മനുസ്മൃതി ആകരുത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഗൈഡ്​

സംവാദാത്മ സാധ്യത ഇല്ലാതാക്കി കേന്ദ്രീകൃത കരിക്കുലത്തിലൂടെ ഏകപക്ഷീയ ഭാഷണമാണ് ദേശീയ വിദ്യാഭ്യാസ നയം കേൾപ്പിക്കാൻ ശ്രമിക്കുന്നതെന്ന വിമർശനമുയർത്തുകയാണ് ലേഖകൻ. ഏകശിലാസമാനമായ സാംസ്‌കാരിക ദേശീയതയുടെ അപകടകരമായ വഴികളിലേക്കാണ് നാം സഞ്ചരിക്കുന്നതെന്നും അതാകട്ടെ ഇന്ത്യയിൽ നിലനിൽക്കുന്ന ബഹുസ്വര ജീവിതസമീപനങ്ങൾക്കും ജനാധിപത്യ- മതേതര കാഴ്ചപ്പാടുകൾക്കും, സാമൂഹ്യനീതി സമത്വാധിഷ്ഠിത സങ്കൽപങ്ങൾക്കും നേർവിപരീതവുമാണെന്ന് വാദിക്കുന്നു

ദേശീയ വിദ്യാഭ്യാസനയം രാജ്യമെങ്ങും വ്യാപകമായി ചർച്ച ചെയ്യുകയും വ്യത്യസ്ത നിരീക്ഷണങ്ങൾ ഉയരുകയും ചെയ്യുന്ന ഘട്ടമാണിത്. എന്നാൽ 1986-ലെ ദേശീയ നയത്തിന് 34 വർഷങ്ങൾക്കുശേഷം പുറത്തുവന്ന നയരേഖ എന്ന നിലയിലും, വരുംകാല വിദ്യാഭ്യാസത്തിന്റെ സൂചകമെന്ന നിലയിലും, ദേശീയ വിദ്യാഭ്യാസ നയം അതർഹിക്കുന്ന പ്രാധാന്യത്തോടെ പൊതുസമൂഹം ചർച്ച ചെയ്യുന്നുണ്ടോയെന്ന സംശയങ്ങളും ഉയരുന്നുണ്ട്.

പോളിസി ഡോക്യുമെന്റ് എന്ന നിലയിൽ നയരേഖ മുന്നോട്ടുവെക്കുന്ന ചില കാഴ്ചപ്പാടുകൾ പ്രോഗ്രാം ഓഫ് ആക്ഷനിൽ ഒഴിവായെന്നും പുതിയവ കൂട്ടിച്ചേർക്കപ്പെട്ടുവെന്നും വരാം. എന്നാൽ നയരേഖ അവതരിപ്പിക്കുന്ന അടിസ്ഥാന ആശയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കേണ്ടതില്ല. അത്തരത്തിൽ സ്‌കൂൾ- കോളേജ്-‌ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനൊന്നാകെ ബാധകമാവുന്നതും, നയരേഖയുടെ ദർശനമായി അവതരിപ്പിക്കുന്നതുമാണ് ഭരണപരവും, ഘടനാപരവും അക്കാദമികവുമായ കേന്ദ്രീകരണം. സാമൂഹ്യ -വിദ്യാഭ്യാസ സൂചകങ്ങളിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളെല്ലാം ഗുണമേന്മക്ക് നിദാനമായി പരിഗണിക്കുന്നത് വികേന്ദ്രീകൃതവും, ഉത്തരവാദിത്ത- ചുമതലാ വിഭജനങ്ങളിലൂന്നിയതുമായ വിദ്യാഭ്യാസ വ്യവസ്ഥയെയാണ്. എന്നാൽ ദേശീയനയരേഖ വികേന്ദ്രീകരണത്തെ വിഘടിത സ്വഭാവമുള്ളതായാണ് (Fragmental) വിലയിരുത്തുന്നത്. ജനാധിപത്യത്തിന്റെ ആധാരശിലകളിലൊന്നായ വികേന്ദ്രീകരണത്തെ വിഘടിത സ്വഭാവമായി വിലയിരുത്തുന്ന സമീപനം ദേശീയനയത്തിലുടനീളം ദൃശ്യമാണ്. ദേശീയ വിദ്യാഭ്യാസനയത്തെ സംബന്ധിക്കുന്ന ചർച്ചകളിലും സംവാദങ്ങളിലുമെല്ലാം പൊതുവായി അമിത കേന്ദ്രീകരണമുയർത്തുന്ന വ്യത്യസ്ത പ്രശ്‌നങ്ങൾ ഉയർന്നുവരുന്നുണ്ട്. പ്രധാനമായും മൂന്നുതലങ്ങളിലാണ് നയരേഖയുടെ കേന്ദ്രീകൃത- ഏകീകരണ നിർദ്ദേശങ്ങളെ ചർച്ചയ്ക്കു വിധേയമാക്കേണ്ടത്.

ഒന്ന്: ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസത്തിലൂടെ ചരിത്രത്തിന്റെ ഏകീകരണം
രണ്ട്: വിദ്യാഭ്യാസ വ്യവസ്ഥയുടെയും, ഘടനയുടെയും, സ്ഥാപനങ്ങളുടെയും ഏകീകരണവും കേന്ദ്രീകരണവും.
മൂന്ന്: കരിക്കുലത്തിന്റെയും പാഠപുസ്തകങ്ങളുടെയും കേന്ദ്രീകരണം.
ഭാരത കേന്ദ്രീകൃതം: ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ നിലപാടുതറയിലാണ് ദേശീയ വിദ്യാഭ്യാസ നയം അതിന്റെ തൂണുകൾ നിർമിച്ചിരിക്കുന്നത്. പ്രാചീന ഇന്ത്യൻ ജ്ഞാനവ്യവസ്ഥയുടെ സമ്പന്നവും അനശ്വരവുമായ ഈടുവയ്പുകളാണ് നയത്തിന്റെ വഴികാട്ടിയെന്നും ജ്ഞാനം, പ്രജ്ഞ, സത്യം എന്നിവയാണ് ഇന്ത്യൻ വിദ്യാഭ്യാസചിന്തയെ നയിക്കുന്നതെന്നും നയരേഖ തുടർന്ന് സൂചിപ്പിക്കുന്നു. പുരാതന ഇന്ത്യയിലെ തക്ഷശില, നളന്ദ, വിക്രമശില, വളഭി എന്നിവയെ സംബന്ധിച്ചും, ചരകൻ മുതൽ തിരുവള്ളുവർ വരെ നീളുന്ന പൗരാണിക കാലത്തെ പണ്ഡിതരെക്കുറിച്ചും നയരേഖ പ്രസ്താവിക്കുന്നുണ്ട്.

ഇന്ത്യൻ വിദ്യാഭ്യാസത്തെ ഇപ്പോഴും സ്വാധീനിക്കുന്ന യൂറോകേന്ദ്രീകൃത കാഴ്ചാടുകളിൽനിന്നും, സമീപനങ്ങളിൽനിന്നും മാറി ഭാരതകേന്ദ്രീകൃതമായ വിദ്യാഭ്യാസ പദ്ധതിയെന്ന നയരേഖയുടെ ദർശനം എതിർക്കപ്പെടേണ്ട ഒന്നാണോ?
ഒന്നാമതായി, ഭാരതകേന്ദ്രീകൃതമെന്ന സംജ്ഞ ഉൾക്കൊള്ളുന്നത് പൗരാണിക ഭാരതചരിത്രത്തെ മാത്രമാണ്. അവിടെനിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലേയ്ക്കുള്ള ചാട്ടത്തിനിടയിൽ മധ്യകാല, നവോത്ഥാന, ആധുനികചരിത്രവും, സംഭാവനകളും രേഖ കാണാതെ പോയി. മാത്രമല്ല ഇന്ത്യൻ ദർശനത്തിലെ ഭൗതികവാദ ദാർശനികധാരയെയും രേഖ പരിഗണിക്കുന്നില്ല. ദേശീയനയരേഖയിൽ പരാമർശിക്കാത്ത ചില പേരുകളും, അവരുടെ വ്യത്യസ്തമായ ദാർശനിക വഴികളുമുണ്ട്. ബൃഹസ്പതി, ചർവാകൻ (ലോകായതം), കപിലൻ (സാംഖ്യം), കണാദൻ (വൈശേഷികം) എന്നിവർ നയരേഖയുടെ പൗരാണിക ഭാരതകേന്ദ്രീകൃത സംഭാവനകളിൽപ്പെടുന്നില്ല. ഡോ. രാധാകൃഷ്ണനേയും, അരവിന്ദഘോഷിനേയും ദേവീപ്രസാദ് ചതോപാധ്യായയേയും പോലുള്ള ചിന്തകർ സൂചിപ്പിക്കുന്നതുപോലെ പ്രാചീന ഭാരതദർശനത്തിന്റെ വഴികൾ ഏകമുഖമായിരുന്നില്ല. വൈദികകാലത്തിനും വർണാശ്രമവ്യവസ്ഥയ്ക്കും മുമ്പുതന്നെ ലോകായതവും, സാംഖ്യവും വൈശേഷികവും ഉൾപ്പെടെയുള്ള ദാർശനികധാരകൾ ഇന്ത്യയിൽ രൂപപ്പെട്ടിരുന്നു എന്ന് വ്യക്തമാണ്.

വെള്ളം, വായു, അഗ്‌നി, ഭൂമി എന്നിവയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്നു പ്രഖ്യാപിച്ച ലോകായതം, അവ്യകതമായ ആദിപ്രകൃതിയിൽനിന്നാണ് പ്രപഞ്ചത്തിന്റെ ഉൽപത്തിയെന്നു വ്യക്തമാക്കിയ കപിലെന്റ സാംഖ്യദർശനം, പരമാണുവാണ് പരിണാമത്തിന്റെ ഘടകം എന്നു വാദിച്ച കണാദന്റെ വൈശേഷികം, അസ്ഥിരവും നിരന്തര മാറ്റത്തിനു വിധയമാവുന്നതുമായ പ്രകൃതി പ്രതിഭാസങ്ങളെ സൂചിപ്പിച്ച ബുദ്ധ-ജൈന ദർശനം എന്നിവയൊന്നും നയരേഖയുടെ പ്രാചീന ഭാരതകേന്ദ്രീകൃത വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടാതെ പോയതെന്തുകൊണ്ടാണ്? മാത്രമല്ല, പൗരാണികകാലത്തെ പരിമിത ജ്ഞാനരൂപങ്ങളെയും, വരേണ്യവർഗ്ഗ വിദ്യാഭ്യാസ കേന്ദ്രങ്ങളെയും, മിത്തുകളെയും, സാർവകാലികമാക്കി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സങ്കീർണ വിദ്യാഭ്യാസപ്രശ്‌നങ്ങൾക്ക് അഭിമുഖമാക്കി നിർത്തുന്നത് ചരിത്രനിഷേധമാണ്.

'മനുസ്മൃതി' കവർ
'മനുസ്മൃതി' കവർ

രണ്ടാമതായി, വേദിക് വിദ്യാഭ്യാസ രീതികളെയും ജാതിയുടെ ശ്രേണീസ്വഭാവത്തെയും, ബ്രാഹ്മണിക്കൽ ഘടനയെയും നിരാകരിക്കുകയും സംഘങ്ങളിലൂടെയും വിഹാരങ്ങളിലൂടെയും, ജനകീയവിദ്യാഭ്യാസരീതികളുടെ ആദിരൂപങ്ങൾ അവതരിപ്പിക്കുകയും ചെയ്ത ബുദ്ധ- ജൈനകേന്ദ്രങ്ങളെയും, ഒട്ടൊക്കെ ജനാധിപത്യപരവും വൈവിധ്യപൂർണവുമായ അതിന്റെ സ്വഭാവത്തെയും ഹിന്ദു ബ്രാഹ്മണിക്കൽ വിദ്യാഭ്യാസധാരയുടെ ഭാഗമായി അവതരിപ്പിക്കുകയെന്ന ചരിത്രവിരുദ്ധത ദേശീയനയം വിദഗ്ധമായി ആമുഖത്തിൽ തന്നെ പറഞ്ഞുവയ്ക്കുന്നു.

മൂന്നാമതായി, പ്രാചീന വിദ്യാഭ്യാസത്തിന്റെ ബ്രാഹ്മണകേന്ദ്രീകൃത സ്വഭാവത്തെക്കുറിച്ച് ശതപഥ ബ്രാഹ്മണം പോലുള്ള കൃതികൾ വിശദമായി ചിത്രീകരിക്കുന്നുണ്ട്. എന്നാൽ സാമൂഹ്യഘടനയിൽ പിന്നിൽ നിന്നിരുന്ന വൈശ്യർ, ശൂദ്രർ എന്നീ വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തെപ്പറ്റി തെളിവ് ലഭ്യമല്ല. ‘ശൂദ്രമക്ഷര സംയുക്തം ദൂരതഃപരിവർജയേൽ' എന്ന മനുസ്മൃതിവാക്യം ആദി മനുവിന്റെതായാലും അല്ലെങ്കിലും ബ്രാഹ്മണേതരവിഭാഗങ്ങളെയും, സ്ത്രീകളെയും വിദ്യാഭ്യാസപ്രക്രിയക്കു പുറത്തുനിർത്തിയിരുന്ന പൗരാണിക വിദ്യാഭ്യാസത്തിന്റെ സാക്ഷ്യപത്രമാണത്. ബഹുഭൂരിപക്ഷത്തെ ഒഴിവാക്കുകയും വർണാ ശ്രമവ്യവസ്ഥയുടെ ഉന്നതേശ്രണിയെ നിർണയിക്കുകയും ചെയ്ത ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസത്തെ അക്കാലത്തെ പൊതുവിദ്യാഭ്യാസമായി ദേശീയനയരേഖയുടെ ആമുഖം വിലയിരുത്തുമ്പോൾ ചരിത്രം അങ്ങേയറ്റം സങ്കുചിതമാക്കപ്പെടുന്നുണ്ട്.
നാലാമതായി, ഇന്ത്യയുടെ രാഷ്ട്രീയഏകീകരണത്തിന് വഴിതെളിക്കുകയും, സാഹിത്യം, സംഗീതം, ശിൽപകല, ചിത്രകല, വാസ്തുവിദ്യ, വൈദ്യം എന്നിവയിൽ നിർണായക സംഭാവനകൾ നൽകുകയും ചെയ്ത മധ്യകാലഘട്ടം നയരേഖയുടെ ഭാരതകേന്ദ്രീകൃത കാഴ്ചകളിലില്ല. പ്രാദേശിക ഭാഷകളുടെ വളർച്ചയ്ക്കും, വ്യത്യസ്ത ജനവിഭാഗങ്ങൾ തമ്മിലുള്ള സാംസ്‌കാരിക സമന്വയ ജീവിതത്തിനും തുടക്കമിട്ട മധ്യകാല ജീവിതത്തെ മുസ്‌ലിം കാലഘട്ടം എന്ന പേരിൽ ഒഴിവാക്കി ഇന്ത്യയുടെ ചരിത്രത്തെ നിർമിക്കുകയെന്ന സമീപനം നയരേഖ ഒളിച്ചുകടത്തുന്നുണ്ട്.

അഞ്ചാമതായി, ആധുനിക ഇന്ത്യൻ ചരിത്രവും നവോത്ഥാന മുന്നേറ്റങ്ങളും, ദേശീയ സ്വാതന്ത്ര്യപ്രക്ഷോഭവും, സ്വാതന്ത്ര്യസമരനായകരും, അക്കാലത്തെ വിദ്യാഭ്യാസ സംഭാവനകളുമൊന്നും നയരേഖയുടെ ഭാരത കേന്ദ്രീകൃത ചരിത്രവഴികളിലില്ല.

രവീന്ദ്രനാഥ ടാഗോർ, മഹാത്മഗാന്ധി
രവീന്ദ്രനാഥ ടാഗോർ, മഹാത്മഗാന്ധി

ജനാധിപത്യ -മതേതര- ശാസ്ത്രീയ വിദ്യാഭ്യാസത്തിനുവേണ്ടി പരിശ്രമിച്ച രാജാറാം മോഹൻ റോയ്, ഈശ്വരചന്ദ്ര വിദ്യാസാഗർ, ഡി.കെ.കാർവെ, ഗോപാലകൃഷ്ണ ഗോഖലെ, ജ്യോതി ബാ ഫുലേ എന്നിങ്ങനെ നീളുന്ന നവോത്ഥാന നായകരും, സ്വാമി വിവേകാനന്ദൻ, മഹാത്മഗാന്ധി, രവീന്ദ്രനാഥ ടാഗോർ എന്നിവരുടെ ഓറിയന്റൽ വിദ്യാഭ്യാസ ചിന്തകളും നയരേഖ പരാമർശിക്കുന്നില്ല. പൗരാണിക വിദ്യാഭ്യാസം അന്ധവിശ്വാസവും, ഭയവും, ഏകാധിപത്യ പ്രവണതയും സൃഷ്ടിക്കുന്നതാണെന്നും, രാജ്യം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയിൽ നിന്നുള്ള പിന്തിരിഞ്ഞു നടക്കലാണെന്നും, പതിനെട്ട്- പത്തൊമ്പത് നൂറ്റാണ്ടുകളിലെ നവോത്ഥാന ചിന്തകരെല്ലാം ഉറച്ചു വിശ്വസിച്ചിരുന്നു. പൗരാണികതയെക്കുറിച്ചുള്ള അവരുടെ ഇത്തരം സമീപനങ്ങളാവാം ദേശീയ നയരേഖയിൽനിന്ന് അവരെല്ലാം തിരസ്‌കരിക്കപ്പെട്ടതിനു കാരണമായത്.

വികേന്ദ്രീകരണം വേണ്ട

ഇന്ത്യയുടെ വിദ്യാഭ്യാസവ്യവസ്ഥയെ വിഘടിതമായി വിശേഷിപ്പിച്ച് പരിഹാരം നിർദ്ദേശിക്കുകയാണ് ദേശീയനയം. ചിതറിയ വിദ്യാഭ്യാസ പരിസ്ഥിതിയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമായി നയരേഖ കണ്ടെത്തുന്നത്. ജനാധിപത്യത്തിന്റെ മുഖ്യരൂപമായ വികേന്ദ്രീകരണത്തെ ശിഥിലസ്വഭാവമായി വ്യാഖ്യാനിച്ച് നയരൂപീകരണ സമിതികൾ, കരിക്കുലം, പാഠപുസ്തകങൾ, പരിശീലനം, സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം കേന്ദ്രീകരണം നയം ലക്ഷ്യമിടുന്നു.
കൊളോണിയൽ കാലഘട്ടത്തിൽപോലും വിദ്യാഭ്യാസം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കേന്ദ്രീകൃത നിയന്ത്രണത്തിലായിരുന്നില്ല എന്നതാണ് ചരിത്രം. അത്തരത്തിലൊരു ഏകീകരണ നീക്കം ഉണ്ടാവുന്നത് 1833-ലെ ചാർട്ടർ ആക്ടുമായി ബന്ധപ്പെട്ടാണ്. നിയമനിർമാണാധികാരം കേന്ദ്രഗവൺമെന്റിൽ നിക്ഷിപ്തമാക്കുകയും പ്രവിശ്യാനിയമനിർമാണ സഭകളുടെ അധികാരം ഇല്ലാതാക്കുകയുമാണ് അന്നുണ്ടായത്. എന്നാൽ തുടർന്ന് 1854-ലെ വുഡ്‌സ് ഡെസ്പാച്ച്, 1882-83 ലെ ഹണ്ടർ കമ്മീഷൻ റിപ്പോർട്ട്, 1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്, 1944-ലെ സാർജന്റ് കമ്മിറ്റി റിപ്പോർട്ട് എന്നിവയിലെല്ലാം സംസ്ഥാനങ്ങളുടെയും ഡിസ്ട്രിക് ബോർഡുകളുടെയും പ്രാധാന്യവും ഉത്തരവാദിത്തവും സൂചിപ്പിക്കുന്നുണ്ട്. ഇക്കാലത്തെല്ലാം വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിലെ വിഷയമായാണ് പരിഗണിക്കപ്പെട്ടത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉയർന്നുവന്ന ചിന്തകളും വികേന്ദ്രീകരണത്തിന് പ്രാധാന്യം നൽകുന്നവയായിരുന്നു. 1911 മാർച്ച് 17-ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഗോപാലകൃഷ്ണ ഗോഖലെ അവതരിപ്പിച്ച വിദ്യാഭ്യാസബിൽ സാർവത്രിക- വികേന്ദ്രീകൃത വിദ്യാഭ്യാസമെന്ന സങ്കൽപത്തിലൂന്നിയതായിരുന്നു. ബ്രിട്ടീഷുകാർക്ക് പ്രാമുഖ്യമുണ്ടായിരുന്ന കൗൺസിലിൽ നയരേഖ പരാജയപ്പെട്ടുവെങ്കിലും വിദ്യാഭ്യാസം താഴേക്ക് അരിച്ചിറങ്ങണമെന്ന സങ്കൽപം ശകതമായി വന്നു. പിൽക്കാലത്ത് സർവന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റി രൂപീകരിച്ച് ഒരു ബദൽ വിദ്യാഭ്യാസപദ്ധതിക്കുവേണ്ടി ഗോഖലെ പരിശ്രമിക്കുകയുണ്ടായി. 1937-ൽ ഗാന്ധി അവതരിപ്പിച്ച വാർധ വിദ്യാഭ്യാസ പദ്ധതി എന്ന അടിസ്ഥാന വിദ്യാഭ്യാസപദ്ധതിയും വികേന്ദ്രീകൃത സ്വഭാവമുള്ളതായിരുന്നു. സ്വാതന്ത്ര്യാനന്തരം 1947 മുതൽ 76 വരെ വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിൽ തുടർന്നതും പ്രാദേശിക വൈജാത്യങ്ങളെ പരിഗണിക്കുന്നതിന്റെ ഫലമായിട്ടായിരുന്നു. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ തുല്യപങ്കും ഉത്തരവാദിത്തവും തിരിച്ചറിഞ്ഞതു കൊണ്ടാവാം 1976-ൽ വിദ്യാഭ്യാസം 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ടത്. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ കൺകറന്റ് സ്വഭാവത്തെക്കുറിച്ച് 1986-ലെ ദേശീയ വിദ്യാഭ്യാസനയം പറയുന്നു: Concurrency signifies a partnership which is at once meaningful and challenging, the National policy will be oriented towards giving effect to it in letter and spirit.
1992-ലെ 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടുതൽ അധികാരവും, ഉത്തരവാദിത്തവും നൽകിയിരുന്നു. പിന്നീട് 2009-ലെ ദേശീയ വിദ്യാഭ്യാസ അവകാശ നിയമവും, വിദ്യാർത്ഥികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ പ്രാദേശിക സർക്കാരുകളുടെ പങ്ക് പരിഗണിച്ചിരുന്നു. എന്നാൽ പുതിയ ദേശീയ വിദ്യാഭ്യാസനയം ഭരണപരവും, ഘടനാപരവും, ധനനിർവഹണപരവുമായ കേന്ദ്ര ഭരണകൂട ഇടപെടലുകളിലൂടെ ഒരു യൂണിറ്ററി വ്യവസ്ഥയിലേക്കാണ് രാജ്യത്തെ വിദ്യാഭ്യാസത്തെ നയിക്കുന്നതെന്നാണ് വ്യവസ്ഥാകേന്ദ്രീകൃതരീതികളിൽ നിന്ന് വ്യക്തമാകു ന്നത്.

ഒരു രാഷ്ട്രം, ഒരു ബോർഡ്, ഒരു കരിക്കുലം

കേന്ദ്ര മന്ത്രിസഭ പാർലമെന്റിനെ ഇരുട്ടിൽ നിർത്തി, കേന്ദ്ര വിദ്യാഭ്യാസനയം അംഗീകരിക്കുന്നതിന് ആഴ്ചകൾക്കുമുമ്പാണ് ഒരു രാഷ്ട്രം ഒരു ബോർഡ് ഒരു കരിക്കുലം ആവശ്യമുയർത്തി പൊതുതാൽപര്യഹർജി സുപ്രീംകോടതിയിലെത്തിയത്. രാജ്യത്തെ വ്യത്യസ്ത പരീക്ഷാബോർഡുകളായ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. എന്നിവയെയും, സ്റ്റേറ്റ് ബോർഡുകളെയും, വ്യത്യസ്ത പാഠ്യപദ്ധതികളെയും ഏകീകരിക്കുകയെന്നതും ജി.എസ്.ടി കൗൺസിലിന്റെ മാതൃകയിൽ ഒരു ദേശീയ വിദ്യാഭ്യാസ കൗൺസിലോ കമീഷനോ രൂപീകരിക്കുകയെന്നതും ഹർജിയിലെ ആവശ്യങ്ങളായിരുന്നു. ആവശ്യം സുപ്രീംകോടതി നിരസിച്ചുവെങ്കിലും നയപരമായ കാര്യമാകയാൽ ഗവൺമെന്റിനെ സമീപിക്കാൻ ഹർജിക്കാരനോട് നിർദ്ദേശിക്കുകയുണ്ടായി. ഡൽഹിയിലെ ബി.ജെ.പി. നേതാവും വക്താവുമായ അശ്വിനികുമാർ ഉപാധ്യായയായിരുന്നു ഹർജിക്കാരൻ. ഇതേ ആവശ്യമുയർത്തി 2017-ലും സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി എത്തിയിരുന്നു. അന്ന് കോടതിയെ സമീപിച്ചത് അശ്വനികുമാറിന്റെ ഭാര്യയും അധ്യാപികയുമായ നിത ഉപാധ്യായയായിരുന്നു. രണ്ടു ഹർജികളിലും പൊതുവായി ഉന്നയിക്കപ്പെട്ട ആവശ്യം കരിക്കുലത്തിന്റെ കേന്ദ്രീകരണമായിരുന്നു. കേന്ദ്രഗവൺമെന്റിനെ സമീപിക്കുന്നതിനു പകരം ഏകീകൃതവാദവുമായി സുപ്രീംകോടതിയിൽ എത്തിയത് വിഷയം രാജ്യവ്യാപകമായി ചർച്ച ചെയ്യുകയും നിയമപരമായ സമ്മതി നേടിയെടുക്കുകയുമെന്ന ലക്ഷ്യത്തോടെയാവണം. എൻ.സി.ഇ.ആർ.ടി നേതൃത്വവും നേരത്തെ ഒരു രാഷ്ട്രം, ഒരു ബോർഡ്, ഒരു കരിക്കുലം വാദമുയർത്തിയിരുന്നു.

ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം 6- 14 പ്രായക്കാർക്ക് ഉറപ്പുനൽകുന്ന സൗജന്യവും നിർബന്ധിതവും, ഗുണമേന്മാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിനും, സാമൂഹ്യ-സാമ്പത്തിക സമത്വവും നീതിയും കൈവരിക്കുന്നതിനും ഏകീകൃത കരിക്കുലം ആവശ്യമാണ് എന്ന ആവശ്യമാണ് കേന്ദ്രീകരണത്തിനായി ഉന്നയിക്കപ്പെടുന്നത്. ദേശീയപാഠ്യപദ്ധതി രൂപീകരിക്കുന്നതിനും പാഠപുസ്തകങ്ങൾ തയാറാക്കുന്നതിനും, ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമം 1961-ലാണ് ദേശീയതലത്തിൽ NCERT രൂപീകരിക്കുന്നത്. 1975-ലാണ് NCERT ആദ്യത്തെ കരിക്കുലം ഫ്രെയിംവർക്ക് തയാറാക്കുന്നത്. അക്കാലം മുതൽ സംസ്ഥാനങ്ങൾക്ക്, അവരുടേതായ സംസ്ഥാന കരിക്കുലം ഫ്രെയിംവർക്കുകൾ രൂപീകരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ മൾട്ടി ഫെഡറൽ സ്വഭാവവും ബഹുസ്വര സമൂഹ്യഘടനയും പരിഗണിച്ചുള്ള തീരുമാനമായിരുന്നു അത്.

വ്യത്യസ്ത ബോധനഭാഷകളും, സൂക്ഷ്മമായ സാംസ്‌കാരിക വൈജാത്യങ്ങളും, ഭൂമിശാസ്ത്ര പ്രത്യേകതകളും, നിലനിൽക്കുന്ന ഇന്ത്യയിൽ കരിക്കുലം വൈവിധ്യത്തിന്റെ ആഘോഷമാവണമെന്ന ചിന്തയാണ് സംസ്ഥാനങ്ങൾക്ക് തനതായി കരിക്കുലവും പാഠപുസ്തകങ്ങളും നിർമ്മിക്കാനുള്ള അവകാശത്തിലൂടെ സ്ഥാപിക്കപ്പെട്ടത്. ഒരു ജനാധിപത്യക്രമത്തിൽ കരിക്കുലമെന്നത് രാഷ്ട്രം അടിച്ചേൽപ്പിക്കുന്നതോ, തീരുമാനിക്കുന്നതോ ആയ ഔദ്യോഗിക അറിവുകളുടെ സമാഹാരമല്ല; ജനാധിപത്യ സംവാദങ്ങളിലൂടെയും വിമർശനാത്​മക ചോദ്യങ്ങളിലൂടെയുമാണ് കരിക്കുലം രൂപപ്പെടേണ്ടത്. ഒരു മൾട്ടികൾച്ചറൽ വ്യവസ്ഥയിൽ മുഖ്യധാരാസംസ്‌കാരത്തിന്റെ ആധിപത്യത്തെ ചെറുത്തുനിൽക്കാൻ കഴിയുന്നതും, വിവിധ വിഭാഗങ്ങളെ പരിഗണിക്കുന്നതും, ഭാഷ- സാംസ്‌കാരിക- വംശീയ ന്യൂനപക്ഷങ്ങളുടെ സ്വത്വവും സ്വത്വപ്രതിസന്ധിയും അഭിമുഖീകരിക്കുന്നതും ആകണമെന്നുമുള്ള ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ, നവോത്ഥാനമുന്നേറ്റങ്ങളുടെ ഫലമായി ഉണർന്നുവന്ന പൊതുബോധമാണ് ഏകീകൃത കരിക്കുലമെന്ന അജണ്ടയിലൂടെ റദ്ദാക്കപ്പെടുന്നത്. സമൂഹത്തിന്റെ വീക്ഷണത്തിനുപകരം ഭരണകൂടവീക്ഷണം പാഠ്യപദ്ധതിയിൽ പ്രതിഫലിക്കുമ്പോൾ വിദ്യാലയവും വിദ്യാഭ്യാസവും നിഷ്പക്ഷ സംവിധാനങ്ങൾ എന്ന ചിന്തയ്ക്ക് പ്രസകതിയേറെയാണ്. ദേശീയ വിദ്യാഭ്യാസനയം പാഠപുസ്തകങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: All textbooks shall aim to contain the essential core material (together with discussion, analysis, examples, and applications) deemed important on a national level, but at the same time contain any desired nuances and supplementary material as per local contexts and needs. Where possible, schools and teachers will also have choices in the textbooks they employ – from among a set of textbooks that contain the requisite national and local material - so that they may teach in a manner that is best suited to their own pedagogical styles as well as to their students and communities needs.
പാഠപുസ്തകങ്ങളിലൂടെ ഭരണകൂടവീക്ഷണത്തിന്റെ വിനിമയവും അധ്യാപക നിയന്ത്രണവും പുതിയനയം ലക്ഷ്യമിടുന്നു. അതേസമയം, സ്വകാര്യസംരംഭകർക്ക് പാഠപുസ്തക നിർമാണത്തിലേക്ക് കടന്നുവരാനും അവസരമൊരുക്കുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം കുട്ടികളുടെയും ഏകപഠനോപാധി പാഠപുസ്തകങ്ങളാണെന്നിരിക്കെ, കേന്ദ്രനിയന്ത്രണവും, സ്വകാര്യപ്രസാധകരുടെ കടന്നുകയറ്റവും നമ്മുടെ സാമൂഹ്യവിദ്യാഭ്യാസഘടനയിൽ വൻ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും. ഇക്കാര്യത്തിൽ 2005-ലെ നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് (NCF 2005) സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്: ‘ഇന്ത്യ എന്ന രാഷ്ട്രം വിഭാവനം ചെയ്യാനുള്ള ബഹുമുഖമായ മാർഗങ്ങൾ ഉൾക്കൊള്ളിക്കാൻ പാകത്തിന് ജ്ഞാനശാസ്ത്രത്തിൽ തന്നെ ഒരു മാറ്റമാണ് നിർദ്ദേശിക്കപ്പെടുന്നത്. ദേശീയ പരിപ്രേഷ്യത്തെ തദ്ദേശീയ പരിപ്രേക്ഷ്യവുമായി സന്തുലിതമാക്കേണ്ടതുണ്ട്. ഇന്ത്യൻ ചരിത്രം വേറിട്ടു പഠിപ്പിക്കരുത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ഇതിനോടു ചേർന്നുവരേണ്ടതാണ്. സാമൂഹ്യവും വർഗപരവുമായ വൈരുധ്യങ്ങൾ, പക്ഷപാതം, മുൻവിധി, തെറ്റായ മനോഭാവങ്ങൾ എന്നിവ ക്ലാസ്മുറിയുടെ പശ്ചാത്തലത്തിൽ പ്രകടമാ കുന്നതാണ് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്ത വീക്ഷണങ്ങളിലൂടെ സാമൂഹ്യയാഥാർഥ്യങ്ങളെ ക്ലാസ്മുറിയിൽ ചർച്ച ചെയ്യണം. അധ്യാപകരിലും പഠിതാവിലും വർധിച്ച ആത്മബോധം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കണം'.

മുൻ കമീഷൻ റിപ്പോർട്ടുകളും, കരിക്കുലം ഫ്രെയിംവർക്കുകളും ഇന്ത്യയുടെ ഫെഡറൽ വ്യവസ്ഥയിലൂന്നിയതും പ്രാദേശിക വൈജാത്യങ്ങളെ പരിഗണിക്കുന്നതുമായ പാഠ്യപദ്ധതി സമീപനങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ‘NEP 2020' പാഠപുസ്തക പരിഷ്‌ക്കരണങ്ങളിലെ വൈവിധ്യപൂർണമായ ഇടപെടലുകളെയും, പുതിയ മാതൃകകളെയും, ജീവനുള്ളതും യഥാർത്ഥവുമായ ഉദാഹരണങ്ങളെയും, സംവാദാത്മക സാധ്യതകളെയും ഇല്ലാതാക്കി കേന്ദ്രീകൃത കരിക്കുലത്തിലൂടെ ഏകപക്ഷീയ ഭാഷണം കേൾപ്പിക്കാൻ ശ്രമിക്കുന്നത് അക്കാദമിക വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയുമാണ്.
ചരിത്രത്തിന്റെ ഏകീകരണം, വിദ്യാഭ്യാസവ്യവസ്ഥയുടെ കേന്ദ്രീകരണം, കരിക്കുലത്തിന്റെയും പെഡഗോജിയുടെയും സജാതീകരണം എന്നിവയിലൂടെ ഏകശിലാസമാനമായ സാംസ്‌കാരിക ദേശീയതയുടെ അപകടകരമായ വഴികളിലേക്കാണ് നാം സഞ്ചരിക്കുന്നത്. അതാകട്ടെ ഇന്ത്യയിൽ നിലനിൽക്കുന്ന ബഹുസ്വരജീവിതസമീപനങ്ങൾക്കും ജനാധിപത്യ- മതേതര കാഴ്ചപ്പാടുകൾക്കും, സാമൂഹ്യനീതി- സമത്വാധിഷ്ഠിത സങ്കൽപങ്ങൾക്കും നേർവിപരീതവുമാണ്.


Summary: സംവാദാത്മ സാധ്യത ഇല്ലാതാക്കി കേന്ദ്രീകൃത കരിക്കുലത്തിലൂടെ ഏകപക്ഷീയ ഭാഷണമാണ് ദേശീയ വിദ്യാഭ്യാസ നയം കേൾപ്പിക്കാൻ ശ്രമിക്കുന്നതെന്ന വിമർശനമുയർത്തുകയാണ് ലേഖകൻ. ഏകശിലാസമാനമായ സാംസ്‌കാരിക ദേശീയതയുടെ അപകടകരമായ വഴികളിലേക്കാണ് നാം സഞ്ചരിക്കുന്നതെന്നും അതാകട്ടെ ഇന്ത്യയിൽ നിലനിൽക്കുന്ന ബഹുസ്വര ജീവിതസമീപനങ്ങൾക്കും ജനാധിപത്യ- മതേതര കാഴ്ചപ്പാടുകൾക്കും, സാമൂഹ്യനീതി സമത്വാധിഷ്ഠിത സങ്കൽപങ്ങൾക്കും നേർവിപരീതവുമാണെന്ന് വാദിക്കുന്നു


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments