Photo : Unsplash.com

ഇന്ദ്രജാലം കൊണ്ട്​
​മറയ്​ക്കാനാകാത്ത
ക്ലാസ്​ മുറികൾ

ഒരു ബോർഡിംഗ് സ്‌കൂൾ പരമ്പര കുട്ടികളുടെ പ്രിയപ്പെട്ടതാവുകയും അതിന്റെ ഉപോല്പന്നങ്ങളായ സിനിമകളും വീഡിയോ ഗെയിമുകളും എല്ലാം ചൂടപ്പം പോലെ വിറ്റു പോവുകയും ചെയ്യുമ്പോൾ നമ്മുടെ ഭൂരിഭാഗം ക്ലാസ് മുറികളിലും വിദ്യാഭ്യാസത്തിലെ നൂതന മാറ്റങ്ങളെന്നത് മരീചികയായിത്തന്നെയാണ് തുടരുന്നത് എന്നൊരു അർത്ഥം കൂടി വരുന്നില്ലേ? ഹാരി പോട്ടർ കഥകളിലെ ബോധനരീതികളെക്കുറിച്ച്​ ഒരു പഠനം.

Oh berry, pick me I got a land to see of plenty of magic- Maryland by Chris Bowen

തിനൊന്ന് വയസ്​ തികയാത്ത കുട്ടി, അവൻ ജനിച്ച് ഏറെക്കഴിയുന്നതിനുമുൻപ് അച്ഛനുമമ്മയും മരിച്ചു. ഏക ബന്ധുവായ അമ്മായിയോടൊപ്പമുള്ള അവന്റെ ജീവിതം അത്ര സുഖകരമൊന്നുമല്ല. പ്രത്യേകിച്ച് അമ്മായിയുടെ മകന്റെ മേട്ടത്തരങ്ങൾ മുഴുവൻ അവന്റെ നേരെയാകുമ്പോൾ. അങ്ങനെ അവൻ തന്റെ പതിനൊന്നാം വയസ്സിലെത്തുന്ന അന്ന്​ രാവിലെ മുതൽ കാര്യങ്ങൾ മാറുകയാണ്. അമ്മാവനും അമ്മായിയും എത്ര ശ്രമിച്ചിട്ടും ഒളിപ്പിക്കാൻ കഴിയാതെ അവനെ അന്വേഷിച്ച് ഒരു സ്‌കൂളിൽ ചേരാനുള്ള ക്ഷണക്കത്ത് എത്തുന്നു, വെറും സ്‌ക്കൂളിലല്ല, മാന്ത്രികനാവാൻ പഠിപ്പിക്കുന്ന സ്‌ക്കൂളിൽ. അതോടെ അവന്റെ ജീവിതമാകെ മാറിമറിയുകയാണ്.

25 വർഷങ്ങൾക്കുമുൻപ് ഒരു ജൂണിൽ പുറത്തിറങ്ങിയ, ലോകമെങ്ങുമുള്ള പലപ്രായത്തിലുള്ള വായനക്കാരെ ഇളക്കിമറിച്ച, ജെ. കെ. റൗളിംഗിന്റെ ഹാരി പോട്ടർ കഥകളുടെ ആരംഭമാണത്.

'Harry Potter and the Philosopher's Stone' സിനിമയിൽ നിന്ന്

ഹാരി പോട്ടർ എന്ന ‘അതിജീവിച്ച ആൺകുട്ടി'യും (The boy who survived) ലോകം കീഴടക്കാനൊരുങ്ങുന്ന, അതിശക്തനായ, ആളുകൾ പേരു പറയാൻ പോലും ഭയക്കുന്ന (who must not be named) ദുഷ്ടനായ മാന്ത്രികൻ ലോർഡ് വോൾഡെമോർട്ടുമായി നടക്കുന്ന പോരാട്ടത്തിന്റെ കഥയാണ് തന്റെ ഏഴു പുസ്തകങ്ങളിലായി റൗളിംഗ് പറയുന്നത്. ആദ്യം വിവരിച്ച ഭാഗങ്ങളുള്ള (Harry Potter and the Philosopher's Stone- 1997) നോവലിൽ തുടങ്ങുന്ന സീരീസിൽ ഏഴ് പുസ്തകങ്ങളാണുള്ളത്. ഓരോ പുസ്തകവും ഹാരിയുടെ സ്‌കൂളിലെ ഓരോ വർഷങ്ങളെ കാണിക്കുന്നു. അവസാന പുസ്തകമായ Harry Potter and the Deathly Hallows (2007) ൽ എത്തുമ്പോഴേക്കും ഹാരി പോട്ടർ കൗമാരത്തിന്റെ അവസാനത്തിലേക്കുമെത്തുന്നു. ഈ പുസ്തകങ്ങൾക്കുശേഷം അവയ്ക്ക് അനുബന്ധമായി വേറെ ചില പുസ്തകങ്ങൾ കൂടി റൗളിംഗ് എഴുതിയിരുന്നു. ഹോഗ് വാർട്‌സിലെ സിലബസിലെ ഒരു പാഠപുസ്തകത്തിന്റെ പേരു കൂടിയായ Fantastic Beasts and Where to Find Them എന്നതും അവിടത്തെ പ്രധാന കളിയായ ക്വിഡിച്ചിനെ ക്കുറിച്ചുള്ള Quidditch Through the Ages എന്നതും. ഇതിലെ ഒട്ടു മിക്ക നോവലുകളും സിനിമയുമായിട്ടുണ്ട്. റൗളിംഗ് ജാക്ക് തോൺ, ജോൺ ടിഫാനി എന്നിവർ ചേർന്ന് എഴുതിയ കഥയെ അടിസ്ഥാനമാക്കി Harry Potter and the Cursed Child എന്ന ഒരു നാടകം അവതരിപ്പിക്കപ്പെട്ടിരുന്നു. ഹാരിയുടേയും കൂട്ടുകാരുടേയും അടുത്ത തലമുറയുടെ കഥയാണിതിൽ പറയുന്നത്. ഈ പുസ്തകങ്ങളും സിനിമകളും നാടകവുമെല്ലാം ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ടവയാണ്.

'Harry Potter and the Cursed Child' എന്ന നാടകം ലണ്ടനിലെ പാലസ് തീയേറ്ററിൽ പ്രദർശിക്കപ്പെടുമ്പോൾ കാണാനെത്തിയ ജനങ്ങൾ.

ഹാരി പോട്ടർ കഥകൾക്ക് എന്തുകൊണ്ടായിരിക്കും ലോകമെങ്ങും ഇത്ര ആരാധകരെ ലഭിച്ചത് ക്രിസ്​ത്യൻ സഭ അംഗീകരിച്ചില്ലെങ്കിലും ഹാരിപോട്ടർ കഥകളെ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായി കാണാം. പക്ഷെ, ഒട്ടുമിക്ക കുട്ടിക്കഥകളുടേയും മതകഥകളുടേയും ഘടനയും ഇതുതന്നയാണല്ലോ. അതുകൊണ്ട് കഥകളുടെ വിജയത്തിന് അത് മാത്രം ഒരു കാരണമായി പറയാൻ പറ്റില്ല. ‘കഷ്ടപ്പാടുകളോട് പൊരുതി നേട്ടങ്ങൾ കൈവരിക്കുന്ന അനാഥബാലൻ' എന്ന ഒരു ‘മോട്ടിവേഷണൽ ചരടും’ ഇതിലുണ്ട്. പക്ഷെ, അത്തരം നിരവധി കഥകൾ നമ്മൾ വായിച്ചിട്ടുള്ളതിനാൽ ഈ നോവൽപരമ്പരയുടെ വിജയത്തിന് കാരണം അതാണെന്ന് പറയുക വയ്യ.

മറ്റൊരു പ്രത്യേകത, മാന്ത്രികമായ ഒരു ലോകവും അതിനുതകുന്ന അന്തരീക്ഷവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇംഗ്ലണ്ടിലെ യഥാർത്ഥത്തിലുള്ള സ്ഥലങ്ങളിലാണ് എന്നതാണ്. ഹാരി ഹോഗ് വാർട്സി​ലേക്ക് പോകുന്ന കിംഗ്‌സ് ക്രോസ് റെയിൽവേ സ്റ്റേഷൻ ലണ്ടനിൽ ശരിക്കുമുള്ളതാണ്. ഇന്ന് അവിടെ നിർമിച്ചിട്ടുള്ള ഒമ്പതേമുക്കാൽ പ്ലാറ്റ്‌ഫോം നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. ഇത്തരത്തിൽ മാജിക്കിന്റേയും യാഥാർത്ഥ്യത്തിന്റേയും മിശ്രണം നോവലിന്റെ വിജയത്തിൽ പങ്കു വഹിച്ചിട്ടുണ്ടാകാം.

ഹാരി ഹോഗ് വാർട്സി​ലേക്ക് പോകുന്ന കിംഗ്‌സ് ക്രോസ് റെയിൽവേ സ്റ്റേഷൻ ലണ്ടനിൽ ശരിക്കുമുള്ളതാണ്. ഇന്ന് അവിടെ നിർമിച്ചിട്ടുള്ള ഒമ്പതേമുക്കാൽ പ്ലാറ്റ്‌ഫോം നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.

ഇതിനേക്കാളുപരിയായി നോവൽ രചനയിൽ എഴുത്തുകാരി പ്രയോഗിച്ച കൈയ്യടക്കം ശ്രദ്ധേയമാണ്. തന്റെ പതിനൊന്നാം വയസ്സിൽ ഹോഗ്​വാർട്​സി​ലെത്തുന്ന ഹാരിയുടെ ഏഴുവർഷങ്ങളാണല്ലോ ഏഴ് പുസ്തകങ്ങൾ. സ്വാഭാവികമായും 11 കാരന് 18 ൽ എത്തുമ്പോഴുണ്ടാകുന്ന പരിണാമങ്ങൾ ഈ പുസ്തകങ്ങളിൽ കാണാം. ആദ്യ നാലു പുസ്തകങ്ങളിൽ പ്രശ്‌നങ്ങളെ നേരിടുന്ന ഹാരിയ്ക്ക് പലവിധത്തിലുള്ള സംരക്ഷണവും സഹായവും ലഭിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന്, സ്‌കൂൾ പ്രിൻസിപ്പലായ ഡംബൾഡോറിൽ നിന്നാണ്. എന്നാൽ, അവസാനഘട്ടത്തിൽ ഹാരി ഏറെക്കുറേ തനിയെത്തന്നെയാണ് പോരാടുന്നത്. സാമൂഹിക ഇടപെടലുകൾ അവന് സ്‌കൂളിലും ബന്ധപ്പെട്ടവർക്കിടയിലും നേതൃസ്ഥാനം നേടിക്കൊടുക്കുന്നുണ്ട്. കൗമാരക്കാരൻ പ്രതീക്ഷിക്കുന്ന അംഗീകാരവും ആദരവും സ്‌നേഹവും പ്രണയവും എല്ലാം എഴുത്തുകാരി പോട്ടർക്ക് നൽകുന്നുണ്ട്. അവസാന ഘട്ടത്തിലെ പോരാട്ടത്തിൽ സ്‌കൂളിനുനേരെ അക്രമം അഴിച്ചുവിടുന്ന വോൾഡെമോർട്ടിന്റെ ഒരേയൊരു ലക്ഷ്യം ഹാരിയെ വിട്ടുകിട്ടുക എന്നതാകുമ്പോൾ അയാൾ ഹാരിയെ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നതിന് ഊന്നൽ ലഭിക്കുന്നു. അതോടൊപ്പം, തന്റെ ജീവന്റെ അവസാനത്തെ ഒരംശം ഹാരിയിലാണ് എന്നറിയാതെയാണ് അയാൾ അതിനൊരുങ്ങുന്നത്. അതിനാൽതന്നെ ഈ യുദ്ധത്തോടെ രണ്ടുപേരും അവസാനിച്ചേക്കും എന്നൊരു പ്രതീതിയും റൗളിംഗ് സൃഷ്ടിക്കുന്നുണ്ട്.

കുഞ്ഞുങ്ങളുടെ കുട്ടിക്കാലത്തെ സൂപ്പർ ഹീറോകളായ ഛോട്ടാ ഭീമിനേയും ശക്തിമാനേയുമൊക്കെ നോക്കൂ. അവരെയെല്ലാം ആ കാലങ്ങളിലുപേക്ഷിച്ചാണ് നമ്മുടെ കുഞ്ഞുങ്ങൾ വലുതാവുന്നത്.

കുട്ടിക്കഥയുടെ കെട്ടും മട്ടും വിട്ട് പോട്ടർ സീരീസ് കൗമാരക്കാരുടെ കഥയാകുന്നത് അഞ്ചാമത്തെ പുസ്തകം മുതലാണെന്നു പറയാം. നാലാമത്തെ പുസ്തകത്തോടെ (വർഷത്തോടെ) ഹാരിയുടെ ജീവിതത്തിലെ ഒരു കാലഘട്ടം അവസാനിച്ചതായി എഴുത്തുകാരിയും അവകാശപ്പെടുന്നുണ്ട്. ഏഴ് പുസ്തകങ്ങൾ എഴുതാൻ പത്ത് വർഷങ്ങൾ എടുത്തതുവഴി തന്റെ ആദ്യ പുസ്തകം വായിച്ച ഏഴു വയസ്സുകാരനെ പോലും ഹാരിയോടൊപ്പം പതിനേഴിലെത്തിക്കാൻ റൗളിംഗിനായി. സാധാരണ കുട്ടിക്കഥകളിലെ കഥാപാത്രങ്ങൾക്ക് പ്രായം കൂടാത്തതിനാൽ ഒരു നിശ്ചിത പ്രായത്തിനേക്കാൾ മുതിർന്ന ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ അവർക്കാവാറില്ല. നമ്മുടെ കുഞ്ഞുങ്ങളുടെ കുട്ടിക്കാലത്തെ സൂപ്പർ ഹീറോകളായ ഛോട്ടാ ഭീമിനേയും ശക്തിമാനേയുമൊക്കെ നോക്കൂ. അവരെയെല്ലാം ആ കാലങ്ങളിലുപേക്ഷിച്ചാണ് നമ്മുടെ കുഞ്ഞുങ്ങൾ വലുതാവുന്നത്. ഇതേ അവസ്ഥയാണ് കൗമാരക്കാരായ സൂപ്പർ ഹീറോകൾക്കും. ടിൻ ടിന്നും മറ്റും ഉദാഹരണം. എതോ പ്രായത്തിലുറച്ചുപോയ നമ്മുടെയൊക്കെ സിനിമാ നടന്മാർക്കും ഇതൊക്കെ ബാധകമാണ്. ഇവിടെയാണ് ഓരോ വർഷവും വായനക്കാരനോടൊപ്പം വളരുന്ന ഹാരി പോട്ടർ എന്ന സൂപ്പർ ഹീറോ നിരവധി ആരാധകരെ നേടി മുന്നേറുന്നത്.

നോവലിന്റെ മറ്റൊരു ആകർഷണം, കഥ നടക്കുന്ന സ്ഥലമാണ്. റൗളിംഗ് തന്റെ പുസ്തകത്തിൽ സമാന്തരമായൊരു റസിഡൻഷ്യൽ സ്‌കൂൾ സൃഷ്ടിക്കുന്നുണ്ട്. ആ സ്‌കൂളാണ് കഥയുടെ തുടക്കത്തിൽ ഹാരിയുടെ പ്രതീക്ഷയും അഭയസ്ഥാനവും. അവസാനഘട്ടത്തിൽ ഹാരിയെ കൊല്ലാൻ വോൾഡെമോർട്ട് ആക്രമിക്കുന്നതും ആ സ്‌കൂളിനെയാണ്.

എന്തുകൊണ്ട് ഹോഗ് വാർട്ട്‌സ്?

ഹാരിപ്പോട്ടർ സിനിമാ സീരീസിൽ ഹോഗ്‌വാർട്ട്സ് സ്‌കൂൾ ഓഫ് വിച്ച്‌ക്രാഫ്റ്റ് ആൻഡ് വിസാർഡ്രി ആയി പ്രത്യക്ഷപ്പെടുന്ന ഇംഗ്ലണ്ടിലെ ആൽൻവിക്ക് കാസിൽ. / Photo : Unsplash.com

കഥയുടെ പ്രശസ്തിയിൽ ഹോഗ് വാർട്ട്‌സും അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട് എന്നു കാണാം. നാല് ഹൗസുകളും അവയുടെ മേൽനോട്ടക്കാരുമാണ്​ ഇവിടെയുള്ളത്. പലപ്രായത്തിലുള്ള കുട്ടികൾ ഇടകലർന്നാണ് താമസം. പഠനത്തിലും പരസ്പരം സഹായിക്കുന്നതിനുമൊക്കെ ഈയൊരു ഘടന പൊതുവേ മികച്ചതായാണ് കണക്കാക്കുന്നത്. നമ്മുടെ നാട്ടിലെ നവോദയ പോലുള്ള, ഒട്ടു മിക്ക റസിഡൻഷ്യൽ സ്‌ക്കൂളുകളും ഏറെക്കുറേ ഈയൊരു ഘടനയാണ് നിലനിർത്തുന്നത്. പലപ്പോഴും വീടുകളിൽ വേണ്ടത്ര പഠനാന്തരീക്ഷമില്ലാത്ത കുട്ടികളുടെ അഭയസ്ഥാനമാവാറുണ്ട് ഇത്തരം സ്‌കൂളുകൾ. കേരളത്തിലെ നവോദയ സ്‌ക്കൂളിൽനിന്ന്​ പുറത്തുവന്ന ഒരു കുട്ടി പിന്നീട് ഗവേഷണബിരുദം പൂർത്തിയാക്കിയശേഷം നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞത്, ഇത്രയധികം ഭക്ഷണവിഭവങ്ങൾ ലോകത്തുണ്ടെന്ന് താനറിഞ്ഞത് നവോദയയിൽ എത്തിയശേഷമാണ് എന്നാണ്. സമൂഹത്തിലെ പലതട്ടുകളിൽ നിന്നുള്ള കുട്ടികൾ ഇടകലർന്ന് താമസിച്ചു പഠിക്കുന്നതിനാൽ കുട്ടികളുടെ സാമൂഹ്യവൽക്കരണപ്രക്രിയയെ ഇത്തരം സ്‌കൂളുകൾ സഹായിക്കുകയും ചെയ്യും. കുട്ടികൾ സ്‌ക്കൂളിനോടു ചേർന്നുതന്നെ താമസിക്കുന്നതിനാൽ പഠനകാര്യങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾക്ക് കൂടുതൽ സമയം ചെലവഴിക്കാനുള്ള സാഹചര്യവും ഇത്തരം സ്‌കൂളുകളിലുണ്ടാകും. പല സ്വകാര്യ വിദ്യാലയങ്ങളും കുട്ടികൾ 24 മണിക്കൂറും അധികൃതരുടെ നിരീക്ഷണത്തിലാകുമെന്നതിനാൽ ‘വഴിതെറ്റിപ്പോവില്ല’ എന്നതുകൂടി പരസ്യത്തിൽ പറയാൻ മടികാണിക്കാറില്ല. എന്നാൽ ഇത്തരം സ്‌ക്കൂളുകളിൽ പഠിച്ച കുട്ടികൾക്ക് അത്തരം നിയന്ത്രണങ്ങളെ മറികടന്നതിന്റെ നിരവധി കഥകൾ പറയാനും ഉണ്ടാകും. അധികൃതരുടെ കണ്ണുവെട്ടിച്ച് ഹാരിയും കൂട്ടരും നടത്തുന്ന ഓരോ പ്രവർത്തിയും അതിനാൽ തന്നെ വായനക്കാരുടെ ആവേശത്തെ വാനോളം ഉയർത്തുകയും ചെയ്യുന്നു.

നമ്മുടെ നാട്ടിലെ നവോദയ പോലുള്ള, ഒട്ടു മിക്ക റസിഡൻഷ്യൽ സ്‌ക്കൂളുകളും ഏറെക്കുറേ 'ഹോഗ്‌വാർട്ട്സ് സ്‌കൂളിൻറെ' ഘടനയാണ് നിലനിർത്തുന്നത്. / Photo : Wikimedia Commons

ബോർഡിംഗ് സ്‌കൂളുകൾ നല്ലതുമാത്രം പകരുന്ന ഇടങ്ങളാണ് എന്നുകരുതുന്നത് തെറ്റാണ്. സാമ്പത്തികമായും സാമൂഹികമായും സുരക്ഷിതരല്ലാത്ത കുട്ടികളുടെ അഭയസ്ഥാനമാകുന്നതിനാൽ തന്നെ അവർക്കെതിരെയുള്ള ശാരീരിക- മാനസിക കൈയ്യേറ്റങ്ങൾ പലപ്പോഴും ഇവിടങ്ങളിൽ തന്നെ കുഴിച്ചുമൂടപ്പെട്ടേക്കാം. അധികൃതരുടെ കണ്ണിൽപെടാതെ മുതിർന്ന കുട്ടികൾ പലപ്പോഴും താഴെയുള്ളവരെ ദ്രോഹിക്കാനുള്ള സാധ്യതകൾ ഇത്തരം ഇടങ്ങളിലുണ്ട് (Bullying). അത്തരം അനുഭവങ്ങളുള്ളവർ ബോർഡിംഗ് സ്‌ക്കൂളുകളെ കാണുന്ന രീതി മറ്റൊന്നാകും. മുതിർന്ന കുട്ടികളിൽനിന്ന് ആക്രമണം നേരിട്ടിട്ടില്ലെങ്കിലും സഹപാഠിയും വംശശുദ്ധിയിൽ അഭിമാനിക്കുന്നവനുമായ ഡ്രാകോ മാൽഫോയിയിൽ നിന്നും അവന്റെ കൂട്ടുകാരിൽ നിന്നും ഹാരിക്കും കൂട്ടുകാർക്കും താഴ്ന്ന ക്ലാസിലെ ചില കുട്ടികൾക്കും അത്തരം അനുഭവങ്ങളുണ്ടാകുന്നുണ്ട്.

സത്യത്തിൽ സ്‌കൂൾ കഥകൾ സാഹിത്യത്തിൽ പുതിയതല്ല. അതിൽ തന്നെ ബോർഡിംഗ് സ്‌കൂൾ കഥകളുടെ വലിയൊരു വിഭാഗമുണ്ട്. 1749 ൽ സാറാ ഫീൽഡിഗ് (Sarah Fielding) രചിച്ച The Governess or The Little Female Academy ആണ് ഈ വിഭാഗത്തിൽ ആദ്യത്തേതായി കരുതപ്പെടുന്നത്. 1857 വരെയുള്ള വർഷങ്ങളിൽ നൂറോളം സ്‌കൂൾ കഥകളാണ് പുറത്തുവന്നത് . അക്കൂട്ടത്തിൽ, 1940-50 കാലത്ത് ഇനിഡ്​ ബ്ലൈറ്റൺ (Enid Blyton) രചിച്ച St. Clare's, Malroy Towers, The Naughtiest Girl Series ഇപ്പോഴും നിരവധി കൗമാരക്കാരുടെ ഇഷ്ടപ്പെട്ട സീരീസ് ആണ്.

ബോർഡിംഗ് സ്‌കൂൾ കഥകൾ നിരീക്ഷിച്ചാൽ കാണുന്ന ചില പൊതു പ്രവണതകളായ ആഴമുള്ള കൂട്ടുകെട്ടുകൾ, വിശ്വസ്തത, ധീരത, അസൂയ, മേട്ടത്തരം എന്നിവയെല്ലാം ബ്ലിട്ടന്റെ കഥകളിലും കാണാം. പക്ഷെ അതുവരെയുള്ള കഥകളിൽ നിന്ന്​ വ്യത്യസ്തമായി ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നു പഠിക്കുന്ന സ്‌ക്കൂളാണ് ബ്ലിട്ടൻ മാൽറോയ് ടവേഴ്‌സിൽ സൃഷ്ടിച്ചത്. എന്നാൽ, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സമൂഹത്തിലും ക്ലാസ് മുറികളിലും ജനാധിപത്യത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും, അറിവിന്റെ മാനുഷിക മുഖത്തെക്കുറിച്ചുമൊക്കെ വിദ്യാഭ്യാസവിദഗ്ദ്ധർ ചർച്ച ചെയ്തുതുടങ്ങിയതോടെ ഇത്തരം ബോർഡിംഗ് സ്‌ക്കൂൾ കഥകളും അധികമിറങ്ങാതായി.

ഈ പരമ്പരയിൽ വന്ന മറ്റൊരു ബെസ്റ്റ് സെല്ലർ 1974 ൽ ജിൽ മർഫി (Jill Murphy) രചിച്ച ദി വേഴ്​സ്​റ്റ്​ വിച്ച്​ (The Worst Witch) ആണ്. പോട്ടർ പരമ്പര ഇറങ്ങിയ കാലത്ത് മർഫിയുടെ പുസ്തകത്തിലെ മാന്ത്രികവിദ്യാലയത്തിനും റൗളിഗിന്റെ ഹോഗ് വാർട്ട്‌സിനും തമ്മിൽ നിരവധി സമാനതകളുണ്ടെന്ന വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നെങ്കിലും അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല. പോട്ടർ പരമ്പരകളിലെ ക്ലാസ് മുറികളും പഠനരീതികളേയും വിശകലനം ചെയ്യാനാണിവിടെ ശ്രമിക്കുന്നത്.

പുതിയ പാഠപുസ്തകങ്ങളിനിയും കിട്ടാത്ത സ്‌കൂളുകളുണ്ടോ?

ബോധനരീതികളെന്നത് നിരന്തരം പുതുക്കപ്പെടുന്ന ഒന്നാണല്ലോ. ഓരോ കാലഘട്ടത്തിലും അതാതു വിഷയങ്ങളിൽ കണ്ടെത്തുന്ന (Discover or invent) പുത്തനറിവുകൾക്കുപുറമേ, മനഃശ്ശാസ്ത്രത്തിലും തത്വചിന്തയിലും സാങ്കേതികവിദ്യയിലും മറ്റും വരുന്ന മാറ്റങ്ങളും ചർച്ചകളും ക്ലാസ് മുറികളേയും അറിവിന്റെ വിനിമയത്തേയും സ്വാധീനിക്കുമെന്നത് തർക്കമറ്റ വസ്തുതയാണല്ലോ. നമ്മൾ വസ്തുതകൾ എത്രവേഗം മറക്കുന്നു എന്നത്​ വിശദീകരിക്കാൻ 1885ൽ ഹെർമൻ എബിൻഗോസ് (Hermann Ebbinghaus) അവതരിപ്പിച്ച ഫോർഗെറ്റിംഗ്​ കർവ്​(forgetting curve) മുതൽ വിദ്യാഭ്യാസത്തെ മാറ്റിമറിച്ച സിദ്ധാന്തങ്ങൾ നിരവധിയാണ് . അറിവിന്റെ മണ്ഡലങ്ങൾ വികസിക്കുന്നിടത്തോളം വിദ്യാഭ്യാസരംഗത്തുള്ള മാറ്റം അനിവാര്യതയാണ്. തങ്ങൾ പഠിച്ചകാലത്തെക്കുറിച്ചും അന്നത്തെ ക്ലാസ് മുറികളെക്കുറിച്ചും ഗൃഹാതുരതയോടെ ഓർക്കാം എന്നല്ലാതെ അതേരീതിയിൽ വേണം ഇന്നത്തെ തലമുറയും പഠിക്കേണ്ടത് എന്ന് വാശിപിടിക്കുന്നത് കടുംകൈയാകും.

പോട്ടർ പരമ്പരയിലെ ക്ലാസ് മുറികളെക്കുറിച്ച് വിശകലനം ചെയ്യുന്നതിനു മുൻപ് ആ ക്ലാസ് മുറികളുടെ കാലത്തെക്കുറിച്ച് അറിയണം. ഹാരിപോട്ടർ പരമ്പരയിലെ കാലഗണനയെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നത് സ്‌കൂളുമായും അവിടെ നടക്കുന്ന സംഭവങ്ങളുമായും ബന്ധപ്പെട്ട ചെറിയ ചില സൂചനകളിലൂടെ മാത്രമാണ്. അതിലൊന്ന് ആദ്യ പുസ്തകത്തിൽ നിന്നുള്ളതാണ്. മാന്ത്രികരുടെ ലോകത്തെ പത്രമായ ഡെയ്​ലി പ്രോഫെറ്റിലെ വാർത്തയിലെ തിയ്യതി അനുസരിച്ച് 1991 ലാണ്​ ഫിലോസഫേഴ്​സ്​ സ്​റ്റോൺ (Philosopher's stone) ഗ്രിൻ ഗോട്ടിൽ നിന്ന്​ മോഷ്ടിക്കാൻ വിഫലശ്രമം നടക്കുന്നത്. 1492 ൽ നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ട Nearly Headless Nick ന്റെ അഞ്ഞൂറാമത് ചരമവാർഷികപാർട്ടി നടക്കുന്നത് ഹാരി അവിടെയെത്തിയതിന്റെ രണ്ടാം വർഷമാണ്. മറ്റൊരു സൂചന ട്രിവിസാഡ്​ ടൂർണമെൻറിനെ (Triwizard Tournament ) കുറിച്ചുള്ളതാണ്. 1792 ൽ നിലച്ചുപോയ ഈ മത്സരം പുനരാരംഭിക്കുമ്പോൾ ഹോഗ്​വാർട്​സിനുപുറമേ ഇംഗ്ലണ്ടിൽ രണ്ട് വലിയ മാജിക്ക് സ്‌കൂളുകളായ Durmstrang Institute ലേയും Beauxbaton's Academy of Magic ലേയും കുട്ടികൾ കൂടി 1994 ൽ ഹോഗ്​വാർട്​സിലെത്തുന്നുണ്ട്. അപ്പോൾ ഹാരി തന്റെ നാലാം വർഷത്തിലാണ്. അതായത് 1990 കളിലാണ് ഹാരിയും സ്‌കൂളിൽ പഠിക്കുന്നത്.

ഇനി അല്പം യാഥാർത്ഥ്യത്തിലേക്കുവരാം.1980 കൾക്കുശേഷം ബ്രസീലിയൻ വിദ്യാഭ്യാസ വിദഗ്ദ്ധനായ പൗലോ ഫ്രയറിന്റെ മർദ്ദിതരുടെ ബോധനശാസ്ത്രം (Pedagogy of the Oppressed) അദ്ധ്യാപക- വിദ്യാർത്ഥി ബന്ധത്തേയും ക്ലാസ് മുറികളിലെ അറിവിന്റെ കൈമാറ്റത്തേയും വിമർശനാത്മകമായി സമീപിച്ചു. ഈ ആശയങ്ങൾ വിമർശനാത്മക ബോധനശാസ്ത്രമെന്ന വിനിമയരീതി മുന്നോട്ടു വെച്ചത് വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. അതിന്റെ അനുരണനങ്ങൾ ഇംഗ്ലണ്ടിലുമുണ്ടായിട്ടുണ്ട്.

1944 നുശേഷം 1988ലാണ് ഇംഗ്ലണ്ടിൽ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ പരിഷ്‌കാരം നടപ്പാകുന്നതെന്ന് യൂണിവേഴ്‌സിറ്റ് ഓഫ് ലണ്ടനിലെ ഫാക്കൽറ്റിയായ റിച്ചാർഡ് ആൾഡ്രിക് 1992 ലെ ഹിസ്​റ്ററി ഓഫ്​ എഡ്യുക്കേഷൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച, 1980കളിലെ ഇംഗ്ലണ്ടിലെ എഡ്യുക്കേഷനൽ ലജിസ്ലേഷനിൽ (Educational Legislation of 1980s in England: An Historical Analysis) പറയുന്നുണ്ട്. ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ദർശനപരമായും പ്രായോഗികമായും മാറ്റുന്നതിനുള്ള പദ്ധതികൾ ഉൾക്കൊള്ളുന്ന തരത്തിലായിരുന്നു ആ നിയമമത്രേ. അതിനെ തുടർന്ന് അദ്ധ്യാപക പരിശീലനത്തെ സംബന്ധിച്ച സജീവമായ ചർച്ചകൾ നടന്നു. അതേതുടർന്ന് 17 മേഖലകളിൽ അദ്ധ്യാപകർക്ക് പരിശീലനം നൽകുകയും അദ്ധ്യാപന പരിശീലന പരിപാടികളുടെ നിലവാരം നിർണയിക്കുന്ന രേഖകൾ തയ്യാറാക്കപ്പെടുകയും ചെയ്തു. 1985 ലാണ് ഏവർക്കും വിദ്യാഭ്യാസമെന്ന രേഖ തയ്യാറാകുന്നത്. 1988 ൽ ഈ പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് കരുതപ്പെടുന്ന എഡ്യുക്കേഷൻ റിഫോംസ്​ ആക്​റ്റ്​ പാസായി.

ഈ മാറ്റങ്ങളുടെ സമാനചലനങ്ങൾ ലോകമെമ്പാടുമുണ്ടായി. കുട്ടികൾ വിദ്യാഭ്യാസത്തിന്റെ കേന്ദ്രസ്ഥാനത്തേക്കുവരുന്ന കൺസ്​ട്രക്​റ്റിവിസ്​റ്റ്​ ലേണിങ്​, ജോയ്​ഫുൾ ലേണിങ്​ തുടങ്ങിയ ആശയങ്ങളെല്ലാം ഇന്ത്യയിലും സജീവമാകുന്നത് 1990 കാലത്താണെന്നുകൂടി ഓർക്കാം. ഈ മാറ്റങ്ങൾക്കൊപ്പമോ തൊട്ടു പുറകേയോ ആണ് റൗളിംഗ് രണ്ടു ഘട്ടങ്ങളിലായി അദ്ധ്യാപന ജോലിയിലേർപ്പെടുന്നത്. തന്റെ അമ്മയുടെ മരണശേഷം ആദ്യം ഒരു പോർച്ചുഗീസ് സ്‌കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപികയായും പിന്നീട് 1993 ൽ ഇംഗ്ലണ്ടിലെ സ്‌കൂളിൽ ഫ്രഞ്ച് അദ്ധ്യാപികയായും ജെ. കെ. റൗളിംഗ് ജോലി ചെയ്തിരുന്നു. അതിനാൽ തന്നെ വിദ്യാഭ്യാസ മേഖലയിലെ ഈ മാറ്റങ്ങൾ അവർ കാണാതിരിക്കാൻ സാദ്ധ്യതയില്ല. അതോടൊപ്പം, മാറ്റങ്ങളെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ഉൾക്കൊള്ളാനും നടപ്പിൽവരുത്താനും പത്തുവർഷങ്ങൾക്കു ശേഷം അദ്ധ്യാപകർക്ക് സാധിച്ചിരുന്നോ എന്ന ചോദ്യത്തിന് ഉത്തരവും റൗളിംഗിന്റെ കഥകളിലെ സ്‌കൂളായ ഹോഗ്​വാർട്​സിൽ നമുക്ക് തേടാവുന്നതാണ്.

ഇത്തരം ഒരു സ്‌കൂൾ തന്റെ നോവലുകളിൽ സൃഷ്ടിക്കുമ്പോൾ റൗളിംഗ് മാതൃകയാക്കിയത് ഏതുതരം സ്‌ക്കൂളായിരിക്കാം? അത് താൻ പഠിപ്പിക്കുന്ന സ്‌കൂളുകളാകാനിടയില്ല, മറിച്ച് താൻ പഠിപ്പിച്ച, പത്തിലേറെ വർഷങ്ങളെങ്കിലും പിറകിലുള്ള ബ്രിട്ടീഷ്, ഫ്രഞ്ചു നോവലുകളിലെ സ്‌കൂളുകൾ (മർഫിയുടേതുൾപ്പടെ!) ആകാം എന്നതുമൊരു വാദമാണ്. എന്നാൽ നോവലിന്റെ ആരാധകവൃന്ദത്തിന്റെ പ്രായം കണക്കിലെടുക്കുമ്പോൾ കൂടുതൽ സാധ്യത മറ്റൊന്നിനാണ്. അതിലേക്ക് നമുക്ക് വരാം.

ജെ. കെ. റൗളിംഗ്. / Photo : J.K. Rowling, Fb Page

ഏതൊരു സമൂഹവും കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുന്നത് എന്തിനാണ് എന്നതിന് ഉത്തരം അന്വേഷിച്ചാൽ, ആ സമൂഹത്തിനാവശ്യമുള്ള ഭാവിപൗരന്മാരെ വാർത്തെടുക്കാൻ എന്ന മറുപടിയിലാണ് ചെന്നെത്തുക. അത്തരത്തിൽ ഭാവിയിൽ മാന്ത്രിക സമൂഹത്തിൽ ജീവിക്കാൻ വേണ്ട സ്‌കില്ലുള്ള മാന്ത്രികരേയും മന്ത്രവാദിനികളേയും ഒരുക്കുകയെന്ന ദൗത്യമാണ് ഈ സ്‌കൂളും ചെയ്യുന്നത്. 2018 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ എംമ്പാലിയ തോമസും കൂട്ടരും ചൂണ്ടിക്കാട്ടിയതു പോലെ ഹോഗ് വാർട്ട്‌സ് ഒരു സാധാരണ സ്‌കൂളല്ല, മറിച്ച് അതൊരു ടെക്‌നിക്കൽ സ്‌കൂളാണ്. അത്തരം ക്ലാസ് മുറികളിലെ ബോധനരീതികൾ സാധാരണ ക്ലാസ് മുറികളിലേതിൽ നിന്ന്​ വ്യത്യസ്തമാണല്ലോ.

ലോകമെങ്ങും തൊഴിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങൾ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. എൺപതുകൾക്കുമുൻപുതന്നെ വിദ്യാഭ്യാസ വിദഗ്ധരും തൊഴിൽദാതാക്കളും അത്തരം പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയിരുന്നു. ഇത്തരം സ്‌കൂളുകളിൽ പഠിക്കാനെത്തുന്നവരിൽ വലിയൊരു വിഭാഗം സാധാരണ ക്ലാസ് മുറികളിലെ രീതികൾക്ക് അനുയോജ്യരാവാതെ പുറന്തള്ളപ്പെട്ടു പോവുന്നവരാണ് എന്നതാണ് അതിലൊന്ന്. കണക്കും സയൻസും ഭാഷയും പോലുള്ള വിഷയങ്ങളിൽ അടിസ്ഥാനശേഷികൾ നേടാനാവാത്തവർക്ക്​, തൊഴിൽ വൈദഗ്ധ്യമുള്ളവരായാൽപ്പോലും, മാറുന്ന സാഹചര്യത്തോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുണ്ടാകും. അതോടൊപ്പം, ഇത്തരം സ്‌കൂളുകളിലെ സിലബസ് അവരിൽ ആവശ്യമുള്ള തൊഴിൽ നൈപുണികൾ വളർത്തുന്നില്ല എന്ന പരാതികളും ശക്തമായിരുന്നു. അതോടൊപ്പം, തൊഴിലിടങ്ങളിൽ നിന്ന് ഏറെക്കാലമായി മാറി നിൽക്കുന്ന അദ്ധ്യാപകർ അവരുടെ പുതുക്കപ്പെടാത്ത അറിവുകൾ മാറ്റമില്ലാതെ പകർന്നുനൽകുന്ന പഠനരീതികളും പ്രശ്‌നം രൂക്ഷമാക്കി.

എൺപതുകളിലും തൊണ്ണൂറുകളിലും വൊക്കേഷണൽ സ്‌കൂളുകളുടെ പാഠ്യപദ്ധതികളും ബോധനരീതികളുമെല്ലാം പൊതുസമൂഹം വിമർശനാത്മകമായി നോക്കിക്കാണാൻ തുടങ്ങി. കേവലം ഒരു നൈപുണി പഠിച്ച് അതുപയോഗിക്കാനുള്ള തൊഴിൽ നേടുകയും ജീവിതകാലം മുഴുവൻ അതേ തൊഴിൽ തുടരുകയും ചെയ്യുന്ന കാലത്തിൽ നിന്ന്​ നമ്മളിന്ന് മുന്നോട്ടു വന്നിരിക്കുന്നു. മുരളി തുമ്മാരുകുടി സൂചിപ്പിച്ചതുപോലെ സ്ഥിരമായി ഒരേ തൊഴിലിൽ തുടരുക എന്നതൊക്കെ വെറും സ്വപ്നമാകുന്ന ഒരു കാലത്തേക്കാണ് യുവാക്കളുടേയും കുട്ടികളുടേയും യാത്ര. അതിനാൽ തന്നെ ആവശ്യമായ നൈപുണികൾ നേടുന്നതോടൊപ്പം പുതിയ സാഹചര്യങ്ങളോട് ഇഴുകിച്ചേർന്ന് അറിവുകളെ വിപുലീകരിക്കാൻ കൂടി കഴിവുള്ളവരെയാണ് തൊഴിൽ മേഖലകൾ സ്വീകരിക്കുന്നത് എന്നു കാണാം. കേവലം ഒരു തൊഴിലിൽ കഴിവുള്ളവരാവുന്നതിനപ്പുറം ഭാഷ, അടിസ്ഥാന ഗണിതം എന്നിവയിൽ പ്രാഗത്ഭ്യം ഉണ്ടാവുക, കൂടുതൽ ആളുകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുക, തൊഴിലിൽ സർഗ്ഗാത്മക മാറ്റം വരുത്തി സ്വയം നവീകരിക്കാൻ പ്രാപ്തരാവുക എന്നിങ്ങനെ നിരവധി കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതു കൂടിയാകണം നമ്മുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസകേന്ദ്രങ്ങളുടെ ലക്ഷ്യം. അതിനാൽ തന്നെ പുതിയ കാലത്തെ തൊഴിൽ പാഠശാലകൾ കുട്ടികളെ കേന്ദ്രസ്ഥാനത്ത് കണ്ടാണ് പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് ക്ലാസ് മുറിക്കകത്തും പുറത്തും അവരുടെ അറിവുപയോഗിക്കാൻ നിരവധി അവസരങ്ങൾ നൽകുക, പുതിയ സാഹചര്യങ്ങളെ നേരിടാൻ തക്കവണ്ണം അവരെ പ്രാപ്തരാക്കുക എന്നതെല്ലാമാണ് ഇന്നത്തെ തൊഴിൽ പാഠശാലകൾ മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട്.

'ഹാരിപ്പോട്ടർ' സിനിമയിൽ നിന്ന്

ഒരു തൊഴിൽ പാഠശാലയെന്ന വിധത്തിൽ ഹോഗ് വാർട്ടിസിനെ കാണുമ്പോൾ റൗളിംഗ് ഈയൊരു കാഴ്ചപ്പാട്​ ഉൾക്കൊണ്ടിട്ടുണ്ടോ എന്നതും സംശയമാണ്. പതിനൊന്നു വയസ്സുവരെ സാധാരണ സ്‌കൂളുകളിൽ പഠിച്ചുവരുന്ന കുട്ടികളായതിനാൽ അത്യാവശ്യം വായിക്കാനും എഴുതാനും കണക്കുകൂട്ടാനും പഠിച്ച ശേഷമാണ് ഈ കുട്ടികളെത്തുന്നത്. പഠനശേഷം സാധാരണലോകത്തെ തൊഴിലുകളല്ല ആ കുട്ടികളെ കാത്തിരിക്കുന്നത്. അതിനാൽ, പാഠ്യവിഷയങ്ങളിലും ബോധനരീതികളിലും അതിന്റേതായ ചിട്ടകൾ വേണ്ടതാണ്.

ആദ്യ വർഷം മുതൽ ചെയ്തറിവി*നാണവിടെ പ്രാധാന്യമെന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ പല ക്ലാസ് മുറികളിലും അദ്ധ്യാപകർ കാണിച്ചു കൊടുക്കുകയും കുട്ടികൾ അത് ക്ലാസ് മുറിയിൽ വെച്ചുതന്നെ നിരന്തരം ആവർത്തിച്ച് പരിശീലിക്കുകയും ചെയ്യുന്ന പഴയ പഠനരീതിയാണ് ഇവിടേയും തുടർന്നുപോകുന്നത്. അദ്ധ്യാപകർ പറഞ്ഞുകൊടുക്കുന്നത് കടുകിട മാറാതെ ആവർത്തിക്കുന്നവരാണ് മികച്ച വിദ്യാർത്ഥികളാകുന്നത്. ചെറിയ മാന്ത്രികവിദ്യകളായാലും ദുഷ്ടശക്തികളോടുള്ള പോരാട്ടമായാലും ക്ലാസ് മുറിയിൽ നടക്കുന്ന കാര്യങ്ങൾ അങ്ങനെത്തന്നെയാണ്. പാഠപുസ്തകത്തിലെ കാര്യങ്ങൾ അതേപടി ആവർത്തിക്കാൻ കഴിവുള്ള ഹെർമിയോണി, ഹാരിപോട്ടറിനേയും റോണിനേയുമൊക്കെ അപേക്ഷിച്ച് ഉയർന്ന ഗ്രേഡ് നേടുന്നുണ്ട്. മാന്ത്രികവിദ്യയുടെ ചരിത്രം പോലെ ഓർമശക്തിക്ക് അമിതപ്രാധാന്യം കൊടുക്കുന്ന വിഷയം സിലബസിലുണ്ടെന്നത് മറന്നുകളയുന്നില്ല. (ഉറക്കത്തിനിടയിൽ മരിച്ചു പോയിട്ടും പഠിപ്പിക്കൽ നിർത്താത്ത പ്രൊഫസർ ബിൻസ് എന്ന ആത്മാവാണ് പോട്ടറേയും കൂട്ടുകാരേയും ചരിത്രം പഠിപ്പിച്ച് ബോറടിപ്പിക്കുന്നത്. അതിനാൽ തന്നെ ഒട്ടു മിക്ക കുട്ടികളും മാന്ത്രികനാവാനുള്ള സാധാരണ ലെവൽ പൂർത്തിയാക്കിയാൽ ചരിത്രക്ലാസിൽ നിന്ന്​ ഓടി രക്ഷപ്പെടാറാണ് പതിവെന്ന് ഹാരിപോട്ടർ വിക്കി തന്നെ പറയുന്നു.) നക്ഷത്രങ്ങളെ നിരീക്ഷിച്ച് ഭാവി പറയുന്ന ഒരു ക്ലാസുള്ളതിനാൽ യുക്തിചിന്ത ആവശ്യമുള്ള കണക്കും പഠിപ്പിക്കുന്നുണ്ടായിരിക്കണം. ഭാവി പറയാനായി നക്ഷത്രങ്ങളുടെ സഞ്ചാരപാതയെക്കുറിച്ചറിയണമെങ്കിൽ കണക്കല്ലാതെ വേറെ വഴിയില്ലല്ലോ. എന്നാൽ ചെസ്​ കളിയൊക്കെ കടന്നുവരുന്നുണ്ടെങ്കിലും പുസ്തകങ്ങളിലെവിടെയും റൗളിംഗ് കണക്കിനെക്കുറിച്ച് പറഞ്ഞിട്ടേയില്ല.

അതുപോലെ, ഭാഷയോ സാമ്പത്തിക ഇടപാടുകളോ ഹോഗ് വാർട്ടസിലെ പഠന വിഷയമായി വരുന്നില്ല. പണം കൈകാര്യം ചെയ്യുന്ന തൊഴിൽ ഗോബ് ലിനുകൾ എന്ന വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ് . അവരാകട്ടെ ഹോഗ് വാർട്ട്‌സ് അടക്കമുള്ള മാന്ത്രിക സ്‌കൂളുകളിൽ പഠിക്കുന്നതായി പറയുന്നില്ല. അവർക്ക് ജന്മനാ ചില മാന്ത്രികവിദ്യകൾ അറിയാമെന്ന സൂചനയുണ്ട്. മാന്ത്രികരിൽ പ്രശസ്തരായ കലാകാരന്മാരുള്ളതായ സൂചനകളും ഇല്ല (കുട്ടികൾ വാർഷികത്തിനും മറ്റും നൃത്തം ചെയ്യുന്നുണ്ടെങ്കിൽ കൂടിയും). അതിനാൽ തന്നെയാകണം കലയും ഇവിടെ ഒരു പാഠ്യവിഷയമല്ല.

വിനയചന്ദ്രന്മാരും കടുവാതോമമാരും (രവി പപ്പനാവന്മാരും)

സാധാരണ സ്‌കൂളുകളിലേതുപോലെ കുട്ടികളോടുള്ള അദ്ധ്യാപകരുടെ പെരുമാറ്റം അവരുടെ പ്രകടനത്തിൽ ഒരു പ്രധാന ഘടകമാകുന്നുണ്ട്. കുട്ടികളുടെ വംശാവലി തിരഞ്ഞ് അവരോട് പെരുമാറുന്ന ‘മാതൃകാ അദ്ധ്യാപകരും' ഹോഗ് വാർട്ട്‌സിലുണ്ട്. ഹാരി പോലും ചിലരുടെ സ്‌നേഹഭാജനവും മറ്റു ചിലരുടെ ശത്രുവുമായിരുന്നു. ആദ്യ ദിവസം മുതൽ ഹാരിയോട് വളരെ കർക്കശമായും ഒട്ടൊരു പുച്ഛത്തോടെയും ഇടപെടുന്ന പ്രൊഫസർ സ്‌നേപ്പിന്റെ ക്ലാസുകൾ ഉദാഹരണം. ഹാരിയുടെ ആത്മവിശ്വാസത്തെ തല്ലിക്കെടുത്താൻ കിട്ടുന്ന ഓരോ അവസരവും അയാൾ ഉപയോഗിക്കുന്നുണ്ട്. അതിന്റെ കാരണം, ഹാരിയുടെ മുഖം കാണുമ്പോൾ കുട്ടിക്കാലത്ത് തന്റെ ശത്രുവായിരുന്ന ജെയിംസിനെ (ഹാരിയുടെ അച്ഛൻ) ഓർമ വരുന്നു എന്നതാണ്. എന്നാൽ ഹോഗ് വാർട്ട്‌സിലെ മോശം അദ്ധ്യാപകരെ അവരുടെ രീതികളും പെരുമാറ്റവുമനുസരിച്ച് റാങ്ക് ചെയ്തിട്ടുള്ള മാഡിസിൻ എസ്പിനോസയുടെ ലേഖനത്തിൽ മൂന്നാംസ്ഥാനമേ സ്‌നേപ്പിനുള്ളൂ . എസ്പിനോസ ഏറ്റവും മോശം അദ്ധ്യാപകരായി കാണുന്നത് ഏഴാം വർഷം സാധാരണക്കാരെ പറ്റി പഠിപ്പിക്കാനായി മഗ്ഗ്ൾ സ്​റ്റീസിലെത്തുന്ന അലെക്ടോ കാരോയും ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ പഠിപ്പിക്കാനെത്തുന്ന (Defense Against Dark Arts) അമികസ് കാരോയുമാണ്. ഈ സഹോദരങ്ങൾ തങ്ങൾക്കിഷ്ടമില്ലാത്ത കുട്ടികളെ ശാരീരികമായി ദ്രോഹിക്കുന്നവരും അവരുടെ നേരെ കടുത്ത മാന്ത്രികപ്രയോഗങ്ങൾ നടത്താൻ മടിയില്ലാത്തവരുമായിരുന്നു. അതിനവരെ പ്രേരിപ്പിച്ചിരുന്നത് അവർ പുലർത്തിപ്പോന്ന ശുദ്ധരക്തവാദമായിരുന്നു എന്നു കൂടി അറിയണം. അത്തരം കടുത്ത ജാതിവാദികൾ നമ്മുടെ അദ്ധ്യാപകർക്കിടയിലും അപൂർവ്വമൊന്നുമല്ലല്ലോ. അദ്ധ്യാപകർക്കിടയിൽ തങ്ങളുടെ സ്വഭാവത്തിലെ സങ്കീർണ്ണതകൾ കൊണ്ട് നമ്മെ അമ്പരപ്പിക്കുന്ന ഒരാൾ പ്രൊഫസർ സ്‌നേപ്പ് ആണ്. അതിനുള്ള കാരണങ്ങളും എഴുത്തുകാരി വിശദമാക്കുന്നുണ്ട്. മറ്റൊരാൾ തന്റെ കണിശതകൊണ്ട് കടുപ്പപ്പെട്ടവളായി തോന്നുന്നുവെങ്കിലും കുട്ടികളെ അവശ്യഘട്ടത്തിൽ സഹായിക്കാൻ നിയമവും ചട്ടവുമൊക്കെ മാറ്റിവെക്കാൻ മടിയില്ലാത്ത പ്രൊഫസർ മക്‌ഗൊണഗൽ ആണ്. ഇത്തരത്തിലുള്ള നിരവധി അദ്ധ്യാപകരെ കാണുമ്പോൾ വായിക്കുന്നവർക്കും അവരുടെ ജീവിതത്തിൽ ഇടപെടേണ്ടിവന്നിട്ടുളള അദ്ധ്യാപകരുടെ മുഖങ്ങൾ ഓർമ്മ വന്നു കാണണം.

'ഹാരി പോട്ടർ ആൻറ്​ ദ ഹാഫ്​ ബ്ലഡ്​ പ്രിൻസിൽ' പറയുന്ന പോഷൻ ക്ലാസുകൾ ഏറെക്കുറെ നമ്മുടെ രസതന്ത്രത്തിനോടോ മരുന്നുനിർമ്മാണത്തോടോ ഒക്കെ സമാനമുള്ളതാണ്. 'ഹാരിപ്പോട്ടർ' സിനിമയിൽ നിന്ന്

പുസ്തകത്തിനു പുറത്തുകടന്ന് ചിന്തിക്കുന്ന കുട്ടികൾ ഹോഗ് വാർട്ട്‌സിൽ തീരെയില്ല എന്നു പറഞ്ഞുകൂടാ.അത്തരം ഒരു സംഭവം, ഹാരി പോട്ടർ ആൻറ്​ ദ ഹാഫ്​ ബ്ലഡ്​ പ്രിൻസിൽ കടന്നുവരുന്നുണ്ട്. ഏറെക്കുറെ നമ്മുടെ രസതന്ത്രത്തിനോടോ മരുന്നുനിർമ്മാണത്തോടോ ഒക്കെ സമാനമുള്ളതാണ് പോഷൻ ക്ലാസുകൾ. അദ്ധ്യാപകന്റെ മേൽനോട്ടത്തിൽ പുസ്തകത്തിൽ പറഞ്ഞതുപോലെ പല കൂട്ടുകൾ നിർമ്മിക്കുകയാണ് വിദ്യാർത്ഥികൾ ഈ ക്ലാസിൽ ചെയ്യുന്നത്. പ്രൊഫസർ സ്‌നേപ് കൈകാര്യം ചെയ്തിരുന്ന ആ ക്ലാസുകൾ ആദ്യവർഷത്തിൽ ഹാരിക്ക് പേടിസ്വപ്നമായിരുന്നു. എന്നാൽ അദ്ധ്യാപകരും പാഠപുസ്തകവും ആവശ്യപ്പെടുന്ന ഫലങ്ങൾ കുറേ കൂടി കൃത്യതയോടെ എങ്ങനെ നേടാം എന്നു പറയുന്ന കുറിപ്പുകളുള്ളൊരു പഴയ പാഠപുസ്തകം കിട്ടുന്നതോടെ വലിയ തലവേദനയായിരുന്ന ഈ ക്ലാസുകളിൽ ഹാരി മികച്ച പ്രകടനം നടത്തുന്നുമുണ്ട്. തന്റെ വിദ്യാഭ്യാസ കാലത്ത് സ്‌നേപ് തന്നെയാണ് ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകത്തിന്റെ മാർജിനിൽ കുറിപ്പുകൾ എഴുതിയിട്ടത്. ഹാരി സ്‌ക്കൂളിൽ എത്തുന്നതിന് കുറഞ്ഞത് മുപ്പതു വർഷമെങ്കിലും മുമ്പാകണം സ്‌നേപ് പഠിച്ചത്. രസതന്ത്രത്തിന് സമാനമായ നിരവധി പരീക്ഷണങ്ങളും നവീകരണങ്ങളും നടക്കേണ്ട വിഷയത്തിലെ പാഠപുസ്തകമാണ് അത്രയും കാലമായി മാറ്റമില്ലാതെ ഹോഗ് വാർട്ട്‌സിൽ തുടരുന്നത് എന്നതാണ് രസകരമായ വസ്തുത.

പാഠപുസ്തകത്തിനു പുറത്തുകടന്ന് കാര്യങ്ങൾ ചെയ്യുന്നതിലൂടെ കൈയ്യടി നേടുന്ന മറ്റൊരു കൂട്ടർ വീസ്ലി കുടുംബത്തിലെ ഇരട്ടകളാണ്. (Mention that friend എന്ന ക്യാപ്ഷനോടെ ഫ്രെഡിന്റേയും ജോർജ്ജിന്റേയും ഒരു ട്രോൾ കണ്ടാൽ കുസൃതികളിലൂടെ അദ്ധ്യാപകർക്ക് തലവേദനയുണ്ടാക്കുകയും അതിലൂടെ മറ്റു കുട്ടികളുടെ ആരാധനാപാത്രമാവുകയും ചെയ്യുന്ന നിങ്ങളുടെ കൂട്ടുകാരെ അവർ ഓർമ്മിപ്പിക്കും തീർച്ച.) അവരാകട്ടെ സ്‌ക്കൂൾ പഠനം പൂർത്തിയാക്കാതെ പുറത്തുകടന്ന് അവരുടെ സ്വന്തം വ്യാപാരസ്ഥാപനം തുടങ്ങുകയാണ് ചെയ്യുന്നത്.

ഹാരിയും കൂട്ടുകാരും വളരുന്നതോടൊപ്പം സ്‌കൂളിലെ ബോധനരീതികളിൽ മാറ്റം വരുന്നുണ്ടോ? ഏറെയൊന്നും സംഭവിക്കുന്നില്ല എന്നതാണ് സത്യം. അഞ്ചാം പുസ്തകത്തിൽ സ്‌കൂൾ നടത്തിപ്പിൽ വന്ന മുകളിൽ നിന്നുള്ള ഇടപെടലുകളിൽ കുറ്റം ചാർത്തി ഇക്കാര്യത്തിൽ നിന്ന് എഴുത്തുകാരി കൈ കഴുകുന്നുണ്ട്. എന്നാൽ അന്നത്തെ കാലം ആവശ്യപ്പെടുന്ന ദുഷ്ടശക്തികളോടുള്ള പോരാട്ടം പോലെയുള്ള ഭാഗങ്ങൾ പഠിപ്പിക്കുന്നതിനായി മാന്ത്രിക മന്ത്രാലയം (Ministry of Magic) നേരിട്ട് നിയമിച്ച പുതിയ അദ്ധ്യാപിക (Dolores Umbridge) കാട്ടുന്ന അനാസ്ഥയാണ് കുട്ടികളെ അസ്വസ്ഥരാക്കുന്നത്. മറ്റു ക്ലാസുകളെക്കുറിച്ചൊന്നും കുട്ടികൾക്ക് വലിയ പരാതികളില്ലായിരുന്നു. (മുമ്പ് ഹാഗ്രിഡ് ക്ലാസ് മുറിയിൽ അപകടകരമായ ജീവികളെകൊണ്ടുവന്ന സംഭവമൊഴിച്ചാൽ).

ദുഷ്ടശക്തികളോടുള്ള പോരാട്ടത്തിന് കുട്ടികളെ നേരിടാൻ പഠിപ്പിക്കുന്നതിനു മാത്രം വന്ന അദ്ധ്യാപകരെ നോക്കിയാൽ മാന്ത്രിക മന്ത്രാലയം സ്‌കൂളിന്റെ നടത്തിപ്പിൽ പുലർത്തുന്ന അനാസ്ഥ വെളിവാകും. ആദ്യവർഷം ദുഷ്ടശക്തികൾക്കെതിരായ പ്രതിരോധം പഠിപ്പിച്ച പ്രൊഫസർ ക്വിറൽ കഥയിലെ വില്ലനായ ലോർഡ് വോൾഡർമോട്ടിനെത്തന്നെ തലപ്പാവിനുള്ളിൽ ചുമന്നാണ് നടന്നിരുന്നത്. തൊട്ടടുത്ത വർഷം വരുന്ന ലോക്ഹാർട്ട് ആകട്ടെ, മറ്റുള്ളവരുടെ നേട്ടങ്ങളെ സ്വന്തം പേരിലേക്കു മാറ്റി അതിനെക്കുറിച്ച് പുസ്തകങ്ങളെഴുതിക്കൂട്ടി പേരും പ്രശസ്തിയും നേടുന്നതിനുമാത്രം താല്പര്യം കാട്ടുന്ന ഒരുവൻ. മൂന്നാം വർഷമാണ് ഹാരിക്കും കൂട്ടർക്കും മികച്ച അദ്ധ്യാപകനായ ലുപിനെ ഈ വിഷയം പഠിപ്പിക്കാനായി ലഭിക്കുന്നത്. ഭൗർഭാഗ്യമെന്നുതന്നെ പറയാം, അയാൾ ഒരു വേർവുൾഫ് (werewolf- നിലാവുദിക്കുമ്പോൾ രക്തദാഹിയായി മാറുന്ന സാങ്കല്പിക ജന്തു, ചെന്നായയോട് സമാനമായ രൂപം) ആണെന്നു തിരിച്ചറിയുന്ന രക്ഷാകർത്താക്കളുടെ ആവശ്യപ്രകാരം ലുപിൻ ഒഴിവാക്കപ്പെട്ടു. പിന്നീട് വരേണ്ടിയിരുന്ന മാഡ്-ഐ മൂഡിക് എന്ന മികച്ച അദ്ധ്യാപകനെ തട്ടിക്കൊണ്ടു പോയി ഒളിപ്പിച്ചശേഷം പകരം വേഷംമാറി വരുന്നത് ബാർട്ടി ക്രൗച്ച് ജൂനിയർ എന്ന ഒരു ഡെത്ത് ഈറ്റർ (Death Eaters- വോൾഡർ മോർട്ടിന്റെ അനുയായികളുടെ പൊതുനാമം) ആയിരുന്നു. ആറാം വർഷത്തിൽ സ്‌നേപ്പ് തന്നെയാണ് ഈ വിഷയം പഠിപ്പിച്ചിരുന്നത്. അവസാന വർഷം പഠിപ്പിക്കാൻ വരുന്ന അമിക്കസ് കാരോ (Amycus Carrow) എന്ന മറ്റൊരു ഡെത്ത് ഈറ്റർ ആദ്യം ചെയ്യുന്നത് വിഷയത്തിന്റെ പേരായ Defense Against Dark Arts എന്നതിലെ പ്രതിരോധം എന്ന വാക്ക്​ കളഞ്ഞ് Dark Arts എന്നാക്കി മാറ്റുകയാണ്. പേരുമാറ്റങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് റൗളിംഗിനുള്ള ധാരണ കൂടി ഇതിൽ പ്രതിഫലിക്കുന്നതായി കാണാം.

ഈ വസ്തുതകളിലൂടെ നോക്കുമ്പോൾ കാലഘട്ടം ആവശ്യപ്പെടുന്ന വിധത്തിൽ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നതിലോ അവയ്ക്ക് ഒരു പൊതുസ്വഭാവം കൊണ്ടുവരുന്നതിനോ വേണ്ട നടപടികളൊന്നും ആ മാന്ത്രികലോകത്തില്ലായിരുന്നു എന്നാണ് വ്യക്തമാവുന്നത്. ഒരോ വിഷയവും പഠിപ്പിക്കാൻ നിയുക്തരാവുന്ന അദ്ധ്യാപകർ അവരവർക്കിഷ്ടപ്പെടുന്നതുപോലെ പഠിപ്പിച്ചുപോവുകയായിരുന്നു. മാന്ത്രികരുടെ നിത്യജീവിതത്തിൽ അതീവ പ്രാധാന്യമുള്ള മാന്ത്രികമരുന്നുകൂട്ടു നിർമാണം, ദുഷ്ടശക്തികളോടുള്ള പോരാട്ടം എന്നീ വിഷയങ്ങളെപ്പോലും ഇത്ര അവധാനതയോടെ കൈകാര്യം ചെയ്യുന്നവർ ചരിത്രം പഠിപ്പിക്കാനായി മരിച്ച ആത്മാവിനെത്തന്നെ (ആ തസ്തികയിൽ പുതിയ ഒരാൾക്കിടം കൊടുക്കാതെ എന്നും വായിക്കാം) നിലനിർത്തുന്നത് നമ്മളെ അത്ഭുതപ്പെടുത്തില്ല.

പക്ഷെ അഞ്ചാം വർഷം കൗമാരക്കാരുടെ ഇടയിലെ ഏറ്റവും ഫലപ്രദമായ ഒരു പഠനരീതി റൗളിംഗ് മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഹാരി നേതൃത്വം നൽകുന്ന ഡംബിൾഡോറിന്റെ പട്ടാളം സ്വന്തമായി ദുഷ്ടശക്തികളോടുള്ള പ്രതിരോധം പരിശീലിക്കുന്നത് പിയർ ലേണിങ്​ എന്ന രീതിക്ക് ഉദാഹരണമാണ്. അമേരിക്ക ആസ്ഥാനമാക്കി സാങ്കേതിക വിദ്യയിൽ 10-17 വയസ്സുകാർക്ക് പരിശീലനം നൽകുന്ന summertech.net എന്ന സംഘടന അവരുടെ വെബ്‌സൈറ്റിൽ കൂട്ടാളികളോടൊത്തുള്ള പഠനം (peer learning) എന്തുകൊണ്ടാണ് കൂടുതൽ ഫലപ്രദമാകുന്നത് എന്നു വിശദീകരിക്കുന്നുണ്ട് അതിലൊന്ന് അദ്ധ്യാപകരും കുട്ടിയും തമ്മിൽ നടക്കുന്നതിനേക്കാൾ സുഗമമായ വിനിമയം നടക്കുക കുട്ടികളുടെ പരസ്പരമുള്ള ചർച്ചയിലൂടെയാണ് എന്ന വസ്തുതയാണ്. കൂട്ടുകാരിൽ നിന്നുള്ള പഠനത്തിന്റെ നല്ല വശങ്ങളായി അവർ പറയുന്ന മറ്റു കാര്യങ്ങളിൽ ചിലത് ഇങ്ങനെയാണ്: കുട്ടികളിൽ പഠനത്തോട് ഗുണപരമായ മനോഭാവം വളരാൻ സഹായിക്കുന്നു, പഠിപ്പിക്കുന്ന കുട്ടികളിൽ ആത്മവിശ്വാസം പകരാനും അവരുടെ നൈപുണികളുടെ മൂർച്ച വരുത്താനും കഴിയുന്നു.

ഈ രണ്ടു കാര്യങ്ങളും ഏറെ വൈകാതെ സംഭവിക്കുന്നുമുണ്ട്. പുസ്തകത്തിന്റെ അവസാനഭാഗത്ത് ലോർഡ് വോൾഡർമോർട്ടിന്റെ സഹായികളുമായി ഡംബിൾഡോറിന്റെ പട്ടാളം നേരിട്ട് ഏറ്റുമുട്ടുമ്പോഴും പിന്നീട് സീരിസിന്റെ അവസാനഭാഗത്ത് ദുഷ്ടശക്തികളുമായി പോരാടുമ്പോഴും പേടിയില്ലാത്തവരും മടിയില്ലാത്തവരായി ഈ കുട്ടികൾ മാറുന്നുണ്ട്, നാഗിനിയെന്ന പാമ്പിനെ കൊല്ലുന്ന നെവില്ലെ ഉദാഹരണം. അതോടൊപ്പം, ഹാരിയുടേയും ആത്മവിശ്വാസം വർദ്ധിക്കുന്നതായി കാണാം. സാധാരണ വിദ്യാഭ്യാസവിദഗ്ധർ വിഭാവനം ചെയ്തതു പോലെ ഒരു അദ്ധ്യാപകന്റെ നേതൃത്വത്തിലല്ല ഇവിടെ കൂട്ടാളികളോടൊത്തുള്ള പഠനം നടക്കുന്നത്. വിഷയം കൈകാര്യം ചെയ്ത അദ്ധ്യാപികയുടെ കഴിവുകേടു കാരണമാണ് കുട്ടികൾ ആ മാർഗ്ഗത്തിലേക്ക് തിരിഞ്ഞത് എന്നു മാത്രം. അദ്ധ്യാപകർ മാറിയതോടെ ആ പഠനരീതി അടുത്തവർഷങ്ങളിൽ തുടർന്നതായും കാണുന്നില്ല.

ഉപസംഹാരം

'Harry Potter and The Deathly Hallows' എന്ന വീഡിയോ ഗെയിമിൽ നിന്ന്

മാന്ത്രികരുടെ ലോകം സാധാരണക്കാരുടെ ലോകത്തിന്റെ ഒറ്റ നടുക്കുതന്നെയാണ് സ്ഥിതി ചെയ്യുന്നതെങ്കിലും അവർക്കിടയിലെ അതിർത്തികൾ ലംഘിയ്ക്കപ്പെടാതിരിക്കാൻ മാന്ത്രികർ ശ്രദ്ധ പുലർത്തുന്നതായി കാണാം. അബദ്ധവശാൽ സാധാരണക്കാർക്ക് മാന്ത്രികരെക്കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിച്ചാൽ തന്നെ എത്രയുംവേഗം തന്നെ അത് മറക്കാൻവേണ്ട മാന്ത്രികവിദ്യകൾ പ്രയോഗിക്കുന്നതിനാണ് മാന്ത്രികലോകം പ്രാധാന്യം കൊടുക്കുന്നത്. അതായത്, സാധാരണക്കാരുമായി കാര്യമായ ബന്ധങ്ങൾ പുലർത്താത്തവരാണ് കഥയിലെ മാന്ത്രികർ. മറ്റു ചിലരാകട്ടെ മാന്ത്രികവിദ്യകൾ അറിയാത്ത സാധാരണക്കാരെ (Mud Blood) പുച്ഛത്തോടെയാണ് കാണുന്നത്. അതിനാൽ, മഡ് ബ്ലഡുകളുടെ സമൂഹത്തിൽ വരുന്ന മാറ്റങ്ങളെ, പ്രത്യേകിച്ച് വിദ്യാഭ്യാസമേഖലയിലും മറ്റും വരുന്ന മാറ്റങ്ങളെ, സൂക്ഷ്മമായി നിരീക്ഷിക്കാൻ അവർ ഒരുങ്ങാത്തതാണ് ഹോഗ് വാർട്ട്‌സിലെ ക്ലാസ് മുറികൾ മാറാത്തതിന് കാരണമെന്നാശ്വസിക്കാം.

എന്നാൽ ഈ ഏഴു പുസ്തകങ്ങളിലൂടെയും കടന്നുപോകുന്ന ഒരാൾക്ക് വളരെയെളുപ്പം ബോധ്യമാകുന്ന ഒരു കാര്യമുണ്ട്. ലോകമെങ്ങുമുള്ള കുട്ടികളുടേയും മുതിർന്നവരുടേയും ആരാധനാപാത്രങ്ങളായ ഹാരിയും കൂട്ടുകാരും ലോകത്തെ മറ്റേതൊരു സ്‌ക്കൂളിലേയും ഏതൊരു കുട്ടിയേയും പോലെത്തന്നെയാണ് ഹോഗ് വാർട്ടസിലെ ക്ലാസ് മുറികളിലും ഇരുന്നിരുന്നത്, ക്ലാസ് നോട്ടുകൾ എഴുതിയെടുത്തിരുന്നത്, പരീക്ഷകളെ അഭിമുഖീകരിച്ചിരുന്നത്, ശാസനകളും ശിക്ഷകളും ഏറ്റുവാങ്ങിയിരുന്നത്. അതിനാൽ തന്നെയാകണം ഇവരുടെ പ്രശ്‌നങ്ങൾ തങ്ങളുടേതു കൂടിയാണെന്ന് ലോകമെമ്പാടുമുള്ള കുട്ടികൾക്ക് തോന്നിയത്. ബ്ലിട്ടന്റെ ബോർഡിംഗ് സ്‌കൂൾ പരമ്പരയുടെ വിജയത്തിന് പിന്നീട് നീണ്ട നാല്പതാണ്ടുകൾക്കുശേഷവും (മർഫിയെ മറക്കാതെ) ഒരു ബോർഡിംഗ് സ്‌കൂൾ പരമ്പര കുട്ടികളുടെ പ്രിയപ്പെട്ടതാവുകയും അതിന്റെ ഉപോല്പന്നങ്ങളായ സിനിമകളും വീഡിയോ ഗെയിമുകളും എല്ലാം ചൂടപ്പം പോലെ വിറ്റു പോവുകയും ചെയ്യുമ്പോൾ നമ്മുടെ ഭൂരിഭാഗം ക്ലാസ് മുറികളിലും വിദ്യാഭ്യാസത്തിലെ നൂതന മാറ്റങ്ങളെന്നത് മരീചികയായിത്തന്നെയാണ് തുടരുന്നത് എന്നൊരു അർത്ഥം കൂടി വരുന്നില്ലേ? ▮

റഫറൻസ്​:1. Thomas, M'Balia & Russell, Alisa & Warren, Hannah. (2018). The Good, the Bad, and the Ugly of Pedagogy in Harry Potter: An Inquiry Into the Personal Practical Knowledge of Remus Lupin, Rubeus Hagrid, and Severus Snape. The Clearing House. 1-7. 10.1080/00098655.2018.1483152. 2. Vaughn, Mary E. N.. 'Keeping It Real: Teaching and Learning in the Harry Potter Series.' (2011). 3. Walters, Tiffany L. 'Not So Magical: Issues with Racism, Classism, and Ideology in Harry Potter.' (2015). Master's Thesis, Northern Michigan University, 2015.4. Marcie Panutsos Rovan and Melissa Wehler (Edtr) , Lessons from Hogwarts: Essays on the pedagogy of Harry Potter, published by McFarland, 2020.5. HENRY A. GIROUX , Rethinking Education as the Practice of Freedom: Paulo Freire and the promise of critical pedagogy , Policy Futures in Education , Volume 8 Number 6 2010 www.wwwords.co.uk/PFIE6. Educational Legislation of 1980s in England: An Historical Analysis, Richard Aldrich, , History of Education, 1992, Vol 2,No 1 , page 57-697. https://www.summertech.net/benefits-of-peer-teaching/8. https://www.cbr.com/worst-harry-potter-teaching-methods-ranked/ 9. https://storytree.in/blog/f/harry-potter-and-the-boarding-school-genre 10. https://www.mybrainisopen.net/learning-theories-timeline/ 11. https://www.newindianexpress.com/cities/thiruvananthapuram/2019/oct/02/career-transition-is-a-reality-2041954.html 12. Andrea ബ്ദumlija, The Pedagogy of Hogwarts School of Witchcraft and Wizardry in Harry Potter novels, https://core.ac.uk/download/pdf/197546321.pdf
* ഇ പി രാജഗോപാലിനു നന്ദി.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മധു ബി.

കവി. മൈസൂർ റീജ്യനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ എഡ്യുക്കേഷനിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ഗണിതവുമായി ബന്ധപ്പെട്ട പുസ്​തകങ്ങൾ എഴുതുകയും വിവർത്തനം ​ചെയ്യുകയും ചെയ്​തിട്ടുണ്ട്​.

Comments