യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ചിന്തിക്കാൻ പഠിപ്പിക്കുന്നു. എങ്ങനെ ചിന്തിക്കണം എന്ന് വിദ്യാർഥികൾ നിശ്ചയിക്കേണ്ട കാര്യമാണ്. അവർ ഏത് രാഷ്ട്രീയത്തിൽ ചിന്തിക്കണം? അവർ ലിബറൽ മൂല്യങ്ങളാണോ ഓർത്തഡോക്‌സ് മൂല്യങ്ങളാണോ മാർക്‌സിയൻ മൂല്യങ്ങളാണോ ഉൾക്കൊള്ളേണ്ടത്? അത് അവർ തീരുമാനിക്കേണ്ടതാണ്. ചിന്തിക്കണം എന്നാണ് ഒരു അധ്യാപകൻ പറയുക, ഇന്ന രീതിയിൽ ചിന്തിക്കണം എന്ന് പറയില്ല. ഇത് ഒരു അധ്യാപകനും പറയില്ല. ഞാൻ കെ.എൻ. രാജിനുകീഴിലാണ് ഗവേഷണം നടത്തിയത്, അദ്ദേഹം ഇന്ന രീതിയിൽ ചിന്തിക്കണം എന്ന് എന്നോടു പറഞ്ഞിട്ടില്ല. വിശകലനം ചെയ്യുമ്പോൾ അതിനുവേണ്ട വസ്തുനിഷ്ഠതയും ശാസ്ത്രീയതയും സാർവലൗകികതയും വേണം എന്നൊക്കെയോ ആവശ്യപ്പെട്ടിട്ടുള്ളൂ. അധ്യാപകന് വിദ്യാർഥികളോട് ഇങ്ങനെ ചിന്തിക്കണം എന്നു പറയാനുള്ള സ്വാതന്ത്ര്യമില്ല. ചിന്തിക്കാൻ പഠിപ്പിക്കണം. അത് ഏതെങ്കിലും പ്രത്യേക പുസ്തകത്തിന്റെയോ ഏതെങ്കിലും ഗ്രന്ഥകർത്താവിന്റെയോ വിശ്വാസമൂല്യങ്ങൾക്കനുസരിച്ചാകരുത്.
സിലബസ് ഉണ്ടാക്കുന്നത് അക്കാദമിക് ബോഡിയാണ്. ഇക്കാര്യം ബോർഡ് ഓഫ് സ്റ്റഡീസിൽ വരുന്നു, അവരുടെ അംഗീകാരത്തിനുശേഷം അക്കാദമിക് കൗൺസിലിലേക്ക് പോകുന്നു. ബോർഡ് ഓഫ് സ്റ്റഡീസിന് ഒരു കൃതി ഉൾപ്പെടുത്തണമെങ്കിൽ അതിന് അക്കാദമികമായ നീതീകരണം വേണം
എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്ന പുസ്തകങ്ങളേ സിലബിൽ ഉൾപ്പെടുത്താൻ കഴിയൂ. അതേപോലെ, ആനുകാലിക പ്രസക്തിയുള്ള, ഭാവിയുമായി കണ്ണിചേർക്കുന്ന കൃതികളെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ. അതും; ആശയങ്ങൾ, സിദ്ധാന്തങ്ങൾ, രീതിശാസ്ത്രം എന്നിവയെല്ലാം പഠിപ്പിക്കാവുന്ന കാര്യങ്ങളേ സിലബസിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. ഉദാഹരണത്തിന്; വികസനത്തിന്റെ കാര്യമെടുത്താൽ കേരളത്തിന് പലതും പറയാനുണ്ടാകും. എന്നാൽ, കേരള വികസനത്തെക്കുറിച്ച് ഒരു പുസ്തകം സിലബസിൽ ഉൾപ്പെടുത്താൻ അതൊരു കാരണമല്ല. അത് ഉൾപ്പെടുത്തിയിട്ടില്ല എന്നുവെച്ച് ആ പുസ്തകം ആരും പഠിക്കാതിരിക്കുന്നുമില്ല.
അക്കാദമിക് കൗൺസിലിൽ അത് അപ്രൂവൽ ചെയ്യണമെങ്കിൽ അക്കാദമികമായ മാനദണ്ഡങ്ങൾ അനുസരിച്ച് ഉണ്ടാക്കിയതായിരിക്കണം ആ സിലബസ്, ആ കാര്യങ്ങൾ പഠിപ്പിക്കാനുതകുന്നതായിരിക്കണം ഉൾപ്പെടുത്തുന്ന കൃതി. നമ്മുടെ പ്രത്യയശാസ്ത്രപ്രതിബദ്ധത നോക്കി തീരുമാനിക്കേണ്ടതല്ല അത്. ഏത് സിലബസ് എടുത്തുനോക്കിയാലും സിലബസിന് പുറത്തുള്ള പുസ്തകങ്ങളാണ് കൂടുതൽ. സിലബസിൽ ഉൾപ്പെടുത്തിയ പഠനങ്ങൾ വിരളമാണ്. കാരണം, സിലബസിന്റെ ലക്ഷ്യം വിജ്ഞാനം കൊടുക്കലല്ല, അത് ആർജിക്കേണ്ടത് വിദ്യാർഥിയുടെ ഉത്തരവാദിത്തമാണ്. എങ്ങനെ പഠിക്കണം എന്നാണ് ഞങ്ങൾ അധ്യാപകർ പഠിപ്പിക്കുന്നത്. പഠിക്കുന്നതിന്റെ ആഴവും വ്യാപ്തിയും വിദ്യാർഥികളാണ് നിശ്ചയിക്കേണ്ടത്. അതാണ് അധ്യാപകർ പറയുന്നത്, ക്ലാസ്മുറിയിലിരുന്ന് വായിച്ചാൽ പോരാ, ലൈബ്രറികളിൽ പോയി വായിക്കണം എന്ന്. ക്ലാസ് മുറിയിൽ പോകാതെ പണ്ഡിതന്മാരായവരുണ്ട്. വിജ്ഞാനത്തിന് ക്ലാസ്മുറിയിലെ അധ്യയനം അത്യന്താപേക്ഷിതമല്ല. വിജ്ഞാനം ക്ലാസ് മുറിയിൽനിന്ന് കിട്ടുന്നതല്ല. ക്ലാസ് മുറി എന്നാൽ ഒരു സ്രോതസ്സാണ്, രീതിയാണ്. പഠിക്കാൻ പഠിപ്പിക്കലാണ് അധ്യാപകർ ചെയ്യുന്നത്. ഞാൻ അധ്യാപകനായിരുന്ന സമയത്ത്, ഞാൻ പഠിപ്പിക്കുന്ന വിഷയത്തിൽ പൂർണ അറിവുള്ള ആളായിരുന്നില്ല ഞാൻ. എന്നേക്കാൾ അറിവുള്ളവർ വേറെയുണ്ടായിരുന്നു. വിജ്ഞാനത്തേക്കാൾ വിവരമില്ലായ്മയായിരിക്കും ഏതൊരു വ്യക്തിയുടെ കാര്യമെടുത്താലും കൂടുതലുള്ളത്. വിജ്ഞാനം കൂടുംതോറും വിവരമില്ലായ്മയൂം കൂടുകയാണ്. അതിനെ തരണം ചെയ്യാൻ ശ്രമിക്കുന്നത് വിജ്ഞാനം ആർജിച്ചുകൊണ്ടാണ്, അത് പലപ്പോഴും നടക്കുന്നത് ക്ലാസ്മുറിക്കു പുറത്താണ്
ആശയപരമായ കാര്യങ്ങൾ പഠിപ്പിക്കുക, സൈദ്ധാന്തിക പരിപ്രേക്ഷ്യം വളർത്തുക, രീതിശാസ്ത്രവും ചരിത്രവും പഠിപ്പിക്കുക എന്നീ കാര്യങ്ങളാണ് സിലബസിലൂടെ നിറവേറ്റപ്പെടുന്നത്. ചരിത്രം പഠിപ്പിക്കുക എന്നു പറഞ്ഞാൽ വിദ്യാർഥികളെ ചരിത്രത്തിലേക്ക് കൊണ്ടുപോകുകയല്ല ചെയ്യുന്നത്. ഉദാഹരണത്തിന് മനുസ്മൃതി പഠിച്ച് അതിനനസുരിച്ച് ജീവിക്കണം എന്നു പറയുകയല്ല. "സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല' എന്ന് ഇപ്പോൾ പറയാൻ കഴിയുമോ? "മ്ലേച്ചൻ' ഗീത വായിക്കരുത് എന്ന് ഇന്ന് പറയാൻ കഴിയുമോ? ഇന്ന് പറയാൻ പറ്റുന്ന കാര്യങ്ങൾ എന്താണ് എന്നത് വിവേചനബുദ്ധിയോടെ മനസ്സിലാക്കേണ്ടതാണ്. മധ്യകാല ചിന്തകളിലേക്കും മധ്യകാല മൂല്യബോധത്തിലേക്കും തിരിച്ചുകൊണ്ടുപോകുന്നതല്ല ചരിത്രം. ഇന്ന് പറയാൻ പറ്റുന്നവ, പറ്റാത്തവ ഏതാണ്? എന്നതാണ് കാര്യം. മറിച്ച്;
ഒരു പ്രത്യേക ഗ്രന്ഥകർത്താവിനെയോ ചിന്തകനെയോ പഠിക്കണോ, ആ ചിന്തകന്റെ കൃതി പഠിപ്പിക്കണോ എന്നത് രണ്ടാമത് വരുന്ന കാര്യമാണ്. പ്രസക്തമായ കാര്യം, ഈ കാലഘട്ടത്തിനനസുരിച്ച് നമ്മൾ എന്തു പഠിപ്പിക്കണം എന്നതാണ്.
ട്രൂകോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച ലേഖനത്തിൻറെ പൂർണ്ണ രൂപം
ഇഷ്ടപ്പെടുന്ന പ്രത്യയശാസ്ത്രം മാത്രമല്ല നമ്മൾ പഠിപ്പിക്കുന്നത് | എം. കുഞ്ഞാമൻ