌കൂൾ കോംപ്ലക്‌സ് എന്ന അവിയൽ സമ്പ്രദായം നിർദ്ദേശിക്കുന്നു. പ്രത്യേക വിദ്യാഭ്യാസസോണുകൾ എന്ന നിർദ്ദേശവും സൗജന്യസാർവ്വത്രിക നിർബന്ധിത വിദ്യാഭ്യാസത്തിന് വിരുദ്ധമാണ്. ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്തണമെന്ന് നിർദ്ദേശിക്കുകയും മതപഠനത്തിനും മിത്തുകൾക്കും ആത്മീയവിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും അമിതപ്രാധാന്യം നൽകുകയും ചെയ്യുന്നു. അന്തർദേശീയ നിലവാരത്തെക്കുറിച്ച് ഉറക്കെ പ്രഖ്യാപിക്കുകയും പാഠ്യപദ്ധതി ലഘൂകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. കരിക്കുലത്തിൽ പ്രാദേശിക സാധ്യതകൾ തുറന്നിടണമെന്നു പറയുകയും പാഠ്യപദ്ധതിയേയും, പാഠപുസ്തകങ്ങളേയും കേന്ദ്രീകരിക്കുകയും ചെയ്യുന്നു. വാണിജ്യവത്ക്കരണം അവസാനിപ്പിക്കണമെന്നു പ്രഖ്യാപിക്കുകയും, സ്വയംഭരണസ്ഥാപനങ്ങളേയും, സ്വകാര്യഇടപെടലുകളേയും പ്രോത്സാഹിപ്പിക്കുന്ന നയം നിർദ്ദേശിക്കുകയും ചെയ്യുന്നു. ദേശീയ വിദ്യാഭ്യാസനയത്തെ വൈരുദ്ധ്യങ്ങളുടെ സമാഹാരം (Document of paradox) എന്നാരെങ്കിലും വിളിച്ചാൽ അൽഭുതത്തിന് അവകാശമില്ല.
2030ലേക്കുള്ള സുസ്ഥിരവികസന അജണ്ടയുമായി ബന്ധപ്പെടുത്തി പ്രാപ്യതയും (Access), തുല്യതയും (Equity), ഗുണമേന്മയുള്ളതും (Quality) താങ്ങാവുന്നതും (Affordability), ഉത്തരവാദിത്തമുള്ളതുമായ (Accountability) അടിസ്ഥാന സ്തംഭങ്ങളിൽ തയ്യാറാക്കപ്പെട്ടതെന്ന് അവകാശപ്പെടുന്ന ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഷയും, ക്രാഫ്റ്റും ആകർഷവും, പോപ്പുലിസ്റ്റ് കയ്യടികൾക്കർഹവുമാണ്. എന്നാൽ ഇന്ത്യയുടെ വിദ്യാഭ്യാസപ്രക്രിയയിൽ നിലനിൽക്കുന്ന അടിസ്ഥാന സൗകര്യമില്ലായ്മ, ലഭ്യതയും പ്രാപ്യതയും, കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, മതിയായ അധ്യാപകരില്ലായ്മ, ഡിജിറ്റൽ അന്തരം, സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ, പഠനനിലവാരത്തകർച്ച എന്നിങ്ങനെയുള്ള സങ്കീർണമായ പ്രശ്‌നങ്ങളെ മുറിച്ചുകടക്കുന്നതിനുള്ള സമഗ്രമായ ശ്രമമെന്ന നിലയിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവയ്ക്കുന്ന വീക്ഷണത്തെയും പ്രവർത്തനപദ്ധതിയെയും ആഴത്തിൽ സമീപിക്കുന്നവർ നിരാശരായേക്കും. സ്വയംഭരണ- ഉദാരവാദ സൂക്തങ്ങളും, കമ്പോളാധിഷ്ഠിത ഒറ്റമൂലി പരിഹാരങ്ങളും മിത്തിക്കൽ ഭ്രമകൽപനകളും, പൗരാണിക ഭാരതകേന്ദ്രീകൃത സങ്കൽപങ്ങളും അവരെ സന്തോഷിപ്പിച്ചേക്കാനിടയില്ല.