‘‘നമ്മൾ ഇഷ്ടപ്പെടുന്ന പ്രത്യയശാസ്ത്രം മാത്രമല്ല നമ്മൾ പഠിപ്പിക്കുന്നത്. പ്രത്യയശാസ്ത്രത്തിനുതന്നെ ഇവിടെ പ്രസക്തിയില്ല. ഒരു മാർക്സിസ്റ്റ്, കാപ്പിറ്റലിസത്തെക്കുറിച്ച് പഠിപ്പിക്കുമ്പോൾ തെറ്റല്ലേ എന്നു ചോദിച്ചാൽ, അത് അധ്യാപകൻ എന്ന നിലക്ക് തെറ്റല്ല, അധ്യാപകൻ എല്ലാം പഠിപ്പിക്കേണ്ട ആളായിരിക്കും. അധ്യാപനം എന്നത് ഒരു വസ്തുനിഷ്ഠതയാണ്. നമ്മുടെ സമീപനം എന്താണ് എന്നത് ക്ലാസ് റൂമിൽ കാണിക്കേണ്ടതല്ല''- കണ്ണൂർ സർവകലാശാലയിലെ സിലബസ് വിവാദവുമായി ബന്ധപ്പെട്ട് പ്രമുഖ വിദ്യാഭ്യാസ ചിന്തകനും അധ്യാപകനും യു.ജി.സി മുൻ അംഗവുമായ എം. കുഞ്ഞാമൻ ട്രൂ കോപ്പി വെബ്‌സീനിൽ എഴുതുന്നു.
‘‘എല്ലാ പുസ്തകങ്ങളും സിലബസിലുൾപ്പെടുത്താൻ പറ്റില്ല. സിലബസിൽ ഉൾപ്പെടുത്തണമെങ്കിൽ അതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. ഇവിടെ ഉയർത്തപ്പെടുന്ന ചോദ്യം ഈ പുസ്തകങ്ങൾ വായിക്കാനും പഠിക്കാനും വിദ്യാർഥികൾക്ക് സ്വാതന്ത്ര്യമുണ്ടോ ഇല്ലയോ എന്നതല്ല, ഇവ സിലബസിൽ ഉൾപ്പെടുത്തുന്നത് മാനദണ്ഡങ്ങൾക്കനുസരിച്ചാണോ എന്നാണ്. എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്ന പുസ്തകങ്ങളേ സിലബിൽ ഉൾപ്പെടുത്താൻ കഴിയൂ. അതേപോലെ, ആനുകാലിക പ്രസക്തിയുള്ള, ഭാവിയുമായി കണ്ണിചേർക്കുന്ന കൃതികളെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ. അതും; ആശയങ്ങൾ, സിദ്ധാന്തങ്ങൾ, രീതിശാസ്ത്രം എന്നിവയെല്ലാം പഠിപ്പിക്കാവുന്ന കാര്യങ്ങളേ സിലബസിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. ഉദാഹരണത്തിന്; വികസനത്തിന്റെ കാര്യമെടുത്താൽ കേരളത്തിന് പലതും പറയാനുണ്ടാകും. എന്നാൽ, കേരള വികസനത്തെക്കുറിച്ച് ഒരു പുസ്തകം സിലബസിൽ ഉൾപ്പെടുത്താൻ അതൊരു കാരണമല്ല. അത് ഉൾപ്പെടുത്തിയിട്ടില്ല എന്നുവെച്ച് ആ പുസ്തകം ആരും പഠിക്കാതിരിക്കുന്നുമില്ല.''
‘‘ആശയപരമായ കാര്യങ്ങൾ പഠിപ്പിക്കുക, സൈദ്ധാന്തിക പരിപ്രേക്ഷ്യം വളർത്തുക, രീതിശാസ്ത്രവും ചരിത്രവും പഠിപ്പിക്കുക എന്നീ കാര്യങ്ങളാണ് സിലബസിലൂടെ നിറവേറ്റപ്പെടുന്നത്. ചരിത്രം പഠിപ്പിക്കുക എന്നു പറഞ്ഞാൽ വിദ്യാർഥികളെ ചരിത്രത്തിലേക്ക് കൊണ്ടുപോകുകയല്ല ചെയ്യുന്നത്. ഉദാഹരണത്തിന് മനുസ്മൃതി പഠിച്ച് അതിനനസുരിച്ച് ജീവിക്കണം എന്നു പറയുകയല്ല. ‘സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല' എന്ന് ഇപ്പോൾ പറയാൻ കഴിയുമോ? ‘മ്ലേച്ചൻ' ഗീത വായിക്കരുത് എന്ന് ഇന്ന് പറയാൻ കഴിയുമോ? ഇന്ന് പറയാൻ പറ്റുന്ന കാര്യങ്ങൾ എന്താണ് എന്നത് വിവേചനബുദ്ധിയോടെ മനസ്സിലാക്കേണ്ടതാണ്. മധ്യകാല ചിന്തകളിലേക്കും മധ്യകാല മൂല്യബോധത്തിലേക്കും തിരിച്ചുകൊണ്ടുപോകുന്നതല്ല ചരിത്രം. ഇന്ന് പറയാൻ പറ്റുന്നവ, പറ്റാത്തവ ഏതാണ്? എന്നതാണ് കാര്യം. മറിച്ച്;
ഒരു പ്രത്യേക ഗ്രന്ഥകർത്താവിനെയോ ചിന്തകനെയോ പഠിക്കണോ, ആ ചിന്തകന്റെ കൃതി പഠിപ്പിക്കണോ എന്നത് രണ്ടാമത് വരുന്ന കാര്യമാണ്. പ്രസക്തമായ കാര്യം, ഈ കാലഘട്ടത്തിനനസുരിച്ച് നമ്മൾ എന്തു പഠിപ്പിക്കണം എന്നതാണ്.’’
‘‘ഇന്ന് ഒരു മതത്തെക്കുറിച്ച് പഠിപ്പിക്കാൻ പറ്റുമോ? മതം എന്നു പറയുന്നത് മനുഷ്യപുരോഗതിയുടെയും മനുഷ്യസംസ്‌കാരത്തിന്റെയും വളർച്ചക്ക് ഒരു സംഭാവനയും ചെയ്ത പ്രതിഭാസമല്ല. അത് മനുഷ്യ പുരോഗതിയെ പുറകോട്ടുവലിക്കുന്നതാണ്. അത് പഠിപ്പിക്കുന്ന ചില മൂല്യങ്ങളുണ്ട്- അനുസരണം, അച്ചടക്കബോധം, കഠിനാധ്വാനം, ആദരവ്, ചോദ്യം ചെയ്യാതിരിക്കൽ തുടങ്ങിയവ. ഇവർ നിഷ്‌കർഷിക്കുന്ന മൂല്യബോധം ആധുനികതയുടേതല്ല, ഫ്യൂഡലാണ്. മതം ഒരു പാഠ്യവിഷയമായി വരുമ്പോൾ, എന്ത് മൂല്യബോധമാണ് അത് വിദ്യാർഥികളിൽ സൃഷ്ടിക്കുന്നത് എന്നൊരു പ്രശ്നമുണ്ടാകും. ഖുർആനും ബൈബിളും ഗീതയുമെല്ലാം പഠിപ്പിക്കണം എന്നുപറയാം. എന്നാൽ, ഇവ സിലബസിൽ പഠിപ്പിക്കാൻ എന്താണ് കാരണം എന്നതാണ് ചോദ്യം. ഇതെല്ലാം പഠിച്ച ധാരാളം പണ്ഡിതന്മാരുണ്ട്. അവരുടെ കൃതികളെ സിലബസിൽ കൊണ്ടുവരാൻ പറ്റില്ല. കാരണം, സിലബസ് എന്നു പറയുന്നത് കുറെക്കൂടി മൗലികവും വിശാലവുമാണ്. അതിനുപറ്റിയ സാർവലൗകിക മൂല്യങ്ങളേ സിലബസിലൂടെ വിദ്യാർഥികൾക്ക് പകരാൻ പറ്റൂ.''
ഒരു പുസ്തകത്തിലെ അഭിപ്രായം നോക്കിയിട്ടല്ല അതിനെ സിലബസിൽ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും. ആ കൃതി വിജ്ഞാനം ആർജിക്കുന്നതിനുള്ള രീതിയാകുന്നുണ്ടോ എന്ന് നോക്കിയിട്ടാണ്. ഞാൻ സിലബസ് കമ്മിറ്റിയിലും അക്കാദമിക് കൗൺസിലിലുമൊക്കെയുണ്ടായിരുന്നു. അന്ന് പരിഗണിച്ചിരുന്നത് പ്രത്യേക വ്യക്തിയെയോ കൃതിയെയോ അഭിപ്രായമോ ആയിരുന്നില്ല. അഭിപ്രായം പഠിപ്പിക്കേണ്ടതില്ല. രീതിശാസ്ത്രമാണ് സിലബസിലൂടെ പഠിപ്പിക്കുന്നത്. ആ രീതിശാസ്ത്രത്തിന് അംഗീകാരം കിട്ടുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ആ രീതിശാസ്ത്രം എല്ലാവർക്കും അംഗീകരിക്കാൻ കഴിയുന്ന ഒന്നായിരിക്കണം. ഏതെങ്കിലുമൊരു മതത്തിനെയോ സമുദായത്തിനെയാ പ്രദേശത്തിനെയോ സംബന്ധിച്ച പഠനങ്ങളായിരിക്കരുത് അത്. അത് സാർവലൗകികമായിരിക്കണം.
ഐഡിയോളജിക്കലായി വിയോജിപ്പുള്ള ടെക്സ്റ്റ് അധ്യാപകനെന്ന നിലയ്ക്ക് എനിക്ക് പഠിപ്പിക്കേണ്ടിവന്നിട്ടില്ല. അത് അധ്യാപകനെ സംബന്ധിച്ച് ഒരു ക്രൈസിസ് ആണെന്നും പറഞ്ഞുകൂടാ. ക്ലാസിക്കൽ, നിയോ ക്ലാസിക്കൽ വർക്കുകൾ മുതലാളിത്തത്തെക്കുറിച്ചാണ്. വിപണിയുടെ ആധിപത്യത്തെക്കുറിച്ചാണ്. അത് നമ്മൾ പഠിപ്പിക്കുമ്പോൾ, അവസാനം ഇതേക്കുറിച്ച് വിമർശനാത്മകമായ ഒരു വിലയിരുത്തൽ നടത്തുന്നുണ്ട്. അവിടെ അധ്യാപകന്റെ പക്ഷപാതിത്വം പ്രശ്നം സൃഷ്ടിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല- കുഞ്ഞാമൻ എഴുതുന്നു.
ഇഷ്ടപ്പെടുന്ന പ്രത്യയശാസ്ത്രം മാത്രമല്ല നമ്മൾ പഠിപ്പിക്കുന്നത്
എം. കുഞ്ഞാമൻ എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 43