‘പരീക്ഷ നടത്തി ഞങ്ങളെ തോൽപ്പിക്കരുത്​’- വിദ്യാഭ്യാസ മന്ത്രിക്ക്​ ഒരു പ്ലസ്​ ടു വിദ്യാർഥിയുടെ കത്ത്​

മതിയായ സമയം പോലും അനുവദിക്കാതെ, ആരുടെയോ സ്വകാര്യലാഭത്തിന് വേണ്ടിയുള്ള പന്തയമായി ഞങ്ങളുടെ വിദ്യാഭ്യാസത്തെ, പഠനജീവിതത്തെ മാറ്റരുത് സാർ, ഞങ്ങൾക്ക് പഠിക്കാൻ സമയം വേണം, ദയവ് ചെയ്ത് ഞങ്ങളുടെ ചോദ്യപ്പേപ്പർ ഞങ്ങളെ മനസ്സിലാക്കുന്ന തരത്തിലുള്ളതാക്കണം, ഞങ്ങൾക്ക് സ്വപ്നങ്ങൾ കാണാനുണ്ട്, ഈ ലോകത്തിൽ ഞങ്ങളുടേതെന്ന് വിളിക്കാനുതകുന്നതെന്തെങ്കിലും മാറ്റിവയ്ക്കാൻ ആഗ്രഹമുണ്ട്. കേരളാ സിലബസിൽ പഠിച്ചതിന്റെ പേരിൽ അതെല്ലാം ഇല്ലാതാവരുതെന്ന് വല്ലാത്ത കൊതിയുണ്ട്- കൊല്ലം തേവള്ളി ഗവ. മോഡൽ ​ബോയ്​സ്​ ഹയർ സെക്കൻഡറി സ്​കൂളിലെ പ്ലസ്​ ടു സയൻസ്​ വിദ്യാർഥി ഹരിപ്രിയ സി. വിദ്യാഭ്യാസ മന്ത്രിക്ക്​ എഴുതുന്ന കത്ത്​

കത്ത് എഴുതേണ്ട ഒരു സാഹചര്യം ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. എഴുതാൻ തുനിഞ്ഞപ്പോഴൊക്കെയും വേണ്ടെന്നുവച്ചത് വകുപ്പ് അധികൃതർ ഞങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കും എന്നു വിശ്വസിച്ചിട്ടാണ്. നാടകീയതക്കുവേണ്ടി പറയുന്നതല്ല. ഞങ്ങൾക്ക്, കേരളത്തിലെ പ്ലസ്​ ടു, എസ്​.എസ്​.എൽ.സി വിദ്യാർത്ഥികൾക്ക് പറയാനുള്ളത് അത്രമേൽ ഗൗരവതരമായ ചില കാര്യങ്ങളാണ്.

ഞാൻ പ്ലസ്​ ടു വിദ്യാർത്ഥിനിയാണ്. 2020 ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ട കാലയളവിൽ ഹയർ സെക്കന്ററി കോഴ്‌സിലേക്ക് കടന്ന ലക്ഷക്കണക്കിന് കൂട്ടുകാരിൽ ഒരാൾ. 2022 മാർച്ചിൽ നടക്കുന്ന "വാർഷികപ്പരീക്ഷ' യുടെ ഇരകളാകാൻ വിധിക്കപ്പെട്ട മനുഷ്യരിലൊരാൾ. നീതിനിഷേധമാണെന്ന് അറിഞ്ഞിട്ടും യാതൊന്നുമുച്ചരിക്കാൻ കഴിയാതെ പോവേണ്ടിവരുന്ന ഹതഭാഗ്യരിൽ ഒരാൾ. എട്ടാം ക്ലാസ്സിൽ നിന്ന്​ നേരിട്ട് പത്താം തരത്തിലെ ദയാരഹിതമായ പരീക്ഷച്ചൂടിലേക്ക് വലിച്ചെറിയപ്പെടുന്ന അനുജന്മാരെയും അനുജത്തിമാരെയും ആശ്വസിപ്പിക്കാൻ ഒരു വാക്കുപോലുമില്ലാതെ, ‘ഞങ്ങളുടെയും കാര്യം കഷ്ടാണ്’ എന്ന ഒറ്റവാചകത്തിൽ സംഭാഷണം അവസാനിപ്പിക്കേണ്ടി വരുന്ന നിസ്സഹായരായ ഒരു വിഭാഗത്തിന്റെ പ്രതിനിധിയെന്ന രീതിയിലാണ് ഈ കത്ത് എഴുതുന്നത്.

ആദ്യം ഞങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്ന് സംസാരിക്കാം. 2020 നവംബറിലാണ് കൈറ്റ് വിക്ടർസ് ചാനൽ വഴി ഞങ്ങളുടെ പ്ലസ്​ വൺ ക്ലാസ്​ ആരംഭിക്കുന്നത്. ആദ്യമൊക്കെ വളരെ പതിയെ മുന്നേറിക്കൊണ്ടിരുന്ന ക്ലാസുകൾ, പിന്നീട് ഓടിയെത്താനാവാത്ത വേഗത്തിലായി. ക്ലാസുകളുടെ വ്യക്തത നഷ്ടപ്പെട്ടു. സ്‌കൂളിൽ നിന്ന്​ ഓൺലൈൻ ക്ലാസുകൾ ലഭിച്ചിരുന്നെങ്കിലും പലർക്കും മൊബൈൽ ഫോൺ ലഭിക്കാത്തതിനാലും, ഓൺലൈൻ വിദ്യാഭ്യാസമെന്ന ബദൽ മാർഗം ആദ്യമായി സ്വീകരിക്കുമ്പോൾ ഉണ്ടാകുന്ന പലതരം പ്രശ്‌നങ്ങളാലും ആ ക്ലാസും ഞങ്ങൾക്ക് ഉപയോഗപ്രദമായില്ല. 2021 മെയ് പകുതിയോടെയാണ് ചാനലിലെ പ്ലസ്​ വൺ ക്ലാസുകൾ അവസാനിക്കുന്നത്. പാഠഭാഗങ്ങൾ പൂർണമായി പഠിപ്പിച്ചെന്ന് അവകാശമുന്നയിക്കുമ്പോഴും വിക്ടർസ് ചാനലിലെ ക്ലാസുകളുടെ യൂട്യൂബ് വ്യൂസിന്റെ താരതമ്യം വഴി ക്ലാസുകൾ എത്രപേർ കണ്ടു എന്നത് മനസ്സിലാക്കാം.

ഇതൊന്നും ഞങ്ങളുടെ അപാകതയല്ല. ഞങ്ങളുടെ മുൻവർഷത്തെ പ്ലസ്​ ടു ബാച്ചിന് പബ്ലിക് എക്‌സാമിന് മുന്നോടിയായി 2 മാസത്തോളം ഓഫ്​ലൈൻ ക്ലാസുകൾ ലഭ്യമാക്കി. അതുപോലെ ഫോക്കസ് ഏരിയയും, അധിക ചോദ്യങ്ങളും നൽകി, ചോയ്‌സുകൾ ഒഴിവാക്കി, ഇഷ്ടമുള്ള രീതിയിൽ പരീക്ഷയെഴുതാനുള്ള തരത്തിൽ ചോദ്യങ്ങൾ ക്രമീകരിച്ചു. മൂല്യനിർണയം കൂടുതൽ ലളിതമാക്കി. ഗുണത്തിലുപരി ദോഷമാണ് ഈയൊരു നടപടി സൃഷ്ടിച്ചതെന്ന് അധ്യാപകർ ഞങ്ങളോട് നിരന്തരം പറയാറുണ്ട്. അത് ഞങ്ങൾക്കും നന്നായറിയാം. എന്നാൽ ആ സാഹചര്യത്തിനുതകുന്ന തീരുമാനം തന്നെയാണത്. എന്നാൽ പത്താം ക്ലാസ്സ് പരീക്ഷക്കുശേഷം ക്ലാസ്​ മുറി കണ്ടിട്ടില്ലാത്ത ഞങ്ങൾക്ക് പ്ലസ്​ വൺ പരീക്ഷയ്ക്ക് മുന്നോടിയായി ഓഫ്​ലൈൻ ക്ലാസുകളേ ലഭ്യമായിട്ടില്ല. മോഡൽ പരീക്ഷ പോലും ഓൺലൈൻ ആയിരുന്നു. ഞങ്ങളുടെ പരീക്ഷയ്ക്കും ഇരട്ടി ചോദ്യങ്ങൾ ഉണ്ടായിരുന്നെങ്കിലും മുൻപ് നടന്ന പ്ലസ്​ ടു പരീക്ഷ പോലെ എന്തും എഴുതാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ മിക്ക കൂട്ടുകാർക്കും പ്ലസ് വണ്ണിൽ സാമാന്യം നല്ല സ്‌കോർ നേടിയിരുന്നു. എന്നാൽ ആ സ്‌കോറിന്റെ ഉത്തരവാദികൾ കേവലം കൈറ്റ് വിക്​ടേഴ്​സ്​ ക്ലാസ്​ മാത്രമല്ല. അതിനപ്പുറം സ്‌കൂളിലെ അധ്യാപകരും, അതിലുപരി പല യൂ ട്യൂബ് ചാനലുകളും ആണ്.

ഈ യൂ ട്യൂബ് ചാനലുകൾ ഞങ്ങളെ രണ്ടുതരത്തിലാണ് സ്വാധീനിച്ചത്. ട്യൂഷനുള്ള, പ്രിവിലേജ്ഡ് ആയ ഒരു വിഭാഗം പരീക്ഷയ്ക്ക് ഒരുങ്ങുന്ന വേളയിൽ ട്യൂഷനില്ലാത്ത കൂട്ടുകാർ യൂ ട്യൂബ് ചാനലുകളുടെ സഹായം തേടി. ഇതിൽ ഒരു കൂട്ടർ ഞങ്ങളുടെ മനസ്സറിഞ്ഞ് ഗുണമേന്മയുള്ള ക്ലാസുകൾ നൽകിയപ്പോൾ മറ്റൊരു കൂട്ടർ വ്യാജവാർത്തകളും, പരീക്ഷ മാറ്റുമെന്ന കപടവാഗ്ദാനങ്ങളും നൽകി കുട്ടികളെ വഞ്ചിച്ചു. അവരെ വിശ്വസിച്ച് റിസൾട്ട് നഷ്ടമാക്കിയ ഒരുപാട് കൂട്ടുകാരെ എനിക്കറിയാം. സ്‌കൂളിൽ പഠിപ്പിക്കുന്നത് "ചേമ്പ്' ആണ് എന്ന് പറഞ്ഞ ഒരു യൂ ട്യൂബർക്ക് വേണ്ടി കയ്യടിക്കുന്ന, മാസ്​ ബി. ജി. എമ്മിട്ട് സ്റ്റാറ്റസ് വയ്ക്കുന്ന കൂട്ടുകാരെ എനിക്കറിയാം. ഞങ്ങൾക്ക് വിവരമില്ലാഞ്ഞിട്ടല്ല സാർ, അത്രമേൽ നിസ്സഹായരായ ഞങ്ങളെ ആർക്കും നിസ്സാരമായി ചതിക്കാമായിരുന്നു.

Photo: Unsplash.com
Photo: Unsplash.com

ഒരു ഓഫ്​ലൈൻ ക്ലാസ്​ പോലും ലഭിക്കാതെ ഞങ്ങൾ പ്ലസ്​ വൺ പൊതുപരീക്ഷയെഴുതുന്നത് 2021 സെപ്റ്റംബർ അവസാനത്തോടെയാണെന്നത് സാർ ഓർക്കുന്നുണ്ടാവുമല്ലോ. ഈ സത്യം ബോധ്യപ്പെട്ടിരിക്കെ 2021 ജൂണിൽ കൈറ്റ് വിക്ടേർസിൽ പ്ലസ്​ ടു ക്ലാസുകൾ ആരംഭിച്ചെന്ന് പറയുന്നതിന്റെ കേവലയുക്തി എന്താണ്!? പിന്നീട് മൂല്യനിർണയവും മറ്റു തിരക്കുകളും കഴിഞ്ഞ് 2021 നവംബർ ഒന്നിന് ആണ് ഓഫ്​ലൈൻ ക്ലാസുകൾ ആരംഭിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം ഉച്ച വരെയുള്ള ഈ ക്ലാസുകൾ മുഖേനെ ഞങ്ങൾക്ക് കാര്യമായി ഒന്നും പഠിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഉച്ചക്കുശേഷം പല സ്‌കൂളുകളിലും ഓൺലൈൻ ക്ലാസ്​ ഉണ്ടാവും. പിന്നെ ക്ഷീണിച്ച് അവശരായി കിടക്കയിലേക്ക് വീഴുന്ന ഞങ്ങൾ എന്താണ് പഠിക്കേണ്ടത്. പരീക്ഷക്കുമുമ്പ്​ പോർഷൻസ് തീർക്കണമെന്ന ഉദ്ദേശ്യത്തോടെ പായുകയാണ് അധ്യാപകർ. ഞങ്ങളുടെ അവസ്ഥയുടെ ഭീകരത അറിയാമെങ്കിലും ഞങ്ങളെന്ത് ചെയ്യാനാണ് മക്കളേ എന്ന ചോദ്യത്തിനപ്പുറം അവർക്കും ഇവിടെ ഒന്നും ചെയ്യാനാവില്ല. ഞങ്ങൾ പ്ലസ്​ ടു വിദ്യാർത്ഥികളാണ് സാർ... വളരെ പ്രിയപ്പെട്ട ഒരു ടീച്ചറുടെ ക്ലാസിൽ രണ്ട് മാസം പോലും ഇരിക്കാൻ കഴിയാതെ, അവർ ട്രാൻസ്ഫർ ആയതിന്റെ മനോവിഷമം അനുഭവിച്ചിട്ടുണ്ട് ഞങ്ങൾ. പാഠങ്ങൾ കൃത്യമായി തീരില്ല എന്ന് തിരിച്ചറിയുമ്പോഴും പെട്ടെന്നൊരു സ്ഥലം മാറ്റത്തിലെ പ്രായോഗികത എന്താണ്?

അടുത്ത ആഴ്ച പ്ലസ് വൺ ഇംപ്രൂവ്​മെൻറ്​ എക്‌സാം ആരംഭിക്കും. അതിന് രണ്ടാഴ്ചക്കു ശേഷം പ്രാക്ടിക്കൽ എക്‌സാം എന്നാണ് നിലവിലെ ടൈം ടേബിൾ. (മാറ്റുമെന്ന് പറയുന്നുണ്ട്). പ്രാക്ടിക്കൽസ് ചെയ്യാൻ പോലും സമയം കിട്ടാത്ത ഞങ്ങൾ, ക്ലാസുകൾ ലഭിക്കാതെ, നേരായ രീതിയിൽ പാഠഭാഗങ്ങൾ പോലും തീരാതെ പരീക്ഷ എഴുതേണ്ടി വരുന്നത് എത്ര ഭീകരമാണ് സാർ, അതും പ്രതീക്ഷിച്ചിരുന്ന ഫോക്കസ് ഏരിയ പോലും പാടേ പറിച്ചുമാറ്റിയിട്ട് നീതി എന്ന വാക്കിന്റെ അർത്ഥങ്ങൾക്കിടയിലെവിടെയും ഞങ്ങൾക്ക് ഇടമില്ലേ സാർ.

ഇപ്പോൾ പുറത്തുവന്ന ഹയർ സെക്കൻഡറി - എസ് എസ് എൽ സി ചോദ്യഘടന തീർത്തും നിരാശജനകമാണ്. നോൺ ഫോക്കസ് ഏരിയ എന്ന പേരിൽ നൽകിയ പാഠങ്ങൾ ഒഴിവാക്കി പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് മാർക്ക് നല്ല സ്‌കോർ ചെയ്യാൻ യാതൊരു സാധ്യതയും നല്കാത്ത രീതിയിലായാണ് ചോദ്യക്രമീകരണം. ഒരു മാർക്കിന്റെ ചോദ്യങ്ങളുടെ വിഭാഗത്തിൽത്തന്നെ നോൺ ഫോക്കസ് ഏരിയയിലെ ചോദ്യങ്ങൾ നിർബന്ധമായും എഴുതേണ്ടവയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ മറ്റു വിഭാഗങ്ങളിലും നോൺ ഫോക്കസ് ഏരിയ ചോദ്യങ്ങൾക്ക് നല്ല വെയ്‌റ്റേജ് ആണ് നൽകിയിട്ടുള്ളത്. ഇത്തരത്തിലൊരു പരീക്ഷയാണ് മുന്നിൽ കണ്ടിരുന്നതെങ്കിൽ ഫോക്കസ് ഏരിയ എന്ന കള്ളനാണയം എന്തിനായിരുന്നു സാർ?

സമയമില്ലായ്മ മൂലം മിക്ക സ്‌കൂളുകളിലും, എന്റെ സ്‌കൂളിലെൾപ്പെടെ ചില വിഷയങ്ങൾ ഫോക്കസ് ഏരിയ അധിഷ്ഠിതമാക്കിയാണ് പഠിപ്പിക്കുന്നത്. അങ്ങനെയൊരു സാഹചര്യം നിലനിൽക്കേ പെട്ടെന്നൊരു നിമിഷം ഫോക്കസ് ഏരിയയെന്നത് വെറുമൊരു ജലരേഖയായി മാറ്റിയതെന്തിനാണ്? നവംബറിൽ അധ്യയനം ആരംഭിച്ച പ്ലസ്​ ടു കുട്ടികൾ മാർച്ചിൽ പൊതുപരീക്ഷയയെങ്ങനെ അഭിമുഖീകരിക്കും? ഞങ്ങളുടെ മാനസിക സംഘർഷത്തിന് ആരാണ് പ്രതിവിധി കാണുക? പരീക്ഷകൾക്ക് മാറ്റമില്ലെന്ന് ആവർത്താവർത്തിച്ച് പറയുമ്പോഴും, ചോദ്യഘടന സങ്കീർണമാക്കുമ്പോഴും ഞങ്ങൾ കടന്നുവന്ന പാത ഒന്ന് പരിശോധിക്കാമായിരുന്നില്ലേ സാർ? സമ്പൂർണ സാക്ഷരരെന്ന് അഭിമാനത്തോടെ പറയുന്ന നമ്മുടെ ജനതയെ, ഞങ്ങളുടെ തലമുറയെ കാത്തിരിക്കുന്നത് ബൗദ്ധികമാന്ദ്യമല്ലാതെ മറ്റെന്താണ്?

ആവർത്തിച്ചാവർത്തിച്ച് ചോദിച്ചുപോവുകയാണ് സാർ, ഇത്രയും ധൃതി പിടിച്ച് ഒരു പരീക്ഷ നടത്തേണ്ടുന്നതിന്റെ ആവശ്യകതയെന്താണ്? നല്ല ജീവിതസാഹചര്യങ്ങളുള്ള, extra ordinary ക്ലാസിൽപ്പെടുന്ന, യാതൊരു പ്രതിസന്ധികളെയും അഭിമുഖീകരിക്കാത്ത, കുട്ടികളെ മാത്രം പരിഗണിക്കുന്ന ഒരു ടൈം ടേബിൾ എത്തരത്തിലാണ് നമ്മുടെ വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുക? അണ്ടർ പ്രിവിലേജ്ഡ് ആയ, റിമോട്ട് ഏരിയകളിൽ താമസിക്കുന്ന, ഇപ്പോഴുള്ള blended learning എന്ന പുതിയ സങ്കേതത്തെ ഉൾക്കൊള്ളാൻ ജീവിതസാഹചര്യങ്ങളില്ലാത്ത ഞങ്ങളുടെ കൂട്ടുകാർ ആശ്രയമറ്റ് മണ്ണിലിഴയുമ്പോൾ അത് നോക്കി നിന്ന് പുതിയ കാലത്തിന്റെ പഠനമികവിനെ എങ്ങനെയാണ് സാർ ഞങ്ങൾ വാഴ്ത്തിപ്പാടുക?

ഈ പരീക്ഷ ഞങ്ങളുടെ ഉപരിപഠനത്തിന് യാതൊരു ഗുണവും ചെയ്യില്ലെന്നറിയാം. ഒരു തരത്തിലും ഫോക്കസ് ഏരിയ ഞങ്ങളെ സഹായിക്കില്ലെന്നറിയാം. പക്ഷേ മതിയായ സമയം പോലും അനുവദിക്കാതെ, ആരുടെയോ സ്വകാര്യലാഭത്തിന് വേണ്ടിയുള്ള പന്തയമായി ഞങ്ങളുടെ വിദ്യാഭ്യാസത്തെ, പഠനജീവിതത്തെ മാറ്റരുത് സാർ, ഞങ്ങൾക്ക് പഠിക്കാൻ സമയം വേണം, ദയവ് ചെയ്ത് ഞങ്ങളുടെ ചോദ്യപ്പേപ്പർ ഞങ്ങളെ മനസ്സിലാക്കുന്ന തരത്തിലുള്ളതാക്കണം, ഞങ്ങൾക്ക് സ്വപ്നങ്ങൾ കാണാനുണ്ട്, ഈ ലോകത്തിൽ ഞങ്ങളുടേതെന്ന് വിളിക്കാനുതകുന്നതെന്തെങ്കിലും മാറ്റിവയ്ക്കാൻ ആഗ്രഹമുണ്ട്. കേരളാ സിലബസിൽ പഠിച്ചതിന്റെ പേരിൽ അതെല്ലാം ഇല്ലാതാവരുതെന്ന് വല്ലാത്ത കൊതിയുണ്ട്... യൂ ട്യൂബ് ചാനലിലെ കപടതയ്ക്ക് വശംവദരാകാതെ, ആത്മവിശ്വാസത്തോടെ,സമാധാനത്തോടെ, അറിഞ്ഞും, തിരിച്ചറിഞ്ഞും ഞങ്ങളൊന്ന് പഠിച്ചോട്ടെ സാർ! ഈ സാഹചര്യത്തിൽ പരീക്ഷ നടത്തി ഞങ്ങളെ പരീക്ഷിക്കരുത് സാർ... ഞങ്ങളെ തോൽപ്പിക്കരുത്.


Summary: മതിയായ സമയം പോലും അനുവദിക്കാതെ, ആരുടെയോ സ്വകാര്യലാഭത്തിന് വേണ്ടിയുള്ള പന്തയമായി ഞങ്ങളുടെ വിദ്യാഭ്യാസത്തെ, പഠനജീവിതത്തെ മാറ്റരുത് സാർ, ഞങ്ങൾക്ക് പഠിക്കാൻ സമയം വേണം, ദയവ് ചെയ്ത് ഞങ്ങളുടെ ചോദ്യപ്പേപ്പർ ഞങ്ങളെ മനസ്സിലാക്കുന്ന തരത്തിലുള്ളതാക്കണം, ഞങ്ങൾക്ക് സ്വപ്നങ്ങൾ കാണാനുണ്ട്, ഈ ലോകത്തിൽ ഞങ്ങളുടേതെന്ന് വിളിക്കാനുതകുന്നതെന്തെങ്കിലും മാറ്റിവയ്ക്കാൻ ആഗ്രഹമുണ്ട്. കേരളാ സിലബസിൽ പഠിച്ചതിന്റെ പേരിൽ അതെല്ലാം ഇല്ലാതാവരുതെന്ന് വല്ലാത്ത കൊതിയുണ്ട്- കൊല്ലം തേവള്ളി ഗവ. മോഡൽ ​ബോയ്​സ്​ ഹയർ സെക്കൻഡറി സ്​കൂളിലെ പ്ലസ്​ ടു സയൻസ്​ വിദ്യാർഥി ഹരിപ്രിയ സി. വിദ്യാഭ്യാസ മന്ത്രിക്ക്​ എഴുതുന്ന കത്ത്​


Comments