കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പി.ജി കോഴ്‌സിന്റെ സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികരായ ഗോൾവാൾക്കർ, സവർക്കർ എന്നിവരുടെ പുസ്തകഭാഗങ്ങൾ ഉൾപ്പെടുത്തിയത് വിവാദമായിരിക്കുകയാണ്, മറിച്ച്; ഇത് അക്കാദമിക ചർച്ചയായിട്ടില്ല. ചർച്ചയായിരുന്നു എങ്കിൽ നല്ലതായിരുന്നു. വിവാദത്തിന്റെ പ്രശ്‌നം, അതിന്റെ സമീപനം വൈകാരികമാണ് എന്നതാണ്. ഏതൊരു പ്രശ്‌നത്തെയും വൈകാരികമായി സമീപിക്കുമ്പോൾ സമചിത്തത നഷ്ടമാകും. കാര്യകാരണ സഹിതം വസ്തുതകൾ വിശകലനം ചെയ്യപ്പെടില്ല. അത് അക്കാദമിക തലത്തിലേ സാധ്യമാകൂ. രാഷ്ട്രീയ വിവാദങ്ങളിൽ കുറെ ഒച്ചപ്പാടുകളാണുണ്ടാകുക. അതാണ് ഇവിടെയും സംഭവിച്ചത്.
ഈ വിവാദം പരിഹരിക്കാൻ തക്ക പ്രാപ്തിയുള്ള പ്രഗൽഭന്മാർ ഇവിടെയുണ്ട്. ഉദാഹരണത്തിന്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, കണ്ണൂർ സർവകലാശാല മുൻ വി.സി മൈക്കിൾ തരകൻ എന്നിവരെപ്പോലുള്ളവർ. ഇവർ അഭിപ്രായം പറഞ്ഞാൽ അക്കാദമിക് സമൂഹം അംഗീകരിക്കും. എന്നാൽ, ഇത്തരം വിഷയങ്ങൾ പലപ്പോഴും രാഷ്ട്രീയ- സാമുദായിക വ്യക്തികളുടെ കൈയിലേക്കാണ് പോകുന്നത്. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള മുതലെടുപ്പിനാണ് അവർ ശ്രമിക്കുക.
രാഷ്ട്രീയ- ഭരണകൂട ഇടപെടലുകൾ
അക്കാദമികമായി ചില കാര്യങ്ങൾ പറയാനാണ് ഇവിടെ ശ്രമിക്കുന്നത്.
രണ്ട് വസ്തുതകൾ ഇവിടെ പ്രകടമാണ്- ഒന്ന്, സിലബസ്. രണ്ട്, ചില വ്യക്തികളുടെ പുസ്തകങ്ങൾ പഠിക്കണോ വേണ്ടയോ എന്നത്. സിലബസ് എന്നാൽ സാമ്പ്രദായിക രീതിയിൽ ചില തത്വങ്ങളിൽ അധിഷ്ഠിതമായി നമ്മൾ ഉണ്ടാക്കുന്നതാണ്. പ്രത്യേക വ്യക്തികളുടെ പുസ്തകങ്ങൾ വായിക്കണോ വേണ്ടയോ എന്നത് വ്യക്തിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. എല്ലാ പുസ്തകങ്ങളും സിലബസിലുൾപ്പെടുത്താൻ പറ്റില്ല. സിലബസിൽ ഉൾപ്പെടുത്തണമെങ്കിൽ അതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ഇവിടെ ഉയർത്തപ്പെടുന്ന ചോദ്യം ഈ പുസ്തകങ്ങൾ വായിക്കാനും പഠിക്കാനും വിദ്യാർഥികൾക്ക് സ്വാതന്ത്ര്യമുണ്ടോ ഇല്ലയോ എന്നതല്ല, ഇവ സിലബസിൽ ഉൾപ്പെടുത്തുന്നത് മാനദണ്ഡങ്ങൾക്കനുസരിച്ചാണോ എന്നാണ്.
യു.ജി.സി അംഗമായിരുന്ന ഒരാളെന്ന നിലക്ക് ചില കാര്യങ്ങൾ പറയാം.
അവിടെ വിശദമായ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നടക്കുന്നത്, അല്ലെങ്കിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നത്. അംഗങ്ങളും ചെയർമാനും അടക്കമുള്ള യു.ജി.സിയിലെ പത്ത് അംഗങ്ങളെ സ്വാധീനിക്കുക എളുപ്പമല്ല. പക്ഷെ, ഭരണകൂടത്തിന് ഇവരെ മറികടക്കാൻ കഴിവുണ്ട്, അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച്. ഞാൻ യു.ജി.സി അംഗമായിരുന്ന കാലത്ത് നടന്ന ഒരു സംഭവം ഓർമ വരികയാണ്. അന്ന്, ഒരുപക്ഷെ, ഇന്ത്യയിൽ തന്നെ ഏറ്റവും ശക്തനായ ഒരു രാഷ്ട്രീയ നേതാവിന്റെ ബന്ധുവായ ഒരാൾ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി. അവിടെ അധ്യാപകരുടെ ശമ്പളം അംഗീകരിക്കപ്പെട്ട സ്‌കെയിൽ അനുസരിച്ചായിരുന്നില്ല, വിദ്യാർഥികൾക്ക് അമിതമായ ഫീസും ചുമത്തിയിരുന്നു. ഈ സ്ഥാപനം നടത്തുന്ന ഒരു കോഴ്‌സിനുള്ള അപ്രൂവലുമായി ബന്ധപ്പെട്ട ചർച്ച വന്നപ്പോൾ, ഞാൻ ചോദിച്ചു, ഇങ്ങനെ ഫീസ് നിശ്ചയിക്കാൻ പറ്റുമോ? സമൂഹത്തിലെ സാധാരണക്കാർക്ക് ഇവിടെ അഡ്മിഷൻ കിട്ടുമോ? മറ്റു ചില അംഗങ്ങളും എന്നെ പിന്തുണച്ചു. അന്ന്, അപ്രൂവൽ കൊടുത്തില്ല. പക്ഷെ, ആറേഴുമാസം കഴിഞ്ഞ് വീണ്ടും ഇതേ സ്ഥാപനത്തിന്റെ ഒരു അപേക്ഷ വന്നു. കോഴ്‌സ് തുടങ്ങി, ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞു. അതുകൊണ്ട് കോഴ്‌സിന് റാറ്റിഫിക്കേഷൻ വേണം. ഇത്തവണ അംഗീകാരമല്ല ചോദിച്ചത്. യു.ജി.സി അംഗീകരിക്കാത്ത, നിരസിച്ചതുമായ ഒരു കോഴ്‌സ് നടത്തിയശേഷമാണ് ഈ ആവശ്യവുമായി വരുന്നത്. മുപ്പതോളം കുട്ടികൾ പഠിക്കുന്നുണ്ട്, അവരുടെ ഭാവി എന്തായിരിക്കും? എന്ന ചോദ്യമാണ് അവരുയർത്തിയത്. കോടതിയിൽ പോയാൽ കോടതിയും ഇങ്ങനെയൊരു നിലപാടായിരിക്കും സ്വീകരിക്കുക. സ്‌റ്റേറ്റിന് അതിന്റെ അധികാരം ദുരുപയോഗം ചെയ്ത് ഏജൻസികളെ കൊണ്ട് തങ്ങൾക്കിഷ്ടമുള്ളത് അംഗീകരിപ്പിക്കാൻ കഴിയുന്നുണ്ട്. ഭരണകൂടത്തിന്റെ പവറാണ് ഇവിടെ ഉപയോഗിക്കുന്നത്. അതുപോലെ ചില രാഷ്ട്രീയ പാർട്ടികളും അവരുടെ ശക്തി ഉപയോഗിക്കുന്നുണ്ട്. അക്കാദമികമായ കാര്യങ്ങളെ രാഷ്ട്രീയശക്തിയോ ഭരണകൂട ശക്തിയോ ഉപയോഗിച്ച് മറികടക്കാനുള്ള ശ്രമം പലപ്പോഴും ഉണ്ടായിട്ടുണ്ട്.
ഇന്ന് നമ്മൾ വിദ്യാർഥികളെക്കൊണ്ട് എന്തിനുവേണ്ടിയുള്ള തയാറെടുപ്പാണ് നടത്തിക്കുന്നത്? ഇത് വളരെ അവധാനതയോടെ ചിന്തിച്ചെടുക്കേണ്ട ഒരു കാര്യമാണ്. അത് സാമൂഹ്യവുമായി തീരുമാനിക്കേണ്ടതാണ്. പ്രാദേശികമായും വർഗീയമായും ചിന്തിക്കേണ്ടതല്ല.
സിലബസിനുപുറത്താണ് ഏറെയും
പാഠപുസ്തകമായി ഒരു കൃതി വരുന്നത് എങ്ങനെയാണ്?
ഇതിൽ നാലു കാര്യങ്ങളുണ്ട്- കരിക്കുലം, സിലബസ്, അധ്യാപന രീതി, പരീക്ഷാ സമ്പ്രദായം. കരിക്കുലം എന്നാൽ സാമൂഹ്യമായി ഉരുത്തിരിഞ്ഞുവരേണ്ടതാണ്. അക്കാദമിക്കുകൾ മാത്രമല്ല, സാമൂഹ്യശാസ്ത്ര വിദഗ്ധർ അടക്കമുള്ളവർ സമൂഹത്തിന്റെ മൊത്തം കാര്യങ്ങളെക്കുറിച്ച് നടത്തുന്ന ചർച്ചയിലൂടെയാണ് കരിക്കുലം ഉരുത്തിരിയേണ്ടത്, അതായത്, സാമൂഹികമായി വേണം ഈ ഉരുത്തിരിയൽ. രണ്ട്, അതിനൊരു ദിശാബോധം വേണം. ഭാവിയിൽ എങ്ങനെയാണ് ഒരു സാമൂഹികാവസ്ഥയെ ദർശിക്കുന്നത് എന്നതാണ് ദിശാബോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സംഗതി തീരുമാനിക്കുമ്പോൾ ഇന്നത്തെ അവസ്ഥയും ഭാവിയും കണക്കിലെടുക്കണം. ആഗോളവൽകൃതമായ അവസ്ഥയിൽ ജീവിക്കുമ്പോൾ, പ്രാദേശികമായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പഠനരീതി വരരുത്. വളരെ പ്രാദേശികമായ കാര്യങ്ങൾ ഉണ്ടാകാൻ പാടില്ല. പ്രത്യേക പ്രദേശത്തിനുവേണ്ടി വാദിക്കുന്ന പഠനസമ്പ്രദായത്തിന്റെ കാലം കഴിഞ്ഞു. പുതുതായി പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ ഏതെങ്കിലും പ്രദേശത്തിനോ രാജ്യത്തിനോ വേണ്ടിയല്ല നിലകൊള്ളുന്നത്, ആ രീതിയിലല്ല നമ്മൾ അവരെ വളർത്തിയെടുക്കുന്നത്, ആഗോളതലത്തിൽ തന്നെ കഴിവും പ്രാവീണ്യവും തെളിയിച്ച് വിജയിക്കാനാണ്. ഇന്ന് നമ്മൾ വിദ്യാർഥികളെക്കൊണ്ട് എന്തിനുവേണ്ടിയുള്ള തയാറെടുപ്പാണ് നടത്തിക്കുന്നത്? ഇത് വളരെ അവധാനതയോടെ ചിന്തിച്ചെടുക്കേണ്ട ഒരു കാര്യമാണ്. അത് സാമൂഹ്യവുമായി തീരുമാനിക്കേണ്ടതാണ്. പ്രാദേശികമായും വർഗീയമായും ചിന്തിക്കേണ്ടതല്ല. കരിക്കുലത്തിൽ നാം ഇങ്ങനെവേണം കാര്യങ്ങൾ കാണാൻ.
സിലബസിൽ, മൊഡ്യൂളുകൾ, ടോപ്പിക്കുകൾ എന്നിവയെക്കെയാണുള്ളത്. ഇവിടെ, രണ്ടുമൂന്നു തരത്തിലുള്ള കോഴ്‌സുകളാണ് വിഭാവനം ചെയ്യുന്നത്. ഒന്ന്, ഫൗണ്ടേഷൻ കോഴ്‌സുകൾ. സാമൂഹിക- സാമ്പത്തിക- രാഷ്ട്രീവയാവസ്ഥ വിശാലാർഥത്തിലും ചരിത്ര പരിപ്രേക്ഷ്യത്തിലും അവതരിപ്പിച്ച് വിദ്യാർഥികളുടെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തിയെടുക്കുകയാണ്.
രണ്ടാമത്തേത് കോർ കോഴ്‌സുകൾ. ഇതിൽ, കോൺസെപ്റ്റുകൾ, തിയറി, രീതി, ചരിത്രം എന്നീ കാര്യങ്ങളിലാണ് ഊന്നൽ നൽകുന്നത്. അത് വളരെ വ്യക്തമായി പഠിപ്പിക്കുകയാണ് ചെയ്യുന്നത്. മൂന്നാമത്, ഇലക്റ്റീവ് കോഴ്‌സുകളാണ്. ഇതിൽ സ്വതന്ത്ര്യമാണ് ഏറ്റവും പ്രധാനം. ഒരു അധ്യാപകന് അദ്ദേഹത്തിന്റെ സ്‌പെഷലൈസേഷൻ അനുസരിച്ച് ഒരു കോഴ്‌സ് ഓഫർ ചെയ്യാനുള്ള സാധ്യത. അതുപോലെ വിദ്യാർഥികളുടെ സ്വാതന്ത്ര്യം - വിദ്യാർഥിക്ക് അധ്യാപകനെ സെലക്റ്റുചെയ്യാം. അധ്യാപകന്റെയും വിദ്യാർഥിയുടെയും സ്വാതന്ത്ര്യമാണ് ഇവിടെ കണക്കിലെടുക്കുന്നത്.
ഒരു സിലബസ് അഞ്ചുവർഷത്തിലൊരിക്കലോ മറ്റോ ആണ് ഉണ്ടാക്കുന്നത്. പക്ഷെ, വിജ്ഞാനം നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്നു. സിലബസ് ഒരു സ്‌റ്റോക്ക് ആണ്, ഒരു പ്രത്യേക സമയത്തുണ്ടാകുന്നത്. വിജ്ഞാനം നിരന്തര ഒഴുക്കാണ്. ഏതെങ്കിലുമൊരു പ്രത്യേക ഫീൽഡിലുള്ള അറിവ് അപ്‌ഡേറ്റ് ആക്കാൻ തന്നെ പ്രയാസമാണ്.
സിലബസ് പ്രത്യേക പിൻപോയിന്റിലാണ് ഉണ്ടാക്കിയിട്ടുള്ളത്. വിജ്ഞാനമാകട്ടെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവ തമ്മിലുള്ള അകൽച്ച മാറ്റാനാണ് ഇലക്റ്റീവ് കോഴ്‌സുകൾ രൂപപ്പെടുത്തുന്നത്. ആ പ്രത്യേക ഏരിയയിൽ സ്‌പെഷലൈസ് ചെയ്ത വ്യക്തി അത് പഠിപ്പിക്കേണ്ടതുണ്ട്. ഇതൊരു ഇന്ററാക്റ്റീവ് കോഴ്‌സുമാണ്. ഒരു കാര്യം എന്റെ അനുഭവത്തിൽനിന്നും വായിച്ച അറിവിൽനിന്നും മനസ്സിലായിട്ടുണ്ട്. അധ്യാപിക / അധ്യാപകൻ എല്ലാം പഠിച്ച വ്യക്തിയല്ല. അവർ എല്ലാം പഠിപ്പിക്കുന്നവരുമല്ല. അവരുടെ ധർമം എന്താണ്? ക്ലാസ് മുറിയിലും പുറത്തും അവർ വിദ്യാർഥികളെ പഠിക്കാൻ പഠിപ്പിക്കുകയാണ്. എല്ലാം പഠിപ്പിക്കുകയല്ല, പഠിക്കാൻ പഠിപ്പിക്കുകയാണ് ഒരു അധ്യാപികയുടെ / അധ്യാപകന്റെ ധർമം.
ആനുകാലിക പ്രസക്തിയുള്ള, ഭാവിയുമായി കണ്ണിചേർക്കുന്ന കൃതികളെ മാത്രമേ സിലബസിൽ ഉൾപ്പെടുത്താൻ കഴിയൂ. അതും; ആശയങ്ങൾ, സിദ്ധാന്തങ്ങൾ, രീതിശാസ്ത്രം എന്നിവയെല്ലാം പഠിപ്പിക്കാവുന്ന കാര്യങ്ങളേ ഉൾപ്പെടുത്താൻ പാടുള്ളൂ
ഇനിയാണ് പ്രധാന ചോദ്യം; സിലബസിൽ എന്തെല്ലാം ഉൾപ്പെടുത്തും? ഫൗണ്ടേഷൻ കോഴ്‌സ്, കോർ കോഴ്‌സുകൾ, ഇലക്റ്റീവ് കോഴ്‌സുകൾ- ഈ മൂന്നിലും വരാവുന്നതേ നാം എടുക്കാൻ പാടുള്ളൂ. എല്ലാ പുസ്തകങ്ങളും എല്ലാ ഗ്രന്ഥകർത്താക്കളെയും സിലബസിൽ ഉൾപ്പെടുത്തുന്നില്ല, ഉൾപ്പെടുത്തേണ്ടതുമില്ല. സിലബസിൽ ഉൾപ്പെടുത്താത്തതാണ് കൂടുതലും. കുറച്ചു പുസ്തകങ്ങളാണ് സിലബസിലുള്ളത്. സിലബിന് പുറത്തുള്ള പുസ്തകങ്ങൾ വായിക്കരുത് എന്നാരും പറയില്ല. കണ്ണൂർ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട വിവാദത്തിലെ പുസ്തകങ്ങളും വായിക്കരുത് എന്നാരും പറഞ്ഞിട്ടില്ല എന്ന് പ്രത്യേകം ഓർക്കണം.
എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്ന പുസ്തകങ്ങളേ സിലബിൽ ഉൾപ്പെടുത്താൻ കഴിയൂ. അതേപോലെ, ആനുകാലിക പ്രസക്തിയുള്ള, ഭാവിയുമായി കണ്ണിചേർക്കുന്ന കൃതികളെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ. അതും; ആശയങ്ങൾ, സിദ്ധാന്തങ്ങൾ, രീതിശാസ്ത്രം എന്നിവയെല്ലാം പഠിപ്പിക്കാവുന്ന കാര്യങ്ങളേ സിലബസിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. ഉദാഹരണത്തിന്; വികസനത്തിന്റെ കാര്യമെടുത്താൽ കേരളത്തിന് പലതും പറയാനുണ്ടാകും. എന്നാൽ, കേരള വികസനത്തെക്കുറിച്ച് ഒരു പുസ്തകം സിലബസിൽ ഉൾപ്പെടുത്താൻ അതൊരു കാരണമല്ല. അത് ഉൾപ്പെടുത്തിയിട്ടില്ല എന്നുവെച്ച് ആ പുസ്തകം ആരും പഠിക്കാതിരിക്കുന്നുമില്ല.
സിലബസ് എന്തിനാണ് പഠിപ്പിക്കുന്നത് എന്നതാണ് യഥാർഥ ചോദ്യം
ഞാൻ ഒന്നര വർഷം മുമ്പ് ഒരു യൂണിവേഴ്‌സിറ്റിയിൽ അധ്യാപക സെലക്ഷന് ഇന്റർവ്യൂ കമ്മിറ്റി അംഗമായി പോയിരുന്നു. അവിടെ വന്ന ഒരു കാൻഡിഡേറ്റ്, ജെ.എൻ.യുവിൽ പിഎച്ച്.ഡി ചെയ്തആളായിരുന്നു. ഇ.എം.എസിന്റെ ചരിത്രസമീപനം എന്ന വിഷയമായിരുന്നു തിസീസ്. ഇ.എം.എസിന്റെ ക്ലാസ് അപ്രോച്ച് ഗഹനമായി പഠിച്ചെഴുതിയ ഒരു തിസീസ് ആയിരുന്നു അത്. ഇ.എം.എസിന്റെ വർഗ സമീപനത്തെക്കുറിച്ച് അവർ വിശദീകരിച്ചു. പിന്നീട് ആ തിസീസ് ഞാൻ ശ്രദ്ധിച്ചുവായിച്ചു. ഇ.എം.എസിന്റെ പുസ്തകങ്ങൾ അന്ന് ഒരു സിലബസിലുമില്ല എന്നോർക്കണം. ആരും പഠിപ്പിച്ചിട്ടില്ല. എന്നാൽ, ഈ കാൻഡിഡേറ്റ് ഇ.എം.എസിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചുപഠിച്ച്, അദ്ദേഹത്തിന്റെ വർഗ സമീപനത്തെക്കുറിച്ച് അന്വേഷണം നടത്തിയിരിക്കുകയാണ്. അത് അവരുടെ താൽപര്യം കൊണ്ട് വായിച്ചതാണ്.
ഞാൻ പഠിക്കുന്ന സമയത്ത് മാർക്‌സിന്റെയും അംബേദ്കറുടെയും പുസ്തകങ്ങൾ സിലബസിൽ ഇല്ല, ജിദ്ദു കൃഷ്ണമൂർത്തിയും വിവേകാനന്ദനും ഇല്ല. പക്ഷെ, ഇവരുടെയൊക്കെ പുസ്തകങ്ങൾ ഞാൻ വായിച്ചിരുന്നു, പഠിച്ചിരുന്നു.
വിദ്യാഭ്യാസത്തിനൊപ്പം ഒരു പാരലൽ വിദ്യാഭ്യാസവും കൂടി നടക്കണം. ലൈബ്രറിയിൽ പോയിരുന്ന് വായിക്കാൻ വിദ്യാർഥികളോട് പറയുന്നത് അതിനാണ്. ഒരു അധ്യാപകന് വിദ്യാർഥിക്കുവേണ്ട സകല വിജ്ഞാനവും പകർന്നുകൊടുക്കാൻ കഴിയില്ല. അധ്യാപകൻ ഒരു മോട്ടിവേറ്റിംഗ് ഫാക്ടർ, പ്രോത്സാഹന സ്രോതസ്സ് മാത്രമാണ്. സിലബസ് ഒരു നിമിത്തമാണ്. സിലബസിലുൾപ്പെടുത്തിയ വ്യക്തികളുടെ പ്രാധാന്യമല്ല ഇവിടെ പരിഗണിക്കപ്പെടുന്നത്. ഈ വ്യക്തികൾക്ക് പ്രാധാന്യമുണ്ടോ ഇല്ലേ, ഈ വ്യക്തിയെ പഠിച്ചാൽ പ്രയോജനമുണ്ടോ എന്നതെല്ലാം പ്രസക്തമായ ചോദ്യമല്ല. ഈ സിലബസ് എന്തിനാണ് പഠിപ്പിക്കുന്നത് എന്നതാണ് യഥാർഥ ചോദ്യം.
ഒരു പ്രത്യേക ഗ്രന്ഥകർത്താവിനെയോ ചിന്തകനെയോ പഠിക്കണോ, ആ ചിന്തകന്റെ കൃതി പഠിപ്പിക്കണോ എന്നത് രണ്ടാമത് വരുന്ന കാര്യമാണ്. പ്രസക്തമായ കാര്യം, ഈ കാലഘട്ടത്തിനനസുരിച്ച് നമ്മൾ എന്തു പഠിപ്പിക്കണം എന്നതാണ്.
ആശയപരമായ കാര്യങ്ങൾ പഠിപ്പിക്കുക, സൈദ്ധാന്തിക പരിപ്രേക്ഷ്യം വളർത്തുക, രീതിശാസ്ത്രവും ചരിത്രവും പഠിപ്പിക്കുക എന്നീ കാര്യങ്ങളാണ് സിലബസിലൂടെ നിറവേറ്റപ്പെടുന്നത്. ചരിത്രം പഠിപ്പിക്കുക എന്നു പറഞ്ഞാൽ വിദ്യാർഥികളെ ചരിത്രത്തിലേക്ക് കൊണ്ടുപോകുകയല്ല ചെയ്യുന്നത്. ഉദാഹരണത്തിന് മനുസ്മൃതി പഠിച്ച് അതിനനസുരിച്ച് ജീവിക്കണം എന്നു പറയുകയല്ല. ‘സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല' എന്ന് ഇപ്പോൾ പറയാൻ കഴിയുമോ? ‘മ്ലേച്ചൻ' ഗീത വായിക്കരുത് എന്ന് ഇന്ന് പറയാൻ കഴിയുമോ? ഇന്ന് പറയാൻ പറ്റുന്ന കാര്യങ്ങൾ എന്താണ് എന്നത് വിവേചനബുദ്ധിയോടെ മനസ്സിലാക്കേണ്ടതാണ്. മധ്യകാല ചിന്തകളിലേക്കും മധ്യകാല മൂല്യബോധത്തിലേക്കും തിരിച്ചുകൊണ്ടുപോകുന്നതല്ല ചരിത്രം. ഇന്ന് പറയാൻ പറ്റുന്നവ, പറ്റാത്തവ ഏതാണ്? എന്നതാണ് കാര്യം. മറിച്ച്;
ഒരു പ്രത്യേക ഗ്രന്ഥകർത്താവിനെയോ ചിന്തകനെയോ പഠിക്കണോ, ആ ചിന്തകന്റെ കൃതി പഠിപ്പിക്കണോ എന്നത് രണ്ടാമത് വരുന്ന കാര്യമാണ്. പ്രസക്തമായ കാര്യം, ഈ കാലഘട്ടത്തിനനസുരിച്ച് നമ്മൾ എന്തു പഠിപ്പിക്കണം എന്നതാണ്.
ഇന്ന് ഒരു മതത്തെക്കുറിച്ച് പഠിപ്പിക്കാൻ പറ്റുമോ? മതം എന്നു പറയുന്നത് മനുഷ്യപുരോഗതിയുടെയും മനുഷ്യസംസ്‌കാരത്തിന്റെയും വളർച്ചക്ക് ഒരു സംഭാവനയും ചെയ്ത പ്രതിഭാസമല്ല. അത് മനുഷ്യ പുരോഗതിയെ പുറകോട്ടുവലിക്കുന്നതാണ്. അത് പഠിപ്പിക്കുന്ന ചില മൂല്യങ്ങളുണ്ട്- അനുസരണം, അച്ചടക്കബോധം, കഠിനാധ്വാനം, ആദരവ്, ചോദ്യം ചെയ്യാതിരിക്കൽ തുടങ്ങിയവ. ഇവർ നിഷ്‌കർഷിക്കുന്ന മൂല്യബോധം ആധുനികതയുടേതല്ല, ഫ്യൂഡലാണ്. വ്യവസ്ഥാപിത മതചിന്തകളിൽനിന്ന് മനുഷ്യരെ മോചിപ്പിക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, മതം ഒരു പാഠ്യവിഷയമായി വരുമ്പോൾ, എന്ത് മൂല്യബോധമാണ് അത് വിദ്യാർഥികളിൽ സൃഷ്ടിക്കുന്നത് എന്നൊരു പ്രശ്‌നമുണ്ടാകും. ഖുർആനും ബൈബിളും ഗീതയുമെല്ലാം പഠിപ്പിക്കണം എന്നുപറയാം. എന്നാൽ, ഇവ സിലബസിൽ പഠിപ്പിക്കാൻ എന്താണ് കാരണം എന്നതാണ് ചോദ്യം. ഇതെല്ലാം പഠിച്ച ധാരാളം പണ്ഡിതന്മാരുണ്ട്. അവരുടെ കൃതികളെ സിലബസിൽ കൊണ്ടുവരാൻ പറ്റില്ല. കാരണം, സിലബസ് എന്നു പറയുന്നത് കുറെക്കൂടി മൗലികവും വിശാലവുമാണ്. അതിനുപറ്റിയ സാർവലൗകിക മൂല്യങ്ങളേ സിലബസിലൂടെ വിദ്യാർഥികൾക്ക് പകരാൻ പറ്റൂ.
ഇതിനർഥം, ഇപ്പോൾ പരാമർശിക്കപ്പെടുന്ന ഗ്രന്ഥകർത്താക്കൾ മോശമാണ് എന്നതല്ല. അത് ആണോ അല്ലയോ എന്നത് വിദ്യാർഥികൾ ഈ പുസ്തകങ്ങൾ ലൈബ്രറിയിൽനിന്നെടുത്ത് വായിച്ചിട്ട് തീരുമാനിക്കട്ടെ. അത് ഒരു യൂണിവേഴ്‌സിറ്റി പറയേണ്ട കാര്യമല്ല. ഏതെങ്കിലുമൊരു മതത്തിന്റെ തത്വസംഹിത ശരിയോ തെറ്റോ എന്നത് യൂണിവേഴ്‌സിറ്റി പറയേണ്ടതല്ല. യൂണിവേഴ്‌സിറ്റി പഠിപ്പിക്കേണ്ടത് സാർവലൗകികവും ശാസ്ത്രീയവും ഭാവിയുമായും ബന്ധപ്പെടുത്തിയുമുള്ള കാര്യങ്ങളാണ്.
അധ്യാപകന് വിദ്യാർഥികളോട് ഇങ്ങനെ ചിന്തിക്കണം എന്നു പറയാനുള്ള സ്വാതന്ത്ര്യമില്ല. ചിന്തിക്കാൻ പഠിപ്പിക്കണം. അത് ഏതെങ്കിലും പ്രത്യേക പുസ്തകത്തിന്റെയോ ഏതെങ്കിലും ഗ്രന്ഥകർത്താവിന്റെയോ വിശ്വാസമൂല്യങ്ങൾക്കനുസരിച്ചാകരുത്.
എങ്ങനെ ചിന്തിക്കണം? അത് നിശ്ചയിക്കേണ്ടത് വിദ്യാർഥികൾ
യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ചിന്തിക്കാൻ പഠിപ്പിക്കുന്നു. എങ്ങനെ ചിന്തിക്കണം എന്ന് വിദ്യാർഥികൾ നിശ്ചയിക്കേണ്ട കാര്യമാണ്. അവർ ഏത് രാഷ്ട്രീയത്തിൽ ചിന്തിക്കണം? അവർ ലിബറൽ മൂല്യങ്ങളാണോ ഓർത്തഡോക്‌സ് മൂല്യങ്ങളാണോ മാർക്‌സിയൻ മൂല്യങ്ങളാണോ ഉൾക്കൊള്ളേണ്ടത്? അത് അവർ തീരുമാനിക്കേണ്ടതാണ്. ചിന്തിക്കണം എന്നാണ് ഒരു അധ്യാപകൻ പറയുക, ഇന്ന രീതിയിൽ ചിന്തിക്കണം എന്ന് പറയില്ല. ഇത് ഒരു അധ്യാപകനും പറയില്ല. ഞാൻ കെ.എൻ. രാജിനുകീഴിലാണ് ഗവേഷണം നടത്തിയത്, അദ്ദേഹം ഇന്ന രീതിയിൽ ചിന്തിക്കണം എന്ന് എന്നോടു പറഞ്ഞിട്ടില്ല. വിശകലനം ചെയ്യുമ്പോൾ അതിനുവേണ്ട വസ്തുനിഷ്ഠതയും ശാസ്ത്രീയതയും സാർവലൗകികതയും വേണം എന്നൊക്കെയോ ആവശ്യപ്പെട്ടിട്ടുള്ളൂ. അധ്യാപകന് വിദ്യാർഥികളോട് ഇങ്ങനെ ചിന്തിക്കണം എന്നു പറയാനുള്ള സ്വാതന്ത്ര്യമില്ല. ചിന്തിക്കാൻ പഠിപ്പിക്കണം. അത് ഏതെങ്കിലും പ്രത്യേക പുസ്തകത്തിന്റെയോ ഏതെങ്കിലും ഗ്രന്ഥകർത്താവിന്റെയോ വിശ്വാസമൂല്യങ്ങൾക്കനുസരിച്ചാകരുത്.
സിലബസ് ഉണ്ടാക്കുന്നത് അക്കാദമിക് ബോഡിയാണ്. ഇക്കാര്യം ബോർഡ് ഓഫ് സ്റ്റഡീസിൽ വരുന്നു, അവരുടെ അംഗീകാരത്തിനുശേഷം അക്കാദമിക് കൗൺസിലിലേക്ക് പോകുന്നു. ബോർഡ് ഓഫ് സ്റ്റഡീസിന് ഒരു കൃതി ഉൾപ്പെടുത്തണമെങ്കിൽ അതിന് അക്കാദമികമായ നീതീകരണം വേണം.
അക്കാദമിക് കൗൺസിലിൽ അത് അപ്രൂവൽ ചെയ്യണമെങ്കിൽ അക്കാദമികമായ മാനദണ്ഡങ്ങൾ അനുസരിച്ച് ഉണ്ടാക്കിയതായിരിക്കണം ആ സിലബസ്, ആ കാര്യങ്ങൾ പഠിപ്പിക്കാനുതകുന്നതായിരിക്കണം ഉൾപ്പെടുത്തുന്ന കൃതി. നമ്മുടെ പ്രത്യയശാസ്ത്രപ്രതിബദ്ധത നോക്കി തീരുമാനിക്കേണ്ടതല്ല അത്. ഏത് സിലബസ് എടുത്തുനോക്കിയാലും സിലബസിന് പുറത്തുള്ള പുസ്തകങ്ങളാണ് കൂടുതൽ. സിലബസിൽ ഉൾപ്പെടുത്തിയ പഠനങ്ങൾ വിരളമാണ്. കാരണം, സിലബസിന്റെ ലക്ഷ്യം വിജ്ഞാനം കൊടുക്കലല്ല, അത് ആർജിക്കേണ്ടത് വിദ്യാർഥിയുടെ ഉത്തരവാദിത്തമാണ്. എങ്ങനെ പഠിക്കണം എന്നാണ് ഞങ്ങൾ അധ്യാപകർ പഠിപ്പിക്കുന്നത്. പഠിക്കുന്നതിന്റെ ആഴവും വ്യാപ്തിയും വിദ്യാർഥികളാണ് നിശ്ചയിക്കേണ്ടത്. അതാണ് അധ്യാപകർ പറയുന്നത്, ക്ലാസ്മുറിയിലിരുന്ന് വായിച്ചാൽ പോരാ, ലൈബ്രറികളിൽ പോയി വായിക്കണം എന്ന്. ക്ലാസ് മുറിയിൽ പോകാതെ പണ്ഡിതന്മാരായവരുണ്ട്. വിജ്ഞാനത്തിന് ക്ലാസ്മുറിയിലെ അധ്യയനം അത്യന്താപേക്ഷിതമല്ല. വിജ്ഞാനം ക്ലാസ് മുറിയിൽനിന്ന് കിട്ടുന്നതല്ല. ക്ലാസ് മുറി എന്നാൽ ഒരു സ്രോതസ്സാണ്, രീതിയാണ്. പഠിക്കാൻ പഠിപ്പിക്കലാണ് അധ്യാപകർ ചെയ്യുന്നത്. ഞാൻ അധ്യാപകനായിരുന്ന സമയത്ത്, ഞാൻ പഠിപ്പിക്കുന്ന വിഷയത്തിൽ പൂർണ അറിവുള്ള ആളായിരുന്നില്ല ഞാൻ. എന്നേക്കാൾ അറിവുള്ളവർ വേറെയുണ്ടായിരുന്നു. വിജ്ഞാനത്തേക്കാൾ വിവരമില്ലായ്മയായിരിക്കും ഏതൊരു വ്യക്തിയുടെ കാര്യമെടുത്താലും കൂടുതലുള്ളത്. വിജ്ഞാനം കൂടുംതോറും വിവരമില്ലായ്മയൂം കൂടുകയാണ്. അതിനെ തരണം ചെയ്യാൻ ശ്രമിക്കുന്നത് വിജ്ഞാനം ആർജിച്ചുകൊണ്ടാണ്, അത് പലപ്പോഴും നടക്കുന്നത് ക്ലാസ്മുറിക്കു പുറത്താണ്.
ഒരു പുസ്തകം ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും
ഒരു പുസ്തകത്തിലെ അഭിപ്രായം നോക്കിയിട്ടല്ല അതിനെ സിലബസിൽ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും. ആ കൃതി വിജ്ഞാനം ആർജിക്കുന്നതിനുള്ള രീതിയാകുന്നുണ്ടോ എന്ന് നോക്കിയിട്ടാണ്. ഞാൻ സിലബസ് കമ്മിറ്റിയിലും അക്കാദമിക് കൗൺസിലിലുമൊക്കെയുണ്ടായിരുന്നു. അന്ന് പരിഗണിച്ചിരുന്നത് പ്രത്യേക വ്യക്തിയെയോ കൃതിയെയോ അഭിപ്രായമോ ആയിരുന്നില്ല. അഭിപ്രായം പഠിപ്പിക്കേണ്ടതില്ല. രീതിശാസ്ത്രമാണ് സിലബസിലൂടെ പഠിപ്പിക്കുന്നത്. ആ രീതിശാസ്ത്രത്തിന് അംഗീകാരം കിട്ടുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ആ രീതിശാസ്ത്രം എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്ന ഒന്നായിരിക്കണം. ഏതെങ്കിലുമൊരു മതത്തിനെയോ സമുദായത്തിനെയാ പ്രദേശത്തിനെയോ സംബന്ധിച്ച പഠനങ്ങളായിരിക്കരുത് അത്. അത് സാർവലൗകികമായിരിക്കണം.
19ാം നൂറ്റാണ്ടിൽ യൂറോപ്യൻ ആധിപത്യമായിരുന്നു. അന്ന് മോഡണൈസേഷൻ എന്നു പറഞ്ഞാൽ പാശ്ചാത്യവൽക്കരണമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കനൈസേഷൻ വന്നു, യൂറോപ്യനൈനേഷൻ മാറി. ലോകത്തിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്ക് ഷിഫ്റ്റ് ചെയ്തു. എൺപതുകളുടെ മധ്യം കഴിഞ്ഞപ്പോൾ അമേരിക്കയുടെ ആധിപത്യവും കഴിഞ്ഞു, ഏഷ്യൻ രാജ്യങ്ങളിലായി അന്വേഷണങ്ങൾ. ഇന്ന് അമേരിക്കൻ, യൂറോപ്യൻ മോഡലുകളില്ല, ഇന്ന് മാതൃകകളില്ല. മാതൃകകൾ ബ്ലാസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ട് ഒരു പ്രത്യേക വ്യക്തിയുടെ ചിന്തക്ക് വലിയ അംഗീകാരം നൽകാൻ കഴിയില്ല. വിജ്ഞാന വിസ്‌ഫോടനം നടക്കുമ്പോൾ വിജ്ഞാന നശീകരണവും നടക്കുന്നു. പഴയത് പലതും നശിക്കാതെ പുതിയതിന് ആവിർഭവിക്കാൻ പറ്റില്ല. അതേസമയം, പുതിയ കാര്യങ്ങൾ പഠിപ്പിച്ചു എന്നതുെകാണ്ട് ആധുനികവൽക്കരിക്കപ്പെട്ടു എന്നർഥമില്ല. നമ്മൾ അത്യന്താധുനിക സാങ്കേതിക വിദ്യ പഠിപ്പിക്കുന്നുണ്ട്. എന്നാൽ, ശാസ്ത്രം മാത്രമല്ല മതങ്ങളും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ഓൺലൈൻ വിഭൂതിയൊക്കെ ഇപ്പോൾ ഓർഡർ ചെയ്യാം. ഫ്യൂഡൽ മൂല്യങ്ങളെ ഉറപ്പിച്ചുനിർത്താൻ പലപ്പോഴും അത്യന്താധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഭീകരർ അത്യന്താധുനിക സാങ്കേതിക വിദ്യ ശക്തമായി ഉപയോഗിക്കുന്നു. അത്യന്താധുനിക സാങ്കേതിക വിദ്യയിലൂടെ ശാസ്ത്രം വളരുന്നു എന്നു പറയുന്നതുകൊണ്ട് നവീകരണം ഉണ്ടാകുന്നു എന്നർഥമില്ല. പാശ്ചാത്യർ ശാസ്ത്രത്തെ ഉപയോഗിച്ചത് പഴയതിനെ നിരാകരിക്കാനാണ്. നമ്മൾ ഇവിടെ പഴയതിനെ നവീകരിക്കുകയാണ് ചെയ്യുന്നത്.
ശാസ്ത്രത്തിന് താർക്കികമായ സമീപനം വേണം. ചോദ്യം ചെയ്യലിലൂടെയാണ് ശാസ്ത്രം വളരുന്നത്. ഇങ്ങനെ നോക്കുമ്പോൾ സിലബസിൽ വസ്തുനിഷ്ഠമായി പഠനങ്ങൾ ഉൾപ്പെടുത്തണം, ശാസ്ത്രീയമായി ആവിഷ്‌കരിക്കണം. എല്ലാ പുസ്തകങ്ങളും ഉൾപ്പെടുത്താനുള്ള ഒരു ന്യായീകരണമാകരുത് സിലബസ്. സിലബസ് ഉണ്ടാക്കുന്നത് അക്കാദമിക് പണ്ഡിതന്മാരാണ്. അതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം മൗലികതയും സാർവലൗകികതയും ശാസ്ത്രീയതയുമാണ്. അതുള്ള കൃതികളും ഗ്രന്ഥകർത്താക്കളും മാത്രമേ അതിലുൾപ്പെടാൻ പാടുള്ളൂ. അല്ലാത്തവർ മോശമാണ് എന്നല്ല അർഥം. അത്, വിദ്യാർഥികൾ പുറമേനിന്നെടുത്ത് വായിച്ച് പഠിക്കട്ടേ.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുൽജാപുർ കാമ്പസിൽ സംവാദം എന്ന പരിപാടിയുണ്ടായിരുന്നു. പുതിയ പുസ്തകങ്ങൾ ക്ലാസ്മുറിക്കു പുറത്തിരുന്ന് അധ്യാപകരും വിദ്യാർഥികളും ചർച്ച ചെയ്യും. ക്ലാസ് റൂം വിദ്യാഭ്യാസവും പാരലൽ വിദ്യാഭ്യാസവും ഒരേപോലെ മുന്നോട്ടുപോകണം. ധൈഷണിക അന്വേഷണം അനുസ്യൂതമാണ്, അതിനെ ഏതെങ്കിലും ബിന്ദുവിൽ തളച്ചിടാൻ കഴിയില്ല.
ഐഡിയോളജിക്കലായി വിയോജിപ്പുള്ള ടെക്‌സ്റ്റ് അധ്യാപകനെന്ന നിലയ്ക്ക് എനിക്ക് പഠിപ്പിക്കേണ്ടിവന്നിട്ടില്ല. അത് അധ്യാപകനെ സംബന്ധിച്ച് ഒരു ക്രൈസിസ് ആണെന്നും പറഞ്ഞുകൂടാ. ക്ലാസിക്കൽ, നിയോ ക്ലാസിക്കൽ വർക്കുകൾ മുതലാളിത്തത്തെക്കുറിച്ചാണ്. വിപണിയുടെ ആധിപത്യത്തെക്കുറിച്ചാണ്. അത് നമ്മൾ പഠിപ്പിക്കുമ്പോൾ, അവസാനം ഇതേക്കുറിച്ച് വിമർശനാത്മകമായ ഒരു വിലയിരുത്തൽ നടത്തുന്നുണ്ട്. അവിടെ അധ്യാപകന്റെ പക്ഷപാതിത്വം പ്രശ്‌നം സൃഷ്ടിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. അഥവാ, ഒരു ക്രൈസിസ് ഉണ്ടാകുന്നുണ്ടെന്ന് കരുതുക, അത് മോശം കാര്യമല്ല, ക്രൈസിസിലാണ് മനുഷ്യൻ ചിന്തിക്കുന്നത്. അതിനെ എങ്ങനെ മറികടക്കണം എന്നത്. അത് മനുഷ്യനെ വളർത്താനുള്ളതാണ്. ക്രൈസിസിലാണ് മസ്തിഷ്‌കം പ്രവർത്തിക്കാൻ തുടങ്ങുന്നത്.
നമ്മൾ ഇഷ്ടപ്പെടുന്ന പ്രത്യയശാസ്ത്രം മാത്രമല്ല നമ്മൾ പഠിപ്പിക്കുന്നത്. പ്രത്യയശാസ്ത്രത്തിനുതന്നെ ഇവിടെ പ്രസക്തിയില്ല. ഒരു മാർക്‌സിസ്റ്റ്, കാപ്പിറ്റലിസത്തെക്കുറിച്ച് പഠിപ്പിക്കുമ്പോൾ തെറ്റല്ലേ എന്നു ചോദിച്ചാൽ, അത് അധ്യാപകൻ എന്ന നിലക്ക് തെറ്റല്ല, അധ്യാപകൻ എല്ലാം പഠിപ്പിക്കേണ്ട ആളായിരിക്കും. അധ്യാപനം എന്നത് ഒരു വസ്തുനിഷ്ഠതയാണ്. നമ്മുടെ സമീപനം എന്താണ് എന്നത് ക്ലാസ് റൂമിൽ കാണിക്കേണ്ടതല്ല. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.