മലയാളത്തിനായി രണ്ട്​ ഉത്തരവുകൾ, അതിനുപുറകിലെ വലിയ സമരങ്ങളുടെ അനുഭവം

പ്രൈമറി സ്‌കൂൾ അധ്യാപക നിയമന പരീക്ഷയിൽ മാതൃഭാഷയെ ഒഴിവാക്കാൻ​, അക്കാദമിക / ഔദ്യോഗിക തലങ്ങളിൽ നടന്ന ഗൂഢതന്ത്രങ്ങളുടെ പിന്നാമ്പുറം ട്രൂ കോപ്പി തിങ്കിലൂടെ പി. പ്രേമചന്ദ്രൻ​ പുറത്തുകൊണ്ടുവന്നിരുന്നു. 25 വർഷത്തിനു ശേഷം കേരളത്തിൽ എൽ.പി. / യു.പി. അധ്യാപക നിയമന പരീക്ഷയിൽ ഒരു വിഷയം എന്ന നിലയിൽ മലയാളം കൂടി ഉൾപ്പെടുത്തിയ വിജ്ഞാപനം അടുത്തിടെ കേരളാ പി.എസ്.സി. പുറത്തിറക്കി. അക്കാദമിക- വിദ്യാഭ്യാസ മേഖലയിൽ ‘തിങ്ക്​’ നടത്തുന്ന ഇടപെടലുകളുടെ സാർഥകമായ ഒരു ഇംപാക്​റ്റ്​ കൂടിയായിരുന്നു ഈ ഉത്തരവുകൾ. അതിനായി, ഭാഷാപ്രവർത്തകർ എടുത്ത അത്യധ്വാനത്തെ ഓർത്തുകൊണ്ട്​, അതിന്റെ പശ്ചാത്തലവും അതിനായി നടന്ന വലിയ സമരങ്ങളുടെ നാൾവഴിയും ഓർക്കുകയാണിവിടെ.

ഭാഷാപഠനവുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ രണ്ടുത്തരവുകൾ മാതൃഭാഷയെന്ന നിലയിൽ മലയാളത്തിന്റെ അക്കാദമികമായ സ്ഥാനത്തെ പല തലത്തിൽ പ്രബലപ്പെടുത്താൻ പര്യാപ്തമാണ്. ഉത്തരവുകളായി മാത്രം അവ നിലനിന്നതുകൊണ്ട് കാര്യമില്ല. ആ ഉത്തരവുകൾ ഫലപ്രദമായി നടപ്പിലാക്കാനുള്ള ഇച്ഛാശക്തി ജനകീയ സർക്കാരുകൾക്കുണ്ടാവണം. ഈ ഉത്തരവുകൾ പുറത്തുവരുന്നതിന് ഭാഷാപ്രവർത്തകർ എടുത്ത അത്യധ്വാനത്തെ ഓർത്തുകൊണ്ട്​, അതിന്റെ പശ്ചാത്തലവും അതിനായി നടന്ന വലിയ സമരങ്ങളുടെ നാൾവഴിയും ഓർക്കുകയാണിവിടെ.

വെട്ടിയ വേരിൽ മുളയ്ക്കുന്ന തളിരുകൾ

ഏകദേശം ഇരുപത്തിയഞ്ചു വർഷത്തിനുശേഷം കേരളത്തിൽ എൽ.പി. / യു.പി. അധ്യാപക നിയമന പരീക്ഷയിൽ ഒരു വിഷയം എന്ന നിലയിൽ മലയാളം കൂടി ഉൾപ്പെടുത്തിയ വിജ്ഞാപനം അടുത്തിടെ കേരളാ പി.എസ്.സി. പുറത്തിറക്കി. മാതൃഭാഷാപ്രവർത്തകർ നടത്തിയ ഉജ്ജ്വലമായ ഒരു സമരത്തിന്റെ വിലമതിക്കാൻ കഴിയാത്ത നേട്ടമാണ് ആ ഉത്തരവ് എന്നത് തിരിച്ചറിയേണ്ടതുണ്ട്.

എൽ.പി. / യു.പി. അധ്യാപക നിയമനത്തിന്​ പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷകളിൽ ഒരു കാലം വരെ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നത് മലയാള ഭാഷയുമായും സാഹിത്യവുമായും ബന്ധപ്പെട്ട മേഖലയിൽ നിന്നായിരുന്നു. അത് അക്കാലത്തെ പ്രൈമറി സ്‌കൂൾ കരിക്കുലവുമായി ചേർന്നുനിൽക്കുന്ന ഒന്നാണ്. പ്രത്യേകിച്ച്​, ലോവർ പ്രൈമറി വിഭാഗത്തിൽ ഉദ്ഗ്രഥിത സമീപനമാണ് നമ്മൾ സ്വീകരിച്ചിരുന്നത്. അതായത്, ഗണിതവും പരിസരപഠനവുമെല്ലാം മാതൃഭാഷയിലൂടെയാണ് വിനിമയം ചെയ്യപ്പെട്ടിരുന്നത്. ഒരു കഥയിലൂടെ എളുപ്പം നമ്മുടെ ജീവിതപരിസരത്തേക്കും ഗണിതക്രിയയിലേക്കും കുട്ടികളെ കൈപിടിച്ച് നടത്താൻ അധ്യാപകർക്ക് കഴിയുംവിധമാണ് കരിക്കുലം ചിട്ടപ്പെടുത്തിയത്. അതുകൊണ്ടുതന്നെ മാതൃഭാഷയിൽ ആഴത്തിലുള്ള അറിവ് പ്രൈമറി അധ്യാപകർ ആർജ്ജിക്കണമായിരുന്നു. എന്നാൽ, പതുക്കെ പ്രൈമറി ക്ലാസ്​മുറികളിലേക്ക് വിവിധ വിഷയങ്ങൾ ഒറ്റയൊറ്റയായി കടന്നുവന്നു. ഇംഗ്ലീഷും കണക്കും ശാസ്ത്രവും സാമൂഹികശാസ്ത്രവും എല്ലാം വെവ്വേറെ അറകളിലും പുസ്തകങ്ങളിലുമായി പകുക്കപ്പെട്ടു. ഇതിന് സമാന്തരമായി പ്രൈമറി അധ്യാപക നിയമന പരീക്ഷയിൽ മലയാളത്തിന്​ സ്ഥാനം കുറഞ്ഞു കുറഞ്ഞുവന്നു. 60 ശതമാനത്തിൽ നിന്ന് 20 ശതമാനത്തിലേക്കും പത്തു ശതമാനത്തിലേക്കും കുറഞ്ഞ് ഒടുവിൽ ഒരു മാർക്കിനു പോലുമുള്ള ചോദ്യങ്ങൾ മലയാളത്തിൽ നിന്ന്​ചോദിക്കാതായി. ഡി.എൽ.എഡ് കോഴ്‌സിന് പഠിക്കുന്ന വിഷയങ്ങളിൽ മാതൃഭാഷ മാത്രം നിയമന പരീക്ഷയ്ക്ക് അനാവശ്യമായി. ഏകദേശം ഇരുപത്തഞ്ചുവർഷമായി ഇങ്ങനെയാണ് പ്രൈമറിസ്‌കൂൾ അധ്യാപകനിയമന പരീക്ഷ കേരളത്തിൽ നടത്തപ്പെടുന്നത്.

ഈ വിഷയം ഉന്നയിച്ച് ട്രൂ കോപ്പി തിങ്കിൽ 2020 ആഗസ്ത് 26 ന് "വേരുവെട്ടുന്ന പി എസ് സി ' എന്ന പേരിൽ ഈ ലേഖകൻ ഒരു ലേഖനമെഴുതുന്നതോടുകൂടിയാണ് ഈ വിഷയം പൊതുസമൂഹത്തിനു മുന്നിൽ ഉയർന്നുവരുന്നത്. ചില പത്രവാർത്തകളെ ആധാരമാക്കിയുള്ള പ്രതികരണമായിരുന്നു അത്. പ്രൈമറി സ്‌കൂൾ അധ്യാപക നിയമന പരീക്ഷയിൽ മാതൃഭാഷയെ ഒഴിവാക്കാനെടുത്ത തീരുമാനം, അക്കാദമിക / ഔദ്യോഗിക തലങ്ങളിൽ നടന്ന വലിയ ഗൂഢതന്ത്രങ്ങളുടെ ഭാഗമായിരുന്നു. മാതൃഭാഷയുടെ വേരിൽ കത്തിവെക്കുന്ന നടപടിയാണ് ഇത് എന്ന് വിശദമാക്കാനാണ് പ്രസ്തുത ലേഖനത്തിൽ ശ്രമിച്ചിരുന്നത്: "ഒരു പരീക്ഷയിലോ സിലബസിലോ മാതൃഭാഷയെ ഉൾപ്പെടുത്തുന്ന, കേവലം പത്തോ ഇരുപതോ മാർക്കിന്റെ കാര്യമല്ല ഇതിലുള്ളത്. കുട്ടികളിൽ ശരിയായ ഭാഷാവബോധം ഉറയ്ക്കുന്ന നിർണായക പടവ് പ്രൈമറി ക്ലാസുകളാണ്. ആ കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള അധ്യാപകർക്ക് മലയാളം നന്നായി അറിയേണ്ടതില്ല എന്നാണോ പി.എസ്.സി. കരുതുന്നത്? പ്രൈമറി അധ്യാപകരാകാൻ വേണ്ടി മാത്രം നടത്തപ്പെടുന്ന അധ്യാപകപരിശീലന കേന്ദ്രങ്ങളിൽ പിന്നെന്തിന് മാതൃഭാഷ പഠിപ്പിക്കണം? അതിന്റെ സിലബസിൽ എന്തിന് മാതൃഭാഷ നിലനിർത്തണം? നാലു സെമസ്റ്ററുകളിൽ വലിയ പ്രാധാന്യത്തോടെ അവിടങ്ങളിൽ പഠിപ്പിച്ചുവരുന്ന മലയാളം ഇങ്ങനെയെങ്കിൽ അനാവശ്യമല്ലേ? സിലബസിൽ നിന്ന് പുറത്താക്കപ്പെടുകയെന്നാൽ അതിന്റെ പഠനമേഖലയിൽ നിന്ന് പുറത്താക്കുക എന്നതുതന്നെയല്ലേ അർത്ഥം. അങ്ങിനെ ഡി.എൽ.എഡ്ഡിന്റെ (പഴയ ടി.ടി.സി) കരിക്കുലം തന്നെ നിരസിച്ച് തന്നിഷ്ടപ്രകാരം ഒരു സ്ഥാപനത്തിന് ഇങ്ങനെ കാര്യങ്ങൾ തീരുമാനിക്കാൻ അവകാശമുണ്ടോ? ഇത്തരം തീരുമാനമെടുക്കാനുള്ള അക്കാദമികമായ അധികാരമുള്ള സ്ഥാപനമാണോ പി.എസ്.സി? നാളത്തെ കേരളത്തിന്റെ മനസ്​ ഈ ദേശത്തിന്റെ സാംസ്‌കാരികവും സാമൂഹികവും സൗന്ദര്യശാസ്ത്രപരവും ആയ പരിസരങ്ങളെ എങ്ങനെ സ്വാംശീകരിക്കും എന്ന വലിയ ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരേണ്ടത്. മാതൃഭാഷയുടെ വേരുകൾ വെട്ടിമാറ്റാനുള്ള നിർണായക നീക്കമാണ് പി.എസ്.സി നടത്തിയിരിക്കുന്നത്. ഈ വഴി തന്നെയാണ് പി.എസ്.സി ഇനിയും മുന്നോട്ടുപോകുന്നതെങ്കിൽ നമ്മുടെ ഭാഷയുടെ മരണത്തിന് കാലം ഇനിയധികം വേണ്ടിവരില്ല.' (വേരുവെട്ടുന്ന പി എസ് സി - ട്രൂ കോപ്പി തിങ്ക് 2020 ആഗസ്ത് 26)

തിങ്കിലെ ഈ ലേഖനം വലിയ പ്രതികരണമുണ്ടാക്കി. സാഹിത്യ, സാമൂഹിക, സാംസ്‌കാരിക, അധ്യാപക, വിദ്യാർഥി ഗ്രൂപ്പുകളിൽ വ്യാപകമായി ഈ ലേഖനം പങ്കുവെക്കപ്പെട്ടു. തുടർന്ന് മലയാള ഐക്യവേദി ഈ വിഷയം ഏറ്റെടുക്കുകയും സമീപദിവസങ്ങളിൽത്തന്നെ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ മാതൃഭാഷയുടെ വേരറുക്കാൻ കേരളാ പി.എസ്.സിയെ അനുവദിക്കില്ല എന്ന മുദ്രാവാക്യം ശക്തമായി ഉയർത്തപ്പെടുകയും ചെയ്തു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇതിനെതിരെ ഓൺലൈനിൽ ശക്തമായ സമരംനടത്താൻ തീരുമാനിച്ചു.

പി.എസ്.സിയുടെ മാതൃഭാഷാ വിരോധത്തിനെതിരെ 2020 സപ്തംബറിൽ നടന്ന സമരം തിരുവനന്തപുരത്ത് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

വിവിധ മാധ്യമങ്ങളിൽ, പി.എസ്.സിയുടെ മാതൃഭാഷാ വിരോധത്തിന്റെ നിരവധി ഉദാഹരണങ്ങൾ / സമീപനങ്ങൾ പലരും എടുത്തുകാട്ടി. ഓൺലൈനിൽ ഭീമഹർജി തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കുക എന്ന സമരമാർഗ്ഗമാണ് സ്വീകരിച്ചത്. ഇതിനായി വെബ്‌പേജ് നിർമ്മിച്ച് പരമാവധി പേരുടെ ഒപ്പുകൾ വാങ്ങിക്കാനുള്ള ശ്രമം നടന്നു. ഓരോ ജില്ലയിലും ഇതിനായുള്ള വലിയ ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും നടന്നു. 2020 സപ്തംബറിൽ നടന്ന സമരം വിഖ്യാത ചലച്ചിത്ര സംവാധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, വി. മധുസൂദനൻ നായർ, എം. ലീലാവതി, എൻ.എസ്. മാധവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സി.വി. ബാലകൃഷ്ണൻ, എൻ. പ്രഭാകരൻ, കൽപ്പറ്റ നാരായണൻ, ശ്രീകുമാരൻ തമ്പി, നിലമ്പൂർ ആയിഷ തുടങ്ങിയ സാംസ്‌കാരിക പ്രവർത്തകർ മുതൽ സാധാരണ മനുഷ്യർവരെ മാതൃഭാഷയ്ക്കുവേണ്ടിയുള്ള ഈ സമരത്തിൽ അണിചേർന്നു.

പി.എസ്.സിയുടെ മാതൃഭാഷാ വിരോധത്തിനെതിരെ 2020 സപ്തംബറിൽ നടന്ന സമരം കൊല്ലത്ത് കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കോവിഡ് മഹാമാരി ആഞ്ഞുപെയ്യുന്ന ആ സമയത്ത് പ്രത്യക്ഷസമരം നടത്തുക അസാധ്യമായതിനാൽ എല്ലാ ഓൺലൈൻ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് സമരം മുന്നോട്ടുപോയത്. സാംസ്‌കാരിക കേരളം വീഡിയോകളായും ടെക്​സ്​റ്റ്​ സന്ദേശങ്ങളായും ചിത്രങ്ങളായും കാർട്ടൂണുകളായും പാട്ടായും കവിതയായും മാതൃഭാഷയോടുള്ള നെറികേടിനെതിരെ പ്രതികരിച്ചു. സപ്തംബർ 13 ന് ആരംഭിച്ച ഓൺലൈൻ ഒപ്പുശേഖരണം 23 ന് അവസാനിച്ചു. സപ്തംബർ 24 നു 35000 പേർ ഒപ്പിട്ട ഭീമഹർജി കേരളാ മുഖ്യമന്ത്രിക്ക് കൈമാറി. എന്നാൽ പ്രസ്തുത നിവേദനം മുഖ്യമന്ത്രിയുടെ മുന്നിലെത്താതിരിക്കാൻ ഉദ്യാഗസ്ഥരുടെ ഭാഗത്തുനിന്നും പരമാവധി ശ്രമങ്ങളുണ്ടായി. വിവിധ വകുപ്പുകളിലേക്ക് അവരുടെ അഭിപ്രായം ആരായാൻ എന്ന മട്ടിൽ അത് കറങ്ങിത്തിരിഞ്ഞു.

ഈ നിവേദനം മുഖ്യമന്ത്രിയുടെ മുന്നിൽ എത്താത്തതിലും തുടർനടപടികൾ ഇല്ലാത്തതിലും പ്രതിഷേധിച്ച്​ 2020 നവംമ്പർ 1 മുതൽ 7 വരെ മാതൃഭാഷാവാരാചരണം പ്രതിഷേധവാരാചരണമായി ഭാഷാപ്രവർത്തകർ സമരം തുടർന്നു. ഈ പ്രതിഷേധവാരത്തിലും നിരവധിപേർ പങ്കാളികളായി. തുടർന്ന് ഭീമഹർജി മുഖ്യമന്ത്രി കാണുകയും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് 10 ശതമാനം ചോദ്യങ്ങൾ മാതൃഭാഷയിൽ നിന്ന് ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയും ചെയ്തു. അതിനുശേഷം നടക്കുന്ന പ്രൈമറി അധ്യാപക നിയമനപരീക്ഷയുടെ വിജ്ഞാപനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

പാലക്കാട് മാതൃഭാഷാ വിരുദ്ധ ഉത്തരവുകൾ ഐക്യവേദി പ്രവർത്തകർ കത്തിക്കുന്നു.

ഇരുപത്തഞ്ചോളം വർഷങ്ങൾക്കുമുൻപ് പ്രൈമറി അധ്യാപകനിയമനപരീക്ഷാ ചോദ്യപേപ്പറിൽ നിന്ന് പൂർണമായും കുടിയിറക്കപ്പെട്ട മാതൃഭാഷ ഒരു വിഷയം എന്ന നിലയിൽ ശാസ്ത്രത്തിനൊപ്പവും ഗണിതത്തിനൊപ്പവും സ്ഥാനം നേടി അഭിമാനത്തോടെ തിരിച്ചെത്തുകയാണ്. വിജയിച്ച സമരങ്ങളുടെ അപൂർവ്വമായ പട്ടികയിൽ മാതൃഭാഷയ്ക്ക് വേണ്ടിയുള്ള ഈ സമരത്തിനും ഇടം പിടിക്കാൻ കഴിഞ്ഞത് മലയാള ഐക്യവേദിയുടേയും ഐക്യമലയാള പ്രസ്ഥാനത്തിന്റെയും പ്രവർത്തകരുടെ നിശ്ചയദാർഢ്യത്തോടെയുള്ള സമരപ്രവർത്തനമാണ്. ട്രൂ കോപ്പി തിങ്ക് അടക്കമുള്ള മാധ്യമങ്ങൾ ഈ സമരസന്ദർഭത്തിൽ വലിയപിന്തുണ ഈ ഭാഷാസമരത്തിന് നൽകിയതും എടുത്തുപറയേണ്ടതാണ്.

മലയാളം പഠിച്ചവർ വേണം മലയാളം പഠിപ്പിക്കാൻ

പത്താംതരംവരെ ഒരു ക്ലാസ്സിലും മലയാളം ഒരു വിഷയമായോ മലയാള മാധ്യമത്തിലോ പഠിക്കാത്ത ആളുകൾക്ക്, കേരളത്തിലെ എൽ.പി /യു.പി സ്‌കൂളുകളിൽ മലയാളം പഠിപ്പിക്കാനും മലയാളത്തിലൂടെ പഠിപ്പിക്കാനും അവസരമൊരുക്കാനായി 2018 ൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെ മലയാള ഐക്യവേദിയും ഐക്യമലയാള പ്രസ്ഥാനവും ചേർന്നു നടത്തിയ ഉജ്വലമായ സമരത്തിന്റെ വിജയസാക്ഷ്യമാണ് 2023 ഫെബ്രുവരി 24 ന് അവ റദ്ദാക്കി പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് (G.O.(Ms)No.19/2023/GEDN തീയതി 24-02-2023). 1959 മുതൽ ഉണ്ടായിരുന്ന KER (കേരള വിദ്യാഭാസ ചട്ടം) വ്യവസ്ഥകൾ നിലനിർത്തുക, പ്രൈമറി അധ്യാപകരാകാനുള്ള അടിസ്ഥാന യോഗ്യതയായ ഡി.എൽ.എഡ് പ്രവേശനത്തിന് മാതൃഭാഷ പഠിച്ചവരെ മാത്രം തിരഞ്ഞെടുക്കുന്ന രീതി പുനഃസ്ഥാപിക്കുക എന്നിവയായിരുന്നു ആ സമരം മുന്നോട്ടു വെച്ച ആവശ്യങ്ങൾ.

2017 ലെ ഡി.എൽ.എഡ് കോഴ്‌സിന്റെ പ്രവേശനത്തിനുള്ള വിജ്ഞാപനത്തിൽ കൂട്ടിച്ചേർത്ത ഭേദഗതി പ്രകാരം, മലയാളം കഷ്ടി പറയാൻ കഴിയുന്ന, ഇന്ത്യയിൽ എവിടുന്നും ഹയർ സെക്കന്ററിക്ക് തത്തുല്യമായ യോഗ്യതയുള്ള ആർക്കും ആ കോഴ്‌സിന് ചേരാവുന്നതാണ്. പഠിക്കുന്ന കാലത്തൊന്നും മലയാളം പഠിച്ച് "സ്റ്റാറ്റസ്' നഷ്ടപ്പെടുത്താത്ത ഇവിടെത്തന്നെയുള്ള ഒരു കൂട്ടർക്കുവേണ്ടിയായിരുന്നു ആ ഭേദഗതി. എന്നാൽ ഇവിടുത്തെ പ്രൈമറിസ്‌കൂളിലെ അധ്യാപക ജോലി അവർക്ക് വേണം താനും. അത്തരക്കാർക്ക് വേണ്ടി ബോധപൂർവ്വം ഡി.എൽ.എഡ്. വിജ്ഞാപനത്തിൽ ഭേദഗതി വരുത്തുകയായിരുന്നു. ഹൈസ്‌കൂളിലോ ഹയർ സെക്കന്ററിയിലോ ഒന്നും മലയാളം പഠിച്ചില്ലെങ്കിലും ഒരാൾക്ക് ഡി.എൽ.എഡ്. പാസായി പ്രൈമറി സ്‌കൂളിൽ അധ്യാപകരാവാം, കുട്ടികളെ മലയാളം പഠിപ്പിക്കാം, മലയാളത്തിലൂടെ ശാസ്ത്രവും സാമൂഹികശാസ്ത്രവും ഗണിതവും പഠിപ്പിക്കാം. പക്ഷേ, അതുതടയുന്ന ഒരു വ്യവസ്ഥ കെ.ഇ.ആറിലുണ്ട്. ഹൈസ്‌കൂൾ വരെ മലയാളം ഒരു വിഷയമായി പഠിക്കാത്തവർക്ക് പ്രൈമറി സ്‌കൂളിൽ പഠിപ്പിക്കാൻ കഴിയില്ല. 2018-ൽ ഒരുത്തരവിറങ്ങി. (22052018 ലെ സ.ഉ (കൈ) നം. 67/2018 പൊ. വി.വ ഉത്തരവ് ) കെ.ഇ.ആർ തിരുത്തണം. ഇവിടെ മലയാളം പഠിക്കാത്തവർക്കും മലയാളം പഠിപ്പിക്കാം. മലയാള മാധ്യമത്തിൽ മറ്റെല്ലാ വിഷയങ്ങളും പഠിപ്പിക്കാം. എന്ത് പഠിപ്പിക്കുന്നു? എങ്ങിനെ പഠിപ്പിക്കുന്നു? എന്നതൊന്നും ഉത്തരവിറക്കിയവർക്ക് പ്രശ്‌നമല്ല.

ഈ ഉത്തരവുകളുണ്ടായ കാലം മുതൽ ഇവയ്ക്ക് എതിരായി പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട്; സമരങ്ങളും. പക്ഷേ ഒന്നും ആരും കണ്ടതായി നടിച്ചില്ല. ഇപ്പോൾ ഇങ്ങനെ പ്രൈമറിയാൽ നിയമിതരായി, സർക്കാർ ശമ്പളംപറ്റുന്ന അധ്യാപകർ കോടതിയിൽ പോകാൻ തുടങ്ങി, ഞങ്ങളെ മലയാളം പഠിപ്പിക്കാൻ നിർബന്ധിക്കരുത്! പിന്നെ പ്രൈമറിയിൽ ആര് പഠിപ്പിക്കും മലയാളം? അതിന് മലയാളം ബിരുദതലത്തിൽ നന്നായി പഠിച്ച അധ്യാപകർ വേറെയുണ്ടോ? ഇല്ല. അറബിക്കിനും സംസ്‌കൃതത്തിനും ഉണ്ട്. ഹിന്ദിക്കും ഉറുദുവിനും ഉണ്ട്. മലയാളത്തിനില്ല! അൽപ്പം പോലും മലയാളം പഠിച്ചിട്ടില്ലാത്ത, ഇത്തരം ഡി.എൽ.എഡുകാർ വേണം കുമാരനാശാനെയും വൈലോപ്പിള്ളിയേയും ബഷീറിനെയും വിജയനെയും മാധവിക്കുട്ടിയേയും പഠിപ്പിക്കാൻ. മാതൃഭാഷയുടെ ശക്തിയും ഊർജ്ജവും തനിമയും കുട്ടികളിലെത്തിക്കാൻ! ഇതാണ് അവസ്ഥ. ഇതിങ്ങനെ തുടർന്നാൽ നാളെ സ്‌കൂളിൽ ഒരു കഴഞ്ച് പോലും മലയാള പഠനം ഉണ്ടാകില്ല. മലയാള മാധ്യമ വിദ്യാലയങ്ങൾ ഉണ്ടാകില്ല.

ഇതിനെതിരെയുള്ള അതിശക്തമായ പ്രതികരണമായിരുന്നു 2021 നവംബർ ഒന്നുമുതൽ ആറുവരെ "മലയാളം പഠിച്ചവർ വേണം മലയാളം പഠിപ്പിക്കാൻ ' എന്ന മുദ്രാവാക്യമുയർത്തി ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിൽ നടത്തിയ ധർണ. ശാസ്ത്രസാഹിത്യ പരിഷത്തും, പുരോഗമന കലാസാഹിത്യ സംഘവും യുവകലാസാഹിതിയും ലൈബ്രറി കൗൺസിലും മറ്റ് നിരവധി സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനങ്ങളും ഈ പ്രതിഷേധത്തിന് ഒപ്പമുണ്ടായിരുന്നു. ഇത്തരം ജനവിരുദ്ധ, ദേശവിരുദ്ധ, ഭാഷാവിരുദ്ധ ഉത്തരവുകൾ റദ്ദാക്കാനും മേലിൽ മാതൃഭാഷയുടെ കടയ്ക്കൽ കത്തിവെക്കുന്ന ഉത്തരവുകൾ ഉണ്ടാകാതിരിക്കാനും ശക്തമായ ബഹുജനവികാരം ഉണ്ടാക്കിയെടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയായിരുന്നു സമരം ആരംഭിച്ചത്. മാതൃഭാഷാവാരാചരണം പ്രതിഷേധവാരാചരണമായി ഏറ്റെടുത്ത് കലാ സാംസ്‌കാരിക സാഹിത്യ വിദ്യാഭ്യാസ രാഷ്ട്രീയ രംഗത്തുള്ള ഒട്ടേറെപ്പേർ ഐക്യവേദിയുടെ സമരപ്പന്തലിൽ എത്തി മാതൃഭാഷയ്‌ക്കൊപ്പം നിലകൊണ്ടത് ആവേശകരമായിരുന്നു.

സെക്രട്ടറിയേറ്റിന് മുന്നിൽ നവംബർ ഒന്നിന് രാവിലെ അടൂർ ഗോപാലകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ കേരളത്തിലെ 12 ജില്ലകളിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടന്നു. നവംബർ 6 ന് കോഴിക്കോട് സമരം സമാപിച്ചു. ജില്ലാകേന്ദ്രങ്ങളിൽ നിന്നും സമരപ്പന്തലിൽ നിന്നും ഇക്കാര്യത്തിൽ അടിയന്തിര തിരുത്തലുകൾ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രിയ്ക്ക് സമർപ്പിക്കാനുള്ള നിവേദനത്തിൽ ആയിരങ്ങൾ ഒപ്പുവെച്ചു.

ഈ രണ്ടുസമരങ്ങളും മാതൃഭാഷക്കുവേണ്ടിയുള്ള വാദങ്ങൾ കൂടുതൽ വസ്തുനിഷ്ഠമായി കേരള സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായിരുന്നു. ഇത്രയും കടുത്ത മാതൃഭാഷാവിരോധമാണ് നമ്മുടെ അധികാരസ്ഥാപനങ്ങൾക്കുള്ളത് എന്നത് സാംസ്‌കാരികകേരളം ഞെട്ടലോടെ തിരിച്ചറിഞ്ഞ സന്ദർഭങ്ങൾ കൂടിയായിരുന്നു അവ. കേരളത്തിന്റെയും മലയാളത്തിന്റെയും നിലനിൽപ്പിനെത്തന്നെ അടിസ്ഥാനപരമായി ബാധിക്കുന്ന ഭാഷാപഠനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേവലം അക്കാദമിക വിഷയങ്ങൾ മാത്രമല്ലെന്നും ഒരു ദേശത്തിന്റെ സാമൂഹികവും വൈകാരികവും സൗന്ദര്യാത്മകവും സാംസ്‌കാരികവുമായ നിലനിൽപ്പിന്റെ അടിസ്ഥാനമാണ് അതെന്നും ജാഗ്രതയോടെ നാം അവിടെ നടക്കുന്ന ഓരോ ചെറുചലനങ്ങളെയും കണ്ണിമചിമ്മാതെ കരുതിയിരിക്കണമെന്നും നമ്മെ ബോധ്യപ്പെടുത്താൻ സഹായകമായി എന്നതാണ് ഈ സമരസന്ദർഭങ്ങളുടെ ഏറ്റവും നിർണായകമായ പ്രയോജനങ്ങൾ.

Comments