നമ്മുടെ പ്രാഥമികമായ വൈകാരികതലം രൂപപ്പെടുന്നതും ചോദനകളെയും അനുഭവങ്ങളെയും ആശയങ്ങളെയും നിർണയിക്കുന്നതുമായ ആന്തരിക ഭാഷയെ മാതൃഭാഷയെന്നും ഒന്നാം ഭാഷയെന്നും പറയാം. ഒരു കുട്ടി സ്വാഭാവികമായി ഭാഷ സ്വായത്തമാക്കുന്നത് ഭാഷാർജ്ജനമാണെങ്കിൽ എഴുത്തും വായനയും ശീലിക്കുന്നതാണ് ഭാഷാപഠനം. ഭാഷാർജ്ജനം സ്വാഭാവികവും അബോധപൂർവ്വവുമാണ്, ഭാഷാപഠനമാകട്ടെ ആസൂത്രിതവും ബോധപൂർവ്വവും.
ഒന്നാംഭാഷയ്ക്ക് പഠനമാധ്യമമെന്ന നിലയിലും പഠനവിഷയമെന്ന നിലയിലും പ്രാധാന്യമുണ്ട്. മാതൃഭാഷ പഠനവിഷയമെന്ന നിലയിലാവുമ്പോൾ ഏതുവിഷയവും കൈകാര്യം ചെയ്യാനുള്ള ഭാഷാശേഷിയോടൊപ്പം മറ്റുചില ഘടകങ്ങൾ കൂടി ഉൾപ്പെടുന്നു. അതിൽ ഭാഷാനിയമങ്ങളും ഭാഷണ സമൂഹത്തിന്റെ സാഹിത്യവും സംസ്ക്കാരവുമെല്ലാം പരിചയപ്പെടേണ്ടതുണ്ട്. ആവിഷ്ക്കാരവും ആസ്വാദനവും ഭാഷാപരമായ കൃത്യതയും സ്പഷ്ടതയും ഇവിടെ പ്രസക്തമാകുന്നു. കേവലം ഭാഷാജ്ഞാനത്തെ മാത്രമാണ് പരിഗണിക്കുന്നതെങ്കിൽ മാതൃഭാഷ ഒരു പാഠ്യവിഷയമാകേണ്ടതിന്റെ ആവശ്യം തന്നെയില്ലല്ലോ. വളർന്നുവരുന്ന കുട്ടികളുടെയിടയിൽ സ്വന്തം ജീവിതസാഹചര്യങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിക്കാനും അനുഭവങ്ങളെ സർഗാത്മകമായി പുനർനിർമിക്കാനുമുള്ള ശേഷി പകർന്നു നൽകാൻ വിദ്യാലയങ്ങൾ ബാധ്യസ്ഥരാണ്. അതിന് ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് മാതൃഭാഷാപഠനം.

മലയാള പഠനം ഒരു ചോയ്സായാൽ…
ഒരു ഭാഷ, അത് കൈകാര്യം ചെയ്യുന്ന ജനതയെ സംബന്ധിച്ച് രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ അവസരങ്ങളൊരുക്കുന്നുവെങ്കിൽ അവരെ സംബന്ധിച്ച് അതാണ് മുഖ്യഭാഷ (Major language). തീരെച്ചെറുതും സവിശേഷവുമായ ആവശ്യങ്ങൾക്കുമല്ലാതെ മറ്റൊരു ഭാഷയെ അവർക്ക് ആശ്രയിക്കേണ്ടി വരാറില്ല. അതുകൊണ്ടുതന്നെ പലർക്കും സ്വന്തം ഭാഷ, പ്രാമുഖ്യം കുറഞ്ഞ ഭാഷയായി (Minor language) മാറുന്നു. ഈ ആശ്രിതത്വം ഒഴിവാക്കാൻ ബഹുതലമായ സ്വയംപര്യാപ്തത അതതു ഭാഷകൾക്ക് ഉണ്ടാവേണ്ടതുണ്ട്. അതിനോടൊപ്പം മാതൃഭാഷാപഠനം ഒരു ഭാഷാജനതയുടെ ചരിത്രത്തെയും സംസ്കാരത്തെയും അസ്തിത്വത്തെയും നിർണ്ണയിക്കുന്ന ഒന്നാണെന്നതിനാൽ കൂടി ഈ വിഷയത്തിൽ ഭരണകൂടത്തിന്റെ ജാഗ്രത ഉണ്ടാകേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു നടപടിയായിരുന്നു കേരള സർക്കാർ മലയാളഭാഷാ ബില്ലിലൂടെ നടത്തിയത്. 2015-ലെ ബില്ലിലുണ്ടായ ന്യൂനതകൾ കൂടി പരിഹരിച്ച്, ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കിക്കൊണ്ടുള്ള മലയാള ഭാഷാ ബിൽ 2025-ൽ വീണ്ടും നിയമസഭയിൽ അവതരിപ്പിക്കുകയുണ്ടായി. മലയാളത്തെ ഭരണഭാഷയാക്കുക എന്ന സാംസ്കാരിക ലക്ഷ്യത്തോടൊപ്പം, ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമം കൂടിയാണ് ഈ ബിൽ.
അതിൽ വിദ്യാഭ്യാസരംഗത്ത്, സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും (സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്) ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മലയാളം പഠനം നിർബന്ധമാക്കുകയാണ്. ഈ സമീപനം, മാതൃഭാഷയിൽ തന്നെ സങ്കീർണ്ണമായ ആശയങ്ങൾ മനസ്സിലാക്കാനും വിശകലനം ചെയ്യാനും അറിവുൽപ്പാദിപ്പിക്കുന്ന ഒരു ‘വൈജ്ഞാനിക ഭാഷയായി’ (Epistemic Language) മലയാളത്തെ മാറ്റാൻ സഹായിക്കാനും ഉതകുന്നതാണ്. കേരള സർക്കാരിന്റെ മലയാളഭാഷാ ബിൽ (2025) പ്രകാരം പത്താം ക്ലാസ് വരെ മാത്രമാണ് മലയാളപഠനം നിർബന്ധമാക്കിയിരിക്കുന്നത്. മലയാളഭാഷാപഠനം നിർബന്ധമാക്കാതെ, കുട്ടികളുടെ മുന്നിൽ ഒരു ചോയ്സായാൽ അവരത് തിരഞ്ഞെടുക്കുമോ എന്ന ഒരു വലിയ ചോദ്യം നമ്മുടെ മുന്നിലുണ്ട്. കാരണം ഹയർ സെക്കണ്ടറിയിൽ മലയാളം രണ്ടാം ഭാഷയാക്കുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നതും അത് തിരഞ്ഞെടുക്കാൻ അവർ വിമുഖത കാട്ടുന്നുവെന്നും കാണാം. അതെന്തുകൊണ്ട് സംഭവിക്കുന്നു?
കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
ഇപ്പോൾ മലയാളമെഴുതുന്നതിൽ കുട്ടികൾ സാമാന്യമായും ധാരാളം പിഴവുകൾ വരുത്തുന്നുണ്ട്. പത്താം ക്ലാസിലെത്തിയാലും ഭാഷയുടെ അടിസ്ഥാനകാര്യങ്ങളെ കുറിച്ചുള്ള ബോധ്യം പോലും പലർക്കുമില്ല. മുൻകാലങ്ങളെ അപേക്ഷിച്ച് വിവര സാങ്കേതികവിദ്യയുടെയും സമൂഹമാധ്യമങ്ങളുടെയും വ്യാപനത്തോടെ ഇംഗ്ലീഷുമായി കൂടുതൽ ഇടപെടാനുള്ള സാധ്യതകൾ കുട്ടികളുടെ മുന്നിൽ തുറന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഏറെക്കുറെ തെറ്റില്ലാതെ തന്നെ ഉപയോഗിക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്. മലയാളം അത്യാവശ്യം എഴുതാനും വായിക്കാനും അറിയാമല്ലോ, അതിൽ കൂടുതൽ മലയാളം കൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല എന്ന് ചിന്തിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന സമീപനമാണ് ഭൂരിഭാഗം മാതാപിതാക്കൾക്കുമുള്ളത്. വീട്ടിൽ വ്യവഹാരം ചെയ്യുന്ന ഭാഷ എന്നതിനപ്പുറം മലയാളം കൂടുതൽ വായിക്കാനും അതിനെക്കുറിച്ച് മനസ്സിലാക്കാനുമുള്ള ശ്രമങ്ങൾ വിദ്യാർത്ഥികളിൽ കുറഞ്ഞുവരുന്നു എന്നത് നിസ്സാരവൽക്കരിക്കാനാവുന്ന കാര്യമല്ല. വളർച്ചയുടെ ഘട്ടത്തിൽ ഭാഷയുടെ സാന്നിദ്ധ്യമുണ്ടാകാത്തപക്ഷം അതിൽ നിന്ന് കുട്ടികൾ വല്ലാതെ അകന്നുപോകും.

സർക്കാർ സ്കൂളുകളിൽ തന്നെ ഭൂരിഭാഗം കുട്ടികളും തിരഞ്ഞെടുക്കുന്നത് ഇംഗ്ലീഷ് മീഡിയം ക്ലാസുകളാണ്. മലയാളം ക്ലാസുകൾ ഒഴിച്ച് നിർത്തിയാൽ മറ്റു വിഷയങ്ങളൊന്നും അവർ മലയാളത്തിൽ പഠിക്കുന്നില്ല. ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ പേജുകൾ ഉത്തരമെഴുതേണ്ടി വരുന്നതും മലയാളം കൃത്യമായി പിന്തുടരാത്തതിനാൽ, വലിയ രീതിയിലുണ്ടാകുന്ന അക്ഷരത്തെറ്റുകൾ മൂലം അർത്ഥവ്യത്യാസങ്ങൾ രൂപപ്പെടുകയും അത് മാർക്ക് കുറയുന്നതിന് കാരണമാവുകയും ചെയ്യുന്നതുമെല്ലാം കുട്ടികളെ മലയാളം തിരഞ്ഞെടുക്കുന്നതിൽ നിന്ന് അകറ്റുന്നു. എഴുത്തും സംസാരവും തമ്മിലുള്ള അകലവും ഭാഷാപഠനത്തിൽ കുട്ടികൾക്ക് സങ്കീർണ്ണതകൾ സൃഷ്ടിക്കുന്നുണ്ട്. മാനകഭാഷയുടെ രചനാനിയമങ്ങൾ ഭാഷാർജ്ജന സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ചെറുപ്പത്തിൽതന്നെ കുട്ടികളെ പരിചയപ്പെടുത്തേണ്ടതാവശ്യമാണ്. എന്നാൽ അടിസ്ഥാനതലത്തിൽ സംഭവിക്കുന്ന പാളിച്ച മൂലം ഭൂരിഭാഗം കുട്ടികളിലും വാക്യതലത്തിൽ അടിസ്ഥാനപരമായ കാര്യങ്ങൾ പോലും ഉറച്ചിട്ടില്ല എന്ന് കാണാം.
വാമൊഴിവാക്യങ്ങളെ അങ്ങനെതന്നെ എഴുതാനാണ് മിക്ക കുട്ടികളും ശ്രമിക്കുന്നത്. വരമൊഴി വാമൊഴിയെ ആധാരമാക്കുന്നുവെങ്കിലും അതിന്റെ നേർതുടർച്ചയല്ല. അതിൽ മാനകീകരണം ഇടപെടുന്നുണ്ട്. വ്യാകരണത്തിന്റെയും ലിപിവ്യവസ്ഥയുടെയും തലങ്ങൾ അതിലുണ്ട്. എഴുത്തുഭാഷയുടെ അത്തരം രീതികളും ഘടകങ്ങളും കുട്ടികൾക്ക് കൃത്യമായറിയില്ല. ലളിതവാക്യങ്ങളിൽ നിന്ന് സങ്കീർണ്ണവാക്യങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ രചനാന്തരണപ്രക്രിയ അവർക്ക് വശമായിട്ടില്ല. പുതിയ വാക്യങ്ങൾ സൃഷ്ടിക്കാനും പ്രയോഗിക്കാനും പാകത്തിൽ ഓരോ ഘടകത്തിലും വഴക്കം നേടിയെടുക്കുന്ന സർഗ്ഗാത്മകത ഭാഷാപഠനത്തിലൂടെ നേടിയെടുക്കേണ്ടതുണ്ട്. അക്കാലയളവു വരെ കുട്ടി സ്വാംശീകരിച്ച ഭാഷയെ മാനകഭാഷയുടെ രീതികളോട് ഇണക്കുകയെന്നതാവണം ഔപചാരികമായ ഭാഷാപഠനത്തിന്റെ ലക്ഷ്യം. ഭാഷാജ്ഞാനമില്ലാതെ ഭാഷാപ്രകടനം അസാദ്ധ്യമാണ്. ഭാഷാവ്യവസ്ഥ സ്വായത്തമായാലേ പദാവലിയും ഘടനകളും ശൈലീപ്രയോഗങ്ങളുമെല്ലാം പഠിച്ചുവെന്ന് പറയാനാവൂ.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ, 15 സെക്കൻഡ് ദൈർഘ്യമുള്ള റീൽസുകളാൽ ശ്രദ്ധാസമയം (Attention Span) മാറിപ്പോയ ഒരു വിദ്യാർത്ഥി സമൂഹത്തിനു മുന്നിലേക്കാണ് അധ്യാപകർ അധ്യയന ദൗത്യവുമായി എത്തുന്നത്. ഈ സാഹചര്യത്തിൽ, വിദ്യാഭ്യാസപ്രക്രിയയെ സമൂലമായി പരിഷ്കരിക്കേണ്ടത് ആവശ്യമാണ്. ചോദ്യപേപ്പർ ഘടന ലഘൂകരിക്കേണ്ടതുണ്ട്. പേജുകൾ കണക്കിന് ഉത്തരമെഴുതുന്നതിക്കുന്നതിനു പകരം പ്രസക്തമായ കാര്യങ്ങൾ ചുരുക്കി എഴുതാൻ പരിശീലിപ്പിക്കണം. അതോടൊപ്പം പാഠഭാഗങ്ങളുടെ എണ്ണത്തിലും തിരഞ്ഞെടുപ്പിലും അവ നൽകുന്ന പഠനാനുഭവത്തിലും അതുവഴി ലഭിക്കുന്ന പ്രയോജനങ്ങളിലും കൃത്യമായ നിലപാടും കാഴ്ചപ്പാടുമുണ്ടാകേണ്ടതാണ്. കുട്ടികൾ ഒരുപാട് കാര്യങ്ങൾ ഓർത്തുവെക്കണമെന്നതിൽ നിന്ന് വിവര സാങ്കേതികവിദ്യ ഇത്രയും വളർന്ന കാലത്ത് അതിവേഗത്തിലുള്ള അറിവുത്പാദനത്തിനും അതിന്റെ നിരന്തരമായ പുതുക്കലിനുമുള്ള കഴിവും മനോഭാവവും അവരിൽ വളർത്തിയെടുക്കേണ്ടതുണ്ട്. താരതമ്യം ചെയ്യൽ, അപഗ്രഥിക്കൽ, കാരണം തിരിച്ചറിയൽ, പരിഹാരം കണ്ടെത്തൽ തുടങ്ങിയ മാനസിക പ്രക്രിയകളുമായി കുട്ടികൾ ആദ്യം ഇടപെടേണ്ടത് മാതൃഭാഷയിലൂടെയാണ്. ഈ ശേഷികളുടെ സഹായത്തോടെ നിർമിച്ചെടുത്ത ആഴത്തിലുള്ള അറിവുകളാണ് കാലഘട്ടത്തിന്റെ ആവശ്യം.
പാഠ്യപദ്ധതിയിൽ അമിതമായി ഉള്ളടക്കം കുത്തിനിറയ്ക്കുന്ന രീതി (Bulk Inclusion) ഒഴിവാക്കി, മികച്ച ഏതാനും പാഠഭാഗങ്ങളെ മാത്രം കേന്ദ്രീകരിച്ച്, അവയുടെ പ്രയോഗക്ഷമതയും (Application Skills) ആഴത്തിലുള്ള ധാരണയും വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനത്തിന് ഭാഷാദ്ധ്യയനത്തിൽ പ്രാധാന്യം നൽകണം. ഭരണഭാഷ മലയാളമാകുമ്പോൾ, സർക്കാർ നടപടിക്രമങ്ങൾ പൂർണ്ണമായും മാതൃഭാഷയിലാകും. എന്നാൽ, പത്താംതരം കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥിക്ക് പോലും തെറ്റുകൂടാതെ ഒരു ഔദ്യോഗിക അപേക്ഷ മലയാളത്തിൽ എഴുതാൻ കഴിയാത്തത് ഭാഷാ നൈപുണിയിലെ ഗുരുതരമായ വീഴ്ചയാണ്. ഈ കുറവ് പരിഹരിക്കാൻ പാഠ്യപദ്ധതിയിൽ പ്രായോഗികമായ എഴുത്തിന് കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്.
ലിപി പഠനവും ഭാഷയുടെ അടിസ്ഥാന വ്യാകരണവും കൃത്യമായി സ്വാംശീകരിക്കാതെ പോയതിന്റെ പ്രശ്നങ്ങളാണ് കുട്ടികളുടെ എഴുത്തിൽ പ്രധാനമായും കാണുന്നത്. ഇത് പാരമ്പര്യവാദമല്ല, മറിച്ച് തങ്ങളുടെ ഒന്നാംഭാഷ ശരിയായി കൈകാര്യം ചെയ്യാനറിയാതിരിക്കുന്നതിനും അതിലുള്ള അമൂല്യമായ ജ്ഞാനശേഖരത്തെ തിരിച്ചറിയാതിരിക്കുന്നതിനും ഭാഷയിൽ നിന്ന് അകന്നു പോകുന്നതിനുമുള്ള പ്രധാന കാരണം ഭാഷയുടെ അടിസ്ഥാനഘടകങ്ങൾ കുട്ടികളിൽ ഉറച്ചിട്ടില്ലയെന്നതുകൊണ്ടാണ്. അടിസ്ഥാനങ്ങളെ കുറിച്ചുള്ള അജ്ഞതയും തെറ്റുകളുണ്ടാകുമോ എന്ന ആശങ്കയും അവരിലതിന് ആക്കം കൂട്ടുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്.

ഒരു ഭാഷ ദുർബലമാവുകയെന്നാൽ ഒരു സംസ്കാരം ക്ഷയിക്കുകയാണെന്നാണർത്ഥം. മലയാളികളുടെ ഇന്നത്തെ ജീവിതസാഹചര്യവും ജീവിതലക്ഷ്യവും പരിഗണിക്കുമ്പോൾ അന്താരാഷ്ട്ര തൊഴിൽ വിപണിയിൽ പ്രാധാന്യമുള്ളത് ഇംഗ്ലീഷിനായതുകൊണ്ട് മലയാളത്തിനെ പൂർണ്ണമായി തമസ്കരിച്ചാലും പ്രശ്നമില്ല, ഇംഗ്ലീഷും മറ്റ് വിദേശഭാഷകളും നന്നായി കൈകാര്യം ചെയ്യാനറിഞ്ഞാൽ മതിയെന്നും മലയാളം പഠിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലയെന്നും പ്രചരിപ്പിക്കുന്ന അഭ്യസ്തവിദ്യരടങ്ങുന്ന സമൂഹമാണ് ഇവിടെയുള്ളത്. ഈ പറഞ്ഞതിനർത്ഥം ഇംഗ്ലീഷിനോട് ശത്രുതാമനോഭാവം പുലർത്തണമെന്നല്ല. ആഗോളവൽക്കരണത്തിന്റെ കാലത്ത് ഇംഗ്ലീഷ് ഉപേക്ഷിച്ചുകൊണ്ടുള്ള ജീവിതം വളരെ ബുദ്ധിമുട്ടാണെന്നത് വിവേകമുള്ള ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. സാംസ്കാരികമായും സാമ്പത്തികമായും രാഷ്ട്രീയമായും ആശ്രിതസ്വഭാവമുള്ള ജനതകൾക്കും ദേശീയതകൾക്കും ഒന്നിലധികം ഭാഷകളിൽ കൈകാര്യം ചെയ്താലേ അവരുടെ നിലനിൽപ്പ് സാധ്യമാകൂ.
ഭാഷാപഠനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഭാഷയിൽ മാത്രം ഒതുങ്ങുന്നതല്ല. അതായത് ഭാഷാപഠനം ഭാഷയുടെ നിയമങ്ങൾ മാത്രമല്ല പഠനലക്ഷ്യമാക്കുന്നത്. മാതൃഭാഷാപഠനം കൃത്യമായി ലഭിക്കാത്ത കുട്ടികൾക്ക് കേരളത്തിന്റെ ചരിത്രവും സംസ്കാരവും അവരവർ ചവിട്ടി നിൽക്കുന്ന മണ്ണിന്റെ ചൂരും ഇപ്പോൾ അവർ നേടുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശങ്ങൾ വന്ന വഴികളുമെല്ലാം ദൂരക്കാഴ്ചകൾ മാത്രമാകുന്നു. ഈ പ്രാദേശികസ്വത്വബോധത്തിന്റെ അഭാവമാണ് മറ്റ് സംസ്കാരങ്ങളുടെ സ്വാധീനത്തിൽ വല്ലാതെ കുടുങ്ങി പോകാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്. പ്രാഥമികതലത്തിൽ തന്നെ കുട്ടികളിൽ ഇംഗ്ലീഷ് അടിച്ചേൽപ്പിക്കുന്ന പ്രവണതയുണ്ട്. പല സ്കൂളുകളിലും മലയാളം വിലക്കിക്കൊണ്ട് ഇംഗ്ലീഷ് സംസാരിക്കാൻ നിർബന്ധിക്കുന്നതാണ് കാണുന്നത്. വീട്ടിൽ കൈകാര്യം ചെയ്യുന്ന ഭാഷയിൽനിന്ന് സ്കൂൾ ഭാഷയിലേക്ക് പെട്ടെന്ന് ആശയവിനിമയം മാറ്റപ്പെടുമ്പോൾ അത് കുട്ടികളുടെ ബൗദ്ധിക വളർച്ചയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ കൃത്രിമമായ വേർതിരിവിന്റെ അന്തരം കുറയ്ക്കുകയാണ് ചെയ്യേണ്ടത്.

പഠനം മാതൃഭാഷയിൽ തന്നെ ഒതുങ്ങണമെന്നല്ല, ബഹുഭാഷാജ്ഞാനമാണ് ഇന്ന് കുട്ടികൾക്ക് വേണ്ടത്. മാനസികപ്രയത്നം വേണ്ടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ബഹുഭാഷികൾ ഏകഭാഷികളേക്കാള്‍ കൃത്യതയിൽ കാര്യങ്ങൾ ചെയ്യുന്നുവെന്നും അവരുടെ തലച്ചോറിന്റെ പ്രവർത്തനം (Cognitive ability) ആശയവിനിമയത്തിൽ കൂടുതൽ കാര്യക്ഷമമാവുന്നുവെന്നും കോഗ്നിറ്റിവ് സൈക്കോളജി/കോഗ്നിറ്റിവ് ന്യൂറോ സൈക്കോളജി (Cognitive psychology/Cognitive neuropsychology) രംഗത്ത് നടക്കുന്ന പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഇതൊരുതരം മാനസിക വ്യായാമമാണ്. അതോടൊപ്പം കുട്ടികളുടെ ജീവിതത്തിലെ മറ്റ് കൂടുതൽ സാധ്യതകൾ വിപുലപ്പെടുത്താൻ ഇതര ഭാഷാപ്രാവീണ്യം സഹായിക്കുകയും ചെയ്യുന്നു. ഒരു ഭാഷയെ മറ്റൊന്നിന് വേണ്ടി അകറ്റി നിർത്തുന്നത് കാലഘട്ടത്തിന് അനുയോജ്യമായ സമീപനമല്ല. സമൂഹത്തിന്റെ സ്വഭാവം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിലും രീതികളിലും മാറ്റങ്ങൾ വരുത്തേണ്ടി വരുന്നു, അത് മാതൃഭാഷയെ അവഗണിച്ചുകൊണ്ടാകരുത് എന്ന് മാത്രം.
ഏതു വിഷയത്തിലായാലും ഏറ്റവും പുതിയതും മൗലികവുമായ ചിന്തകൾ ആശയവ്യക്തതയോടെ ഭാഷയിൽ അവതരിപ്പിക്കുന്നതിനുള്ള കഴിവു നേടുക ഭാഷാപഠനത്തിന്റെ പരിപ്രേക്ഷ്യമാകണം. ഉപജീവനത്തോടൊപ്പം വ്യക്തിയുടെയും സമൂഹത്തിന്റെയും അതിജീവനവും പ്രധാനമാണ്. അതിനാൽതന്നെ ഓരോ പഠനമേഖലയുടെയും കാലികമായ പ്രാധാന്യവും സാമൂഹ്യമൂല്യവും വേർതിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. മാറുന്ന ലോകത്ത് സാമൂഹ്യബോധവും ചരിത്രബോധവുമുള്ള കുട്ടികളെ വാർത്തെടുക്കേണ്ടതാണ് വിദ്യാഭ്യാസ സംവിധാനത്തിന്റെ പൊതുലക്ഷ്യമായി തീരേണ്ടത്. അതിൽ മാതൃഭാഷാപഠനം വലിയ പങ്ക് വഹിക്കുന്നു. കേരളത്തിൽ പി.എം. ശ്രീ പദ്ധതി പ്രാബല്യത്തിൽ വരികയാണെങ്കിൽ കേന്ദ്ര ദേശീയ വിദ്യാഭ്യാസ നയം (NEP) പൂർണ്ണമായി നടപ്പാക്കേണ്ടി വരുമെന്ന വ്യവസ്ഥ ഭാഷാപഠനരീതികളിലും, വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തിലും എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്തായാലും ഭാഷാപഠനത്തിന്റെ അടിസ്ഥാന ഘടകങ്ങൾ ഉറപ്പിച്ചുകൊണ്ട്, ഉള്ളടക്കത്തിന്റെ ബാഹുല്യത്തിലല്ല ഗുണമേന്മയിലും പ്രായോഗികശേഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കുട്ടികളെ മാതൃഭാഷയോട് ചേർത്തുനിർത്താനുള്ള സമഗ്രമായ ഇടപെടലുകലാണ് ഉണ്ടാകേണ്ടത്.
