എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകൾ സർക്കാർ റദ്ദാക്കണം

വർഷം എസ്.എസ്. എൽ.സി പരീക്ഷയും പ്ലസ് ടു പരീക്ഷയും എഴുതുന്ന കുട്ടികളെ സർക്കാർ മനുഷ്യരായി കണക്കാക്കിയിട്ടില്ലേ? കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഈ കുട്ടികൾ മാത്രം പരീക്ഷയെഴുതണമെന്ന് എന്തിനാണ് ഇങ്ങനെ നിർബന്ധം പിടിക്കുന്നത്?
പരീക്ഷയെഴുതുന്ന കുട്ടികളുടെ എണ്ണം എത്രയാണെന്നറിയാമോ?
4,22,226 കുട്ടികൾ എസ്. എസ്.എൽ. സി യും
4,46,471 കുട്ടികൾ പ്ലസ് ടു പരീക്ഷയും എഴുതുന്നു. ഓരോന്നിനും രണ്ടായിരത്തിലധികം സെന്ററുകൾ. അധ്യാപകരും ജീവനക്കാരുമായി 45,000 പേർ പരീക്ഷാ ഡ്യൂട്ടിയ്ക്കുമുണ്ട്.

അതായത് ഒൻപത് ലക്ഷത്തിലേറെപ്പേർ പരീക്ഷയ്ക്കു വേണ്ടി എത്തുന്നു എന്നർത്ഥം. പത്താം ക്ലാസുകാർക്ക് ഇനി 4 പരീക്ഷയും പന്ത്രണ്ടാം ക്ലാസ്സിന് 5 പരീക്ഷയും ബാക്കിയാണ്. എസ്.എസ്.എൽ.സി. പരീക്ഷയും പ്ലസ് ടു പരീക്ഷയും നടത്തിയില്ലെങ്കിൽ എന്താണ് പ്രശ്നം?
ഇന്ന് സംസ്ഥാനത്ത് 19,577 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനത്തിന്റെ രൂക്ഷത മനസ്സിലാവാൻ ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന, വിവിധ വകുപ്പു മേധാവികൾ പങ്കെടുത്ത കോർ കമ്മറ്റി യോഗത്തിന്റെ തീരുമാനങ്ങൾ നോക്കിയാൽ മതി.

സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
സാധ്യമായ ഇടങ്ങളിൽ വർക് ഫ്രം ഹോം നടപ്പാക്കും. വിദ്യാർഥികളുടെ സ്വകാര്യ ട്യൂഷൻ ഒഴിവാക്കും, ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ. തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്തും. പൂരപ്പറമ്പിൽ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. സംഘാടകർക്കു മാത്രമാകും അനുമതി.

സ്വകാര്യ ട്യൂഷൻ സെന്ററുകൾ പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസ് നടത്താൻ അനുമതിയുണ്ട്. തിയറ്ററുകൾ വൈകിട്ട് ഏഴു മണി വരെ മാത്രമാകും പ്രവർത്തിക്കുക. മാളുകളിൽ കർശനനിയന്ത്രണത്തിനും നിർദ്ദേശമുണ്ട്.

വഴിയിലിറങ്ങി നോക്കൂ, പൊലീസ് പട്രോളിംഗ് ശക്തമാണ്. എല്ലാം നല്ല കാര്യങ്ങളാണ്. തർക്കമില്ല. പക്ഷേ കുട്ടികളുടെ പരീക്ഷയുടെ കാര്യം വരുമ്പോൾ നടത്തിയേ തീരൂ എന്ന് എന്താണിത്ര വാശി ? സി.ബി.എസ് ഇ യും ഐ.സി.എസ്.ഇ യും പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്. സർവ്വകലാശാലാ പരീക്ഷകളും പി.എസ്.സി. പരീക്ഷകളും മാറ്റിവെച്ചു.

കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചിട്ടാണ് പരീക്ഷ നടത്തുന്നത് എന്നാണ് വെയ്പ്പ്. ശരിയായിരിക്കും. സാനിറ്റൈറുയോഗിക്കുന്നുണ്ട്. തെർമൽ പരിശോധനയുണ്ട്. അധ്യാപകർ ഫേസ് ഷീൽഡ് വെയ്ക്കുന്നുണ്ട്. കുട്ടികൾ മാസ്ക് ഉപയോഗിക്കുന്നുണ്ട്. എല്ലാം ശരി തന്നെ. പക്ഷേ യാഥാർത്ഥ്യബോധം ഉണ്ടാവുന്നത് നല്ലതാണ് സർക്കാരിന്.

കാരണം കുട്ടികളാണ്. ക്ലാസിൽ ശാരീരിക അകലം പാലിപ്പിച്ചിരുത്തുന്ന കുട്ടികളല്ല, ബസ്സിൽ കയറി വരുന്ന കുട്ടികൾ. ഓട്ടോറിക്ഷയിൽ വരുന്ന കുട്ടികൾ. സ്വകാര്യ വാഹനങ്ങളിൽ ശാരീരിക അകലം കൃത്യമായും പാലിച്ച് പരീക്ഷയ്ക്ക് പോകാൻ സാമ്പത്തിക ശേഷിയുള്ളവരല്ല വലിയൊരു ശതമാനം കുട്ടികളും. രണ്ട് മണിക്കൂറും മൂന്ന് മണിക്കൂറും പരീക്ഷയെഴുതുമ്പോൾ തുടർച്ചയായി മാസ്ക് ധരിച്ചിരിക്കേണ്ടി വരുന്നതിന്റെ ശാരീരികവും മാനസികവുമായ സമ്മർദ്ദം ഒന്നോർത്തു നോക്കൂ.

പരീക്ഷ നടന്ന ദിവസങ്ങളിലെ ഒരു കണക്ക് പറയാം. പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിവസം കോഴിക്കോട് ജില്ലയിൽ മാത്രം പരീക്ഷയെഴുതിയ 16 കുട്ടികൾക്ക് കോവിഡായിരുന്നു. അഞ്ചാമത്തെ ദിവസമെത്തിയപ്പോഴേയ്ക്ക് അത് 46 ആയിട്ടുണ്ട്. പ്ലസ് ടു പരീക്ഷയെഴുതിയ 30 കുട്ടികൾക്കാണ് ആദ്യ ദിവസം കോവിഡുണ്ടായിരുന്നത്. ഇന്നത് 70 കുട്ടികൾക്കാണ്. ഇത് ഒരു ജില്ലയിലെ മാത്രം കണക്കാണ്. ഈ കുട്ടികൾക്ക് പ്രത്യേക ക്ലാസ് മുറി നൽകിയാണ് പരീക്ഷ എന്നത് ശരി തന്നെ.

വീടുകളിൽ പഠിക്കാനും പഠിപ്പിക്കാനും ശേഷിയുള്ള, സ്കൂളിൽ കൊണ്ടുചെന്നാക്കാൻ വാഹന സൗകര്യങ്ങളുമുള്ള, ഒരു ക്ലാസിനെ മാത്രം മുന്നിൽ കണ്ടാണ്, അവർക്ക് കിട്ടേണ്ട മാർക്കിനെ മുന്നിൽ നിർത്തിയാണ്, വിജയശതമാനത്തിന്റെ വ്യാജമായ സന്തോഷത്തെ മുന്നിൽക്കണ്ടാണ്, പരീക്ഷയിലൂടെ മാത്രമേ പഠിപ്പിനെ അളക്കാനാവൂ എന്ന പഴഞ്ചൻ ബോധത്തിൽ നിന്നു കൊണ്ടാണ് വിദ്യാഭ്യാസ മന്ത്രിയും വകുപ്പും പരീക്ഷയെ ഇത്രയേറെ ആരാധിക്കുന്നത്.

ഡിജിറ്റൽ ഡിവൈസ് കൃത്യമായി നില നിൽക്കുന്ന ഒരു സംസ്ഥാനത്തിരുന്നു കൊണ്ടാണ്, ഓൺലൈൻ വിദ്യാഭ്യാസം ഉദ്ദേശിച്ച ഫലം നൽകിയിട്ടില്ല എന്ന് നന്നായറിയാവുന്ന ഒരു സാഹചര്യത്തിൽ നിന്നു കൊണ്ടാണ്, കോവിഡ് വ്യാപനം ഇത്രയും രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ പരീക്ഷ നടത്താൻ തീരുമാനിക്കുന്നത്.

പത്താം ക്ലാസ് പരീക്ഷയോടും പ്ലസ് ടു പരീക്ഷയോടും കേരളീയ സമൂഹത്തിന് കാലാകാലങ്ങളായി ആരാധനകലർന്ന വിധേയത്വമാണ്. ജീവിതത്തിന്റെ ഗതി നിർണയിക്കുന്ന പരീക്ഷയെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. പ്ലസ് ടു വിന് അഡ്മിഷൻ കിട്ടാനുള്ള ഒരു കടമ്പ എന്നതിനപ്പുറം എന്ത് പ്രാധാന്യമാണ് SSLC യ്ക്ക് വേണ്ടത്? നന്നായി പഠിപ്പിച്ചു എന്നുണ്ടെങ്കിൽ ഈ രോഗവ്യാപന സാഹചര്യത്തിൻ എന്തിനാണ് അതിനെ അളന്ന് മാർക്കിടാൻ നിൽക്കുന്നത്? കോവിഡു കാലത്തും പരീക്ഷ നടത്തി വിജയശതമാനം പ്രഖ്യാപിച്ച ഏക സർക്കാർ എന്നോ, മഹത്തായ സർക്കാർ എന്നോ ഉള്ള ഖ്യാതിയ്ക്കു വേണ്ടിയാണെങ്കിൽ അത് അവനസരത്തിലുള്ളതാണ്. തോൽക്കാൻ പോകുന്നത് സർക്കാരാണ്. പരീക്ഷ റദ്ദാക്കുകയാണ് വേണ്ടത്. സർക്കാർ അതിന് തയ്യാറാവണം.

Comments