PM SHRI:
അന്നത്തെ എതിർപ്പ്
ഇന്നത്തെ ഒത്തുതീർപ്പാകുന്നത്
എന്തുകൊണ്ട്?

മുൻ എൽ.ഡി.എഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ടുമാത്രം PM SHRI പദ്ധതിയിൽ തുടരാൻ കേരളം നിർബന്ധിതമാണോ? പ്രതിപക്ഷത്തായിരുന്നപ്പോൾ ഈ പദ്ധതിയെ എതിർക്കാൻ ഉന്നയിച്ച ന്യായവാദങ്ങൾ ഭരണപക്ഷത്താകുമ്പോൾ എങ്ങനെയാണ് ഒത്തുതീർപ്പിന് വഴിപ്പെടുന്നത്?- മനോജ് വി.​ കൊടുങ്ങല്ലൂർ എഴുതുന്നു.

കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ’ (PM SHRI) രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസമേഖലയെ സമൂലമായി പുനഃസംഘടിപ്പിക്കാനുള്ള ദേശീയ ഇടപെടലായാണ് അവതരിപ്പിക്കപ്പെടുന്നത്. കേന്ദ്ര സർക്കാർ ഇതിനെ ആധുനികവൽക്കരണപദ്ധതിയായി അവതരിപ്പിക്കുന്നുണ്ടെങ്കിലും, വിമർശകർ ഇതിനെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ (NEP- 2020) മറവിൽ, സംഘ്പരിവാർ അജണ്ട സംസ്ഥാനങ്ങളിലേക്ക് ഒളിച്ചുകടത്താനുള്ള രാഷ്ട്രീയ ഉപകരണമായി കാണുന്നു.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഒപ്പു വെച്ചതിനാൽ, കേരളം പദ്ധതിയിൽ പങ്കാളികളാണെന്നും അതിനാൽ തുടരാൻ നിർബന്ധിതമാണെന്നുമുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണത്തോടെ PM SHRI വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ശുപാർശ സമർപ്പിക്കാൻ മന്ത്രിസഭാ ഉപസമിതിയെയും നിയോഗിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ സംവിധാനത്തെയും കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങളുയർത്തുന്നതാണ് ഈ ചർച്ചകൾ.

ഒരു സംസ്ഥാനം PM SHRI പദ്ധതിയിൽനിന്ന് മാറിനിന്നാലും വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രസഹായപദ്ധതികളുടെ വിഹിതം ഭരണഘടനാപരമായ അവകാശങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യപ്പെടാനും നേടിയെടുക്കാനും കഴിയുമെന്ന് തമിഴ്നാട് ഒരു ഉദാഹരണമാണ്.

ദേശീയ വിദ്യാഭ്യാസനയത്തിന്റെ
'ലാബ് സ്‌കൂളുകൾ’

2022 സെപ്റ്റംബർ 5-ന് അധ്യാപകദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് PM SHRI പദ്ധതി പ്രഖ്യാപിച്ചത്.

2022-23 മുതൽ 2026-27 വരെയുള്ള അഞ്ചുവർഷ കാലയളവിൽ രാജ്യത്താകെ 14,500 മാതൃകാ വിദ്യാലയങ്ങൾ വികസിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. ഈ വിദ്യാലയങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മാതൃകാസ്ഥാപനങ്ങളായി പ്രവർത്തിക്കുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. സ്മാർട്ട് ക്ലാസ് മുറികൾ, ആർട്ട് റൂമുകൾ, ലൈബ്രറികൾ, ഡിജിറ്റൽ പഠനം, ലാബുകൾ, ഹരിത വിദ്യാലയങ്ങൾ, ജലസംരക്ഷണം, ഊർജ സംരക്ഷണം, തൊഴിലധിഷ്ഠിത പഠനം എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.

2023-ൽ ഗാന്ധിനഗറിൽ നടന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നടത്തിയ പരാമർശം ശ്രദ്ധേയമാണ്: PM SHRI വിദ്യാലയങ്ങൾ, ദേശീയ വിദ്യാഭ്യാസനയത്തിന്റെ 'ലാബ് സ്‌കൂളുകൾ' ആയി പ്രവർത്തിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. PM SHRI അടിസ്ഥാന സൗകര്യ വികസന പദ്ധതി മാത്രമല്ലെന്നും, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രായോഗിക നടപ്പാക്കൽ സംവിധാനമാണെന്നും ഇതിലൂടെ വ്യക്തമാണ്.

സമീപനാളുകളിൽ കേന്ദ്ര സർക്കാർ പല പദ്ധതികളും പ്രധാനമന്ത്രിയുടെ പേരിൽ പുനർനാമകരണം ചെയ്തിട്ടുണ്ട്, ചില കാര്യങ്ങളിൽ ഘടനാപരമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.
സമീപനാളുകളിൽ കേന്ദ്ര സർക്കാർ പല പദ്ധതികളും പ്രധാനമന്ത്രിയുടെ പേരിൽ പുനർനാമകരണം ചെയ്തിട്ടുണ്ട്, ചില കാര്യങ്ങളിൽ ഘടനാപരമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ
ആശങ്കകൾ

ബി ജെ പി ഇതര സംസ്ഥാനങ്ങളായിരുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ദൽഹി, ഒഡീഷ, പഞ്ചാബ് എന്നിവ തുടക്കത്തിൽ പദ്ധതിയെക്കുറിച്ച് ഗൗരവകരമായ സംശയങ്ങൾ ഉയർത്തിയിരുന്നു. അവരുടെ പ്രധാന വാദങ്ങൾ ഇവയായിരുന്നു;

  • സംസ്ഥാനങ്ങളുടെ അവകാശം ലംഘിക്കും.

  • വിദ്യാഭ്യാസമേഖലയിൽ അമിത കേന്ദ്രീകരണത്തിനിടയാക്കും.

  • പദ്ധതിയുടെ പുറകിലുള്ളത് സാമ്പത്തിക സമ്മർദ്ദ രാഷ്ട്രീയം.

  • വിദ്യാഭ്യാസ സ്വയംഭരണത്തിന്റെ ലംഘനം.

പിന്നീട് ഭരണമാറ്റങ്ങളെ തുടർന്നും മറ്റു നിലപാടുമാറ്റങ്ങളാലും ചില സംസ്ഥാനങ്ങൾ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചതും ചരിത്രം.

തമിഴ്നാട് സർക്കാരും,
കോടതി വ്യവഹാരങ്ങളും

തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിൻ സർക്കാർ PM SHRI പദ്ധതിയിൽനിന്ന് മാറിനിന്ന സാഹചര്യത്തിൽ, സമഗ്ര ശിക്ഷ (SSK) പദ്ധതിയുടെ കേന്ദ്രവിഹിതം തടഞ്ഞുവെച്ചു. ഇതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചു. SSK പദ്ധതി സ്വതന്ത്ര വിദ്യാഭ്യാസപദ്ധതിയായതിനാൽ അതിന്റെ ധനസഹായം PM SHRI-യുമായി ബന്ധിപ്പിക്കുന്നത് ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാപരമായ അധികാരവിതരണത്തിനും വിരുദ്ധമാണെന്നായിരുന്നു തമിഴ്നാടിന്റെ വാദം. തുടർന്ന് നിയമനടപടികൾക്കും കേന്ദ്ര- സംസ്ഥാന ചർച്ചകൾക്കും പിന്നാലെ, തമിഴ്നാടിന് SSK കുടിശ്ശിക വിഹിതം അനുവദിച്ചു.

ഒരു സംസ്ഥാനം PM SHRI പദ്ധതിയിൽനിന്ന് മാറിനിന്നാലും വിദ്യാഭ്യാസ മേഖലയിലെ നിലവിലുള്ള കേന്ദ്രസഹായപദ്ധതികളുടെ വിഹിതം ഭരണഘടനാപരമായ അവകാശങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യപ്പെടാനും നേടിയെടുക്കാനും കഴിയുമെന്ന് തമിഴ്നാട് ഒരു ഉദാഹരണമാണ്. അതേസമയം, കേന്ദ്രസഹായ പദ്ധതികളെ പുതിയ നിബന്ധനകളുമായി തന്ത്രപൂർവം ബന്ധിപ്പിക്കുന്ന സമീപനം ഭാവിയിൽ നിയമപരവും രാഷ്ട്രീയപരവുമായ ചർച്ചകൾക്ക് വഴിവെക്കേണ്ടതുകൂടിയാണ്.

കേരളം വികസിപ്പിച്ചെടുത്ത വിദ്യാഭ്യാസമാതൃകയുടെ അടിത്തറ സാമൂഹ്യനീതിയും ബഹുസ്വരതയും പ്രാദേശിക ചരിത്രബോധവുമാണ്. എന്നാൽ കേന്ദ്ര നിയന്ത്രണം ശക്തിപ്പെടുമ്പോൾ സംസ്ഥാന സിലബസിന്റെ സ്വതന്ത്രമായ അസ്തിത്വം ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്ക ഉയരുന്നു.

പഞ്ചാബിന്റെ
അനുഭവം

PM SHRI-യുമായി ബന്ധപ്പെട്ട പഞ്ചാബിന്റെ അനുഭവം മറ്റൊന്നാണ്: പദ്ധതിയുടെ MoU-വിൽ 2022 ഒക്ടോബർ 28-നാണ് പഞ്ചാബും കേന്ദ്ര സർക്കാറും ഒപ്പുവെച്ചത്. 2023 മാർച്ച് 28-ന് പഞ്ചാബിൽ 241 വിദ്യാലയങ്ങൾ പദ്ധതിക്കായി തിരഞ്ഞെടുത്തു. എന്നാൽ, ആം ആദ്മി പാർട്ടി നേതാവ് ഭഗവന്ത് മാൻ സർക്കാരിനെതിരെ സ്വന്തം പാർട്ടിയിൽനിന്നുവരെ എതിർപ്പുണ്ടായപ്പോൾ, 2023 ജൂലൈ 18-ന് പഞ്ചാബ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി (Opted Out) കേന്ദ്രത്തെ അറിയിച്ചു. അതിനെ തുടർന്ന്, സംസ്ഥാനത്തിനുള്ള സമഗ്ര ശിക്ഷ ഫണ്ടായ 515 കോടിയിലധികം രൂപ തടഞ്ഞുവെച്ചു. തുടർന്നുണ്ടായ സാമ്പത്തിക സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചാബ് സർക്കാർ പദ്ധതി നടപ്പാക്കാൻ തയ്യാറാണെന്ന് വീണ്ടും കേന്ദ്രസർക്കാരിനെ അറിയിച്ചു.

ഈ അനുഭവം ഒരു കാര്യം വ്യക്തമാക്കുന്നു; PM SHRI വെറും സ്കൂൾ നവീകരണ പദ്ധതി മാത്രമല്ല, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെയും വിദ്യാഭ്യാസ മേഖലയിലെ ഫെഡറൽ സ്വയംഭരണത്തെയും നേരിട്ട് ബാധിക്കുന്ന രാഷ്ട്രീയവും ഭരണപരവുമായ ഘടകങ്ങൾ ഉൾച്ചേർന്ന പദ്ധതിയാണ്.

വിദ്യാഭ്യാസത്തിലെ കേന്ദ്രീകരണവും
ഫെഡറൽ പ്രതിസന്ധിയും

ഭരണഘടനയിൽ വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണ് ഉൾപ്പെടുന്നത്. അതായത് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തവും അധികാരവുമുണ്ട്. അടിയന്തരാവസ്ഥയുടെ നാളുകളിൽ, 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിൽ നിന്ന് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റിയത്. ഇന്ന് പ്രായോഗികമായി അത് കേന്ദ്രത്തിന്റെ 'മാത്രം' നിയന്ത്രണത്തിലുമാണ്. അതുകൊണ്ടുതന്നെ, ഏതാനും വർഷങ്ങളായി വിദ്യാഭ്യാസരംഗത്ത് കേന്ദ്രീകരണം ശക്തിപ്പെടുകയാണ്.

PM SHRI വെറും സ്കൂൾ നവീകരണ പദ്ധതി മാത്രമല്ല, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെയും വിദ്യാഭ്യാസ മേഖലയിലെ ഫെഡറൽ സ്വയംഭരണത്തെയും നേരിട്ട് ബാധിക്കുന്ന രാഷ്ട്രീയവും ഭരണപരവുമായ ഘടകങ്ങൾ ഉൾച്ചേർന്ന പദ്ധതിയാണ്.
PM SHRI വെറും സ്കൂൾ നവീകരണ പദ്ധതി മാത്രമല്ല, കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെയും വിദ്യാഭ്യാസ മേഖലയിലെ ഫെഡറൽ സ്വയംഭരണത്തെയും നേരിട്ട് ബാധിക്കുന്ന രാഷ്ട്രീയവും ഭരണപരവുമായ ഘടകങ്ങൾ ഉൾച്ചേർന്ന പദ്ധതിയാണ്.

സിലബസിന് എന്തു സംഭവിക്കും?
കേരളത്തിന്റെ ആശങ്കകൾ

കേരളത്തിനുമുന്നിലുള്ള വെല്ലുവിളി ഏറെ സങ്കീർണമാണ്. പദ്ധതി നടപ്പിൽ വന്നാൽ അതിനായി തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളിൽ ദേശീയ മാനദണ്ഡപ്രകാരമുള്ള വിദ്യാഭ്യാസ പദ്ധതി നടപ്പാകും. സ്കൂൾ ക്വാളിറ്റി അസസ്മെന്റ് ഫ്രെയിംവർക്ക് (SQAF) ബാധകമാകും. ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ മോണിറ്ററിംഗ് നടക്കും. മെന്റർ സ്കൂൾ സംവിധാനത്തിലൂടെ സമീപ വിദ്യാലയങ്ങളിലേക്കും ഈ സ്കൂളുകളുടെ സ്വാധീനം വ്യാപിക്കും. ഇതിലൂടെ സംസ്ഥാനത്തിന്റെ വലിയൊരു ശതമാനം വിദ്യാലയങ്ങളിലേക്ക് കേന്ദ്രസർക്കാറിന്റെ വിദ്യാഭ്യാസനയങ്ങൾക്ക് കടന്നുകയറാൻ കഴിയും. ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസസ്വയംഭരണം ദുർബലപ്പെടുത്തുന്നെ ആശങ്കയുയർത്തുന്നു.

കേരളം വികസിപ്പിച്ചെടുത്ത വിദ്യാഭ്യാസമാതൃകയുടെ അടിത്തറ സാമൂഹ്യനീതിയും ബഹുസ്വരതയും പ്രാദേശിക ചരിത്രബോധവുമാണ്. എന്നാൽ കേന്ദ്ര നിയന്ത്രണം ശക്തിപ്പെടുമ്പോൾ സംസ്ഥാന സിലബസിന്റെ സ്വതന്ത്രമായ അസ്തിത്വം ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്ക ഉയരുന്നു. ഇത് നമ്മുടെ പാഠ്യപദ്ധതിയുടെ മാത്രം പ്രതിസന്ധിയല്ല, കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവുമായി ബന്ധപ്പെട്ട അടിസ്ഥാന രാഷ്ട്രീയപ്രശ്നമാണ്.

അധികാരത്തിലിരുന്നപ്പോൾ ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കില്ലെന്ന് പലവട്ടം പ്രഖ്യാപിച്ചവരാണ് ഇടതു സർക്കാർ. എന്നാൽ, അതിന്റെ പ്രധാന നടപ്പാക്കൽ സംവിധാനമായി അവതരിപ്പിക്കപ്പെട്ട ഒരു പദ്ധതിയിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കേന്ദ്രസർക്കാരിന് നേരിട്ട് നിയന്ത്രണമുള്ള NCERT പാഠപുസ്തകങ്ങളിൽ വിവാദപരമായ നിരവധി മാറ്റങ്ങൾ നടന്നു; മുഗൾ ചരിത്രകാലഘട്ടത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ചുരുക്കി, ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കി, മതേതരത്വത്തെക്കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കി, ഗാന്ധി വധവുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തി. ചരിത്രത്തെ പുതുക്കുന്നത് അക്കാദമിക് പ്രക്രിയയുടെ ഭാഗമാണ്. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ചരിത്രത്തെ തിരുത്തിയെഴുതുന്നത് ജനാധിപത്യത്തിന് അപകടം ചെയ്യും.

വിദ്യാഭ്യാസത്തെ രാഷ്ട്രീയ ബ്രാൻഡിംഗിന്റെ ഉപകരണമാക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നത് അംഗീകരിക്കാനാകില്ല. സമീപനാളുകളിൽ കേന്ദ്ര സർക്കാർ പല പദ്ധതികളും പ്രധാനമന്ത്രിയുടെ പേരിൽ പുനർനാമകരണം ചെയ്തിട്ടുണ്ട്, ചില കാര്യങ്ങളിൽ ഘടനാപരമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

  • മിഡ് ഡേ മീൽ- പിഎം പോഷൺ.

  • സ്കോളർഷിപ്പുകൾ- പിഎം യശസ്വി.

  • മറ്റു ക്ഷേമപദ്ധതികൾ- പ്രധാനമന്ത്രിയുടെ പേരിൽ പുനർനാമകരണം. അതിന്റെ തുടർച്ചയാണ് പിഎം ശ്രീ പദ്ധതിയെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

കേരളം പ്രതിരോധത്തിൽനിന്ന്
ഒത്തുതീർപ്പിലേക്ക്

ആദ്യഘട്ടത്തിൽ കേരളം പിഎം ശ്രീ പദ്ധതിയെ വിമർശനാത്മകമായാണ് സമീപിച്ചത്. എന്നാൽ പിന്നീട് കേന്ദ്ര സർക്കാർ, പദ്ധതിയുടെ മറവിൽ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കി. പദ്ധതിയിൽ ചേരാതിരുന്നാൽ സംസ്ഥാനത്തിനുള്ള സമഗ്ര ശിക്ഷാ ഫണ്ട് തടയുമെന്നും 978.56 കോടി രൂപയുടെ നഷ്ടമുണ്ടാകമെന്നും സ്റ്റാർസ് പദ്ധതിയുടെ ഫണ്ട് തടയുമെന്നുമെല്ലാം കേന്ദ്രം ഭീഷണി മുഴക്കി. ഈ സമ്മർദത്തിനൊടുവിലാണ്, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ധാരണാപത്രം ഒപ്പിട്ടത്.

അധികാരത്തിലിരുന്നപ്പോൾ ദേശീയ വിദ്യാഭ്യാസനയം നടപ്പിലാക്കില്ലെന്ന് പലവട്ടം പ്രഖ്യാപിച്ചവരാണ് ഇടതു സർക്കാർ. എന്നാൽ, അതിന്റെ പ്രധാന നടപ്പാക്കൽ സംവിധാനമായി അവതരിപ്പിക്കപ്പെട്ട ഒരു പദ്ധതിയിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയതെങ്കിലും എൽ.ഡി.എഫ് സർക്കാറിനെ സംബന്ധിച്ച് ഇതൊരു രാഷ്ട്രീയ വൈരുധ്യമായും നിലപാടിൽനിന്നുള്ള ഒളിച്ചോട്ടമായും വിമർശിക്കപ്പെട്ടു. മന്ത്രിസഭയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സി പി ഐ ഈ വിഷയത്തിലെടുത്ത കടുത്ത നിലപാടിനെ തുടർന്ന് സർക്കാരിന് തീരുമാനത്തിൽനിന്ന് പിന്മാറേണ്ടിവന്നു.

എൽ.ഡി.എഫ് സർക്കാർ ധാരണാപത്രം (MoU) ഒപ്പിട്ടതിനെതുടർന്ന് കേരളത്തിന് കേന്ദ്രത്തിൽനിന്ന് ചില ഫണ്ടുകൾ ലഭിച്ചിരുന്നു. അവ യഥാർത്ഥത്തിൽ PM SHRI പദ്ധതിക്കായി അനുവദിച്ച പുതിയ ഫണ്ടുകളായിരുന്നോ, അതോ നേരത്തെ കുടിശ്ശികയായി കിടന്നിരുന്ന സമഗ്ര ശിക്ഷാ കേരള (SSK) വിഹിതത്തിന്റെ വിതരണം മാത്രമായിരുന്നോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

അന്ന് ലഭിച്ച ഫണ്ട് PM SHRI പദ്ധതിവിഹിതമായിരുന്നു​വെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുമ്പോൾ, SSK കുടിശ്ശികയായിരുന്നുവെന്നാണ് വിദ്യാഭ്യാസമന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറയുന്നത്. ഏതാണ് ശരി? ഏതാണ് തെറ്റ്? അത് സമഗ്ര ശിക്ഷാ കേരളം (SSK) കുടിശ്ശിക ആയിരുന്നു എന്നാണ് അന്നും ഇന്നും ബന്ധപ്പെട്ടവാർ അവകാശപ്പെടുന്നത്. അത് ശരി വയ്ക്കുന്നതാണ് ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങൾ: പദ്ധതിക്കായി സംസ്ഥാനത്തിനകത്തുനിന്ന് മുന്നൂറിലധികം വിദ്യാലയങ്ങളുടെ പട്ടിക തയ്യാറാക്കിയിരുന്നെങ്കിലും, അത് കേന്ദ്ര സർക്കാരിന് കേരളം കൈമാറിയിട്ടില്ല.

ആദ്യഘട്ടത്തിൽ കേരളം പിഎം ശ്രീ പദ്ധതിയെ വിമർശനാത്മകമായാണ് സമീപിച്ചത്. എന്നാൽ പിന്നീട് കേന്ദ്ര സർക്കാർ, പദ്ധതിയുടെ മറവിൽ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കി.
ആദ്യഘട്ടത്തിൽ കേരളം പിഎം ശ്രീ പദ്ധതിയെ വിമർശനാത്മകമായാണ് സമീപിച്ചത്. എന്നാൽ പിന്നീട് കേന്ദ്ര സർക്കാർ, പദ്ധതിയുടെ മറവിൽ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കി.

PM SHRI പദ്ധതിയിൽനിന്ന് പിന്മാറുന്നു എന്ന നിലപാടിനെ സൂചിപ്പിക്കുന്നതാണ്, പദ്ധതി നടത്തിപ്പിൽ തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന് വ്യക്തമാക്കി, എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത്, 2025 നവംബർ 12ന് സംസ്ഥാന വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര സർക്കാരിന് അയച്ച കത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്നതുവരെ പദ്ധതി നടപ്പാക്കൽ നിർത്തിവയ്ക്കുമെന്നും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുടർനടപടി സ്വീകരിക്കൂ എന്നുമാണ് കത്തിലുള്ളത്.

ഇത്തരം വസ്തുതകൾ നിലനിൽക്കുമ്പോഴാണ്, 'മുൻ സർക്കാർ ഒപ്പിട്ട നടപടിക്രമമായതിനാൽ ഇനി പിന്തിരിയാൻ നിർവാഹമില്ല' എന്ന വാദമുയർത്തി, പുതിയ സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകാൻ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം വിദ്യാഭ്യാസം, സംസ്കാരം, ചരിത്രം, ഗവേഷണം, മാധ്യമം, സിവിൽ സൊസൈറ്റി എന്നിവയെ ആശയപരമായി പുനർനിർമ്മിക്കാനുള്ള ദീർഘകാല അജണ്ടയാണ് സംഘ്പരിവാർ നടപ്പാക്കുന്നത്.

നയംമാറ്റം എന്നതിലുപരി, രാഷ്ട്രീയ മലക്കംമറിച്ചിലായി ഇതിനെ വിശേഷിപ്പിക്കേണ്ടിവരും. പ്രത്യേകിച്ച്, ദേശീയ വിദ്യാഭ്യാസനയത്തെയും പിഎം ശ്രീ പദ്ധതിയെയും പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്തവരാണ് യു.ഡി.എഫും കോൺഗ്രസും. 'ഞങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ' എന്ന അതിശക്തമായ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ അന്ന നടത്തിയിരുന്നു. ഇപ്പോൾ, അതെല്ലാം അന്നത്തെ പ്രതിപക്ഷത്തിന്റെ സ്വാഭാവിക പ്രതികരണങ്ങളാണെന്ന് വാദിക്കുകയും തങ്ങൾ എതിർത്ത പദ്ധതിയിൽനിന്ന് പിന്മാറുന്നതിനെക്കുറിച്ച് നിയമപരമോ രാഷ്ട്രീയമായോ ഉള്ള ഒരുതരം പുനരാലോചനയുമില്ലാതെ, നടപ്പാക്കാൻ തയ്യാറാകുന്നത് വ്യക്തമായ രാഷ്ട്രീയ ഇരട്ടത്താപ്പായി വിമർശിക്കപ്പെടുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ, ഈ വിഷയത്തിൽ വൈകാരികമായ പ്രതികരണങ്ങൾക്കുപകരം പുതിയ സർക്കാർ ചില അടിസ്ഥാന ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ട്.

  • മുൻ സർക്കാരിൻ്റെ കാലത്ത് കേരളത്തിന് ലഭിച്ച ഫണ്ട് യഥാർത്ഥത്തിൽ ഏത് പദ്ധതിയുടെ പേരിലായിരുന്നു?

  • പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിന് കൈമാറിയ രേഖകൾ ഏതൊക്കെയാണ്?

  • പുതിയ സംസ്ഥാന സർക്കാർ മുമ്പ് രാഷ്ട്രീയമായി സ്വീകരിച്ച ഔദ്യോഗിക നിലപാട് എന്തുകൊണ്ടാണ് മാറ്റിയത്?

  • ദേശീയ വിദ്യാഭ്യാസനയത്തോട് എതിർപ്പ് തുടരുന്നുവെന്ന് പറയുന്ന സർക്കാർ, അതിന്റെ പ്രധാന നടപ്പാക്കൽ സംവിധാനമായി കേന്ദ്രം അവതരിപ്പിക്കുന്ന പദ്ധതിയെ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്?

ഇത്തരം വസ്തുതകൾ സുതാര്യമായി പരിശോധിക്കപ്പെടാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്, വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ഭരണപരമായ തീരുമാനം എന്നതിലുപരി, കേരളത്തിന്റെ വിദ്യാഭ്യാസ സ്വയംഭരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയമായി തുടരുക തന്നെ ചെയ്യും. കാരണം, കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പാരമ്പര്യവും ഭരണഘടനയുടെ ഫെഡറൽ ആത്മാവും സംരക്ഷിക്കണമെങ്കിൽ, PM SHRI പദ്ധതി ഉൾപ്പെടെയുള്ള എല്ലാ കേന്ദ്രീകരണനീക്കങ്ങളെയും തുറന്ന പൊതുചർച്ചയ്ക്ക് വിധേയമാക്കുകയും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസസ്വയംഭരണത്തെ സംരക്ഷിക്കുന്ന ശക്തമായ ജനാധിപത്യ ഇടപെടലുകളായി അതിനെ മാറ്റിത്തീർക്കുകയും ചെയ്യേണ്ടത്, ഈ കാലഘട്ടത്തിന്റെ അനിവാര്യമായ രാഷ്ട്രീയ ഉത്തരവാദിത്വം കൂടിയാണ്.

നയംമാറ്റം എന്നതിലുപരി, രാഷ്ട്രീയ മലക്കംമറിച്ചിലായി യു.ഡി.എഫ് സർക്കാറിന്റെ നിലപാടിനെ വിശേഷിപ്പിക്കേണ്ടിവരും. പ്രത്യേകിച്ച്, ദേശീയ വിദ്യാഭ്യാസനയത്തെയും പിഎം ശ്രീ പദ്ധതിയെയും പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്തവരാണ് യു.ഡി.എഫും കോൺഗ്രസും.
നയംമാറ്റം എന്നതിലുപരി, രാഷ്ട്രീയ മലക്കംമറിച്ചിലായി യു.ഡി.എഫ് സർക്കാറിന്റെ നിലപാടിനെ വിശേഷിപ്പിക്കേണ്ടിവരും. പ്രത്യേകിച്ച്, ദേശീയ വിദ്യാഭ്യാസനയത്തെയും പിഎം ശ്രീ പദ്ധതിയെയും പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തമായി എതിർത്തവരാണ് യു.ഡി.എഫും കോൺഗ്രസും.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം വിദ്യാഭ്യാസം, സംസ്കാരം, ചരിത്രം, ഗവേഷണം, മാധ്യമം, സിവിൽ സൊസൈറ്റി എന്നിവയെ ആശയപരമായി പുനർനിർമ്മിക്കാനുള്ള ദീർഘകാല അജണ്ടയാണ് സംഘ്പരിവാർ നടപ്പാക്കുന്നത്. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ 2025 ജൂണിൽ കാലടിയിലും കൊച്ചിയിലുമായി നടന്ന ഗ്യാൻ സഭയും ദേശീയ വിദ്യാഭ്യാസ ചിന്തൻ ബൈഠകും ഒറ്റപ്പെട്ട പരിപാടികളല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. സർവകലാശാലകളിലെ ഗവർണറുടെ അനാവശ്യ ഇടപെടലുകൾ, ദേശീയ വിദ്യാഭ്യാസനയം, പാഠപുസ്തക പരിഷ്കാരങ്ങൾ, പിഎം ശ്രീ പദ്ധതി നടത്തിപ്പ്, വിദ്യാഭ്യാസത്തിന്റെ ആശയപരമായ പുനഃക്രമീകരണം എന്നിവയെല്ലാം കൃത്യമായ അജണ്ടയുടെ ഭാഗമായാണ് കാണേണ്ടത്.

കേരളവും ഈ പ്രതിസന്ധി അഭിമുഖീകരിച്ചേ മതിയാകൂ. വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടം ക്ലാസ് മുറികളുടെയും സർവകലാശാലകളുടെയും അതിരുവിട്ട് സമൂഹത്തിന്റെ ഭാവിയെ നിർണയിക്കുന്ന രാഷ്ട്രീയ- സാംസ്കാരിക പോരാട്ടമായി മാറേണ്ടിയിരിക്കുന്നു. അതിനുവേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള തീരുമാനങ്ങളാണ്. PM SHRI പദ്ധതിയുടെ കാര്യത്തിലും അത്തരമൊരു രാഷ്ട്രീയ ഇച്ഛാശക്തിയാണ് ആവശ്യം.


Summary: Manoj V. Kodungallur examines whether Kerala is bound by the PM SHRI MoU and how the LDF’s earlier objections gave way to compromise in power.


മനോജ്​ വി. കൊടുങ്ങല്ലൂർ

റിട്ട. അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ - ദേശീയ റിവ്യൂ മിഷൻ - മോണിറ്ററിങ്ങ് കമ്മിറ്റിയിലേക്ക് സുപ്രീം കോടതി നാമനിർദ്ദേശം ചെയ്തിട്ടുള്ള അംഗം.

Comments