പഞ്ചാംഗവും സിദ്ധവൈദ്യവും സിലബസിൽ, LOCF അഥവാ ഹിന്ദുത്വ ഉന്നതവിദ്യാഭ്യാസ പദ്ധതി

“കാവിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ശാസ്ത്രബോധത്തിനു തുരങ്കം വയ്ക്കുന്ന നിരവധി ആഖ്യാനങ്ങൾ LOCF-ൽ ഉണ്ട്. ശാസ്ത്രവിദ്യാഭ്യാസം എന്നത് ഭക്തിയിലോ ആചാരപരതയിലോ അല്ല ആരംഭിക്കേണ്ടത്. എന്നാൽ, ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ കാര്യനിർവഹണ ഏജൻസി ആയ യു.ജി.സി പുറത്തിറക്കിയ കെമിസ്ട്രിയുടെ കരിക്കുലം ആരംഭിക്കുന്നത് സരസ്വതിയുടെ ഫോട്ടോയും സ്തുതിയും വെച്ച് ആരാധിച്ചു കൊണ്ടാണ്,” ഡോ. ശ്രീജ എസ് എഴുതുന്നു.

ദേശീയ വിദ്യാഭ്യാസനയം മുന്നോട്ട് വെച്ച പാഠ്യപദ്ധതിയുടെ സുപ്രധാന ആശയമാണ് ലേണിംഗ് ഔട്ട്കം (Learning Outcome) ആധാരമാക്കി വിദ്യാഭ്യാസഗുണനിലവാരം വിലയിരുത്തുക എന്നത്, അതിനായി ലേണിംഗ് ഔട്കം അടിസ്ഥാനപ്പെടുത്തി കരിക്കുലത്തെയും സിലബസിനേയും നവീകരിക്കുകയും പെഡഗോജി (Pedagogy) തന്നെ അടിമുടി മാറ്റിക്കൊണ്ട് ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നുമാണ് യു.ജി.സി അവകാശപ്പെടുന്നത്. ഈ മാറ്റങ്ങൾ നിലവിൽ വരുത്തുന്നതിന് മുന്നോടിയായി ആന്ത്രോപോളജി, കെമിസ്ട്രി, കോമേഴ്സ്, മാത്തമാറ്റിക്സ്, എക്കണോമിക്‌സ്, ജിയോഗ്രഫി, ഹോം സയൻസ് ഫിസിക്കൽ എഡ്യൂക്കേഷൻ, പൊളിറ്റിക്കൽ സയൻസ് എന്നീ ഒൻപതു വിഷയങ്ങളിൽ യു.ജി.സി ഒരു കരട് കരിക്കുലം ചട്ടക്കൂട് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ കരടിന്മേൽ പൊതുജനങ്ങൾക്ക് സെപ്തംബർ 20, 2025 വരെ യു.ജി.സിയെ അഭിപ്രായങ്ങൾ അറിയിക്കാമെന്നും പറഞ്ഞു വെയ്ക്കുന്നു. എന്നാൽ ഈ കരട് പാഠ്യപദ്ധതി ചട്ടക്കൂട് വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ പരിശോധിക്കുമ്പോൾ നിരവധി വൈരുധ്യങ്ങൾ നിറഞ്ഞതും ഹിന്ദുത്വ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടതുമാണെന്ന് നിസ്സംശയം പറയാൻ കഴിയും. അത്തരം വിമർശനങ്ങളെ നമുക്ക് ഈ കരടിന്റെ അടിസ്ഥാനത്തിൽ ഒന്ന് പരിശോധിക്കാം.

കാവിവൽക്കരിക്കപ്പെടുന്ന കരിക്കുലം

LOCF-ൻറെ വിശദീകരണത്തിൽ അതിന്റെ മേന്മയും പ്രത്യേകതയുമായി ചൂണ്ടിക്കാണിക്കുന്നത് NEP 2020-ലൂടെ മുന്നോട്ടുവെച്ച FOUR year undergraduate programme (FYUGP) കരിക്കുലത്തിന്റെയും സിലബസിന്റെയും ഭാഗമായി ഇന്ത്യൻ ജ്ഞാന വ്യവസ്ഥ (Indian Knowledge System -IKS ) കൂടി ഉൾപ്പെടുത്തി പരിഷ്കരിച്ചു എന്നതാണ്. എന്നാൽ ഈ വിഷയത്തെ ആഴത്തിൽ അപഗ്രഥിച്ചാൽ ഇന്ത്യൻ ജ്ഞാനവ്യവസ്ഥയുടെ പേരിൽ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തമാക്കുന്ന നിരവധി കാര്യങ്ങൾ കാണാൻ കഴിയും. പാഠ്യപദ്ധതികളിൽ, എല്ലാ വിഷയങ്ങളിലും, കേന്ദ്രബിന്ദുവായി ‘ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങൾ’ (IKS) ഉപയോഗിക്കുന്നത്, അക്കാദമിക് വ്യവഹാരങ്ങളിൽ നടക്കേണ്ട വിമർശനാത്മക അന്വേഷണത്തിനുപകരം പ്രത്യയശാസ്ത്ര പ്രതീകാത്മകതയിലേക്ക് ചുരുക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് LOCF നമുക്ക് നൽകുന്നത്. ഏകീകൃതമായ ഹിന്ദുത്വ സ്വാധീനമുള്ള ഒരു ആഖ്യാനത്തെ സാമാന്യവൽക്കരിക്കാൻ വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഈ രംഗത്തെ ഏറ്റവും വലിയ ആശങ്കയായി നിലകൊള്ളുന്നത്.

ലേണിംഗ് ഔട്കം അടിസ്ഥാനപ്പെടുത്തി കരിക്കുലത്തെയും സിലബസിനേയും നവീകരിക്കുകയും പെഡഗോജി (Pedagogy) തന്നെ അടിമുടി മാറ്റിക്കൊണ്ട് ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നുമാണ് യു.ജി.സി അവകാശപ്പെടുന്നത്.
ലേണിംഗ് ഔട്കം അടിസ്ഥാനപ്പെടുത്തി കരിക്കുലത്തെയും സിലബസിനേയും നവീകരിക്കുകയും പെഡഗോജി (Pedagogy) തന്നെ അടിമുടി മാറ്റിക്കൊണ്ട് ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നുമാണ് യു.ജി.സി അവകാശപ്പെടുന്നത്.

ഇന്ത്യൻ ജ്ഞാനവ്യവസ്ഥയിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന ‘ശാസ്ത്രാവബോധം

ഭാരതീയ ബീജഗണിതം, കാലഗണനം, പഞ്ചാംഗം, ശുൽബ സൂത്രങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ജ്യാമിതി, വേദകാല ജ്യോതിശാസ്ത്ര ആശയങ്ങൾ, ശുഭകരമായ സമയക്രമീകരണം (മുഹൂർത്തങ്ങൾ) തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ സംവിധാനങ്ങൾ ഗണിതശാസ്ത്രം പോലുള്ള വിഷയങ്ങളിൽ ഉൾപ്പെടുത്താൻ LOCF നിർദ്ദേശിക്കുന്നു. കാവിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ശാസ്ത്രബോധത്തിനു തുരങ്കം വയ്ക്കുന്ന നിരവധി ആഖ്യാനങ്ങൾ LOCF-ൽ കാണാൻ കഴിയും. ശാസ്ത്രവിദ്യാഭ്യാസം എന്നത് ഭക്തിയിലോ ആചാരപരതയിലോ അല്ല ആരംഭിക്കേണ്ടത് എന്ന വസ്തുത നിലനിൽക്കെ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ കാര്യനിർവഹണ ഏജൻസി ആയ യു.ജി.സി പുറത്തിറക്കിയ കെമിസ്ട്രിയുടെ കരിക്കുലം ആരംഭിക്കുന്നത് സരസ്വതിയുടെ ഫോട്ടോയും സ്തുതിയും വെച്ച് ആരാധിച്ചു കൊണ്ടാണ്.

തികച്ചും മതേതരവും അനുഭവപരവുമായ ഒരു വിഷയത്തെ എപ്രകാരമാണ് ഭക്തിപരതയിലൂടെയെയും അനുഷ്ഠാന കർമ്മങ്ങളിലൂടെയും പക്ഷപാതവത്കരിക്കുന്നത് എന്ന് മനസിലാക്കാൻ ഇതിലേറെ ഒരു തെളിവ് കാണിക്കാനില്ല. വിശ്വാസാധിഷ്ഠിതമായ ആചാരങ്ങളും ശാസ്ത്രീയാന്വേഷണങ്ങളും തമ്മിലുള്ള വ്യതിരിക്തത പോലും ഇല്ലാതാക്കി സകലശാസ്ത്രത്തെയും ഹൈന്ദവ പാരമ്പര്യത്തിലേക്ക് കൂട്ടിക്കെട്ടാനുള്ള സംഘപരിവാറിന്റെ വർഗീയമുഖം ഇവിടെ വെളിവാക്കപ്പെടുന്നു. നിരന്തരമായ അന്വേഷണത്തിൽ കൂടിയും നിരീക്ഷണങ്ങളിൽ കൂടിയും ലഭിക്കുന്ന വസ്‌തുതാപരമായ തെളിവുകളെ യുക്തിഭദ്രമായി അപഗ്രഥിച്ച് തെറ്റുകൾ തിരുത്തി കണ്ടെത്തുന്ന ശാസ്ത്രസത്യങ്ങളെ കേവലമായ വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഒതുക്കിനിർത്തുന്ന പാരമ്പര്യവാദം കൊണ്ട് പിറകോട്ടടിപ്പിക്കുക വഴി ഒരു തലമുറയുടെ തന്നെ ശാസ്ത്രബോധത്തെയും യുക്തിചിന്തയെയും വഴിതിരിച്ചു വിടുകയും പക്ഷപാതപരമായ വസ്തുതകളെ ശരികളായി അവതരിപ്പിക്കുകയുമാണ് സംഘപരിവാർ ചെയ്യുന്നത്. ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 51 (എ) ശാസ്ത്രാവബോധം വളർത്താനുള്ള പൗരരുടെ ഉത്തരവാദിത്തത്തിനോടുമുള്ള ഹൈന്ദവശക്തികളുടെ വെല്ലുവിളിയായി ഈ ശ്രമങ്ങളെ കാണേണ്ടതുണ്ട്.

ഭാരതീയ ബീജഗണിതം, കാലഗണനം, പഞ്ചാംഗം, ശുൽബ സൂത്രങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ജ്യാമിതി, വേദകാല ജ്യോതിശാസ്ത്ര ആശയങ്ങൾ, ശുഭകരമായ സമയക്രമീകരണം (മുഹൂർത്തങ്ങൾ) തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ സംവിധാനങ്ങൾ ഗണിതശാസ്ത്രം പോലുള്ള വിഷയങ്ങളിൽ ഉൾപ്പെടുത്താൻ LOCF നിർദ്ദേശിക്കുന്നു.
ഭാരതീയ ബീജഗണിതം, കാലഗണനം, പഞ്ചാംഗം, ശുൽബ സൂത്രങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ജ്യാമിതി, വേദകാല ജ്യോതിശാസ്ത്ര ആശയങ്ങൾ, ശുഭകരമായ സമയക്രമീകരണം (മുഹൂർത്തങ്ങൾ) തുടങ്ങിയ പരമ്പരാഗത ഇന്ത്യൻ സംവിധാനങ്ങൾ ഗണിതശാസ്ത്രം പോലുള്ള വിഷയങ്ങളിൽ ഉൾപ്പെടുത്താൻ LOCF നിർദ്ദേശിക്കുന്നു.

അതുപോലെ തന്നെയാണ് ആയുർവേദ, സിദ്ധ, വൈദ്യങ്ങളെ ആധുനിക രസതന്ത്ര മൊഡ്യൂളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ വൈദ്യശാസ്ത്രചരിത്രവും സാംസ്കാരിക വിജ്ഞാനത്തിന്റെ ഭാഗവുമാണ് ഇതെല്ലാം എന്ന വാദമുഖങ്ങൾ ഉയർത്തുമ്പോൾ തന്നെ കെമിസ്ട്രിയുടെ LOCF മോഡലുകളിൽ ഇവയ്ക്ക് സ്ഥാനം കൊടുക്കുക വഴി ഒരു രാഷ്ട്രത്തിന്റെ സാംസ്കാരിക പൈതൃകത്തെ ആധുനിക ശാസ്ത്രത്തിൽ നിന്ന് വേർതിരിക്കുന്ന വിമർശനാത്മക ചട്ടക്കൂട് പൊളിച്ചുകളയുകയാണ് ഹിന്ദുത്വവാദികൾ ചെയ്യുന്നത് എന്ന് കൂടി നാം മനസിലാക്കേണ്ടതുണ്ട്. ഇത് കൂടാതെ പാൽ, വെള്ളം, തേൻ എന്നിവ ഉപയോഗിച്ചുള്ള പരമ്പരാഗത പരിഹാരങ്ങൾ കെമിസ്ട്രി ഉന്നതവിദ്യാഭ്യാസ സിലബസിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പാരമ്പര്യ പഠനങ്ങൾ എന്ന നിലയിൽ അത്തരം രീതികൾക്ക് മൂല്യമുണ്ടെങ്കിലും രസതന്ത്രത്തിൽ അവ ചരിത്രപരമായ സന്ദർഭമായിട്ടാണ് പഠിപ്പിക്കേണ്ടത്, സാർവത്രിക തത്വങ്ങളായിട്ടല്ല. ഇവിടെ അത് സാർവത്രികതത്വങ്ങളായി ആഖ്യാനം ചെയ്യപ്പെടുന്നു.

രസതന്ത്രത്തിലെ ഔഷധങ്ങളെക്കുറിച്ചുള്ള പഠനം എപ്പോഴും മോളിക്യൂലർ അനാലിസിസ്, ഡോസേജ് അനാലിസിസ് എന്നിവയൊക്കെ ആധാരമാക്കിയാണ്. മാത്രമല്ല, അത് കുറേക്കൂടി ഫർമക്കോളജി, ബയോളജി, ടോക്സിക്കോളജി, മോളിക്യൂലർ ഡൈനാമിക്സ് എന്നിവയുമൊക്കെയായി ബന്ധപ്പെട്ടു കിടക്കുകയും ചെയ്യുന്നു. അത്തരം ശാസ്ത്രീയ അന്വേഷണങ്ങൾ പ്രോത്സാഹിപ്പിക്കേണ്ട ഇടങ്ങളിലാണ് തെളിവുകളില്ലാതെ ‘ചികിത്സയ്ക്കായി പാലിനൊപ്പം തേൻ’ പോലുള്ള പരിഹാരങ്ങൾ അവതരിപ്പിക്കുന്നത്. നാടോടി വൈദ്യരീതിയെയും ശാസ്ത്രീയമായി സാധൂകരിക്കപ്പെട്ട ആധുനിക വൈദ്യശാസ്ത്രത്തെയും യാതൊരു വേർതിരിവുമില്ലാതെ ഇപ്രകാരം പഠിപ്പിക്കുന്നത് തന്നെ ശാസ്ത്രവിരുദ്ധതയാണ്. പൈതൃകപഠനങ്ങളെ ആധുനികശാസ്ത്രവുമായി ഈ തരത്തിൽ കൂട്ടിക്കുഴയ്ക്കുമ്പോൾ ആഗോള മത്സരക്ഷമതയിൽ ഇന്ത്യൻ വിദ്യാർഥികൾ അപഹാസ്യരാക്കപ്പെടുകയാണ് ഉണ്ടാവുക എന്നുകൂടി നാം ഓർത്തിരിക്കുന്നത് നല്ലതാണ്. ചുരുക്കത്തിൽ പറഞ്ഞാൽ സരസ്വതി പ്രാർത്ഥനയും പാരമ്പര്യ/ബദൽ വൈദ്യശാസ്ത്ര മൊഡ്യൂളുകളും ഒരു സംസ്കാരത്തെ മാത്രമാണ് അടയാളപ്പെടുത്തുന്നത്. വിമർശനാത്മകമായി ഇതിനെ അഭിസംബോധന ചെയ്തില്ലെങ്കിൽ, അവ ഉന്നതവിദ്യാഭ്യാസരംഗത്തെ ഗൗരവമായ രസതന്ത്രപഠനത്തെ ദുർബലപ്പെടുത്തുകയും ‘ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങൾ’ എന്ന ബാനറിൽ പ്രത്യയശാസ്ത്രമോ കപടശാസ്ത്രമോ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

 ആയുർവേദ, സിദ്ധ, വൈദ്യങ്ങളെ ആധുനിക രസതന്ത്ര മൊഡ്യൂളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ആയുർവേദ, സിദ്ധ, വൈദ്യങ്ങളെ ആധുനിക രസതന്ത്ര മൊഡ്യൂളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

സത്യാനന്തരകാലത്തെ ഇന്ത്യൻ രാഷ്‌ടീയ ചരിത്ര സിലബസുകൾ

കോമേഴ്സിലും പൊളിറ്റിക്സിലും കൗടില്യന്റെ അർത്ഥശാസ്ത്രം, ഭഗവദ്ഗീതയിൽ നിന്നുള്ള പാഠങ്ങൾ, വിവിധ ‘പാരമ്പര്യവിജ്ഞാന’ മൊഡ്യൂളുകൾ എന്നിവ ഉൾപ്പെടുന്നു. പൊളിറ്റിക്കൽ സയൻസിൽ വേദ, ജൈന, ബുദ്ധ, ഇതിഹാസ രാഷ്ട്രീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന ‘ഭാരതത്തിലെ രാഷ്ട്രീയ ചിന്തയുടെ പാരമ്പര്യം’ എന്ന വിഷയത്തിൽ ഒരു കോർ കോഴ്സുണ്ട്. കൂടാതെ സവർക്കർ, ദീൻ ദയാൽ ഉപാധ്യായ, തുടങ്ങിയ RSS സൈദ്ധാന്തികരെ അംബേദ്കർ, ഗാന്ധി, എന്നിവരോടൊപ്പം ചേർത്ത് കൊടുത്തിരിക്കുന്നു. സ്വാതന്ത്ര്യ സമര ത്തെക്കുറിച്ചുള്ള കോഴ്‌സുകളിൽ വി.ഡി സവർക്കറുടെ ‘ഇന്ത്യൻ സ്വാതന്ത്ര്യ യുദ്ധം’ എന്ന കൃതിയെ കരട് ശുപാർശ ചെയ്യുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ സങ്കീർണ്ണമായ ബഹുമുഖ ചരിത്രത്തെ ഈ വിവരണം വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്ത് അവർക്ക് മാപ്പെഴുതിക്കൊടുത്ത് ഗാന്ധിവധത്തിൽ ഒൻപതാം പ്രതിയായ ഈ സവർക്കറെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരസേനാനിയായി വർത്തമാന കാലതലമുറയ്ക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ നടത്തുന്ന ചരിത്രനിഷേധം എത്ര വലുതാണെന്ന് നാം ആലോചിക്കേണ്ടതുണ്ട്.

സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം പഠിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഇന്ന് ഉന്നതവിദ്യാഭ്യാസം എത്തിനിൽക്കുന്നത് എന്നത് അത്യന്തം അപലപനീയമാണ്. സവർക്കർ മാത്രമല്ല ജനസംഘത്തിന്റെ സ്ഥാപകരിൽ ഒരാളായ ദീൻ ദയാൽ ഉപാധ്യായയെയും ഇപ്രകാരം സ്വാതന്ത്ര്യ സമരസേനാനികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി പഠിപ്പിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസരംഗം ഇന്ത്യൻ സ്വന്തന്ത്ര്യ സമരത്തെ ഇപ്രകാരം അവതരിപ്പിക്കുന്നത് യാദൃശ്ചികമായി സംഭവിച്ചതോ അബദ്ധമോ ഒന്നുമല്ല മറിച്ച് ബോധപൂർവമായ ലക്ഷ്യത്തോടെയുള്ള പ്രത്യയശാസ്ത്ര രൂപകല്പനയുടെ പ്രതിഫലനമാണ്. ഇന്ത്യയുടെ ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും നിരവധി ഉദാഹരണങ്ങളും ചരിത്രങ്ങളും പാടെ തമസ്കരിച്ചു കൊണ്ട് ഹിന്ദുത്വ പ്രത്യശാസ്ത്രങ്ങളിലൂന്നിയ ആഖ്യാനങ്ങളെ പാഠപുസ്തകങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇന്ത്യൻ ചരിത്രത്തെയും ശാസ്ത്രത്തെയും രാഷ്ട്രീയത്തെയും ഹിന്ദുത്വവത്കരിക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ അക്കാദമിക് വസ്തുതകളും രാഷ്ട്രീയവും തമ്മിലുള്ള വൈരുദ്ധ്യത്തെ മറച്ചുപിടിച്ചുകൊണ്ട് വസ്തുതാവിരുദ്ധമായ പൊളിറ്റിക്കൽ നരേറ്റീവുകൾ സൃഷ്ടിച്ചെടുക്കുന്ന സത്യാനന്തരകാലത്തെ കരിക്കുലം രൂപകല്പനയായി നമുക്ക് LOCF-നെ വ്യാഖ്യാനിക്കാവുന്നതാണ്.

പൊളിറ്റിക്കൽ സയൻസിൽ വേദ, ജൈന, ബുദ്ധ, ഇതിഹാസ രാഷ്ട്രീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന ‘ഭാരതത്തിലെ രാഷ്ട്രീയ ചിന്തയുടെ പാരമ്പര്യം’ എന്ന വിഷയത്തിൽ ഒരു കോർ കോഴ്സുണ്ട്.  കൂടാതെ സവർക്കർ, ദീൻ ദയാൽ ഉപാധ്യായ, തുടങ്ങിയ RSS സൈദ്ധാന്തികരെ അംബേദ്കർ, ഗാന്ധി, എന്നിവരോടൊപ്പം ചേർത്ത് കൊടുത്തിരിക്കുന്നു.
പൊളിറ്റിക്കൽ സയൻസിൽ വേദ, ജൈന, ബുദ്ധ, ഇതിഹാസ രാഷ്ട്രീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന ‘ഭാരതത്തിലെ രാഷ്ട്രീയ ചിന്തയുടെ പാരമ്പര്യം’ എന്ന വിഷയത്തിൽ ഒരു കോർ കോഴ്സുണ്ട്. കൂടാതെ സവർക്കർ, ദീൻ ദയാൽ ഉപാധ്യായ, തുടങ്ങിയ RSS സൈദ്ധാന്തികരെ അംബേദ്കർ, ഗാന്ധി, എന്നിവരോടൊപ്പം ചേർത്ത് കൊടുത്തിരിക്കുന്നു.

ഹിന്ദുത്വവൽക്കരിക്കപ്പെടുന്ന ഇന്ത്യൻ ജ്ഞാനവ്യവസ്ഥ

LOCF രൂപകല്പനയിലൂടെ ലക്ഷ്യം വെക്കുന്നത് ആഗോള മത്സരശേഷി, നൈപുണ്യ വികസനം, ഇന്റേർഡിസിപ്ലിനറി എന്നൊക്കെയാണെന്ന് അവകാശപ്പെടുമ്പോൾ യഥാർത്ഥത്തിൽ ഒരു സാംസ്കാരിക ദേശീയവാദ ആഖ്യാനം രൂപപ്പെടുത്താനാണ് ഇത് ശ്രമിക്കുന്നത്. അതുമാത്രമല്ല ഈ കരിക്കുലം ചട്ടക്കൂട് ഹിന്ദു ജ്ഞാനശാസ്ത്രങ്ങളെയും ഹിന്ദുത്വ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെയും തിരഞ്ഞെടുത്ത് മുൻനിരയിൽ നിർത്തുമ്പോൾ ഇസ്ലാമിക്, മതേതര, മാർക്സിസ്റ്റ്, ഫെമിനിസ്റ്റ്, ദലിത്പ്രത്യയശാസ്ത്രങ്ങളെ മാറ്റിനിർത്തുന്നു.

ഇന്ത്യ എന്നത് വൈവിധ്യങ്ങളുടെ നാടാണ്. ഭൂമിശാസ്ത്രപരമായും ഭാഷാപരമായും സാംസ്കാരികമായും ബഹുസ്വരത പുലർത്തുമ്പോൾ തന്നെയും ഒരു രാഷ്ട്രമെന്ന നിലയിൽ അത് ഏകസ്വത്വം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ പ്രാദേശിക വ്യതിയാനങ്ങളെയും ജനങ്ങളുടെ വൈവിധ്യപൂർണമായ ആവശ്യങ്ങളെയും കണക്കിലെടുക്കാതെ ഏകീകൃത പഠനഫലങ്ങൾ നിർദ്ദേശിക്കാൻ LOCF ശ്രമിക്കുന്നത് അക്കാദമിക് സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുന്ന ഒരു പ്രക്രിയയാണ്. മാത്രമല്ല ബഹുസ്വര വീക്ഷണങ്ങളെ ബലികഴിച്ച് ദേശീയതയ്ക്കും പൈതൃക വിജ്ഞാനസംരക്ഷണത്തിനും മുൻ‌തൂക്കം നൽകി ഒരു ഏകീകൃത വിദ്യാഭ്യാസരീതിയും പഠന സംവിധാനവും സൃഷ്ടിച്ചെടുക്കാൻ LOCF-ലൂടെ ശ്രമിക്കുമ്പോൾ ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ മതനിരപേക്ഷരാജ്യത്ത് വൈവിധ്യങ്ങളുടെ ഉൾക്കൊളളലുകളിൽ പ്രതിസന്ധികൾ സൃഷ്ടിക്കും. അതുകൊണ്ടു തന്നെ ഏകീകൃതമായ ഇത്തരം പഠനസമ്പ്രദായങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് അക്കാദമിക് സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ സർവകലാശാലകളെ അനുവദിക്കുക എന്നത് പരമപ്രധാനമാണ്.

Comments