എത്രയും വേഗം കേരളത്തിലെ സ്‌കൂളുകൾ തുറക്കുകയാണ് വേണ്ടത്

Truecopy Webzine

സ്‌കൂളുകൾ അടച്ചതുമൂലം ഉണ്ടാകാൻ സാധ്യതയുള്ള പഠനക്കമ്മിയും, ഉൽപ്പാദന മേഖലയിലും വരുമാനത്തിലും ഉണ്ടാകാൻ സാധ്യതയുള്ള ഇടിവും ഒക്കെ ആഗോള വിദ്യാഭ്യാസമേഖലയിൽ വലിയ ചർച്ചാവിഷയം ആകുമ്പോഴും നമ്മുടെ പഠന പ്രതിസന്ധികളെ കുറിച്ചും അവയെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചും ചർച്ചകളോ ആശങ്കകളോ കേരളത്തിലെ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള സൂചനകൾ ഒന്നും നൽകാതെ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഒന്നരവർഷത്തിനുശേഷവും ഇരുട്ടിൽനിർത്തുന്നത് എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സമഗ്രമായി വിശകലനം ചെയ്യുകയാണ് ട്രൂകോപ്പി വെബ്‌സീനിന്റെ പാക്കറ്റ് 40.

സ്‌കൂളുകൾ ഇനിയും അടഞ്ഞുകിടക്കേണ്ടതുണ്ടോ കേരളത്തിൽ?

വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും സ്വകാര്യ കച്ചവട ഏജൻസികൾ മുൻപൊരിക്കലുമില്ലാത്ത തരത്തിൽ പിടിമുറുക്കുന്നതിനും ഈ മഹാമാരിക്കാലം സാക്ഷിയായി. ഡിജിറ്റൽ വിദ്യാഭ്യാസത്തിലും വിദൂര വിദ്യാഭ്യാസത്തിലും ഇത്തരം ഏജൻസികൾക്കുണ്ടായിരുന്ന മുൻകൈ അവർ നന്നായി പ്രയോജനപ്പെടുത്തുകയാണിപ്പോൾ. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നകാര്യത്തിൽ കേരളം പോലുള്ള ഒരു സംസ്ഥാനം കൈവരിച്ച സാർവത്രിക പ്രാപ്യതയുടെയും സാമൂഹ്യ നീതിയുടെയും ബോധനരീതിയുടെയും സവിശേഷ നേട്ടങ്ങളെ കീഴ്​മേൽ മറിക്കുന്നതാണ് കച്ചവട വിദ്യാഭ്യാസ ഏജൻസികൾ മുന്നോട്ടുവെക്കുന്ന ഡിജിറ്റൽ വിദ്യാഭ്യാസ /വിദൂര വിദ്യാഭ്യാസ മാതൃകകൾ. വിദ്യാഭ്യാസ വ്യവഹാരത്തിന്റെ (Educational Discourse) ഭാഗമായി ഉയർത്തിക്കാട്ടപ്പെട്ട മിക്ക മികച്ച ലോകമാതൃകകളും ( Global best practices) പൊള്ളയായിരുന്നു എന്ന തിരിച്ചറിവും ഈ മഹാമാരിക്കാലം നമുക്ക് സമ്മാനിച്ചു.

യൂണിസെഫ് 2020 ഡിസംബറിൽ പുറത്തിറക്കിയ ഇന്റർനെറ്റ് ലഭ്യതയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രകാരം ലോകത്തെ ഇരുപത്തിയഞ്ച് വയസ്സിൽ താഴെയുള്ള യുവാക്കളിലും കുട്ടികളിലും 220 കോടി പേർക്ക് വീടുകളിൽ ഇന്റർനെറ്റ് ലഭ്യതയില്ല.

സ്‌കൂളുകൾ യഥാർത്ഥത്തിൽ എന്ത് സേവനമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്, അവ ഇല്ലാതായാലും ടെലിവിഷൻ വഴിയും ഓൺലൈൻ മാർഗങ്ങൾ വഴിയും വിദ്യാഭ്യാസം നടന്നുകൊള്ളും എന്ന് കരുതിയിരുന്ന കുറേപ്പേർക്കെങ്കിലും സ്‌കൂളുകൾ കുട്ടികളുടെ പഠനത്തിലും സ്വഭാവ രൂപീകരണത്തിലും വഹിക്കുന്ന പങ്ക് എത്ര വലുതാണ് എന്ന ബോധ്യം ഈ മഹാമാരിക്കാലം സൃഷ്ടിച്ചിട്ടുണ്ട് എന്നതുകൂടിയാണ്.

വീടകങ്ങളിൽ അടച്ചിരിക്കുന്ന കുട്ടികളെ കൈകാര്യം ചെയ്യാൻ കഴിയാതെ കുഴങ്ങുകയാണ് മിക്ക രക്ഷാകർത്താക്കളും. പൊതു വിദ്യാഭ്യാസത്തിന്റെ പ്രസക്തി സമൂഹത്തിനും ഭരണകൂടങ്ങൾക്കും ശരിയായ അർത്ഥത്തിൽ മനസ്സിലാക്കിക്കൊടുക്കാൻ ഈ അടച്ചിരിപ്പ് കാലം സഹായിച്ചിട്ടുണ്ട്. ലോകത്തെ കോവിഡ് രോഗികളിൽ പതിമൂന്നു ശതമാനത്തോളം പേർ മാത്രമാണ് ഇരുപതു വയസ്സിനുതാഴെ പ്രായമുള്ളവർ. കുട്ടികളെ കോവിഡ് രോഗം ഗൗരവമായി ബാധിക്കുന്നില്ല എന്നതാണ് പൊതുവെ കണ്ടുവരുന്നത്. മറ്റു ഗുരുതര രോഗത്തിന്റെ പിടിയിൽ അല്ലാത്ത കുട്ടികൾക്കൊന്നുംതന്നെ കോവിഡ് ബാധ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചതായും റിപ്പോർട്ടുകൾ ഇല്ല. സ്‌കൂൾ അടച്ചിടൽ തുടരുന്നത് സങ്കീർണമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മനഃശാസ്ത്രജ്ഞരും വിദ്യാഭ്യാസ ചിന്തകരും സാമൂഹ്യ നിരീക്ഷകരും ഏക സ്വരത്തിൽ അഭിപ്രായപ്പെടുന്നുണ്ട്.
കെ.ടി. ദിനേശ്​ എഴുതുന്നു| ട്രൂകോപ്പി വെബ്സീനിൽ വായിക്കാം...

കേരളത്തെ കാത്തിരിക്കുന്നത് വലിയ പഠനക്കമ്മി

കോവിഡ് മൂലം സ്‌കൂളുകൾ അടച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. ലോക ചരിത്രത്തിൽ ഇന്നോളം ഇത്രയും ദീർഘകാലം സ്‌കൂളുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. സമാന സാഹചര്യം നിലനിന്നിരുന്ന സ്പാനിഷ് ബ്ലോഗിന്റെ കാലഘട്ടത്തിൽ പോലും ഇത്രയും നീണ്ട സ്‌കൂൾ അടവുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഒരു വലിയ ആഗോള പഠനക്കമ്മിയാണ് നമ്മെ കാത്തിരിക്കുന്നത്. അതുകൊണ്ട് സ്‌കൂളുകൾ തുറക്കുന്നതിന് എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അത് ഉടൻ ചെയ്യേണ്ടതുണ്ട്.

കോവിഡ് മൂലം സ്‌കൂളുകൾ അടച്ചത് ലോകത്തെ 90% വിദ്യാർഥികളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ കാര്യം എടുക്കുകയാണെങ്കിൽ; നൂറുശതമാനം വിദ്യാർഥികളെയും കോവിഡ് മൂലമുള്ള സ്‌കൂൾ അടവ് ദോഷകരമായി ബാധിച്ചു. കേരളത്തിന്റെ കാര്യവും വ്യത്യസ്തമല്ല. നാടെമ്പാടും വിദ്യാലയങ്ങളും അവയോട് ആരോഗ്യകരമായ സമീപനങ്ങളും ഉണ്ടായതുകാണ്ടാണ് നാം ഉദ്‌ഘോഷിക്കുന്ന ഉയർന്ന സാക്ഷരതയും, ആരോഗ്യ നിലവാരവും ഒക്കെ നമുക്ക് നേടാൻ സാധിച്ചത്.

കോവിഡ് മൂലം ഉണ്ടാകാൻ സാധ്യതയുള്ള വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു സമഗ്ര ചിത്രം നൽകുന്ന വിവരശേഖരണം പോലും കേരളത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. / Photo: unicef.org

‘യുണൈറ്റഡ് നേഷൻസ് പോളിസി ബ്രീഫ്’ പറയുന്നതനുസരിച്ച് കോവിഡ് പ്രതിസന്ധിയും അതിന്റെ ഫലമായുണ്ടായ സ്‌കൂൾ അടവും മൂലം, നിലനിൽക്കുന്നതിനേക്കാൾ 24 മില്ല്യൺ വിദ്യാർഥികൾക്ക് സ്‌കൂളിൽ നിന്ന് കൊഴിഞ്ഞു പോകേണ്ടി വരുന്ന അവസ്ഥയുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, വിദ്യാർഥികൾക്ക് എഴുതാനും വായിക്കാനും കണക്കുകൂട്ടാനുമുള്ള കഴിവ്, അടിസ്ഥാന അക്കാദമിക നൈപുണികൾ, വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ ശേഷികൾ എന്നിവയെ എല്ലാം ഈ സ്‌കൂൾ അടവ് ദോഷകരമായി ബാധിക്കും. ഓരോ അക്കാദമിക വർഷം കഴിയും തോറും സിലബസ് പരിഷ്‌കരണത്തിലൂടെ പുതുമയുള്ള വിഷയങ്ങളും ആശയങ്ങളും കടന്നുവരാറുണ്ട്. തൊണ്ണൂറുകളിൽ പത്താം ക്ലാസിൽ പഠിച്ചിരുന്ന സിലബസിലെ കാര്യങ്ങളെല്ലാം ഇപ്പോൾ ഒരു കുട്ടി അഞ്ചാം ക്ലാസിൽ കവർ ചെയ്യുന്നു.

കോവിഡ് കാലത്ത് രക്ഷകർത്താക്കളുടെ ജോലി നഷ്ടപ്പെടുന്നതും സാമ്പത്തിക പ്രതിസന്ധിയുണ്ടാവുന്നതും വീടുകളിലെ അരക്ഷിതാവസ്ഥയും മോശം അന്തരീക്ഷവുമെല്ലാം വിദ്യാർത്ഥികളുടെ പഠനത്തെ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. അനുദിനം വളരുന്ന സിലബസുകളും, മത്സരാത്മകമായ പരീക്ഷാ സമ്പ്രദായങ്ങളുമെല്ലാം കോവിഡാനന്തര കാലഘട്ടത്തിലും മാറ്റമില്ലാതെ തുടരും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ തങ്ങളുടെ സ്‌കൂൾ വർഷത്തിലെ സുപ്രധാനമായ രണ്ടു വർഷങ്ങൾ നഷ്ടപ്പെട്ടുപോയ വിദ്യാർത്ഥികൾ നിലനിൽക്കുന്ന മത്സരാത്മക വിദ്യാഭ്യാസത്തിൽ ഇണങ്ങിച്ചേരുന്നതിനുള്ള രണ്ട് സുപ്രധാന വർഷങ്ങൾ നഷ്ടപ്പെട്ടവരാണ്. ഇത് പഠനശേഷിയിലും, അക്കാദമിക മനോഭാവത്തിലും മറ്റും ആഴത്തിൽ വിള്ളലുണ്ടാക്കും എന്നത് ലോകമൊന്നാകെ നേരിടാൻ പോകുന്ന ഒരു വലിയ പഠന ക്കമ്മിയെയാണ് സൂചിപ്പിക്കുന്നത്.

കോവിഡ് മൂലം ഉണ്ടാകാൻ സാധ്യതയുള്ള വിദ്യാഭ്യാസ പ്രശ്‌നങ്ങളെക്കുറിച്ച് ഒരു സമഗ്ര ചിത്രം നൽകുന്ന വിവരശേഖരണം പോലും കേരളത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. നമുക്ക് ആകെയുള്ളത് കേരളത്തിൽ എത്ര വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാണ് അല്ലെങ്കിൽ ലഭ്യമല്ല എന്ന കണക്ക് മാത്രമാണ്. ഈ കണക്ക് തന്നെ പരിതാപകരമായ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അമൃത്​ ജി. കുമാർ എഴുതുന്നു| ട്രൂകോപ്പി വെബ്സീനിൽ വായിക്കാം...


Comments