വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ 2016-17 വർഷത്തെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവുമധികം എൽ.പി. സ്‌കൂളുകളുള്ളത് മലപ്പുറത്താണ്. 834 ലോവർ പ്രൈമറി സ്‌കൂളുകൾ. അതിനാൽ ഏറ്റവുമധികം അധ്യാപകരെ ആവശ്യമുള്ളതും മലപ്പുറത്തിനു തന്നെ. എന്നാൽ സ്ഥിരാധ്യാപക നിയമനമെന്ന മലപ്പുറത്തിന്റെ അടിസ്ഥാന ആവശ്യം നിറവേറ്റാൻ സർക്കാറിന് താൽപര്യമില്ലെന്നാണ് 2019-ലെ നോട്ടിഫിക്കേഷൻ പ്രകാരം പി.എസ്.സി. നടത്തിയ എൽ.പി.എസ്.എ. പരീക്ഷയുടെ മെയിൻ ലിസ്റ്റ് സൂചിപ്പിക്കുന്നത്. പി.എസ്.സി. മാനദണ്ഡങ്ങൾ ലംഘിച്ച്, പരമാവധി ആളുകളുടെ എണ്ണം ചുരുക്കിയാണ് മലപ്പുറം ജില്ലയുടെ എല്.പി.എസ്.എ മെയിൻ ലിസ്റ്റ് തയ്യാറാക്കിയതെന്ന് പരാതിപ്പെട്ട് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ നടത്തുന്ന നിരാഹാര സമരം ഇന്നേക്ക് 17 ദിവസങ്ങൾ പിന്നിട്ടു.
2014-ലും സമാനമായ പ്രശ്‌നം ഉയർന്നിരുന്നെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. അടുത്ത പരീക്ഷയ്ക്ക് ന്യൂനതകൾ പരിഹരിച്ചു കൊണ്ടുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന ഉറപ്പിന്മേൽ പ്രതിഷേധങ്ങൾ അവസാനിപ്പിച്ചെങ്കിലും, മുമ്പത്തേതിനെക്കാൾ ചുരുക്കിയ പട്ടികയാണ് ഈ വർഷം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാനദണ്ഡപ്രകാരമുള്ള ലിസ്റ്റ് തയ്യാറാക്കിയാൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതൽ പേർക്ക് ജോലി നൽകേണ്ടി വരുന്നതായിരിക്കണം പട്ടിക ചുരുക്കാൻ പി.എസ്.സിയെ പ്രേരിപ്പിക്കുന്നതെന്ന് ഉദ്യോഗാർത്ഥികൾ ആശങ്കപ്പെടുന്നു.
എൽ.പി. തലത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് പകരം സ്ഥിരം അധ്യാപകരെന്ന കുട്ടികളുടെ അവകാശത്തെ സർക്കാർ മാനിക്കണമെന്ന് ഇവർ പറയുന്നു. സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ വിപുലപ്പെടുത്തുന്നയത്ര പ്രാധാന്യം അധ്യാപക നിയമനത്തിനും നൽകി സർക്കാർ വിദ്യാഭ്യാസം സുഗമമാക്കണമെന്നാണ് ഇവരുടെ ആവശ്യം.