മന്ത്രി വീണാ ജോർജ്ജ് അറിഞ്ഞോ എം.ബി.ബി.എസ് വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌ക്കരിച്ച് സമരത്തിലാണ്

എം.ബി.ബി.എസ് വിദ്യാർത്ഥികൾ അവരുടെ അവസാന വർഷ പരീക്ഷ ബഹിഷ്‌കരിച്ചുകൊണ്ടുള്ള സമരത്തിലാണ്. എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ അധ്യയന ദൈർഘ്യം വെട്ടിക്കുറച്ച് ധൃതിയിൽ പരീക്ഷ നടത്താനുള്ള സർവകലാശാലയുടെ തീരുമാനത്തിനെതിരെയാണ് വിദ്യാർത്ഥികൾ സംഘടിതമായി പ്രതിഷേധിക്കുന്നത്. സർവകലാശാലയുടെ ഈ തീരുമാനം മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവിയെ മാത്രമല്ല അനിശ്ചിതത്വത്തിലാക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയ്ക്കും ഇത് കാരണമാകും. കേരളത്തിലെ ആരോഗ്യമേഖലയുടെ സുഗമമായ പ്രവർത്തനത്തത്തെ സർവകലാശയുടെ ഈ കടുംപിടിത്തം സാരമായി ബാധിക്കുമെന്നാണ് പരീക്ഷ ബഹിഷ്‌കരിച്ച വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നത്.

250 ക്ലിനിക്കൽ ക്ലാസുകളാണ് ഓരോ വിദ്യാർത്ഥിക്കും കോവിഡ് കാരണം നഷ്ടപ്പെട്ടിട്ടുളളത്. പഠനഭാഗമായി ഓരോ വിദ്യാർത്ഥിക്കും നിർബന്ധമായും കിട്ടേണ്ട 800 മണിക്കൂർ ആശുപത്രികളിലെ രോഗപരിചരണം തങ്ങൾക്ക് കിട്ടിയില്ല. നഷ്ടമായ ക്ലിനിക്കൽ ക്ലാസുകൾ എടുത്ത് തീർത്ത് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പരീക്ഷ നടത്തി തീർക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

എം.ബി.ബി.എസ് എന്നത് എഞ്ചിനിയറിംഗ് പോലെയോ മറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ പോലെയോ അല്ല, മെഡിക്കൽ വിദ്യാഭ്യാസത്തിൽ പ്രാക്ടിക്കൽ ക്ലാസുകൾ വളരെ പ്രധാനപ്പെട്ടതാണ്. അവ നിഷേധിച്ച് ധൃതിപിടിച്ച് നടത്തുന്നതിന്റെ ആവശ്യം എന്താണെന്ന് തങ്ങൾക്ക് മനസ്സിലാകുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രം 188 വിദ്യാർഥികൾ പരീക്ഷ ബഹിഷ്‌കരിച്ചിട്ടുണ്ട്. ആകെ പരീക്ഷയെഴുതിയത് 20 വിദ്യാർഥികൾ മാത്രമാണ്. 2017 ബാച്ചിലെ 2915 വിദ്യാർഥികളാണ് കേരളത്തിൽ അവസാന വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 2155 പേർ, അതായത് 75 ശതമാനം വിദ്യാർഥികളും പരീക്ഷ എഴുതിയിട്ടില്ല. എന്നാൽ റഗുലർ വിദ്യാർത്ഥികൾക്കൊപ്പം സപ്ലിമെന്ററി പരീക്ഷ എഴുതിയവരുടെ എണ്ണം കൂടി ചേർത്ത് പകുതിയിലധികം പേർ പരീക്ഷ എഴുതിയെന്നാണ് ചിലമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അത് വാസ്തവമല്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

Comments