പയ്യന്നൂർ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ മലയാളം അധ്യാപകൻ പി.പ്രേമചന്ദ്രനെതിരായ സർക്കാർ വേട്ടയാടലിൽ മൗനം പാലിക്കുന്ന കെ.എസ്.ടി.എയുടെ നിലപാടിൽ പ്രതിഷേധിച്ച് അധ്യാപകർ സംഘടനാ അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു. പാലക്കാട് ജില്ലയിൽ 11 അധ്യാപകരാണ് രാജിവച്ചതായി അറിയിച്ച് പ്രസ്താവനയിറക്കിയത്. മറ്റു ജില്ലകളിലെ ക്യാമ്പുകളിലും അധ്യാപകർ രാജിവക്കുന്നതായി റിപ്പോർട്ടുണ്ട്.
സർക്കാറിന്റെ വിദ്യാഭ്യാസ നയത്തിലെ പാളിച്ചകൾ തുറന്നുകാട്ടി ട്രൂ കോപ്പി തിങ്കിൽ ലേഖനമെഴുതിയതിനാണ് പി. പ്രേമചന്ദ്രനെതിരെ നടപടിക്കൊരുങ്ങുന്നത്.
പ്രേമചന്ദ്രനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങുന്ന വിഷയത്തിലും ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട വിഷയത്തിലും കെ.എസ്.ടി.എ തുടർച്ചയായി മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. അക്കാദമിക് വിഷയങ്ങളിൽ അധ്യാപകരുടെ അഭിപ്രായ സ്വാതന്ത്ര്യവും ആത്മാഭിമാനവും സംരക്ഷിക്കാൻ ഇടതുപക്ഷ അധ്യാപക സംഘടനക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്ന് പാലക്കാട്ട് ജില്ലയിലെ അധ്യാപകർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ട്, ഇടതുപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ടുതന്നെ കെ.എസ്.ടി.എ എന്ന അധ്യാപക സംഘടനയിലുള്ള മെമ്പർഷിപ്പ് ഉപേക്ഷിക്കുന്നതായി ഇവർ അറിയിച്ചു.
എൻ. സിരേഷ്‌കുമാർ (ഗവ. എച്ച്.എസ്.എസ്, കുമരനെല്ലൂർ), പി. രാമൻ (പട്ടാമ്പി ജി.എച്ച്.എസ്.എസ്), സോയ വി.ടി. (പാണ്ടിക്കാട് ജി.എച്ച്.എസ്.എസ്), ബിന്ദു ഒ.എൻ. (പുലാമന്തോൾ ജി.എച്ച്.എസ്.), രാമകൃഷ്ണൻ പി. (നടുവട്ടം ജി.എച്ച്.എസ്.എസ്), ആശ എം.പി. (ചൂണ്ടമ്പറ്റ ജി.എച്ച്.എസ്.എസ്), ഭാസ്‌കരൻ ടി. (നടുവട്ടം ജി.ജെ.എച്ച്.എസ്.എസ്), സരിജ എം. (വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസ്), സക്കീർ കെ.എ. (ഷൊർണൂർ ജി.എച്ച്.എസ്.എസ്), ശബരീനാഥ് എം. (പട്ടാമ്പി ജി.എച്ച്.എസ്.എസ്), രവികുമാർ പി. (ശ്രീകൃഷ്ണപുരം എച്ച്.എസ്.എസ്) എന്നിവരാണ് പാലക്കാട് ജില്ലയിൽ കെ.എസ്.ടി.എ അംഗത്വം ഉപേക്ഷിച്ചത്.
പ്രേമചന്ദ്രനെതിരായ നടപടികൾക്കെതിരെ അധ്യാപകരും പൊതുസമൂഹത്തിലുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും അദ്ദേഹം അംഗമായ ഇടതുപക്ഷ അധ്യാപക സംഘടനയായ കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) നിലപാട് വ്യക്തമാക്കിയിട്ടില്ല. സംഘടന തന്നെ ഉയർത്തിപ്പിടിക്കുന്ന പൊതുവിദ്യാഭ്യാസമേഖലയുടെ സംരക്ഷണം എന്ന നിലപാടിനുവേണ്ടിയാണ് പ്രേമചന്ദ്രൻ വിമർശനമുന്നയിച്ചത് എന്ന കാര്യം പോലും മറച്ചുപിടിച്ചാണ് കെ.എസ്.ടി.എ മൗനം പാലിച്ചുവരുന്നത്.